Personality

പ്രതീക്ഷയുടെ പൂമൊട്ടുകൾ

ഒരു ശിശുവിന് അവന്റെ ചുറ്റിനും കാണുന്ന വസ്തുക്കളും ജീവികളുമായി ഉണ്ടാവുന്ന പ്രഥമ സമ്പർക്കത്തെ “സെൻസേഷൻ” എന്നാണ് പറയുന്നത്, ഈ സെൻസേഷൻ നാഡീകോശങ്ങൾ (neurons) വഴി ബ്രെയിനിൽ എത്തിയാൽ, ബ്രെയിൻ അതിനെ വ്യാഖ്യാനിക്കുന്നതാണ് പേർസെപ്‌ഷൻ. ഇതാണ് കുഞ്ഞുങ്ങൾക്ക് കിട്ടുന്ന ഒരു ജീവിയെയോ, വസ്തുവിനെയോ സംബന്ധിച്ചുള്ള ബേസിക്ക് അറിവ്. അതിന്മേലാണ് പിന്നീടുള്ള അനുഭവങ്ങൾ കേട്ടറിവുകൾ എല്ലാം ചേർത്ത് വെച്ച് കുഞ്ഞ് തന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് സമ്മിശ്രമയ ഒരു ചിത്രം മനസ്സിൽ രൂപപ്പെടുത്തിയെടുക്കുന്നത്.

നവജാതശിശുവിന് ഭൗതിക ലോകവുമായി അതിവേഗം പൊരുത്തപ്പെടാനും ഇണങ്ങാനുമുള്ള ഒരു സൗഹൃദപരമായ അന്തരീക്ഷമാണ് (friendly atmosphere) അച്ഛനും അമ്മയും സജ്ജമാക്കേണ്ടത്. കുഞ്ഞ് ജനിക്കും മുമ്പേ ഒരു അച്ഛനും അമ്മയുമാവാൻ ജീവിതപങ്കാളികൾ മാനസികമായി തയാറാവണം എന്ന് പറയുന്നത് വെറുതെയല്ല, അത് കുഞ്ഞിന്റെ ശാരീരിക മാനസിക വളർച്ചയെ ആത്യന്തം സഹായിക്കുന്നുണ്ട്.

ചില കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു നോക്കൂ ഉയർന്ന ശബ്ദം കേട്ടാൽ, ശക്തമായ വെളിച്ചം കണ്ണിലേക്ക് അടിച്ചാൽ ഇവയൊക്കെ അവർക്ക് അസ്സഹനീയമായി അനുഭവപ്പെടും അതേപോലെ അപരിചിതരുടെ സാമിപ്യവും സ്പര്ശനവും അതിൽ നിന്നൊക്കെ ഉണ്ടാവുന്ന സെൻസേഷൻ ഒരു പരിധിയിൽ കവിഞ്ഞ സെൻസിറ്റീവ് ആയ കുഞ്ഞുങ്ങൾക്ക് പലപ്പോഴും താങ്ങാൻ കഴിയില്ല. അവർ വല്ലാതെ അസ്വസ്ഥരാവുകയും കരഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.

പരിപാലിക്കുന്നിടത്ത് ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്. കുഞ്ഞുമൊത്ത് കളിക്കാൻ മാതാപിതാക്കൾ നിർബ്ബന്ധമായും സമയം കണ്ടെത്തണം, അവരോടൊപ്പം കൂകിയും ശബ്ദങ്ങൾ പുറപ്പെടുവിച്ചും കൈയടിച്ചും പൊട്ടിച്ചിരിച്ചും കൂടെ കിടക്കുന്നിടത്തും നാപ്കിൻ ചേഞ്ച്‌ ചെയ്യുമ്പോഴുമെല്ലാം ഒരു നല്ല മൂഡ് ക്രിയേറ്റ് ചെയ്യുന്നത് അവരിൽ ആനന്ദവും ഉന്മേഷവും പകരും. നമ്മൾ കരുതും കുഞ്ഞിന് ഒന്നും മനസ്സിലാവില്ല എന്ന്. അവർ അതെല്ലാം വായിച്ചെടുക്കുന്നുണ്ട്. അതിന്റെ സ്വാധീനം കുഞ്ഞിൽ ഉണ്ടാവുന്നുണ്ട്. ഉദാഹരണത്തിന് എല്ലാ ദിവസവും തന്റെ ജോലികൾ കഴിയുന്നത് വരെ കിച്ചണിൽ വോക്കറിലോ, തൊട്ടിലിലോ കിടത്തിയിടാം ഇടയ്ക്ക് ചെന്ന് കളിപ്പിച്ച് കരഞ്ഞാലും അപ്പോൾ തന്നെ ചെന്ന് എടുക്കാതെ നമ്മൾ ഒരു റെഗുലർ സമയം വെച്ച് എടുത്ത് കളിപ്പിക്കാൻ തുടങ്ങിയാൽ കുഞ്ഞും ആ സമയവുമായി പൊരുത്തപ്പെട്ടു വരികയും മനസ്സിലാക്കാൻ തുടങ്ങുകയും ചെയ്യും.

വിവേചന ബുദ്ധി എന്തെന്നറിയാത്ത കുഞ്ഞ് തനിയ്ക്ക് ശ്രവ്യമായതും തന്റെ കണ്മുമുന്നിൽ ദൃശ്യമാവുന്നതുമടക്കം പഞ്ചേന്ദ്രിയങ്ങൾ തലച്ചോറിന് കൈമാറുന്ന സർവ്വ വിവരങ്ങളും അതേപോലെ ഉൾക്കൊള്ളുകയാണ്. നല്ലതും ചീത്തയും വിവേചിച്ചറിയാനോ, തെറ്റും ശരിയും വേർതിരിച്ചറിയനോ, യുക്തിപൂർവ്വവും വിവേകത്തോടെയും ചിന്തിക്കാനോ പ്രവർത്തിക്കാനോ കുഞ്ഞിന് കഴിവില്ല. ചുറ്റിനും പതിയിരിക്കുന്ന അപകടങ്ങൾ പോലും കുഞ്ഞറിയുന്നില്ല. മാതാപിതാക്കൾ അല്ലെങ്കിൽ പ്രായത്തിൽ മുതിർന്ന ഒരാൾ കൂട്ടിന് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

വളരെ ലോലമായ മനസ്സ് ആണ് കുഞ്ഞുങ്ങളുടേത് ഈ പ്രായത്തിൽ കുഞ്ഞിനുണ്ടാവുന്ന ഏതൊരു അനുഭവവും അത് നെഗറ്റിവ് ആണെങ്കിൽ ഭയത്തിനും, ഉത്കണ്ഠയ്ക്കും ഹേതുവാകുന്നതാണെങ്കിൽ കുഞ്ഞിന്റെ ഭാവിജീവിതത്തിൽ വിപരീത ഫലങ്ങൾ സൃഷ്ടിക്കും. അവരിൽ കാണുന്ന സംശയങ്ങൾ, അന്വേഷണങ്ങൾ, ചോദ്യങ്ങൾ, കൗതുകം, ജിജ്ഞാസ ഇവയെല്ലാം പൊസിറ്റിവ് ആയിട്ടാണ് മാതാപിതാക്കൾ കാണേണ്ടത്. ഓരോ കുഞ്ഞും ഒരു ശാസ്ത്രജ്ഞനെപ്പോലെയാണ് എന്നാണ് പറയപ്പെടുന്നത്. അവർ ഓരോരോ നിമിഷവും ഓരോ കണ്ടെത്തലുകളാണ് നടത്തുന്നത്. ഓരോന്നിനെക്കുറിച്ചും അറിയാനായ് അവരിൽ ഉണ്ടാവുന്ന തൃഷണയെ തല്ലിക്കെടുത്തരുത്. അത് ബൗദ്ധികപരമായ വികാസത്തെ മുരടിപ്പിക്കും.

പണ്ട് നമുക്ക് അറിയാം വിവാഹം കഴിഞ്ഞ് പുരുഷനും സ്ത്രീയും പരസ്പരം ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്ന സന്ദർഭത്തിൽ പോലും തങ്ങൾ ചെയ്യുന്ന ഈ പ്രക്രിയയിലൂടെ ഒരു കുഞ്ഞുജന്മമെടുക്കും എന്ന് ഓർക്കാനോ, രക്ഷിതാക്കൾ എന്ന പദവി കാത്തിരിക്കുന്ന തങ്ങളിൽ വന്ന് ചേരുന്ന കടമകളെക്കുറിച്ചോ വേണ്ടത്ര ബോധം ഇല്ലാത്തതിനാൽ പല മാതാപിതാകളിലും കണ്ടുവന്നിരുന്ന നിഷ്ക്രിയത്വവും നിരുത്തരവാദിത്വപരവുമായ പെരുമാറ്റങ്ങൾ മൂലം അന്ന് മക്കൾക്ക് മതിയായ ശ്രദ്ധയോ പരിഗണനയോ ലഭിക്കാതെ പോയിരുന്നു. അന്നത്തെ എളിയ പ്രായത്തിലെ തന്നെയുള്ള വിവാഹവും പക്വതയെത്താത്ത മാതാപിതാക്കൾക്ക് അഞ്ചും പത്തും മക്കൾ ഉണ്ടാവുമ്പോൾ ചിലരെങ്കിലും അലക്ഷ്യമായൊരു ജീവിതരീതിയിലേക്ക് വഴി തെറ്റിപോകുന്നത് സാധാരണമായിരുന്നു.

കൃത്യമായ അവബോധം ജീവിതത്തെക്കുറിച്ചോ- ഒന്നിനെക്കുറിച്ചും ഇല്ലാതെ വിവാഹം കഴിപ്പിച്ച് വിട്ടിരുന്ന കാലമായിരുന്നു അത്. വിവാഹം കഴിഞ്ഞു അവൾ ഗർഭിണിയായി, കുഞ്ഞ് ജനിച്ചു കുഞ്ഞിനെ പാലൂട്ടിയും ഭക്ഷണം നൽകിയും പരിചരിക്കുന്ന ‘അമ്മ, അച്ഛനോ, മക്കളെ രാപകൽ അധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം നൽകി വളർത്തി വലിയ ആളാക്കിയെടുക്കും, വിവാഹം കഴിപ്പിക്കും അതിനപ്പുറം വലിയ ഉദ്ദേശമൊന്നും പാരന്റിങിന് ഇല്ലായിരുന്നു. ഇന്ന് അതെല്ലാം മാറി, കൂടാതെ കുഞ്ഞുങ്ങൾ എപ്പോൾ വേണം എത്ര പേർ വേണം ഇതെല്ലാം ദമ്പതികൾ ഫാമിലി പ്ലാൻ ചെയ്യുന്നു. ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾ ജനിക്കുന്നത് തന്നെ ഒരു മത്സരലോകത്തേയ്ക്ക് (competitive world) ആണ്. സ്കൂളിലാവട്ടെ, കോളേജിൽ ആവട്ടെ ജോലി ചെയ്യുന്ന മേഖലകളിലാവട്ടെ എവിടെയും കുട്ടികൾക്ക് കഴിവും പ്രതിഭയും തെളിയിച്ചിട്ടെ മുന്നേറാൻ പറ്റുകയുള്ളൂ. അതിനാൽ മാതാപിതാക്കളുടെ ഉത്തരവാദിത്വവും മുമ്പത്തെതിൽ നിന്നും ഒരുപാട് വർദ്ധിച്ചു വന്നു.

കുഞ്ഞിന്റെ റെസ്പോണ്സ് മാത്രമല്ല ഇടപെടുന്ന രീതികൾ ഓരോ സമയങ്ങളിലും സന്ദർഭങ്ങളിലും എങ്ങനെയാണെന്ന് നിരീക്ഷിക്കുകയും വേണ്ട ഗൈഡൻസ് നൽകുകയും വേണം. അവരുടെ അഭിരുചികൾ, അന്തർലീനമായിരിക്കുന്ന കഴിവുകൾ മാത്രമല്ല അതിന്റെയെല്ലാം തോത് (capacity) ഇതൊക്കെ ഏതാണ്ട് തിട്ടപ്പെടുത്താൻ കഴിഞ്ഞാൽ അതിനനുസരിച്ച് അവരിൽ ഡെവലപ്‌മെന്റ് കൊണ്ടുവരാനും രൂപപ്പെടുത്തിയെടുക്കാനും (moulding) സാധിക്കും.

കുറച്ചു കുഞ്ഞുങ്ങളെ നമ്മൾ കളിക്കോപ്പുകൾ നിറച്ചുവെച്ച ആ റൂമിനകത്ത് വിട്ടു എന്ന് കരുതുക. അവരുടെ റെസ്പോൺസ് നിരീക്ഷിക്കാം…. അതിൽ ഒരു കുട്ടി കളിക്കോപ്പുകൾ കണ്ട് അത്യുത്സാഹത്തോടെ അത് എടുക്കാനായി ഒടുന്നുണ്ടാവും എന്നാൽ മറ്റൊരാൾ വാതിലിന് നേരെ പുറത്തേയ്ക്കായിരിക്കും ഒടുന്നുണ്ടാവുക. മറ്റൊരു കുട്ടി കരഞ്ഞുകൊണ്ട് അച്ഛന്റെ അമ്മയുടെ നേർക്ക് തന്നെ ഓടി വരും. വേറൊരാൾ അവിടെയുള്ള മറ്റുകുട്ടികളോട് പെട്ടെന്ന് കൂട്ട് ആവും. കളിക്കോപ്പിന് വേണ്ടി തല്ല് ഉണ്ടാക്കുന്ന കുട്ടിയെയും കാണാം. ഇതിൽ നിന്നെല്ലാം മാറി ഒരു കുട്ടി എല്ലാം നോക്കി കണ്ട് നിക്കുന്നുണ്ടാവും. ഈ രംഗങ്ങൾ വീക്ഷിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം, ഓരോ കുഞ്ഞുങ്ങളിലെയും അടിസ്ഥാന സ്വഭാവങ്ങളിൽ വലിയ അന്തരം ഉണ്ടന്ന്. അച്ഛന്റെയോ അല്ലെങ്കിൽ അമ്മയുടേയോ ജീനിലൂടെ കൈമാറുന്നവയാണ് അവ.

ശീലങ്ങളിലൂടെയാണ് നല്ലൊരു മനുഷ്യനെ വാർത്തെടുക്കാൻ കഴിയുന്നത്. ശീലങ്ങൾ പഠിപ്പിക്കാൻ മാതാപിതാക്കൾ അല്പം ക്ഷമ കാണിച്ചേ തീരൂ. കൂടാതെ കുഞ്ഞിനൊപ്പം ഇരുന്ന് വെറുതെ അറിവിന്റെ ശകലങ്ങൾ അവനിൽ പകരുന്ന വിധം ലോകത്തിലെ ഓരോ വസ്തുവിനെക്കുറിച്ചും മുന്നിൽ കാണുന്ന സംഭവങ്ങളെക്കുറിച്ചും സാംസരിച്ചുകൊണ്ടിരിക്കണം. നമുക്ക് അറിയില്ല നമ്മൾ പറയുന്ന കാര്യങ്ങൾ അവരിൽ പതിയുന്നുണ്ടന്ന്, ചിലത് കല്ലിൽ കൊത്തിവെച്ചപോലെ മരണം വരെ അവർക്ക് വഴികാട്ടിയായി, മാർഗ്ഗദീപമായി കൂട്ടിനുണ്ടാവും. മറക്കില്ല അവർ ആ ശീലങ്ങളും പാഠങ്ങളും മരണം വരെ. അതേ.. ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ…!!

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Check Also

Close
Close
Close