Current Date

Search
Close this search box.
Search
Close this search box.

ജീവിതവിജയവും ജന്മസാഫല്യവും

ജീവിതം ഒരു മത്സരമാണോ? അല്ലായെങ്കിൽ ഒരാളുടെ ജീവിതത്തെ വിലയിരുത്തുമ്പോൾ വിജയവും പരാജയവും അതിനുള്ള മാനദണ്ഡമായി മാറുന്നത് എന്തുകൊണ്ട്? ജീവിതവിജയം എന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നത് എന്താണ്? ഇത്തരം ചോദ്യങ്ങൾക്ക് പല മറുപടികളും നിർവ്വചനവും ലഭിക്കുന്നത് ഒരുപക്ഷേ അത് തികച്ചും ആപേക്ഷികമായ ഒന്നായതിനാലാവാം.

ജീവിതം വിജയികൾക്കുള്ളതാണ് പരാജയപ്പെടുന്നവർക്ക് നല്ലൊരു സന്തോഷകരമായ ജീവിതമേ ഇല്ല ഇത്തരമൊരു വിശ്വാസമാണ് പലരുടെയും മനസ്സിലുള്ളത്. “ജീവിത വിജയത്തിന്” എന്ന ശീർഷകത്തിൽ നാമകരണം ചെയ്യപ്പെട്ട പുസ്തകങ്ങൾ മാർക്കറ്റിലെമ്പാടും സുലഭമായിക്കിട്ടും. കണക്കില്ലാതെ യൂട്യൂബ് വീഡിയോകളും കൂടാതെ ഇന്നത്തെ ട്രെൻഡ് അനുസരിച്ച് മുക്കിലും മൂലയിലുമായ് അടിയ്ക്കടി നടക്കുന്ന ഒട്ടുമിക്ക ട്രെയിനിങ് ക്ലാസ്സുകളിലെയും മുഖ്യവിഷയം ഇതുതന്നെ.

എന്നാൽ സമ്പത്തുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണോ വിജയം? ഏതാണ്ട് ബഹുഭൂരിപക്ഷം ആളുകളും മനസ്സിൽ വരച്ചിട്ട ഒരു ചിത്രമുണ്ട്. എല്ലാ സൗഭാഗ്യങ്ങളോടെയുമുള്ള ആനന്ദദായകമായ ഒരു ജീവിതം അതായത് സർവ്വ സുഖസൗകര്യങ്ങൾക്കുമൊത്ത ഉയർന്ന വരുമാനവും അത്യാവശ്യത്തിലധികം ധനവും സമ്പാദിച്ച് കൂട്ടിവെച്ചിട്ടുണ്ടെങ്കിൽ അയാൾ വിജയം വരിച്ചവനെന്നാണ്. എന്നിട്ട് അസൂയയോടെ ദൂരെ നിന്നും അയാളെ നോക്കിക്കാണുകയും ആത്മഗതം പറയുകയും ചെയ്യും.

പാവപ്പെട്ടവർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്തത്ര ആഡംബരതയിൽ മുങ്ങിക്കുളിച്ച് ജീവിക്കുമ്പോഴും എന്തൊക്കെയോ നഷ്ടബോധങ്ങളും വ്യാകുലതകളും വ്യഥകളും വിട്ടകലാത്ത ജീവികളായി പ്രസരിപ്പും ഉത്സാഹവും നഷ്ടപ്പെട്ട് ജീവിക്കുന്നു, അതെന്താവാം കാരണം? ഒരുപക്ഷേ മനുഷ്യനിലെ തേട്ടങ്ങളും സുഖാന്വേഷണങ്ങളും ബാഹ്യലോകത്ത് നിന്നും വിട്ട് അവനവനിലൂടെ കണ്ടെത്തുമ്പോഴേ പൂർണ്ണ സംതൃപ്തിയടയാൻ സാധിക്കൂ എന്നുള്ള പരമമായൊരു യാഥാർത്ഥ്യം ബാക്കി നിൽക്കുന്നതുകൊണ്ടാവാം. സന്തോഷം, സമാധാനം, സംതൃപ്തി എല്ലാം അവനവനിൽ തന്നെയാണ്. അതുകൊണ്ട് ആത്മബോധത്തിൽ ജീവിക്കുന്നവരെ ഒരു പരിധിയ്ക്കപ്പുറം ഇത്തരം വ്യർത്ഥമായ ചിന്തകളും ആകുലതകളും പൊതുവെ അലട്ടാനിടയില്ല. അല്ലെങ്കിലും തിരിച്ചറിവ് വന്നുകഴിഞ്ഞാൽ വ്യക്തമായ ബോധം വന്നല്ലോ.
.
വ്യക്തിഗതമായ ചിന്തകളിലൂടെ തന്നിൽ അന്തർലീനമായ കഴിവുകളെ തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അനുദിനം വളർച്ച പ്രാപിക്കുകയും സ്വയം നിർമ്മിച്ച ഒരു പാതയിലൂടെ നൈരന്തര്യമായുള്ള പലവിധ മനോയജ്ഞങ്ങളോടൊപ്പം തെല്ലും ഉലയാത്ത നിശ്ചയദാർഢ്യവും ആത്മാവിശ്വാസത്തോടൊപ്പവുമുള്ള ചുവടുവെപ്പിലൂടെ വിജയപർവ്വം കീഴടക്കിയവരിൽ താഴെ കൊടുത്തിരിക്കുന്ന പോലെ പൊതുവായി കണ്ടെത്താൻ സാധിക്കുന്ന അപൂർവ്വം ചില സവിശേഷതകളുണ്ട്.

1) മൂല്യാധിഷ്ഠിതമായ ഒരു ചിന്താഘടനയും പെരുമാറ്റരീതികളും തന്നിൽ രൂപപ്പെടുത്തി എടുത്തവരായിരിക്കും അവർ. അവനവനിലെ സദ്ഗുണങ്ങൾക്കും മൂല്യങ്ങൾക്കും നിദാനമായിട്ടായിരിക്കും അത് വർത്തിക്കുന്നത്.

2) മുഖംമൂടിയില്ലാതെ തുറന്ന മനസ്സോടെ സ്വതസിദ്ധമായ ശൈലിയിൽ സംഭാഷണത്തിൽ മുഴുകുന്ന വ്യക്തിയായിരിക്കും. സ്വന്തം മനസ്സ് എന്താണോ പറയാനും പ്രവൃത്തിക്കാനും ആഗ്രഹിക്കുന്നത് അതാണ് ചെയ്യുന്നത്. അതിനാൽ സംസാരത്തിലും വാക്കുകളിലും സത്യസന്ധത പ്രതീക്ഷിക്കാം.

3) വ്യക്തിപരമായ ഉയർച്ചയിലൂടെ വിജയിയാവാൻ ആഗ്രഹിക്കുന്ന ഒരാളാവും. കാലത്തിനൊപ്പം അവനവനെ അപ്‌ഡേറ്റ് ചെയ്തെടുക്കുകയും ഒപ്പം സ്വന്തമായി ഡെവലപ്‌ ചെയ്തെടുത്ത ദീർഘവീക്ഷണം, മൂല്യങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി സദാ തയാറെടുപ്പുകൾ നടത്തും.

4) തന്റെ ഉന്നമനത്തിനും സാമൂഹിക ജീവിയെന്ന ബോദ്ധ്യത്തിലും സ്വന്തം മനസ്സിനെ കഠിനമായി പരിശീലിപ്പിച്ച് പരുവപ്പെടുത്തിയെടുക്കും. അവനവനോട് സ്വല്പം കണിശതയും പരുക്കൻ സമീപനവും കാണിച്ച് മെരുക്കിയെടുക്കുന്നത് വിജയികളുടെ ലക്ഷണമാണ്.

5) സ്വന്തം കഴിവുകളെ അനുദിനം മെച്ചപ്പെടുത്തിയെടുക്കാൻ കഠിനമായി യത്നിക്കുകയും എന്നുമെപ്പോഴും അത്യുത്സാഹിയായി കാണപ്പെടുകയും ചെയ്യും. ഉദ്ദിഷ്ട വിജയം നേടിയ ശേഷം അത് നിലനിർത്തുന്നതും ജീവിതത്തിൽ വ്യക്തിഗതമായ വളർച്ചയ്ക്കും പഠനത്തിനും സമയം കണ്ടെത്തുന്നതും ഗുണപ്രദം തന്നെ.

6) മാനസിക പിരിമുറുക്കങ്ങളെയും സമ്മർദ്ദങ്ങളെയും അതീവം സാമർത്ഥ്യത്തോടെ കൈകാര്യം ചെയ്യാൻ ഇവർക്ക് പ്രത്യേക കഴിവായിരിക്കും. മറ്റുള്ളവരെ ആഴത്തിൽ സ്വാധീനിക്കുന്ന ഹൃദയഹാരിയായ ഒരു കഥാപാത്രം, പോസിറ്റീവ് മനോഭാവം നിറഞ്ഞ വ്യക്തിപ്രഭാവമായിരിക്കും ആ വ്യക്തിയെ അപരനിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

7) ഏത് ദുർഘട ഘട്ടത്തിലും അവനവനിൽ ഗാഢമായ വിശ്വാസം നിലനിർത്തും. ആരെയും കണക്കിലേറെ ആശ്രയിക്കാതെ സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറുന്നത് കാണുമ്പോൾ അവരുടെ ഇച്ഛാശക്തിയെ ആരും ഒരു നിമിഷം നമിച്ച് പോകും.

8) അവനവനെ തന്നെ വെല്ലുവിളിക്കുന്നത് ഇവർക്കൊരു വിനോദമാണ്. തന്നെക്കൊണ്ട് സാധിക്കില്ല, ഇത് നടക്കില്ല എന്നൊരു വാക്ക് അവരിൽ നിന്ന് ഉണ്ടാവാനിടയില്ല. ഇന്നാലെയേക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ടൊരു വ്യക്തിയായിരിക്കും ഇന്നയാൾ. ന്യൂതനമായ ഏത് ആശയങ്ങളെയും ചിന്തകളെയും പ്രായോഗികവത്ക്കരിക്കാൻ തക്ക ഊർജ്ജവും ആത്മവിശ്വാസവും അയാളിൽ കാണപ്പെടും.

9) ആത്മവിശകലനത്തിലൂടെ, ശാസനകളിലൂടെ വ്യക്തിപരമായ അടക്കവും അച്ചടക്കവും ഒപ്പം ആത്മനിയന്ത്രണവും നേടിയെടുത്ത ആളായിരിക്കും. തുറന്ന സംവാദവും ആശയവിനിമയവും നടത്തുമ്പോൾ സമചിത്തതയോടെ ശ്രവിച്ചിരിക്കുകയും ക്ഷമയോടെ ആരെയും കേൾക്കാനും മനസ്സുണ്ടാകും.

10) മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റുന്ന വ്യക്തിത്വമായിരിക്കും. ആളുകളെ കൂട്ടമായി ഏകോപിപ്പിച്ചു നിർത്തുന്നതിലെ നൈപുണ്യവും എടുത്തുപറയത്തക്ക വൈദഗ്ദ്ധ്യവും സംഘാടക ശേഷിയുമുള്ള ആളായിരിക്കും. എന്തിനും തനതായ പദ്ധതിശാസ്ത്രവും സ്ട്രാറ്റജിയും ഉണ്ടാവും.

11) എത്ര അസൗകര്യങ്ങൾ സൃഷ്ടിക്കുന്ന പരിതസ്ഥിതിയിലും ആരോചകമായി തോന്നുന്ന ആളുകൾക്കിടയിലും പ്രതികൂല സാഹചര്യങ്ങളിലും സ്വന്തമായൊരു കംഫർട്ട് കണ്ടെത്തുന്നത് അവരുടെ ശീലവും മികവുമാണ്.

12) താൻ വളരുമ്പോൾ തന്നോടൊപ്പം മറ്റുള്ളവർക്കും വളരാൻ സാഹചര്യമൊരുക്കുന്ന അവരിലെ മനോഭാവം പ്രശംസാർഹമാണ്. അപരനെ സ്വാധീനിക്കാൻ അവർക്ക് കഴിയുന്നത് അവരുടെ കഴിവുകളെ ആശ്ലേഷിച്ചും അഭിനന്ദിച്ചും ഊർജ്ജം പകർന്നും ശക്തമായ പിന്തുണയോടെ കൂടെനിന്നും പ്രോത്സാഹനം നൽകുന്ന പോസിറ്റീവ് വ്യക്തിത്വമായതിനാലാണ്.

13) മനസ്സിനെ ഉയർന്ന തലത്തിൽ നിർത്തികൊണ്ട് വ്യക്തിത്വത്തിന്റെ മഹത്വം കളയാതെ, ഔചിത്യബോധം വെടിയാതെ മര്യാദയ്ക്കും മാന്യതയ്ക്കുമൊപ്പം ഏത് ഘട്ടത്തിലും സ്വന്തം അന്തസ്സ് കൈമോശം വരാതെ ബോധത്തോടെ ജീവിക്കാൻ പഠിച്ചവരാണ് ഈ വിജയികൾ. അപരനും അതേ അന്തസ്സും ഡിഗ്നിറ്റിയും നൽകി ആദരപൂർവ്വം പെരുമാറുമ്പോൾ ഔന്നത്യത്തിന്റെ പരമോന്നതമായ ലെവലിലേയ്ക്ക് അവർ ഉയർത്തപ്പെടുകയാണ്.

നമുക്ക് ഉയരാം നമ്മിലൂടെ, നമുക്ക് നേടാം നമ്മിലൂടെ. വിജയവും പരാജയവും നാം ഓരോരുത്തരും നിശ്ചയിക്കുന്നതാണ്. കണക്കില്ലാത്ത ധനവും സമ്പത്തും ഉണ്ടായിട്ട് കാര്യമില്ല. കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഇഷ്ടങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളും സഫലീകരിച്ചെടുത്ത് ജീവിതസാഫല്യം നേടുന്നതിലും സംതൃപ്തിയുണ്ട്. നിറഞ്ഞമനസ്സോടെ ഉള്ളതിൽ തൃപ്തിയടഞ്ഞ് സകലരോടും കൂറ് പുലർത്തി ജീവിക്കാൻ സാധിക്കുന്നതും വലിയൊരു വിജയം തന്നെയാണ്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles