Current Date

Search
Close this search box.
Search
Close this search box.

അമൂല്യമാം വ്യക്തിത്വത്തെ തിരിച്ചറിയുക

ഏതൊരു വ്യക്തിയ്ക്കും അയാളുടെ വ്യക്തിത്വത്തിനും അതിന്റെതായ ഒരു മൂല്യമുണ്ട്. അത് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുമുണ്ട്. എന്ന് മാത്രമല്ല അതറിഞ്ഞു വേണം ആരോടും പെരുമാറാൻ. പണവും പ്രതാപവും നോക്കിയോ സമൂഹത്തിലെ സ്ഥാനമാനങ്ങൾ നോക്കിയോ, ജാതിയ്ക്കും മതത്തിനും മുൻഗണന നൽകിയോ അല്ല, ഏതൊരു വ്യക്തിയെയും കൊച്ചുകുഞ്ഞുങ്ങളെ അടക്കം എല്ലാവരെയും ആദരവോടെ കാണാനും ആദരവോടെ ട്രീറ്റ് ചെയ്യാനും ഒരാൾക്ക് സാധിക്കുന്നെങ്കിൽ ആർക്കും അസൂയ തോന്നത്തക്ക വിധം ഒരു ഉത്കൃഷ്ട വ്യക്തിത്വത്തിലേക്ക് അയാൾ പരിവർത്തനം ചെയ്യപ്പെട്ടുക്കഴിഞ്ഞു എന്ന് സാരം. അങ്ങനെ സകലരിൽ നിന്നും പതിവിൽ കവിഞ്ഞ റെസ്പെക്ടും സ്നേഹവും അയാൾ നേടിയെടുക്കും. വളരെ ലളിതമായി ചിന്തിക്കാവുന്നതെ ഉള്ളൂ, എന്നുവെച്ചാൽ അപരനിൽ നിന്ന് നാം ആഗ്രഹിക്കുന്നത് എന്തോ അത് ഇങ്ങോട്ട് മാത്രമല്ല അങ്ങോട്ടും നൽകാൻ നമ്മുടെ മനസ്സ് സന്നദ്ധമാക്കണം. ആരെയും കാത്ത് നിന്ന് വൈകിക്കണ്ട, സ്വയം തന്നെ അതിനായ് നാന്ദി കുറിക്കാം. നല്ല പെരുമാറ്റം, അല്പം ആദരവ്, സ്നേഹം, പരിഗണന അതെല്ലാം നിരുപാധികം ചുറ്റിലുമുള്ള മനുഷ്യരിലേക്ക് പകർന്ന് മനോഹരമായ ഒരു പരിതസ്ഥിതിയെ സുന്ദരമായ ഒരു മനോഭാവം (attitude)കൊണ്ട് നമുക്ക് സൃഷ്ടിച്ചെടുക്കാവുന്നതെ ഉള്ളൂ.

അവനവൻ തന്നെ വേണം അവനവന് ഒരു മൂല്യം കണ്ടെത്താൻ. എനിയ്ക്ക് അവൻ/അവൾ യാതൊരു വിലയും കല്പിക്കുന്നില്ല എന്നത് പലർക്കും ഒരു പതിവ് പല്ലവിയാണ്. നമുക്ക് വിലയിടേണ്ടത് നാം തന്നെയാണെന്ന് ആദ്യം തിരിച്ചറിയുക. അതിൽ പരാജയപ്പെടാതെ നോക്കാം. അതേപോലെ അമൂല്യമായ ഈ ജീവിതത്തിന്റെ വില തിരിച്ചറിയുന്നതിൽ അലംഭാവവും അശ്രദ്ധയും കാണിക്കുന്നത് പിന്നീട് പശ്ചാത്താപത്തിനും കുറ്റബോധത്തിനും ഇടയാക്കും. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ വീണ്ടെടുക്കാനുള്ള ഒരു ഓപ്‌ഷൻ ഇല്ലല്ലോ. ജീവിതത്തിൽ അവനവന്റെയും ചുറ്റിലും കാണുന്ന ഓരോ വസ്തുവിന്റെയും സഹജീവികളുടെയും യാഥാർത്ഥ മൂല്യം തിരിച്ചറിയുന്നതോടെ ഒരു വ്യക്തിയിൽ ആശ്ചര്യകരമായ മാറ്റങ്ങൾ കണ്ടെന്ന് വരും. അയാൾ ആത്മനിർഭരനായി മാറും. അല്ലാത്തൊരു സാഹചര്യത്തിൽ എന്തൊക്കെ നേടിയാലും ഒന്നിലും സംതൃപ്തിയടയാൻ സാധിക്കാതെ അസംതൃപ്ത ജീവിതം നയിക്കേണ്ടിയും വരും. സംതൃപ്തിയ്ക്കും സന്തുഷ്ട ജീവിതത്തിനും ഇപ്പറഞ്ഞതൊക്കെ കൂടിയേ തീരൂ.

ഒരു സാമൂഹിക ജീവിയെന്നതിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ സമൂഹത്തിലും അതേപോലെ താനുമായി അടുത്ത് ഇടപഴകുന്നവർക്കിടയിലും തനിയ്ക്കായ് ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കൽ ഓരോ വ്യക്തിയുടെയും നിലനിൽപ്പിന്റെ ഭാഗമാണ്. മാത്രമല്ല അവനവന്റെ തന്നെ ഉത്തരവാദിത്വങ്ങളിൽ ഒന്നാണ് . ഒരാൾ അയാളെ സ്വയം വിലമതിക്കുന്നുണ്ടെങ്കിൽ, സെൽഫ് റെസ്പെക്ട് ഉള്ളൊരു ആളാണെങ്കിൽ സ്വാഭാവികമായും മറ്റുള്ളവരിൽ നിന്നും കൂടെ അത് പ്രതീക്ഷിക്കാവുന്ന വിധത്തിലുള്ള ഇടപെടലുകളും പെരുമാറ്റങ്ങളും മനോഭാവവുമാണ് അയാളിൽ ഉണ്ടാവേണ്ടത്. തന്നെ ഇകഴ്ത്താനും അവമതിക്കാനും ആരുടെ മുന്നിലും ഒരു കണക്കിനപ്പുറം നിന്നു കൊടുക്കുകയും അരുത്. ആത്മാഭിമാനം മുഖ്യമായൊരു ഘടകമാണ്. തനിക്ക് സ്ഥാനവും മാനവും ലഭിക്കുന്നിടത്ത് മാത്രം നിൽക്കാനും തന്റെ ലോകവുമായി ഇഴചേർന്ന് ജീവിക്കുന്നവർക്ക് അർഹമായ രീതിയിൽ അത് തിരിച്ച് നൽകാനും കനിവുള്ളവരായിരിക്കും നല്ല വ്യക്തിത്വങ്ങൾ. പുച്ഛം പരിഹാസം വ്യക്തിത്വത്തിലേക്കുള്ള കടന്ന് കയറ്റം, അതിക്രമം ഇവയ്ക്കെല്ലാം കൃത്യമായി തടയിടാൻ വേണ്ടത് അടിയുറച്ചൊരു വ്യക്തിത്വമാണ്.

തള്ളാനുള്ളത് തള്ളാനും കൊള്ളാനുള്ളത് മാത്രം കൊള്ളാനും അറിയണം. വേണ്ടിടത്തും അല്ലാത്തിടത്തും ഒരുപോലെ കയറി ഇടപെടുന്നതും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നതും ഒഴിവാക്കണം. ഇപ്പറഞ്ഞതൊന്നും ഒരു നല്ല വ്യക്തിത്വത്തിന് അത്ര ഭൂഷണമല്ല. അനുസരണ, അച്ചടക്കം, നല്ല ശീലങ്ങൾ, സ്വന്തമായ ശൈലി, മാന്യമായ രീതിയിൽ വിയോജിപ്പ് പ്രകടിപ്പിക്കൽ, താൻ ശരിയാണെന്ന ബോദ്ധ്യം ഉള്ളിടത്തോളം ആരെയും ഭയക്കാതിരിക്കൽ ഇവയെല്ലാം വ്യക്തിത്വത്തെ മഹനീയമായൊരു തലത്തിലേക്ക് എത്തിക്കുന്നു. തന്നിലെ വ്യക്തിത്വത്തെ നിലനിർത്തിക്കൊണ്ടുള്ള സംസാരവും പ്രവൃത്തിയുമുള്ളാരാളെ ആർക്കും വിശ്വസിക്കാം. എന്നാൽ ആത്മബോധത്തിന്റെ അഭാവത്തിൽ ഇതൊന്നും പ്രായോഗിക തലത്തിലേക്ക് എത്തിക്കാൻ പറ്റുകയുമില്ല. രക്ഷാകർതൃത്വം അതിസൂക്ഷ്മയതോടെ നിറവേറ്റണമെന്ന് വീണ്ടും വീണ്ടും ഊന്നിയൂന്നി പറയാൻ കാരണമിതാണ്. അപ്പോഴേ പുതുതലമുറയിലേയ്ക്ക് മൂല്യങ്ങൾ വേണ്ടവിധം പകർന്ന് നൽകാനും കൃത്യമായ മാർഗ്ഗദർശനം നൽകാനും സാധിക്കൂ. ആത്മാഭിമാന ബോധത്തോടെ വേണം കുഞ്ഞുങ്ങളെ വളർത്താൻ. ആത്മാഭിമാനത്തിന്റെ തോത് പരിമിതമാവുമ്പോഴും അതേപോലെ വേണ്ട ലെവലിൽ നിലനിർത്താൻ കഴിയാത്തപ്പോഴും വ്യക്തികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടായേക്കാവുന്ന അപര്യാപ്തതകളും കുറവുകളും ക്രമക്കേടുകളും വ്യക്തമായി ദർശിക്കാവുന്നതാണ്.

ഒരു വിഭാഗം ആളുകൾ വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായ അച്ചടക്കങ്ങളെയും ചിട്ടകളെയും ഒരുവിധം പാലിക്കുകയും സ്വന്തം ഉത്തരവാദിത്വങ്ങളിൽ കൃത്യവിലോപമൊന്നും വരുത്താതെ അനുവർത്തിക്കുന്നതായും നമുക്ക് കാണാൻ സാധിക്കുന്നെങ്കിൽ ഒരുപക്ഷേ അങ്ങനെയല്ലെങ്കിൽ മറ്റുള്ള ആളുകൾ തങ്ങളെക്കുറിച്ച് എന്ത് ധരിക്കും മര്യാദയും മാന്യതയും ഇല്ലാത്തവരായിട്ടോ നീചരെപ്പോലെയോ നിലവാരം കേട്ടവരായിട്ടൊക്കെ ചിത്രീകരിക്കില്ലേ എന്നുള്ള കടുത്ത കുറ്റബോധവും സങ്കോചവും ഭീതിയും മൂലവുമായേക്കാം. മറ്റുചിലർ ശരിയായ ധാർമ്മിക ബോധത്തിൽ നിന്ന് തന്നെയുമാവാം. കാരണം മനുഷ്യന് ഒരു പരിധിവരെ മേൽപ്പറഞ്ഞവയ്ക്കെല്ലാം വിധേയപ്പെട്ട് ജീവിക്കാനെ സാധിക്കുള്ളൂ അല്ലെങ്കിൽ ഒറ്റപ്പെട്ടുപോകും. സാമൂഹിക ജീവി എന്ന നിലയ്ക്ക് നാം ഓരോരുത്തരും അതിനെ ഭയക്കുന്നു.

എക്സപ്രസ്സീവാവണം വ്യക്തികൾ. വ്യക്തിത്വം പ്രകടമാവുന്നത് അപ്പോൾ മാത്രമാണ്. ഒരു വ്യക്തി എത്ര തന്നെ ഉത്തമനും ഉത്കൃഷ്ടമായ മനോഭാവം ഉള്ളവനായാലും ആളുകൾ തിരിച്ചറിയുന്നതും സ്വീകരിക്കുന്നതും അപ്പോഴാണ്. നിലപാടും വ്യക്തിത്വവുമുള്ളൊരാൾ പൊതുരംഗത്തേയ്ക്ക് ഇറങ്ങി നന്മ ചെയ്യുമ്പോൾ ആളുകൾക്ക് അയാളിൽ വിശ്വാസം ഉണ്ടാകും ആ വ്യക്തിയുടെ ഉദ്ദേശശുദ്ധിയെ വായിച്ചെടുക്കുന്നതിൽ പൊതുവെ പിഴവ് വരില്ല. അല്ലാത്തവരെ തെറ്റിദ്ധരിക്കാനുള്ള സാധ്യത വളരെയേറെയാണ്. സംശയദൃഷ്ടിയോടെയാണ് ആളുകൾ പല മനുഷ്യരെയും കാണുന്നത്. ഉള്ളിലെ തോന്നലുകൾ സത്യസന്ധമായി പ്രകടിപ്പിക്കാൻ ഒരിടം വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് കിട്ടിയാൽ അത് അത്യധികം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാനുള്ള അവസരങ്ങളാണ് അവയൊക്കെ. അപ്പോഴാണ് യഥാർത്ഥത്തിൽ അച്ഛനമ്മമാർക്ക് അവരെ തിരുത്താനുള്ള അവസരങ്ങൾ ലഭിക്കുന്നത്. സോഷ്യലൈസിംഗ് നന്നായി പരിചയിക്കാൻ സാഹചര്യങ്ങൾ ലഭിച്ചിട്ടില്ലാത്ത കുട്ടികളിൽ പിന്നീട് ഒട്ടേറെ പ്രശ്നങ്ങൾ കണ്ടെന്നുവരാം.

നിരീക്ഷണം ആവശ്യമാണ് മനുഷ്യന്. സ്വന്തമായ ബുദ്ധി ഉപയോഗിച്ച് വിവേചനബുദ്ധിയോടെ, യുക്തിയോടെ നിരീക്ഷിച്ച് സ്വന്തം അനുഭവങ്ങളെയും ചുറ്റുപാടിൽ നിന്ന് ഗ്രഹിച്ചെടുക്കുതിനെയെല്ലാം നിരത്തിവെച്ച് ഒരു ആത്മപഠനത്തിനായ് ഒരുങ്ങണം. ഇരുന്ന് കേൾക്കണം ആവുന്നത്ര ആളുകളെ. അത് തന്നിലെ അറിവിൻ ലോകത്തിന്റെ ചക്രവാളം വികസിപ്പിക്കുവാൻ സഹായിക്കും. വ്യത്യസ്തമായ കോണിലൂടെ ആളുകൾ ഒരു വിഷയത്തെ സമീപിക്കുന്നത് കാണുമ്പോൾ ഒരിക്കലും മറ്റൊരാളിൽ നിന്ന് ലഭിക്കുന്ന പരിമിതമായ വാക്കുകളിലോ കേവലം കേട്ടുകേൾവിയിലോ ഒരിക്കലും ഒരു നിഗമനത്തിലേക്ക് എത്തില്ല. അപവാദങ്ങൾക്ക് വല്ലാതെ ചെവി കൊടുക്കില്ല, വിശ്വസിക്കുകയുമില്ല. നേർക്കാഴ്ചയിലൂടെ വസ്തുതകളെ വിലയിരുത്തുന്നതാണ് വ്യക്തിത്വം.

സംസാരിക്കേണ്ടിടത്ത് സംസാരിയ്ക്കാതെ, അമിത വിധേയത്വം പ്രകടിപ്പിച്ചും, ആരോ പറയുന്നത് കേട്ട് മാത്രം ജീവിച്ചും സ്വന്തം ആസ്തിത്വം കൈമോശം വരുത്താതെ വ്യക്തിസ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിയണം. പ്രതിഷേധവും പ്രതികരണവും പോലെ തന്നെ പ്രാധാന്യമുണ്ട് പ്രതിരോധത്തിന്. ചില സന്ദർഭങ്ങളിൽ മൗനവും ഒരു കടുത്ത പ്രതിരോധമാണ്. സാഹചര്യങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് അവയെ കൃത്യമായി വിനിയോഗിക്കാനുള്ള കഴിവും നൈപുണ്യവും ഒരാളുടെ ജീവിതത്തിൽ നേടാവുന്ന ഏറ്റവും വലിയ വിജയമാവും. വേണ്ടത് നിലപാട് ആണ്, പ്രതിരോധത്തിന് പ്രത്യേകിച്ചും. അത് ശക്തമാവണമെങ്കിൽ ശക്തമായൊരു ആറ്റിട്യൂഡ് ഉണ്ടാക്കിയെടുക്കണം. ആത്മബോധത്തിൽ അല്ലെങ്കിൽ വ്യക്തിത്വബോധത്തിൽ നിൽക്കുന്ന ഒരാൾക്ക് അത് അനായാസാം ഉണ്ടാക്കിയെടുക്കാവുന്നതെ ഉള്ളൂ.

പ്രതികരിക്കുമ്പോഴും പ്രതിഷേധിക്കുമ്പോഴും പ്രതിരോധിക്കുമ്പോഴും ഉപയോഗിക്കുന്ന ഭാഷയും ടോണും കഴിവതും മാന്യമായിരിക്കണം. പൊതുവെ മനുഷ്യരിൽ കാണപ്പെടുന്ന ഒരു പ്രവണതയുണ്ട്, അവർ അങ്ങനെയല്ലേ, ഇവർ ഇങ്ങനെയല്ലേ എന്ന മറുചോദ്യം ഉന്നയിച്ച് അവനവന്റെ തെറ്റുകൾക്ക് ന്യായീകരണം കണ്ടെത്താനും മറയിടാനും ശ്രമിയ്ക്കും. വേറെ വഴിയൊന്നുമില്ലെങ്കിൽ മൂടുപടം എടുത്തണിയാനും പൊയ്മുഖം വെച്ച് നടക്കുന്നതിലും ആശ്രയം കണ്ടെത്തും. എന്നാലും ഒരു മാറ്റത്തിന്റെ ഓളങ്ങൾ സൃഷ്ടിക്കാനുള്ള എനർജി ചെലവഴിക്കാൻ മടിക്കുന്നു. ഒരു മാന്യമായ വ്യക്തിത്വം അതല്ല എന്ന് തിരിച്ചറിയണം നാം. സ്വത്വബോധത്തിൽ ജീവിക്കുന്ന ഒരാൾക്ക് ഒരിക്കലും അത് സാധ്യമല്ലെന്നും.

Related Articles