Current Date

Search
Close this search box.
Search
Close this search box.

മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും

ആരോഗ്യം മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ്. Health is wealth എന്നാണല്ലോ പറയാറ്. നല്ല ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ. ആരോഗ്യമുള്ള മനസ്സില്ലെങ്കിൽ കാതലുള്ളൊരു വ്യക്തിത്വം രൂപീകരിച്ചെടുക്കലും അസാധ്യം. അതുകൊണ്ട് ആരോഗ്യം എന്നാൽ രണ്ട് വിധമുണ്ട്. ഒന്ന് മാനസിക ആരോഗ്യം മറ്റൊന്ന് ശാരീരിക ആരോഗ്യം. അതേപോലെ ശാരീരിക വളർച്ച (Physical growth) മാനസിക വളർച്ച (mental growth) ഇതും രണ്ടെണ്ണം ഉണ്ടാവുമല്ലോ. രണ്ടിന്റെയും വളർച്ചയ്ക്ക് ശരിയായ, പോഷകസമൃദ്ധമായ ആഹാരം കൂടിയേ തീരൂ. ആതുകൊണ്ട് തന്നെ ശാരീരിക വളർച്ച മാത്രം നോക്കാതെ ബ്രെയിനിന്റെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും കൂടെ ആവശ്യമായി വരുന്ന പോഷകാംശങ്ങളടങ്ങിയ ഫുഡാണ് കഴിക്കേണ്ടത്. പ്രത്യേകിച്ച് കൊച്ചുനാളിൽ അതായത് വളർച്ചയുടെ പ്രാഥമിക ഘട്ടത്തിൽ സ്വന്തം കുഞ്ഞുങ്ങൾക്ക് വേണ്ടി രക്ഷിതാക്കൾ ശ്രദ്ധാലുക്കളാവേണ്ട കാര്യത്തിൽ മുഖ്യമായത് ഒന്ന് ഇതാണ്.

ആരോഗ്യം നിലനിർത്താനായ് മനുഷ്യർ കഴിക്കുന്ന ഭക്ഷണവും അതിന്റെ രീതികളും ക്രമങ്ങളും ഒരു വ്യക്തിത്വത്തെ ഗുണകരമായിട്ട് അല്ലാതെ ദോഷകരമായും ബാധിക്കുന്നുണ്ടോ? തീർച്ചയായും “ഉണ്ട്” എന്ന് തന്നെയാണ് പറയപ്പെടുന്നത്. ഒരാൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത അയാളുടെ മൂഡിനെയും മാനസിക അവസ്ഥയെയും മാത്രമല്ല വ്യക്തിത്വത്തെയും വിവിധ കാരണങ്ങളാൽ ബാധിക്കുന്നുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഈ പഠനങ്ങൾ പ്രകാരം നിരന്തരം ഗുണമില്ലാത്തതും പോഷകഗുണങ്ങൾ കുറഞ്ഞതുമായ ഭക്ഷണം ഭുജിക്കുന്നത് ഉത്കണ്ഠ, ഡിപ്രഷൻ, മൂഡ് സ്വിങ്‌സ് എന്നിവയ്ക്കൊക്കെ ഒരു ഹേതുവായി മാറിയേക്കാം എന്നാണ് പറയുന്നത്.

വാസ്തുനിഷ്ഠാപരമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതാണ് ആർക്കും, അത്തരമൊരു സാഹചര്യത്തിൽ ഒരു മനുഷ്യൻ തന്റെ ഉള്ളിലേയ്ക്ക് എടുക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ തീർച്ചയായും ആ വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും സ്വഭാവത്തെയും വരെ സ്വാധീനിച്ചെക്കാം. ഇപ്പറയുന്ന ചിന്തകളുടെയും പെരുമാറ്റത്തിന്റെയും രണ്ടിന്റെയും സ്വാധീനം ഒരു വ്യക്തിയുടെ ഇടപെടലുകളിലും ഇടപഴകലുകളിലും
ഉണ്ടാക്കുന്ന മാറ്റങ്ങൾ ഒരിക്കലും അത്രത്തോളം ചെറുതല്ല എന്നതിന്റെ അടിസ്ഥാനത്തിലും ഈ ഒരൊറ്റക്കാരണത്താലും ഭക്ഷിക്കുന്ന ആഹാരപദാർത്ഥങ്ങളും അവയുടെ ക്രമങ്ങളും രീതികളും വ്യക്തിത്വ രൂപീകരണത്തിൽ വഹിക്കുന്നൊരു പങ്കും സംശയലേശമന്യേ ആർക്കും തിട്ടപ്പെടുത്തി എടുക്കാവുന്നതെയുള്ളൂ.

ഉയിരോടെയും ജീവനോടെയും ഭൂമിയിൽ നിലകൊള്ളാൻ സകല ജീവജാലങ്ങൾക്കും അന്നഭോജനം നിർബ്ബന്ധമാണ്. നേരം പുലർന്നാൽ ഭക്ഷണം തേടി ഇറങ്ങുന്നവരാണ് മനുഷ്യരടക്കം ഒട്ടുമിക്ക ജീവജാലങ്ങളും. എന്നാൽ രാത്രിയിൽ ഇര തേടി ഇറങ്ങുന്ന ജീവികളും ഉണ്ട്. വായു, ജലം, ആഹാരം പോലെ ഭൂമിയിലെ നിലനിൽപ്പിന് ആധാരമായ ഇതുപോലെയുള്ള അടിസ്ഥാന ആവശ്യങ്ങൾ കഴിഞ്ഞാലും മറ്റു ജീവജലങ്ങളെ അപേക്ഷിച്ച് മനുഷ്യ വിഭാഗത്തിന് പാർപ്പിടവും വസ്ത്രവും കൂടെ കണ്ടെത്തണം. പ്രഥമമായി മനുഷ്യരുടെ നിലനിൽപ്പിനും അതിജീവനത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഈ പ്രകൃതിയിൽ തന്നെ സുലഭവും സുഭിക്ഷവുമാണ്, കൂട്ടത്തിൽ ദൗർലഭ്യം നേരിടാതിരിക്കാനുള്ള വഴികളും മനുഷ്യർ സ്വയം കണ്ടെത്തുന്നുമുണ്ട്. കൂടാതെ ശരീരത്തിന് ആവശ്യമായി വരുന്നത്ര വെള്ളം നിത്യവും കുടിക്കുന്നത് ശരീരത്തിന്റെ metabolism നന്നായി നിലനിർത്താൻ സഹായിക്കും. ദഹനപ്രക്രിയയ്ക്കും ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ട് നിർജ്ജലീകരണം സംഭവിക്കാതിരിക്കാനും ചർമ്മത്തിന്റെ മാർദ്ദവവും തുടിപ്പും നിലനിർത്താനും വെള്ളം ആവശ്യമാണ്. അതിലുപരിയായി മനുഷ്യനിലെ ആന്തരീകമായ പ്രവർത്തനങ്ങൾക്കും ബാഹ്യമായ പ്രവൃത്തികൾക്കും അത്യന്താപേക്ഷിതവുമായ വിറ്റമിൻസ്, മിനറൽസ്, പ്രോടീൻ തുടങ്ങിയവ ലഭിക്കുന്നത് വ്യത്യസ്തമായ ഭക്ഷ്യവസ്തുക്കളിൽ നിന്നാണ്.

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നൊക്കെ അറിയപ്പെടുന്ന കൊഴുപ്പും (cholesterol/fat) പഞ്ചസാരയുടെ അംശവും അളവിലധികം അടങ്ങിയ എന്നാൽ പോഷകാംശങ്ങളൊന്നും അധികം കണ്ടെത്താൻ സാധിക്കാത്ത, മിക്കപ്പോഴും പലവിധ രോഗങ്ങൾക്കും കാരണവും ഉപദ്രവവുമായി മാറുന്ന ഫുഡ് കണക്കില്ലാതെ വാങ്ങിക്കൊടുത്ത് കുഞ്ഞുങ്ങളെ വളർത്താതെ അവരുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ട അവശ്യ പോഷകങ്ങളടങ്ങിയ ഭക്ഷണം ശീലമാക്കണം. അല്ലാത്തവയൊക്കെ വല്ലപ്പോഴും മാത്രമേ പ്രോത്സാഹിപ്പിക്കാവൂ. ഫാസ്റ്റ് ഫുഡ് തിന്ന് ശീലിച്ച കുട്ടിയ്ക്ക് സാധാരണ ഫുഡിനോട് പ്രതിപത്തിയും ഇഷ്ടവും കുറയും. ഇലക്കറികളോ, പച്ചക്കറികളോ, പഴവർഗ്ഗങ്ങളൊന്നും ഡയറ്റിൽ ഇല്ലെങ്കിൽ കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായതൊന്നും കിട്ടണമെന്നില്ല. അതേപോലെ നോൺവെജ് ഐറ്റംസ് അല്ലെങ്കിൽ മാംസാഹാരങ്ങൾ പരിധിയില്ലാതെ കൺസ്യൂം ചെയ്യുന്നതും അപകടമാണ്. ഇപ്പറഞ്ഞ രണ്ടും വേണ്ടതിലധികം കലോറിയും കൊഴുപ്പും ശരീരത്തിലടിഞ്ഞ്, ആന്തരീക അവയവങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും അതിന് പുറമെ പൊണ്ണത്തടിയായി മാറി അമിതവണ്ണവും ഭാരവും ഭാവിയിലേക്ക് വലിയൊരു പ്രശ്നമാവുന്നതിനും കാരണമാകും.

ഒരേപോലെയുള്ള മൂലധാതുക്കൾ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് അഭികാമ്യമല്ല എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് എന്ത്കൊണ്ടാവും? ബ്രെയിൻ ഹാർട്ട്, കിഡ്നി തുടങ്ങി ഓരോരോ അന്തരീക അവയവങ്ങൾക്കും അവയുടെ ശരിയായ പ്രവർത്തനത്തിനും വളർച്ചയ്ക്കും വിവിധയിനം പച്ചക്കറികളുടെയും വ്യത്യസ്തമായ ധാന്യവർഗ്ഗങ്ങൾ, ഇലക്കറികൾ കൂടാതെ മത്സ്യമാംസാദികളുടെയും ആവശ്യമുണ്ട്. അവ ഏതൊക്കെ എന്ന് മനസ്സിലാക്കി വേണ്ടയളവിൽ നിത്യേന കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുമുണ്ട്. ബ്രെയിനിന്റെ വികാസത്തെ സഹായിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന പോഷകം നിറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണ്?

ആന്റിഓകസിഡന്റസ്, വിറ്റാമിൻസ്, മിനറൽസ് എന്നിവ ബ്രെയിനിനെ ഓവർ സ്ട്രെസ്സിൽ നിന്നും സരക്ഷിക്കുമെന്നതിനാൽ അവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സമീകൃത ആഹാരം എന്ന് അറിയപ്പെടുന്ന പാൽ, മുട്ട എന്നിവ മക്കൾക്കും വലിയവർക്കും കഴിക്കുന്നത് നല്ലതാണ്. അതേസമയം ആപ്പിൾ, പ്ലംസ്, മത്സ്യാഹാരം, മീൻ, പിസ്ത, ബദാം പോലുള്ള നട്ട്‌സുകളെല്ലാം ബ്രെയിനിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവയാണ്.
മെർക്കുറി കണ്ടന്റ് കൂടുതൽ അടങ്ങിയ മീൻ, കോള പോലുള്ള ഷുഗറി ഡ്രിങ്ക്‌സ്, ആരോഗ്യകരമല്ലാത്ത കൊഴുപ്പ് അടങ്ങി പ്രോസ്സസ്ഡ് ഫുഡ്, ലഹരിപദാർത്ഥങ്ങൾ എന്നിവയും ഹാനികരമാണ്. ഗർഭിണിയായ അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഇത്തരം ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കേണ്ടതുണ്ട്. പുകവലിയും പാടില്ല അത് കുഞ്ഞിനെ ബാധിക്കും.

ഒരു പ്രായത്തിന് ശേഷം അമിതഭോജനം അനാരോഗ്യകരമാണെന്നും അസുഖങ്ങൾക്ക് കാരണമാവും എന്ന തിരിച്ചറിവിൽ ഭക്ഷണക്രമീകരണം നടത്തുകയും ഡയറ്റ് എപ്പോഴും ബാലൻസ്ഡ് ആക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. മുളപ്പിച്ച പയറു വർഗ്ഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. വിറ്റാമിൻ ബി, പൊട്ടാഷ്യം, മാഗ്നീഷ്യം, ഫോസ്ഫ്രസ് എന്നിവ വലിയ അളവിൽ അടങ്ങിയിരിക്കുന്നുവെന്ന് മാത്രമല്ല ശരീരത്തിൽ പ്രോട്ടീനിനെ ബൂസ്റ്റ് ചെയ്യുകയും ചെയ്യും. പോഷകനിബിഡമായ ഈ ആഹാരപദാർത്ഥത്തിന് ഇതൊന്നും അല്ലാതെയും ഒട്ടേറെ ഗുണങ്ങൾ ഉണ്ട്. കൂടാതെ എല്ലുകൾക്ക് ഉറപ്പ് നൽകുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മറ്റു ധാന്യങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, മത്സ്യമാംസാദികൾ തുടങ്ങി പല വിധത്തിലുമുള്ള ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടുത്തുമ്പോഴേ ബാലൻസ്ഡ് ഡയറ്റ് ആവുന്നുള്ളൂ. എന്നാൽ മാംസാഹാരം എപ്പോഴും കണക്കില്ലാതെ ഭക്ഷിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാക്കും.

ഭക്ഷണക്രമീകരണത്തിലൂടെ ശാരീരിക ആരോഗ്യം നിലനിർത്തുന്നത് എപ്പോഴും മാനസിക ആരോഗ്യത്തിനും അതേപോലെ മാനസിക ആരോഗ്യം വേണ്ടവിധം സംരക്ഷിക്കുന്നത് എപ്പോഴും ശരീരിക ആരോഗ്യത്തിനും ഗുണകരമാകും എന്നതിനാൽ മനസ്സിനും ശരീരത്തിനും എപ്പോഴും ഒരേ പ്രസക്തിയുണ്ട് എന്ന് തിരിച്ചറിയണം. ജീവിതത്തെ അർത്ഥമൂല്യ സഹിതം ആസ്വദിക്കാനും പ്രശ്നങ്ങളെയും പരീക്ഷണങ്ങളെയും നേരിടാനും മാനസിക ആരോഗ്യത്തിന് എന്തിനെക്കാളേറെ പ്രാധാന്യം നൽകേണ്ടതുണ്ട്. അതിനാൽ ഭക്ഷണം മാത്രമല്ല, ആരോഗ്യകരമായ ചിന്തകൾകൊണ്ടും അറിവും ജ്ഞാനവുംകൊണ്ട് മനസ്സിനെ പുഷ്ടിപ്പോടെ നിർത്താൻ ശ്രമിക്കണം.

ശാസ്ത്രീയപരമായി തെളിയിക്കാൻ കഴിയില്ലെങ്കിലും ഒരു മനുഷ്യൻ ഭക്ഷണം കഴിയ്ക്കുന്ന രീതി അതേപോലെ ഭക്ഷിക്കാനായി തിരഞ്ഞെടുക്കുന്ന ആഹാരത്തിൽ നിന്നെല്ലാം അയാൾ ഏത് തരത്തിലുള്ള ക്യാരക്ടറിന് ഉടമയാണെന്നും എത്തരത്തിലുള്ള വ്യക്തിത്വമാണെന്നും വായിച്ചെടുക്കാൻ പറ്റുമെന്നും പറയുന്നു. You are what you eat എന്നൊരു മൊഴിയുണ്ട് ഇംഗ്ളീഷിൽ.

മനുഷ്യന്റെ ഡൈജസ്റ്റീവ് സിസ്റ്റം ദഹനപ്രക്രിയയ്ക്ക് മാത്രമായുള്ളതല്ല മനുഷ്യന്റെ വൈകാരികതയെ ഗൈഡ് ചെയ്യപ്പെടുന്നതും ഇവിടെയാണ്. മനക്കരുത്ത് എന്നാൽ ഇംഗ്ളീഷിൽ Gut എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്, അതേസമയം വൻകുടൽ എന്ന അർത്ഥവും വരുന്നുണ്ട്. കാര്യകാരണ സഹിതം വിവരിക്കുമ്പോൾ, 95 ശതമാനം സെറോറ്റോണിനും ശരീരം ഉത്പാദിപ്പിക്കുന്നത് വൻകുടലിലെ ഗ്യാസ്ട്രോഇന്റസ്റ്റിനൽ ട്രാക്ടിലാണ് എന്നാണ് പറയപ്പെടുന്നത്. ദശലക്ഷ കണക്കിന് നാഡി ഞരമ്പുകളും ന്യൂറോൺസുകളും നിരന്നു നിൽക്കുന്ന ഇവയെ സ്വാധീനിക്കുന്ന നല്ല ബാക്ടീരിയകൾക്ക് മാനസിക ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിൽ വലിയൊരു പങ്ക് ഉണ്ട്. മനുഷ്യന്റെ മൂഡിനെ പോസിറ്റീവായ രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഹോർമോൺ ആണ് സെറാടോണിൻ. ഫ്രൂട്ട്സ്, വെജിറ്റബിൾസ്, ഫിഷ് പോലുള്ളതും പ്രോസ്സസ്ഡ് ചെയ്യാത്തതതുമായ എല്ലാ ഭക്ഷണത്തിലും, ഡയറ്റിലും നല്ല ബാക്ടീരിയകൾ ഉണ്ട് അത് ദഹനത്തിന് സഹായിക്കുക മാത്രമല്ല മനുഷ്യരുടെ മൂഡിനെയും സ്വാധീനിക്കുന്നു.

ക്വാളിറ്റി കുറഞ്ഞതും പ്രോസ്സസ്ഡ് അല്ലെങ്കിൽ റിഫൈൻഡ് ചെയ്തതുമായ ആഹാരപദാർത്ഥങ്ങളിൽ നാരിന്റെ അംശം നന്നേ കുറവായിരിക്കും. ബ്ലഡ് ഷുഗർ ലവൽ കൂടാനും അത് ഇടയാക്കും അത് ബ്രെയിനിന്റെ ആരോഗ്യത്തെയും മനുഷ്യന്റെ മൂഡിനെയും ബാധിക്കും. ദഹന പ്രക്രിയയും ശരീരത്തിലെ മാലിന്യങ്ങൾ സമയാസമയം കളയുന്നതെല്ലാം മൂഡിനെ ആത്യന്തികമായി ബാധിക്കുന്നുണ്ട്. അതേസമയം ഒരു മനുഷ്യന്റെ ഇമോഷൻസിൽ ഉണ്ടാവുന്ന പല വ്യതിയാനങ്ങളും മാനസിക സംഘർഷങ്ങളും തിരിച്ച് ഇപ്പറയുന്ന പ്രക്രിയയെ എല്ലാം ബാധിക്കുന്നതായും നമുക്ക് അനുഭവപ്പെടാറുണ്ട്, എല്ലാം ഇന്റർകണക്ടഡ് ആണ്.

ഭക്ഷണക്ഷാമം മൂലം ആഹാരം കഴിക്കാതെ ശുഷ്‌ക്കിച്ച ശരീരത്തിൽ ആരോഗ്യത്തോടെ നിൽക്കുന്ന മനസ്സിനുള്ള സാധ്യത വിരളമാണ്. ഇത് ആവർത്തിച്ചു പറയുന്നതിന്റെ കാര്യം രണ്ടും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ആ ബന്ധം ശക്തമാകണം, അവർക്കിടയിലെ അന്തർധാര സജീവമാവമാകുന്നത് ഏതൊരു ഘട്ടത്തിലും കൈവിടാതെ മനസ്സ് ശരീരത്തിനും ശരീരം മനസ്സിനും ബലവും, ഭദ്രതയുമേകി പിന്തുണയ്ക്കുമ്പോഴാണ്. എങ്കിലേ ഒരു വ്യക്തിത്വത്തിന് വേണ്ടത്ര പുഷ്ടിപ്പും പ്രസരിപ്പും ദൃഢതയും കൈവരുന്നുള്ളൂ. ആരോഗ്യമുള്ള ദേഹത്തിനകത്ത് ചിന്താശേഷിയും ബുദ്ധിയും യുക്തിയും സാമാന്യബോധവും കൂടെ വർക്ക് ഔട്ട് ആവണമെങ്കിൽ ബ്രെയിനിന്റെ പ്രവർത്തനങ്ങളും മുറയ്ക്ക് നടക്കണം.

ശരീരത്തെ ബാധിക്കുന്ന പോലെ അസുഖങ്ങൾ മനസ്സിനെയും ബാധിക്കുന്നുണ്ട്. ചികിത്സ അനിവാര്യമായിടത്ത് ചികിത്സ തേടിയെ തീരൂ. ഇന്ന് സമൂഹം ഏതാണ്ട് ഇതെല്ലാം അംഗീകരിച്ചു കൊണ്ടിരിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും ന്യൂറോ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും സാധാരണ മനുഷ്യർക്കും സുപരിചിതമായ വാക്കുകളായി മാറിയിരിക്കുന്നു. ഒരു ദശാബ്ദം പിന്നോട്ട് പോയാൽ ഇതൊന്നുമായിരുന്നില്ല അവസ്‌ഥ. അതിനെയൊക്കെ അറിവില്ലായ്മ എന്നേ പറയാനൊക്കൂ, മനസ്സുമായി ബന്ധപ്പെട്ട ഏതൊരു അസുഖത്തെയും “മാനസികം” എന്ന പദത്താൽ വിശേഷിപ്പിക്കുകയും അതെല്ലാം ഭ്രാന്തായിരിക്കണം അല്ലാതെന്ത്? എന്ന് ചിന്തിച്ചിരുന്നവരാണ് നമ്മുടെ സമൂഹവും മനുഷ്യരും.

ശാരീരികാരോഗ്യം കണക്കിലെടുത്ത് നാം ശരീരത്തെ ഊട്ടുന്നത് (feeding ചെയ്യുന്നത്) എപ്പോഴും പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കൾ കൊണ്ടാണെങ്കിൽ മനസ്സിനെ ഫീഡ് ചെയ്യിപ്പിക്കേണ്ടതും പരിപോഷിപ്പിച്ച് നിർത്തേണ്ടതും കഴമ്പും കാതലുമുള്ള ചിന്തകളും കാഴ്ചപ്പാടും മനോഹരമായ സ്വപ്നങ്ങളും കളങ്കമേൽക്കാത്ത വിചാരങ്ങളും കൊണ്ടാവണം. നന്മയും മനുഷ്യത്വവും നിറഞ്ഞതും അവനവന് ഗുണപ്രദമായതും നിർമ്മാണാത്മകവുമായ ചിന്തകളെ വെച്ച് മനസ്സിനെ ഒരാൾ ഊട്ടിയുറക്കുമ്പോൾ ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമായി, വലിയൊരു പ്രതിഭാസമായി മാറുകയാണ് അയാൾ. അത്തരമൊരു വ്യക്തി സമൂഹത്തിൽ ഏതെങ്കിലും വിധത്തിൽ സ്വാധീനം ചെലുത്താവുന്ന ഒരാളാവുമെന്നതിൽ തർക്കമില്ല. കാരണം ആത്മബോധത്തോടെ ജീവിക്കുന്ന ഒരാളിലേക്ക് സഹജാവബോധവും സാമൂഹികാവബോധവും താനേ വന്നു ചേരും. അയാളോട് സമൂഹം വെച്ചുപുലർത്തുന്ന മനോഭാവം ശരിയാണെങ്കിൽ, സമൂഹത്തിനും കുടുംബത്തിനും എന്നെന്നേയ്ക്കുമായി അയാൾ വലിയൊരു മുതൽക്കൂട്ടായി മാറും.

Related Articles