Current Date

Search
Close this search box.
Search
Close this search box.

ജീവിതപാഠങ്ങളും വ്യക്തിപരമായ വളർച്ചയും

ഓരോ വ്യക്തിയും ഓരോ പ്രതിഭാസമാണ്. സമ്പൂർണ്ണമായ ഒരു നിർവ്വചനമോ, പ്രവചനമോ സാധ്യമല്ലാത്ത എന്നാൽ അത്തരമൊരു പരിശ്രമത്തിന് മുതിർന്നാലും അവയൊക്കെ അശേഷം അസംഭവ്യമെന്ന് മനസ്സിലാക്കിത്തരുന്ന ഒരു പ്രതിഭാസം. ഒരോ വ്യക്തികളും അവരുടെ ജീവിതത്തിൽ നേരിടുന്ന ദുരവസ്ഥകൾ, വൈഷമ്യതകൾ, കഠിനവ്യഥകൾ, കഷ്ടപ്പാടുകൾ, ദുരന്തങ്ങൾ, ദുരിതാനുഭവങ്ങൾ എന്നിവയുടെയൊക്കെ തീഷ്ണതയിലും അവയുടെ കാഠിന്യതയുടെ തോതിലും അളവിലും വലിയ അന്തരം കാണുമെങ്കിലും പരീക്ഷണങ്ങളും ദുഖങ്ങളും മനക്ലേശങ്ങളും ഒട്ടുമറിയാതെ അതിൽ നിന്നൊക്കെ പൂർണ്ണ മോചിതരായി ജീവിക്കുന്ന ഒരൊറ്റ ജീവിതവും ഈ ഭൂമുഖത്ത് കണ്ടെത്താനാവില്ല. അകലെ നിന്ന് നോക്കിക്കാണുന്നത് ഒന്നുമായിരിക്കില്ല അനുഭവത്തിൽ ഒരാളുടെ ജീവിതം എന്നതാണ് ആരും ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത വസ്തുത. ഒരു മനുഷ്യൻ പ്രത്യക്ഷത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അല്ലെങ്കിൽ പരീക്ഷണങ്ങളെ ഒരുപക്ഷേ ആർക്കും കണ്മുന്നിൽ വീക്ഷിക്കാവുന്നതെങ്കിലും അതിന്റെ നീറ്റലും അലട്ടലും അതുണ്ടാക്കുന്ന ഭീതിയും വിഭ്രാന്തിയും ആഴത്തിലേക്ക് ചെന്ന് ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. കാണാൻ കണ്ണുള്ള വേദനകൾ അറിയാനൊരു മനസ്സുള്ള മനുഷ്യർക്ക് ഒരുപക്ഷേ കരുണാർദ്രമായ ഹൃദയംകൊണ്ടും അനുതാപം നിറഞ്ഞ ചിന്തകൾക്കൊണ്ടും കൃത്യമായി ആ വേദന അനുഭവിച്ചറിയാനും പകുത്തെടുക്കാനും സാധിച്ചേക്കും. എന്നുവെച്ചാൽ ഓരോ പരീക്ഷണങ്ങളെയും അതിജീവിക്കുമ്പോൾ ആന്തരീകമായി നേരിടുന്ന, അയാൾ കടന്ന് പോകുന്ന മനപ്രയാസങ്ങളെ അത് അയാളിൽ ഉണ്ടാക്കുന്ന മാനസിക ആഘാതത്തെ ആർക്കും പ്രവൃത്തിയിൽ നിന്നോ സംസാരത്തിൽ നിന്നോ മാത്രമായി തിട്ടപ്പെടുത്തിയെടുക്കാൻ സാധ്യമല്ല എന്ന് സാരം.

ജീവിതത്തെ പൂർണ്ണമായും അന്ധകാരത്തിലേയ്ക്കും അനിശ്ചിതത്വത്തിലേയ്ക്കും തളച്ചിടാൻ കഴിവുള്ള പ്രശ്നങ്ങളും പ്രയാസങ്ങളും ഉള്ളിൽ ഭീതി പടർത്തുമ്പോൾ, ഭീമാകാരമായ രൂപം പൂണ്ട് മുന്നിൽ നിൽക്കുമ്പോൾ, സംഘർഷങ്ങളുടെ കൊടുങ്കാറ്റ് ജീവിതത്തിലെ സൗഭാഗ്യങ്ങളും സർവ്വതും തകർത്ത് തരിപ്പണമാക്കി സംഹാര താണ്ഡവമാടുമ്പോൾ പകച്ചുപോകാത്തവർ മനുഷ്യരിൽ അപൂർവ്വമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ നേരിടുന്ന കനത്ത നോവിലും സ്വയം കൈവിട്ടുപോയേക്കാവുന്ന അനിയന്ത്രിതമായ വികാരത്തള്ളിച്ചയിലും ദുരനുഭവങ്ങളാൽ പൊള്ളിച്ചെടുക്കുന്ന തീക്കനലിലും പൊറുതികേടിലും കിടന്ന് മനുഷ്യർ ഗത്യന്തരമില്ലാതെ വരുമ്പോൾ പലപ്പോഴും ആരും കൂട്ടിന് ഉണ്ടാവാറില്ല. ഈ സമയത്ത് അവിചാരിതമായി പലരുടെയും ഉൾക്കണ്ണ് തുറക്കപ്പെടാറുണ്ട്. ചിലരൊക്കെ അപരനെയും അവന്റെ പ്രശ്നങ്ങളെയും കൂടി മനസ്സിലാക്കാനുള്ള കഴിവ് ആർജ്ജിച്ചെടുക്കുന്നത് അങ്ങനെയാണ്. ആഴത്തിൽ ചിന്തിക്കാനും പരിഹാരം കാണാനും തന്നിലെ സത്തയിലെയ്ക്ക് ഇറങ്ങി ചിന്തിക്കാനും അവസരം ഒരുങ്ങുകയാണ്. താൻ എന്തൊക്കെയാണ് എന്നാൽ താൻ എന്തൊക്കെയല്ല എന്ന ബോദ്ധ്യവും ഉള്ളിൽ ഉറഞ്ഞു കൂടിയ അഹന്തയ്ക്കും അപ്പോൾ അല്പം ശമനം വരും. ഇത്തരം ഘട്ടങ്ങളിൽ വിവേകപൂർവ്വം ചിന്തിക്കുന്നവർ കണക്കില്ലാത്ത പാഠങ്ങളും അറിവുകളും തിരിച്ചറിവുകളും സ്വായത്തമാക്കുന്നുണ്ട്. പലപ്പോഴും നിവൃത്തികേടായി തോന്നാം പക്ഷെ മനുഷ്യന്റെ ഭാവിജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തുവാൻ ദുരനുഭവങ്ങൾക്ക് സാധിക്കുന്ന പോലെ ഒന്നിനും സാധിക്കില്ല. സുഹൃത്തോ അച്ഛനോ അമ്മയോ ജീവിതപങ്കാളിയോ ആവട്ടെ അവർ നമ്മുടെ നന്മ ആഗ്രഹിച്ച്, ഗുണകാംഷയോടെ നല്ലത് ചൊല്ലിത്തരുമ്പോൾ പോലും മുഖത്ത് ഈർഷ്യയും അവജ്ഞയും പ്രകടിപ്പിക്കുന്ന നാം അനുഭവങ്ങൾ മുന്നിൽ വരുമ്പോൾ ഇനി രക്ഷയില്ല എന്ന സത്യം തിരിച്ചറിയുന്നു. പിടിവാശി ഒന്നിനും ഒരു പ്രതിവിധിയല്ല, മാറാൻ സ്വയം തയാറായെ തീരൂ സത്യത്തെ അംഗീകരിക്കലാണ് ഒരു വിവേകിയുടെ ലക്ഷണം.

ഇത്തരത്തിൽ ഓരോ വ്യക്തികളും ജനനം മുതൽ തന്റെ അന്ത്യം വരെ ശൈശവത്തിൽ നിന്ന് എഴുന്നേറ്റ് പിച്ചവെച്ച് നടക്കാൻ തുടങ്ങിയ കുഞ്ഞ് യൗവനത്തിന്റെ നിറവിലൂടെ വാർദ്ധക്യത്തിന്റെ അസ്തമയ മുനമ്പിലേയ്ക്ക് എത്തി മൃത്യുവിലേയ്ക്ക് ചായും വരെ ജീവിതത്തിന്റെ ഓരോ ഘട്ടം ഘട്ടങ്ങളിലായി കടന്ന് പോകുന്ന പ്രവചനാതീതവും അതേസമയം അതിസങ്കീർണ്ണവുംമായ മനപ്രയാസങ്ങളുടെയും വൈകാരിക സംഘർഷങ്ങളുടെയും ആഴവും കാഠിന്യവുമറിയാൻ മറ്റൊരാൾക്ക് എത്രകണ്ട് സാധിച്ചാൽ പോലും സൂക്ഷ്മതയോടെയോ കൃത്യതയോടെയോ അത്രയും സ്പഷ്ടമായി അളന്നെടുക്കാൻ കഴിയില്ല, മാത്രമല്ല അത് ആപേക്ഷികമാണ്. വ്യക്തിയിൽ നിന്നും വ്യക്തിയിലേയ്ക്ക് ചെല്ലുമ്പോൾ ഒരേ സംഭവം തന്നെ പലരിലും സൃഷ്ടിക്കുന്ന ആഘാതം തുല്യയളവിൽ ആവില്ല. ഓരോ മനുഷ്യന്റെയും ചിന്താഗതി, ഉൾക്കൊള്ളാനുള്ള ശക്തി, ഉൾപ്രേരണ ജീവിതത്തിൽ ഓരോന്നിനോടുമുള്ള സമീപനം തികച്ചും വ്യത്യസ്തമായിരിക്കും. അതിനനുസരിച്ച് വ്യക്തിത്വവും വ്യതിരിക്തമായിരിക്കും. അതുകൊണ്ടാണ് ഒരുമിച്ചു കഴിയുമ്പോൾ ഓരോ അഭിപ്രായ ഭിന്നതകളും കലഹവും തെറ്റിദ്ധാരണകളും ഉടലെടുക്കുന്നത്.

വ്യക്തികളെയും സാഹചര്യങ്ങളെയും ഉൾകൊള്ളാനും വേണം ഒരു മനസ്സ്. താൻ കരുതുന്ന പോലെ അല്ലെങ്കിൽ ചിന്തിക്കുന്ന പോലെ അപരനും ചിന്തിക്കണമെന്നത് ബാലിശമായ ചിന്തയാണ്. പക്വമായ ഒരു വ്യക്തിത്വത്തിന്റെ അടയാളമല്ല അവയൊന്നും. ചിലരെ നിരീക്ഷിച്ചാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരുവപ്പെടാനും ഏത്ര ദുരന്തപൂർണ്ണവും പ്രശ്നഭരിതവുമായ ഘട്ടങ്ങളോടും അധികം കാലതാമസമെടുക്കാതെ തന്നെ താദാത്മ്യം പ്രാപിക്കാനും പൊരുത്തപ്പെടാനും കഴിയുന്ന മനസ്സായിരിക്കും. അവർ പിന്തുടരുന്ന സ്ട്രാറ്റജി, ജീവിതത്തോടുള്ള സമീപനം, കാഴ്ചപ്പാടുകൾ, അവരുടെ അനുഭവകഥകൾ ഇതെല്ലാം കേട്ട് മനസ്സിലാക്കി, അവരെ മാതൃകയായി കണ്ടുകൊണ്ട് താൻ നേരിടുന്ന സമസ്യകൾക്കും പരിഹാരം കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. അതിനുള്ള കൈമിടുക്കും കഴിവും പതിയെ വികസിപ്പിച്ചെടുക്കാൻ ഇടയ്ക്കിടെയുള്ള ആത്മപരിശോധനയും ആത്മവിമർശനവും ഉപകരിയ്ക്കും. അതിലൂടെ വരുത്താൻ തയ്യാറാവുന്ന കുഞ്ഞുമാറ്റങ്ങൾ പോലും വലിയ പ്രത്യാശ പകരും.

എന്നും നരകിച്ച് ജീവിക്കുന്ന ഹതഭാഗ്യരായ ചില ജന്മങ്ങളുമുണ്ട് നമുക്ക് മുന്നിൽ. ആവർ ജനിച്ചുവീഴുന്നത് തന്നെ ദുരന്തങ്ങളുടെ പടുകുഴിയിലേയ്ക്കാവും. ആജീവനാന്തം ജീവിതത്തോട് പൊരുതി തളർന്ന് കഴിയാൻ മാത്രം വിധിക്കപ്പെട്ടവർ. അവരുടെ കാഴ്ചയിൽ ഇവിടെക്കാണുന്ന നാം അടങ്ങുന്ന ഇടത്തരക്കാരായവർ അഥവ മദ്ധ്യവർഗ്ഗക്കാരായ ഒരു വലിയ വിഭാഗം ആളുകളുണ്ട് അവർ പോലും ഭാഗ്യം ചെയ്തവരാണ്, സാമാന്യം തെറ്റില്ലാത്ത ജീവിതം നയിക്കുന്നവരാണ്. പക്ഷെ അത് നമുക്കും കൂടെ സ്വയം തോന്നാത്തിടത്തോളം എല്ലാം നിഷ്ഫലമാണ് താനും. ചിലർക്ക് സ്വർഗ്ഗലോകം പണിത് നൽകിയാലും അസംതൃപ്തി കാണിക്കും അത് അവരുടെ അടിസ്ഥാന സ്വഭാവത്തിൽ അലിഞ്ഞുചേർന്നതായിരിയ്ക്കും. അതേസമയം നമ്മിൽ പലർക്കും തനിയ്ക്ക് കിട്ടിയ പ്രിവിലേജിനെക്കുറിച്ചും സുഖസൗകര്യങ്ങളെക്കുറിച്ചും അനുഗ്രഹങ്ങളെക്കുറിച്ചുമൊന്നും അത്രയ്ക്ക് ബോധമോ കൃതജ്ഞതയോ ഉള്ളവരല്ല എന്നത് നിരാശ പകരുന്നു.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, ജീവിതവൃത്തിയ്ക്ക് വകയില്ലാതെ, ഒടുങ്ങാത്ത കഷ്ടപ്പാടിൽ നിസ്സഹായതയുടെ നടുവിൽ അത്യന്തം ദുരിതപൂർണ്ണമായ ജീവിതം നായിക്കുന്നവരെക്കുറിച്ചൊന്നും സംസാരിച്ചാൽ നമുക്ക് ഒരുപക്ഷേ അത്രത്തോളം മനസ്സിലായിക്കൊള്ളണമെന്നില്ല. അനുഭവങ്ങൾ മുന്നിൽ വരുമ്പോഴേ പലരും അറിയുന്നുള്ളൂ. അല്ലാത്തപക്ഷം സഹാനുഭൂതിയും സഹാജവബോധവുമുള്ള വ്യക്തിയ്ക്കെ അതിന്റെയൊക്കെ വൈഷമ്യത മനസ്സിലാവൂ. സ്വന്തം ജീവിതത്തിന് ദൃഢതയും ബലവും കെട്ടുറപ്പും ഉണ്ടാവണമെങ്കിൽ മനസ്സിന്റെ പ്രതിരോധവും ചെറുത്ത് നിൽപ്പും ശക്തമാക്കണം. പ്രശ്നങ്ങളോട് മാനസികപരമായി സമരസപ്പെടാനും പ്രതിരോധിച്ച് നിന്ന് മറികടക്കാനും ശക്തി നേടിയെടുക്കണം.

ജീവിതവിജയത്തിനും ഏവർക്കും ഗുണകരമായൊരു ജീവിതം നയിക്കുന്നതിനും യാഥാർത്ഥ്യബോധത്തിലും വ്യക്തിത്വബോധത്തിലും നിന്നുകൊണ്ട് സമർത്ഥമായി ജീവിതത്തെ നേരിടാൻ വ്യക്തിയിൽ ഉണ്ടാവേണ്ട കഴിവുകൾ എന്തൊക്കെയെന്ന് UNESCO (United Nations Educational , Scientific and Cultural Organization) യുടെയും WHO (World Health Organization)യുടെയും പഠനത്തിലൂടെ ലിസ്റ്റ് ചെയ്യപ്പെട്ട പ്രകാരം 10 ഗുണങ്ങൾ അല്ലെങ്കിൽ കഴിവുകളാണ് ഒരു വ്യക്തിത്വത്തിന് അനിവാര്യമായി വരുന്നത്. ഇവയെ Life Skills അല്ലെങ്കിൽ ജീവിത കഴിവുകൾ എന്നാണ് വിളിക്കുന്നത്.

1. പ്രശ്നം പരിഹരിക്കുന്നതിലുള്ള സാമാർത്ഥ്യം. എപ്പോഴും പ്രശ്നങ്ങളെക്കുറിച്ചല്ല ചിന്തിക്കേണ്ടത് പരിഹാരമാർഗ്ഗത്തെക്കുറിച്ചാണ്. പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ആത്മധൈര്യത്തെ നിർവ്വീര്യമാക്കിക്കളയാൻ ഇടയാക്കും. വളരെ കുഞ്ഞിലെ മക്കൾ പരിശീലിച്ച് തുടങ്ങേണ്ട ഒന്നാണ് ഇത്. അവരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കൂടെ നിന്ന് സഹായിക്കുന്നതും അവരുമായി വിഷയത്തെ ചർച്ച ചെയ്യുന്നതൊക്കെ നല്ല ഫലം ചെയ്യും.

2. വിമർശനാത്മക ചിന്ത. ഏത് കാര്യത്തെയും പരിശോധനയ്ക്ക് വെച്ച്, മനസ്സിലിട്ട് ഹരിച്ചും കൂട്ടിയും കിഴിച്ചും അതിന്റെ ഗൗരവം ഒട്ടും കുറയാതെ പഠിച്ചും വിശകലനം ചെയ്തും എടുത്തെ മതിയാകൂ. വിമർശനനബുദ്ധിയോടെയും വകതിരിവോടെയും ചിന്തിപ്പിക്കുന്ന രീതിയാണ് ക്രിട്ടിക്കൽ തിങ്കിങ്. ഇത്തരത്തിൽ ശീലിച്ചവർക്ക് എന്തിനെക്കുറിച്ചും വ്യക്തമായ ധാരണകൾ ഉണ്ടാവും തീരുമാനങ്ങൾ തത്സമയം തന്നെ എടുക്കാനും സാധിക്കുന്നു.

3. ഫലപ്രദമായ ആശയവിനിമയ ശേഷി. മനസ്സിൽ ഉദ്ദേശിച്ച ആശയങ്ങളെയും തന്നിലെ വികാരങ്ങളെയും തന്റെ സംസാരം ശ്രവിക്കുന്ന ആളിലേയ്ക്ക് അനായാസം കൈമാറ്റം ചെയ്യാനുള്ള കഴിവ് ആണിത്. അപ്പോൾ വ്യക്തിത്വത്തിൽ നിന്ന് നിഗൂഢത പതിയെ മായുകയും സുതാര്യത കൈവരികയും ചെയ്യും. അവ്യക്തത കുറഞ്ഞു വരും.

4. ഏത് ഘട്ടത്തിലും തീരുമാനം എടുക്കാനുള്ള അല്ലെങ്കിൽ എന്തിനും ഒരു തീരുമാനം ഉണ്ടാക്കാനുള്ള കഴിവ്. നിർണ്ണായക ഘട്ടങ്ങളിൽ പകച്ച് നിൽക്കാതെ, പ്രയോഗിക ചിന്തകളെ കൂട്ടുപിടിച്ച് ശരിയായ തീരുമാനമെടുത്ത് പ്രവൃത്തിയ്ക്കാൻ സാധിക്കുന്നത് ഏറ്റവും വലിയൊരു കഴിവാണ്.

5. ക്രിയാത്മകമായ ചിന്തകൾ. തന്റെയും മറ്റുള്ളവരുടെയും അഭിവൃദ്ധിയ്ക്കും വളർച്ചയ്ക്കും സഹായിക്കുന്ന തരം ചിന്തകൾ. കഴിവുകളെ ഫലപ്രദമായി വിനിയോഗിക്കാൻ ബന്ധങ്ങളെ മനോഹരമാക്കിഎടുക്കാൻ തക്ക ചിന്തകൾ.

6. ആത്മബോധവത്കരണത്തിന് ഉതകുന്ന ചിന്തകൾ. അറിവ് നേടലും അതേപോലെ എല്ലാത്തിനെക്കുറിച്ചും ഉള്ളിലൊരു ബോധം ഉണ്ടാക്കിയെടുക്കാൻ പര്യാപ്തമാക്കുന്ന ചിന്തകൾ വളർത്തിയെടുക്കലും ആവശ്യമാണ്.

7. വ്യക്തിയേതര ബന്ധങ്ങൾ. ബാഹ്യലോകത്ത് വ്യക്തികളുമായും സാമൂഹികപരമായും ഇടപഴകാനുള്ള കഴിവ്, ഒരു വ്യക്തിയെന്ന നിലയിൽ അത്തരം ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനുള്ള കാര്യപ്രാപ്തി.

8. അനുകമ്പ അഥവാ സഹാനുഭൂതിയുളവരാവൽ. അപരന്റെ പ്രയാസങ്ങളും പ്രശ്‌നങ്ങളെയും മാനസികാവസ്ഥയും തന്റേതെന്ന പോലെ കണ്ട് അനുതാപം പ്രകടിപ്പിക്കാനും മനുഷ്യരെയും അവരുടെ വൈകാരികതയെയും അറിഞ്ഞു പെരുമാറാൻ സാധിക്കൽ.

9. വൈകാരികത അനിയന്ത്രിതമായിപ്പോകാതെ സ്വന്തം നിയന്ത്രണത്തിൽ അടക്കി നിർത്താനും സ്വന്തം വരുതിയിലാക്കി നിർത്താനുമുള്ള പ്രാപ്തി. വലിയൊരു കടമ്പയാണ് ഇത് എന്നാൽ അസാധ്യമല്ല താനും. വളരെ കുഞ്ഞിലെ പരിശീലിച്ചാൽ പ്രയാസമില്ലാതെ നടപ്പിലാക്കാം.

10. മനഃസംഘർഷങ്ങളെ നേരിടാൻ അല്ലെങ്കിൽ ചെറുത്ത് നിൽക്കാനുള്ള ശേഷി. പ്രശ്നങ്ങൾക്ക് മുന്നിൽ പതറാതെ, തളരാതെ
നിശ്ചയദാർഢ്യത്തോടെ അവയെ സധൈര്യം നേരിടാനും ചെറുത്ത് തോൽപ്പിച്ച് മുന്നേറാനുമുള്ള ശക്തി ഇത് കാലക്രമേണ മനുഷ്യൻ ആർജ്ജിച്ചെടുക്കുന്നതാണ്.

പ്രശ്നങ്ങളെ പക്വമായ മനസ്സോടെ സമീപിക്കാനും കോപ് അപ്പ് ചെയ്യാനും ഏത് ഘട്ടങ്ങളിലും ജീവിതത്തെ നേരിടാനും തക്ക കാര്യപ്രാപ്തിയ്ക്കും വ്യക്തിത്വത്തെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനും ഒരു വ്യക്തിയിൽ നിർബ്ബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് ഇവയൊക്കെ. സ്വന്തം സന്തതികളിലും അവനവനിലും മേൽ ഉദ്ധരിച്ച കാര്യങ്ങളിൽ നേടിയെടുത്ത യോഗ്യതയും ഇത്തരം കാര്യങ്ങളിലുള്ള നൈപുണ്യവും പാടവവും എത്രത്തോളമെന്ന് ഒരു കൊച്ചു പഠനം നടത്താം. പ്രായവും കാലവും അതിക്രമിക്കുമ്പോൾ അനുഭവങ്ങളുടെ വെളിച്ചത്തിൽ ജീവിതത്തിൽ തങ്ങൾക്ക് പറ്റിയ അമളിയും നേരിട്ട പന്തികേടുകളും തിരിച്ചറിഞ്ഞ് മക്കൾക്ക് നല്ലൊരു സഹയാത്രികരെപ്പോലെ ആവാം. മുന്നോട്ടുള്ള വഴികളിൽ വെളിച്ചം പാകാൻ അച്ഛനമ്മമാരുടെ മൊഴിമുത്തുകളും അവർ പകർന്ന് തന്ന പാഠങ്ങളും മക്കൾക്ക് എന്നുമെന്നും കൂട്ടിനായ് ഉണ്ടാവട്ടെ.

Related Articles