Personality

വീടെന്ന വിദ്യാലയം

കെ.ജി ക്ലാസ്സുകളിലും (pre-primary), പ്രൈമറി ക്ലാസ്സുകളിലും പഠിക്കുന്ന കുട്ടികളുടെ പ്രോഗ്രസ്സ് കാർഡ് എടുത്തു നോക്കിയാൽ കുഞ്ഞിന്റെ സ്വഭാവം അല്ലെങ്കിൽ സൈക്കോളജിയുമായി അനുബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന ചില കോളങ്ങൾ കാണാം. അവരുടെ ക്ലാസ് ടീച്ചർ ആണ് അത് ഫിൽ ചെയ്യുന്നത്. അതിന് ടീച്ചർ സ്വന്തം നിരീക്ഷണത്തിൽ ക്ലാസ്സിന്റെ അന്തരീക്ഷവുമായി കുഞ്ഞ് ഇണങ്ങുന്നുണ്ടോ അതായത് 1) കുട്ടി ക്ലസ്സിലെ തന്റെ സഹപാഠികളുമായി ശരിയാം വിധം ഇടപഴകുന്നുണ്ടോ mingle ആവുന്നതിലും കൂട്ട് കൂടുന്നതിലും കുഞ്ഞിന് വല്ല പ്രയാസവും ഉണ്ടോ. 2) ടീച്ചറും മറ്റ് കുട്ടികളുമായി വേണ്ടവിധത്തിൽ ആശയവിനിമയങ്ങൾ നടത്തുന്നുണ്ടോ അതായത് communication proper ആണോ? 3) വല്ലതും ചോദിച്ചാൽ ഉത്തരം തരുന്നുണ്ടോ അല്ലെങ്കിൽ പ്രതികരിക്കുന്നുണ്ടോ എന്നിവ കണ്ടെത്തുകയും അതാത് കുട്ടികളുടെ പ്രോഗ്രസ്സ് കാർഡിൽ കുറിച്ചിടുകയും ചെയ്യുന്നു.

ഇപ്പറഞ്ഞതൊക്കെ തന്റെ മക്കളിൽ ഉണ്ടോ ഇല്ലേ എന്നത് വേണമെങ്കിൽ ഓരോ രക്ഷിതാക്കളും കൂടെ ഉറപ്പ് വരുത്തിയാൽ വളരെയേറെ പ്രയോജനപ്രദമായി മാറും. കാരണം കുഞ്ഞിന്റെ വളർച്ചയ്ക്കും അതിജീവനത്തിന്റെ കാര്യത്തിലും ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകങ്ങൾ ആണ് അവയെല്ലാം. കുഞ്ഞിന്റെ സാമൂഹികമായ ഇടപെടലുകൾ (socialising) അല്ലെങ്കിൽ പൊതുവിടങ്ങളിൽ പെരുമാറുന്നതും തനിയ്ക്ക് ചുറ്റിനുമുള്ള ആളുകളും ലോകവുമായുള്ള വ്യവഹാര രീതികളിലും കാണുന്ന പോരായ്മകളോ കുറവുകളോ അവരെ കുറ്റപ്പെടുത്താതെ തന്നെ നികത്തിയെടുക്കാൻ അച്ഛനമ്മമാർക്ക് കഴിയണം.

മിക്ക രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ പഠന കാര്യത്തിൽ മാത്രമേ ഇതുവരെ ആധി പ്രകടിപ്പിക്കുന്നത് കണ്ടിട്ടുള്ളൂ. എന്നാൽ അപൂർവ്വം ചിലർ വ്യക്തിത്വ വളർച്ചയ്ക്കും കൂടെ പ്രാധാന്യം നൽകുന്നു. കുഞ്ഞുങ്ങൾ പഠനത്തിൽ അല്പം പിന്നിൽ ആയാലും പോലും ജീവിതവുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളിലെല്ലാം നല്ല മികവ് പുലർത്തുന്നെങ്കിൽ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ പാരാജയപ്പെടില്ല എന്ന് ആശ്വസിക്കാം. എന്നാൽ പ്രതീക്ഷിച്ച പോലെ ഉയർന്ന മാർക്ക് ലഭിക്കുകയും മറ്റുള്ള കാര്യങ്ങളിൽ പിന്നോക്കവസ്ഥയിലാവുകയും ചെയ്താൽ ജീവിതം അത്ര സുഖകരമാകാൻ ഇടയില്ല, അത്യധികം ക്ലേശകരമായി തീരുകയും ചെയ്യും. അതിനാൽ സ്‌കൂൾ പഠനത്തോടൊപ്പം തന്നെ കുഞ്ഞുങ്ങൾ ജീവിതവും പഠിക്കണം.

ക്ലാസ് ടീച്ചറുമായി ഓരോ പാരന്റ്-ടീച്ചേഴ്സ് മീറ്റിംഗിലും മൊത്തത്തിൽ തന്റെ കുഞ്ഞിന്റെ പ്രോഗ്രസ് എങ്ങനെയെന്ന് രക്ഷിതാക്കൾ ചോദിച്ച് അറിയണം. ടീച്ചേഴ്സ് പൊതുവെ കുട്ടികൾ വികൃതി കളിക്കുന്നതും പറഞ്ഞാൽ അനുസരിക്കാത്തതും ആദ്യം എടുത്ത് പറയും. ടീച്ചറിനെ സംബന്ധിച്ചിടത്തോളം അത്രയും കുഞ്ഞുങ്ങളെ ഒരേസമയം ഒരു ക്ലാസ്സിനകത്ത് പരിചരിക്കേണ്ട അവസ്ഥ വരികയാണ്. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ശിക്ഷണത്തിലാണ് അച്ചടക്കവും നല്ല ശീലവും പഠിക്കുന്നത്. മക്കൾ വീട്ടിലും സ്കൂളിലുമൊക്കെ വികൃതികൾ കാണിച്ചെന്നിരിക്കും. തല്ലും ബഹളവും ഉണ്ടാക്കിയേക്കാം അതേപോലെ മറ്റു കുട്ടികളെ ഉപദ്രവിച്ചു എന്നൊക്കെ വരാം. അതൊക്കെ സ്വാഭാവികമാണ്. എന്നാൽ വളരെ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ സ്വന്തം കുഞ്ഞ് തെറ്റ് ചെയ്തു എന്ന് തെളിഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ്സ് രക്ഷിതാക്കൾക്ക് ഉണ്ടാവണം. കേട്ടാൽ ആദ്യം ചെയ്യേണ്ടത് അവൻ/അവൾ അത് ചെയ്തിട്ടുണ്ടോ എന്ന് അറിയാനുള്ള വഴി കണ്ടെത്തുക. ചെയ്തിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഒച്ചയിടാതെ സാവകാശത്തിൽ സത്യം ഞങ്ങൾ അറിഞ്ഞു എന്നുള്ളത് കുട്ടിയെ ബോധ്യപ്പെടുത്തിയ ശേഷം തെറ്റ് തിരുത്താനുള്ള അവസരം നൽകുക. തന്റെ കുഞ്ഞ് തെറ്റ് ചെയ്തു എന്നതിൽ സങ്കോചിക്കേണ്ട ആവശ്യം ഒന്നുല്ല. കുഞ്ഞുങ്ങൾ എല്ലാകാര്യങ്ങളും ആദ്യമേ പഠിച്ചിട്ടൊന്നുമല്ല ഈ ലോകത്തേയ്ക്ക് വരുന്നത്. ഇത്രയും അനുഭവങ്ങളും പ്രായവും പക്വതയുമുള്ള നമുക്ക് തന്നെ തെറ്റുകൾ സംഭവിക്കുന്നെങ്കിൽ ഒന്നും അറിയാത്ത കുഞ്ഞിന്റെ കൈയിൽ നിന്നും അതിലും വലിയ തെറ്റുകൾ സംഭവിച്ചേക്കാം.

അതൊക്കെ യഥാസമയം കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കി തിരുത്താവുന്നതെ ഉള്ളൂ അതുകൊണ്ട് കേട്ടപാതി കേൾക്കാത്ത പാതി പ്രതികരിക്കാനോ പ്രകോപിതരാവാനോ ശകരിക്കാനോ നിൽക്കാതെ സമചിത്തതയോടെ വേണം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ. നമ്മുടെ കുഞ്ഞ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അവരെ മനസ്സിലാക്കാൻ നമ്മൾ തയാറാവുകയും വേണം അതിൽ വൈമനസ്യം കാണിക്കരുത്. കാരണം കുഞ്ഞുങ്ങൾ മാനസികമായി തകർന്ന് പോകുക മാത്രമല്ല അച്ഛനമ്മമാരെ വളരെ ചെറുപ്രായത്തിലേ വെറുത്തു തുടങ്ങാനും കാരണമാകും. ഈ ലോകത്ത് തന്നെ വിശ്വസിക്കുന്നവർ, തനിക്ക് ഏറ്റവും നന്നായി വിശ്വസിക്കാൻ കഴിയുന്നവർ തന്റെ മതാപിതാക്കളാണെന്ന് ഒരു കുഞ്ഞിന് തോന്നിക്കഴിഞ്ഞാൽ ആ രക്ഷപെട്ടു എന്ന് പറയാം. അത് ആ മാതാപിതാക്കളുടെ മിടുക്ക് തന്നെയാണ്.

കുഞ്ഞുങ്ങൾ ആളുകളെ ട്രീറ്റ് ചെയ്യുന്ന അല്ലെങ്കിൽ കാണുന്ന രീതിയാണ് മറ്റൊന്ന്. സ്വന്തം വീടുകളിൽ നിന്ന് തന്നെ തുടങ്ങാം. അവർ മുതിർന്നവരെ കണ്ട് പഠിച്ചും അനുകരിച്ചും തന്നെയാണ് വളരുന്നത് എന്ന് നമുക്ക് അറിയാമല്ലോ. പക്ഷെ അത് നെഗറ്റിവ് ആയ ലെവലിലേക്ക് എത്താതെ നോക്കേണ്ടതുണ്ട്. ഉദാഹരണത്തിന് വീട്ടിൽ പ്രായം കൂടിയവർ ഉണ്ടെങ്കിൽ അവരുടെ അസുഖാവസ്ഥയെ എന്നുവെച്ചാൽ ചുമയ്ക്കുന്നത്, ഏങ്ങുന്നത്, അവശതയോടെയുള്ള സംസാരം ഇതൊക്കെ കുഞ്ഞ് അനുകരിച്ച്‌ കാണിക്കുമ്പോൾ അതിശയപൂർവ്വം മാറി നിന്ന് നോക്കി ചിരിക്കുകയാണ് നമ്മൾ ചെയ്യുന്നത്. ഇത് ഒരു പരിധിവിടുമ്പോൾ തടയേണ്ടത് തന്നെയാണ്. അല്ലെങ്കിൽ നെഗറ്റിവ് ഇമ്പാക്ട് ഉണ്ടാക്കും. പ്രായമായവരെയും ആരെയും എന്തും പറഞ്ഞ് കളിയാക്കി ചിരിക്കാം എന്ന് കുഞ്ഞുങ്ങൾ മനസ്സിലാക്കും. മുതിർന്നവരോടും അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും വരെ കൊച്ചുകുഞ്ഞുങ്ങൾ എടാ പോടാ എന്നൊക്കെ തെറ്റായ ടോണിൽ സംസാരിക്കുമ്പോൾ നമ്മൾ ആസ്വദിക്കും പൊട്ടിച്ചിരിക്കും. അത് കാണുന്ന കുഞ്ഞ് എന്തോ വീരകൃത്യം ചെയ്ത ഭാവത്തോടെ നമ്മെ നോക്കും. പക്ഷെ ഒരു കാര്യം മറക്കാതിരുന്നാൽ നല്ലത്. തെറ്റായ ഒരു സന്ദേശം കുഞ്ഞിന്റെ മനസ്സിലേക്ക് അപ്പോഴും പോകുന്നുണ്ട് ആരെയും എനിയ്ക്ക് കളിയാക്കാം പരിഹസിക്കാം കൊച്ചാക്കി കാണാം അതിൽ ഒരു തെറ്റുമില്ല.

വീട്ടിൽ ജോലിക്ക് വരുന്ന വേലക്കാരെ വരെ കുഞ്ഞ് പരിഹാസരൂപേണ അവരുടെ സംസാരവും അംഗചലനങ്ങളും ശരീരഭാഷയും അനുകരിക്കുമ്പോൾ കുഞ്ഞുങ്ങൾ കാണിക്കുന്ന ഇത്തരം തമാശകൾ നമുക്ക് ഒരുപക്ഷെ ഒരു നേരംപോക്കായിട്ടെ തോന്നുള്ളൂ. ഒരു കാര്യം ശരിയാണ് രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ള ചെറിയ കുഞ്ഞാണെങ്കിൽ അവരെ എളുപ്പം തിരുത്താൻ കഴിയില്ല പക്ഷെ എന്നിരുന്നാലും രാത്രിയിൽ കൂടെ കിടത്തി ഉറക്കുമ്പോഴോ അവരുടെ കൂടെ ഇരിക്കുന്ന സമയത്തോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. സ്‌കൂളിലേക്ക്/പുറം ലോകത്തേയ്ക്ക് മക്കളെ പറഞ്ഞയക്കുമ്പോൾ പ്രത്യേകിച്ചും കുഞ്ഞിന്റെ പ്രകൃതവും പെരുമാറ്റവും നിരീക്ഷിച്ച് തെറ്റുകൾ ചൂണ്ടി കാണിച്ചുകൊടുത്ത് തിരുത്താൻ അച്ഛനമ്മമാർ ബാധ്യസ്ഥരാണ്.

പൊതുവെ കൊച്ചുകുട്ടികൾ സ്‌കൂളിൽ നിന്ന് തിരികെ വീട് എത്തുമ്പോൾ അവരുടെ ബാഗ് എടുത്ത് നോക്കിയാൽ ബുക്ക്സ് അല്ലെങ്കിൽ പെൻസിൽ ഇറെസർ പോലുള്ള വസ്തുക്കൾ കളഞ്ഞു വന്നിട്ടുണ്ടാവും. എന്നാൽ അവരിൽ ചില കൈയ്യൂക്ക് കൂടുതലുള്ള പിള്ളേര് ഉണ്ടാവുമല്ലോ, അവർ ആണെങ്കിൽ 2 എണ്ണം കൂടെ അധികം കൊണ്ടുവന്നിട്ടുണ്ടാവും. ഇതൊന്നും പൊതുവെ അച്ഛനമ്മമാർ അത്ര സീരിയസ് ആയി കാണാറില്ല എന്നതാണ് സത്യം. എന്നാൽ മേൽപറഞ്ഞ രണ്ട് കാര്യവും ഒരേപോലെ ശ്രദ്ധപതിപ്പിക്കേണ്ടതും ഗൗരവമുള്ളതുമായ കാര്യമാണ്.

കളഞ്ഞു വരുന്ന കുട്ടികൾക്ക് നിങ്ങളുടെ സാധനങ്ങൾ നിങ്ങൾ തന്നെയാണ് സൂക്ഷിക്കേണ്ടത് എന്ന ബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ‘അമ്മ അല്ലെങ്കിൽ വീട്ടിലെ സാധനങ്ങൾ ചിട്ടയോടെ എടുത്ത് വെയ്ക്കുന്നതും മൂത്ത സഹോദരങ്ങൾ സ്‌കൂളിൽ നിന്ന് വരുമ്പോൾ അവരുടെ ബാഗ് തുറന്ന് ഒന്നും കളയാതെ എല്ലാം കൊണ്ടുവരുന്നതും കാണിച്ചു കൊടുക്കണം. അതിനെല്ലാം മുമ്പേ തന്നെ കുഞ്ഞ് ധരിക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ കളിപ്പാട്ടങ്ങൾ യാഥാസ്ഥാനത്ത് വെയ്ക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് മുമ്പ് എഴുതിയ ലേഖനങ്ങളിൽ ഞാൻ സൂചിപ്പിച്ചിരുന്നതാണ്. അത് ശീലിക്കുന്നതിലൂടെ കുഞ്ഞിൽ രക്ഷിതാക്കൾ പറഞ്ഞുകൊടുക്കാതെയും പഠിപ്പിക്കാതെയും തന്നെ ഉത്തരവാദിത്വ ബോധം വന്ന് ചേരുന്നതാണ്.

മറ്റു കുട്ടികളുടെ വസ്തുക്കൾ നമ്മുടെ കുഞ്ഞിന്റെ കൈകളിൽ കണ്ടാൽ ആദ്യം അന്വേഷിക്കണം ആരുടേതാണെന്ന്. പിറ്റേന്ന് ക്ലാസ്സിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ആ വസ്തു തിരികെ നൽകലാണെന്ന് കുഞ്ഞിനെ ഓർമ്മപ്പെടുത്തണം. അവൻ/അവൾ എനിയ്ക്ക് തന്നതാണെന്നൊക്കെ കുഞ്ഞ് നമ്മോട് പറഞ്ഞേക്കാം പക്ഷെ അത് അനുവദിക്കാതിരിക്കലാണ് ഉത്തമം. കാരണം പറഞ്ഞുകൊടുക്കുകയും വെണം ആ കുട്ടിയുടെ അച്ഛനും അമ്മയും ക്യാഷ് കൊടുത്ത് വാങ്ങിക്കുന്ന സാധനമാണ്. അത് നമ്മൾക്ക് അവരുടെ അനുവാദമില്ലാതെ എടുക്കാൻ പാടില്ല. നിന്റെ ചെങ്ങാതിയെ അവന്റെ/അവളുടെ അച്ഛനും അമ്മയും ഇപ്പോൾ ശകരിക്കുന്നുണ്ടാവും. നമ്മൾ ആയിട്ട് ആർക്കും ഒരു ബുദ്ധിമുട്ട് നൽകാൻ പാടില്ല.

ഇതുപോലെയൊക്കെയുള്ള മോറൽസ് അഥവാ മൂല്യങ്ങൾ പകർന്ന് കൊടുക്കാൻ കഴിഞ്ഞാൽ മതി. അത് അതിന്റെതായ സമയത്ത് തന്നെയാണ് കുഞ്ഞിലേക്ക് ചെല്ലുന്നതെങ്കിൽ ആ കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ വിദ്യാലയവും അധ്യാപകരും ആ വീടും അച്ഛനമ്മമാരും തന്നെയായിരിക്കും.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close