Personality

സ്വത്വബോധത്തിൽ അടിയുറച്ച വ്യക്തിത്വം

ജീവിതമെന്നാൽ ഒരാൾ ഒരുനാൾ ഒരു മനുഷ്യക്കുഞ്ഞായി ഈ ഭൂമുഖത്ത് പിറവികൊള്ളുന്നു അയാളുടെ വളർച്ചയുടെ പ്രഥമഘട്ടം കഴിയുന്നതോടെ സ്‌കൂൾ, പിന്നെ കോളേജ്, പഠനം കഴിയുന്നതോടെ ഓടിനടന്ന് ജോലി കണ്ടെത്തൽ, വിവാഹം, ഒരുമിച്ച് ജീവിതം അതിനിടയിൽ എപ്പോഴോ സ്ത്രീ ഗർഭം ധരിക്കുന്നു കുഞ്ഞുങ്ങൾ പിറക്കുന്നു. ചുമലിൽ കുടുംബഭാരവും ഏറെ ഉത്തരവാദിത്തവുമുള്ള കുടുംബനാഥനും/കുടുംബനാഥയും (അച്ഛനും അമ്മയും) ആയി മാറുന്നു. അദ്ധ്വാനിച്ച് കുടുംബം പോറ്റാൻ പുറംലോകത്ത് അച്ഛനും വീടും മക്കളെയും മാതാപിതാക്കളെയും നോക്കി വീട്ടിൽ അമ്മയും ദിനരാത്രങ്ങൾ നിരുപാധികം അവർക്കായി കഷ്ടപ്പെടുന്നു. മക്കളുടെ വിദ്യാഭ്യാസം, വിവാഹമെല്ലാം കഴിയുന്നതോടെ അവർ മദ്ധ്യവയസ്സോട് എത്തി നിൽക്കും. ഇനിയങ്ങോട്ട് വാർദ്ധക്യത്തിലേക്കുള്ള ചവിട്ടുപടികൾ ഓരോന്നായി എടുത്ത് വയ്ക്കാൻ തുടങ്ങുകയായി. ഉള്ളിൽ കെടാതെ ബാക്കി നിൽക്കുന്ന ഊർജ്ജംകൊണ്ട് മുനിഞ്ഞു കത്തുന്ന ഒരു മൺവിളക്ക്, കാറ്റിലോ കോളിലോ കെട്ടുപോകാതെ സൂര്യനെപ്പോലെ ഇന്നോളം ജ്വലിച്ചുനിൽപ്പായിരിന്നു എങ്കിൽ ഇന്ന് ഒരു ഇളംങ്കാറ്റിൽ തട്ടി വീണാൽ പോലും എപ്പോൾ വേണമെങ്കിലും കെട്ടുപോയേക്കാം, ആ ശൂന്യത പകർന്നേക്കാവുന്ന അന്ധകാരത്തിൽ ഒരുപക്ഷെ ഇന്നും ഒരു തിരിനാളമായ്, ഒരു വെളിച്ചമായ്, ഒരു പുരുഷായുസ്സിന്റെ കനൽചുവടുകളേറ്റ, ഒരായിരം സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ, ഇഷ്ടങ്ങളെ ഒളിപ്പിച്ചുവെച്ച പാതകളിൽ ഇടിമിന്നലോടൊപ്പം തിമിർത്തുടഞ്ഞ ഓർമ്മകളുടെ പെയ്ത്തിൽ ഒഴുകിപ്പോയ നഷ്ടങ്ങളുടെ കണക്കുകൾ എണ്ണി, വൃശ്ചികമാസത്തിലെ കൊടുംതണുപ്പിൽ മരവിച്ചുപോയ ചിന്തകളോടൊപ്പവും ജീവിതത്തിന്റെ മൂർത്തവും അമൂർത്തവുമായ അനുഭവസാക്ഷ്യങ്ങളുടെ പ്രതിബിംബമെന്നോണം രണ്ടു ജീവിതങ്ങൾ. പിന്നോട്ട് നോക്കുമ്പോൾ തനിയ്ക്ക് താൻ എവിടെയോ നഷ്ടപ്പെട്ടുപോയ പോലെയൊക്കെ തോന്നുന്ന അവസ്‌ഥ, അപ്പോൾ മനസ്സറയിൽ കാലങ്ങളായി ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ച ഓരോ ചിത്രങ്ങളും എടുത്ത് നോക്കി. ഭൂതകാല ഓർമ്മകളിൽ എവിടെയെല്ലാം താൻ ജീവിച്ചിരുന്നു ആ നിമിഷങ്ങളെയെല്ലം കോർത്തിണക്കിയെടുത്ത് നെഞ്ചോട് ചേർക്കും. ജീവിക്കാൻ മറന്നുപോയ നിമിഷങ്ങളെ ഓർത്ത് പരിതപിക്കും.

ജനനത്തിനും മരണത്തിന്നുമിടയ്ക്ക് അടിസ്ഥാനപരമായി പൊതുസമൂഹം അംഗീകരിച്ച, നിലവിലുള്ള കുടുംബസാമൂഹിക വ്യവസ്ഥിതികളാൽ നിർമ്മിതമായ മേൽപ്പറഞ്ഞപോലെയുള്ള ഒരു ലൈഫ് ട്രാക്ക് പിന്തുടരുന്നവരാണ് ബഹുഭൂരിഭാഗവും. അതിൽ നിന്ന് വിഭിന്നമായി, ജീവിതത്തിന് ഒന്നുകൂടെ ക്രിയാത്മമകത പകരാൻ, ജീവിതത്തെ സുന്ദരമാക്കാൻ, ആധിയിലും വ്യഥകളിലും അവനവനെ കൈവിട്ട് പോകാതിരിക്കാൻ ചില വഴികൾ കണ്ടെത്താൻ മനുഷ്യർ പരിശ്രമിച്ചാൽ കഴിയില്ലേ. കഴിയും എന്ന് തന്നെയാണ് ഉത്തരം. മദ്ധ്യവയസ്സിനോട് അടുത്ത് സമൂഹത്തിലെ സമപ്രായക്കാരായ ആളുകളുമായി ഇടപഴകുന്നതും ക്രിയാത്മകമായ രീതിയിലുള്ള നല്ലൊരു സോഷ്യൽ ഇൻവോൾവ്മെന്റും ഒരു വ്യക്തിയ്ക്ക് വാർദ്ധക്യത്തോട് അടുക്കുമ്പോൾ മനസ്സിനെ ഉല്ലസഭരിതമാക്കിയും സജീവമാക്കിയും നിർത്താൻ സഹായിക്കുമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നത്.. ഇങ്ങനെ സോഷ്യൽ ഇൻവോൾവ്‌മെന്റും സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രായത്തിന്റെ അവശതകളും ബുദ്ധിമുട്ടുകളൊന്നും ബാധിക്കുകയില്ല. അത്തരം ഒരു എനർജി അവരിൽ രൂപപ്പെടും. സ്വയം ഒരു മൂലയിൽ അടിഞ്ഞുകൂടാതെ ആൾക്കാരുടെ നടുവിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും പൊതുരംഗത്ത് സജീവമാകുകയും ചെയ്യുന്നതിലൂടെ അവരിലെ ബാറ്ററി അന്നന്ന് സ്വയം റീചാർജ് ആയിക്കൊണ്ടിരിക്കും. എനർജി ലെവൽ ഒരേപോലെ നിലനിർത്താൻ അത് അവരെ സഹായിക്കും.

ജോലിയിൽ നിന്ന് വിരമിച്ച് വീട്ടിൽ മുഷിഞ്ഞിരിക്കുമ്പോൾ ഒരോ കൊച്ചു യാത്രകൾ സംഘടിപ്പിക്കാം. കഴിവും പ്രതിഭയുമുള്ളവർക്ക് കലാസാഹിത്യരംഗത്ത് പ്രവർത്തിക്കാം. സേവനമനോഭാവമുള്ളവർക്ക് അത്തരം രംഗങ്ങളിൽ വ്യാപൃതരാവാം. വെറുതെ ഇരിക്കാതെ വേണമെങ്കിൽ കൃഷിയിൽ മുഴുകാം. മൃഗങ്ങളെ വളർത്തിയോ പൂന്തോട്ടങ്ങളിൽ പൂക്കളെ പരിപാലിച്ചോ പൊസിറ്റിവ് മനോഭാവത്തോടെ ജീവിക്കുന്നത് മറ്റുള്ളവർക്കും ഒരു ഇൻസ്പിറേഷൻ ആയി മാറും. മുമ്പത്തെപോലെ പേരമക്കളെ കൂട്ടിന് കിട്ടുന്നതൊക്കെ വലിയ വിഷമമുള്ള കാര്യമാണ്. കുട്ടികൾക്ക് ഇപ്പോൾ അവരുടേതായ ഒരു ലോകം ഉണ്ട്, ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ അങ്ങനെഎത്രയോ അഡ്വാൻസ്ഡ് ആയ ഒരു ലോകത്തേയ്ക്കാണ് ഇന്ന് മക്കൾ പിറന്നു വീഴുന്നത് തന്നെ. അവിടെ അവരെയും കാത്തുകൊണ്ട് കൗതുകങ്ങളുടെ ഒരു മായലോകം തന്നെയുണ്ട്. പണ്ടത്തെ കുട്ടികളെപ്പോലെ വല്യച്ഛനും വല്യമ്മയും പറയുന്ന പഴഞ്ചൻ കഥകളൊന്നും കേട്ടിരിക്കാൻ ഇന്നത്തെ കുട്ടികൾക്ക് താൽപര്യമില്ല. അതേസമയം അതേ സാധനം സി.ഡിയോ പെൻഡ്രൈവോ കുത്തി സ്ക്രീനിൽ കാണുമ്പോൾ കാർട്ടൂൺ രൂപത്തിൽ കാണുമ്പോൾ അവർ ആവേശപൂർവ്വം കണ്ടിരിക്കുന്നു.

Also read: ക്ഷാമകാലത്തെ ക്ഷേമപൂർണമാക്കാൻ!

ഒട്ടേറെ കാരണങ്ങളാൽ പഴയതലമുറയും പുതുതായി പിറവിയെടുക്കുന്ന തലമുറയും തമ്മിൽ മുമ്പത്തേക്കാൾ അകലം വന്ന് തുടങ്ങിയിരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ഇംഗ്ലീഷ് കേൾക്കുന്ന കുഞ്ഞുമക്കൾക്ക് ചിലപ്പോൾ പഴഞ്ചൻ ഭാഷയിൽ സംസാരിക്കുന്ന അമ്മൂമ്മയും അപ്പൂപ്പനും ഒരുപക്ഷേ ഔട്ട് ഡേറ്റഡ് ആയും തോന്നിയേക്കാം പറയാൻ പറ്റില്ല. എന്നാൽ അത് വല്യച്ഛനെയും വല്യമ്മയെയും വല്ലാതെ നൊമ്പരപ്പെടുത്തും എന്നൊന്നും മക്കൾ അറിയുന്നില്ലല്ലോ. അച്ഛനമ്മമാർ മക്കളെ ഇക്കാര്യത്തിൽ കഴിയുന്നതും ബോധവൽക്കരിക്കണം. അതേപോലെ കഴിയുന്നതും up dated ആവാൻ നമ്മളും ശ്രമിക്കുക.

ഈ പ്രപഞ്ചത്തിലെ അനേകായിരം നക്ഷത്രകുടുംബങ്ങളിൽ ഒന്നായ ആകാശഗംഗയിലെ അതിസുന്ദരമായ, സർവ്വാനുഗ്രഹീതയായ ഭൂമിയെന്ന ഭൂഖണ്ഡത്തിൽ അനേകം കോടി ജീവജലങ്ങൾക്കിടയിൽ ഈ പ്രപഞ്ചത്തിനെ പ്രതിനിധീകരിക്കുന്ന ജീവസ്പന്ദനങ്ങളിൽ ഒന്നാണ് നമ്മിലും തുടിക്കുന്നത്. നമുക്കായി ഒരു ഇടം ഈ പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്നു. ജീവൻ നിലനിൽക്കാൻ എല്ലാ സധ്യതകളുമുള്ള ഈ ഭൂഗളത്തിൽ 700 കോടിയിലധികം ജനങ്ങൾ ഉള്ളതിൽ അതിൽ ഒരാളണല്ലോ നാം ഓരോരുത്തരും. അതിനാൽ ഈ അതുനിഗൂഢതകൾ നിറഞ്ഞ പ്രാപഞ്ചിക വിസ്മയത്തിന്റെ ഒരു ഭാഗമാണ് നമ്മളും എന്നതിൽ സന്തോഷിക്കാം. എന്നാൽ ഈ പ്രപഞ്ചത്തിൽ തന്റെ സാന്നിധ്യം തെളിയിക്കപ്പെടേണ്ടത് എങ്ങനെ? തനിയ്ക്കുള്ള സ്ഥാനം എന്താണ്? പ്രധാന്യം എന്താണ്? എത്ര നാൾ താൻ ഇവിടെ ഉണ്ടാകും അതിനിടയിൽ തനിയ്ക്ക് ചെയ്യാനായ് എന്തെല്ലാം. ഒട്ടേറെ ചോദ്യങ്ങൾ ചിന്തകൾ മനുഷ്യന്റെയുള്ളിൽ പൊട്ടിവിടരുന്നത് സ്വാഭാവികം..

ആയതിനാൽ ഇടയ്ക്ക് വല്ലപ്പോഴും അവനവനിലയ്ക്ക് ഒന്ന് ഇറങ്ങി ചിന്തിക്കാൻ ശ്രമിക്കണം. അത് ഇപ്പോഴേ ആവാം. തന്നിലെ തന്നെ അറിയാനുള്ള ഒരു കൊച്ചുശ്രമം. മനുഷ്യനിൽ അത് ഒരുപാട് മാറ്റങ്ങൾ സൃഷ്ടിയ്ക്കും. ചിന്തകളെയും ബോധത്തെയും മാറ്റിവെച്ചുകൊണ്ട് വ്യക്തിത്വരൂപികരണം സാധ്യമല്ല. ക്രമേണ നല്ലൊരു വ്യക്തിത്വമായി മാറാൻ നമ്മിലെ പൊട്ടൻഷ്യൽ ഉപയോഗപ്പെടുത്താനുള്ള വഴികൾ കണ്ടെത്തുക. സ്വത്വബോധത്തിൽ നിന്നാണ് വ്യക്തിത്വം രൂപപ്പെടുന്നത്. താൻ എന്താണ്? തന്റെ ധർമ്മം/ദൗത്യം എന്താണ്? താൻ അർഹിക്കുന്നത് എന്താണ്? തന്നിലൂടെ നിർവ്വഹിക്കപ്പെടേണ്ട കാര്യങ്ങൾ/താൻ ചെയ്ത് തീർക്കേണ്ട കടമകൾ നിർവ്വഹിക്കപ്പെടുന്നുണ്ടോ? ലോകനന്മയ്ക്കായി തനിയ്ക്ക് എന്തെല്ലാം ചെയ്യാൻ സാധിയ്ക്കും? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തന്നെയാണ് ഒരു വ്യക്തിയിൽ അന്തരീകമായ മാറ്റങ്ങൾ നടക്കുന്നതും മാനസികരൂപന്തരം പ്രാപിക്കുന്നതും. മനുഷ്യനിൽ സംഭവിക്കുന്ന ഈ പ്രക്രിയയ്ക്കാണ്, ഈ പരിവർത്തനത്തെയാണ് tranaformation എന്ന് വിളിക്കുന്നത്. അതുകൊണ്ട് അസ്തിത്വബോധത്തിലേയ്ക്ക് ഇറങ്ങി ചിന്തിക്കുമ്പോഴാണ് മനുഷ്യൻ അവനവനെ അറിയുന്നത്, അറിഞ്ഞു ജീവിക്കാൻ തുടങ്ങുന്നത്. അത് മുതലാണ് ജീവിതം ഏറ്റവും ആസ്വാദ്യകരമായി പരിണമിക്കുന്നതും.

Also read: ഉളളുലക്കുന്ന കാഴ്ചകളാണ് ചുറ്റിലും

പണ്ടത്തെക്കാലം ആയിരുന്നെങ്കിൽ ഒരു പരിധിയിൽ കവിഞ്ഞ അവശ്യങ്ങളോ, ആഗ്രഹങ്ങളൊന്നും മനുഷ്യർക്ക് ഉണ്ടായിരുന്നില്ല പക്ഷെ ഇന്നത്തേക്കാൾ അവർ സന്തോഷവാന്മാരും സംതൃപ്‌തരും ആയിരുന്നു. കൂട്ടുകുടുംബങ്ങളായിരുന്നപ്പോൾ ശ്വാസിക്കാനും ഉപദേശിക്കാനും ഓർമ്മപ്പെടുത്താനും സ്നേഹത്തോടെ ഗുണദോഷിക്കാനും ആളുകൾ ഉണ്ടായിരുന്നു. അവിടെ മനസ്സ് പങ്കിടാനും സ്നേഹം പങ്കിടാനും (sharing) അതേപോലെ നമ്മെക്കുറിച്ചോർത്ത് വ്യാകുലപ്പെടാനും തളരുമ്പോൾ നമ്മെ സാന്ത്വനപ്പെടുത്താനും ശുശ്രൂഷിക്കാനും പരുപാലിക്കാനും (caring) ചെയ്യാനും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായിരുന്നു. ഇന്ന് ആണുകുടുംബങ്ങൾ ആണ് മിക്കതും. മനസ്സമ്മർദ്ദം കൂടുന്ന ജോലി, തിരക്ക് പിടിച്ച ജീവിതം ആർക്കും നൽകാൻ നമ്മുടെ കയ്യിൽ സമയം ഇല്ല. ലോകത്ത് 264 മില്യണിലേറെ ആൾക്കാർ ഇന്ന് വിഷാദരോഗത്താൽ (depression) ബുദ്ധിമുട്ടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന (WHO) പറയുന്നത്.
ഇതിൽ നിന്നെല്ലാം റിലാക്സേഷൻ കിട്ടാൻ വേണ്ടി പ്രിയപ്പെട്ടവരോടൊപ്പം വിനോദങ്ങളിൽ ഏർപ്പെടാനും സംസാരിച്ചിരിക്കാനും മനസ്സപങ്കിടാനും സ്നേഹംപകർന്ന് നൽകാനും എല്ലാവരും കണ്ടെത്തണം. പക്ഷെ അതോടൊപ്പം അവനവന് മാത്രമായി ചില വിനോദങ്ങൾ, ഹോബികൾ ഉണ്ടായിരിക്കുന്നതും സ്ട്രെസ്സ് റിലീവിങ്ങിന് ഉത്തമമാണ്.

അച്ഛൻ/അമ്മ എത്ര സമ്പന്നതയിൽ ജീവിക്കുന്നവരായാലും പ്രായപൂർത്തി എത്തുന്നതോടെ സ്വന്തം ആവശ്യങ്ങൾക്കായി ഒരു വരുമാനമാർഗ്ഗം കണ്ടെത്താൻ മക്കളെ പ്രോത്സാഹിപ്പിക്കണം. അവരാൽ കഴിയുന്ന ഒരു ചെറിയ വരുമാനം അവർ കണ്ടെത്തട്ടെ.
അത് രക്ഷിതാക്കൾ അവരോട് ചെയ്യുന്ന വലിയൊരു കാര്യമാണ്. കുഞ്ഞുങ്ങൾ ഒരേസമയം പണത്തിന്റെയും ജീവിതത്തിന്റെയും മൂല്യം തിരിച്ചറിയും സ്വയം പര്യാപ്തത നേടുകയും ചെയ്യും. ഒരു നല്ല വ്യക്തിത്വം അല്ലെങ്കിൽ വ്യക്തി, ഒരു കാര്യത്തിലും പരമാവധി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളായിരിക്കും. തന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർ ആവശ്യപ്പെടും മുമ്പേ സ്വമനസ്സാലെ ചെയ്ത്കൊടുക്കാൻ തയാറാവുന്ന ആളും. എന്നാൽ.അതിന്റെ ക്രെഡിറ്റ് അവശ്യപ്പെടുകയുമില്ല. നന്മനിറഞ്ഞ പ്രവൃത്തികളിൽ സംതൃപ്തി കണ്ടെത്താൻ കഴിയുന്ന ഒരു മനുഷ്യൻ ആവാൻ കഴിയുക എന്നതിനേക്കാൾ മനസ്സുഖം പകരാൻ കഴിയുന്ന മറ്റൊന്നില്ല.
മക്കൾ അച്ഛനമ്മമാരെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കുന്നത് വളരെ അഭിമാനം തോന്നേണ്ട കാര്യമാണ്. അവർക്ക് അത്യാവശ്യം വേണ്ട പണം, പോക്കറ്റ് മണി അവർ തന്നെ കണ്ടെത്തട്ടെ എന്ന് കരുതണം. മക്കളുടെ പേരിൽ വല്ലിടത്തും പ്രോപ്പർട്ടി വാങ്ങിയിടാൻ നോക്കാം അത് കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു വലിയ അസെറ്റ് തന്നെ ആയിരിയ്ക്കും. മക്കൾ ഭയം കൂടാതെ ജീവിക്കാൻ എന്നാൽ അദ്ധ്വാനിക്കാതെ തനിയ്ക്ക് ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഴിയില്ല അച്ഛന്റെ /അമ്മയുടെ കയ്യിലെ പണം കണ്ടുകൊണ്ട് തനിയ്ക്ക് ജീവിതം മുമ്പോട്ട് നയിക്കാൻ കഴിയില്ലെന്ന ബോധം അവരിൽ ഉണ്ടാവും.

തന്നിലെ താൻ അംഗീകരിക്കപ്പെടുന്നുണ്ടോ? തനിയ്ക്ക് എല്ലാവർക്കുമിടയിൽ ഒരു അർഹമായ ഒരിടം ലഭിക്കുന്നുണ്ടോ? ഇതെല്ലാം ഒരു മനുഷ്യന്റെ നിലനിൽപ്പിന്ന് അനിവാര്യമായ ഒന്നാണ്. ഇവയൊന്നും കണ്ടെത്താതെ സ്വന്തം ജീവിതത്തിൽ തനിയ്ക്ക് ഒന്നുമാവാൻ സാധിക്കാതെ ആർക്കോ വേണ്ടി ജീവിക്കുന്നതല്ല ജീവിതം എന്നത് മനസ്സിലാക്കാൻ ഇനിയും വൈകിക്കാതെ ഇരിക്കുക.
നമ്മുടെ കണ്മുന്നിൽ വളർന്നു വരുന്ന മക്കൾക്കും നൽകണം ഇതുപോലെയുള്ള മനോഹരമായ കാഴ്ചപ്പാടുകൾ അച്ഛനോടും അമ്മയോടുമൊപ്പമുള്ള അനർഘ നിമിഷങ്ങൾ ആനന്ദപൂർണ്ണമാക്കാൻ അവർക്കും വേണ്ടത് ചില സുന്ദരമായ കാഴ്ചപ്പാടുകൾ ആണ്. തങ്ങളുടെ ജീവിതം എല്ലാംകൊണ്ടും മനോഹരമാക്കി തന്ന നല്ലൊരു മനുഷ്യനാവാൻ പഠിപ്പിച്ച അച്ഛനമ്മമാരെ വെറുക്കാൻ അവർക്ക് കഴിയില്ല എന്ന് മാത്രമല്ല ലോകത്തോട് അഭിമാനത്തോടെ നെഞ്ചത്ത് കൈവെച്ചുകൊണ്ടു അവർ എന്നും പറയും.. ഞാൻ ഞാൻ ആയത് എന്റെ അച്ഛനമ്മമാരിൽ നിന്നും എനിയ്ക്ക് ലഭിച്ച പാഠമാണ്, എന്നെ ഞാൻ ആക്കിയതെന്ന്. വേനലും മഴയും കാറ്റും കുളിരും സന്തോഷങ്ങളും സന്താപങ്ങളും ആനന്ദവേളകളും കലർന്ന ജീവിതമെന്ന ലഹരി ഒരുമിച്ച് നുകരുമ്പോൾ സുന്ദരമായ ലോകം അവിടെ ക്രിയേറ്റ് ആവുകയാണ്. ഒരാൾക്ക് പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മറ്റുള്ളവർ അയാളെ ചേർത്ത് പിടിക്കുന്നു, എത്ര മനോഹരം ആവും ആ ലോകം..! ഇതല്ലേ വേണ്ടത്?പരസ്പരം പകയും വിദ്വേഷവും വൈരാഗ്യവും കൊണ്ടുനടക്കാതെ സ്വന്തം കുടുംബമഹാത്മ്യങ്ങൾ ഇടയ്ക്കിടെ എടുത്തു പറയുമ്പോൾ നമ്മുടെ വീടിനകത്ത് സ്വരചേർച്ച, മനസ്സിലാക്കാനുള്ള കഴിവ്, പരസ്പരാദരവ്, പിന്തുണ ഇവയെല്ലാം സംഗമിക്കുന്ന മനസ്സുകളാണോ എന്നുംകൂടെ വിലയിരുത്താം.

Also read: പെരുന്നാൾ പുടവ പുത്തനാവണമോ?

ജീവിതത്തോട് പൊസിറ്റിവ് ആയ ഒരു കാഴ്ചപ്പാടുള്ള ഒരു അച്ഛൻ അല്ലെങ്കിൽ അമ്മ മക്കൾക്ക് ഉണ്ടെങ്കിൽ സംശയം വേണ്ട അവർ തങ്ങളുടെ അച്ഛനെ/അമ്മയെ ഏറ്റവും പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ ബോൾഡ് ലെറ്ററിൽ തന്നെ എഴുതിചേർത്തിക്കും. ഈ മക്കൾ ഒന്നിനും കൊള്ളില്ല, ഇവർ നമ്മളെ നോക്കാനോ? ഇവരൊന്നും നോക്കാൻ പോകുന്നില്ല, ഇവരിലൊന്നും ഒരു പ്രതീക്ഷയുമില്ല എന്ന് വിലപിക്കുന്ന അച്ഛനമ്മമാരെ കണ്ടിട്ടുണ്ടോ..?? സഹതാപമാണ് അവരോട് സത്യത്തിൽ തോന്നിപ്പോകുക. കുഞ്ഞുങ്ങൾ കേൾക്കെ അവരെക്കുറിച്ച് ഇത്രയും നിരാശകലർന്ന സ്വരത്തിൽ സംസാരിക്കുമ്പോൾ അവരുടെ ഉള്ളിളും നടക്കുന്നുണ്ട് ചില പ്രതിപ്രവർത്തങ്ങൾ. ബന്ധങ്ങളിലെ സ്വാഭാവികത കളഞ്ഞുകുളിക്കുന്ന മാതാപിതാക്കളാണ് പിന്നീട് ഖേദിക്കേണ്ടി വരുന്നത്. കാരണം സ്നേഹം ഒരു ഫീലിംഗ്‌ ആണ് മനുഷ്യന്റെ ഉള്ളിൽ സ്വാഭാവികമായി ഉണ്ടാവേണ്ട ഒന്നാണ്. ഇത് നിർബ്ബന്ധപൂർവ്വമോ വാശിപിടിച്ചോ ഇരന്നു വാങ്ങുന്നതോ പിടിച്ചു പറിച്ച് എടുക്കുന്നതോ അല്ല. അവർക്ക് നൽകേണ്ടത് പ്രകടമായി തന്നെ നൽകിക്കൊണ്ടിരിക്കുക ആളുകളെ സ്നേഹിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്യുക. നമ്മെക്കണ്ടും നമ്മുടെ സ്നേഹം കണ്ടും അവർ വളർന്നോളും.

എന്നും മറക്കാതിരിക്കുക സ്വന്തം ജീവിതം ഒരാൾക്ക് അക്ഷരാർത്ഥത്തിൽ ആസ്വദിക്കാൻ സാധിക്കുന്നത് അയാൾ അയാളുടെ സ്വത്വബോധത്തിലേയ്ക്ക് എത്തുമ്പോഴാണ്. സ്വത്വബോധത്തിൽ നിന്ന് ഉണർന്ന വ്യക്തിത്വമെന്നാൽ ആന്തരീകബോധമാണ് (self-consciousness) അവരിൽ വർത്തിക്കുന്നത്. മേന്മയേറിയ ചിന്തകളും കാഴ്ചപ്പാടുകളും ബോധവും മാറ്റിവെച്ച് ഒരിക്കലും നല്ലൊരു വ്യക്തിത്വത്വം സാധ്യമല്ല. മേന്മയേറിയ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് അതുസങ്കീര്ണമായ ഒന്നായി കാണുകയൊന്നും വേണ്ട, ലളിതമായി പറഞ്ഞാൽ ആ വ്യക്തിയെ സ്വാധീനിക്കുന്ന ഏതൊരു ചിന്തകളും കാഴ്ചപ്പാടും തനിയ്ക്ക് ചുറ്റിനുമുള്ള ആളുകളെ തന്നെപ്പോലെ വികാര, വിചാരങ്ങളുള്ള അഭിപ്രായങ്ങളുള്ള, മനുഷ്യരാണ് എന്ന പൂർണ്ണ ബോധ്യത്തോടെയും തന്നെപ്പോലെ തന്നെ അവരെയും കാണാനുള്ള മനസ്സ് അതിന് വഴിയൊരുക്കുന്ന മാനവികതയിലൂന്നിയ ചിന്തകൾ എന്നാണ്. ആളുകളോട് നമുക്ക് ഉണ്ടായിരിക്കേണ്ട right attitude അതാണ്. നാം ഇന്ന് ജീവിക്കുന്ന ഈ വ്യവസ്ഥിതിയിൽ ഒരു വ്യക്തി (individual) അല്ലെങ്കിൽ വ്യക്തിത്വം (individuality) എന്നതിന് അത്ര വലിയ പ്രസക്തിയൊന്നും കാണാൻ കഴിഞ്ഞെന്ന് വരില്ല. സത്യത്തിൽ അതൊക്കെ ഉണ്ടാക്കിയെടുക്കേണ്ടത് നാം സ്വയം തന്നെയാണ്. ആർക്കും ഉണ്ടാക്കി തരാൻ കഴിയില്ല. നമ്മുടെ ഇമേജ്, സ്ഥാനം, വ്യക്തിത്വം ഇതൊക്കെ നിർണ്ണയിക്കുന്നത് നമ്മുടെ മേൽപ്പറഞ്ഞ ശരിയായ കാഴ്ചപ്പാടുകൾ/മനോഭാവം (right attitude) പിന്നെ പെരുമാറ്റം (behaviour) അറിവ്, മാന്യമായ വസ്ത്രധാരണം ഇവയൊക്കെയാണ്. ഓരോ വ്യക്തിയുടെ standard of living ജീവിതനിലവാരം/മനോനിലവാരം ഉയർന്നതാകുമ്പോൾ ഉന്നതമായൊരു സമൂഹത്തെ വാർത്തെടുക്കാൻ പ്രാപ്തിയുള്ളവരാവുകയാണ് നമ്മൾ.

വായന മനുഷ്ന്റെ ജീവിതം തന്നെ മാറ്റി മറിയ്ക്കും. വ്യത്യസ്തമായ, എന്നാൽ ഒരുപാട് നല്ലതും ചീത്തയുമായ സവിശേഷതകൾ നിറഞ്ഞ ഒട്ടേറെ വ്യക്തികൾ ചേർന്നാണ് കുടുംബവും അതേപോലെയുള്ള അനേകായിരം കുടുംബങ്ങൾ സമന്വയിച്ചാണ് സമൂഹവും എന്നതുകൊണ്ട് ഓരോ വ്യക്തിയുടെയും വിദ്യാഭ്യാസനിലവാരം ചിന്താഗതിയുടെ നിലവാരം, മനോഭാവം ഇവയെല്ലം ഒരു സമൂഹത്തിന്റെ പൊതുമനോഭാവം/പൊതുബോധം/സമൂഹമനസ്സാക്ഷി എന്ന ബൃഹത്തായ ഒരു സംവിധാനം രൂപപ്പെടുകയാണ് അതിന് ഒരു പൊതുസ്വഭാവം വന്നുചേരുകയാണ്. അപ്പോൾ വ്യക്തിത്വം എന്നതിന്റെ പ്രസക്തിയെക്കുറിച്ച് വീണ്ടും പറയേണ്ടതില്ലല്ലോ.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker