Current Date

Search
Close this search box.
Search
Close this search box.

സുരക്ഷിതത്വമേകുന്നതാണോ നമ്മുടെ ഗൃഹാന്തരീക്ഷം ?

ഒരു വ്യക്തിയെ അല്ലെങ്കിൽ വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതിന് അടിത്തറ പാകുന്ന രക്ഷകർതൃത്വമെന്ന അതിയായ ഉത്തരവാദിത്വമേറിയതും മഹോന്നതവുമായ കർതവ്യത്തിൽ വളരെയേറെ അനിവാര്യമായതും ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ഒരു ഘടകമാണ് (മക്കളുടെ മേൽ അച്ഛനമ്മമാർക്ക് ഉണ്ടാവേണ്ട) ശ്രദ്ധ (Attention). തിരക്ക് പിടിച്ച ജീവിതം മൂലം ആർക്കും ആരെയും തിരിഞ്ഞു നോക്കാൻ സമയമില്ല ഇപ്പോൾ. ആധുനികയുഗത്തിന്റെ സവിശേഷതയോ, ശാപമോ എന്നൊക്കെ പറയാം ഇതിനെ. എന്നാൽ എത്ര തന്നെ അച്ഛനമ്മമാർ തിരക്കിലായാലും ഒരു കാരണവശാലും സ്വന്തം കുഞ്ഞുങ്ങളുടെ മേൽ തങ്ങൾക്ക് എപ്പോഴും ഒരു കണ്ണുണ്ടാവേണ്ട കാര്യം മറക്കുകയോ അതിൽ വിട്ടുവീഴ്ച വരുത്തുകയോ അരുത്. പറയുമ്പോൾ നമ്മൾ വലിയ കാര്യബോധത്തോടെ എന്നപോൽ പറയും കുഞ്ഞുങ്ങളുടെ മേൽ ശ്രദ്ധയില്ലാതായാൽ വഴി തെറ്റിപോകുമെന്നൊക്കെ. മനസ്സ് ഉയർത്തുന്ന ഒരു ഉൾഭീതികൊണ്ട് പറയുന്നതാണ് അത്, സത്യത്തിൽ അത്ര മാത്രമേ നമ്മൾ ചിന്തിക്കുന്നുള്ളൂ. എന്നാൽ തന്നെ ശ്രദ്ധിക്കാൻ ആളുകൾ ഉണ്ട്, തന്റെ കാര്യങ്ങൾ അറിയാൻ, അന്വേഷിക്കാൻ, ചോദിക്കാൻ ആളുകളുണ്ട് എന്ന ബോധം തന്നെയാണ് പലരെയും നേർവഴിക്ക് നടത്തുന്നത് എങ്കിലും ആ ബോധം ഉണ്ടാവൽ ഭൂമിയിലെ അതിജീവനത്തിനായ് ഓരോ മനുഷ്യനും അത്യാവശ്യമായി വരുന്ന ഒരു ഘടകം കൂടെയാണ്. ജീവിതം മുന്നോട്ട് നയിക്കുമ്പോൾ ഓരോ ഘട്ടത്തിലും ഈയൊരു ബോധം അവർക്ക് ശക്തിയും ധൈര്യവും പകർന്ന് കൂടെ നിക്കുന്നുണ്ട്. മനഃശാസ്ത്രപരമായി പറഞ്ഞാൽ മനുഷ്യന്റെ നിലനിപ്പിന് അത്തരമൊരു ബോധം വളരെയേറെ അനിവാര്യമായ ഒന്നാണ്. മനുഷ്യർ ആരും തന്നെ തനിച്ചാവാനോ ഒറ്റപ്പെടാനോ ആഗ്രഹിക്കുന്നില്ല എന്നതാണ് പരമാർത്ഥം.

മേൽപറഞ്ഞ കാര്യങ്ങളുടെയൊക്കെ അഭാവം അതായത് തന്നെക്കുറിച്ച് വ്യാകുലപ്പെടാൻ, ആധിയോടെ എപ്പോഴും തന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ, തന്നെ കാത്തിരിക്കാൻ ഈ ലോകത്ത് ഒരു മനുഷ്യനും ഇല്ല എന്ന ചിന്ത ഒരാളുടെ മനസ്സിനെ വല്ലാതെ കീഴടക്കികളയും ആ വ്യക്തിയുടെ ജീവിതത്തെ മൊത്തത്തിൽ തന്നെ താളം തെറ്റിക്കാൻ അത് മതിയാവും. ചിലപ്പോൾ അവനവനോടുള്ള പ്രതിബദ്ധത തന്നെ അയാൾക്ക് നഷ്ടമാകും. താൻ ഇപ്പോൾ എന്തായാൽ എന്താണ്? ആരാണ് തന്നെക്കുറിച്ച് വേവലാതിപ്പെടാൻ? ആർക്കാണ് തന്നെ വേണ്ടത്? ഇത്തരത്തിലുള്ള നിഷേധാത്മക ചിന്തകളും ചോദ്യങ്ങളും അയാളുടെ മനസ്സിനെ കീഴടക്കുകയും, അവനവനെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ധർമ്മമാണെന്നുള്ളത് മറന്ന്, തന്റേയോ, തന്റെ ജീവിതത്തിന്റെയോ മൂല്യമറിയാതെ അലസവും നിരാശപൂർണ്ണവുമായ, വഴിവിട്ട ഒരു ജീവിതം നയിക്കാൻ അയാൾ തുടങ്ങുകയും ചെയ്യുന്നു. ഇത്തരം ഒരു മാനസിക അവസ്‌ഥയിൽ മനുഷ്യർ മദ്യം മയക്ക് മരുന്നുകൾ പോലെയുള്ളവയ്ക്ക് അടിമപ്പെട്ടുപോകുന്നതൊക്കെ നമ്മൾ കണ്മുന്നിൽ കാണുന്ന കാഴ്ചകളിൽ ഒന്നാണ്.

Also read: പുരുഷ മനസ്സിലെ നാല് പെണ്ണുങ്ങള്‍

ഒറ്റയാനായി ഇവിടെ ജീവിക്കാൻ വല്ലവരും ആഗ്രഹിക്കുന്നില്ല. തനിച്ചാണ്, തനിയ്ക്ക് ആരുമില്ല എന്ന തോന്നൽ, സ്വന്തമെന്നു പറയാൻ ആരോരുമില്ലാതെ ആഭിമുഖീകരിക്കേണ്ടി വരുന്ന കനത്ത ഏകാന്തത ഇവയെല്ലാം മനുഷ്യരിൽ ഒരുതരം ഭീതിയുണർത്തുന്നുണ്ട്. ഈ ഒറ്റപ്പെടൽ അവരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നു നമുക്കറിയാം. അപ്പോഴാണ് ഏകാന്തതയുടെ വിലാപവും വിഷാദം നിഴലിക്കുന്ന വരികളുമായി കവിതകളും സിനിമാ ഗാനങ്ങളും പിറക്കുന്നതൊക്കെ. അനാവശ്യ ചിന്തകളാൽ ജീവിതത്തെ അന്ധകാരത്തിലേയ്ക്ക് നയിക്കുകയല്ല വേണ്ടത്. സിനിമകളിൽ നാം കാണാറുണ്ട് ഒരു വിഷാദരോഗിയെപ്പോലെ ഇടയ്ക്കിടെ ആത്മഹത്യയെക്കുറിച്ചും ജീവിതത്തിൽ ഒറ്റപ്പെട്ടു പോയതിനെക്കുറിച്ചും ഇടയ്ക്കിടെ സംസാരിക്കുന്ന കഥാപാത്രങ്ങൾ. സിനിമായിൽ മനുഷ്യജീവിതങ്ങളാണ് കാണിക്കുന്നത്, സമൂഹത്തിന്റെ പരിച്ഛേദമെന്ന പോലെ സിനിമകളിലും കാണാം ഇപ്പറയുന്നതെല്ലാം. നായകൻ മദ്യത്തിനും വഴിതെറ്റിയ ജീവിതത്തിനും ബലിയാടാവാൻ തന്റെ ഏകാന്തതയെ ഒരു ഹേതുവായി ചിത്രീകരിക്കുന്നു. നായികയാണെങ്കിൽ ഇത്തരം അവസരങ്ങളിൽ ചൂഷണം ചെയ്യപ്പെടുകയും ആത്മഹത്യയ്ക്ക് മുതിരുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അതേപോലെ തനിയ്ക്ക് വല്ലതും സംഭവിച്ചാൽ എന്തായിരിക്കും തന്റെ അവസ്ഥ എന്ന ഒരൊറ്റ ചിന്ത മതി മനുഷ്യരെ പൂർണ്ണമായും തകർത്തു കളയാൻ.

ഇവിടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ(attention), പരിഗണന (consideration), പ്രാധാന്യം (importance), അംഗീകാരം (acceptance), സ്നേഹം(love), ആദരവ് (respect) ഇവയെല്ലാം മക്കൾക്ക് സ്വന്തം വീട്ടിൽ നിന്ന് ലഭിച്ച്‌ കഴിഞ്ഞാൽ അവർ വഴിതെറ്റാനുള്ള സാഹചര്യം നന്നേ കുറവായിരിക്കും. താൻ ശ്രദ്ധിക്കപ്പെടുന്നുണ്ട്, വേണ്ട പരിഗണന തനിയ്ക്ക് ലഭിക്കുന്നുണ്ട്, താൻ അർഹിക്കുന്ന പ്രാധാന്യവും അംഗീകാരവും വീട്ടിൽ നിന്ന് തന്നെ കിട്ടുന്നുണ്ട്. താൻ സ്നേഹിക്കപ്പെടുന്നുണ്ട്, ഒരു വ്യക്തിയായി കണക്കാക്കപ്പെടുന്നുണ്ട് ആദരിയ്ക്കപ്പെടുന്നുണ്ട് എന്നൊക്കെ തിരിച്ചറിയുന്ന മക്കളുടെ മനസ്സ് വളരെ ആരോഗ്യമുള്ള മനസ്സ് (healthy mind) ആയിരിക്കും എന്ന് മാത്രമല്ല, അവരിൽ അച്ഛനമ്മമാർ പകർന്നു നൽകുന്ന മൂല്യാധിഷ്ഠിതമായ ചിന്തകൾ ആഴത്തിൽ വർത്തിക്കും ഒരു ഉത്തമ വ്യക്തിത്വത്തിന് അവർ ഉടമയായി മാറുകയും ചെയ്യും.

മാതാപിതാക്കൾ പൊതുവെ മക്കൾക്ക് ഇപ്പറഞ്ഞതിനെല്ലാം പകരമായി അമിത ലാളനയും അമിതപ്രധാന്യവും നൽകി കുഞ്ഞുങ്ങളെ വഷളാക്കുന്ന രംഗങ്ങളാണ്, കുട്ടികളുടെ ഇഷ്ടത്തിനൊത്ത് നിന്നുകൊടുത്ത് അവസാനം മാതാപിതാക്കളുടെ ഇഷ്ടങ്ങൾക്ക് തന്നെ വില നൽകാതെ തഴയപ്പെടുമ്പോൾ സങ്കടം പറഞ്ഞ് കരയേണ്ടി വരുന്ന അച്ഛനമ്മമാരെയാണ് കാണാൻ കഴിയുന്നത്.

Also read: മുസ്‌ലിം രാഷ്ട്രങ്ങള്‍ നിഖാബ് നിരോധിക്കുമ്പോള്‍!

കുഞ്ഞുങ്ങളുടെ സംസാരം, ഭവമാറ്റങ്ങൾ, ശരീരഭാഷ, ഇവയൊക്കെ നമ്മൾ ശ്രദ്ധിക്കണം. വല്ല പന്തികേടും തോന്നിയാൽ ക്ഷമയോടെ ഇരുന്ന് അവരുമായി കാര്യങ്ങൾ സംസാരിക്കുകയും അവരെ കേൾക്കുകയും വേണം. ഈ ശീലം അവർക്ക് എന്നും അച്ഛനമ്മമാരോട് എന്തും തുറന്ന് പറയാൻ പ്രചോദമായി തീരും. ശങ്കയോ, ആശങ്കയോ കൂടാതെ മക്കൾ അവരുടെ മനസ്സ് അച്ഛനമ്മമാരുമായി പങ്ക് വെയ്ക്കട്ടെ. അതല്ലേ വേണ്ടത്.

അച്ഛനും അമ്മയും മക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാ കാര്യങ്ങളും പരസ്പരം തുറന്ന് സംസാരിക്കേണ്ടതുണ്ട് ഒന്നും ഒളിച്ചു വെച്ചിട്ട് ആവരുത് മക്കളെക്കുറിച്ച് സംസാരിക്കുന്നത്. അമ്മമാർ പലപ്പോഴും പലതും ഒളിച്ചു വെയ്ക്കും അച്ഛനറിഞ്ഞാൽ വീട്ടിൽ കാലഹമാവും പൊട്ടിത്തെറിയാവും, പാടില്ല അതെന്നോർത്തിട്ട് ചെയ്യുന്നതാവും. എന്നാൽ അതല്ല അതിന്റെ ശരി. പിന്നീട് കാര്യങ്ങൾ വഷളാവുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി നോക്കി നിൽക്കേണ്ട ഗതികേട് വന്നേക്കാം.

പൊട്ടിത്തെറിക്കേണ്ട യാതൊരു ആവശ്യവുമില്ല. കൗമാരപ്രായമാണ് മക്കൾ എളുപ്പം പ്രലോഭിപ്പിക്കപ്പെടും, തെറ്റുകളിൽ ചെന്ന് ചാടും. വല്ല പ്രശ്നവും കേട്ടാൽ കേട്ടപാതി കേൾക്കാത്ത പാതി കിടന്ന് ഒച്ചവെയ്ക്കാനോ, കുട്ടിയെ ശിക്ഷിക്കാനോ ശകാരിക്കാനോ നിൽക്കാതെ ആദ്യം അച്ഛനമ്മമാർ റിലാക്സ് ആവാൻ ശ്രമിക്കുക, ഇതൊക്കെ സാധാരണമാണ് കൗമാരപ്രായമാണ് എന്ന് മനസ്സിലാക്കി സംയമനത്തോടെയും സമചിത്തതയോടെയും അതിനെ കൈകാര്യം ചെയ്ത് വിടുകയാണെങ്കിൽ ആർക്കും മനപ്രയാസം വരാത്ത വിധം എല്ലാം പരിഹരിക്കാൻ സാധിച്ചേക്കും.

കൗമാരപ്രായത്തിലാണ് പൊതുവെ കുട്ടികൾക്ക് അവനവനെക്കുറിച്ചുള്ള ബോധം വരുന്നത് എന്നൊക്കെ സൂചിപ്പിച്ചല്ലോ. അത്കൊണ്ട് അവരിൽ ശ്രദ്ധ പതിപ്പിക്കുക, അല്പം ജാഗ്രത പുലർത്തുക പക്ഷെ അളവിൽ കവിഞ്ഞ ആധിയും ശ്രദ്ധയും കാണിക്കുന്നത് വിപരീത ഫലം ചെയ്യും. മക്കളിൽ വിശ്വാസം വേണം, അച്ഛനും അമ്മയും തങ്ങളെ വിശ്വസിക്കുന്നു എന്ന് മക്കൾ അറിഞ്ഞിരിക്കുകയും വേണം അപ്പോഴും ഒരു സത്യം മറക്കാതെ ഇരിക്കുക, മക്കൾ നമ്മുടേത് തന്നെ ആണെങ്കിലും അവർക്കും തെറ്റുകൾ വരാതിരിക്കൊന്നുമില്ല. 100% അവരുടെ വാക്കുകളിൽ തന്നെ വിശ്വസിക്കാതെ കുട്ടികൾ പറയുന്നത് സത്യമാണോ എന്ന് ബോധ്യപ്പെടാനുള്ള വഴികൾ കണ്ടെത്തുക. അവരുടെ സുഹൃത്തുക്കളും അദ്ധ്യാപകരുമായി എപ്പോഴും ആശയവിനിമയങ്ങൾ നടത്തുകയും മക്കളെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. ഒന്നും ഒരു ഇൻസ്പെക്ഷൻ പോലെ ആവരുത് മക്കളിൽ വിശ്വാസമില്ലാത്തതുകൊണ്ടും ആണെന്ന് തോന്നാൻ ഇടവരരുത്. മക്കളെ നേർവഴിക്ക് നടത്തുന്നതിൽ അച്ഛനമ്മമാർക്ക് സഹായകമാകുന്ന വഴി തേടൽ ആയിട്ടെ ഇതിനെ കാണാവൂ. സംശയത്തിന്മേൽ നടത്തുന്ന അന്വേഷണം മക്കൾക്കും രക്ഷിതാക്കൾക്കുമിടയിൽ വലിയ ആശയാകുഴപ്പങ്ങൾ സൃഷ്ടിക്കും. അത് ബന്ധത്തിന്റെ കെട്ടുറപ്പിനെ ആഴത്തിൽ തന്നെ ബാധിച്ചേക്കും.

Also read: പ്രായം പ്രവർത്തനം; ഏതാണ് പ്രധാനം

മാറ്റങ്ങൾ ഇല്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. ഇന്നിനെക്കാൾ അനായാസകരവും പരിഷ്കരിക്കപ്പെട്ടതുമായ നാളെയെയാണ് മനുഷ്യന് വേണ്ടത് അവർ കാത്തിരിക്കുന്നതും. അതിനാൽ മനുഷ്യർ പരിഷ്കരിച്ചുകൊണ്ടിരിക്കും പുരോഗമിച്ചുകൊണ്ടിരിക്കും ഇതൊന്നും തടയാനും സാധ്യമല്ല. ഇന്നലത്തെ ആഡംബരം ഒരുപക്ഷെ ഇന്നത്തെ ആവശ്യവും നാളത്തെ അത്യാവശ്യവുമായി മാറുന്ന അവസ്ഥയാണ് സംജാതമാകുന്നത്. സമൂഹത്തിലെ പല സംവിധാനങ്ങളെയും നിഷേധിക്കാൻ നമ്മൾ മുതിർന്നാൽ പിന്തിരിപ്പന്മാർ ആയി മുദ്രകുത്തപ്പെടും. ഒഴുക്കിനെതിരെ നമ്മൾ നീന്തി പഠിച്ചെങ്കിലും ഒഴുക്കിനോടൊപ്പം നീന്തുന്നതാണ് ചിലപ്പോഴെങ്കിലും ബുദ്ധി എന്നും തിരിച്ചറിയണം നമ്മൾ. മാതാപിതാക്കൾ കാലത്തോടൊപ്പം സഞ്ചരിക്കുന്നവരാവണം. ഇന്നത്തെ ലോകവുമായി ഇഴുകിച്ചേരാനും പുതുമയെ ഉൾക്കൊള്ളാനും സാധിക്കുന്ന വിധം അപ്ഡേറ്റഡ് ആയിരിക്കണം അവർ. പുതുതലമുറയെ പഴിക്കുന്ന, പുതുമയെ തിരസ്ക്കരിക്കുന്നവരോ എന്നാൽ പരിഷ്‌ക്കാരങ്ങളുടെ പിന്നാലെ പോയി കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്നവരോ ആവരുത്. മക്കളുടെ ജീവിതം കൂടെ നശിക്കാൻ അത് കാരണമാകും. പരിഷ്ക്കാരത്തോടൊപ്പം കുടുംബമൂല്യങ്ങളും ധർമ്മികബോധവും സ്വഭാവശുദ്ധിയും മക്കളിൽ ഉണ്ടാക്കിയെടുക്കാൻ മാതാപിതാക്കൾ പ്രയത്നിക്കണം. കുട്ടികളുമായി സൗഹൃദമനോഭാവത്തോടെ ഇടപഴകുകയും അതാത് സമയത്ത് തെറ്റുകൾ തിരുത്തിക്കൊടുക്കുകയും ചെയ്യുമ്പോൾ നവീകരിക്കപ്പെട്ട എന്നാൽ എല്ലാ അടിസ്ഥാന മൂല്യങ്ങളാലും നിലകൊള്ളുന്ന ഒരു ഉത്കൃഷ്ട വ്യക്തിത്വമായി മാറും കുഞ്ഞുങ്ങൾ.

പഴമയെ പൂർണ്ണമായി തഴയാനോ പുതുമയെ പൂർണ്ണമായി തള്ളിപ്പറയാണോ നിൽക്കേണ്ട ആവശ്യമില്ല സത്യത്തിൽ. എല്ലാത്തിനെയും ഉൾക്കൊണ്ടുകൊണ്ട് തനിയ്ക്ക് തെറ്റെന്ന് തോന്നുന്നതിനെ വർജ്ജിക്കാനും ശരിയെ സ്വീകരിക്കാനും തയാറാവലാണ് ബുദ്ധി. അതുകൊണ്ട് മക്കളെ ഉൾക്കൊള്ളാൻ അച്ഛനമ്മമാർ ആദ്യം ശ്രമിക്കുക, എങ്കിലേ തിരുത്താൻ എളുപ്പമാവുകയുള്ളൂ. അവരുടെ ഇഷ്ടത്തെ, ആഗ്രഹങ്ങളെ സ്വപ്നങ്ങളെ ഹൃദയസ്പന്ദനത്തെ തിരിച്ചറിയുകയും അതിനോട് ചേർന്ന് നിന്ന് അവരെ അറിയുന്ന മനസ്സിലാക്കുന്ന നല്ലൊരു അച്ഛനോ അമ്മയോ ആവാൻ കഴിയണം അതേപോലെ മക്കൾക്ക് തങ്ങൾ കടന്നുവന്ന ജീവിതത്തെ കുറിച്ചും കഷ്ടതകളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും അറിയാൻ അവസരം ഒരുക്കികൊടുക്കുക.

കുഞ്ഞുങ്ങൾക്ക് നൽകേണ്ട സ്വതന്ത്ര്യം, ശ്രദ്ധ, പരിഗണന ഏതൊക്കെ വിധത്തിൽ ആവണം, കൂടുതൽ ആഴത്തിൽ ഒരു വിചിന്തനം നടത്താം.

Related Articles