Current Date

Search
Close this search box.
Search
Close this search box.

സമാനതകളില്ലാത്ത വ്യക്തിത്വതത്തിന് ഉടമകളാവാം

അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഓരോ മനുഷ്യന്റെയും മനസ്സിനകത്ത് ക്രമേണ രൂപംകൊള്ളുന്ന ഒരു മാനസിക തലമുണ്ട്. നിലവിലെ മാനസികാരോഗ്യം, യുക്തിബോധം, വളർന്നുവന്ന പരിതസ്ഥിതി, നേരിട്ട അനുഭവങ്ങൾ, ധാരണാശേഷി, ബൗദ്ധികവിജ്ഞാനം ഇവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഒരാൾ ഏത് തലത്തിലാണ് ചിന്തിയ്ക്കുന്നത് എന്നൊക്കെയുള്ള കാര്യം നിർണ്ണയിക്കപ്പെടുന്നത്. അതിനോട് തുല്യമായൊരു നിലവാരത്തിലുള്ള പ്രതികരണവും പ്രതിസ്പന്ദനവുമാണ് അതാത് വ്യക്തികളിലെ വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാകുന്നത്.

മാനസികമായി ഉയർന്നൊരു നിലവാരത്തിലേക്കോ മനുഷ്യന്റെ ഔന്നിത്യം വിളിച്ചോതുന്ന ഒരു തലത്തിലേക്കോ എത്തിച്ചേരാനുള്ള തീക്ഷ്ണമായ മോഹമാണ് ഒരാളുടെ ജീവിതലക്ഷ്യവുമെങ്കിൽ ആ മനുഷ്യനിൽ അന്തരീകവികാസവും വ്യക്തിത്വവളർച്ചയും സമഗ്രമായി നടക്കുന്നുണ്ടെന്നാണ് സാരം. ഈ വിധം അത്മോന്നതി നേടാനും ഉദ്ദേശശുദ്ധിയോടെ ചിന്തിച്ചും പ്രവൃത്തിച്ചും കർമ്മമണ്ഡലങ്ങളിൽ ആഗ്രഹിച്ച ഫലപ്രാപ്തിനേടാനും അവനവന്റെ ഉള്ളിൽ നിന്ന് തന്നെ ആത്മബോധം ഉണർന്നെ തീരൂ, വേറെ കുറുക്കു വഴികളൊന്നും ഇല്ല. യുക്തിഭദ്രമായ അതേസമയം ബോധത്തിലൂന്നിയ ചിന്തകളാൽ താൻ ഇതുവരെ സ്വന്തമാക്കിയ അറിവിന്റെ പൊരുളും അന്തരാർത്ഥങ്ങളും വായിച്ചെടുക്കാനുള്ള സ്വതസിദ്ധമായ കഴിവും പാടവവും പോലിരിക്കും അത്. ഇത്തരം സാദ്ചിന്തകളിൽ ഊന്നിയ പ്രയത്നങ്ങൾ വ്യക്തിയ്ക്ക് കൃത്യമായ ദിശാബോധവും ദാർശനികബോധവും ദൃഷ്ടാന്തവും സംഭാവനചെയ്യും.

ബാഹ്യലോകത്തോട് സംവദിക്കാൻ ശ്രവണശേഷിയും കാഴ്ചശേഷിയും ഒരാൾക്ക് ആവശ്യമാണ് എന്നാൽ സമൂഹത്തിൽ നിന്നും സ്വന്തം ചുറ്റുപാടിൽ നിന്നും കണ്ണിനാൽ ദർശനയോഗ്യമായതും കർണ്ണങ്ങളാൽ ശ്രവ്യയോഗ്യമായതും പോരാഞ്ഞ് കേൾക്കുന്നതെല്ലാം അപ്പാടെ വിശ്വസിച്ചുകളയുന്നത് അപകടകരമാണ്. ഒരുഫിൽട്ടറിങ് വളരെ അത്യാവശ്യമാണ്.

ഒരു മനുഷ്യൻ ആർജ്ജിച്ചെടുത്ത അറിവിന്റെയും ഉൾക്കാഴ്ചയുടെയും വ്യാപ്തിയ്ക്കും അഗാധതയ്ക്കും അനുസൃതമെന്നോണമാണ് ചിന്തയുടെ തലങ്ങൾ വികസിക്കുന്നത്. അറിവ് നേടാൻ അക്ഷരജ്ഞാനവും പുസ്തകങ്ങളും പാഠശാലയും തന്നെ വേണമെന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. മനുഷ്യരെ അവരിലെ നന്മയോടെയും തിന്മയോടെയും പതിവിലുപരി അടുത്തറിയാനും അവരെ സ്വാധീനിക്കാനും ഉയർന്ന ലെവലിൽ ചിന്തിക്കാൻ ഒരാൾക്ക് അനായാസേന സാധിക്കും. യഥാർത്ഥത്തിൽ സഹനവും ക്ഷമയും സഹിഷ്ണുതയും കൈവരാൻ മുകളിൽ നിഷ്ക്കർഷിച്ച പ്രകാരം മാനസികമായൊരു പക്വതയും ഉന്നതിയും പ്രാപിക്കേണ്ടതുണ്ട്.

ചില സങ്കുചിത, യാഥാസ്ഥിതിക മനോഭാവമുള്ള, അജ്ഞരായ വ്യക്തികൾക്ക് മിക്കപ്പോഴും മാനവികതയുടെ വളരെ താഴ്ന്ന തട്ടിൽ നിന്നിട്ടെ ചിന്തിക്കാനൊക്കാറുള്ളൂ. അതിനാൽ തന്റെ പരിമിതികളെ മറികടന്ന് ആരെയും മനസ്സിലാക്കാനോ, തിരിച്ചറിയാനോ കഴിയാതെ പോകുന്നത് അവരുടെ വലിയൊരു ന്യൂനതയാണ്. ഏറിപ്പോയാൽ തനിയ്ക്ക് പ്രിയപ്പെട്ടവരിൽ ചിലരെ മനസ്സിലാക്കാനുള്ള ചെറിയ ശ്രമങ്ങൾ നടത്തുമായിരിക്കും പക്ഷെ അതും പലപ്പോഴും ഫലം കാണില്ല. അതിൽ കൂടുതൽ അവരിൽ നിന്ന് പ്രതീക്ഷിക്കാനും കഴിയില്ല. അവരിൽ പലർക്കും തന്നെ സാഹചര്യത്തിനും അവസരത്തിനുമൊത്ത് ഉയരാനോ പ്രവൃത്തിക്കാനോ ശേഷിയും കഴിവുമില്ലാതെ പോകുന്നതിന്റെ ഹേതുവും അതാണ്.

അതിനാൽ മനുഷ്യരുടെ നന്മ മാത്രം കാംക്ഷിക്കുന്ന ഒരാൾ അത്ര ചെറിയൊരു കാര്യമല്ല ചെയ്യുന്നത് അതിമഹത്തായൊരു കാര്യമാണ്. മനുഷ്യൻ അക്ഷരാർത്ഥത്തിൽ അവരുടെ ചിന്തകൾ തന്നെയാണല്ലോ. തന്റെ ചിന്തകളും കാഴ്ചപ്പാടുകളും വിശ്വാസങ്ങളും ചുറ്റിനും സൃഷ്ടിയ്ക്കുന്ന ഓളങ്ങളും ചലനങ്ങളും പ്രതീക്ഷിക്കാവുന്നതിനൊക്കെ എത്രയോ അപ്പുറമാണെന്ന കാര്യത്തിൽ പലരും അജ്ഞരാണ്. അതുകൊണ്ടാണ് ആവർത്തിച്ചു പറയുന്നത് “ആത്മബോധത്തിന്റെ സാന്നിദ്ധ്യം മനുഷ്യരിൽ അത്ഭുതങ്ങൾ സൃഷ്ടിയ്ക്കും” എന്ന്. സ്വന്തം ചിന്തകൾ, വിചാരങ്ങൾ, വിശ്വാസങ്ങൾ ഇവയെല്ലാം അതിസൂക്ഷ്മമായി തന്നെ വിലയിരുത്തപ്പെടണം.

അറിഞ്ഞുകൊണ്ട് നന്മകളെ അധികരിപ്പിക്കലാണ് ബോധമുള്ള, പ്രബുദ്ധരായ മനുഷ്യർ അനുവർത്തിക്കേണ്ട കാര്യം. അത് അവരെ ആത്മാഭിമാനിയും ഉത്കൃഷ്ടരും ശ്രേഷ്ടരുമാക്കുന്നു. . തിന്മയിലും അനീതിയിലും അധിഷ്ഠിതമായ ആശയങ്ങളെയും എതിർക്കാം അവയെ അവജ്ഞയോടെ കാണാം. എന്നാൽ ബോധമുണരാത്ത കാലത്തോളം അജ്ഞതയിലും അബദ്ധജഡിലമായ വിശ്വാസങ്ങളിലും ജീവിക്കാൻ വിധിക്കപ്പെടുകയാണ് മനുഷ്യർ. അതിൽ അകപ്പെടാതെ നേരറിവോടെ ജീവിക്കാൻ മനുഷ്യർ ആത്മസത്തയിലേയ്ക്ക് ഇറങ്ങി ചിന്തിക്കണം.

വൈരുദ്ധ്യങ്ങൾ നിറഞ്ഞ ചിന്തകളും അനുഭവങ്ങളും മാത്രമല്ല, ജൈവീകപരവും മാനസികപരവുമായുള്ള വൈവിധ്യങ്ങളാൽ അതുല്യമായ മനുഷ്യർക്ക്, വ്യതിരിക്തമായ ഓരോ വ്യക്തിത്വങ്ങൾക്ക് അപരനിലേയ്ക്ക് ചേർന്ന് നിന്ന് സമഭാവനയോടെ ചിന്തിക്കാൻ സാധിക്കുമ്പോഴാണ് ഒരുമയും ഐക്യവും ഇവിടെ പുലരാൻ ഇടയാവുന്നത്. ഒരുപക്ഷേ സമാനചിന്തകരുമായി സംവദിക്കാനും ആശയം കൈമാറ്റത്തിനും അശേഷം തടസ്സം ഉണ്ടാവില്ല എന്നാൽ ചിലരെ ഉപദേശിക്കുക, കാര്യം പറഞ്ഞു മനസ്സാക്കികൊടുക്കുക എന്ന ഉദ്യമത്തിൽ പലപ്പോഴും ഉദ്ദിഷ്ടഫലം കണ്ടെത്താൻ കഴിയാതെ പോകുന്നത് സാധാരണമാണ്. ഉപദേശം ആർക്കും എന്തിനേറെ പറയുന്നു സ്വന്തം മക്കൾക്കോ ജീവിതപങ്കാളിക്കോ പോലും ഇഷ്ടപെടാത്ത ഒന്നാണ്.

വ്യത്യസ്ത ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കുമിടയിൽ അസ്വാരസ്യങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാവും. അത് സ്വാഭാവികമായതിനാൽ തന്നെ ചില മനസ്സുകൾ ഒത്തുചേർന്ന് പോകൽ അത്യധികം പ്രയാസകരമായി തോന്നാം. പലരുടെയും വൈവാഹിക ജീവിതം ദുരന്തപൂർണ്ണവും നിവാരണം ചെയ്യാൻ പറ്റാത്തത്ര പ്രശ്നഭരിതവും ആവുന്നത് മനപ്പൊരുത്തങ്ങളുടെ അഭാവമാണ്. പങ്കാളികൾ പരസ്പരം മനസ്സിലാക്കുന്നതും അവരുടെ പരസ്പര സഹകരണവും സ്നേഹവും മക്കളെ സ്വാധീനിക്കും അവരത് സ്വജീവിതത്തിലേയ്ക്ക് നിരുപാധികം ഒപ്പിയെടുക്കും.

അല്ലാതെ വെറുതെ സന്ദേഹപ്പെട്ട് ഇരുന്നിട്ട് കാര്യമില്ല. മനുഷ്യർ നേരിടുന്ന ഒരുവിധം പ്രശ്നങ്ങൾക്കെല്ലാം പരിഹാരങ്ങൾ അവനവനിൽ തന്നെയുണ്ട്. ബാഹ്യസമ്മർദ്ദങ്ങൾ അഥവ അപരശക്തികളുടെ അന്യായമായ ഇടപെടലുകൾ പലപ്പോഴും മനുഷ്യരിൽ സഹജവും അതിവിശിഷ്ടവുമായ ഇതുപോലെയുള്ള ഒട്ടേറെ കഴിവുകളെ മുരടിപ്പിച്ചു കളയുന്നുണ്ട്. ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഇടിയുന്നത്തിന്റെ വലിയൊരു കാരണമതാണ്. മാതാപിതാക്കൾ ധൈര്യവും വിശ്വാസവും പകർന്ന് നൽകി മക്കളുടെ കൂടെ ഉണ്ടാവണം. എങ്കിൽ ഉയർന്ന തലത്തിൽ ചിന്തിക്കാൻ കഴിവും ശേഷിയുമുള്ള സമാനതകളില്ലാത്ത ഒരു വ്യക്തിത്വതത്തിന് ഉടമകളായി മാറും മക്കൾ.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles