Personality

അറിവും വ്യക്തിത്വ വികാസവും

വ്യക്തിത്വരൂപീകരണത്തിൽ അറിവിനുള്ള സ്ഥാനവും പങ്കും പ്രാധാന്യവും വളരെയധികം വലുതാണ്. പാഠശാലകളിലെ പുസ്തകത്താളുകളിലോ, അവയിൽ കാണുന്ന കുഞ്ഞു കുഞ്ഞു അദ്ധ്യായങ്ങളിൽ നിന്ന് നേടാവുന്നവയോ അല്ലെങ്കിൽ നേടുന്നവയോ മാത്രമല്ല അറിവ്. ഒരു കുഞ്ഞ് ജനിച്ച് വീണത് മുതൽ ചുറ്റുപാടുകളെയും വസ്തുക്കളെയും ആളുകെയും തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി ആ കുഞ്ഞിൽ ജന്യമാവുന്ന കൗതുകം(curiosity) അന്വേഷണം(enquiry/quest) ജാഗ്രത(attention) നിരീക്ഷണം (observation) ഇവയെല്ലാം മുമ്പോട്ടുള്ള ജീവിതത്തിന് മാർഗ്ഗദർശനം നൽകാൻ അനിവാര്യമായ അറിവിന്റെ ശേഖരണാർത്ഥം കുഞ്ഞിന്റെയുള്ളിൽ പ്രകൃതി തന്നെ ഇൻപുട്ടായി നിക്ഷേപിച്ചവയാണ്. മനുഷ്യൻ മരിക്കും വരെ ഈ പറയുന്ന പ്രോസസ്സ് നടന്നുകൊണ്ടിരിക്കുമെങ്കിലും പ്രായം കൂടുന്നതിനനുസരിച്ച് പലരിലും അതിന്റെ തീവ്രതയിൽ കാര്യമായ വ്യതിയാനം സംഭവിക്കുന്നു. പകരം ചിന്തകളുടെ അഗാധതയിലേയ്ക്ക് മനസ്സിനെ കുടിയിരുത്തുന്നു, അതേസമയം കുടുംബം, നിലനിൽപ്പ് അതിജീവനം ഇതൊക്കെ മുഖ്യവിഷയങ്ങളായി മാറുകയും ചെയ്യുന്നു. മനുഷ്യർ പ്രാരാബ്ധങ്ങളിലും ഉത്തരവാദിത്വങ്ങളിലുംപെട്ട് തന്നിലെ സ്വത്വത്തെ മറന്ന് പോകുന്ന ഒരു സ്ഥിതിവിശേഷം വന്നു ചേരുന്നു. എന്തായാലും മേൽപ്പറഞ്ഞവയുടെയെല്ലാം ഒരു ടോട്ടൽ ഔട്ട്പുട്ട് ആണ് പിന്നീട് വ്യക്തിത്വമായി വികാസം പ്രാപിക്കുന്നത്. അതുകൊണ്ട് അറിവിലൂടെ മാത്രമേ വ്യക്തിത്വവികാസം സാധ്യമാവൂ എന്ന് പറയാം.

മുന്നിൽ കാണുന്ന സങ്കീർണ്ണതകൾ നിറഞ്ഞ ഒരു ലോകത്തെ അറിവുകൾ കൊണ്ടാണ് കുഞ്ഞുങ്ങൾ വായിച്ചെടുക്കാൻ പരിശീലിക്കുന്നത്. ഇന്ദ്രിയഗോചരതയിലൂടെ (sensation) കുഞ്ഞുങ്ങൾ സെൻസ് ചെയ്തെടുക്കുകയാണ് താൻ നിലനിൽക്കുന്ന പരിസ്ഥിതിയെ, ആളുകളെ, വസ്തുക്കളെയെല്ലാം. അത് ഇന്ന് ഈ വർത്തമാനകാലത്തിൽ അവർ നിലനിൽക്കുന്ന ചെറിയൊരു ചുറ്റളവിൽ മാത്രമായി ഒതുങ്ങുമ്പോൾ നാളെ ബാഹ്യലോകത്ത് മുമ്പത്തെതിൽ നിന്നും വിഭിന്നമായ ഓരോ പുതിയ അനുഭവങ്ങളിലേയ്ക്കും അത്ഭുതങ്ങളിലേയ്ക്കും എത്തിനോക്കികൊണ്ടാവും. “ഒരു മനുഷ്യന്റെ ചിന്തകൾ ഇപ്പോൾ എവിടെയാണോ എത്തിനിൽക്കുന്നത്, അവിടെയാണ് ആ മനുഷ്യനും എത്തിനിൽക്കുന്നത്” എന്നാണല്ലോ. വീട് തന്നെയാണ് ഒരു വ്യക്തിയുടെ പ്രാഥമിക വിദ്യാലയം എങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങൾ പിന്നിട്ടുകൊണ്ടിരിക്കുമ്പോൾ അറിവിനാലും ചിന്തകളാലും മനസ്സിന്റെ/ചിന്തകളുടെ ചക്രവാളം (horizon) അനുദിനം വിശാലമാക്കി എടുക്കേണ്ടതുണ്ട്. ഈ ലോകം തന്നെയായി മാറണം ഏറ്റവും വലിയ വിദ്യാലയം.

ബുദ്ധിയ്ക്കോ യുക്തിയ്ക്കോ യാതൊരു തകരാറുകളോ വൈകല്യങ്ങളോ ഇല്ലാത്ത ഏത് മനുഷ്യനും ബൗദ്ധികപരമായി വളരുന്നതിനും ഉയരുന്നതിനും ഇന്നേവരെ ഒരു നിശ്ചിത പരിമിതികളോ പരിധിയോ നിശ്ചയിക്കപ്പെട്ടിട്ടില്ല. വായന ഒരു മനുഷ്യന്റെ മാനസിക വികാസത്തിന് ആക്കം കൂട്ടുകയും ധിഷ്ണയെ പരിപോഷിപ്പിക്കുകയും ചെയ്യും. അറിവുള്ളവരുമായി എപ്പോഴും സമ്പർക്കത്തിൽ ഏർപ്പെടുന്നതും ആശയവിനിമയം നടത്തുന്നതും വ്യക്തിത്വവളർച്ചയ്ക്ക് ഒരുപാട് ഗുണം ചെയ്യും. അറിവുകളെ അത്യധികം പ്രോത്സാഹിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്ക്കാരങ്ങളെക്കുറിച്ചും സിവിലൈസെഷനെക്കുറിച്ചും നമ്മൾ പഠിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചരിത്രമെടുത്ത് നോക്കിയാലും വ്യസത്യസ്തമല്ല. തത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഗണിതശാത്രത്തിലും മറ്റും അറിവും അവഗാഹവും ഉണ്ടായിരുന്ന വിദഗ്ദന്മാരുടെയും പണ്ഡിതന്മാരുടെയും ജ്ഞാനികുളുടെയും നാട് തന്നെയായിരുന്നു ഇന്ത്യയും.

ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ അല്ലെങ്കിൽ നേട്ടങ്ങളിൽ ഒന്നായ ഇന്റർനെറ്റ് വഴി ഏഷ്യ, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക, യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക, നോർത്ത് അമേരിക്ക എന്നീ ഏഴോളം ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ലോകം ആഗോളവൽക്കരണത്തിലൂടെ ഒന്നായി തീർന്നപ്പോൾ നമുക്ക് ഇന്ന് ലോകത്ത് നടക്കുന്ന എന്തും തത്സമയം കണ്മുന്നിലെ സ്ക്രീനിൽ ദൃശ്യമായി തുടങ്ങി. ലോകവിവരവും അറിവും നേടാൻ മറ്റെങ്ങും പോകേണ്ട വീട്ടിലിരുന്നു പഠിക്കാം അറിവുകൾ നേടാം. എന്നാൽ ശാസ്ത്രം കണ്ടെത്തുന്നത് മാത്രമല്ല അറിവുകൾ, നമുക്ക് ചുറ്റും അറിവിന്റെ ഒരു മഹാസാഗരമാണ്, വേണ്ടുവോളം കോരിയെടുക്കാം, ചുറ്റിൽ നിന്നും ഗ്രഹിച്ചെടുക്കാൻ തന്നെ ഒട്ടനവധി കാര്യങ്ങൾ ഉണ്ട്. മനസ്സിന്റെ അമൂർത്തമായ തലങ്ങളെ വികസിപ്പിച്ചെടുക്കുവാനും വ്യക്തിത്വവികാസത്തിനും self exploringനുമായ് നമുക്ക് ഇതെല്ലാം ഉപകരിയ്ക്കും.

ചില കുഞ്ഞുങ്ങൾ പഠനകാര്യങ്ങളിൽ വളരെയധികം പിന്നിലായിരിക്കും. അതായത് പാഠപുസ്തകങ്ങളിൽ മറ്റുള്ള സഹപാഠികളെപ്പോലെ ശ്രദ്ധപതിപ്പിക്കാൻ കഴിയാത്ത കുട്ടികൾ ഉണ്ട്, അവരിൽ ചിലരിൽ ഏകാഗ്രത നന്നേ കുറവായിരിക്കും. അല്ലാതെയും വിവിധ തരത്തിലുള്ള വൈകല്യങ്ങൾ (learning disabilities) ഉള്ള കുഞ്ഞുങ്ങൾ ഉണ്ട്. ഇവയിൽ മിക്കതും ജന്മനാ തന്നെ ഉള്ളതാവാനാണ് വലിയ സാധ്യത. തലമുറകൾ കൈമാറി വരുന്ന ജനിതകഗുണങ്ങളിൽ കാണുന്നവയോ അല്ലെങ്കിൽ മസ്തിഷ്ക വളർച്ചയിൽ കാണുന്ന അപാകതയോ, നേർവസ്‌ സിസ്റ്റത്തിൽ ഉണ്ടാവുന്ന ക്രമക്കേടുകളോ ഒക്കെയാവാം. സ്‌കൂളുകളിൽ അധ്യാപകരിൽ നിന്നോ മറ്റുള്ള കുട്ടികളിൽ നിന്നോ മനസ്സിനേൽക്കുന്ന അഘാതം, ആഴത്തിലേറ്റ മുറിവ് അല്ലെങ്കിൽ ചില കയ്പേറിയ അനുഭവങ്ങൾ പഠനത്തെ അത്രമാത്രം വെറുത്തുപോവുന്നത് ആയും സംഭവിക്കാം. കുട്ടികളിൽ മുഖ്യമായും കാണുന്ന learning disabilities അല്ലെങ്കിൽ പഠന വൈകല്യങ്ങൾ ഏതെല്ലാമെന്ന് ഒന്ന് നോക്കാം.

1) പദാന്ധത (dyslexia): അതായത് കുഞ്ഞിന് വായിക്കാനും എഴുതാനുമുള്ള പ്രയാസം. വാക്കുകൾ, വാക്യങ്ങൾ, ഖണ്ഡികകൾ മനസ്സിലാക്കുന്നതിലുള്ള വൈഷമ്യം അനുഭവിക്കുന്നവരാണ് ഇവർ. വായിച്ചതിനെക്കുറിച്ചും കേട്ടതിനെക്കുറിച്ചും ബ്രെയിനിനകത്ത് നടക്കുന്ന പ്രോസ്സസിങ്ങിൽ ഇത്തരം കുട്ടികൾ ശരിയ്ക്കും തടസ്സം നേരിടുന്നുണ്ട്. പഠനത്തിൽ പിന്നിലാവാൻ ഇങ്ങനെയുള്ള കുട്ടികൾക്ക് മറ്റു പ്രത്യേക കാരണങ്ങളൊന്നും ആവശ്യമില്ലല്ലോ

2) ഗണിതശാസ്ത്രം ഗ്രഹിക്കാനും പഠിച്ചെടുക്കുന്നതിലും കാണുന്ന പ്രയാസം. (Dyscalculia): ഇത്തരം കുഞ്ഞുങ്ങളിൽ രക്ഷിതാക്കൾ എത്രകണ്ട് സമ്മർദ്ദം ചെലുത്തിയിട്ടും കാര്യമില്ല അത് ആ കുഞ്ഞിനെ മാനസികമായി തളർത്താനേ ഉപകരിക്കുള്ളൂ. അവരെ തല്ലിയിട്ടും ശകാരിച്ചിട്ടും മാത്തമെറ്റിക്ക്‌സ് പഠിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നെ പറയാൻ പറ്റുള്ളൂ. ഹരണം, ഗുണനം എന്നീ പ്രക്രിയകളൊക്കെ അവരെ സംബന്ധിച്ചിടത്തോളം അത്രയും ബുദ്ധിമുട്ട് ആണ്, ബ്രെയിനിനകത്ത് ഗണനം അസാധ്യമാവുകയോ ഫോർമുലകളോ ഇക്വേഷൻസോ ഒന്നും ഓർത്ത് വെയ്ക്കാനോ വേണ്ടിടത്ത് പ്രയോഗിക്കാനോ കഴിയാത്ത ഒരു അവസ്‌ഥയാണ് ഇത്.

സ്ഫടികത്തിലെ താന്തോന്നിയായ മകൻ ആടുതോമയെയും ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പഠിപ്പിച്ച അച്ഛൻ കടുവ ചാക്കോ മസ്റ്ററെയും നമ്മൾ മലയാളികൾക്ക് മറക്കാൻ കഴിയുമോ. കണക്ക് അധ്യാപകൻ ആയ ചാക്കോ മാസ്റ്റർക്ക് സ്വന്തം മകനിലെ കഴിവും പ്രതിഭയും കാണാനുള്ള കണ്ണ് ഉണ്ടായിരുന്നില്ല. മകനെ ആകുവോളം നിന്ദിച്ചു, ആളുകളുടെ മുന്നിലിട്ട് പുച്ഛിച്ചു പരിഹസിച്ചു മകന് പകരമായി വീടിന് മുന്നിൽ പതിനെട്ടാം പട്ട തെങ്ങുവെച്ച മാഷിന് കണക്ക് വിഷയത്തിലെ മാർക്ക് മാത്രമായിരുന്നു പ്രധാനം. അവസാനം മകന്റെ നല്ലൊരു ഭാവി എന്തായി?

3) അക്ഷരങ്ങളെ കടലാസിലേയ്ക്ക് പതിപ്പികുന്നതിൽ കാണുന്ന വൈകല്യം. (Dysgraphia): എഴുതുമ്പോൾ അക്ഷരങ്ങൾ ഒരേ ലെവലിൽ അല്ലാതെയോ, അന്യോന്യം വിരുദ്ധമായോ, കീഴ്മേൽ മറിഞ്ഞോ, വിപരീതരീതിയിലൊക്കെ എഴുതുന്നതാണ് ഇവരിൽ കാണുന്ന വൈകല്യം. എഴുതാൻ കഴിഞ്ഞാലും എഴുതുന്നത് താരതമ്യേന മന്ദഗതിയിലാവും, എഴുത്ത് ചിലപ്പോൾ വളരെ ചെറിയ ലിപികളിൽ ആയിരിക്കും. അക്ഷരങ്ങളെ ഭാവനയിൽ ചിത്രീകരിക്കാനും എഴുത്ത് എന്ന പ്രക്രിയയിലൂടെ കടലാസിലേയ്ക്ക് പകർത്തുന്നതിലും കാണുന്ന തകരാർ ആണ് ഇത്. കലാപരമായി നല്ല ടാലന്റും പ്രതിഭയുമുള്ളവർ ആവും ഈ കുഞ്ഞുങ്ങൾ. ആമീർ ഖാന്റെ “തരെ സമീൻ പർ” എന്ന മൂവി കണ്ടിട്ടുള്ളവരിൽ അതിലെ ഇഷാൻ അവസ്തി എന്ന കഥാപാത്രത്തെ ഓർക്കാത്തവർ ആരും ഉണ്ടാവില്ല. ആ കുഞ്ഞിന്റെ അവസ്‌ഥ ആരുടെയും കണ്ണുകൾ നിറയ്ക്കും. എന്തൊരു മാനസിക അവസ്ഥയിലൂടെയാണ് ആ കുഞ്ഞ് കടന്നുപോകുന്നത്. സത്യത്തിൽ വലിയ ക്രൂരതയാണ് നമ്മൾ അടങ്ങുന്ന ഈ സമൂഹം ഇത്തരം കുഞ്ഞുങ്ങളോട് ചെയ്യുന്നത്.

Also read: വേദസാരത്തിന് വിരാമം, സർവ്വാധിനാഥന് സ്തുതി!

എന്നാൽ മേൽപ്പറഞ്ഞ കുട്ടികളില്ലെല്ലാം അവിശ്വസനീയമായ തോതിൽ അപാരമായ, വ്യത്യസ്തമായ കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ടാവും അത് കണ്ടെത്താൻ ശ്രമിക്കാതെ ഉത്തരകടലാസിൽ മാർക്ക് കുറഞ്ഞുപോകുന്നതിന്റെ പേരിൽ കുഞ്ഞുമക്കൾ മാതാപിതാക്കളിൽ നിന്ന് കേൾക്കുന്ന പഴി എത്ര? നിർദയം തല്ലുകയും പിഞ്ചുമനസ്സിന് കടുത്ത വാക്കുകളാൽ പ്രഹരം ഏൽപ്പിക്കുകയും ചെയ്യുന്ന ഹൃദയശൂന്യരായ മാതാപിതാക്കൾ ഉണ്ട്. അവൻ/അവൾ എന്ത് പറഞ്ഞാലും പഠിക്കില്ല ടീച്ചറെ/മാഷെ നിങ്ങൾക്ക് വേണ്ടത് പോലെ തല്ലിക്കൊ എന്ന് പറയുന്നവരും ഉണ്ട്. ഈ കുട്ടികൾക്ക് ഉണ്ടാവുന്ന കടുത്ത മാനസ്സിക സമ്മർദ്ദവും രക്ഷിതാക്കളിൽ/അധ്യാപകരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന കഠിനമായ ശിക്ഷകളും അവരിൽ ഉള്ള കഴിവ് കൂടെ വിനിയോഗിക്കാനോ ഉപയോഗപ്പെടുത്താനോ കഴിയാതെ വരുന്നത് എത്ര ഖേദകരമാണ്. കുഞ്ഞുപ്രായത്തിൽ മനസ്സിന് ഏൽക്കുന്ന ക്ഷതം കുറച്ചൊന്നുമായിരിക്കില്ല.

പഠനവൈകല്യമുള്ള കുഞ്ഞുങ്ങൾ മറ്റു കുട്ടികളെപ്പോലെ പഠിക്കാൻ സമർത്ഥരും സ്മാർട്ടും അല്ലാത്തതിനാൽ ക്ലാസ്സിൽ അദ്ധ്യാപകർ തന്നെ പൊട്ടൻ, മണ്ടൻ, വിഡ്ഢി എന്നൊക്കെ വിളിക്കുകയും മറ്റുള്ള കുട്ടികളുടെ മുന്നിൽ അപഹാസ്യരാക്കുകയും ചെയ്യുമ്പോൾ പരസ്യമായി സഹപാഠികളും ഇരട്ടപ്പേര് വിളിച്ചു കളിയാക്കാൻ തുടങ്ങുന്നു. ഇനി ശാരീരികമായ അല്ലെങ്കിൽ ബാഹ്യമായ വല്ല കുറവുകളുമാണെങ്കിൽ അതായത് ഉയരം കുറവോ, മറ്റു കുട്ടികളെപ്പോലെ നിറം കുറഞ്ഞിട്ടോ ഇരുണ്ട നിറത്തിൽ ആയത്കൊണ്ടോ വരെ പരിഹസിക്കുന്ന, വിദ്യാർത്ഥികൾക്കിടയിൽ വിവേചനം കാണിക്കുന്ന അദ്ധ്യാപകർ ഉണ്ട്. അത്തരം അദ്ധ്യാപകർക്ക് അല്പം സൈക്കോളജി വശമുണ്ടെങ്കിൽ ഒരിക്കലും അതിന് അവർ മുതിരില്ല. പൊട്ടൻ, മണ്ടൻ എന്നൊക്കെ വിളിച്ച് ഒരു കുഞ്ഞിനെ പരിഹസിക്കുമ്പോൾ ഓർക്കണം നിന്ദ്യാർഹമായ ഒരു ജീവിതം ജീവിക്കാൻ വികാരവും വിചാരവും ഹൃദയവുമുള്ള ഒരൊറ്റ മനുഷ്യനും ആഗ്രഹിക്കുന്നില്ല. ആത്മഹത്യ ചെയ്യാൻ ഒരു മനുഷ്യനെ പ്രേരിപ്പിക്കരുത്. കാരണം ജീവിക്കാൻ ആഗ്രഹിക്കാതെ ജീവിക്കുന്നവരാവും ഇപ്പറഞ്ഞതിൽ ഭൂരിഭാഗവും. ഒരു വാക്ക്, ഒരു ചേർത്ത് പിടിക്കൽ മതിയാവും അല്ലാതെ നമ്മുടെ സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും അവർക്കാർക്കും ആവശ്യമില്ല.

കുഞ്ഞുമനസ്സിൽ ഏൽക്കുന്ന മുറിവുകൾ പെട്ടെന്നൊന്നും ഉണങ്ങില്ല. കാലങ്ങളോളം നിലനിൽക്കും അത്. ചിലരെ അത് ജീവിതകാലം മുഴുവൻ വിടാതെ വേട്ടയാടും. ഒന്ന് ആലോചിച്ചു നോക്കൂ വ്യക്തിത്വ വളർച്ചയുടെ പ്രഥമഘട്ടങ്ങളിൽ തന്നെ ഇത്തരം നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രമാണ് ഒരാൾക്ക് ഉണ്ടാകുന്നതെങ്കിൽ സ്വന്തം ജീവിതത്തെ ആ വ്യക്തി വായിച്ചെടുക്കുന്നത് ഏത് രീതിയിൽ ആയിരിക്കും? അവനവന്റെ കഴിവുകളിൽ ഒട്ടും വിശ്വാസമില്ലാത്ത, അപകർഷതാബോധം നിറഞ്ഞ, തന്നിലേക്ക് മാത്രമായി ചുരുങ്ങിയ ഒരു ലോകത്തേയ്ക്ക്, അന്തർമുഖത്വത്തിന്റെ കൂട്ടിൽ ഒളിപ്പിക്കുന്ന വ്യക്തിത്വമായി അവർ മാറും. എത്ര വൈകല്യങ്ങളോ കുറവുകളോ ഉള്ള കുട്ടിയ്ക്ക് നാം ഒരു പൊസിറ്റിവ് മനോഭാവം നൽകാൻ ശ്രമിച്ചാൽ ആ കുഞ്ഞിലേ പ്രതിഭ നാൾക്കുനാൾ തെളിഞ്ഞുവരുന്നതായി കാണാൻ കഴിയും

ഒരു രാജ്യത്തെ മനുഷ്യർ എന്നാൽ ആ രാജ്യത്തിന്റെ വിഭവസമ്പത്തുകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു പരിഷ്‌കൃതസമൂഹമായി, നാഗരികതയിലും ഗ്രാമീണതയിലും ഒരേസമയം ജീവിക്കാൻ മനുഷ്യനെ സഹായിച്ച ഈ ആധുനിക ലോകത്ത് ഇന്ന് കാണുന്ന മനുഷ്യനിർമ്മിതമായ വിസ്മയങ്ങളെല്ലാം ഒരുകാലത്ത് ഏതൊക്കെയോ മനുഷ്യരുടെ മസ്തിഷ്ക്കത്തിനകത്ത് ഭാവനയിൽ തെളിഞ്ഞു വന്നതും പിന്നീട് മൂർത്തമാക്കപ്പെടുകയും ചെയ്ത അത്ഭുതങ്ങളാണ്. ഇങ്ങനെയുള്ള രൂപങ്ങളും ആശയങ്ങളും ആദ്യം ക്രിയേറ്റ് ചെയ്യപ്പെടുന്നത് മനുഷ്യമനസ്സിലാണ്. ലോകാത്ഭുതങ്ങളിൽ ഒന്നാണല്ലോ താജ്മഹൽ അത് ആദ്യം ഉണ്ടായത് എവിടെയാണ്? ഒരു മനുഷ്യന്റെ ഭാവനയിൽ ആണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ, ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു എൻജിനീയറിന്റെ മനോഭാവനയിൽ ആണ് ആദ്യം രൂപപെട്ടത്.

വിഭവങ്ങൾ ഇല്ലാത്ത മനുഷ്യർ ഈ ലോകത്ത് ഇല്ല. എന്നാൽ വിഭവമുക്തമായ മനസ്സുകളാണ് ശാപമായി മാറുന്നത്. എങ്ങനെയാണ് ഓരോ മനുഷ്യനിലും ഇത്തരം വിഭവങ്ങൾ ഒളിഞ്ഞുകിടക്കുന്നത് എന്ന് കണ്ടെത്തണം അതിനുള്ള ത്വര നമ്മളിൽ ഉണ്ടായാൽ മതി. കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾ വേണം ഇത് ഏറ്റെടുത്ത് ചെയ്യാൻ. അവർക്ക് ഏറ്റവും താല്പര്യമുള്ള, ഉത്സാഹം പ്രകടിപ്പിക്കുന്ന പാഠ്യവിഷയങ്ങളെയും പാഠ്യേതരവിഷങ്ങളെയും നോട്ട് ചെയ്ത് വെച്ച്‌, അതിൽ കൂടുതൽ പ്രാവീണ്യം നേടാനും കഴിവ് തെളിയിക്കാനുമുള്ള സാഹചര്യങ്ങൾ ഒരുക്കികൊടുക്കുക. കുഞ്ഞുങ്ങളിലെ കഴിവുകളെ എടുത്ത് പറഞ്ഞ് പ്രോത്സാഹിപ്പിക്കുക ഇതൊക്കെ രക്ഷിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. വലുതായി വരുമ്പോൾ അവർ സ്വയം explore ചെയ്യട്ടെ ഒന്നിനും തടസ്സം നിൽക്കരുത്. അതിനും അവസരങ്ങൾ ഒരുക്കി കൊടുക്കാവുന്നതാണ്. ഒരു മനുഷ്യനിലെ വികാരങ്ങൾ (emotions) ശബ്ദം (voice) അനുഭൂതികൾ (sensations) മാനസിക ചിത്രങ്ങൾ (mental images) ഇവയൊക്കെയാണ് അയാളിൽ അന്തർലീനമായ വിഭവങ്ങൾ (potential/inner resources) ആയി കാണപ്പെടുന്നത്. ഇവയെല്ലാം ക്രിയാത്മകമായി ഉപയോഗിക്കാൻ അറിയാമെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റൊന്നും അതിന് മുന്നിൽ ഒന്നുമല്ല എന്ന തിരിച്ചറിവ് നേടാൻ സാധിയ്ക്കും.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close