Current Date

Search
Close this search box.
Search
Close this search box.

തിരിച്ചറിവിൽ നിന്നുണ്ടാകുന്ന സ്നേഹവും ഐക്യവും

ആത്മാവബോധം (self awareness) കൈവന്ന ഒരാളിൽ മറ്റുള്ളവരിൽ നിന്നും അയാളെ വ്യത്യസ്തനാക്കുന്ന ഒട്ടേറെ മേന്മകളും ഗുണങ്ങളും പ്രത്യേകതകളും കണ്ടെത്താൻ സാധിക്കും. ഉദാഹരണത്തിന് ആത്മബോധത്തിൽ നിന്നുകൊണ്ട് അവനവന്റെ തന്നെ വ്യക്തിത്വത്തെ അംഗീകരിക്കാനുള്ള കഴിവ് നേടിയെടുത്ത ഒരു വ്യക്തി സ്വാഭാവികമായും അപരന്റെ വ്യക്തിത്വത്തെയും അംഗീകരിക്കാനും ഉൾക്കൊള്ളാനും തയാറാവുന്നതിന്റെ പിന്നിലെ സാംഗത്യം എന്താവാം? ആ വ്യക്തിയെ അതിലേക്ക് എത്തിച്ച ഘടകം എന്തായിരിക്കും? പ്രഥമ ദൃഷ്ടിയിൽ അത്തരം ഒരു വ്യക്തിയെ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത് എങ്ങനെ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ, ഒന്നാമതായി നിരീക്ഷിച്ചാൽ ഇതുപോലെയുള്ള വ്യക്തികളുടെ ചിന്തകളിലും പ്രവൃത്തികളിലും അവർ സ്വയം തന്നെ സ്വാധീനം ചെലുത്തുന്നതായി കാണാം. എന്തിലും ഏതിലും സ്വതസിദ്ധമായ ഒരു ശൈലി അവർ പിന്തുടരുന്നത് വളരെ ശ്രദ്ധേയവുമായി തോന്നാം. എങ്കിൽ അവരിൽ കാണുന്ന മറ്റുള്ളവരെ ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള സവിശേഷത വർക്ക് ഔട്ട് ആവുന്നത് ഇനി പറയുന്ന രണ്ട് രീതിയിലാവും.

വ്യക്തിത്വബോധം ഇതുവരെ ഉണരാത്ത ഒരു മനുഷ്യനാണ് അരികിൽ നിൽക്കുന്നതെങ്കിൽ അയാളുമായി ഇടപഴകുന്ന നിമിഷങ്ങളിൽ മേൽപ്പറഞ്ഞ പോലെയുള്ള വ്യക്തി തന്നിലെ ഭൂതകാലം ദർശിക്കാൻ തുടങ്ങും. അത്തരമൊരു തിരിച്ചറിവോടെ മാത്രമെ അയാളോട് പെരുമാറാൻ ശ്രമിക്കുള്ളൂ. അതേസമയം തിരിച്ചറിവ് വന്ന ഒരു മനുഷ്യനെ കണ്ടുമുട്ടിയാൽ തന്നെപ്പോലെ ഏറെ നാളത്തെ പ്രയത്നത്തിന് ശേഷം അയാൾ ആർജ്ജിച്ചെടുത്തതിന്റെ മൂല്യം അംഗീകരിക്കുന്ന കാര്യത്തിലും ഒട്ടും വിമുഖത കാണിക്കില്ല. ഈ രണ്ട് പ്രത്യേകതകളും ആ വ്യക്തിയുടെ പെരുമാറ്റത്തിലും സംസാരത്തിലും എപ്പോഴും പ്രതിഫലിക്കും. ആദ്യത്തെ സന്ദർഭത്തിൽ അറിവും ബോധവും കൈവന്ന താൻ മറ്റെയാളെ മനസ്സിലാക്കലാണ് കരണീയവും തന്നിലെ മഹത്വവുമെന്ന് അറിഞ്ഞു പെരുമാറുമ്പോൾ രണ്ടാമത് പറഞ്ഞ ആളുമായി ചിന്തകൾകൊണ്ടും എല്ലാംകൊണ്ടും തനിയ്ക്കൊത്ത ഒരാളെന്ന നിലയ്ക്ക് പക്വതാപരമായ ഒരു ബന്ധം നിലനിർത്താനുള്ള ശ്രമം എപ്പോഴും ആ വ്യക്തിയിൽ നിന്ന് ഉണ്ടാവുന്നു.

ഇവ രണ്ടും വ്യക്തിബന്ധങ്ങൾ നിലനിർത്താൻ ഏതൊരാളെയും പതിവിലേറെ സഹായിക്കും എന്നതിൽ സംശയമൊന്നും ഇല്ലല്ലോ. അത് ഒരാളുടെ മനസ്സിന് ഏറ്റവും വലിയ സംതൃപ്‌തിയും ആനന്ദവും പകരുമെന്നത് കൂടാതെ മനുഷ്യർ തിരിച്ചും അയാൾക്ക് അംഗീകാരവും ആദരവും നൽകാൻ തയാറാവുന്ന സാഹചര്യം ഉരുത്തിരിയുന്നു. ശാന്തത പകരുന്ന ചിന്തകൾക്കൊപ്പം ചാരിതാർത്ഥ്യത്തോടെ ജീവിക്കാൻ അതോടെ അയാൾക്ക് സാധിക്കുന്നു. ഏതൊരു ദുർഘടഘട്ടത്തിലും ഒന്ന് ആവശ്യപ്പെടുക പോലും ചെയ്യാതെ അവരുടെ അവസ്ഥയെ കണ്ടറിഞ്ഞു കൂടെ നിൽക്കാൻ ആൾക്കാർ സന്നദ്ധത കാണിക്കുന്നു. ഇതിൽപ്പരം ഒരു നേട്ടം ഒരു മനുഷ്യന് വന്നു ചേരാനുണ്ടോ. ചുറ്റിനുമുള്ള ആളുകൾ തിരിച്ചറിവോടെ പെരുമാറണം എന്ന വാശിയൊന്നും മനുഷ്യർക്ക് പറ്റില്ല. എന്നാൽ മേൽപ്പറഞ്ഞ പോലെയുള്ള ഒരു വ്യക്തിയ്ക്ക് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് നിസ്സംശയം പറയാം. ആർക്കും വലിയൊരു ഇൻസ്പിറേഷൻ ആ വ്യക്തിയിൽ നിന്നും ലഭിക്കും. മറ്റൊരാളിലെ അജ്ഞതയെ, വിവരക്കേടിനെ തിരിച്ചറിയുമ്പോൾ കുറ്റപ്പെടുത്തലല്ല നല്ലൊരു വ്യക്തി ചെയ്‌യുന്നത്. തിരുത്താൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം അയാളെ സ്വാധീനിക്കണം തന്നിലെ എളിമയും വിനയവും സ്നേഹവുംകൊണ്ടാവണം അത്.

അപരനെ ഇകഴ്ത്തികാണിക്കാതെ തന്നെ അയാളുമായി എന്തും ഉള്ളം തുറന്ന് സംവദിക്കാൻ ഒരു വ്യക്തിയ്ക്ക് കഴിയുന്നെങ്കിൽ ഒരു ഉത്തമ വ്യക്തിത്വത്തിന് ഉടമയാണ് അയാൾ എന്ന് പറയാതെ വയ്യ. വ്യക്തിബന്ധങ്ങളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന മനുഷ്യരാണ് ലോകത്ത് ഏറ്റവും സമാധാനവും ശാന്തതയും അറിഞ്ഞ് ജീവിക്കുന്നതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഒരിക്കലും പ്രീണിപ്പിച്ച് നിർത്തലോ മറ്റുള്ളവരുടെ ആഗ്രഹത്തിനൊത്ത് മാത്രം ജീവിക്കലോ അല്ല, മറിച്ച് തിരിച്ചറിവോടെ ബന്ധങ്ങളുടെ മൂല്യമറിഞ്ഞു അർഹിക്കുന്ന സ്ഥാനവും പരിഗണനയും സ്നേഹവും കരുതലും ആദരവും നൽകലാണെന്ന സത്യം ഓരോരുത്തരും പ്രത്യേകം ഉൾകൊള്ളാൻ തയാറാവേണ്ടറുണ്ട്.

ആത്മബോധം അഥവ വ്യക്തിത്വബോധമെന്നാൽ തന്നിലെ ദൗർബല്യങ്ങളെപ്പോലും തിരിച്ചറിഞ്ഞ്, അനിവാര്യമായ പരിവർത്തനങ്ങൾക്ക് വിധേയമായി, തിരിച്ചറിവിന്റെയും ഉൾബോധത്തിന്റെയും നവവീര്യത്തോടെ എന്നും ജീവിക്കാൻ കഴിയുന്ന, ഒരു മനുഷ്യനെ ഔന്നിത്യത്തിലേക്ക് ഉയർത്തുന്ന ഒന്നാണ് എന്നതിന് ഉദാഹരണങ്ങൾ നമുക്ക് ചുറ്റിനും ഇല്ലാതില്ല. മുന്നിൽ നിൽക്കുന്ന ഒരു മനുഷ്യനെ തന്നെപ്പോലെ തന്നെ ഒരു മനുഷ്യനായി കാണാനും അതേ പരിഗണന, അതേ പ്രാധാന്യം അയാൾ അർഹിക്കുന്നെന്ന തിരിച്ചറിവിൽ തുല്യതാ മനോഭാവം പുലർത്തുകയും മാന്യതയും മര്യാദയും പാലിച്ച് പെറ്റുമാറുകയും ചെയ്യുമ്പോൾ അതുപോലെയുള്ള മഹനീയമായ ചിന്തകളും വീക്ഷണവും കാഴ്ചപ്പാടുകളും ഒരാളിലെ വ്യക്തിത്വത്തെ ഉന്നതവും ഉത്കൃഷ്ടവുമാക്കുന്നു. അറിഞ്ഞുകൊണ്ട് തന്നിൽ ആത്മാവബോധം നിലനിർത്താൻ മറന്നാൽ അറിയാതെ തിന്മകളുടെ വാഹകരായി മാറും നാം ഓരോ മനുഷ്യരും. അതിനാൽ സ്വന്തം മനസ്സിലേക്ക് നോക്കുക, അവനവനിലേക്ക് ദൃഷ്ടി തിരിക്കുക എന്നത് ഏറെ അനിവാര്യമായ ഒന്നാണ്. മനുഷ്യത്വവിരുദ്ധമായ ചിന്തകൾക്കും ദുഷ്പ്രവൃത്തികൾക്കും ജീവിതത്തിൽ സ്ഥാനം നൽകാതിരിക്കൽ ഓരോ വ്യക്തിയിലും അധിഷ്ഠിതമായ ഉത്തരവാദിത്വമാണ്.

മനുഷ്യർ സംഘം ചേർന്ന് ജീവിക്കുന്നതിലുപരിയായി ഒറ്റയ്ക്ക് അല്ലെങ്കിൽ വേറിട്ട് നിന്ന് ജീവിതത്തെയും സ്വന്തം അനുഭവങ്ങളെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്തിനെയും നോക്കിക്കാണുമ്പോൾ അവരിൽ രൂപപ്പെട്ടുവരുന്ന സ്വന്തമായ വീക്ഷണവും സമീപനവുമാണ് ബോദ്ധ്യവുമാണ് വ്യക്തിത്വരൂപീകരണത്തിന് അടിസ്ഥാനമായി മാറുന്നത്. കളിമണ്ണുകൊണ്ട് എങ്ങനെ ഒരു രൂപത്തെ അല്ലെങ്കിൽ structureനെ മോൾഡ് ചെയ്തെടുക്കുന്നു അതുപോലെ മനസ്സിനെ പ്രകൃതി തന്നെ ഷെയ്പ്പ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. ഓരോ വ്യക്തിയിലും അത്തരമൊരു പ്രക്രിയ അബോധപൂർവ്വം സംഭവിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും അത് ഒന്നുകിൽ ഫലപ്രദമായ രീതിയിലേക്ക് എത്തുന്നില്ല, അതല്ലെങ്കിൽ വേണ്ടത്ര വ്യക്തതയോ, കൃത്യതയോ, സുതാര്യതയോ, പക്വതയോ ഒന്നും കൈവന്ന് ചേരുന്നില്ല. മോൾഡിങ്ങിന്റെ ആദ്യഘട്ടത്തിൽ ആരെങ്കിലും, അതായത് രക്ഷിതാക്കൾ എങ്കിലും നല്ലൊരു വഴികാട്ടിയായി കൂടെ വേണം. സ്വന്തമായ അറിവും ചിന്തകളും അനുഭവങ്ങളുംകൊണ്ട് ഉൾക്കാഴ്ച്ച വർദ്ധിപ്പിച്ച് വിശാല കാഴ്ചപ്പാടോടെ വ്യക്തിത്വത്തിന് മാറ്റേകാൻ അത് സഹായിക്കും. സങ്കുചിതമായ ചിന്തകളാൽ തന്നിൽ തന്നെ ബന്ധിതരായിപ്പോകുന്ന നിസ്സഹായത മനുഷ്യന് പിന്നീട് ഒരു ശാപമായി മാറുന്നുണ്ട്. അതിനാൽ അറിവും അനുഭവവും മാത്രം പോര അവയെല്ലാം ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനവും ഗുണകരമാകണമെങ്കിൽ മനോഭാവം അതിനൊത്തതാവണം.

മനുഷ്യർക്കിടയിൽ കണ്ടുവരുന്ന പലതരം കൊള്ളരുതായ്മകൾക്കും മാനവിക വിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ പ്രവൃത്തികൾക്കും ഒരാൾ സാക്ഷ്യം വഹിക്കേണ്ടി വരുന്നതും അവയെല്ലാം കടുത്ത ജീവിതാനുഭവങ്ങളായി നേരിൽ വരുമ്പോഴും അത് അവരുടെ തന്നെ വ്യക്തിത്വത്തെയും സൈക്കോളജിയെയും പലവിധത്തിലും സ്വാധീനിക്കുന്നുണ്ട്. മനുഷ്യരുടെ ജീവിതത്തിലേയ്ക്ക് കടന്നുകയറ്റം നടത്തുന്ന സാമൂഹിക വിരുദ്ധരായ, മനുഷ്യ മനസ്സുകളെ കൈയ്യടക്കി വെച്ച് തങ്ങളുടെ അധീനതയിലാക്കി നിർത്തി ഭരിക്കുന്ന ഛിദ്രശക്തികൾക്ക് മുന്നിൽ അമിത വിധേയത്വം കാണിച്ചാൽ നാം ഓരോരുത്തർക്കും നഷ്ടപ്പെടുന്നത് വിലപ്പെട്ട സ്വന്തം അസ്തിത്വം തന്നെയാണ്. അതിനാൽ പ്രതിരോധമെന്നത് ശക്തമായ ഒരു വ്യക്തിത്വത്തിൽ അലിഞ്ഞു ചേരേണ്ട ഒന്നാണ്. ആരോ പറയുന്നതിനെ തൊണ്ട തൊടാതെ വിഴുങ്ങുന്നത് ശീലമാക്കാതെ എല്ലാത്തിനെയും സ്വയം വിലയിരുത്തിയും മനസ്സിലാക്കിയും പഠിച്ച ശേഷം ശരിയെന്ന് തോന്നുന്നതിനെ മാത്രം സ്വീകരിക്കലാണ് ഉചിതം. മാനവിക വിരുദ്ധമായ ഒന്നിനെ തിരസ്ക്കരിക്കുന്നത് ഒരു തെറ്റല്ല. സാമൂഹിക ധ്രുവീകരണത്തിന് കൂട്ടുനിൽക്കുന്ന നയങ്ങൾ, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവയ്ക്കെതിരെ ശബ്ദമുയർത്താനും പ്രതിരോധിച്ച് നിൽക്കാനുമുള്ള ധൈര്യം പലപ്പോഴും കൈവരുന്നത് വ്യക്തിത്വബോധം വന്നു ചേരുമ്പോഴാണ്.

ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും കുലത്തിന്റെയും പേരിൽ മറ്റുള്ള മനുഷ്യരോട് വിവേചനവും പക്ഷഭേദവും കാണിക്കുന്നത് എത്ര വലിയ പാപമാണ്. തൽപ്പരകക്ഷികളായ ചിലർ ഗൂഢമായ പല ഉദ്ദേശങ്ങളും മനസ്സിൽ വെച്ച് ജനമനസ്സുകളെ അവരിലെ കുടില ചിന്തകളും വക്രബുദ്ധിയും ഉപയോഗിച്ച് അടിമകളാക്കി നിർത്തുന്നത് കാണാം. ഇതിനോടൊക്കെ യോജിക്കാൻ യുക്തിയും വിവേകവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിയ്ക്ക് അല്ലെങ്കിൽ പൗരന് സാധ്യമോ? ഇപ്പറഞ്ഞതൊക്കെ നല്ലൊരു മനുഷ്യന് അല്ലെങ്കിൽ വ്യക്തിയ്ക്ക് ചേർന്നതാണോ?
മനുഷ്യൻ അല്ലെങ്കിൽ ഒരു വ്യക്തി എന്ന നിലയിൽ മനുഷ്യരിൽ ഉണ്ടാവേണ്ട ഗുണങ്ങളെ അഥവ ക്വാളിറ്റിയെ നശൂലമാക്കി തരുന്ന ഇത്തരം സാമൂഹിക വിരുദ്ധരുടെ സംഘടിത വാഴ്ചയ്ക്ക് ഇരയായിപ്പോകുമ്പോൾ നഷ്ടം അവനവന് തന്നെയല്ലേ?. തന്റെ അസ്തിത്വം തനിയ്ക്ക് കൈമോശം വരികയാണ് എന്നതല്ലേ യാഥാർത്ഥ്യം? തന്നെപ്പോലെ ഈ ഭൂമിയിലേക്ക് പിറന്ന് വീണ തന്റെ സഹജീവിയായ മറ്റൊരു മനുഷ്യനെ അവൻ ചെയ്യാത്ത ഒരു പാപത്തിന് അപരാധിയാക്കാനും ക്രൂശിക്കാനും വെറുക്കാനും താൻ തയാറാവുന്നെങ്കിൽ താൻ എന്തൊരു മനുഷ്യനാണ് എന്നൊന്ന് ചിന്തിച്ചാൽ മതിയല്ലോ. മാത്രമല്ല അവൻ നിരപരാധിയാണ്, അവനെ വെറുക്കാനായ് ഒരു കാരണവും തന്റെ പക്കൽ ഇല്ല, പക്ഷെ ആത്മബോധം കൈവരാത്ത തന്റെ ബ്രെയിനിനെ മറ്റാരോ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ് എന്ന ഒരൊറ്റ ചിന്ത മാത്രം മതി.

മനുഷ്യന്റെ നിലനിൽപ്പും അതിജീവനവും സ്നേഹത്തിലും ഐക്യത്തിലും തന്നെയാണ്. കൈയിൽ ആയുധമേന്തി ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്ന അവസ്ഥയൊക്കെ സമൂഹത്തിൽ ഭീതി സൃഷ്ടിക്കും. രാഷ്ട്രീയ വൈരം തീർക്കാനും കൂടാതെ വംശീയതയുടെയും മറ്റും പേരിൽ ഭിന്നിപ്പും അക്രമവും നടക്കുമ്പോൾ അരക്ഷിതാവസ്ഥ മനുഷ്യജീവിതത്തിന്റെ സമാധാനവും ശാന്തിയും കെടുത്തിക്കളയും.
മതവികാരം ഉണർത്തി മനുഷ്യ മനസ്സിലേക്ക് മാനവിക വിരുദ്ധത കടത്തിവിടുമ്പോൾ സംഭവിക്കുന്നത് ഇതാണ്. ഒരു നേതാവിനെ അല്ലെങ്കിൽ പുരോഹിതനെ സമൂഹം കണ്ണടച്ചു വിശ്വസിച്ചു കഴിഞ്ഞാൽ പിന്നെ അവർ പറയുന്നതെന്തും അതേപടി വിശ്വസിക്കുന്നതാണ് മനുഷ്യർക്ക് പറ്റുന്ന തെറ്റ്. ഒരു ജനതയെ എളുപ്പം കൈയിലെടുക്കാൻ അതല്ലെങ്കിൽ അവർക്ക് ഇത്ര വേഗം സാധിക്കില്ലല്ലോ. മാസ്സ് ഹിപ്നോട്ടിസം എന്ന് ഒരുപക്ഷേ കേട്ടിട്ടുണ്ടാവുമല്ലോ എന്നാൽ അത് ഇപ്പറഞ്ഞത് തന്നെയാണ്. കേൾക്കുന്നതിന് ഒരു മറുചോദ്യം പോലുമില്ലാതെ ഒരാൾ പറയുന്നതെന്തും ആ സമൂഹം ഏറ്റുപറയുന്നു അല്ലെങ്കിൽ അംഗീകരിക്കുന്നു. യുക്തിയ്ക്കും ബുദ്ധിയ്ക്കും വിവേകത്തിനും അവിടെ സ്ഥാനമില്ലാതെയാവുന്നു.

ഓരോ മനുഷ്യന്റെയും ജന്മവകാശമാണ് ഈ ഭൂമുഖത്ത് ഒരിടവും അതിനകത്ത് അതിജീവനത്തിന് ലഭ്യമായതെന്തും. മനുഷ്യർ ജനിച്ച് വളർന്ന് ജീവിച്ചു മരിച്ചുപോകുന്നത് വരെ ആർക്കും ആത് തടയാൻ അധികാരമില്ല. എന്നാൽ ഒരു പ്രത്യേക വിഭാഗം ഇപ്പറഞ്ഞതിനെയൊക്കെ കൈയ്യടക്കി വയ്ക്കാൻ ശ്രമിക്കുന്നതൊക്കെ മാനവിക വിരുദ്ധമാണ്. എന്നാൽ നീതിയും ന്യായവും ഉത്തരവാദിത്വവും അറിഞ്ഞു പ്രവൃത്തിക്കുന്ന ധാർമ്മികനായ ഒരു വ്യക്തിയിൽ നിന്ന് ഇത്തരം മനുഷ്യദ്രോഹി ഒരിക്കലും രൂപംകൊള്ളില്ല, അവന് ഒരിക്കലും അങ്ങനെ ആവാൻ കഴിയില്ല. മറ്റൊരാളെ സ്നേഹിക്കുന്നതിന് മതമോ ജാതിയോ ദേശമോ ഭാഷയോ ഒരാൾക്കും തടസ്സമാകരുത്. വിശ്വമാനവികത എന്ന ചിന്തയിലേക്ക് ഉയരാൻ ഒരു യഥാർത്ഥ വിശ്വാസിയ്ക്ക് തടസ്സങ്ങൾ ഉണ്ടാകരുത്. സർവ്വതും താൻ വിശ്വസിക്കുന്ന ദൈവത്തിന്റെ സൃഷ്ടികളാണെന്ന് വിശ്വസിക്കുന്നവർ പരസ്പരം വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് ലോകത്തിന്റെ സമാധാനം കളയരുത്. ആത്മീയതയ്ക്കും അതിന്റെ പരിശുദ്ധിയ്ക്കും അപവാദമാണ് അത്തരക്കാർ.

തിരിച്ചറിവ് ഇല്ലാതെയും സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത വിധവും ഔചിത്യബോധത്തിന്റെ അഭാവത്തോടെയും പെരുമാറുന്ന മനുഷ്യർക്ക് തന്നെയോർത്ത് അഭിമാനം കൊള്ളാവുന്ന നല്ലൊരു വ്യക്തിത്വമില്ല എന്നാണർത്ഥം. സെൽഫ് റെസ്പെക്ട് അല്ലെങ്കിൽ ആത്മാഭിമാനബോധത്തിന്റെ അനിവാര്യത ബോദ്ധ്യപെടുമ്പോഴാണ് ഔചിത്യബോധം കൈവരുന്നത്. ആരെയും ഇകഴ്ത്താനും പരിഹസിക്കാനും വില കുറച്ച് കാണാനും കഴിയാത്ത ഒരാളെ നിരീക്ഷിക്കുമ്പോൾ അത് വ്യക്തമാവും. മാറ്റൊരാളെ ഇകഴ്ത്തിയും തരം താഴ്ത്തിയും സംസാരിക്കുമ്പോൾ സ്വയം തരം താഴുകയും മറ്റൊരാളുടെ മുന്നിൽ അവനവന്റെ നിലവാരം അതായത് dignityയ്ക്ക് കോട്ടം വരുത്തുകയും ചെയ്യുകയാണ്. മാനാഭിമാനത്തെക്കുറിച്ച് ബോധമുള്ള ഒരു വ്യക്തി സ്വയം അധഃപതിക്കാനോ, ആരുടെയും മുന്നിൽ തരം താഴാനോ ശ്രമിക്കില്ല.

ഏതൊരു മനുഷ്യനെയും മനുഷ്യരായിക്കാണാൻ കുട്ടികൾക്ക് വളരെ ചെറുപ്പത്തിലേ തന്നെ പറഞ്ഞും മനസ്സിലാക്കിയും കൊടുക്കേണ്ടതുണ്ട്. വീടകങ്ങളിൽ തന്നെ ഉച്ചനീചത്വങ്ങളും പക്ഷപാതവും കണ്ടുവളരുന്ന ഒരു കുട്ടിയാണെങ്കിൽ പുറംലോകത്ത് അതല്ലാതെ മറ്റൊന്ന് അവൻ/അവൾ പ്രകടിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ? സാമൂഹിക ഇടപെടലുകളിലൂടെ നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് എപ്പോഴും ആരോഗ്യമുള്ള ചിന്തകൾക്കും മനസ്സിനും ഉടമകളാണ്. മക്കൾക്ക് ഇതുപോലെ personal and interpersonal relationship അതായത് വ്യക്തി/ വ്യക്തിയേതര ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ വീടകങ്ങളിൽ തന്നെ പരിശീലനം ലഭ്യമാകണം. അച്ഛനമ്മമാരും സഹോദരങ്ങളും മറ്റ്‌ ബന്ധുക്കളും അയൽവാസികളുമായൊക്കെയുള്ള പക്വവും മൂല്യബോധത്തോടെയുമുള്ള ഇടപെടലുകളിലൂടെയും ആത്മബോധം നൽകിയും അനുദിനം അത് മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കും.

Related Articles