Current Date

Search
Close this search box.
Search
Close this search box.

“ഇൻഡിവിജ്വലിസം” അപകടകരമോ..?

Individualism… എന്നൊരു വാക്ക് ഒരുപക്ഷേ ഒട്ടുമിക്കവരും കേട്ടിട്ടുണ്ടാകാം. താനെന്ന വ്യക്തിയ്ക്കാണ്, തന്റേതായ താത്പര്യങ്ങൾക്കും വിചാരങ്ങൾക്കും വ്യക്തിത്വത്തിനുമാണ് മറ്റാരേക്കാളും എന്തിനെക്കാളും സ്ഥാനം അല്ലെങ്കിൽ പ്രാധാന്യം എന്നൊരു വിശ്വാസം അല്ലെങ്കിൽ കൺസെപ്റ്റ് ആണ് ഇൻഡിവിജ്വലിസം. ഈയിടെയായി സമൂഹത്തിൽ അത് അറിയാതെ തന്നെ വേരൂന്നി തുടങ്ങിയിട്ടുണ്ട്. പ്രധാനമായും യുവതലമുറയിലാണ് അതിവേഗത്തിൽ ഇത് സ്വാധീനം ചെലുത്തുന്നതായി കാണുന്നത്. ഒരാൾ അയാളുടെ സ്വന്തമായ അഭിപ്രായങ്ങൾ, ഇഷ്ടങ്ങൾ, താൽപര്യങ്ങൾ, വ്യക്തിസ്വാതന്ത്ര്യം ഇവയ്ക്കെല്ലാം പ്രാധാന്യം നൽകുന്നത് വലിയ അപരാധമൊന്നുമല്ല, അതാണ് ശരിയായ രീതി. പിന്നെ എന്താണ്, എവിടെയാണ് പ്രശ്നം…!?

ഇൻഡിവിജ്വലിസത്തെക്കുറിച്ച് വ്യക്തമായ ധാരണയോ രൂപമോ ഇല്ലാതാവുമ്പോഴാണ് ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഉടലെടുക്കുന്നത്. ഇതിന്റെ പേരിൽ അപക്വതയോടെ സംസാരിക്കുന്നതും പ്രവൃത്തിയ്ക്കുന്നതും കണ്ടുനിൽക്കേണ്ടി വരുന്നതും ദയനീയമാണ്. കുട്ടികൾ പലപ്പോഴും അതായത് കൗമാരപ്രായക്കാർ അല്ലെങ്കിൽ ചെറുപ്രായക്കാർ മുൻപിൻ ചിന്തിക്കാതെ ആരെയും ഗൗനിക്കാതെ “എന്റേത്, എനിയ്ക്ക്, ഞാൻ” എന്ന പദങ്ങൾ മാത്രം ഉച്ചരിച്ചുകൊണ്ട് സംവദിക്കുന്നതും വാദങ്ങൾ മുഴക്കുന്നതും ഈഗോ ശക്തിപ്പെടുന്നതിന്റെയും വ്യക്തിത്വം വേരുറയ്ക്കുന്നതിന്റെയും ഭാഗമാണെങ്കിലും കൂടി രക്ഷിതാക്കൾക്ക് മുന്നിൽ ചിലപ്പോഴെല്ലാം മര്യാദ മറന്ന് പെരുമാറുന്നതൊക്കെ അതുകൊണ്ടാണ്. അതേസമയം ഇതിനെക്കുറിച്ചെല്ലാം കാര്യമായ വിലയിരുത്തൽ നടത്താതെ അഭിപ്രായം പറയുന്നവർ നമുക്കിടയിലുണ്ടെന്നത് വിഷയത്തെ സങ്കീർണ്ണമാക്കുകയും കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകരുതെന്ന് അവർ ആജ്ഞാപിക്കുകയും ചെയ്യുന്നു.

യഥാർത്ഥത്തിൽ വേണ്ടത് മക്കൾക്ക് നൽകേണ്ട അവകാശങ്ങൾ അറിഞ്ഞു നൽകുകയും അവരെ അംഗീകരിക്കുകയും ജീവിക്കുന്ന പരിസ്ഥിതി, സംസ്ക്കാരം കൂടാതെ സമൂഹത്തെക്കുറിച്ചെല്ലാം ബോധം നൽകി അവയ്ക്കനുസരിച്ച് കുറച്ചൊക്കെ സ്വയം പരുവപ്പെടാനായ് അവരുടെ കൂടെ നിന്ന് വേണ്ടവിധം സഹായിക്കുകയുമാണ്. എങ്കിൽ പ്രശ്‌നങ്ങൾ അത്രത്തോളം മൂർച്ഛിച്ച് വഷളാവില്ല. തീർച്ചയായും individualism എന്ന ആശയത്തിന് പരിധി വിടുമ്പോൾ അതിന്റെതായ പാർശ്വഫലങ്ങളുമുണ്ട് അതല്ല എങ്കിൽ മറുഭാഗത്ത് ഒട്ടേറെ ഗുണങ്ങൾ ഉണ്ട് താനും. പരസ്പരസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ചെറിയ ത്യാഗങ്ങൾക്കോ, വിട്ടുവീഴ്ചകൾക്കോ ഒന്നിനും മനസ്സ് കാണിയ്ക്കാതെ വ്യക്തിയ്ക്ക് മാത്രം പ്രാമുഖ്യം നൽകുന്നൊരു സാഹചര്യം മിക്കപ്പോഴും ചുറ്റിനുമുള്ളവരിൽ ആശങ്കകൾ സൃഷ്ടിച്ചേക്കും ജീവിതം സങ്കീർണ്ണമായി തീരുകയും ചെയ്യും.

അത്തരം മനോഭാവം ഒരിക്കലും പ്രോത്സാഹനാർഹവുമല്ല. ഇത്തരം സന്ദർഭങ്ങളിൽ ഉത്തരവാദിത്വപ്പെട്ട ഒരാൾ പോലും സ്വന്തം കടമകൾ മാത്രമല്ല ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളടക്കം പലതിന്റെയും പ്രാധാന്യവും മൂല്യവും വിസ്മരിക്കുന്നതാവും കാണേണ്ടിവരിക. തനിയ്ക്ക് താൻ മാത്രം വലുതെന്ന ചിന്ത അതിരുവിട്ടാൽ, താൻ വിശ്വസിക്കുന്നത് മാത്രം ശരി തന്റെ അച്ഛനോ അമ്മയോ കൂടപ്പിറപ്പോ ആരോ ആവട്ടെ എന്നെ അത് ബാധിക്കുന്നില്ല, അപരന്റെത് മാനിക്കേണ്ടതോ അല്ലെങ്കിൽ പരിഗണിക്കേണ്ടതോ ആയ ആവശ്യം തനിയ്ക്ക് വരുന്നില്ല എന്നീ ചിന്തകൾ മനസ്സിൽ സ്ഥാനം പിടിച്ചാൽ ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് ഇതെല്ലാം ദോഷകരമായെ ഭവിയ്ക്കൂ. തന്നെപോലെ മറ്റുള്ളവരെയും അവരുടെ കാഴ്ചപ്പാടുകളെയും വീക്ഷണങ്ങളെയും തീരുമാനങ്ങളെയും അംഗീകരിക്കാൻ തയാറാവാത്ത ഘട്ടം വരും. അങ്ങനെ ഇൻഡിവിജ്വലിസം എന്നത് വെറും അടിസ്‌ഥാനരഹിതമായ വാദമായി മാറും. ആയതുകൊണ്ട് ചിലതെങ്കിലും അറിഞ്ഞിരിക്കൽ ആവശ്യമാണ്.

മനുഷ്യർ ഒരു സാമൂഹിക ജീവിയായതിനാൽ തന്നെ തന്നിലേക്ക് മാത്രമായി ഒതുങ്ങുന്നതിൽ തെല്ലും പ്രായോഗികത കണ്ടെത്താൻ കഴിയില്ല എന്ന് പറയാം. പരസപരാശ്രയമില്ലാതെ ജീവിക്കാൻ മനുഷ്യന് സാധ്യവുമല്ല. അധികനാൾ കഴിയും മുമ്പേ തന്നെ ഏതൊരു വ്യക്തിയും ഈ സത്യം തിരിച്ചറിയും. അല്ലാത്തവർ വല്ല വിചിത്രസ്വഭാവമുള്ള eccentric character ഉള്ള ആളുകളൾ ആവാനാണ് സാധ്യത. അവരെ സാധാരണ മനുഷ്യരെപ്പോലെ ആവാൻ അളവില്ലാതെ സമ്മർദ്ദം ചെലുത്തുന്നതും പ്രേരിപ്പിക്കുന്നതും അവരിലെ മനോനില തകരാറിലാക്കും. വാസ്തവത്തിൽ ഒരേയൊരു കേന്ദ്രബിന്ദുവിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോവലാണ് അതെങ്കിലും ചിലർ ഇഷ്ടപ്പെടുന്നത് അത്തരമൊരു ജീവിതമാണെങ്കിൽ അവരെ സ്വതന്ത്രരാക്കൽ തന്നെയാണ് ബുദ്ധി.

ഒരു കുടുംബ സാമൂഹിക ചുറ്റുപാടിൽ വളർന്നു വന്ന ഒരാളെ സംബന്ധിച്ചിടത്തോളം, അയാളുടെ ദൃഷ്ടിയിൽ, ഇത്തരം ആളുകളിൽ കണ്ടുവരുന്നത് സ്വന്തം വ്യക്തിത്വത്തോടും ജീവിതത്തോടുമൊഴികെ മറ്റൊന്നിനോടും എന്നല്ല മറ്റാരോടും യാതൊരു പ്രതിപത്തിയും ഇല്ല എന്നാണ്. ഇല്ലെങ്കിൽ പിന്നെ ആ ഇല്ലാത്ത ഒന്നിനെ എങ്ങനെ ഉണ്ടാക്കി കാണിക്കും, അതും ചിന്തിക്കണമല്ലോ. ഇവിടെയൊക്കെ അച്ഛനമ്മമാരുടെ റോൾ വലുതാണ്. അതിനാൽ ഒരു നിമിഷം സഹജീവികളോട് അലിവും ദയയും ഇല്ലാത്ത മനുഷ്യരായും ഈ വിഭാഗത്തെ തോന്നിപ്പിച്ചേക്കാം. പക്ഷെ അത് അവരുടെ ക്യാരക്ടറിന്റെയും സൈക്കോളജിയുടെയും ഭാഗമാണെങ്കിൽ അവരെ നിർദയം ആക്ഷേപങ്ങൾക്ക് ഇരയാക്കുന്നത് തെല്ലും ശരിയല്ല. അതേസമയം അവരിൽ ചിലരെങ്കിലും ധാർമ്മികതയെല്ലാം വിട്ട് ബഹുദൂരം സഞ്ചരിച്ചും കാണും. കൃത്യമായ മാർഗ്ഗദർശനത്തിന്റെ അലഭ്യതയോ രക്ഷാകർതൃത്വത്തിൽ വന്ന അപകതയോ ആവാം, അലക്ഷ്യമായി അലയുന്ന ജന്മങ്ങളാക്കി അവരെ മാറ്റുന്നത്. സമൂഹം ഇൻഡിവിജ്വലിസത്തെ ഭയക്കുന്നത് അതുകൊണ്ടാണ്. സമൂഹം അപഥ സഞ്ചാരികൾ എന്ന കണ്ണിൽ കണ്ടേക്കാം, എന്നിട്ട് അവർക്ക് തന്നെ ഒരിക്കൽ വേണ്ടാതായ സമൂഹം പ്രതിഷേധ രൂപേണ അവരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷതത്തിലേക്ക് എത്തിക്കും. ആ ഒറ്റപ്പെടൽ നൽകുന്ന ഭീതിയിൽ മാനസികമായി തകർന്ന് പോകുകയും കൂടാതെ അരക്ഷിതാവസ്ഥയുടെ നിഴലിലാക്കപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങളും അവസ്ഥാന്തരങ്ങളും ആ വ്യക്തിയിൽ പിന്നീട് കാണാൻ സാധിച്ചേക്കും.

സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും മനുഷ്യർക്ക് വേണ്ട പരോപകാരങ്ങൾ ചെയ്യാനും സാമൂഹികപരിസ്ഥിതിയും ആളുകളുമായി ഇണങ്ങികൊണ്ട് മനസ്സിന്റെ ചക്രവാളം വിശാലമാക്കാനും ബോധവും തിരിച്ചറിവും ആവശ്യമാണ്. തന്റെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി ജീവിക്കുന്ന, അല്ലെങ്കിൽ അതിരുവിട്ട സ്വാർത്ഥയുടെ ത്വരയോ നാമ്പോ കുട്ടികളിൽ മുളയെടുത്താൽ നേരിട്ട് നിർബ്ബന്ധിക്കാതെ സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടാനും ഇടപഴകാനുമുള്ള ഒരുപാട് സാഹചര്യങ്ങൾ ഒരുക്കി സോഷ്യലൈസിങിലൂടെ കുഞ്ഞിലെ തന്നെ അത്തരം പ്രവണതകൾ അല്പാല്പമായി മാറ്റിയെടുക്കാൻ സാധിക്കും. ഇൻഡിവിജ്വലിസത്തിൽ സ്വാതന്ത്ര്യം അല്പംകൂടുതലാണ്. അതിരുവിട്ട ഫ്രീഡം എന്തും ചെയ്യാനുള്ള പ്രചോദനമായി മാറും ചിലപ്പോൾ. മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ കാണുന്ന വൈകല്യങ്ങളേയോ മനുഷത്വവിരുദ്ധമായ ചിന്തകളെയോ ബോധപൂർവ്വം മാറ്റാനും ഉചിതമായ വെട്ടിത്തിരുത്തലുകൾ നടത്താനും തയ്യാറാവാത്ത ഒരാൾ, സാമൂഹിക വിധിവിലക്കുകളെ മാനിയ്ക്കാത്തവരായി മാറും.

ഇത്തരം ആളുകൾ ഇൻഡിവിജ്വലിസത്തിന്റെ വലയിൽപ്പെട്ടാൽ അനാശാസ്യ പ്രവൃത്തികളോ മറ്റ്‌ സാമൂഹ്യവിരുദ്ധമായ പ്രവൃത്തികളോ യാതൊരു അസ്വാഭാവികതയോ മനസ്താപമോ കൂടാതെ നിർവ്വഹിക്കും. അത് സമൂഹത്തിൽ നല്ലൊരു അംഗമായിത്തുടരുന്നതിലും നല്ല ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും പ്രതിബന്ധമായി മാറുമ്പോൾ മനഃസഘർഷത്തിന് വഴിയൊരുക്കും. സമൂഹം അത്തരമൊരു മനുഷ്യനെ ഇഷ്ടപ്പെടണമെന്നില്ല. തീവ്രമായ ഇൻഡിവിജ്വൽ നിലപാടും ചിന്തകളും ഒരാൾക്ക് ചിലപ്പോഴെങ്കിലും ജനങ്ങളുമായി സ്വതന്ത്രമായി ഇടപഴകുന്നതിൽ ഭംഗം വരുത്താറുണ്ട്. വ്യക്തിയിലേക്ക് മാത്രമായി ഒതുങ്ങുന്ന ആളുകളിൽ ഇത്തരം പരിമിതികൾ സൃഷ്ടിക്കപ്പെടുന്നത് സാധാരണം. സാമൂഹിക ജീവിയെന്ന നിലയ്ക്ക് തന്നിൽ അധിഷ്ഠിതമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് തെന്നിമാറാനുള്ള ഒരു ഹേതുവാകും അത്. ഒരു self centered ക്യാരക്ടർ ഇത്തരക്കാരിൽ നിർമ്മിതമാവുന്നത് ഇങ്ങനെയാണ്. തദവസരത്തിൽ തന്നെ അപരന്റെ പ്രാധാന്യം ഇക്കൂട്ടർ മറന്നുപോകും താനെന്ന വ്യക്തി ഒരു സമൂഹത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കാത്ത അവസ്ഥയും വന്നേക്കാം. അവനവനെക്കുറിച്ച് മാത്രം ചിന്തിക്കാൻ കഴിയുന്ന മനോനിലയിലെത്തുമെന്ന് സാരം.

പലപ്പോഴും individual കാഴ്ചപ്പാടും ചിന്തകളും കാരണം കുടുംബവും സൗഹൃദമൊക്കെ വിട്ട് ഏകനായി നടക്കുന്നത് തനിയ്ക്ക് സ്വന്തമായി ഒരു ലോകം എത്രകണ്ട് പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് കുടുംബപരവും സാമൂഹികപരവുമായൊരു ജീവിതവും എന്ന ബോധമില്ലായ്മയാണ്. “സ്നേഹം” പരസ്പരം പങ്കിടുമ്പോഴാണ് അർത്ഥം കൈവരുന്നതെന്ന് തിരിച്ചറിയാതെ തന്നിലെ സ്വത്വത്തെ മാത്രം സ്‌നേഹിച്ച് അതിൽ നിർവൃതികൊള്ളുന്ന ശീലം ഉരുവെടുക്കുന്നത് ഇങ്ങനെയാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്നാവരുത്. തന്നെപ്പോലെ തന്നെ അപരന്റെ കാര്യം വരുമ്പോൾ അയാൾ കടന്ന് പോകുന്ന സാഹചര്യവും പ്രശ്നങ്ങളുടെ തീവ്രതയും തിരിച്ചറിഞ്ഞ് അനുതാപം തോന്നാത്ത, ആരുടെയും മുന്നിൽ സ്വന്തം കാര്യങ്ങൾക്ക് യാതൊരു വിഘ്‌നമോ, വിട്ടുവീഴ്ചയ്ക്കോ തയ്യാറാവാത്ത വ്യക്തിത്വ ബോധംകൊണ്ട് എന്ത്കാര്യം?

ഒരാൾ വ്യക്തിപരമായ ചിന്തകൾക്ക് കണക്കിലേറെ മുൻതൂക്കം നൽകുമ്പോൾ അയാളിൽ ചില അപാകതകളും കൂടെ കണ്ടെത്താൻ സാധിച്ചേക്കാമെന്ന വാദത്തിൽ ഒട്ടും കഴമ്പില്ലാതെ ഇല്ല എന്ന് പറയേണ്ടി വരും. കാരണം എന്തിനും ഒരു പോസിറ്റീവ് സൈഡ് ഉണ്ടാകുന്ന പോലെ തന്നെ ഒരു നെഗറ്റീവ് സൈഡും ഉണ്ടാവുമെന്നുള്ളത് അംഗീകരിക്കപ്പെട്ട സത്യങ്ങളിൽ ഒന്നാണല്ലോ. അത് വ്യക്ത്യാധിഷ്ഠിതമായ ചിന്തകൾ അതിര് വിടുമ്പോഴും കാണപ്പെടുന്നുണ്ട്. തീർത്തും വ്യക്തിപരം എങ്കിലും ഒരു കാര്യം എടുത്തുപറയാതെ വയ്യ ഉറ്റവരോടും ഉടയവരോടുമുള്ള കടമകളും ഉത്തരവാദിത്വവും മറന്ന് താന്തോന്നിയെപോലെ ജീവിച്ച് അപഖ്യാതി വരുത്തിവെക്കലൊന്നും നല്ലൊരു വ്യക്തിത്വത്തിന് ചേർന്നതല്ല. അപകടങ്ങളിലും കെണികളിലും ചെന്ന് ചാടാനുള്ള സന്ദർഭങ്ങൾ ചുറ്റിനും ഒരുപാട് ഉണ്ടാകും. ഏത് കാര്യത്തിലും അന്തിമ തീരുമാനം നമ്മുടേത് ആവാമെങ്കിലും അച്ഛനമ്മമാരോടോ, സുഹൃത്തുക്കളോടൊ, പങ്കാളിയോടോ, കൂടപ്പിറപ്പുകളോടൊ അഭിപ്രായങ്ങൾ ആരായുന്നത് അതിൽ നിന്നെല്ലാം സുരക്ഷയേകും. ചില രക്ഷിതാക്കൾ കുട്ടികൾക്ക് വ്യക്തിത്വം ഉണ്ടാവുന്നതിനെ ഭീതിയോടെ കാണുന്നതും എതിർക്കുന്നതുമെല്ലാം മക്കളെ പിന്നെ തങ്ങൾ പറയുന്നിടത്ത് കിട്ടില്ല, അനുസരണക്കേട് കാണിക്കും താന്തോന്നികളായി വളരും എന്നൊക്കെ ഭയന്നിട്ടാണ്.

എന്നാൽ ശരിയായ നിലപാട് അല്ല അത്. ഇപ്പറയുന്നതെല്ലാം രക്ഷിതാക്കളുടെ വളർത്തുഗുണം പോലെ ഉണ്ടായിരിക്കും. കുഞ്ഞിലെ തന്നെ കുട്ടികളിൽ സ്വാധീനം ചെലുത്താൻ അച്ഛനമ്മമർക്ക് കഴിയുമെന്നിരിക്കെ അവരെ സ്വതന്ത്രരാക്കാൻ എന്തിനു ഭയപ്പെടണം. വ്യക്തിതന്നെയാണ് പ്രധാനം സംശയമില്ല. എന്നാൽ അതെങ്ങനെ എന്നും കൂടെ അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്. അതിനാൽ കുട്ടികൾക്ക് ഇപ്പറഞ്ഞതും കൂടെ ലഭിക്കണം. ഒരു വ്യക്തി, ഒരു മകൻ/മകൾ, സഹോദരൻ/സഹോദരി, സുഹൃത്ത്, ഒരു പൗരൻ എന്ന നിലയ്ക്കൊക്കെ നിന്നിൽ നീ നിർവഹിക്കേണ്ട കടമകൾ നിന്റെ ഉത്തരവാദിത്വങ്ങൾ എന്താണ് എന്ന് ചെറിയൊരു ബോധം വളരെ കുഞ്ഞിലെ അവരുടെ മനസ്സിലേക്ക് കയറ്റി വിടണം. ആത്മാവബോധവും സാമൂഹികാവബോധവും സഹജാവബോധവും ഒന്നും വ്യക്തിത്വത്തിന്റെ ഭാഗമായി നിലനിർത്താതെ ഒരാൾ തനിയ്ക്ക് താൻ തന്നെയാണ് വലുത്, താനെന്ന വ്യക്തിയാണ് പ്രധാനം, തനിയ്ക്ക് തന്റെതായ കാര്യങ്ങളാണ് ഏറ്റവും മുഖ്യമെന്ന നിലപാട് എടുക്കുന്നതിനെയൊക്കെ ഒരിക്കലും വ്യക്തിത്വം എന്ന് പറയാനൊക്കില്ല, തനി സ്വാർത്ഥതയെന്നാണ് അതിനെ വിളിക്കേണ്ടത്.

സാമൂഹിക ഇടപെടലുകളിൽ പോലും ഉത്തമനായൊരു വ്യക്തി ഒരിക്കലും തന്റെ അഭിപ്രായങ്ങൾ, പ്രവൃത്തികൾ അന്യരിൽ അടിച്ചേൽപ്പിക്കില്ല, മറ്റൊരാൾക്ക് ഉപദ്രവമായേക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും ബോധപൂർവ്വം വിട്ടുനിൽക്കും. അതിനാൽ നല്ലൊരു വ്യക്തിയെന്നാൽ ഉത്കൃഷ്ടനായ ഒരു മനുഷ്യൻ എന്നാണ് വിവക്ഷ. അനുകമ്പ ദയ, കരുണ, സ്നേഹം, മമത, വാത്സല്യം കൂടാതെ മാനുഷിക പരിഗണന, തുല്യത ഇവയെല്ലാം സ്വഭാവഗുണങ്ങളായി നിലനിർത്താൻ ശീലിച്ചവർക്കാണ് ആ പദവി കൈവരുന്നത്. വാർദ്ധക്യത്തിൽ അച്ഛനമ്മമാരെ കൈവെടിഞ്ഞ് സ്വന്തം ജീവിതം മാത്രം നോക്കി ജീവിക്കുന്നതൊക്കെ അന്യായമാണ്, സ്വാർത്ഥമനോഭാവമാണ്. രക്ഷകർതൃത്വത്തിൽ സഹജീവി സ്നേഹം, കരുതൽ, പരിരക്ഷ എന്നതിന്റെ അനിവാര്യത കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും അറിവിന്റെയും ബോധത്തിന്റെയും അഭാവത്തിൽ ഇൻഡിവിജ്വലിസം എന്ന ആശയവും ഗുണത്തിലേറെ ദോഷം ചെയ്യും. അച്ഛന്മാനമ്മാരും സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരായിരിക്കണം പരിധിയിലേറെ മക്കളെ ആശ്രയിക്കുന്നത് പലപ്പോഴും നിരാശയിലും കണ്ണീരും സമ്മാനിക്കും.

വ്യക്തിഗതമായ ചിന്തകളിലൂടെ ഉള്ളിന്റെയുള്ളിൽ സ്വത്വബോധത്താൽ അടിയുറച്ച, ദൃഢമായ, കോണ്ക്രീറ്റ് ചെയ്യപ്പെട്ട വിശ്വാസങ്ങൾക്ക് ഊന്നലുണ്ടാവലാണ് ഇൻഡിവിജ്വലിസം. തനിയ്ക്ക് വേണ്ടതെന്താണ് വേണ്ടാത്തത് എന്താണെന്ന് സുവ്യക്തമായ ബോധമാണ് അത്. അതിനാൽ ആര് എന്ത് കരുതും എന്ന ചിന്ത ആ വ്യക്തിയെ ഒരുതരത്തിലും ബാധിക്കുന്നേ ഇല്ല. ഒരു ആന്തരീകമായ സ്വാതന്ത്ര്യം ഉള്ളിൽ ആസ്വദിക്കാൻ കഴിയുന്നതിനാൽ ജീവിതം മുമ്പത്തേക്കാൾ മനോഹരമാവും. അവനവനെ അനുദിനം ഇൻഡിവിജ്വാലിറ്റിയുടെ സ്വാധീനത്താൽ ബാഹ്യവും ആന്തരീകവുമായി പരിഷ്ക്കരിച്ചെടുക്കാനും പൂർവ്വാധികം മെച്ചപ്പെടുത്തിയെടുക്കാനും സാധിക്കും എന്നതാണ് വലിയ നേട്ടം. വ്യക്തിഗതമായ ഒരൂപാട് നേട്ടങ്ങളുള്ള ഈയൊരു ആശയത്തെ ഭീതി മൂലം അകറ്റി നിർത്തുന്നതാണ് നമ്മുടെ നഷ്ടം. നമ്മുടെ പ്രിയപ്പെട്ടവർക്ക് ഇൻഡിവിജ്വൽ ഫ്രീഡം നൽകാതെ സ്വന്തം അധീനതയിൽ തളച്ചിടുന്നത് ഈ ഭീതി കാരണമാണ്.

ഒരു മനുഷ്യന് ആത്മബോധം എത്രത്തോളമുണ്ടോ അത്രത്തോളം സ്വന്തം കഴിവുകളെയും തന്നിലെ ഗുണങ്ങളെയും പരിപോഷിപ്പിക്കാനും പിഴവുകൾ തിരുത്തി മുന്നേറാനുമുള്ള പ്രാപ്തിയാർജ്ജിക്കും. കൂട്ടത്തിൽ ആത്മനിയന്ത്രണവും അച്ചടക്കവും പരിശീലിയ്ക്കും. വ്യക്തിത്വത്തിന് നല്ല ബലമേറിയ, ശക്തിമത്തായ അടിത്തറ പാകപ്പെടുകയും ആർക്കും നശിപ്പിക്കാനോ തകർക്കാനോ സാധിക്കാത്ത പവർഫുൾ പേഴ്‌സണാലിറ്റിയ്ക്ക് അയാൾ ഉടമയായി മാറുകയും ചെയ്യും. തന്നെകുറിച്ച് മറ്റാരേക്കാളും വ്യക്തമായ ബോധം തനിയ്ക്ക് തന്നെ കൈവന്നതിനാൽ തൽപരകക്ഷികൾക്കും സ്വാർത്ഥതാൽപര്യ മോഹികൾക്കും അവരുടെ ഇഷ്ടങ്ങൾക്കും ഒരാൾക്കും തന്നെ ഇപ്പറയുന്ന വിഭാഗത്തിൽ കാണുന്ന വ്യക്തികളെ വശംവാദരാക്കാനോ, കരുവാക്കാനോ, ഒരു ആയുദ്ധമാക്കി എടുക്കാനോ ഒരിക്കലും പറ്റില്ല.

ശക്തമായ വ്യക്തിത്വബോധമുള്ള ഒരാൾ മറ്റൊരാളെ സ്വാധീനിക്കുകയല്ല, അയാൾ സ്വയം മറ്റൊരാൾക്ക് ഇൻസ്പിറേഷന് ആയി മറുകയായാണ് ചെയ്യുന്നത്. സൂക്ഷ്മവും സ്ഥൂലവുമായ നിരീക്ഷങ്ങളും സമയാസമയം സംഭവിക്കുന്ന ആത്മപരിവർത്തനങ്ങളും ഒരു വ്യക്തിയെ അസാമാന്യ വ്യക്തിത്വത്തിനുടമയും അതുല്യനുമാക്കുന്നു. ഇൻഡിവിജ്വലിസം നിർമ്മണാത്മകമാക്കി എടുക്കുന്നതിലാണ് വിജയം. അല്ലാത്തപക്ഷം നിഷേധാത്മക ചിന്തകളിൽ കുരുങ്ങി സ്വന്തം നാശത്തിനും മറ്റുള്ളവരുടെ ജീവിതത്തിൽ അശാന്തി വിതയ്ക്കാനും വ്യഥകൾ തീർക്കാനും സ്വയം ഒരു ബലിയാടാവാൻ കുരുക്ക് ഒരുക്കലാവും. ആർക്കും ഒന്ന് രക്ഷപ്പെടുത്താൻ പോലും പറ്റിയെന്ന് വരില്ല. എല്ലാം ശുഭകരമാവാൻ നന്മകൾ പേറുന്ന ചിന്തകൾ വഴിയൊരുക്കട്ടെ.

Related Articles