Personality

ചുട്ടയിലെ ശീലം ചുടല വരെ

പിറന്ന് വീണതിന് ശേഷം നാലഞ്ച് മാസങ്ങൾക്കകം തന്നെ കുഞ്ഞുങ്ങൾ തൊട്ട് മുന്നിൽ കാണുന്നത് എന്തും കൈകൾ നീട്ടി എത്തിപ്പിടിക്കാൻ ശ്രമിക്കുകയും. തരം കിട്ടിയാൽ കയ്യിൽ ഒതുങ്ങുന്ന വസ്തുക്കൾ എല്ലാം വായിലേക്ക് കൊണ്ടുപോകുന്നതും അവരുടെ ഒരു ശീലമാണ്. ഫീഡിങ്ങ് ബോട്ടിൽ കൈകളിൽ പിടിച്ചു പാൽ കുടിക്കാൻ തുടങ്ങുന്നതെല്ലാം ഇവിടുന്ന് അങ്ങോട്ടുള്ള പ്രായം മുതലാണ്.

ഈ അവസരത്തിൽ കുഞ്ഞിന്മേൽ ശരിയായ ശ്രദ്ധയും നോട്ടവും ഇല്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാവും. കാരണം മുട്ടിലിഴഞ്ഞു ചെന്ന് വല്ല പ്രാണികളെയും ഇഴജന്തുക്കളെയും പിടിക്കാൻ നോക്കിയേക്കാം അല്ലെങ്കിൽ മുന്നിൽ കാണുന്ന നാണയത്തുട്ടുകളോ, കയ്യിൽ കിടക്കുന്ന മോതിരമൊക്കെ എടുത്ത് വിഴുങ്ങാനൊക്കെ സാധ്യതയുണ്ട്. എന്നാൽ നമുക്ക് ചെയ്യാവുന്ന ചിലതുണ്ട് വല്ല ബിസ്ക്കറ്റോ പഴവർഗ്ഗങ്ങളൊക്ക അവരുടെ കയ്യിൽ കൊടുത്തിട്ട് അവരെ സ്വയം ഭക്ഷിക്കാൻ പഠിപ്പിച്ചെടുക്കാം. പക്ഷെ ഇത് നമ്മുടെ മേൽനോട്ടത്തിൽ മാത്രമേ പാടുള്ളൂ. കാരണം ഭക്ഷണപദാർത്ഥങ്ങൾ തൊണ്ടയിൽ കുരുങ്ങാതെ നോക്കേണ്ടതുണ്ട്

ഒന്നര വയസ്സ് കഴിയുമ്പോഴത്തെക്കും അല്പം സാവകാശമെടുത്താണെങ്കിലും പതിയെ നമ്മുടെ കൂടെ തന്നെ ഇരുത്തി പ്ലെയ്റ്റിൽ ഭക്ഷണം വെച്ചുകൊടുത്ത് കൈകൊണ്ട് വാരിയെടുത്ത് കഴിക്കാൻ പഠിപ്പിച്ചെടുക്കണം. തുടക്കത്തിൽ ഒരുപക്ഷേ നൽകുന്നതിന്റെ പാതി മാത്രമേ വയറിലേക്ക് എത്തുകയുണ്ടാവുകയുള്ളൂ അത് സാരമാക്കാരുത്. ഭക്ഷണം കളഞ്ഞു പോകാതിരിക്കാൻ നിലത്ത് ഒരു പേപ്പറോ തുണിയോ വിരിക്കാം. പ്ലെയ്റ്റിന് പുറത്ത് പോകാതെ നമ്മൾ കഴിക്കുന്നത് കാണിച്ചു കൊടുത്ത് പഠിപ്പിച്ചെടുത്താൽ അവരും അത് പിന്തുടരും.

ഓരോ തവണ കുഞ്ഞ് മെച്ചപ്പെട്ടു വരുമ്പോഴും അത് എടുത്ത് പറഞ്ഞ് പ്രോത്സാഹനം നൽകണം, അത് കുഞ്ഞിന്റെ മാനസിക ആരോഗ്യത്തെ പുഷ്ടിപ്പെടുത്തും. കുഞ്ഞിന് തന്നിൽ അഭിമാനം ജനിപ്പിക്കുകയും വീണ്ടും വീണ്ടും നല്ല കാര്യങ്ങൾ ചെയ്യാനുളള പ്രേരണയും എനർജിയും പകർന്ന് നൽകുകയും ചെയ്യും. കുഞ്ഞുങ്ങളെ അവരാൽ കഴിയുന്ന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പഠിപ്പിച്ചെടുക്കാതെ രണ്ട് വയസ്സ് കഴിഞ്ഞും എടുത്തുകൊണ്ട് നടക്കുന്നതും, 3 വയസ്സ് കഴിഞ്ഞും ഭക്ഷണം വായിൽ വെച്ചു കൊടുത്തും ശീലമാക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അതല്ല വേണ്ടത് , അവരെ കൂടെ ഇരുത്തിയും നടത്തിയും ചൊല്ലിയും പറഞ്ഞും പഠിപ്പിച്ചും ശീലിപ്പിച്ചും എടുക്കാനുള്ള ഒരു മനസ്സാണ് വേണ്ടത്.

അമിത ലാളന ദോഷം ചെയ്യുമെന്നതിൽ ഒരു സംശയവുമില്ല. അമിത വളം നൽകി വിളയെ നശിപ്പിക്കുന്നത് പോലെയാണ് അത്. എപ്പോഴും ഓർക്കുക അവരെ സ്വയം പ്രാപ്തരാക്കുക എന്നതാണ് മാതാപിതാക്കളുടെ ധർമ്മം. ഏത് സഹചര്യത്തിനനുസരിച്ചും പരുവപ്പെടാൻ മനുഷ്യന് കഴിയുമെങ്കിലും താൻ അകപ്പെട്ടുപോയ നിസ്സഹായതയ്ക്കോ, തന്നിലെ നിസ്സംഗതയ്ക്കോ മുന്നിൽ പൂർണ്ണമായും കീഴ്പ്പെടലോ, മനസ്സില്ലാ മനസ്സോടെ സമരസപ്പെടലോ അല്ല ജീവിതം, നിശ്ചയദാർഢ്യംകൊണ്ടും ഇച്ഛാശക്തികൊണ്ടും സ്വയം വഴികൾ വെട്ടി തെളിച്ച്, കണക്കുകൾ വെട്ടി തിരുത്തി, പിഴവുകൾ തിരുത്തി കുറിച്ച്, ഉയരങ്ങളിലേക്ക് പടവുകൾ പണിതെടുത്ത് ലക്ഷ്യങ്ങൾ തേടിയുള്ള യാത്രയാണ് ജീവിതം എന്ന് അവരെ പഠിപ്പിച്ചെടുക്കേണ്ടതുണ്ട്.

വസ്ത്രങ്ങൾ അലക്കി ഉണക്കിയെടുത്തത് മടക്കി വെക്കുമ്പോൾ അവരുടെ വസ്ത്രങ്ങൾ വെയ്ക്കുന്ന ഇടം ഒരു കുഞ്ഞു ബാസ്ക്കറ്റോ, ഷെൽഫോ ആണെങ്കിൽ ചൂണ്ടി കാണിച്ചുകൊടുത്തിട്ട് ഓരോന്ന് എടുത്ത് കയ്യിൽ കൊടുത്ത് അതിന് അകത്ത് കൊണ്ടുപോയി വെയ്ക്കാൻ പറഞ്ഞാൽ കുഞ്ഞുങ്ങൾ അത് അത്യുത്സാഹത്തോടെ ചെയ്യുന്നത് കാണാം. അടുത്ത ദിവസം മുതൽ കുഞ്ഞിനോട് അത് പറയേണ്ട ആവശ്യം പോലും വരുന്നില്ല അവരത് സ്വയം അറിഞ്ഞു ചെയ്തോളും. അതേപോലെ പുറത്ത് പോയി വന്ന ശേഷം നമ്മൾ നമ്മുടെ ചെരിപ്പുകൾ എടുത്ത് സ്റ്റാൻഡിൽ കൊണ്ടുപോയി വെക്കാൻ നോക്കുമ്പോൾ അവരുടെ കൊച്ച് ഷൂ കയ്യിൽ എടുക്കാൻ പറഞ്ഞിട്ട് അവരെയും കൂട്ടി സ്റ്റാൻഡിനടുത്തേയ്ക്ക് നടന്ന് ചെന്ന് മുമ്പ് അത് വെച്ചിരുന്നത് എവിടെയോ, അതേ സ്ഥാനത്ത് കൊണ്ടുപോയി വെയ്ക്കാൻ ഒരു രണ്ടുമൂന്ന് തവണ ശീലിപ്പിച്ചാൽ കുഞ്ഞ് അത് പറയാതെ തന്നെ ചെയ്ത് തുടങ്ങും.

ഇതൊക്കെ നാളത്തെ ജീവിതത്തിൽ കുഞ്ഞിന് വളരെയധികം ഉപയോഗപ്പെടുമെന്ന് നിസ്സംശയം പറയാം. ചിട്ടകളും നല്ല ശീലങ്ങളും ജീവിതത്തിൽ പകർത്തിയവർക്ക് അത് പിന്നീട് ഒരു ഭാരമായി തോന്നാറില്ല എന്നതാണ് സത്യം. പിന്നീട് അത് പിന്തുടരാൻ കഴിയാതിരിക്കുമ്പോഴോ ചെയ്യാതിരിക്കുമ്പോഴോ ആണ് അവരിൽ അസ്വസ്ഥത ജനിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ അലസന്മാർ ആക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയൊരു റോൾ ഉണ്ട്. പൂർണ്ണ മനസ്സോടെയും ഔത്സുക്യത്തോടെയും എന്ത് കാര്യങ്ങളും ചെയ്യാൻ കുഞ്ഞുങ്ങൾ മനസ്സ് പ്രകടിപ്പിക്കുന്ന സമയത്ത് നീ ഒന്ന് മാറി നിന്നെ.. നീ വിട്, നിനക്ക് അതിനൊന്നും കഴിയില്ല എന്നീ വാക്കുകൾ പ്രയോഗിക്കുമ്പോൾ അവരുടെ ഉപബോധമനസ്സിൽ വളർച്ചയെ തടയുന്ന ചില നെഗറ്റിവ് തോന്നലുകൾ കടന്ന് കൂടുന്നുണ്ട്.
ക്ഷമയോടെ കുഞ്ഞുങ്ങൾ നിരന്തരം ഒരോ കാര്യം ശീലിച്ചെക്കുമ്പോൾ ആന്തരിക തലത്തിലും അതിനൊത്ത മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. തന്റെ വ്യക്തിത്വത്തെ തിളക്കമാർന്നതും ശോഭനീയവുമാക്കാനുള്ള ഏക മാതൃക(role model) തനിക്ക് തന്റെ അച്ഛനും അമ്മയും തന്നെയാണെന്ന ചിന്ത അവരുടെ മനസ്സിന്റെ ഉള്ളറയിൽ അത്രയും ആഴത്തിൽ സുവർണ്ണ ലിപികളാൽ പതിയുകയാണ്.

കുഞ്ഞുങ്ങളെ നിരീക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ അറിയാം അവരിലെ പല കഴിവുകളും അതിശയിപ്പിക്കും വിധമായിരിക്കും. കൊച്ചു കൊച്ചു കാര്യങ്ങൾ അവർ ചെയ്യുമ്പോൾ അതിനെയൊന്ന് നോക്കി നിന്നു വല്ലപ്പോഴെങ്കിലും നിരീക്ഷണവിധേയമാക്കണം. അവരുടെ ഓരോ ടാക്‌റ്റിക്ക് കണ്ടാൽ നമ്മൾ അത്ഭുതംകൂറി നിന്ന് പോകും, അന്തം വിട്ട് നിന്നു പോകും. നമ്മൾ കരുതുന്ന പോലെയല്ല കുഞ്ഞുങ്ങൾ. ചുറ്റുപാടിൽ നിന്നും കാര്യങ്ങൾ എളുപ്പം തലച്ചോറിലേക്ക് ഗ്രഹിച്ചെടുക്കാനും വശമാക്കാനും സ്വയത്തമാക്കാനും നമ്മെക്കാൾ എത്രയോ മടങ്ങ് സാമർത്ഥ്യവും പ്രബലതയും അവരിൽ ഉണ്ടാവും. ഉത്തമായ ഒരു രക്ഷകർതൃത്വത്തിന്റെ സ്വാധീനം കൊണ്ട് ഭാവിയിൽ പുതിയ പുതിയ കണ്ടെത്തലുകൾക്കും ന്യൂതനമായ ആശയങ്ങൾക്കും അവരുടെ തലച്ചോറുകൾ ഉറവിടമായി തീർന്നേക്കാം

അതുകൊണ്ട് നമ്മൾ ചെയ്യുന്ന രീതികൾ മാത്രമാണ് ശരി, നമ്മൾ പറയുന്നത് അല്ലെങ്കിൽ ചിന്തിക്കുന്നത് മാത്രമാണ് ശരിയെന്ന് ചൊല്ലി കുഞ്ഞിൽ ഓരോന്നും അടിച്ചേല്പിക്കുന്നത് അത്ര ഭൂഷണമല്ല. മാതൃകാ രക്ഷിതാക്കൾ എന്നാൽ എന്താണെന്നതിൽ നമുക്ക് സംശയം ഉണ്ടാവരുത്. മാത്രമല്ല കുഞ്ഞുങ്ങളെ വിലകുറച്ച് കാണുകയോ ഇകഴ്ത്തി സംസാരിക്കുകയോ, അവരുടെ മുന്നിൽ വെച്ച് തന്നെ അവരുടെ കഴിവുകളിൽ സംശയം പ്രകടിപ്പിക്കുകയോ ഒരിക്കലും അരുത്. പൊസിറ്റീവ് മനോഭാവത്തോടെ കുഞ്ഞുങ്ങളെ വളർത്തിയാൽ അവർ നമുക്ക് മുന്നിൽ വിസ്മയം സൃഷ്ടിക്കും.

മനശാസ്ത്രപരമായി അപഗ്രഥനം ചെയ്യുമ്പോൾ 3 വിധത്തിലുള്ള രക്ഷാകർതൃതം ആണ് നിലവിലുള്ളത്. 1) അതോറിറ്റേറിയൻ സ്റ്റൈൽ 2) അതോറിറ്റെറ്റിവ് സ്റ്റൈൽ 3) പെർമിസ്സിവ് സ്റ്റൈൽ അതേപോലെ transactional analysis (TA)ലും രണ്ട് തരത്തിലുള്ള രക്ഷാകർതൃത്വത്തെ വിശകലനം ചെയ്യുന്നുണ്ട്.

Facebook Comments
Related Articles
Show More

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Check Also

Close
Close
Close