Current Date

Search
Close this search box.
Search
Close this search box.

ഊർജ്ജസ്വലമായ വ്യക്തിത്വത്തിന്

സന്മാർഗ്ഗത്തിലേയ്ക്കായാലും അസന്മാർഗ്ഗത്തിലേയ്ക്കായാലും ഒരു മനുഷ്യന്റെയുള്ളിലെ ചിന്തകളാണ് അയാളെ ഏതുവിധേനയും മുന്നോട്ട് നയിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനും വൈകാരികതയുടെ സ്വാധീനത്തിനും അതേപോലെ വ്യക്തിയിലെ സ്വഭാവഗുണങ്ങൾക്കും ഒരു മനുഷ്യനിലെ ചിന്തകളുടെ ഗതിവിഗതികൾ നിർണ്ണയിക്കാനുള്ള ശക്തിയുണ്ട്. ചിന്തിക്കാതെ ഒരു നിമിഷം പോലും മനുഷ്യന് ജീവിക്കാൻ കഴിയില്ല എന്നതാണ് സത്യം. വാസ്തവത്തിൽ മനുഷ്യരിലെ ഊർജ്ജമെന്നാൽ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലെല്ലാം തങ്ങളെ ലൈവായി, സജീവതയോടെ നിലനിർത്താൻ സഹായിക്കുന്ന ചിന്തകൾ തന്നെയാണ്. ഒരു ശരാശരി മനുഷ്യന്റെ ബ്രെയിനിലൂടെ പ്രതിദിനം ആറായിരത്തി ഇരുന്നൂറോളം ചിന്തകൾ കടന്ന് പോകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ചിന്തകളില്ലെങ്കിലും മനുഷ്യന് ഒരുപരിധിവരെ ജീവിക്കാൻ കഴിയും പക്ഷെ paralysed ആയിപ്പോയ ഒരുരോഗിയെ പോലെ ഒരുഭാഗത്ത് മരവിച്ചു കിടപ്പാവും ശരീരം.

ഒട്ടുമിക്ക ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളും ഉപബോധമനസ്സിന്റെ നിയന്ത്രണത്തിലാണ്. ഭൂതകാലസംബന്ധമായ എല്ലാവിധ ഓർമ്മകളും ചിന്തകളും ഫീലിംഗ്‌സും സ്റ്റോർ ചെയ്യപ്പെടുന്നതും ഉപബോധമനസ്സിലാണ്. എന്നാൽ ബാഹ്യാവയവങ്ങളുടെ ചലനശേഷിയ്ക്ക് അതുപോര, കാരണം വർത്തമാനകാലത്തിലെ മനുഷ്യന്റെ ചിന്തകളും ഫീലിംഗ്‌സുമെല്ലാം ബോധമനസ്സിലാണ് സംഭവിക്കുന്നത്. ചിന്തകൾ നിശ്ചലമാകുമ്പോൾ ഈ നിമിഷം താൻ എന്ത് വേണം, താൻ എന്ത് ചെയ്യണം എന്ന് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. ഇത് തുടർന്നാൽ ബാഹ്യേലോകവുമായിട്ടുള്ള മനുഷ്യന്റെ ബന്ധം പൂർണ്ണമായും നിലച്ച്പോകും. ബാഹ്യലോകവുമായി സംസർഗ്ഗം നടത്താനുള്ള ബ്രെയിനിന്റെ എല്ലാവിധ പ്രോസ്സസിംഗും നിലയ്ക്കും. എഴുന്നേൽക്കണം, ഇരിക്കണം, മിണ്ടണം, നടക്കണം എന്നൊക്കെ മനസ്സിൽ വിചാരിക്കുമ്പോഴാണല്ലോ അത്തരം ആക്ടിവിറ്റികൾ ചെയ്യാൻ ബ്രെയിൻ പഞ്ചേന്ദ്രിയങ്ങളെ പ്രേരിപ്പിക്കുന്നത്. അതേപോലെ യുക്തിയും ബുദ്ധിയും ബോധമനസ്സിനെ ഉള്ളൂ. ഒട്ടും ചിന്തകളില്ലാത്ത മനുഷ്യർ അതിനാൽ കോമയിലെന്ന പോലെ നിർജ്ജീവമായി കിടക്കും.

അതുകൊണ്ട് മനുഷ്യരെ പുരോഗതിയിലേയ്ക്ക് ആയാലും അധോഗതിയിലേയ്ക്ക് ആയാലും ലക്ഷ്യപ്രാപ്തിയിലേയ്ക്ക് എത്താൻ വലിയൊരു ഉത്തേജകമാകുന്നത് അവരുടെ തന്നെ സ്വന്തം ചിന്തകളാണ്. ഒന്നുകിൽ മോട്ടീവ് അല്ലെങ്കിൽ ഡീമോട്ടീവ്‌ ആയ ചിന്തകൾ, ഇവയിൽ ഏതെങ്കിലുമൊന്നാവും.

മനസ്സിൽ ആഗ്രഹിക്കാത്ത കാര്യങ്ങളൊന്നും പ്രാക്ടിക്കൽ ആക്കാൻ മനുഷ്യർക്ക് കഴിയില്ല അതല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം അത്രയ്ക്കായിരിക്കണം. അതേപോലെ മറ്റൊരാളുടെ ചിന്തകളുടെ പ്രതിഫലനവും പ്രവൃത്തികളുടെ പ്രത്യാഘാതവും ഏതെങ്കിലും വിധത്തിൽ നമ്മിലേക്ക് വന്ന് പതിക്കുന്നതും സ്വാഭാവികം. എന്തായാലും ഇന്ന് കണ്മുന്നിൽ കാണുന്ന ലോകം ഈ ഭൂമുഖത്തേക്ക് വന്നും പോയുമിരിക്കുന്ന മനുഷ്യരുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും കൂടെ റിസൾട്ട് ആണ് അത് ചിലപ്പോൾ പോസിറ്റീവ് ആവാം നെഗറ്റീവ് ആവാം. അലകളടങ്ങിയ, ശാന്തമായി കിടക്കുന്ന ജലശയത്തിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞാൽ ആ കല്ല് ചെന്ന് പതിച്ചയിടത്താണ് ഏറ്റവുമധികം ചലനവും ആഘാതവും സൃഷ്ടിക്കുന്നതെങ്കിലും അതിന്റെ തരംഗങ്ങൾ ചുറ്റിലും ഓളങ്ങളായി ചെന്ന് പതിയുന്നുണ്ട്. ഇതേപോലെ ഓരോ മനുഷ്യന്റെയും ചിന്തകൾ അയാളുമായി അടുത്ത് നിൽക്കുന്ന ആളുകളുടെ ജീവിതത്തെ പല അർത്ഥത്തിലും ബാധിക്കുന്നുണ്ട്. നാം പോലും അറിയാതെ, ബോധപൂർവ്വമല്ലെങ്കിലും ചിലരുടെയെല്ലാം ജീവിതത്തിൽ ഹീറോ ആയിട്ടും മറ്റുചിലരുടെ ജീവിതത്തിൽ വില്ലനായും നാം പ്രത്യക്ഷപ്പെടുന്നത് അങ്ങനെയാണ്. ചിന്തകൾക്ക് അപാരശക്തിയാണ് എന്നതിന്റെ തെളിവ് വേറെ ആവശ്യമില്ലല്ലോ. അസന്മാർഗ്ഗികമായ ചിന്തകളുടെ ഭവിഷ്യത്ത് ഒരാൾക്ക് മാത്രമല്ല ആ കുടുംബത്തിനും മറ്റു കുടുംബങ്ങൾക്കും സമൂഹത്തിനും ആപത്തായി മാറിയേക്കാം. സാമൂഹികാവബോധവും സഹജ്ജവബോധവുമില്ലാത്ത മനുഷ്യർ വരുത്തി വെയ്ക്കുന്ന വിന ചില്ലറയായിരിയ്ക്കില്ല.

മക്കളുമായി ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിലും അവരിലെ ഇച്ഛാശക്തി, ഭാവന, ബുദ്ധിപരവും യുക്തിപരവുമായ ചിന്തിക്കാനുള്ള ശേഷി, ജീവിതത്തെക്കുറിച്ചുള്ള ബോധം ഇവയൊക്കെ അനുമാനിച്ചും തിട്ടപ്പെടുത്തിയുമെടുക്കാൻ പരിശ്രമിക്കണം. വ്യക്തമായ ഒരു പാത മുന്നിൽ വെട്ടിയെടുക്കാനും പ്രാപ്തിയിലേക്ക് എത്താനും കഴിയുമോ, ആത്മവിശ്വാസം ഉണ്ടോയെന്ന് വിലയിരുത്തണം. പാടങ്ങളിൽ വെള്ളം തിരിച്ചുവിടുന്നത് കണ്ടിട്ടില്ലേ? അതുപോലെ നല്ല കഴമ്പുള്ള വിഷയങ്ങളിലേക്ക് കുട്ടികളുടെ എനർജിയുടെ ഒഴുക്കിനെ തിരിച്ചുവിടാൻ ശ്രമിക്കാവുന്നതാണ്. ലക്ഷ്യം കുഞ്ഞിലെ വ്യക്തിത്വമാവണം അല്ലാതെ തങ്ങളിലെ സ്വാർത്ഥതയാവരുത്. സ്വതന്ത്രമായി ചിന്തിക്കട്ടെ, വളരട്ടെ അവർ.

ചിന്തകളെ അതിവിദഗ്‌ധമായി കൈകാര്യം ചെയ്യാൻ അഥവാ maanipulate ചെയ്യാൻ മനുഷ്യർക്ക് സാധിക്കും. എന്നാൽ തെറ്റായ രീതിയിൽ manipulate ചെയ്യുന്നത് വ്യക്തിത്വത്തെ ഹീനമാക്കും. എത്രത്തോളം ക്രിയാത്മകമാണോ, നിർമ്മാണാത്മകമാണോ ചിന്തകൾ അത്രത്തോളം മനോഹരമാവും വ്യക്തിത്വം. തന്നിലെ ചിന്തകളെ നിയന്ത്രിക്കേണ്ടതിലൊന്നും കുട്ടികൾക്ക് ബോധമോ, അനുഭവ പരിചയമോ ഇല്ല, അവരുമായി കമ്യൂണിക്കേറ്റ് ചെയ്യുക എന്നതാണ് ഏകപ്രതിവിധി. സ്വന്തം സന്താനങ്ങൾക്ക് വഴികാട്ടിയാവാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്. ബോധമുള്ള രക്ഷിതാക്കൾ അവരുടെ ചിന്തകളിൽ നന്മ നിറയ്ക്കാനും മനുഷ്യത്വപരമായ ചിന്തകൾകൊണ്ട് അവരെ സ്വാധീനിക്കാനും പ്രതിജ്ഞാബദ്ധരാവണം.

അതിന് മാതാപിതാക്കളുടെ ഇടപെടലുകൾക്ക് സാധിച്ചില്ലെങ്കിൽ മക്കളിൽ ഇപ്പറഞ്ഞവയുടെയെല്ലാം തോത് ശുഷ്ക്കിച്ചിരിക്കും. കാരണം കുഞ്ഞിന്റെ വ്യക്തിത്വരൂപീകരണത്തിന് അടിത്തറ പാകുന്നത് ആദ്യത്തെ 1-3 വരെ വയസ്സിലാണ് 3-7 വരെ പ്രായത്തിൽ കൃത്യമായ ഗൈഡൻസ് നൽകാനും നല്ല ശീലങ്ങൾ ഓരോന്നും പ്രാവർത്തികമാക്കാനും പഠിപ്പിക്കാം അവനവനിലെ എനർജിയെ അഥവാ ചിന്തകളെ ഫലപ്രദമായി വിനിയോഗിക്കുന്നത് പഠിപ്പിക്കാൻ കഴിഞ്ഞെങ്കിൽ വിജയിച്ചു. കൊച്ചുകുട്ടികളെ നിരീക്ഷിച്ചാൽ അറിയാം എപ്പോഴും ഊർജ്ജസ്വലതയോടെ നിൽക്കുന്നവരാണ് അവർ. ഓടിയും ചാടിയും തുള്ളിയും കളിച്ച് അവർ സദാസമയവും ആക്‌ടീവ് ആയിരിക്കുന്നത് കാണുമ്പോൾ അച്ഛനമ്മമാർ വഴക്ക് പറയും നിനക്ക് ഒന്ന് അടങ്ങി ഇരിക്കാൻ മേലെ എന്ന് ചോദിക്കും. എനർജി കുറവുള്ളവർ പൊതുവെ മടിപിടിച്ച് ഇരിക്കാനാണ് ആഗ്രഹിക്കുക. ആക്റ്റീവ് ആവില്ല.

അപ്പോൾ പറഞ്ഞു വന്നത് ഫുൾ ഓഫ് എനർജിയോടെ നിറഞ്ഞുനിൽക്കുന്ന സമൃദ്ധമായ ഊർജ്ജത്തോടെ, ഉത്സാഹിയായ സ്വന്തം സന്താനങ്ങളെ രക്ഷിതാക്കൾ അവരുടെ താൽപര്യങ്ങൾ, ഇഷ്ടങ്ങൾ, അഭിരുചികൾ, കഴിവുകൾ നോക്കി അതിലൂടെ അഭിവൃദ്ധിപ്പെട്ട് വരാൻ കൂടെ നിന്നാൽ ആ കുഞ്ഞ് പ്രസ്തുത മേഖലയിൽ അതിവിദഗ്ധനും അഗ്രഗണ്യനും ആയി മാറും. എന്താണ് ഒരു വ്യക്തി സ്വയം ഇഷ്ടപ്പെടുന്ന, അയാളിൽ അഭിനിവേശം തോന്നിപ്പിക്കുന്ന ഒരു കാര്യം ചെയ്യുമ്പോൾ അയാൾക്ക് ക്ഷീണമോ, അലസതയോ, തളർച്ചയോ അനുഭവപ്പെടാത്തത്?
ഇഷ്ടമുള്ള കാര്യങ്ങളിലും പ്രവൃത്തികളിലും എൻഗേജ്ഡ് ആവുമ്പോൾ അവർ സന്തോഷവാന്മാരാണ്. അതിന് സാധിക്കാതെ മുഷിഞ്ഞ് ഇരിക്കുമ്പോഴാണ് വേണ്ടാത്ത ചിന്തകൾ മനസ്സിനെ കീഴടക്കുന്നത്. മനസ്സ് ഇഷ്ടപൂർവ്വം വ്യാപൃതമാവുന്ന കാര്യങ്ങളിലൂടെ ജീവിതത്തെ അനുദിനം കൂടുതൽ ഊർജ്ജിതമാക്കിയെടുക്കാൻ സാധിക്കും.

ഒരാൾ വിചാരിച്ചാൽ മറ്റൊരാളെ ബ്രെയിൻ വാഷ് ചെയതെടുക്കാൻ സാധിക്കുമെന്നതിനാൽ ഇതിനെക്കുറിച്ചൊക്കെ ജാഗരൂകരായിരിക്കണം, നമ്മുടെ തലച്ചോറ് മറ്റാരുടെയെങ്കിലും കയ്യിലേക്ക് കൊടുത്താൽ ഒരു റിമോട്ട് കാൻഡ്രോളിൽ എന്ന പോലെ അവർക്ക് നമ്മെവെച്ച് എന്തും ചെയ്തെടുക്കൻ സാധിക്കും, ഹിപ്നോടൈസ് ചെയ്തപോലിരിക്കും. തന്ത്രപരമായി ചിന്തകൾ കുത്തിവെച്ച് ബ്രെയിൻ വാഷ് ചെയ്ത് പലപ്പോഴും മനുഷ്യരെ സ്വന്തം ഇംഗീതത്തിന് അനുസരിച്ച് പ്രവൃത്തിക്കാൻ കരുവാക്കിയെടുക്കുന്നവരുണ്ട്. ഫ്രോഡുകൾ പൊതുവെ മനുഷ്യരെ ഉപയോഗിക്കുന്നത് ഇതുപോലെ അതിവിദഗ്ധമായി മനസ്സ് കയ്യിലെടുത്താണ്. ഇതേപോലെ മറ്റൊന്നാണ് ഇമോഷണൽ ബ്ലാക്ക്മെയിലിങ് ഇമോഷണൽ ബ്ലാക്ക്മെയിലിങ് വഴി നമ്മുടെ പ്രിയപ്പെട്ടവർക്ക് നമ്മെ അവരുടെ അധീനതയിൽ നിർത്താനും അടിമകളാക്കാനും പറ്റും.

ഏത് മനുഷ്യനും റിലാക്സേഷൻ ആവശ്യമാണ്. എങ്കിൽ മാത്രമേ ഉന്മേഷം വീണ്ടെടുക്കാനും ഊർജ്ജത്തെ സജീവമാക്കി നിർത്താനും കർമ്മനിരതയോടെ പ്രവൃത്തിക്കാനുമുള്ള ശേഷി കിട്ടുള്ളൂ. ഒരാളിലെ അതിതീക്ഷ്ണമായ ചിന്തകളെ, ഇച്ഛകളെ, ലക്ഷ്യത്തെ സഫലീകരിക്കാൻ മനസ്സ് പോലെ ശരീരവും അഹോരാത്രം കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. പകൽ മുഴുവൻ ബ്രെയിൻ, ഹാർട്ട്, കിഡ്നി, കരൾ പോലുള്ള ആന്തരീക അവയവങ്ങളെ അതിനായ് സജീവമാക്കി നിർത്താനുള്ള ഊർജ്ജം ശരീരം പ്രദാനം ചെയ്യുമ്പോൾ വിശ്രമം ആവശ്യമായി വരുന്നു. മനസ്സിന് നവോന്മേഷം പകരനായിട്ടും റിലാക്സേഷന് വേണ്ടിയും വിനോദങ്ങളിൽ ഏർപ്പെടാറുണ്ട് ചിലർ. അതേപോലെ തന്നെ ഉറങ്ങുന്നത് ആന്തരീക അവയവങ്ങൾക്ക് റിലാക്സേഷനും വിശ്രമവും പകരും.

ഒരുപരിധി വരെ ചിന്തകളെ നിയന്ത്രിക്കാൻ മനുഷ്യന് കഴിവുണ്ട്. ആത്മബോധം അനിവാര്യമാണ് അതിന്. വൈകാരികമായ നിമിഷങ്ങളിൽ അതിന്റെ തീവ്രസാന്നിധ്യവും കൂടെ കൂടിക്കലർന്ന് ചിന്തകൾ അനിയന്ത്രിതമാകുന്നത് സ്വാഭാവികമാണ്. വികാരങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും ചിന്തകളിലെ ന്യൂനതകളെയും സങ്കുചിതത്വവും തിരിച്ചറിഞ്ഞ് കാഴ്ചപ്പാടുകൾ മാറ്റുന്നതും വ്യക്തിത്വത്തിന്റെ മേന്മയേറും. ആന്തരീകപരിവർത്തനം നടക്കുന്നത് അങ്ങനെയാണ്.

മനുഷ്യരുടെ അടിസ്ഥാനസ്വഭാവത്തിൽ (human instinct) നിലനിൽക്കുന്ന ഒന്നാണ് അക്രമവാസന. തങ്ങളിൽ സഹജമായ ഇത്തരം ചിന്തകളെയും കലഹങ്ങൾ സൃഷ്ടിക്കുന്ന പ്രവണതയെയും ബോധപൂർവ്വം നിയന്ത്രിക്കാൻ സാധിക്കും. പലപ്പോഴും വിനാശകരവും തിന്മകൾ നിറഞ്ഞതുമായ ചിന്തകൾകൊണ്ട് അവനവന് തന്നെ ദ്രോഹം വരുത്തി വെയ്ക്കാറുണ്ട് മനുഷ്യർ. തിന്മകൾ ചിന്തിക്കാത്ത മനുഷ്യർ തന്നെ ഈ ലോകത്തിൽ ഇല്ല എന്ന് വേണം പറയാൻ. തിന്മകൾ ബോധത്തിൽ നിന്നുകൊണ്ട് അകറ്റണം നന്മകളാൽ പുനഃസ്ഥാപിക്കപ്പെടണം അവിടം. അന്ധകാരത്തിലേയ്ക്ക് വെളിച്ചം പകരുന്ന പോലെ. നന്മ വെളിച്ചമാണ്, നന്മ തെളിയിക്കാൻ മനുഷ്യരുടെ ഭാഗത്ത് നിന്ന് ബോധപൂർവ്വമുള്ള പ്രയത്നവും ഇടപെടലുകളും അനിവാര്യമാണ്.

മനുഷ്യന് തിന്മകളിൽ നിന്ന് അകന്നു ജീവിക്കാൻ അറിവ് ആവശ്യമായി വരുന്നു. അല്ലെങ്കിൽ അറിയാതെ തെറ്റുകൾ ചെയ്തുപോകും. വ്യക്തിത്വബോധമാണ് മനുഷ്യരെ ഇതിൽ നിന്നെല്ലാം മാറ്റിനിർത്തുന്നതും മോചിതനാവാൻ സഹായിക്കുന്നതും. സ്വന്തം യുക്തിയും ബുദ്ധിയും വിവേകവും ബോധവും പ്രവൃത്തിച്ചാലെ ഫലമുള്ളൂ. പോസിറ്റിവ് വ്യക്തിത്വങ്ങളുമായി ഇടകലർന്ന് ജീവിക്കാനുള്ള അവസരം മാക്സിമം ഉപയോഗപ്പെടുത്തുക എന്നത് ഇതിനൊക്കെ ഏറ്റവും വലിയൊരു പ്രത്യുപായമാണ്. ദ്രുതഗതിയിലാണ്കാലവും ലോകവും മുന്നോട്ട് കുതിക്കുന്നത്, ഇത് ടെക്കനോളജിയുടെ കാലം മനസ്സുകൾ തമ്മിൽ അടുക്കാനുള്ള ടെക്കനോളജി മുന്നിൽ കുന്നുകൂടുമ്പോൾ തന്നെ മനസ്സുകൾ തമ്മിൽ അകലം കൂടിവരുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. മനുഷ്യരിലെ നന്മയുടെ ഉറവ വറ്റാതിരിക്കാൻ നല്ല വ്യക്തിത്വബോധമുള്ള തലമുറകൾ ഇവിടെ എന്നുമെന്നും പുനർജ്ജനിക്കട്ടെ, എന്ന് ആശംസിക്കാം.

Related Articles