Current Date

Search
Close this search box.
Search
Close this search box.

വ്യക്തി, കുടുംബം, സമൂഹം

എത്രത്തോളം പരിഷ്‌കൃതമായ സമൂഹമാവട്ടെ, എത്ര തന്നെ സ്വതന്ത്ര ചിന്താഗതിയുള്ള മനുഷ്യരാവട്ടെ നമുക്കറിയാവുന്നതാണ് ഏതൊരു സമൂഹമെടുത്ത് നോക്കിയാലും അവർക്ക് അവരവരുടേതായ ഒരു പ്രത്യേക സംസ്ക്കാരം ഉണ്ടാവും അതിൽ അവർ പിൻതുടർന്ന് പോരുന്ന പൊതുനിയമങ്ങളും പ്രത്യേക മാനദണ്ഡങ്ങളും പെരുമാറ്റചട്ടങ്ങളുമൊക്കെ ഉണ്ടായിരിക്കും. സോഷ്യൽ സൈക്കോളജിസ്റ്റുകൾ ഇതിനെ social norms എന്നാണ് വിളിക്കുന്നത്. അസംഖ്യം ജനങ്ങൾ ഒത്തൊരുമിച്ചു ജീവിച്ചുപോകുന്ന ഒരു സമൂഹം വലിയ ക്രമക്കേടുകൾ ഇല്ലാതെ നല്ലൊരു സിസ്റ്റമായി മുന്നോട്ട് പോകാൻ ഇത്തരം സാമൂഹികചട്ടങ്ങളും അലിഖിതമായ ഒട്ടേറെ നിയമങ്ങളും ഒരേസമയം തന്നെ ഓരോ വ്യക്തിയ്ക്കും ഒരു കൂട്ടം മനുഷ്യർക്കും അതിന്റെതായ രീതിയിൽ ഉപകാരപ്രദമാവുന്നുണ്ട്. പൊതുവായ, എല്ലാവർക്കും ഒരേപോലെ ബാധകമായ കുറെ നിയമങ്ങളായിരിക്കും ഇവ. എന്നാൽ ആരും ആരെയും അങ്ങനെ പഠിപ്പിച്ചുകൊടുക്കാറുമില്ല. അച്ഛനമ്മമാരോ മുതിർന്നവരോ ചെയ്യുന്നത് കണ്ടാണ് കുട്ടികളും അത് ഫോളോ ചെയ്തു തുടങ്ങുന്നത്.. പരമ്പരാഗതമായും, തലമുറകളായും പിന്തുടരുന്ന ഓരോ ആചാരമുറകൾ അടക്കം മനുഷ്യർ പാലിക്കേണ്ട മര്യാദകൾ, അച്ചടക്കങ്ങൾ ഇവയെല്ലാം മിക്കപ്പോഴും അലിഖിതങ്ങളായിരിക്കും. മനസ്സിലാക്കിയും അറിഞ്ഞും പെരുമാറാൻ മനുഷ്യർ സ്വയം പരിശീലിച്ചു വരികയാണ്, ചുറ്റുപാടുകളിൽ നിന്ന് തന്നെ പഠിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ സമൂഹം അംഗീകരിക്കുന്നതായ പെരുമാറ്റ രീതികളെയും മര്യാദകളെയും “etiquette” എന്നാണ് വിളിക്കുന്നത്. കുട്ടികൾക്ക് ഇവയെക്കുറിച്ചെല്ലാം അത്യാവശ്യം നല്ല ബോധം ഉണ്ടായിരിക്കേണ്ടതാണ്. ഇത് അവരിലെ വ്യക്തിത്വത്തെ മാറ്റുള്ളതാക്കാൻ സഹായിക്കും. ആളുകൾക്ക് അവരെ ഇഷ്ടപ്പെടാനും അവരുമായി മാന്യമായി ഇടപഴകാനും ഇതൊക്കെ ഒരു ഒരു കാരണമാവും. സാമൂഹിക അംഗീകാരം ലഭിക്കുമ്പോൾ തീർച്ചയായും സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഏത് മനുഷ്യനും ചിന്ത വന്ന് തുടങ്ങും. ആ നിമിഷം മുതൽ ഏറ്റവും നല്ല രീതിയിൽ ആളുകൾക്ക് മുന്നിൽ തന്നെ പ്രെസെൻറ് ചെയ്യാൻ അവർ ശ്രമിച്ച്‌ കൊണ്ടിരിക്കും.

ഇന്നും മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്നതായ കാലഹരണപ്പെട്ട നിയമങ്ങളും ആചാരങ്ങളും സമൂഹത്തിൽ കണ്ടുവരുന്ന മത, രാഷ്ട്രീയ അപചയങ്ങളും ജീർണ്ണതകളും കൂടാതെ ചില പ്രത്യേക വിഭാഗങ്ങൾക്കുള്ള ആധിപത്യമനോഭാവവും മേൽക്കോയ്മയും കയ്യേറ്റവും കയ്യാങ്കാളികളും ജനജീവിതം ദുസ്സഹമാക്കുന്നത് ഒരു നിത്യകാഴ്ചയാണെങ്കിലും പൊതുവെ സാമൂഹിക നിയമങ്ങൾ എല്ലാം തന്നെ വർഷങ്ങൾക്ക് മുമ്പ് ഒട്ടേറെ ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്നതും ക്രമക്കേടുകൾ നിറഞ്ഞതുമായ, നിയന്ത്രണങ്ങളും കടിഞ്ഞാണും ഇല്ലാത്ത ജീവിത രീതിയിൽ നിന്ന് രക്ഷപ്പെടാനും ചിട്ടയോടെയുള്ള ജീവിതത്തിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞപ്പോൾ മനുഷ്യർ തന്നെ രൂപപ്പെടുത്തിയെടുത്തതാണ് ഈ സിസ്റ്റവും വ്യവസ്ഥിതിയും. മനുഷ്യന് അത്കൊണ്ട് ചില ദോഷങ്ങളൊക്കെ ഉണ്ടെങ്കിലും അതിനെക്കാൾ പതിന്മടങ്ങ് ഗുണങ്ങൾ ഉള്ളതിനാൽ ആരും അതിനെ തള്ളിക്കളയാൻ തയാറാവാറില്ല.

നമ്മുടെ സ്വകാര്യജീവിതത്തിലേക്കുള്ള നുഴഞ്ഞു കയറ്റുമോ അതിക്രമിച്ചു കയറ്റമോ അല്ലാത്ത, വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാത്ത അല്ലെങ്കിൽ അവകാശങ്ങൾ ലംഘിക്കപ്പെടാത്ത എന്തിനെയും ഒരു സോഷ്യൽ ആനിമൽ എന്ന നിലയ്ക്ക് ഒരു സമൂഹത്തിന്റെ ഭാഗമായി നിലനിന്നു പോകാൻ നമുക്ക് ആവശ്യമായി വരും, അത് നമ്മൾ അംഗീകരിച്ചേ തീരൂ. അതിൽ ലിംഗഭേദമോ പണക്കാരൻ, പാവപ്പെട്ടവർ, എന്നൊന്നുമില്ല എല്ലാവർക്കും ഒരേപോലെ ബാധകമായ ഒന്നാണ് ഇത്തരം ഉപചാരക്രമകൾ പാലിക്കുക എന്നത്, പാലിക്കാൻ തയാറാവാത്തവരെ സമൂഹം ഒറ്റപ്പെടുത്താൻ ഇടയാക്കുന്നു, സമൂഹ്യവിരോധിയോ നിഷേധിയോ ആയി അവരെ മുദ്രകുത്തുന്നു, ഒന്നും പാടെ നിഷേധിക്കാൻ ആർക്കും കഴിയില്ല കഴിഞ്ഞാൽ തന്നെ അവരുടെ ജീവിതം പല കാരണങ്ങൾക്കൊണ്ടും സംഘർഷഭരിതമായി മാറും.

Also read: നന്മമരത്തോട് ഉപമിക്കപ്പെട്ട മതം

സമൂഹം അംഗീകരിക്കാത്ത ഒരാളായി മാറാൻ ആരും ഇഷ്ടപ്പെടുന്നില്ല അതിനാലാവാം പലപ്പോഴും തനിയ്ക്ക് ഒട്ടും ഇഷ്ടമില്ലാത്തതോ, പൊരുത്തപ്പെടാൻ സാധിക്കാത്തതോ ആയ കീഴ്വഴക്കങ്ങളെയും ആചാരങ്ങളും മാമൂലുകളെയും പരസ്യമായി തള്ളിപ്പറയാൻ ആരും മുതിരാത്തത്. അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് മനുഷ്യർ ഭയക്കുന്നു. കുടുംബസാമൂഹിക വ്യവസ്ഥിതിക്കുള്ളിൽ നിൽക്കുമ്പോൾ അവർ ആ സുരക്ഷാവലയത്തിനുള്ളിലാണ്. നിഷേധിക്കാൻ തുടങ്ങിയാൽ ആ വലയത്തിൽ നിന്ന് പുറത്താക്കപ്പെടും. ഇത് ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ ആരെയും വെറുപ്പിക്കാതെ, നീരസം ഏറ്റവാങ്ങാതെ സ്വഇഷ്ടപ്രകാരം സ്വന്തം ജീവിതം ചിട്ടപ്പെടുത്താനും ജീവിക്കാനും നിലപാടും സ്വന്തമായ ഒരു വ്യക്തിത്വവും ഉള്ളവർക്ക് കഴിയുന്നുണ്ട് കാരണം ജനപ്രീതിയും ആദരവും പിടിച്ചു പറ്റാൻ അവർക്ക് എളുപ്പം കഴിയുന്നു. അറിവും കാര്യബോധവും പക്വതയുമുള്ള ഒരാൾ വിധേയത്വത്തോടെ ജീവിച്ചു ശീലമില്ലാത്ത ഒരാൾ അയാളെ ആരും പഠിപ്പിക്കാനോ ചൊല്പടിക്ക് നിർത്താനോ പൊതുവെ ശ്രമിക്കാറില്ല.

കുഞ്ഞുങ്ങളും ഇതൊക്കെ സത്യത്തിൽ അറിഞ്ഞിരിക്കേണ്ടേ? അവരെ വളർത്തുമ്പോൾ സ്വതന്ത്രചിന്താഗതിയും നല്ല കാഴ്ചപ്പാടും നൽകി വളർത്തുകയും സാമൂഹിക ബോധവും താൻ ജീവിക്കുന്ന രാജ്യത്തെ ഒരു പൗരനെന്ന ബോധവും അജിനോടുണ്ടാവേണ്ട പ്രതിബദ്ധതയും സഹജാവബോധവും തെറ്റിനെയും ശരിയെയും വിവേചിച്ചറിയാനുള്ള കഴിവും അവർക്ക് നൽകേണ്ടതുണ്ട്. വിശാലമായി ചിന്തിക്കാൻ അവസരങ്ങൾ നൽകാതെ, അല്ലെങ്കിൽ അവരും അച്ഛനമ്മമാർ മനസ്സിലാക്കിയത്ര മനസ്സിലാക്കിയാൽ മതി, ആ അച്ഛനമ്മമാർ
തന്നെയാണ് അവരുടെ ശരി എന്ന ഭാവത്തിൽ ഇടുങ്ങിയ ചിന്താഗതിയോടെ വളർത്തി, ശരിയേത് തെറ്റെതെന്ന് മനസ്സിലാക്കാൻ കഴിയാതെ ജീവിക്കുന്ന മക്കളാക്കുന്നതിൽ നിന്ന് മാറി ബോധമുള്ള ഒരു തലമുറ പിറവിയെടുക്കാൻ വേണ്ടത് നമ്മൾ ചെയ്തുകൊണ്ടിരിക്കണം.

യുക്തിഭദ്രവും വിവേകപരവുമായ ചിന്തകളോടെ കാര്യങ്ങളെ ഗ്രഹിച്ചെടുക്കാനും മനസ്സിലാക്കാനും സമീപിക്കാനും തീരുമാനങ്ങൾ എടുക്കാനും തീർപ്പ് കല്പിക്കാനും കഴിയുന്ന മനസ്സ് അതായത് ഒരു reasoning mind ഉണ്ടെങ്കിൽ ആ കുട്ടി മിടുക്കൻ/മിടുക്കിയായി വളരും. യൗവനത്തോട് അടുക്കുമ്പോഴേക്കും അവൻ/അവൾ ഒരു അപൂർവ്വ വ്യക്തിത്വമായി മാറിക്കൊണ്ടിരിക്കും. കുഞ്ഞുങ്ങൾ വളർന്ന് സ്വന്തമായി വസ്തുതകളെ അടുത്തറിയാനും കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള പ്രതികരണശേഷിയും പ്രതിരോധശേഷിയും അവരിൽ ആക്റ്റീവ് ആയികഴിഞ്ഞാൽ അവർ തന്നെ സ്വയം അവരെ നയിച്ചോളും അനുഭവങ്ങളുടെ കുറവും ലോകത്തെയും ചുറ്റുപാടുകളെയും മനുഷ്യരെയും കുറിച്ചുള്ള അറിവിന്റെ അപര്യാപ്തതയും നികത്താൻ അവരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണം, സംവാദിച്ചുകൊണ്ടിരിക്കണം.

Also read: മണ്ണിൻ്റെ പേരിലെ മരണക്കളി എന്തിന്?

വ്യക്തിത്വം എന്നാൽ ഒരാൾക്ക് ശരിയായ നിലപാടുകൾ ഉണ്ടാവും കണ്ടതും കേട്ടതും അപ്പാടെ വിശ്വസിക്കില്ല. കേൾക്കുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങില്ല, അതിനകത്തെ സത്യങ്ങളെ ചികഞ്ഞു (അവൻ/അവൾ) അവരുടെ സെൻസിന് ബോധ്യപ്പെടുന്നതെ ഉൾക്കൊള്ളാൻ തയാറാവുള്ളൂ. വ്യക്തിത്വം ഉണ്ടാവുന്നതിനെ നമ്മളിൽ ചിലരൊന്നും പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. കാരണം നമ്മിലെ അഹന്തയോ, സ്വാർത്ഥതയൊക്കെ തന്നെ. എന്റെ താഴെ നിൽക്കണം താൻ പറയുന്നത് അനുസരിക്കണം അതാണ് അന്തസ്സ്, അതാണ് അഭിമാനം എന്ന് കരുതുന്ന നമുക്ക് മറ്റുള്ളവരെ അംഗീകരിക്കാൻ, അവരാണ് ശരി എന്ന് അംഗീകരിച്ചു കൊടുക്കാൻ എളുപ്പം കഴിയില്ല.

ആരിലും മതിപ്പുളവാക്കുന്ന, ആകർഷണീയമായ വ്യക്തിത്വം എന്നൊക്കെ പറഞ്ഞാൽ എല്ലാ മനുഷ്യരെയും ഒരേപോലെ കാണാൻ കഴിയുന്നവരാണ്. മനുഷ്യരെ, അവരിലെ പ്രകൃതത്തെ, സ്വഭാവസവിശേഷതകളെ, നന്മയെ തിരിച്ചറിയാനും പെരുമാറാനും കഴിയുന്ന ഒരാൾ ആയി മാറണം. മനുഷ്യർ എങ്ങനെയാണോ അതേപോലെ കണ്ടുകൊണ്ട് അവരെ സ്വീകരിക്കാനും ഉൾക്കൊള്ളാനും തയാറാവുന്ന ഒരാളെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക? ആരെയും പഠിപ്പിക്കാനോ നന്നാക്കാനോ അവർ പോകില്ല പക്ഷെ പലരെയും തന്നിലെ നന്മകൊണ്ടും വ്യക്തിപ്രഭാവംകൊണ്ടും സ്വാധീനിയ്ക്കാൻ അവർക്ക് കഴിയും ശ്രമിക്കുകയും ചെയ്യും. സഹജീവികളുടെ നന്മയ്ക്ക് വേണ്ടി തന്നാൽ ആവുന്നത് ചെയ്‌തുകൊടുക്കാനും ശ്രമിക്കും. മനുഷ്യത്വപരമായ ചിന്തകൾ സ്വാധീനിച്ച ഒരാൾക്ക് മനുഷ്യത്വവിരുദ്ധമായി ചിന്തിക്കാനോ പ്രവൃത്തിക്കാനോ കഴിയില്ല എന്നുള്ള കാര്യത്തിൽ ശങ്കയില്ലാത്തതിനാൽ മാതാപിതാക്കൾ സ്വന്തം കുട്ടികളെ മാനവികതയും മനുഷ്യത്വവും എന്തെന്ന് അറിയിച്ചു വളർത്തുന്നതിൽ വിമുഖത കാണിക്കരുത്. മാതാപിതാക്കളോട് തങ്ങൾക്കുള്ള കടമയും ഉത്തരവാദിത്വവും പൂർണ്ണമനസ്സോടെ നിറവേറ്റാൻ അവർക്ക് അതൊരു പ്രചോദനമായി മാറും.

ബന്ധങ്ങളുടെ അടിത്തറയെന്നാൽ സ്നേഹവും സഹകരണവും സംരക്ഷണവും സുരക്ഷിതത്വവും കെയറും പരിഗണനയുമൊക്കെയാണ്. അപ്പോഴേ കുടുംബം എന്ന മഹത്തായ സ്ഥാപനത്തിന് കെട്ടുറപ്പും ഈടും ഉണ്ടാവുള്ളൂ. അതിൽ മക്കൾക്കുള്ള റോൾ അവരും അറിഞ്ഞിരുന്നാൽ അല്ലെ വിഘ്നങ്ങളും തടസ്സങ്ങളും ഏതുമില്ലാതെ കുടുംബം മുന്നോട്ട് പോകാൻ മാതാപിതാക്കൾക്ക് കഴിയുള്ളൂ. അഭിപ്രായങ്ങൾ പലതാവാം നിലപാടുകൾ വ്യത്യസ്തമാവാം അവയെ മാനിയ്ക്കണം. അതാണ് അതിന്റെ ഭംഗി. ഒരേ ട്യുണിൽ നിന്ന് ഒരിക്കലും സംഗീതം ക്രിയേറ്റ് ചെയ്തെടുക്കാൻ കഴിയില്ല. വ്യത്യസ്തമായ സ്വരങ്ങളും വ്യതസ്തമായ ട്യൂണുകളും ലയിച്ചു ചേർന്നാണ് സംഗീതം ഉണ്ടാവുന്നത്. ആ സംഗീതം എത്ര മനോഹരമാണ്. ഇമ്പമുള്ള സംഗീതം.. ആസ്വാദിക്കാൻ എന്ത് മനോഹരമാണ്, അതിനാൽ കൂടുമ്പോൾ ഇമ്പമുള്ളത്, അതാവണം കുടുംബം എന്ന് ആഗ്രഹിക്കുന്നെങ്കിൽ വൈവിധ്യങ്ങളെയും ചേർത്ത് പിടിച്ചെ തീരൂ. നല്ല കുറെ വ്യക്തികൾ ചേരുമ്പോഴാണ് നല്ലൊരു കുടുംബം ഉണ്ടാവുന്നത്. ഇത്തരം ഒട്ടേറെ കുടുംബങ്ങൾ ചേർന്നിട്ടാണ് സമൂഹം രൂപപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ വ്യക്തികൾ നന്നായാൽ കുടുംബവും സമൂഹവും നന്നായി എന്നർത്ഥം.

Related Articles