Personality

“മതാപിതാ ഗുരു ദൈവം” എന്നതിൻെറ പൊരുൾ

“മതാപിതാ ഗുരു ദൈവം” എന്നാണല്ലോ, ഇത് ഇന്ത്യൻ പരമ്പരാഗത മൂല്യസംഹിതകളിൽ കുറിച്ചിടപ്പെട്ടവയും കാലാകാലങ്ങളായി ഒരു സംസ്ക്കാരത്തിന്റെ ഭാഗമായി പിന്തുടരപ്പെടുന്നതുമായ ഒന്നാണ്. മാതാവ്, പിതാവ്, ഗുരു, ദൈവം ഇവരൊക്കെയാണ് ഒരു കുഞ്ഞിന്റെ ജീവിതത്തിൽ ഏറ്റവുമധികം പ്രധാന്യവും സ്ഥാനവും അർഹിക്കുന്നവരെന്നും അവർ പറയുന്നത് കേട്ടും അനുസരിച്ചും ജീവിച്ചാൽ ജീവിത വഴികളിൽ വിളക്കായും വെളിച്ചമായും താങ്ങായും തണലായും അവർ പകർന്നു നൽകിയ വാക്കുകളോ, അറിവോ തന്നെയാണ് കൂട്ടിന് ഉണ്ടാവുക എന്നാണ് ഈ വാക്യം സൂചിപ്പിക്കുന്നത്.

പിറന്നു വീഴുന്ന കുഞ്ഞ് ഈ ലോകത്തിൽ തികച്ചും അപരിചിതനാണ്, അജ്ഞനാണ്, എല്ലാ അർത്ഥത്തിലും നിരക്ഷരനാണ്. ‘അമ്മയാണ് കുഞ്ഞിന്റെ ഏറ്റവും ആദ്യ ഗുരു എന്ന് പറയുന്നതിൽ വല്ല തെറ്റുമുണ്ടോ? തന്റെ സാമിപ്യമേകിക്കൊണ്ട് അവൾ തന്റെ കുഞ്ഞിന്റെ മിഴികൾക്ക് സുന്ദരമായ കുഞ്ഞ് ഏറ്റവും ഇഷ്ടപ്പെടുന്ന കാഴ്ചയായി മാറുന്നു താരാട്ട് പാട്ടിലൂടെ കർണ്ണങ്ങൾക്ക് ഇമ്പമേകുന്ന ശബ്ദമായും നാവിന് മുലപ്പാൽ നുകരുമ്പോൾ നുണഞ്ഞിറങ്ങുന്ന മധുരമായും ആദ്യറിവുകൾ പകർന്ന് നൽകുന്നത് ‘അമ്മ തന്നെ. കുഞ്ഞിന് കിട്ടുന്ന ഓരോ അറിവും വലിയതാണ്. മാതാവിലൂടെയാണ് കുഞ്ഞുങ്ങൾ ഈ ലോകത്തെ ഏറ്റവും കൂടുതലായി അടുത്ത് അറിയുന്നത് എന്നതിനാൽ തന്നെ ഈ പ്രായത്തിൽ മാതാവിനോളം സ്വാധീനം കുഞ്ഞിൽ ചെലുത്താൻ മറ്റാർക്കും കഴിയില്ല എന്ന വസ്തുതയെയും അംഗീകരിക്കേണ്ടിയിരിക്കുന്നു. കുഞ്ഞിനെ സംബന്ധിച്ചിടത്തോളം തന്റെ പിതാവ് എന്ന് പറഞ്ഞാൽ പോലും ‘അമ്മ ചൂണ്ടി കാണിക്കുന്ന ഒരു വ്യക്തിയാണ് അല്ലാതെ കുഞ്ഞിന് തന്റെ അച്ഛനെ കണ്ടെത്താൻ വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ല. പ്രാരംഭദശയിൽ അമ്മയാണ് കുഞ്ഞിന് ഈ ലോകത്തെ പരിചയപ്പെടുത്തുന്നത് മാത്രമല്ല കുഞ്ഞിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് ‘അമ്മ മനസ്സ് ആണ് എന്നീ കാരണങ്ങളാൽ തന്നെ എപ്പോഴും ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ നേർവഴിയ്ക്ക് നയിക്കാൻ മറ്റേതൊനാളെക്കാളും എളുപ്പമാണ്.

Also read: സന്താനപരിപാലനത്തിലൂടെ സ്വര്‍ഗ്ഗം ഉറപ്പാക്കാം

കുഞ്ഞിന് നേർക്കാഴ്ചയേകലാണ് അച്ഛനമ്മമാർക്ക് ചെയ്യാവുന്ന ഏറ്റവും ഗുണകരമായ കാര്യം. നേർക്കാഴ്ചയെന്നാൽ ഉൾക്കാഴ്ചയാണ്. ആന്തരികമായ അറിവുകൾക്കെ ഉൾക്കാഴ്ചയേകാൻ സാധിക്കുള്ളൂ. ഒരു മനുഷ്യനിലെ ആന്തരിക ചലനങ്ങളാണ് അഥവാ ആന്തരികമായ ഒരു പ്രേരണ അല്ലെങ്കിൽ ഉൾപ്രേണയാണ് മനുഷ്യരെക്കൊണ്ട് ഓരോ പ്രവൃത്തികളും ചെയ്യിപ്പിക്കുന്നത്. ഈ ആന്തരിക പ്രേരണയെകുറിച്ചും ഈ പ്രേരണ അല്ലെങ്കിൽ ചോദനയെ ഏത് വിധം ഉപയോഗപ്പെടുത്തണം എന്നുള്ള ബോധവും തന്നെയാണ് ഒരാളെ മറ്റുള്ളവരിൽ.നിന്നും എപ്പോഴും വ്യത്യസ്തനാക്കുന്നത്. നമ്മൾ ഒരുപക്ഷേ മക്കളെ അച്ചടക്കമുള്ളവരാക്കാൻ ഭയപ്പെടുത്തിയോ, കർശനമായ നിയമങ്ങളും ശിക്ഷകളും വരെ നടപ്പിലാക്കും എന്നാൽ ആന്തരികമായി സംസ്ക്കരിക്കപ്പെടാത്തിടത്തോളം ഒരു കുഞ്ഞ് പലപ്പോഴും നമ്മുടെ സാന്നിദ്ധ്യത്തിൽ മാത്രമേ അച്ചടക്കവും സത്യസന്ധതയും പാലിക്കുന്നുള്ളൂ.

ഇന്നത്തെക്കാലം വിദ്യാസമ്പന്നതയും സ്വയം പര്യാപ്തതയും നേടുന്ന ആളുകൾക്കിടയിൽ പലപ്പോഴായി കാണപ്പെടുന്നതും ഏറെ ദയനീയവും വേദനാജനകവും അനുദിനം നമുക്കിടയിൽ ഏറെ ചർച്ചാവിഷയമാകുന്നതുമായ ഒരു വിഷയമുണ്ട്. മാതാപിതാക്കളിൽ ചിലരെല്ലാം ഇന്ന് അഭിമുഖീകരിക്കുന്നതും അതേസമയം ബാക്കിയുള്ളവരെ അത്യധികം ആകുലപ്പെടുത്തുന്നതുമായ ഒരു കാര്യമാണ് അത്. മക്കൾ അച്ഛനമ്മമാരെ വൃദ്ധസദനത്തിൽ കൊണ്ടുപോയി തള്ളുന്നതും, റെയിൽവെ സ്റ്റേഷനിലോ അമ്പലനടയിലോ ആൽത്തറയിലോ കൊണ്ടുപോയി ഇരുത്തി കടന്നു കളയുന്നതുമൊക്കെ.

“ഞാൻ കഷ്ടപ്പാട് അറിഞ്ഞതാണ് എന്റെ മക്കൾ അറിയേണ്ട” എന്ന അച്ഛനമ്മമാരുടെ ചിന്താഗതിയെ അല്ലെങ്കിൽ പിടിവാശിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുകയെ ചെയ്യരുത് എന്ന് ഞങ്ങളെപ്പോലുള്ളവർ ആവർത്തിച്ചു പറയാറുണ്ട്. ഇങ്ങനെ മക്കളെ വളർത്തുന്ന മതാപിതാക്കളാണ് അധികവും മക്കളിൽ നിന്ന് ഇത്തരം കൈപ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വരുന്നതും അവസാനം ഒന്നും ഇല്ലാതെ എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ ഒന്നുമല്ലാതെയായി തീരുന്നതും ഒറ്റപ്പെടുന്നതും എന്നോർക്കുമ്പോൾ അത്യന്തം പ്രയാസമനുഭവപ്പെടും. ഒന്നും അറിയിക്കാതെ അവരെ വളർത്തി വലുതാക്കിയ മതപിതാക്കളെ വാർദ്ധക്യഘട്ടത്തിൽ നിർദയം കൈയൊഴിയാൻ സാധിക്കുന്നത് എങ്ങനെയാണ് ഈ മക്കൾക്ക്? ഇങ്ങനെ ചിന്തിക്കാത്തവർ വളരെ അപൂർവ്വമായിരിക്കും.

പൊതുവെ മക്കളെ കുറ്റപ്പെടുത്തിയും മൊത്തമായി അവരുടെ മേൽ പഴിചാരിയും ആ അച്ഛനമ്മമാരെ നോക്കി സഹതാപം പ്രകടിപ്പിച്ചും നമ്മളും നമ്മുടെ കടമ തീർക്കും. മക്കൾ തെറ്റുകാരാണ് എന്നതിൽ ഒരു സംശയവുമില്ല എന്നാൽ അവർക്ക് ഇത്രയും കാലം തങ്ങളെ പോറ്റി വളർത്തി വലുതാക്കിയ ഇന്ന് അവശരും വിഷണ്ണരും ചിലപ്പോൾ രോഗികളുമായ വൃദ്ധരായ തങ്ങളുടെ മാതാപിതാക്കളെ യാതൊരു മനസ്താപമോ കുറ്റബോധമോ മനസ്സാക്ഷി കുത്തൊ ഇല്ലാതെ ഇത്തരത്തിൽ തള്ളിക്കളയാനും തള്ളിപ്പറയാനും എങ്ങനെ സാധിച്ചു? യഥാർത്ഥ ഉത്തരം കണ്ടെത്താൻ അതിന്റെ വേരുകൾ തേടി പോകേണ്ടതുണ്ട് അജ്ഞതയാണ് കാരണം മറ്റൊന്നുമല്ല എന്നാൽ ആ അജ്ഞത എങ്ങനെ അവർക്ക് കിട്ടി.

കുഞ്ഞുങ്ങളെ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അയക്കുന്നു ഉയർന്ന വിദ്യാഭ്യാസം നൽകുന്നു. ഉയർന്ന പഠനത്തിനും ഉയരങ്ങളിൽ ഏത്താനും എല്ലാവിധ സംവിധാനങ്ങളും ഒരുക്കുന്നു അച്ഛനമ്മമാർ. എന്നാൽ ബൗദ്ധിക വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ചിലതെല്ലാം നൽകാൻ മറന്നു പോകുന്നു. രണ്ട് തരം വിദ്യാഭ്യാസം ഉണ്ട് ഒന്ന് സ്‌കൂളിൽ നിന്ന് ലഭിക്കുന്നത് അതിന്റെ സർട്ടിഫിക്കറ്റ് സ്‌കൂളിൽ നിന്ന് കിട്ടും. എത്ര ഹൈ റാങ്ക് കാരനോ, റാങ്ക് കാരിയോ ആവട്ടെ തങ്ങൾ ജീവിക്കുന്ന ചുറ്റുപാടിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ട കുടുംബ, സാമൂഹിക മൂല്യങ്ങളോ അതേസമയം വ്യക്തിബന്ധങ്ങൾ നിലനിർത്താനുള്ള കഴിവുകളോ ബോധമോ ഇല്ലെങ്കിൽ അവർ ജീവിതത്തിൽ പരാജയപ്പെട്ടേക്കും. മാതാപിതാക്കളെ വൃദ്ധ സദനത്തിൽ അയക്കുന്ന മക്കൾ നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു പരാജയമായി മാറുന്നത് അതുകൊണ്ടാണ്. ഇന്ത്യൻ സാമൂഹിക ഘടനയിൽ കുടുംബങ്ങൾക്കും കുടുംബബന്ധങ്ങൾക്കുമുള്ള പ്രാധാന്യം അത്രയേറെയാണ്.

സ്നേഹത്തിന്റെ പേരിൽ തന്റെ ഉത്തരവാദിത്വമായി തീരുന്ന ബാധ്യതകളും കടമകളും കൂടെയുണ്ട് അതും കൂടെ നിറവേറ്റാൻ ഓരോ വ്യക്തികളും ബാധ്യസ്ഥരാണ് ഇവിടെ. എന്നാൽ മറ്റ് പല രാജ്യങ്ങളിലും ഇതുപോലെ അല്ല. ഇതിൽ നിന്ന് വ്യത്യസ്ഥരായി ചിന്തിക്കുന്ന അപൂർവ്വം ചില മാതാപിതാക്കളെയും നമുക്കിടയിൽ കാണാം. നല്ല നിലയിൽ ജീവിക്കുന്ന കാലം തന്നെ അവർ ദീര്ഘവീക്ഷണത്തിലൂടെ കാര്യങ്ങളെ കാണുകയും തങ്ങളുടെ ഭാവിസുരക്ഷിതമാക്കാനും മക്കൾക്ക് ഒരിക്കലും ഒരു ഭാരമാവരാതിരിക്കാനും ബോധപൂർവ്വം മുൻകരുതലുകൾ എടുക്കുന്നവർ. ഇത്തരം രക്ഷിതാക്കൾ അവരുടെ ശാരീരിക മാനസിക ആരോഗ്യത്തിനും ഒട്ടേറെ പ്രാധാന്യം നല്കുന്നവരായിരിക്കും. ഇങ്ങനെയുള്ളവർക്ക് നിരാശപ്പെടേണ്ടി വരില്ല. പൊസിറ്റിവ് മനോഭാവമുള്ള മാതാപിതാക്കൾ ഇത്തരം ഒരു മനോഭാവത്തിലാണ് ജീവിക്കാൻ ഇഷ്ടപ്പെടുന്നത്. മക്കളുടെ സന്തോഷം തന്നെ അവരുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും അതേസമയം സ്വന്തമായി സന്തോഷം അസ്വദിക്കാനുള്ള വഴികളും അവർ മറക്കാതെ കണ്ടെത്തും.

വീടുകളിൽ നൽകേണ്ട വിദ്യാഭ്യാസം കൊച്ചു കൊച്ചു കാര്യങ്ങളിൽ നിന്ന് തുടങ്ങുന്നു. ഒരു മിഠായി അല്ലെങ്കിൽ അപ്പം കുഞ്ഞുങ്ങളുടെ കയ്യിൽ കിട്ടിയാൽ സഹോദരങ്ങളുമായി പരസ്പരം ഷെയർ ചെയ്ത് കഴിക്കാൻ അവരെ പഠിപ്പിക്കണം. അമ്മയുടെയോ അച്ഛന്റെയോ വായിലേയ്ക്ക് വെച്ചു തരുമ്പോൾ തനിയ്ക്ക് വേണ്ട മോൻ/മോൾ കഴിച്ചോ എന്ന് പറയുന്നതിന് പകരം അല്ലെങ്കിൽ കയ്യിലേക്ക് വാങ്ങി കഴിക്കുന്നതിന് പകരം ചിലപ്പോഴൊക്കെ അവരുടെ കൈകൊണ്ട് തന്നെ കഴിക്കുന്നത് ശീലമാക്കണം. എത്ര വലുതായാലും ഇടയ്ക്കൊക്കെ അവർക്ക് വായിൽ ഭക്ഷണം വെച്ചുകൊടുക്കണം. ഇതിൽ നിന്നൊക്കെ കുഞ്ഞുങ്ങൾ ഒരുപാട് പഠിക്കുന്നുണ്ട്, ഇതിലൂടെ സ്നേഹം കൈമാറപ്പെടുകയാണ്. അമ്മയ്ക്കോ അച്ഛനോ വയ്യാതാവുമ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്ത് തരാനോ, ചായ ഇട്ട് തരനോ, മരുന്ന് എടുത്ത് തരാനൊക്കെ അതേപോലെ കൂടെ പിറപ്പുകളെ പരിചരിക്കാനോക്കെ നൽകുന്ന പരിശീലനം നാളെ വലിയ ഗുണം ചെയ്യും. സഹജീവികളെ സ്നേഹിക്കാനും പരിചരിക്കാനും അവർ പഠിക്കാനുള്ള വഴികളാണ് ഇതെല്ലാം.

Also read: യുവാക്കളെ ഇസ്‌ലാം പഠിപ്പിക്കേണ്ടതെങ്ങനെ ?

ഇന്ന് നമ്മൾ കാണാറുണ്ട് ഒരുവിധം കുടുംബങ്ങളിൽ എല്ലാം സ്നേഹസംഗമങ്ങൾ അഥവ ഗെറ്റ് ടുഗെതർ നടക്കാറുണ്ട്, ഇത്തരം വേദികളിൽ ക്ലാസ് എടുക്കുമ്പോഴും കുട്ടികളുമായി സംവദിക്കുമ്പോഴും ഞാൻ കഴിവതും അവരിൽ ബോധം ഉണർത്താനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. ഈ ലോകത്ത് നിങ്ങൾക്ക് വല്ലതും സംഭവിച്ചാൽ ഏറ്റവും കൂടുതൽ ദുഖിക്കുന്നവർ ആരായിരിക്കും? നിങ്ങളുടെ സന്തോഷം അല്ലെങ്കിൽ ഏറ്റവും സുന്ദരമായ ജീവിതം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നവർ ആരാണ്? അതിന് വേണ്ടി എന്ത് ത്യാഗവും കഷ്ടപ്പാടും സഹിക്കാൻ തയ്യാറാവുന്ന രണ്ടേ രണ്ടുപേർ ഉണ്ട് അവർ ആരാണ്? എന്നൊക്കെ ചോദിക്കുമ്പോൾ കുട്ടികൾക്ക് അച്ഛനും അമ്മയും എന്ന ഒരേ ഒരു മറുപടി തന്നെയാണ് പറയാൻ സാധിക്കുന്നത് എവിടെയാണ് പിന്നീട് ഇത് നഷ്ടപ്പെടുന്നത്? ഈ അന്വേഷണമാണ് വേണ്ടത്.

ആത്മബോധവും ജീവിതത്തെക്കുറിച്ചും മാതാപിതാക്കളെയും സഹോദരങ്ങളെക്കുറിച്ചുമുള്ള  ബോധം വളർന്നു വരുന്ന കുഞ്ഞുങ്ങളിൽ ആഴത്തിൽ ഉണ്ടായിരിക്കണം എന്ന് നമ്മൾ മനസ്സിലാക്കി പക്ഷെ ഇതൊക്കെ വളരെ കുഞ്ഞിലെ തന്നെ അവരിൽ പതിഞ്ഞുപോകേണ്ട കാര്യങ്ങളായതിനാൽ രക്ഷിതാക്കളുടെ സാന്നിധ്യവും പങ്കും ഇതിൽ വലുതാണെന്ന് നമ്മൾ തിരിച്ചറിയണം. ആത്മബോധവും അഭിമാനബോധവുമുള്ള കുഞ്ഞുങ്ങളെ വേർതിരിച്ചു തന്നെ മനസ്സിലാക്കാൻ കഴിയും. അതേപോലെ ബോധത്തോടെ വളർന്നു പക്വതയെത്തുന്ന മക്കൾക്ക് വ്യക്തമായ ബോധം അവരിൽ ഉണ്ടാവും “നാളെ ഞങ്ങളും അച്ഛനമ്മമാർ ആവേണ്ടവരാണ്, ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഞങ്ങളുടെ മക്കളിലൂടെ തീർച്ചയായും നാളെ ഞങ്ങൾ അനുഭവിച്ചറിയേണ്ടി വരും. അച്ഛനും അമ്മയുമായ തങ്ങളെക്കണ്ടിട്ടാണ് തങ്ങളുടെ കുഞ്ഞുങ്ങളും പഠിക്കാൻ പോകുന്നതെന്ന്.”

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close