Current Date

Search
Close this search box.
Search
Close this search box.

മാനസിക ക്രമക്കേടുകളും അനാരോഗ്യവും

ഒരാൾക്ക് ശരീരത്തിൽ വല്ല മുറിവുമേറ്റാൽ, വല്ല അത്യാഹിതവും സംഭവിച്ചാൽ കണ്ടുനിൽക്കുന്ന ആരുടെയുള്ളിലും പെടുന്നനെ തന്നെ അപായബോധം ഉണരും. തത്ക്ഷണം തന്നെ ജാഗരൂകരായി മാറുകയും പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ഉടൻ തന്നെ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യാനുള്ള ശ്രമത്തിലാവും. മരുന്ന് വെച്ചുകെട്ടലും മുറിവ് അല്പം ഗുരുതരമാണെന്ന് തോന്നിയാൽ ഉടനടി ഹോസ്പിറ്റലിലേയ്ക്ക് എടുത്തോടുന്നതൊക്കെ നിമിഷനേരം കൊണ്ടാണ്. ആരും പറഞ്ഞു കൊടുക്കുന്നില്ല, എന്തോ ഒരു ഉൾപ്രേരണയാവാം, അവരുടെയുള്ളിലുള്ള അപായ സൂചനയുടെ സാന്നിദ്ധ്യമാവാം അത്. ആശുപത്രിയിൽ എത്തിച്ചാൽ ആദ്യം മുറിവിൽ ഇൻഫെക്ഷനോ, പഴുപ്പോ വരാതിരിക്കാൻ ടി.ടി (ഇഞ്ചക്ഷൻ) അടിയ്ക്കും. രക്തസ്രാവം നിലയ്ക്കുന്നില്ല എന്ന സാഹചര്യമോ അത്യാസന്ന നിലയിലോ ആണെന്ന് കണ്ടാൽ അധികം വൈകിക്കാതെ തന്നെ ഡോക്ടർമാർ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റി സർജറിയും നടത്തും. ക്ഷതമേറ്റ് പൊട്ടിപ്പോയ അസ്ഥികൾ ഉണ്ടെങ്കിൽ സ്ക്രൂവും പ്ലെയ്റ്റും ചിലപ്പോൾ സ്റ്റീൽ റോഡും വെച്ച് കൂട്ടി ഘടിപ്പിച്ച്, ബലം നൽകി നിർത്തും, മുറിവിനെ ചേർത്തുവെച്ച് സ്റ്റിച്ച് ചെയ്യും. പൂർവ്വസ്ഥിതി പ്രാപിക്കുന്നതുവരെ ശരീരത്തിന് വിശ്രമവും വേണ്ടത്ര പരിചരണങ്ങളുമെല്ലാം നൽകും.

ഇത്തരം ഓരോ ഘട്ടങ്ങളിലും സാഹചര്യങ്ങളിലും എന്തുവേണം എന്ന ശങ്കയിൽ പരിഭ്രാന്തരായിട്ടോ അന്താളിച്ചോ നിൽക്കുകയല്ല വേണ്ടത് എന്ന് മനുഷ്യർക്ക് നല്ല ബോധമുണ്ട്. അതുകൊണ്ട് മനുഷ്യന് രണ്ടുവട്ടം ചിന്തിക്കേണ്ടിയും വരുന്നില്ല. എന്ത് ചെയ്യാം എന്ന് ആത്മഗതം പറഞ്ഞോ സന്ദേഹപ്പെട്ടോ ഇരിക്കാതെ മനസന്നദ്ധതയോടെ പ്രവൃത്തിക്കുകയാണ് വേണ്ടതെന്ന് അനുഭവങ്ങൾകൊണ്ട് മനുഷ്യർ പഠിച്ചു കഴിഞ്ഞു. ശാരീരിക ആരോഗ്യപരിപാലനത്തിലുള്ള അവബോധവും അറിവും കാരണം കാലങ്ങളായി നമ്മൾ അതീവം സൂക്ഷ്‌മത പാലിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. അപൂർവ്വം കേസുകളൊഴിച്ച് ബാക്കിയെല്ലാം തന്നെ ആന്റിബയോട്ടിക്കുകളുടെയും മറ്റ് മരുന്നുകളുടെയും സഹായത്താൽ നാളുകൾകൊണ്ട് തന്നെ ആ മുറിവുകൾ ഉണങ്ങുകയാണ് പതിവ്.

നമുക്കറിയാം മനുഷ്യനൊഴികെയുള്ള മറ്റു ജീവജാലങ്ങൾക്കൊന്നും അസുഖം ബാധിച്ചാൽ ആശുപത്രിയിൽ പോകുന്നതോ ചികിത്സ തേടുന്നതോ ഒരു ശീലമല്ല. തന്നെത്താൻ ഭേദമാകുകയാണ് ചെയ്യുന്നത് അതല്ലെങ്കിൽ മരണത്തിന് കീഴടങ്ങുന്നു. എന്നാൽ രോഗം മൂർച്ഛിച്ചാൽ എന്തും സംഭവിച്ചേക്കാമെന്ന ബോധവും ആശങ്കയും ഭീതിയും മനുഷ്യനിൽ നിലനിൽക്കുന്നു എന്നതൊരു വസ്തുതയാണ്. പലപ്പോഴും മനുഷ്യരിലായാലും ഒരുവിധം വ്യാധികളും രോഗങ്ങളും രൂക്ഷതയിലേയ്ക്ക് എത്താതെ തന്നെത്താൻ സ്വാഭാവികമായി തന്നെ ഭേദമാക്കപ്പെടുന്നുണ്ട്, അത് ആരും അറിയുന്നില്ലെന്ന് മാത്രം. എന്നുവെച്ചാൽ മനുഷ്യനിലുമുണ്ട് അങ്ങനെയൊരു ശേഷി രോഗപ്രതിരോധ ശേഷി എന്ന് പറയും. എങ്കിൽ പോലും ചെറിയ രോഗങ്ങൾ വരുമ്പോഴത്തേയ്ക്കും അക്ഷമരായി ആശുപത്രിയിലേയ്ക്ക് ഒടുന്നതാണ് പലരുടെയും ശീലം. ഓരോ വ്യക്തിയിലേയും പ്രതിരോധശേഷി വ്യത്യസ്‌തമായതിനാൽ റിക്കവറിയ്ക്ക് എടുക്കുന്ന സമയത്തിൽ നല്ല അന്തരം കാണാം.

സ്വന്തം ശരീരത്തിൽ അസുഖം പിടിപെടാതെ നോക്കുന്നതിലും ആരോഗ്യശോഷണത്തിനും ശുഷ്‌കതയ്ക്കും കഴിവതും ഇടവരുത്താതെ പരിപോഷിപ്പിച്ച് നിലനിർനിർത്തുന്നതിൽ അത്യധികം ശ്രദ്ധാലുക്കളായ ഒരാളും മാനസികാരോഗ്യത്തിന് വേണ്ടി അല്ലെങ്കിൽ ആന്തരീക പുഷ്ടിപ്പ് നിലനിർത്തുന്ന കാര്യത്തിൽ മിക്കപ്പോഴും ആകുലത പ്രകടിപ്പിക്കാറില്ല. മാനസിക അസംതുലിതാവസ്ഥയെ ചെറുക്കാനുള്ള വഴികൾ തേടുന്നത് അപൂർവ്വ കാഴ്ച മാത്രം. മിക്കപ്പോഴും തന്റെ വിധി എന്ന് പറഞ്ഞു കീഴടങ്ങുന്ന സാഹചര്യങ്ങളൊന്നും രക്ഷപ്പെടാൻ പഴുതോ പ്രതിവിധിയോ ഇല്ലാത്തതിനാൽ അല്ല. ഇവിടെയൊക്കെ ഒരാളുടെ ആറ്റിട്യൂഡിന് വളരെയധികം പ്രസക്തിയുണ്ട്. സാഹചര്യങ്ങൾക്ക് അടിമപ്പെടുന്നത് നമ്മുടെയൊക്കെ ആറ്റിട്യൂഡ് ആണെന്ന് തിരിച്ചറിഞ്ഞാൽ അപ്രതീക്ഷിതമായ പല മാറ്റങ്ങൾക്കും അത് വഴിയൊരുക്കും. ഒന്നിനും തകർക്കാനും ആർക്കും കീഴടക്കാനും സാധിക്കാത്ത ഒരു വ്യക്തിയാവാൻ ആദ്യം വേണ്ടത് അടിയുറച്ച നിലപാടും ആറ്റിട്യൂഡും തന്നെയാണ്.

രണ്ടും ഒരേപോലെ സംരക്ഷിയ്ക്കപ്പെടണം എങ്കിലേ നല്ലൊരു വ്യക്തിത്വത്തിന് സാധ്യത ജനിക്കുന്നുള്ളൂ എന്ന് സാരം. മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യസംരക്ഷണത്തിനും ശരിയായ പരിരക്ഷ ആവശ്യമാണ്. എന്നാൽ വെന്തുനീറുന്ന നീറ്റലിലും വിണ്ടുകീറി വ്രണപ്പെട്ട മനസ്സുമായും ഒരിയ്ക്കലും ഉണങ്ങാത്ത മുറിവുകളുമായും നടക്കുന്ന മനുഷ്യരുണ്ട് നമുക്കിടയിൽ. നമുക്കിടയിൽ കാലമാണ് മനസ്സിന്റെ പല മുറിവുകളും ഉണക്കുന്നതും വേദനകൾ ശമിപ്പിക്കുന്നതും. മാനസിക രോഗങ്ങൾക്ക് ചികിത്സ തേടാൻ വിസമ്മതിയ്ക്കുന്ന ഒരു ജനതയല്ലായിരുന്നോ നാം ഈയടുത്ത കാലം വരെ നമ്മുടെ സമൂഹ്യപരിസ്ഥിതി തന്നെ വികലമായ സമീപനമാണ് പ്രകടിപ്പിച്ചിരുന്നത്. ഇന്ന് പക്ഷെ ചിത്രം മാറി, അതിന്റെയൊക്കെ ആവശ്യകത എത്രത്തോളമെന്ന് മനസ്സിലാക്കികൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് എത്തി. തീരാദുഃഖങ്ങളിലും കടുത്ത ആകുലതകളിലും മാനസികസമ്മർദ്ദങ്ങളിലും അകപ്പെട്ട് ഗതികിട്ടാതെ വലയുന്ന മനസ്സുകൾ, അവർ കടന്നുപോയ പരീക്ഷണങ്ങൾ, മനസ്സിന്റെ കടക്കലേറ്റ ഒരായിരം മുറിവുകൾ, അവയിൽ ഉണങ്ങാതെ കിടക്കുന്ന വ്രണങ്ങൾ ഉള്ളിൽ പേറി നടക്കുന്ന മനുഷ്യരുണ്ട് നമ്മുടെയൊക്കെ ചുറ്റിലും. സുഖപ്പെടുത്താൻ ചികിത്സയുടെ അലബ്ധി മൂലവും അങ്ങേയറ്റത്തെ തിരസ്ക്കരണം മൂലവും ഇപ്പോഴും ചില മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നുണ്ടാവും. ആഴത്തിലേറ്റ മുറിവുകൾ ഉണങ്ങാൻ വലിയ പാടാണ്. എന്നാൽ അവയ്ക്കൊന്നും കൃത്യമായ ഒരു ട്രീറ്റ്മെന്റ് ഇല്ലേ ഇവിടെ എന്നൊരു അന്വേഷണം തന്നെ അപൂർവ്വം.

ഒരു വ്യക്തിയുടെ അഭിമാനത്തിനും വികാരങ്ങൾക്കുമേൽക്കുന്ന അതിഗുരുതരമായ ക്ഷതങ്ങൾ അതിന്റെ പാർശ്വഫലങ്ങൾ, പ്രത്യാഘാതങ്ങൾ ഇവയുടെയൊന്നും കാഠിന്യവും കഠോരതയും ഒരാളുടെ സാമാന്യബുദ്ധിയ്ക്കും യുക്തിയ്ക്കും നിർണ്ണയിച്ചെടുക്കാൻ പോലും സാധിക്കില്ല. മനസ്സ് അത്രയ്ക്കും സങ്കീർണ്ണവും കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒന്നാണ്. അഗാധതയിൽ ചെന്ന് പതിക്കുന്ന ഉൽക്ക പോലെയാണ് അത്, മനസ്സിന്റെ അഴത്തിലൊരു അദൃശ്യമായൊരു ഗർത്തം സൃഷ്ടിക്കും. ഒരിയ്ക്കലും നികത്തപ്പെടാത്ത ഗർത്തം. മറ്റൊരു വിഷയം കൂടിയുണ്ട് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന കാര്യത്തിൽ ഓരോ മനുഷ്യന്റെയും മനസ്സിന്റെ ഉള്ളുറപ്പിലും കാര്യക്ഷമതയിലും വലിയ അന്തരം ഉണ്ടാവും. ജീനിലൂടെജന്മനാ ലഭിക്കുന്നവയിൽ ഒന്നും കൂടിയാണത്. മികവുറ്റൊരു രക്ഷാകർതൃത്വത്തിലൂടെ പകർന്ന് കിട്ടിയ ഉൾബോധത്തിന്റെതുമാവാം. നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയെടുത്ത ചില സത്യങ്ങളുടെയും യാഥാർഥ്യങ്ങളുടെയും പിൻബലമാവാം അതല്ലെങ്കിൽ തിരിച്ചറിവ് വന്നതിനാലാവാം ഇപ്പറഞ്ഞവരിലൊന്നും മാനസിക ആഘാതങ്ങൾക്ക് അത്രത്തോളം ആഴത്തിൽ പരിക്കേൽപ്പിക്കാൻ സാധിക്കില്ല.

ഇവയൊക്കെ മനുഷ്യന്റെ വ്യക്തിത്വത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന കാര്യത്തിൽ ശരിയായ പഠനങ്ങളും ചർച്ചകളും നടക്കാറുണ്ട്. മനസിനേൽക്കുന്ന ആഘാതങ്ങൾ പലപ്പോഴും ഒരോ വ്യക്തിയെയും പല അർത്ഥത്തിലാണ് ബാധിക്കുന്നത്. ചിലപ്പോൾ അവന്റെ അല്ലെങ്കിൽ അവളുടെ അന്ത്യത്തിലേയ്ക്ക് വരെ അത് കൊണ്ടുചെന്നെത്തിക്കാം. ആത്മഹത്യ ഒരു പരിഹാരമല്ലെങ്കിൽ കൂടി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടാൻ ചിലർ മരണത്തിൽ അഭയം തേടുന്നു. ഒരാൾക്ക് നേരിടുന്ന ശാരീരിക പീഡനം, ക്രൂരത, അവഹേളനം പരിഹാസം, പുച്ഛം, അവഗണന ഇവയെല്ലാം പോസിറ്റീവ് ആയൊരു റിസൾട്ടും ആജീവനാന്തം വിടാതെ പിന്തുടർന്ന്, ഓരോ നിമിഷവും വേട്ടയാടിക്കൊണ്ട് പ്രാണനെ ഞെരിച്ച്കൊല്ലുന്ന തരം വേദനകളിൽ നിന്നും മാനസിക പീഡകളിൽ നിന്നും പ്രക്ഷുബ്ധതയിൽ നിന്നും രക്ഷപ്പെടാൻ ഒരു കച്ചിത്തുരുമ്പും കിട്ടാതെ ജീവിതം കൈകളിൽ നിന്ന് ഊർന്നുപോകുന്ന തരം മാനസിക പിരിമുറുക്കത്തിൽ ജീവിക്കേണ്ടി വരുന്നത് ഒരാളുടെ ഏറ്റവും വലിയ ദയനീയതയും നിസ്സഹായതയുമാണ്. ഇപ്പറയുന്ന മുറിവുകളെല്ലാം ശരീരത്തിനായിരുന്നെങ്കിൽ തീവ്രപരിചരണ യൂണിറ്റിൽ അഥവ ഐ.സി യുവിൽ കിടത്തി പരിചരിക്കപ്പെടേണ്ടവരാവും ഇവരിൽ പലരും. ശാരീരിക വൈകല്യങ്ങൾ പോലെ ചില മാനസിക വൈകല്യങ്ങളോടെയും പിറക്കുന്ന മനുഷ്യർ നമുക്കിടയിലുണ്ട്. ജനിതക വൈകല്യങ്ങൾ മൂലം ഉണ്ടാവുന്നവയാവാം അവ. പ്രസവത്തിൽ വരുന്ന അപാകതകളോ, പൂർണ്ണവികാസം പ്രാപിക്കാത്ത ബ്രെയിനിന്റെ അവസ്ഥയോ, അതല്ലെങ്കിൽ ആകസ്മികമായി ജീവിതത്തിൽ ഉണ്ടാവുന്ന ഭീകരവും ഭീതദായകമായ അനുഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതമായ ഷോക്കിൽ നിന്ന് മനസ്സ് വിമുക്തമാവാത്ത കാരണമാവാം അവയിൽ ചിലത് ഗുരുതരവും എന്നാൽ മറ്റുചിലത് ചികിത്സയിലൂടെയോ വീട്ടിൽ ലഭിക്കുന്ന പരിഗണന, ശ്രദ്ധ, സ്നേഹം പരിചരണം കൊണ്ടൊക്കെ അനുതാപപൂർവ്വമുള്ള സമീപനത്തോടെ ലഘൂകരിച്ചെടുക്കാൻ സാധിക്കുന്നതെ ഉള്ളൂ.

ഏതെങ്കിലും തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യം നേരിടുന്നവരോ അലട്ടുന്നവരൊക്കെയാവും നമുക്ക് ചുറ്റിലും അധിവസിക്കുന്ന മനുഷ്യരിൽ പലരും. അതേപോലെ മാനസികാസ്വാസ്ഥ്യങ്ങൾ അലട്ടുന്നവരും കുറവാവില്ല. സ്വാഭാവദൂഷ്യമെന്നും ദുസ്വഭാവി, ഗുണവുമില്ലാത്തവൻ എന്ന ഗണത്തിൽ പെടുത്തുന്നവരെയും ഒന്നിനും കൊള്ളത്തവനെന്ന് മുദ്രകുത്തുന്നവരെയും സൂക്ഷ്മ പരീക്ഷണത്തിന് വിധേയമാക്കിയാൽ ചിലരിലൊക്കെ ഓരോ വിധത്തിലുള്ള മെന്റൽ ഡിസോർഡേർസും കണ്ടെത്താന് സാധിച്ചെക്കാം. സൈക്യാട്രി ട്രീറ്റ്‌മെന്റ് അല്ലെങ്കിൽ കേവലം ഒരു കൗണ്സിലിംഗിലൂടെ തന്നെ ഭേദമാകാവുന്നവ. മനുഷ്യസഹജമായ മാനസിക ക്രമക്കേടുകളും ചില രോഗലക്ഷണങ്ങളും പലരിലും പരോക്ഷമായോ പ്രത്യക്ഷമായോ കണ്ടേക്കാം. മാനസികാരോഗ്യത്തിന് ഇവിടുത്തെ കുടുംബാന്തരീക്ഷവും സമൂഹവും സർക്കാരും അത്ര തന്നെ പ്രാധാന്യം നൽകുന്നില്ല എന്നത് വളരെ ഖേദകരവും നിരാശാജനകവുമാണ്. വ്യക്തിപരമായി നാമോരോരുത്തരും എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതും വലിയൊരു ചോദ്യമായി അവശേഷിക്കുന്നു. വ്യക്തിത്വത്തിൽ കാണുന്ന അപാകത അല്ലെങ്കിൽ ക്രമക്കേട് അഥവ
Personality disorders or mental disorders എന്തൊക്കെയാണ് ഇതിനെക്കുറിച്ചൊക്കെ കുറഞ്ഞ അറിവെങ്കിലും ഉണ്ടായിരിക്കുന്നത് ഗുണം ചെയ്യുമെന്നിരിക്കെ ഓരോരുത്തരും അതിന് ശ്രമിക്കേണ്ടതാണ്.

ആരോഗ്യകരവും, ഫലപ്രദവും സ്വീകാര്യവും സുദൃഢവുമായ വ്യക്തിത്വത്തിന് മാനസിക സംതുലിതവസ്ഥ കൈവരിക്കുമ്പോഴേ ഉണ്ടാവുന്നുള്ളൂ. മാനസികാരോഗ്യം നിലനിർത്തുന്നതിന് ഏറ്റവും അവിഭാജ്യമായ ഘടകങ്ങൾ ഏതെന്നും അറിഞ്ഞിരിക്കണം. അന്തരീകമായ ഒരു ബോധം സദാ ജീവിതത്തിൽ ഉണ്ടാവേണ്ടത് മർമ്മപ്രധാനമായ കാര്യമാണ്. താരതമ്യേന കുറഞ്ഞ അല്ലെങ്കിൽ ആർജ്ജിച്ചെടുക്കാതെ പോയ മനഃസ്ഥൈര്യവും കൂടാതെ മനോവീര്യത്തിന്റെ ദൗർബല്യം അല്ലെങ്കിൽ ബലക്ഷയം മൂലം മനുഷ്യന്റെ മനോനില തകരാറിലാവുന്നത് ഏത് നിമിഷത്തിലാണെന്ന കാര്യം പ്രവചനാതീതമാണ്. തുലനാത്മകമായ പഠനത്തിൽ അവരെപ്പോലുള്ളവർക്ക് ശരിയായ നിലനിൽപ്പിന് ബാഹ്യമായ സപ്പോർട്ടിന്റെ ആവശ്യകത പൊതുവെ കൂടുതൽ ആയിരിയ്ക്കുമെന്ന് കാണാം. എന്നാൽ ഇതൊക്കെ ആപേക്ഷികമാണ് എന്നറിയണം. ഓരോരോ വ്യക്തികളെ എടുത്ത് നോക്കിയാലും വൈകാരിക പിന്തുണയ്ക്ക് പരാശ്രയം തേടുന്നതിന്റെ തോതിൽ വലിയ അന്തരം തന്നെ കാണാൻ സാധിയ്ക്കും. അമിതോത്കണ്ഠയിൽ ജീവിക്കുന്നതാണ് മറ്റൊരു പ്രശ്നം. ചിലരുടെ പ്രകൃതം അങ്ങനെയാണ്. ഭയചകിതരായി, സംഭ്രാന്തമായ ഒരു മാനസികാവസ്ഥയിൽ ആവുമ്പോൾ ഇതൊക്കെ തിരിച്ചറിഞ്ഞ് കൂടെ നിൽക്കാനും അഭയവും സുരക്ഷിതത്വവും നൽകാൻ പലരും നിസ്സംഗത കാണിക്കാറുണ്ട്. പല സാഹചര്യങ്ങളിലും ഇത്തരം വ്യക്തികൾക്ക് അതിജീവനം ദുഷ്ക്കരവും ജീവിതം തിക്തസാന്ദ്രവുമായി തീരാറുണ്ട്.

താനെന്ന ഒരാൾക്ക് മറ്റൊരു ബാഹ്യശക്തിയുടെ താങ്ങോ ആശ്രയമോ ഇല്ലാതെ എല്ലാത്തിൽ നിന്നും മോചിതനാകാൻ സാധിച്ചു എന്നതിനർത്ഥം എല്ലാവർക്കും അതേ വേഗതയിൽ ഒരു വീണ്ടെടുപ്പ് സാധ്യമാവുമെന്നോ തിരിച്ചുപിടിക്കൽ പ്രായോഗികമാക്കിയെടുക്കാൻ സാധിക്കുമെന്നോ അല്ല എന്നും മനസ്സിലാക്കിയെ തീരൂ. പുറമെ കാണുന്ന ശാന്തതയോ, പ്രശാന്തതയോ, അക്ഷോഭ്യതയോ ആവില്ല അകമേ മനുഷ്യർ. പ്രത്യക്ഷത്തിലും പെരുമാറ്റത്തിലും കരുത്തുറ്റ മനസ്സിനുടമ എന്ന് തോന്നിക്കുന്ന ആൾ തന്നെ ചില സാഹചര്യങ്ങളിൽ തന്നിലെ വികരപ്രക്ഷോഭങ്ങൾക്ക് വല്ലാതെ വിധേയപ്പെടുന്നതിന്റെയും ചില ഘട്ടങ്ങളിലെങ്കിലും അയാളിലെ അനിയന്ത്രിതമായ മനസിന്റെയും സൂചകമാണ് എന്നാൽ ദുർബലനെന്നു തോന്നിപ്പിച്ച ആൾ അവിചാരിത ഘട്ടങ്ങളിൽ നിർഭയം എന്തിനെയും നേരിടുന്നതും കണ്ടുവരുന്നുണ്ട്. ദുഷ്ചിന്തകൾക്കും ദുരാഗ്രഹങ്ങൾക്കും ഒരു നേരത്തെ ക്ഷണിക വികാരങ്ങളെ ശമിപ്പിക്കുന്നതിന്റെയും വ്യഗ്രതയിൽ അനിയന്ത്രിതമാക്കപ്പെടുന്ന മനസ്സുകൾ, അടക്കും ചിട്ടയും അച്ചടക്കവും കൈവന്നിട്ടില്ലാത്ത ചിന്തകൾ കാരണം ജീവിതം മൊത്തത്തിൽ കുട്ടിച്ചോറാക്കുന്ന ചിലരുണ്ട്. അതിനാൽ ദുരിതപൂർണ്ണവും ദുസ്സഹവുമാക്കപ്പെട്ട ജീവിതത്തിന് സ്വയം ഉത്തരവാദിയാവാതെ ആത്മബോധത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കലാണ് ഏറ്റവും മുഖ്യം.

Related Articles