Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനിലെ പ്രകൃതിയും പ്രകൃതവും

മനുഷ്യരും പ്രകൃതിയുമായി തമ്മിൽ ഒരിക്കലും ഒരുതരത്തിലും വേർപെടുത്താൻ സാധിക്കാത്തവിധം അഭേദ്യമായ ബന്ധമാണ് ഉള്ളത്. മനുഷ്യനിലൂടെ തന്നെ ഈ കാണുന്ന പ്രകൃതിയെയും അതിനകത്തെ അത്ഭുതങ്ങളുടെ ഉറവിടത്തെയും ഏറ്റവും സവിശേഷമായ രീതിയിലും ഭാവത്തിലും അടയാളപ്പെടുത്തിരിക്കുന്നത് നമുക്ക് കാണാമല്ലോ. ഭൂമിയിൽ മനുഷ്യൻ എന്നല്ല സകലജീവജാലങ്ങളും പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കുമ്പോഴേ അവയ്ക്ക് ശരിയായ നിലനിൽപ്പുള്ളൂ. അതിജീവനത്തിനായ് വേണ്ടതെല്ലാം യഥാവിധം, ക്രമത്തിൽ ഒരുക്കിവെച്ച്, ഒരു അമ്മയെപ്പോലെ പരിചരണമേകി, സ്വമേധയാ തന്നിലെ ദൗത്യവും ധർമ്മവും ജാഗ്രതാപൂർവ്വം ഏറ്റെടുത്ത് നിർവ്വഹിക്കുന്ന പ്രകൃതിയിലേക്ക് നിർബാധം ലയിച്ച് ജീവിക്കേണ്ടവരാണ് എല്ലാ ജീവികളും. മറ്റേതൊരു ജീവികളെപ്പോലെയും തന്നെ ഈ ആവാസവ്യവസ്ഥയിലെ ഒരു പ്രഥമ കണ്ണിയായി വരും മനുഷ്യനും. മാത്രമല്ല പ്രകൃതിയെ നശിക്കാതെ നിലനിർത്തുന്ന ഭക്ഷ്യശൃംഖലയിലെ ഒരു കണ്ണികൂടെയാണ് അവർ. മനുഷ്യർ പ്രകൃതിയിൽ നിന്ന് ഓക്സിജൻ സ്വീകരിച്ച് സസ്യങ്ങൾക്ക് ആവശ്യമായ കാർബൺഡയോക്‌സൈഡിനെ ശ്വസനേന്ദ്രിയത്തിലൂടെ അന്തരീക്ഷത്തിലേക്ക് പുറംന്തള്ളുമ്പോൾ സസ്യങ്ങൾ കാർബൺഡയോക്‌സൈഡിനെ സ്വീകരിച്ച് ശുദ്ധമായ ഓക്സിജൻ പകരം നൽകുന്നു. ജീവികളെല്ലാം അറിഞ്ഞോ അറിയാതെയോ പരസ്പരാശ്രിതരാണ്, ഒന്നിനെ ആശ്രയിച്ചു തന്നെയാണ് മറ്റൊന്നിന്റെ അതിജീവനവും നിലനിൽപ്പും.

തലമുറകളായി ജീനുകളിലൂടെ കൈമാറുന്നതോ പരമ്പരാഗതമായി അഥവാ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതോ ആയ സ്വാഭാവത്തിൽ കാണുന്ന ചില സവിശേഷഗുണങ്ങളെല്ലാം മനുഷ്യന് ലഭിക്കുന്നത് പ്രകൃതിപരമാണ്, ഇതൊന്നും അവനവന്റെ തിരഞ്ഞെടുപ്പ് അല്ല. നമുക്കറിയാം വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ അതിപ്രധാനമായതാണ് ഇവയൊക്കെ. അതോടൊപ്പം തന്നെ ജീവിക്കുന്ന പരിതസ്ഥിതിയുടെ സ്വാധീനവും വളരെ വലുതാണ്. ഒരിക്കലും പ്രകൃതിയോട് ചേർന്ന പരിതസ്ഥിതിയിൽ ജീവിക്കുന്നവരുടെ മാനസിക അവസ്ഥയോ വ്യക്തിത്വമോ ആയിരിക്കില്ല നഗരങ്ങളിലും മറ്റും ജീവിക്കുന്നവരിൽ കണ്ടെത്താൻ സാധിക്കുക. വ്യത്യസ്തമായ പ്രദേശങ്ങൾ, കാലാവസ്ഥ വസ്ത്രധാരണ രീതി, സംസ്ക്കാരം ഇതുപോലെയുള്ള വിവിധ ഘടകങ്ങൾ ഒരു വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിലും പരുവപ്പെടുത്തിയെടുക്കുന്നതിലും അതിന്റെതായ പങ്കു വഹിക്കുന്നുണ്ട്. പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരുടെ ബ്രെയിനിൽ കണ്ടെത്തിയ ചില മാറ്റങ്ങൾ ഉദാഹരണത്തിന് ഉത്കണ്ഠ, വെറുതെ ഓരോ കാര്യങ്ങൾ ഓർത്ത് ആധിപൂണ്ട് ഇരിക്കുന്ന അവസ്‌ഥ, എന്നിവയിൽ നിന്നുള്ള മോചനവും അതേസമയം ശ്രദ്ധ (attention) ഏകാഗ്രത (concentration) എന്നിവയിൽ വരുന്ന മേന്മയും ഒപ്പം ക്രിയാത്മകമായ കഴിവുകളിൽ അഭിരുചിയും മനുഷ്യരുമായി തന്മയത്വത്തോടെ ഇടപഴകുന്നതിലുള്ള മികവും ഇതെല്ലാം പഠനങ്ങളിലൂടെ കണ്ടെത്താൻ കഴിഞ്ഞതിൽ പിന്നെ ശാസ്ത്രജ്ഞന്മാർ ഇവയെക്കുറിച്ചൊക്കെ ആഴത്തിലുള്ള പഠനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ആത്യന്തം അത്ഭുതകരവും അതീവം വിസ്മയജനകവും അതിമനോഹരവുമായ ഈ പ്രപഞ്ചത്തിന്റെ അല്ലെങ്കിൽ പ്രകൃതിയുടെ മനോഹാരിതയെ ഒരിക്കലെങ്കിലും കൺകുളിർക്കെ നോക്കി നിൽക്കാതെപോയ ഒരു മനുഷ്യനെങ്കിലും ഈ ഭൂവിൽ ഉണ്ടാവുമോ? വളരെ അപൂർവ്വമായെ അങ്ങനെ സംഭവിക്കാനിടയുള്ളൂ. നിഗൂഢതയുടെയും അത്ഭുതങ്ങളുടെയും ബൃഹത്തായ ഒരു കലവറയാണ് പ്രകൃതി എന്നതിനാൽ തന്നെ മനുഷ്യന്റെയുള്ളിൽ എന്നും പ്രകൃതിയെക്കുറിച്ച് അറിയാനുള്ള അദമ്യമായ ഒരു ത്വര ഒളിഞ്ഞുകിടപ്പുണ്ട്. പക്ഷെ മനുഷ്യൻ തന്നെ സ്വയം പ്രകൃതിയുടെ ഭാഗവാക്കായിരിക്കെ ഇപ്പറയുന്ന നിഗൂഢത മനുഷ്യനിലും അവന്റെ പ്രകൃതത്തിലും ഒളിഞ്ഞു കിടപ്പുണ്ടെന്നല്ലേ.

ഇക്കാണുന്ന സർവ്വ ജീവജാലങ്ങളിലും വർത്തിക്കുന്ന അതേ പ്രകൃതിയാണ് മനുഷ്യനിലും നിലകൊള്ളുന്നത് എന്നത് അതിനാൽ വ്യക്തം. എങ്കിലും മനുഷ്യർക്ക് മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തമായി ചിന്താശേഷിയും വിശേഷബുദ്ധിയും കൂടെ വരദാനമായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഇതര ജീവികളെ അപേക്ഷിച്ച് ചിന്തകളെ സ്വന്തം ഗുണത്തിനായ് തന്ത്രപരമായും കൗശലപരമായും ഉപയോഗിക്കാനും അഥവാ manipulate ചെയ്യാനും അവർ പഠിച്ചെടുത്തു. സ്വന്തം ഇഷ്ടത്തിനും പ്രപഞ്ചത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പുകൾക്കും (choice) ഒപ്പം ജീവിക്കാനും അങ്ങനെ അവർ യോഗ്യരായി. ചിന്തകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഓരോ മനുഷ്യനും കാണിക്കുന്ന നിപുണതയും വൈഭവവും ഏതാണ്ട് അയാളുടെ മനോഭാവം, അറിവ്, അനുഭവസമ്പത്ത് ഇവയെയെല്ലാം അടിസ്ഥാനപ്പെടുത്തിയും ആശ്രയിച്ചും ഇരിക്കും.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാവുന്ന വ്യതിചലനങ്ങളും വ്യതിയാനങ്ങളും മനുഷ്യന്റെ മാനസ്സിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്ന വിഷയത്തിൽ കഴിഞ്ഞ നാല് ദശാബ്ദങ്ങളായി നിരന്തരം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഉണ്ടെങ്കിൽ തീർച്ചയായും ഊഹിക്കാം അത് വ്യക്തിത്വത്തെയും തീർച്ചയായും ബാധിക്കും, അതിൽ സംശയമില്ല. പ്രകൃതിയെ എന്നും കേടുപാട് കൂടാതെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ അതിജീവനത്തിന് ആവശ്യമാണ്, എന്നാൽ അതിലേക്ക് അമിതമായ കൈകടത്തലുകൾ നടത്തുന്നത് അപകടകരവും. പ്രകൃതിയുമായി പരസ്പരബന്ധം പുലർത്തി മുന്നോട്ട് പോകുമ്പോൾ അതിൽ നിന്നുണ്ടാകുന്ന നേട്ടങ്ങളും മറ്റും ആത്യന്തികമായി മനുഷ്യർക്ക് തന്നെയാണ് ലഭിക്കുന്നത്. അധികം മലീനികരിക്കപ്പെടാത്ത വായു, ജലം, അന്തരീക്ഷവും അതിലൂടെ ലഭ്യമാവുന്ന ശാരീരിക മനസ്സിക ആരോഗ്യം ഇതൊക്കെ പ്രകൃതിസംരക്ഷണത്തിലൂടെ മാത്രം നേടിയെടുക്കാൻ സാധിക്കൂ. കുഞ്ഞുങ്ങൾ വളർന്നു വരുന്ന പരിതസ്ഥിതി അവരുടെ മാനസ്സിക ശാരീരിക വികാസത്തിന് അനുയോജ്യമല്ല എങ്കിൽ എന്ത് സംഭവിക്കും എന്നത് ഊഹിക്കാമല്ലോ.

കാലങ്ങളുടെ പ്രായത്നംകൊണ്ട് മനുഷ്യർ ആർജ്ജിച്ചെടുത്ത ബൗദ്ധികപരവും ധിഷ്‌ണാപരവുമായ മുന്നേറ്റവും അഭിവൃദ്ധിയും നിരീക്ഷണ, വീക്ഷണത്തിലുണ്ടായ വ്യാപൃതിയും വിശാലതയും ഉയർച്ചയും അതിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞ നവീകരിക്കപ്പെട്ടതും ന്യൂതനവുമായ ചിന്തകളും ധാരണാശക്തിയും തന്മൂലം മനുഷ്യരാൽ പ്രകൃതിയിൽ വന്ന മാറ്റങ്ങളും കണ്മുന്നിൽ ദൃശ്യമാണ്. ആധുനിക മനുഷ്യന് പ്രകൃതിയെ ഒരു തരത്തിലും ഹനിയ്ക്കാതെ ജീവിതം സാധ്യമല്ലെന്ന് തന്നെയായിരിക്കുന്നു. സ്വന്തം സുഖസൗകര്യങ്ങൾക്കും ആനന്ദത്തിനും മനുഷ്യർ ഏത് അറ്റം വരെയും പോകുമെന്ന ഒരു വേളയിൽ പ്രകൃതിയ്ക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോവുകയും അത് മനുഷ്യരുടെ പതനത്തിലേയ്ക്ക് നയിയ്ക്കുകയും ചെയ്യുന്നത്തിന് ഒരർത്ഥത്തിൽ നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിത്യജീവിതത്തിൽ നാം ഇന്ന് ഉപയോഗിക്കുന്ന വസ്തുക്കളിൽ പത്തെണ്ണം എടുത്ത് നോക്കിയാൽ ചിലപ്പോൾ അതിൽ ഒമ്പതും പ്രകൃതിവിരുദ്ധമാവാനെ സാധ്യതയുള്ളൂ.

പരമാവധി പ്രകൃതിയിലേയ്ക്ക് കൈകടത്തലുകൾ നടത്താതെ അതിന്റെ സന്തുലിതാവസ്ഥയ്ക്ക് അധികം വിഘ്നം വരുത്താതെ കുറഞ്ഞത് താനായിട്ട് എങ്കിലും അതിനൊരു വഴിയൊരുക്കാതെയും ഹേതുവായി മാറാതെയും നോക്കേണ്ട കടമ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കാൻ ഓരോ വ്യക്തിയും തയാറാവണം. ഏതൊരു പ്രവൃത്തിയ്ക്കും ഒരു പ്രതിപ്രവർത്തനം ഉണ്ടെന്നത് ഇവിടെയും ബാധകമാണ്. മനുഷ്യർ പ്രകൃതിവിരുദ്ധമായി ചെയ്തുവെയ്ക്കുന്ന ഓരോ കാര്യങ്ങളും ഒടുക്കം അവനവന് തന്നെ വിനയായി പരിണമിക്കുന്നതിന് സാക്ഷ്യം വഹിക്കുന്നവരാണ് നാം, മാത്രമല്ല അനുഭവജ്ഞരുമാണ്.

ചിലപ്പോഴെല്ലാം വ്യക്തികളുടെ ചിന്തകളോ പ്രവൃത്തികളൊക്കെ അവരിലെ തന്നെ പ്രകൃതിയോട് വിരുദ്ധമായിരിക്കും. ഒരു ആത്മാവലോകനം നടത്തുമ്പോൾ മാത്രം തിരിച്ചറിയുന്ന സത്യങ്ങൾ ഒട്ടേറെയുണ്ട്. അതിന് തയാറാവാത്ത മനുഷ്യരിൽ എങ്ങനെ തിരിച്ചറിവ് ഉണ്ടാകും എന്ന കാര്യത്തിൽ ഒരു ശങ്ക ബാക്കി നിലനിൽക്കുന്നു. അജ്ഞത മനുഷ്യരിൽ പലതിനും ഒരു വിലങ്ങ് തടിയായി നിൽക്കുന്ന ഒന്നാണ്. മനുഷ്യർ ബോധത്തിൽ ജീവിക്കേണ്ടത് ആത്യന്തം ആവശ്യമായി വരുന്നത് ഇതുപോലെ അതീവം ഗൗരവമേറിയ വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോഴൊക്കെയാണ്. അവനവനിലെ പ്രകൃതിയെ തന്നെ സ്നേഹിച്ചു തുടങ്ങണം. എങ്കിലേ പ്രകൃതിയെ പരിപാലിക്കണ്ടതിന്റെ ആവശ്യകത ഒരു വ്യക്തി തിരിച്ചറിയുള്ളൂ.

നിത്യോപയോഗത്തിന് പ്രകൃതിദത്തമായ വസ്തുക്കൾ അതേപോലെ ഭക്ഷ്യവസ്തുക്കളും ജീവിത ശൈലികളൊക്കെ അവലംബിക്കുകയും അതേസമയം തന്നെ പ്രകൃതിയുടെ സ്പർശനം മക്കളിലും തങ്ങളിലും നിലനിർത്തികൊണ്ട് പോകാൻ കൃത്രിമമായുണ്ടാക്കുന്ന വസ്തുക്കളിൽ നിന്നും പ്രകൃതി വിരുദ്ധവും മാനവിക വിരുദ്ധവുമായ ചിന്തകളിൽ നിന്നും കഴിയുന്നത്ര അകലം പാലിക്കേണ്ടതുമുണ്ട്. മനസ്സിനകത്ത് ഒരു പച്ചപ്പ് എപ്പോഴും നിലനിർത്താൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. തനിമ നിറഞ്ഞ ലാളിത്യമുള്ള ഒരു മനുഷ്യനെ ആരും ഇഷ്ടപ്പെടുന്നത് എന്ത്കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ? ഒട്ടും കൃത്രിമത്വം ഇല്ലാതെ ജീവിക്കുക എന്നത് ഇന്നത്തെ ലോകത്ത് ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എങ്കിലും മനുഷ്യരിലെ നൈസർഗ്ഗീകകതയിലും പ്രവൃത്തികളിലും ഇടപെടലുകളിലുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചാൽ എപ്പോഴും ക്രിയാത്മകതയുടെ ലാഞ്ഛന തെളിഞ്ഞും മങ്ങിയും കാണാം. എന്നാൽ അവനവനെ തിരിച്ചറിയുമ്പോൾ മാത്രം പ്രകാശിക്കുന്നതാണ് അവരിലെ മനോഹരമായ പല ഭാവങ്ങളും.

അതിനാൽ വ്യക്തിത്വബോധം വന്ന ഒരു മനുഷ്യൻ തന്നിൽ പ്രകാശമേൽക്കാതെ, ഇരുളടഞ്ഞു കിടക്കുന്ന ഭാഗങ്ങളിലേയ്ക്ക് വെളിച്ചം പകരാനും സ്വയം നവീകരിക്കപ്പെടാനും തന്നിലേക്ക് ആഴ്ന്നിറങ്ങി സത്യങ്ങളെ കണ്ടെത്താനും ബാഹ്യപ്രേരണ കൂടാതെ തന്നെ എന്തിനെയും ഉൾക്കൊള്ളാനും മനസ്സിലാക്കാനും സ്വമേധയാ തയാറാവും. എല്ലാവർക്കും സംഭവിക്കുന്നൊരു കാര്യമുണ്ട് ചിലപ്പോൾ മറ്റൊരു വ്യക്തി എടുത്ത് പറയുമ്പോഴായിരിക്കും ഓർക്കുന്നത് ഓഹ്.. തന്നിൽ ഇത്തരം കഴിവുകളൊക്കെ ഒളിഞ്ഞു കിടന്നിരുന്നോ? ഇത്തരം ഗുണങ്ങൾ തന്റെ പ്രത്യേകതകളാണോ എന്നൊക്കെ. തന്നെക്കുറിച്ച് മറ്റുള്ളവർ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും കൂടെ അറിയാൻ ശ്രമിക്കുന്നത് സ്വന്തം വ്യക്തിത്വത്തെ മിനുക്കിയെടുക്കുന്ന കാര്യത്തിൽ വളരെയധികം ഗുണം ചെയ്യും. പ്രകൃതിപരമായ ഒരു പൊട്ടൻഷ്യൽ എല്ലാ മനുഷ്യരിലും ഉണ്ടെന്നതാണ് സത്യം, അത് കണ്ടെത്താൻ ശ്രമിക്കണം

“വ്യക്തിത്വം” എന്നതിനെ തെറ്റിദ്ധാരണപരമായ കാഴ്ച്ചപ്പാടോടെ കാണുന്ന മനുഷ്യരും നമുക്കിടയിൽ ഉണ്ട്. നാം സ്വയം അല്ലാത്ത ഒന്നിനെ കൃത്രിമമായി അഭിനയിച്ചു കാണിക്കുന്നതാണ് വ്യക്തിത്വമെന്ന് ചിലർ പറഞ്ഞുവെയ്ക്കുന്നു. അച്ചടക്കവും മര്യാദകളും പരിശീലിപ്പിച്ച് ചിട്ടകളോടെ ജീവിക്കാൻ പഠിക്കുമ്പോൾ ഒരു വ്യക്തിയിലെ സ്വഭാവികത നഷ്ടമാവുന്നാണ് അവർ വാദിക്കുന്നു. എന്നാൽ വളരെ വലിയൊരു അബദ്ധധാരണയായിട്ടെ അതിനെ കാണാൻ സാധിക്കൂ. സ്വത്വബോധത്തിൽ നിൽക്കുമ്പോൾ ഏതൊരാൾക്കും അഭിനയവും നാട്യങ്ങളും അന്യമായി മാറുന്ന അവസ്ഥയാണ് കൈവരുന്നത്. ആ വ്യക്തി തിരിച്ചറിവോടെ ഇടപഴകുക മാത്രമാണ് ചെയ്യുന്നത്. അവരിലെ സത്തയിൽ ആണ് അവർ ജീവിക്കുന്നതെന്ന് മനസ്സിലാക്കുക, അത്തരം ഒരാൾക്ക് എപ്പോഴും അവരവരാവാനല്ലേ പറ്റൂ. ബോധത്തിലേക്ക് എത്തൽ, ബോധ്യപ്പെടൽ എന്നീ പ്രക്രിയയിലൂടെ അവനവനിലെ ഏറ്റവും മികച്ച ഒരു പതിപ്പായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് വ്യക്തിത്വം. അതിന്റെ ക്രിയാത്മകമായ ഒരു വേർഷൻ. ഇതുപോലെ സ്വന്തമായ, സ്വതന്ത്രമായ കാഴ്ച്ചപ്പോടെയും നിലപാടോടെയും സ്വാഭിമാനായി ജീവിക്കുന്ന ഒരു സുന്ദരമായ ഒരു കാലഘട്ടം ആരാണ് ആഗ്രഹിക്കാത്തത്?

പ്രകൃതിയുമായി ഏറ്റവും ഇണങ്ങിയൊരു ജീവിതശൈലി ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തെ എപ്പോഴും പുഷ്ടിപ്പെടുത്താറുണ്ട്. വീടിന് മുന്നിൽ പച്ചപ്പോടെ വിവിധ നിറങ്ങളാലുള്ള പൂക്കളോടെ പുഷ്പ്പിച്ചു നിൽക്കുന്ന ഒരു ഉദ്യാനമോ, പിൻഭാഗത്തായി ഹരിതനിറത്തിൽ തളിരിട്ട് കിളിർത്തും പൂത്തും വിളഞ്ഞു നിൽക്കുന്ന ഒരു പച്ചക്കറിത്തോട്ടമോ ഭാവനയിൽ വെറുതെയൊന്ന് സങ്കൽപ്പിച്ചു നോക്കിയാൽ പോലും ആന്തരീകതയിലേക്ക് വല്ലാത്തൊരു പച്ചപ്പ് പടർന്നു പിടിക്കും. തോട്ടകൃഷി, പൂന്തോട്ടമുണ്ടാക്കൽ പോലുള്ള ക്രിയാത്മകമായ പ്രവൃത്തികൾ മാനസിക സമർദ്ദം, ഉത്കണ്ഠ, ആധി തുടങ്ങീ മനുഷ്യർ നേരിടുന്ന പല മനപ്രയാസങ്ങളെയും ലഘൂകരിക്കാൻ പറ്റിയ ഉപായമായതിനാൽ ആർക്കും ചെയ്തുനോക്കാവുന്നതാണ്.

പ്രകൃതിയോട് മനുഷ്യർ വെച്ചുപുലർത്തുന്ന ഓരോ മനോഭാവവും പെരുമാറ്റവും അവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ അറിഞ്ഞോ അറിയാതെയോ ബാധിക്കുന്നുണ്ട്. മനുഷ്യന് പ്രകൃതിയുമായുള്ള ക്രിയാത്മകമായ ഇടപഴകളിലൂടെ സുന്ദരമായ ഒരു ക്യാരക്ടർ ഉള്ളിൽ ഡെവലപ്പ്‌ ചെയ്‌തും ബിൾഡ് അപ്പ്‌ ചെയ്തും എടുക്കാവുന്നതാണ്. കുട്ടികളെ പ്രകൃതിയോട് പ്രിയം തോന്നും വിധത്തിൽ ഇണക്കി വളർത്തിയാൽ വളരെയധികം ഗുണം ചെയ്യും. നല്ലൊരു മനുഷ്യനായി, വ്യക്തിയായി അവരെ വാർത്തെടുക്കാൻ അത് സഹായിക്കും. അതേസമയം കണക്കില്ലാത്ത അറിവും ഉള്ളറിവുംകൊണ്ട് നിസ്സീമമായ, അതിരുകളില്ലാതെ മനോഹരമായ ഒരു ലോകം കുട്ടികളുടെ മനസ്സിൽ രൂപപ്പെടാനുള്ള അവസരവുമായി ഇതിനെ വിനിയോഗിക്കാം.

Related Articles