Current Date

Search
Close this search box.
Search
Close this search box.

നിഗൂഢതയിലും വൈവിധ്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന വ്യക്തിത്വം

“വ്യക്തിത്വം” എന്ന പദത്തെ അല്ലെങ്കിൽ ആശയത്തെ ഇത്രയേറെ വിശകലനം ചെയ്യപ്പെടുന്നത് കാണുമ്പോൾ തീർച്ചയായും ആരും ചിന്തിച്ചേക്കാം യഥാർത്ഥത്തിൽ ഈ വ്യക്തിത്വം എന്നാൽ എന്താണ്? അതിന് അതിന്റെതായ ഒരു നിർവ്വചനം കാണില്ലേ? അതെ.. ഉറപ്പായിട്ടും കാണണമല്ലോ?

ലോകപ്രശസ്തരായ മനഃശാസ്ത്രജ്ഞന്മാർ മനുഷ്യമനസ്സിനെ അതായത് മസ്തിഷ്‌ക്കം, ന്യൂറോൻസ്, നേർവ് ഇമ്പൽസസ്, സെൻസേഷൻ ഇവയെല്ലാം പഠനവിധേയമാക്കുമ്പോൾ തന്നെ വ്യക്തിത്വം (personality) മനുഷ്യനിലെ പെരുമാറ്റരീതികൾ (behaviourism) എന്നീ വിഷയങ്ങളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചും ആഴത്തിലും അതിസൂക്ഷ്മതയോടെയും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. പേഴ്സണാലിറ്റിയെക്കുറിച്ച് അവരിൽ പലരും വ്യത്യസ്തമായ നിർവ്വചനങ്ങളും നടത്തിയിട്ടുണ്ട്. ഫ്രോയിഡിന്റെ psycho analytical theory of personality development അടക്കം “Psychology of personality” by Ross stagner, “A psychological interpretation'” by Allport എന്നീ ഗ്രന്ഥങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നവയാണ്.

ഓൾപ്പോർട്ട് വ്യക്തിത്വത്തെ നിർവ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. “ഒരാൾ, അയാൾ ജീവിക്കുന്ന പരിതസ്ഥിതിയോട് അഡ്ജസ്റ്റ് ചെയ്യുന്നതിന് അയാളുടെ ഉള്ളിൽ തന്നെയുള്ള ഒരു സിസ്റ്റം” അതായത് അതുല്യമായ ഒരു “സൈക്കോ-ഫിസിക്കൽ സിസ്റ്റം” എന്നാണ് പേഴ്‌സണാലിറ്റിയെ അദ്ദേഹം ഡിഫൈൻ ചെയ്യുന്നത്. അപ്പോൾ ഒരേസമയം ശരീരവും-മനസ്സും കൂടിക്കലർന്ന ഒന്ന്. ഇത് ഓരോ വ്യക്തികളിലും അതായത് 1000 പേർ ഉണ്ടെങ്കിൽ ആ ആയിരം പേരിലും വ്യത്യസ്തമായിരിക്കും എന്നതാണ് ആരെയും വിസ്മയപ്പെടുത്തുന്ന കാര്യം. നമുക്ക് അറിയാം ഒരേ ഭ്രൂണത്തിൽ നിന്ന് പുറവിയെടുത്ത ഐഡന്റിക്കൽ ട്വിൻസ് (ഇരട്ട കുട്ടികൾ) ഉണ്ടെങ്കിൽ അവർക്കിടയിൽ പോലും അവരെ രണ്ടുപേരെയും എപ്പോഴും അവരാക്കി നിർത്താനായിട്ട് അതേപോലെ മറ്റൊന്നിൽ നിന്ന് വേറിട്ട് തിരിച്ചറിയാൻ വേണ്ടി അവരുടെ ഇഷ്ടങ്ങൾ, താൽപര്യങ്ങൾ, അഭിരുചികൾ, നടത്തം ഇരുത്തം അതേപോലെയുള്ള മറ്റ് ആക്ടിവിറ്റിസിൽ എല്ലാം വൈജാത്യങ്ങൾ ദൃശ്യമാകും. ഒരു വ്യക്തിത്വവും മറ്റൊന്നിനെപ്പോലെ ആവില്ല ഒരിക്കലും എന്ന് പറയുന്നത് ഇതാണ്.

ആകർഷണീയതയും ബാഹ്യസൗന്ദര്യവും വിശാലമായ കാഴ്ച്ചപ്പാടുകളും ചിന്താഗതികളുമുള്ള, അതേസമയം സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങുന്ന, പ്രത്യക്ഷത്തിൽ സമൂഹം ആഗ്രഹിക്കുന്ന അതേ ഒരു ക്യാരക്ടറുള്ള ആളുകളെ കണ്ടാൽ ആർക്കും മതിപ്പ് തോന്നും. നല്ലൊരു വ്യക്തിത്വമായിട്ടാണ് ആളുകൾ അവരെ കാണുന്നത്. എന്നാൽ അയാളെ അടുത്തറിയുമ്പോൾ ഇതൊന്നുമല്ല ചിത്രം എങ്കിലോ? മുൻകൂടികാഴ്ചകളിൽ നമുക്ക് തോന്നിയ അഥവ അനുഭവപ്പെട്ട ഇഷ്ടവും ആദരവുംകൊണ്ട് നമ്മുടെ മനസ്സിൽ ക്രിയേറ്റായ ആ മനുഷ്യന്റെ ഉയർന്ന് നിൽക്കുന്ന ആ ഇമേജ്, അല്ലെങ്കിൽ ബിംബം ആ നിമിഷത്തിൽ തന്നെ താഴെ വീണ് ഉടഞ്ഞുപോവും. അതേപോലെ തന്നിലേക്ക് ആളുകളെ ആകർഷിക്കാൻ കഴിയുന്ന ബാഹ്യഘടനയും പെരുമാറ്റങ്ങളും വലിയ ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള അതിയായ കഴിവും വാക്ക്ചതുര്യവും പ്രഭാഷണത്തിൽ നൈപുണ്യവുമുള്ള ആൾ, അല്ലെങ്കിൽ ഒരു നേതാവ്/നായകൻ അവരോടും നമുക്ക് തോന്നുന്നത് ഇഷ്ടവും ആരാധനയൊക്കെയാണ് എന്നിട്ട് വ്യക്തിത്വമെന്ന് നമ്മൾ അതിനെ വിശ്വസിക്കുന്നു.

Also read: മക്കള്‍ക്കിടയിലെ വഴക്ക് നിങ്ങള്‍ക്കൊരു തലവേദനയാണോ?

ഒരു മനുഷ്യൻ യാഥാർത്ഥത്തിൽ എന്താണോ അതിനെ മറച്ചുവെച്ചുകൊണ്ട് മറ്റൊന്നാവലാണ് വ്യക്തിത്വം, അല്ലെങ്കിൽ ഒരു മുഖംമൂടി എടുത്ത് അണിയലാണ് വ്യക്തിത്വം എന്നുള്ള അഭിപ്രായക്കാരും നമുക്കിടയിലുണ്ട്, ചിലരെല്ലാം പറഞ്ഞു കേട്ടിട്ടുമുണ്ട്. ആളുകളുടെ മുന്നിൽ മാന്യത നടിക്കലാണ് വ്യക്തിത്വം എന്ന് വിശ്വസിക്കുന്നവരാണ് അവർ. അപ്പോൾ വ്യക്തിത്വത്തെക്കുറിച്ചുള്ള രണ്ട് വീക്ഷണ കോണുകളുണ്ട്, രണ്ടുപേരുടെയും ആങ്കിളിൽ നിന്ന് നോക്കുമ്പോൾ രണ്ടും ശരി തന്നെയല്ലേ എന്ന് തോന്നാം. കാരണം ഉള്ളിൽ ഒരു മനുഷ്യൻ എത്ര വൃത്തിഹീനമായ ചിന്താഗതികൾ കൊണ്ടുനടന്നാലും പുറമെ അയാൾ മാന്യതയും മര്യാദയും സദ്ഗുണവൃത്തിയോടെ നടക്കുന്ന വ്യക്തിയാവണം എന്ന് വിശ്വസിക്കുന്നവരാണ് വ്യക്തിത്വത്തെ ഇങ്ങനെ നിർവ്വചിക്കുന്നത്. പക്ഷെ അത് എത്രത്തോളം തെറ്റായ ധാരണയാണ് എന്ന് നമുക്ക് നോക്കാം.

സമൂഹത്തിന്റെ അല്ലെങ്കിൽ ആളുകളുടെ മുൻധാരണയുടെയും മുൻവിധിയോടെയുമുള്ള സമീപനത്തിന്റെ അനന്തരഫലമാണ് ആ കാണുന്നത്. നല്ലവൻ-നല്ലവൾ ആകാനുള്ള തത്രപ്പാടിൽ നാം നമ്മെ തന്നെ മറന്നു പോകുകയാണ്. ഇത് തീർത്തും അപലപനീയമായ ഒരു കാര്യമാണ്. ഒരാൾ നല്ലവൻ അല്ലെങ്കിൽ നല്ലവർ ആവേണ്ടത് അവനവന് വേണ്ടി തന്നെയാവണം. മറ്റുള്ളവരിൽ മതിപ്പുണർത്തും വിധം അല്ലെങ്കിൽ മറ്റുള്ളവർ ആഗ്രഹിക്കുന്ന പോലെ പെരുമാറുന്നവർ മാത്രം നല്ലവൻ/നല്ലവൾ എന്ന നാമവിശേഷണത്തിന് അർഹരാകുന്ന, സ്വന്തം വിചാരങ്ങൾക്കും(thoughts) വികാരങ്ങൾ (feelings) താത്പര്യങ്ങൾക്കും (interest) വില നൽകപ്പെടാത്ത ഒരു സാഹചര്യം ഇവിടെയുണ്ട്. പാരമ്പര്യ വാദികൾ ഇന്നും ഇതേ റൂട്ടിലാണ് ചിന്തിക്കുന്നതും സഞ്ചരിക്കുന്നതും എന്നാൽ വ്യകിത്വബോധമുള്ളവൻ മറ്റാരുടെയും പ്രീതി ആർജ്ജിച്ചെടുക്കാനോ, പ്രീണിപ്പിച്ച് നിർത്തനോ അല്ല, ആരുടെയും മുന്നിൽ വിധേയപ്പെട്ടുകൊണ്ടല്ല മാന്യതയും മര്യാദയുള്ളവനും സദ്സ്വാഭാവിയായും. മാറുന്നത്. അയാൾ അന്തരീകമായി സംസ്ക്കരിക്കപ്പെടുകയാണ്. അയാൾ ബോധവാനാണ്, ആത്മാഭിമാനബോധത്തിൽ നിന്നാണ്, തന്നോടും തന്റെ വ്യക്തിത്വത്തോടും അയാൾക്കുള്ള റെസ്പെക്റ്റും ഇഷ്ടവുമാണ് അതാണ് അയാളെ നയിക്കുന്നത്. അയാൾ അയാളെ സ്വയം ആരുടെയും മുന്നിൽ നിലവാരംകെട്ടവനായോ തരംതാഴ്ത്തപ്പെട്ടവനായോ കാണാൻ അല്ലെങ്കിൽ ചിത്രീകരിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. അയാൾക്ക് അയാളോട് തന്നെ ഇഷ്ടവും സ്നേഹവും ആദരവും കാണും, അവനവനെ എന്തിനെക്കാളേറെ വിലമതിക്കും.

അതുകൊണ്ട് തന്നെ വ്യക്തിത്വതത്തെക്കുറിച്ച് ലാറ്റിൻ വേർഡ് ആയ persona (ഒരു തരം മുഖമൂടി) എന്ന വക്കിൽ നിന്നാണ് personality എന്ന വാക്ക് ഉണ്ടായത് അതിനാൽ പേഴ്സണലിറ്റി ഒരുതരം മുഖംമൂടിയാണ് എന്നൊക്കെ സംസാരിക്കുന്നവർ വ്യക്തിത്വമെന്ന കൺസെപ്റ്റിനെ അതായത് അതിന്റെ ശരിയായ ആശയത്തെക്കുറിച്ചും അത് എന്താണ് യഥാർത്ഥത്തിൽ വിവക്ഷിക്കുന്നതെന്നും ആദ്യം മനസ്സിലാക്കേണ്ടതുണ്ട്, പഠിക്കേണ്ടതുണ്ട്. മുഖംമൂടി അണിയുന്നതല്ല വ്യക്തിത്വം, അതിനെ പൊയ്മുഖം എന്നാണ് വിളിക്കാവുന്നത്. fake identity എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം നമുക്ക് അതിനെ. അത് യഥാർത്ഥ വ്യക്തിത്വമല്ല. He/She is not genuine (സത്യസന്ധരല്ല). He/She is fake. വിശ്വസിക്കാൻ കൊള്ളില്ല കാരണം അവർ പ്രത്യക്ഷത്തിൽ എന്താണോ അതല്ല അവരുടെ യഥാർത്ഥ മുഖം.

Also read: മോഷണവും വേശ്യാവൃത്തിയും ഇന്ധനമാക്കുന്നവർ

ഒരാൾ അയാൾ നിലനിൽക്കുന്ന സാമൂഹിക, കുടുംബ പരിസ്ഥിതികളെയും അതിനകത്തെ നിയമങ്ങളെയും ചട്ടങ്ങളെയും വ്യവസ്ഥിതികളെയും മനസ്സിലാക്കിയും ഉൾക്കൊണ്ടുകൊണ്ടും താൻ യഥാർത്ഥത്തിൽ എന്താണോ അതിനെ മറച്ചുവെയ്ക്കാതെ ഒളിച്ചുവെയ്ക്കാതെ അവനവനെ പ്രതിഫലിപ്പിക്കലാണ് വ്യക്തിത്വം ഒരാളുടെ ആത്മബോധത്തിലേയ്ക്ക് ക്രിയാത്മകതയും നൈസർഗ്ഗീകതയും കലർന്ന ജീവിത രീതികളും കൂടിക്കലരുകയും അതേ സമയം സത്യത്തിലും നീതിയിലും ധർമ്മത്തിലുമൂന്നിയ ബോധവും കൂട്ടിനുണ്ടെങ്കിൽ ഒരു മാസ്മരിക വ്യക്തിത്വം അവിടെ താനെ രൂപപ്പെട്ടു വരികയാണ് ചെയ്യുന്നത്.

സ്ഥായിയായി നിലനിൽക്കുന്ന ചില പ്രത്യക സ്വഭാവഗുണങ്ങൾ (consisting traits) ആണ് ഒരു വ്യക്തിത്വം. അതൊരു ചിട്ടയിലും ക്രമത്തിലും (pattern) ഉള്ളതായിരിക്കും. മാനവികതയിലൂന്നിയ കാഴ്ചപ്പാടുകൾകൊണ്ട് സുന്ദരമായിരിക്കും ആളുകൾക്കിടയിൽ സ്വീകാര്യനായിരിക്കും അയാൾ. എന്നാൽ തന്റെ ശരികളെയും നിലപാടുകളെയും ആരുടെ മുന്നിലും തുറന്ന് പറയാൻ മടിക്കാത്ത ഒരാളും.

10 പേരെ വിളിച്ച് അവരുടെ കയ്യിൽ നിങ്ങൾ സാമ്പാർ ഉണ്ടാക്കാനുള്ള ഐറ്റംസ് നൽകുന്നു എന്നു കരുതുക. ഒരേപോലെയുള്ള പച്ചക്കറികളും മസാലകളും ആണ് കൊടുക്കുന്നത്. അപ്പോൾ എല്ലാവരും ഉപയോഗിച്ചത് ഒരേപോലെയുള്ള പച്ചക്കറികളും മസാലകൂട്ടുകളും തന്നെ പക്ഷെ 10 പേരുണ്ടാക്കുന്നതും രുചിയിലും ഗുണത്തിലും വ്യത്യാസം വരും. കാരണം പച്ചക്കറിയുടെ വേവ്, വേവാൻ നൽകിയ തീയുടെ അളവ്, മുറിച്ച കഷ്ണത്തിന്റെ സൈസ്, മസാലയുടെ അളവ്, അത് ചേർത്ത സമയം, വെള്ളത്തിന്റെ അളവ്  ഇവയെല്ലാം അതിന്റെ രുചി നിർണയിക്കുന്നതിൽ വലിയ ഘടകങ്ങളാണ്. പത്തുപേർ സംഗീതം പഠിച്ചു 10 പേരും പാടുന്നത് അവരവരുടെ ശൈലിയിൽ ആയിരിക്കും.

അനേകായിരം വൃക്ഷങ്ങൾ നിറഞ്ഞ് നിൽക്കുന്ന അഗാധവനത്തെ ഒന്ന് മനസ്സിൽ സങ്കൽപ്പിച്ച്‌ നോക്കൂ. അതിനകത്ത് നിറഞ്ഞു നിൽക്കുന്ന വൈവിധ്യങ്ങൾ, പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷലതാദികൾ അവയ്ക്കിടയിലൂടെ വളഞ്ഞുപുലഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകൾ, കുറ്റിച്ചെടികൾ മുതൽ കുഞ്ഞുചെടികൾ വരെ അതിനിടയിൽ വിവിധയിനം കായ്കൾ, കനികൾ, പല വർണ്ണങ്ങളിലായി പൂക്കൾ, ഇലകൾ, തണ്ടുകൾ. അതിനകത്ത് വസിക്കുന്ന കോടിക്കണക്കിന് വന്യമൃഗങ്ങൾ, പക്ഷികൾ, ഇഴജന്തുക്കൾ എന്തെല്ലാം രൂപഭാവഭേദങ്ങൾ അവിടെ കാണാം. കാടിന്റെ വന്യതയും നിഗൂഢതയും അതേപോലെ അതിൽ അലിഞ്ഞു ചേർന്ന പ്രകൃതിയുടെ തനിമയുംകൊണ്ട് കാട് അതിശക്തമായ പൊട്ടൻഷ്യൽ ഉള്ളൊരിടമാക്കുന്നു. ഇനി കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ഒരു പ്രദേശം, അവിടെ ഒരേപോലെയുള്ള കുറെ മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു. ഇതൊന്ന് ഭാവനയിൽ കണ്ടുനോക്കൂ അവിടെ അറിയാൻ കൂടുതലായ് ഒന്നുമില്ല വനാന്തരങ്ങളിൽ ചെന്നത് പോലെ explore ചെയ്യാനായി ഒന്നുമില്ല, വന്യതയില്ല, നിഗൂഢതയില്ല, നിറഞ്ഞ potential ഇല്ല. ഒരു മരത്തെ അറിഞ്ഞാൽ എല്ലാത്തിനെയും അറിഞ്ഞു. ഒരേപോലെ അല്ലെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ ആളുകൾ ആവുമ്പോഴും സംഭവിക്കുന്നത് ഇതാണ്, മനുഷ്യരിലെ യഥാർത്ഥ പൊട്ടൻഷ്യൽ, കഴിവുകൾ, അഭിരുചികൾകൊണ്ട് അവരും വേറിട്ട വ്യക്തികലേക്കൊണ്ട് നിറഞ്ഞ ഒരു സമൂഹം അതാണ് ഭംഗി. നമ്മൾ മനസ്സിലാക്കേണ്ടതും നമ്മൾ മനസ്സിലാക്കാൻ പലപ്പോഴും വിമ്മിഷ്ടം കാണിക്കുന്നതുമായ ഒരു സത്യമാണ് ഇത്. ഒരു ചോദ്യം നമുക്ക് നമ്മോട് തന്നെ ചോദിക്കാവുന്നതാണ് പിന്നെ എന്തിനാണ് ഈ പ്രകൃതി മനുഷ്യന് ഇതെല്ലാം കനിഞ്ഞു നൽകിയത്?

Also read: അമേരിക്ക എത്രത്തോളം “വികസിത”മാണ്?

അതുകൊണ്ട് തിരിച്ചറിയുക നമ്മൾ, വൈവിധ്യങ്ങളിലാണ് ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യവും മനോഹാരിതയും ഒന്നും ഒന്നിനെപ്പോലെ അല്ല, അതേസമയം രൂപഘടനയിലും ചില അടിസ്ഥാനഘടകങ്ങളിലും സമാനത നിലനിർത്തുന്നതും കാണാം. ഒരേപോലെ ഒന്നുമില്ല എന്ന സത്യം ഉൾക്കൊള്ളാനും അവനവനെ വേറിട്ട വ്യക്തിത്വമായി തിരിച്ചറിഞ്ഞ് മോൾഡ് ചെയ്യാനും കഴിയുന്നത് നമ്മുടെ കുടുംബസാമൂഹിക സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ അല്പം വെല്ലുവിളിയായി തോന്നാമെങ്കിലും വലിയൊരു ഭാഗ്യമാണത്. ഓരോ വസ്തുവിനെയും ജീവികളെയും അതിന്റെ കുറവുകളും കഴിവ്കേടുകളും മനസ്സിലാക്കി തന്നെ അംഗീകരിക്കാൻ കഴിയുന്നത് ജ്ഞാനത്തിന്റെ ഭാഗമാണ്. എന്നാൽ എപ്പോഴും മറ്റുള്ളവർ ഞാൻ ആഗ്രഹിക്കുന്ന പോലെയോ എന്നെപ്പോലെയോ ആവണം എന്നെല്ലാം ആഗ്രഹിക്കുന്നത് അജ്ഞതയുടെ ഭാഗവും.

ഒരു കാടിനെപ്പോലെ തന്നെ എല്ലാവിധത്തിലുമുള്ള ആളുകളും ഒരു സമൂഹത്തിൽ ആവശ്യമാണ് എത്ര നമ്മൾ വേണ്ട എന്ന് ചിന്തിച്ചാലും മനുഷ്യൻ തന്നിലെ അടിസ്ഥാനസ്വഭാവങ്ങൾ നല്ലൊരു ഉത്തമ സമൂഹത്തിന് ചേർന്നത് അല്ല എന്ന് തിരിച്ചറിഞ്ഞാൽ പോലും അതിൽ നിന്നും മാറി നിൽക്കാനോ, വഴിമാറി നടക്കാനോ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. പൂർണ്ണമായും മാട്ടിയെടുക്കാനും കഴിയില്ല ഒരു പരിധിവരെ നടക്കും അവരിൽ ആത്മബോധം ഉണരണം അവൻ അവനെക്കുറിച്ച് ചിന്തിച്ച്‌ തുടങ്ങണം, അവനവനെ ഒരു ആത്മപരിശോധനയ്ക്കായ് നിർത്തണം. ചിലപ്പോൾ ഒരു നീതിമാൻ (judge) മറ്റു ചിലപ്പോൾ ഒരു വക്കീൽ (lawyer) ആയും ചില സാഹചര്യങ്ങളിൽ അവനവനെ പ്രതി (accused) ആക്കി പ്രതികൂട്ടിൽ നിർത്തിയും ചിന്തിക്കണം. അവനവനെ തന്നെ വിചാരണയ്ക്ക് നിർത്തണം, ഈ സമയത്ത് അവനവനെ ന്യായീകരിച്ച്‌ നിർത്താൻ തക്ക വാദങ്ങൾ വക്കീൽ കൂടെ ആയ നമ്മുടെ കയ്യിൽ ഇല്ലെങ്കിൽ, നാം തന്നെയാകുന്ന ജഡ്ജ് സത്യസന്ധമായ ന്യായവിധി പ്രഖ്യാപിക്കണം. തെറ്റ് ചെയ്തു എന്ന് മനസ്സിലായാൽ തിരുത്താൻ സ്വയം തയാറാവണം.

Related Articles