Current Date

Search
Close this search box.
Search
Close this search box.

വൈകാരികമായ പക്വത

ഒരു മനുഷ്യൻ ഓരോ സാഹചര്യത്തിലും താൻ കടന്നുപോകുന്ന വൈകാരികതയെക്കുറിച്ച് സ്വയം ഒരു വിലയിരുത്തൽ നടത്തിയാൽ മിക്കപ്പോഴും അപ്രതീക്ഷിമായോ പ്രവചനാതീതമായ രീതിയിലോ വികാരാധീനരായതാവാം, ആത്യന്തം വിചിത്രവും വിസ്മയജനകവുമായ പോലെ ചിലപ്പോൾ അതിനിഗൂഢവും പലപ്പോഴും അവനവന് സ്വയം നിജപ്പെടുത്താനോ, നിയന്ത്രിക്കാനോ സാധിക്കാത്ത വണ്ണം അനിയന്ത്രിതമായിട്ട് തോന്നുന്ന രീതിയിലോ ആവാം. ചിലപ്പോഴെങ്കിലും അത് അത്യധികം സങ്കീർണ്ണതകളും കൊടിയ മനസംഘർഷങ്ങൾ സൃഷ്ടിക്കുന്നതും ആശയക്കുഴപ്പങ്ങളിലാഴ്ത്തി താൻ കാണിച്ച്കൂട്ടുന്നതെല്ലാം എന്താണ്? താൻ എന്ന വ്യക്തിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? എന്നൊന്നും വ്യക്തമായി തിരിച്ചറിയാൻ സാധിക്കാതെ ആരോടും ഒന്നും പങ്ക് വെയ്ക്കാൻ പോലും പറ്റാതെ ശങ്കയിലാവുന്ന ഒരു പ്രത്യേക തരം മാനസികാവസ്ഥയിലൂടെ കടന്നുപോകലാവാം. അപൂർവ്വം ചില അവസരങ്ങളിൽ സകലതും കൈവിട്ടു പോകുന്ന പോലെ ഒരു അവസ്‌ഥയും വന്നേക്കാം. എന്നാൽ ജീവിതം ഏറ്റവും ആസ്വാദ്യകരവും അർത്ഥമുള്ളതും വൈവിധ്യമാർന്നതും മനോഹരമാക്കുന്നതും ചുറ്റുപാടുകളെയും പ്രകൃതിയെയും സഹജീവികളുമായി നടത്തുന്ന സംവാദങ്ങളെ സാരവത്തായി മനസ്സിലാക്കുന്നതിലും ഒപ്പം അനുഭവേദ്യമാക്കി തീർക്കുന്നതിലും മറ്റൊരാളുടെ ഫീലിംഗ്‌സിനെ പകർത്തിയെടുക്കുന്നതിലും വൈകാരികത സദാസമയവും കർമ്മനിരതയോടെ മനുഷ്യരിൽ പ്രവൃത്തിക്കുന്നു എന്നറിയുമ്പോൾ ഇവയൊന്നും ആർക്കും തിരസ്ക്കരിക്കാനും പറ്റുന്നതല്ല. അതിനാൽ ആത്മബോധം നേടുക എന്നതാണ് ഏക പോംവഴി.

ശരീരത്തിലെ ഹോർമോണിന്റെ എന്നുവെച്ചാൽ ചില കെമിക്കൽസിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങൾ മൂലം ബ്രെയിനിൽ ഉണ്ടാകുന്ന സ്റ്റിമുലേഷൻ, ഉത്തേജനം അല്ലെങ്കിൽ ഉദ്ദീപനമാണ് ഇക്കാണുന്ന വൈകാരിക പ്രകടനങ്ങളുടെയെല്ലാം പിന്നിലെ പ്രേരകശക്തി. ചിലരെ കണ്ടിട്ടുണ്ടാകും പെട്ടെന്ന് വികാരങ്ങൾക്ക് വശംവദരായി പോകുന്നത് കാണാം എന്നാൽ മറ്റുചിലർ അത്ര പെട്ടെന്ന് പ്രകോപിതാരോ പ്രലോഭിതരോ ആക്കപ്പെടുന്നില്ല. അത് ആരുടെയും കഴിവോ കഴിവുകേടോ ആയിട്ട് കൂട്ടണ്ട ആവശ്യമില്ല, എന്തെന്നാൽ താഴെ പ്രതിപാദിക്കുന്ന പോലെ ഒരുപാട് ഘടകങ്ങളുടെ ശക്തമായ സ്വാധീനവും കൂടെ അതിൽ ഉണ്ടാവുന്നുണ്ട്. കഴിക്കുന്ന ഭക്ഷണം, അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ, വ്യത്യസ്തമായ മൂലകങ്ങൾ, ജൈവീകമായ മറ്റുപല കാരണങ്ങൾ ഉദാ: കൈമാറ്റം ചെയ്യപ്പെടുന്ന ജനിതക ഗുണങ്ങൾ, കൂടാതെ കാലാവസ്ഥ, സാമൂഹിക പരിതസ്ഥിതികൾ, സംസ്ക്കാരം, പിന്തുടരുന്ന മൂല്യങ്ങൾ, ആദർശങ്ങൾ, ന്യൂറോൺസിന്റെയും നേർവസ് സിസ്റ്റത്തിന്റെയും സംവേദനക്ഷമത ഇപ്പറഞ്ഞതെല്ലാം ഒരാളിൽ പ്രകടമാക്കപ്പെടുന്ന വ്യത്യസ്തമായ വികരങ്ങൾക്കും അതിന്റെ പൊട്ടൻഷ്യലിനും നിമിത്തമായിത്തീരുന്നുണ്ട്.

ആത്മബോധത്തിൽ നിലനിന്നുകൊണ്ട് വസ്തുതകളെ വേണ്ടവിധം തിരിച്ചറിഞ്ഞ് സ്വന്തം നിയന്ത്രണ പരിധിയിലേക്ക് ചിന്തകളെയും വിചാരങ്ങളെയും കൊണ്ടുവരാൻ കഴിയാതെ പോകുന്ന ഒരവസരത്തിലാണ് വൈകാരികതയുടെ സമ്മർദ്ദം അവയ്ക്ക്മേൽ കടന്ന് പിടിച്ച് ആധിപത്യം സ്ഥാപിച്ചെടുക്കുകയും വ്യക്തിയുടെ മേൽ നിയന്ത്രണം ഏറ്റെടുത്ത് ഭരണം തുടങ്ങുന്നത്, അതോടെ അയാൾക്ക് അയാളിൽ സ്വാഭാവികമായും കണ്ട്രോൾ നഷ്ടമാകുന്നു.

പലവിധ മാനസിക ആസ്വാസ്ഥ്യങ്ങൾ മനസ്സിനെ കടന്ന് പിടിക്കുന്നതും മാനസിക രോഗങ്ങൾക്ക് അടിമപ്പെട്ടുപോകുന്നതുമൊക്കെ പലപ്പോഴും അവനവനിലെ തന്നെ വൈകാരികതയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ഒരാൾക്ക് മോചനമില്ലാതെ വരുമ്പോഴും തക്കതായ ചികിത്സയും പ്രതിവിധിയും നൽകാൻ അധികം വൈകിപ്പോകുമ്പോഴുമാണ്. ഒരാളെ നെഗേറ്റീവ് ഇമോഷൻസ് മാത്രം റൂൾ ചെയ്യുന്നത് അതീവം അപകടകരമാണ്, ഈവക കാര്യങ്ങളെ തൊട്ട് വളരെയധികം ബോധവാന്മാരായി ഇരിക്കേണ്ടതുണ്ട്. നമുക്ക് വേണമെങ്കിൽ വൈകരികതയെ ചുരുങ്ങിയ വാക്കുകളാൽ ഇങ്ങനെ നിർവ്വചിക്കാം:

ഒരു വസ്തുവിനോടൊ, സാഹചര്യത്തോടൊ, ഒരു വ്യക്തിയോടോ തോന്നുന്ന നെഗേറ്റീവോ അല്ലെങ്കിൽ പൊസിറ്റീവോ ആയൊരു തോന്നലോ, ഫീലിംഗ്‌സോ മാത്രമാണ് വൈകാരികത, ഇംഗ്ളീഷിൽ അതിനെ ഇമോഷൻസ് എന്ന് പറയുന്നു. എന്നാൽ ഒരാളുടെ പെരുമാറ്റത്തിൽ, സ്വഭാവത്തിൽ, പ്രതികരണത്തിൽ, വ്യക്തിത്വത്തിൽ (overall personality) ശക്തവും നിർണ്ണായകവുമായ പങ്ക് വഹിക്കുന്ന ഒരു ഘടകമായതിനാലും വ്യക്തിത്വരൂപീകരണവുമായിട്ടുള്ള പഠനത്തിൽ അതിപ്രസക്തമായ ഒരു വിഷയമെന്ന നിലയ്ക്കും ഹ്യൂമൻൺ സൈക്കോളജിയെക്കുറിച്ച് റിസേർച്ച് നടത്തുമ്പോൾ ഇതിനെ മാറ്റി നിർത്തിയുള്ള ഒരു പഠനം സാദ്ധ്യമല്ല. മനുഷ്യരിലെ തോന്നലുകൾ (human feelings) ഭാവപ്രകടനങ്ങൾ (expressions) പെരുമാറ്റങ്ങൾ (behaviour) ഇവയ്ക്കെല്ലാം ഹേതുവാകുന്ന വൈകാരികത (emotions) എന്ന പ്രതിഭാസത്തെ വർഷങ്ങളായി ഹ്യൂമൺ സൈക്കോളജിയുടെ കേന്ദ്രബിന്ദുവാക്കി നിർത്തി മനഃശാസ്ത്ര വിദഗ്ധർ അഴത്തിൽ അപഗ്രഥനവും പഠനവും നടത്തി വരുന്നുണ്ട്.

തന്നിലെ വൈകാരികതയെ സധൈര്യം, സ്വതന്ത്രമായ ഒരു മനസ്സോടെ, ആത്മവിശ്വാസത്തോടെ ആരുടെ മുന്നിലും പ്രകടിപ്പിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് വലിയൊരു നേട്ടവും കഴിവുമാണ്. പെട്ടെന്ന് ആർജ്ജിച്ചെടുക്കാനൊന്നും കഴിയുന്ന ഒന്നല്ലെങ്കിലും. നൈരന്തര്യമായ പരിശീലനം വൈകാതെ ഗുണം ചെയ്യും. മനസ്സ് പോസിറ്റീവ് ആവുന്നതിന്റെ അനുപാതത്തിൽ തന്നെ ഒരാൾക്ക് തന്നിലും തൻ്റെ കഴിവുകളിലുമുള്ള വിശ്വാസവും അനുനിമിഷം വർദ്ദിച്ചുകൊണ്ടേ ഇരിക്കുകയും ആ വ്യക്തിയ്ക്ക് അവനവനിൽ പതിവിനെക്കാൾ സമഗ്രവും പര്യാപ്തവുമായ ഒരു പിടുത്തം അഥവ ഗ്രിപ്പ് സ്വന്തം കൈപ്പിടിയിലേയ്ക്ക് ഒതുങ്ങും വിധം ആയിക്കിട്ടുകയും ചെയ്യും. ഇവയ്ക്കെല്ലാം അടിസ്ഥാനമായത് വ്യക്തിത്വബോധമാണ് എന്നതാണ് ഏറ്റവും വലിയ പാഠം.

വികാരങ്ങളെ നിയന്ത്രിക്കാനുള്ള എളുപ്പമാർഗ്ഗങ്ങളിൽ ഒന്ന് അവനവന്റെ ചിന്തകളെ സമർത്ഥമായി മാനേജ് ചെയ്യലാണ്. അതായത് ഉത്ബോധനമേറ്റ ചിന്തകൾ, ഉൾക്കാഴ്ച പകരുന്ന ചിന്തകൾ വേണം. ചുരുക്കിപ്പറഞ്ഞാൽ ചിന്തകളിലേക്ക് ശ്രദ്ധ ചെന്നെത്തണമെന്ന് സാരം. അതിനുള്ള പരിശ്രമം സ്വന്തം ഭാഗത്ത് നിന്നുണ്ടാവണം. അനിയന്ത്രിതമായ ചിന്തകൾ വൈകാരികതയിൽ ആവശ്യമില്ലാത്ത വ്യതിയാനങ്ങൾ വരുത്തുകയും വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് എത്തിക്കുകയും ആ വ്യക്തിയെ അധഃപതനത്തിലേക്ക് കൂപ്പ്കുത്തിക്കുകയും ചെയ്യും. വൈകാരികമായ പക്വതയാർജ്ജിക്കാൻ മനുഷ്യർക്ക് അറിവും ബോധവും അത്യന്താപേക്ഷിതമാണ്. വികാരങ്ങൾക്ക് അടിമപ്പെട്ട ഒരാൾ അവനവന്റെ തന്നെ അടിമയാണെന്ന് സാരം.

ഒരു വ്യക്തി അയാളുടെ വൈകാരികതയിൽ സ്വന്തം നിലനിൽപ്പ് ഉറപ്പിച്ചെടുക്കുന്നതിന് ആസ്പദമായി അയാളുമായി ബന്ധപ്പെട്ടവരുടെ നിലനിൽപ്പിന്റെ അടിത്തറയും ബലമേറിയതും കരുത്തുറ്റതുമാക്കപ്പെടും. സ്വന്തം കാലിൽ നിൽപ്പുറപ്പിച്ച ഒരാൾക്ക് മാത്രമേ വീഴാൻ പോകുന്ന ഒരാളെ താങ്ങിനിർത്താനും രക്ഷിക്കാനും സുരക്ഷിതരാക്കാനും സാധിക്കുള്ളൂ. എല്ലാം തമ്മിൽകൂട്ടിയിണക്കപ്പെട്ട പോലെ ഒരേ ശൃംഖലയിലെ കണ്ണികളാണ് ചുറ്റിനും. സ്ത്രീകൾ പൊതുവെ വൈകരികപരമായിട്ടാണ് ബന്ധങ്ങളെ സമീപിക്കുന്നത്. ബന്ധങ്ങളെ ചേർത്ത് പിടിക്കലും പരിപോഷണവും പരിപാലനവും അവളിലൂടെയാണ് കൃത്യവും കാര്യപ്രദമായും പ്രകൃതി നടപ്പിലാക്കുന്നത്. കാരണം sustainable nature ആണ് പെണ്ണിന്റെത്. ബന്ധങ്ങളുടെ പരിരക്ഷണത്തിന് വൈകാരികമായ അടുപ്പം ഉണ്ടെങ്കിലേ സാധിക്കൂ. അവൾ ഹൃദയം എന്നർത്ഥത്തിൽ വൈകാരികപരമായി കാര്യങ്ങളെ സമീപിപ്പിക്കുമ്പോൾ പുരുഷരിൽ ഏറിയ പങ്കും തലച്ചോറ് കൊണ്ടാണ് കാര്യങ്ങളെ സമീപിക്കുന്നത്.

എന്നാൽ പൂർണ്ണമായും വൈകാരികതയെ മാത്രം മുൻനിർത്തിയോ അതല്ലെങ്കിൽ ബുദ്ധിയെയും യുക്തിയെയും മാത്രം മുൻനിർത്തിയോ ചിന്തിക്കുന്നതും പ്രവൃത്തിക്കുന്നതും അത്രത്തോളം ഭൂഷണമല്ല. രണ്ടും അപകടത്തിലേയ്ക്കുള്ള പോക്കാണ്, വ്യക്തിപരവും കുടുംബപരവും സമൂഹികപരവുമായ നഷ്ടങ്ങളും പ്രശ്നങ്ങളും വിപത്തും വരുത്തി വെയ്ക്കാൻ ഇടയാക്കിയേക്കും. വൈകാരികത പ്രയോഗിക്കുന്നിടത്ത് അല്പം ബുദ്ധിയുടെയും യുക്തിയുടെയും സാന്നിധ്യം ഇല്ലെങ്കിൽ ഒരാൾ എന്താണ് ചെയ്തുവെക്കുക എന്ന് പ്രവചിക്കാൻ കഴിയില്ല. തിരിച്ചും അത് തന്നെയാണ് സംഭവിക്കുക.അതിനാൽ ആണിനെയും പെണ്ണിനെയും പരസ്പര പൂരകങ്ങളാക്കി നിർത്തി വിസ്മയകരമാം വിധം അതിവിദഗ്ധമായി പ്രകൃതി അതിനെ ബാലൻസ് ചെയ്ത് നിർത്തിയതായും കാണാം. അങ്ങനെ രണ്ടുകൂട്ടരും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ മേൽപ്പറഞ്ഞ കുറവുകൾ നികത്തപ്പെടുന്നു

കുഞ്ഞുങ്ങൾക്ക് തങ്ങളിലെ വൈകരികതയെ സ്വയം ഡീൽ ചെയ്യാനും വേണ്ടവിധം തന്റെ വരുതിക്കുള്ളിൽ നിർത്താനും അവരിലേക്ക് അല്പാല്പമായി ബോധത്തെ കടത്തിവിട്ടാൽ മതി. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ മാതാപിതാക്കൾ അവരെ സ്വാധീനിച്ചാൽ സാധ്യമാകുന്നതെ ഉള്ളൂ. മൂല്യാധിഷ്ഠിതവും ആത്മബോധത്തിലൂന്നിയതുമായ ചിന്തകൾ അവരിൽ സ്വാധീനം ചെലുത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. വൈകാരികമായ വളർച്ചയും പക്വതയും തിരിച്ചറിവും കൂടാതെ മറ്റൊരാളിലെ വൈകാരികതയെ ഉൾകൊള്ളാനുള്ള ശേഷിയും ഓരോ കാലഘട്ടത്തിനനുസരിച്ച് അവരിൽ രൂപപ്പെട്ടു വരുന്നതായി പ്രകടമായി തന്നെ ദൃശ്യമാവേണ്ടതുണ്ട് ഇമോഷണൽ കോഷ്യന്റ് ഡെവലപ്‌ ആവാതെ വരുന്ന ഒരു സാഹചര്യം ഉണ്ടായാൽ അത് കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ ശരിയ്ക്കും ബാധിക്കും. മാനസിക വളർച്ചയ്ക്ക് വൈകാരികപരമായും പാകപ്പെടേണ്ടതുണ്ട്.

കുഞ്ഞുങ്ങളിലെ വൈകാരികതയെ പരിഗണിച്ചും മനസ്സിലാക്കിയും കൂടെ നിൽക്കുമ്പോൾ അതിരുവിടുന്നെന്ന് തോന്നിയാൽ അപ്പോൾ പിടിച്ച് ഇരുത്തി കാര്യം വളരെ ലളിതമായി പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും എല്ലാവർക്കും ഉണ്ട് ഇപ്പറയുന്ന വികാരങ്ങളും വിചാരങ്ങളും എന്ന് ഓർമ്മപ്പെടുത്തി കൊടുക്കുകയും വേണം. അവർക്ക് മാത്രമല്ല അച്ഛനോ അമ്മയ്ക്കൊ ഇനി ആർക്കായാലും ഇഷ്ടമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും അവരുടെയും ഹൃദയത്തെ മുറിവേല്പിക്കും എന്ന ബോധം അവരിൽ വേരൂന്നപ്പെടണം. എങ്കിൽ പിന്നെ മാതാപിതാക്കൾക്ക്
അവരെ അനായാസം മാനേജ് ചെയ്യാവുന്നതാണ്.

അപരന്റെ സമീപനവും പെരുമാറ്റവും നമ്മിലെ വൈകാരികതയിൽ നാമറിയാതെ പലവിധത്തിലുള്ള മാറ്റങ്ങൾ വരുത്താറുണ്ട്. നാം തിരിച്ച് കാണിക്കുന്ന പ്രതികരണവും പെരുമാറ്റങ്ങളും അവയോടുള്ള യോജിപ്പോ വിയോജിപ്പോ ആവാം. എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള വ്യക്തിപരമായ അവകാശം നമുക്ക് തന്നെ. ബാഹ്യലോകത്ത് നിന്നുള്ള വൈകാരിക പ്രേരണ നെഗേറ്റിവായിട്ടോ, പ്രകോപിതരാക്കും വിധമോ ആണെങ്കിൽ സൂക്ഷിച്ച് നേരിടണം, നഷ്ടം വന്നാൽ ആത്യന്തികമായി അത് നമുക്ക് തന്നെയാവും. അതിനെക്കുറിച്ച് ഒരു ബോധം ഉണ്ടായിരിക്കുന്നത് എപ്പോഴും ഗുണം ചെയ്യും. ബാഹ്യലോകത്തെ ചലനങ്ങളും അപരന്റെ പെരുമാറ്റ രീതികളും മിക്കപ്പോഴും നമ്മുടെ ആന്തരീകലത്തിൽ നെഗറ്റീവ് ആയൊരു പ്രതിഫലനമാണ് സൃഷ്ടിക്കുന്നതെങ്കിൽ ആത്മബോധത്തിന്റെ അപര്യാപ്തതയെയും കൂടെ അത് സൂചിപ്പിക്കുന്നു.

സ്വന്തം വൈകാരികതയ്ക്കുമേൽ ആധിപത്യം സ്ഥാപിച്ചെടുത്ത വിവേകിയും ബുദ്ധിമനുമായ ഒരു മനുഷ്യൻ കഴിയുന്നതും അർത്ഥശൂന്യമായ വാക്കുകളും വാക്കുതർക്കങ്ങളും വാഗ്വാദവും ഒഴിവാക്കാൻ ശ്രമിക്കും. അനാവശ്യ കാര്യങ്ങളിൽ തലയിടുന്നത് കഴിവതും വെടിയും. സ്വന്തം സമയവും ഊർജ്ജവും ഗുണകരമായ കാര്യങ്ങളിലും വിഷയങ്ങളിലും നിക്ഷേപിക്കുന്നതിന് മുൻഗണന നൽകും. തിരിച്ചറിവ് നേടുന്നത് ഇങ്ങനെയാണ്. വ്യക്തിബന്ധങ്ങൾ തകരാതിരിക്കാൻ കുടുംബബന്ധങ്ങൾ താറുമാറാകാതെ നോക്കാൻ, സാമൂഹിക ബന്ധങ്ങൾ നിലനിർത്താൻ ഇതൊക്കെ നല്ലതാണ്. കൂട്ടത്തിൽ വൈകാരികതയെ അവസരോചിതമായ രീതിയിൽ ഫലപ്രദമായി ഉപയോഗിക്കാനും പഠിക്കണം.

പൊതുഇടങ്ങളിലെ വൈകാരിക പ്രകടനത്തിലും പൊതുവായി പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. പരസ്യമായി വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ ചില ആൾക്കൂട്ട മര്യാദകൾ ഓർമ്മയിൽ വെക്കേണ്ടതുണ്ട് . ഉദാ: മരണ വീട്ടിൽ ചെന്ന് ആരും പൊട്ടിച്ചിരിക്കാറില്ല, ഒരു പിറന്നാൾ ആഘോഷവേള, വിവാഹം പോലെയുള്ള മംഗളകർമ്മങ്ങളിക്കിടയിൽ ആരും ചെന്ന് പൊട്ടിക്കരയാറുമില്ല. എന്നാൽ മറ്റു ചിലതോ സ്വകാര്യ ഇടങ്ങളിൽ മാത്രം അഥവ പരസ്യമായി ചെയ്യുമ്പോൾ സമൂഹ്യവിരുദ്ധമായി കാണുകയും മോറാലിറ്റി/സദാചാര ലംഘനമായി മാറുകയും ചെയ്യുന്നവയുണ്ട്. സാമൂഹികപരവും വ്യക്തിപരവുമായ ഇത്തരം ബോധം തന്നെയാണ് അറിവ്. ലക്ഷണമൊത്ത വ്യക്തിത്വത്തിന് അറിവും ബോധവും കൂടാതെ പറ്റില്ല.

Related Articles