Current Date

Search
Close this search box.
Search
Close this search box.

വൈകാരികതയും ഉൾപ്രേരണയും

ഒരു നിശ്ചിത സമയത്തിനുള്ളിൽ തന്നെ ലക്ഷങ്ങളോളം കെമിക്കൽ റിയാക്ഷൻസാണ് മനുഷ്യന്റെ തലച്ചോറിനകത്ത് സംഭവിക്കുന്നത്. അസംഖ്യം രാസമാറ്റ പ്രക്രിയകൾ പ്രതിദിനമെന്നോണം നടക്കുന്നുവെന്ന് സാരം. ഇവയെല്ലാം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള സൈക്കോളജിയെ പല അർത്ഥത്തിൽ ബാധിക്കുമെന്നത് നിസ്സംശയം മനസ്സിലാക്കാം. ഇങ്ങനെ വ്യക്തിത്വപരിണാമത്തിൽ ഓരോ ഘട്ടങ്ങളിലും അന്ത്യം വരെ നിറസാന്നിധ്യമായി നിൽക്കുകയും അയാളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും സജീവമായ കൈകടത്തലുകളും ഇടപെടലുകളും നടത്തുന്നതും വ്യക്തിത്വ രൂപീകരണത്തിലേക്ക് മുഴുവനായും ഭാഗികമായും ഇവ നൽകുന്ന സംഭാവനയൊക്കെ എത്രത്തോളമെന്ന കാര്യം ആർക്കും എന്തിനേറെ പറയുന്നു ആ വ്യക്തിയ്ക്ക് പോലും അജ്ഞാതമായിരിക്കും. അതേപോലെ വ്യക്തിത്വത്തെ വാർത്തെടുക്കുന്ന കാര്യത്തിൽ ഒന്നാംസ്ഥാനം ചിന്തകൾക്കും ചിന്താഗതിയ്ക്കും കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഇമോഷൻസും (വൈകരികത) അതിന്റെ പ്രായോഗികപരമായ ഉപയോഗവുമാണ് ഏറിയ പങ്കും വഹിക്കുന്നത്.

ഓരോ വേളകളിലും ഒരു മനുഷ്യൻ കടന്ന് പോകുന്ന ഓരോ പ്രത്യേകതരം ഇമോഷൻസ് അല്ലെങ്കിൽ അതിന്റെ വകഭേദങ്ങൾ ഉണ്ടാവും. അതോടൊപ്പം മനുഷ്യന്റെ ചിന്താഗതിയുടെ ആഴം, വിശാലത, വ്യക്തത/അവ്യക്തത, ഇച്ഛാശക്തി എന്നിവയുടെയെല്ലാം സ്വാധീനത്തിന്റെയും സമ്മർദ്ദത്തിന്റെയും അപര്യാപ്തതയോ അല്ലെങ്കിൽ അതിപ്രസരമോ ഉണ്ടാവുമ്പോൾ പൊതുവെ മനുഷ്യരിൽ നിന്ന് പ്രതീക്ഷിയ്ക്കാവുന്നതിന് അപ്പുറമോ ഇപ്പുറമോ എന്നോണം അവിചാരിതമായ പല കാര്യങ്ങളും സംഭവിക്കുന്നു. ചിലതെല്ലാം പ്രവചനാതീതനായി മാറുന്നതൊക്കെ സ്വാഭാവികമെന്നെ പറയാനൊക്കുള്ളൂ. എന്നാൽ മറ്റു ചിലതെല്ലാം ഉത്തരവാദിത്വമില്ലായ്മയുടെ ഫലമായിരിക്കും.

നെഗറ്റീവ് ചിന്താഗതിയുള്ള ഒരാളിലും പോസിറ്റീവ് ചിന്താഗതിയുള്ള ഒരു വ്യക്തിയിലും ഇപ്പറയുന്ന ഇമോഷൻസിന്റെ അഥവ വൈകാരികതയുടെ സാന്നിധ്യം പ്രതിഫലിക്കുന്നതും പ്രകടമാകുന്നതും പെരുമാറ്റത്തിലൂടെയാണ്, അവിടെ കണക്കില്ലാത്ത അന്തരം ദൃശ്യമാവാറുണ്ട്. വ്യക്തിത്വത്തെ വിലയിരുത്തപ്പെടുമ്പോൾ അതിൽ ഏറ്റവും വലിയൊരു നിർണ്ണായക ഘടകമായി വരുന്നത് വ്യക്തിയുടെ മനോഭാവം തന്നെയാണ്. ശക്തവും നിർമ്മണാത്മകവുമായ ചിന്തകൾ അടുക്കിവെച്ച് കെട്ടിപ്പടുത്ത ഒരു മനോഭാവം പോസിറ്റിവ് വ്യക്തിത്വത്തിന്റെ ഘടനയും ലക്ഷണവുമാണ്. ധാർമ്മികനായ ഒരു മനുഷ്യനിൽ കാണുന്ന വ്യക്തിഗതവും കുടുംബപരവും സാമൂഹിക പരവുമായ ഉത്തരവാദിത്വബോധവും ഒരു ഉന്നത വ്യക്തിത്വത്തിന്റെ സൂചനയാണ്.

അതിനാൽ മനോഭാവമെന്നാൽ വ്യക്തിപരമായ ഉത്തരവാദിത്വബോധത്തിൽ നിന്നും ഉദിച്ചു പൊങ്ങുന്ന ഒന്നാവണം. എങ്കിൽ നിഷേധാത്മക വികാരങ്ങളെ നിയന്ത്രിക്കാനും ചുറ്റിനും വെളിച്ചം പകരാനും ആളുകളെ സ്വാധീനിക്കാനും അവർക്ക് കഴിയും. ആത്മവിശ്വാസത്തിന്റെ നിറകുടമായിരിക്കും അവർ.

ഭാവനയുടെ മേലങ്കി ഉടുപ്പിച്ചാൽ വാർമഴവില്ല് പോലെ തോന്നിപ്പിക്കും മനുഷ്യരിലെ വികാരങ്ങളും അവയുടെ നിറഭേദങ്ങളും. സത്യത്തിൽ ജീവിതത്തിലും മനസ്സിനും ആർദ്രതയും തുടിപ്പും ജീവനും നൽകുന്നതോടൊപ്പം അവയെ വർണ്ണാഭമാക്കി തരുന്നുണ്ട് അവ. മനോഹരമായ കാഴ്ചപ്പാടുകളോടൊപ്പം വൈവിധ്യങ്ങളടങ്ങിയ വൈകാരികതയുടെ രുചികൂട്ടുകൾ ക്രിയാത്മകമായി ചേർത്ത് സ്വാദും രുചിയൂറും മസാലക്കൂട്ടിന്റെ സുഗന്ധവും കലർന്ന ഭക്ഷണം പോലെ സുന്ദരമായി ജീവിതം ആസ്വദിക്കാം. അതേസമയം മനോഭാവം ശരിയല്ലെങ്കിൽ ജീവിതത്തെ വിവർണ്ണമാക്കാനും ഇപ്പറയുന്ന ഇമോഷൻസ് തന്നെ മതി. വികാരങ്ങൾ ഒട്ടും ഇല്ലാത്ത ജീവിതവും വിവർണ്ണമാണ്. നിറങ്ങൾ ഇല്ലാത്ത ഒരു ലോകം എങ്ങനെ ഇരിക്കും അതുപോലെയാവാം.

ഈ വികാരങ്ങളെല്ലാം ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ? ന്യൂറോളജിക്കൽ പഠനങ്ങളിൽ നിന്നും കണ്ടെത്തലുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് വികാരങ്ങളുടെയെല്ലാം ആസ്ഥാനകേന്ദ്രം എന്നറിയപ്പെടുന്നത് മനുഷ്യ മസ്തിഷ്‌ക്കത്തിനകത്തെ ലിമ്പിക്ക് സിസ്റ്റം എന്നറിയപ്പെടുന്ന ഭാഗമാണ്. ബ്രെയിനിന്റെ സുപ്രധാനമായ ചില ഭാഗങ്ങൾ ചേർന്ന് കിടക്കുന്ന അതേസമയം തമ്മിൽ കൂട്ടിയിണക്കപ്പെട്ട പോലെയുള്ള രൂപഘടനയാണ് ലിമ്പിക്ക് സിസ്റ്റത്തിന്റെത്. ഹൈപ്പോതലമാസ്, ഹിപ്പോകാമ്പസ്, അമിഗ്ഡല, ലിമ്പിക്ക് കോർടക്‌സ് ഇവയെല്ലാമാണ് അതിന്റെ മുഖ്യഭാഗങ്ങളായി വരുന്നത്. എന്നാൽ ഇപ്പറയുന്ന വൈകാരികത (emotions) ഓർമ്മകൾ (memories) പെരുമാറ്റങ്ങൾ (behaviour) ഇവയൊക്കെ മാനേജ് ചെയ്യുന്നത് വിവിധ തരം ഹോർമോണുകളുടെ സവിശേഷമായ പ്രക്രിയകളിലൂടെയാണ്. ബ്രെയിനിൽ ഹൈപ്പോതലാമസ് കൂടാതെ പിറ്റ്യൂറ്ററി, തൈറോയ്ഡ്, പാരാതൈറോയ്ഡ്, അഡ്രനാലിൻ പോലുള്ള ഗ്രന്ഥികൾ ഉത്പാദിക്കുന്ന കെമിക്കൽസിന്റെ പലവിധത്തിലുള്ള റിയാക്ഷൻസ് ആണ് ഇമോഷൻസ്.

കാമം, പ്രണയം പോലുള്ളവ മനസ്സിന് സന്തോഷവും ആത്മാനുഭൂതിയും ആനന്ദവും പകരുന്നവയാണ്. ഒരാളോട് ആകർഷണം തോന്നിതുടങ്ങിയാൽ ഹൈപ്പോതലമാസ് സ്രവിപ്പിക്കുന്ന ഡോപാമൈൻ എന്ന ഹോർമോണിന്റെ ലെവൽ താനെ ഉയർന്ന് വരികയും തന്മൂലം മറ്റൊരു ഹോർമോണായ സെറാടോണിന്റെ ലെവൽ വർദ്ധിച്ചുവരികയും അത് ഓക്സിറ്റോസിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ആ വ്യക്തിയോട് പോസിറ്റിവ് ആയ ഫീലിംഗ്‌സ് ഉള്ളിൽ ജനിപ്പിക്കുകയും ചെയ്യുന്നു. ഡോപാമൈൻ, സെറാടോണിൻ, ഓക്സിറ്റോസിൻ എന്നീ ഹോർമോണുകൾ മുഖേന സംഭവിക്കുന്ന സംവേദന പ്രക്രിയിലൂടെയാണ് മേൽപ്പറഞ്ഞ വികാരങ്ങൾ നിയന്ത്രിക്കപ്പെടുന്നത്.

റിലീസ് ആക്കപ്പെടുന്ന ഡോപാമൈന്റെ അളവിനനുസരിച്ച് ഇവയുടെ തീവ്രതയും തീക്ഷ്ണതയും കൂടിയും കുറഞ്ഞുമിരിക്കും. പൊതുവെ കമിതാക്കൾ പ്രണയത്തിന്റെ ആദ്യനാളുകളിൽ കാണിക്കുന്ന ആവേശവും അഭിനിവേശവും പിന്നീട് കെട്ടടങ്ങിപ്പോകുന്നത് കാണാറുണ്ട്. നാളുകൾ കഴിയുമ്പോഴേക്കും ആ ആവേശത്തിന്റെ വീര്യം കുറയും അതേപോലെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അതിനേക്കാൾ താഴ്ന്ന ലെവലിലേക്ക് എത്തിപ്പെടും അതിനാൽ തുടക്കത്തിൽ കണ്ട ഉത്സാഹമൊന്നും കാണില്ല രണ്ടുപേർക്കും പിന്നീട് എന്നതും വലിയൊരു സത്യം. കാല്പനികതയുടെ ലോകത്തിൽ നിന്നും യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് വരുമ്പോൾ ആന്തരീകമായി പലവിധ മാറ്റങ്ങളും അതിനൊപ്പം സംഭവിക്കുന്നുണ്ട്. ഹൈപ്പോതലമാസിന്റെ തന്നെ സൃഷ്ടിയാണ് ഓക്സിറ്റോസിൻ അതേപോലെ പിറ്റ്യൂറ്ററി ഗ്ലാൻഡ് ഉത്പാദിപ്പിക്കുന്ന എൻഡോർഫിൻസ്, ഇവയെല്ലാം അവനവന്റെതായ ധർമ്മങ്ങൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നുണ്ട്.

ഇമോഷൻസിനും അതിനാലുണ്ടാവുന്ന പോസിറ്റീവോ നെഗറ്റീവോ ആയ ഏത് അന്തരഫലങ്ങൾക്കും മുഖ്യമായും ഹേതുവായിത്തീരുന്ന ഹോർമോണുകൾ പ്രധാനമായും നാല് എണ്ണമാണ്. ഇവയിൽ പ്രധാനിയായി വരുന്ന “സെറോടോണിൻ” മനുഷ്യന്റെ തൃപ്തികരവും സന്തോഷകരവുമായ ഒരു മാനസികാവസ്ഥ അല്ലെങ്കിൽ സുഖകരമായ ഒരു മനോനില (mood) സന്തോഷകരമായ മൂഡ് നിലനിർത്താൻ അനിവാര്യവും വളരെ അമൂല്യവുമായ ഒന്നാണ്. ഇതിന്റെ അപര്യാപ്തതയും കുറവും നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കും. ഒരു മനുഷ്യനെ വിഷാദത്തിലേയ്ക്ക് വരെ തള്ളിയിടും. ഓക്സിറ്റോസിൻ, ഈസ്ട്രോജൻ, ടെസ്റ്റസ്റ്ററോൺ, തൈറോയ്ഡ് എന്നീ ഹോർമോൺസെല്ലാം വികാരങ്ങളെ നേരിട്ട് നിയന്ത്രിക്കുന്ന ഹോർമോണുകളിൽ പെടുന്നവയാണ്. പിറ്റ്യൂറ്ററി ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോണാണ് സ്ത്രീകളിൽ കണ്ണുനീർ പൊഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്.

ഈസ്ട്രജൻ പിന്നെ ടെസ്റ്റസ്‌ട്രോൺ എന്നീ ഹോർമോണുകൾ യഥാക്രമം സ്ത്രൈണതയെയും പൗരുഷത്തെയും പരിപോഷിപ്പിക്കുന്നതിലും അവരുടെ പെരുമാറ്റങ്ങളും പ്രസ്തുത ലിംഗത്തെ പ്രതിനിധീകരിക്കാൻ തക്ക വൈകരികാതയുടെ സാന്നിധ്യം ഉളവാക്കുന്നതിലും വേണ്ട ഉദ്യമങ്ങൾ അറിഞ്ഞു നിറവേറ്റുന്നു.

ടെസ്റ്റസ്‌ട്രോണിന്റെ അളവിലെ വ്യതിയാനങ്ങൾ പുരുഷനിലെയും ഈസ്ട്രജന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സ്ത്രീയിലെയും പെരുമാറ്റങ്ങളും ഭാവങ്ങളെയും ബാധിക്കും. സ്ത്രീകളിൽ മാസമുറ ഉണ്ടാവുന്ന സമയത്ത് ശ്രദ്ധിച്ചാൽ അറിയാം ആ നാളുകളിൽ ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ, പ്രത്യേകിച്ചും പ്രോജസ്ട്രോണിന്റെയും ഈസ്ട്രജന്റെയും അളവിലുണ്ടാകുന്ന മാറ്റത്താൽ സംഭവിക്കുന്നവ അവളുടെ പെരുമാറ്റത്തെയും ഇമോഷൻസിനെയും വല്ലാതെ ബാധിക്കാറുണ്ട്. അവരുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തും പോലെയും അലോസരപ്പെടുത്തും വിധവും പ്രവൃത്തികളിലും വാക്കുകളിലും എന്തൊക്കെയോ പ്രകടമാകും. പലവിധത്തിലുള്ള മൂഡ് സ്വിംഗ്സിനും കൂടാതെ നെഗറ്റീവ് ഇമോഷൻസുകളെ ട്രിഗ്ഗർ ചെയ്യുന്നതിനും ഈസ്ട്രജന്റെ ആ സമായത്തുണ്ടാകുന്ന വർദ്ധനവ് ഒരു കാരണമാകുന്നുണ്ട്.

എപ്പോഴും പോസിറ്റീവ് ഇമോഷൻസിന് അതിയായ സ്ഥാനം നൽകുന്നതും അതേസമയം നെഗറ്റീവ് ഇമോഷൻസിനെ തിരിച്ചറിഞ്ഞ്, മനസ്സിലാക്കി ഫലപ്രദമായി ഡീൽ ചെയ്യാൻ സാധിക്കുന്ന ഒരു വ്യക്തിത്വമാണ് ആവശ്യം. സ്നേഹമായാലും, സഹനമായാലും നമ്മുടെ കപ്പാസിറ്റി തിരിച്ചറിഞ്ഞു വേണം എല്ലാം. പോസിറ്റീവ് ഇമോഷൻസ് ആയാലും അനിയന്ത്രിതമായ തോതിലേക്ക് നീങ്ങുമ്പോൾ പരിണാമ ഫലം നെഗറ്റീവ് ആയി മാറി മറിഞ്ഞേക്കാം. അമിതമായാൽ അമൃതും വിഷം എന്നല്ലേ. ലിമിറ്റ് വിട്ടാൽ ഒരുതരം സ്വാർത്ഥതയുടെ ലെവലിലേക്ക് ഏത്താനും ചില അപകടങ്ങൾക്ക് സാധ്യതയുള്ളതിനാലും ബോധത്തിൽ നിന്നുകൊണ്ടല്ലാതെ പോസിറ്റീവ് ഇമോഷൻസിനെയും ഒരിക്കലും മാനേജ് ചെയ്യരുത്.

ചിന്തകളെപ്പോലെ തന്നെ ഒരു ആന്തരീക ശക്തിയായി അല്ലെങ്കിൽ ആന്തരീക ത്വര/പ്രചോദനമായി വർത്തിക്കുന്ന ഒന്നാണ് വികാരങ്ങളും. ആന്തരീകശക്തി inner force or internal force എന്നൊക്കെ പറയാം. ഇതാണല്ലോ മനുഷ്യന് ഒരു പ്രവൃത്തി അല്ലെങ്കിൽ ആക്ട് ചെയ്യാനുള്ള പ്രേരണ (motivation)യായി മാറുന്നത്. വൈകാരിക ക്ഷമതയും ചിന്തകളുടെ ശക്തിയും ഇവ രണ്ടും കലർന്നുണ്ടാവുന്നതാണ് മനുഷ്യരിലെ ഉൾപ്രേരണ (inner drive). ഇത് പല മനുഷ്യരിലും ഏറ്റക്കുറച്ചിലോടെ നിലനിൽക്കുന്നതിനാലും മനോഭാവത്തിന്റെയും കാഴ്ചപ്പാടിലുമുണ്ടാകുന്ന അന്തരവും മൂലം മനുഷ്യർ ഒരേപോലെയുള്ള സാഹചര്യത്തെ തന്നെ വ്യത്യസ്തമായ രീതിയിൽ സ്ട്രാറ്റജിയിൽ ആണ് ഡീൽ ചെയ്യുന്നത്. ബോധത്തിൽ (consciousness) നിന്നുകൊണ്ട് ഇപ്പറഞ്ഞ രണ്ടിനെയും ഡീൽ ചെയ്യാൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ സാധിക്കുമ്പോഴാണ് വ്യക്തിത്വം ശക്തവും സുദൃഢവുമാവുന്നത്. നിശ്ചയദാർഢ്യത്തോടെ മുന്നേറാനായ് ഉറപ്പും കാതലുമുള്ള ഈടുറ്റ ഒരു മരം പോലെ അടിയുറച്ചതാവണം വ്യക്തിത്വമെങ്കിൽ അവനവനിലെ ഊർജ്ജത്തെ, ഉൾപ്രേരണയെ സധൈര്യം മുന്നോട്ട് നയിക്കാൻ കഴിവും പ്രാപ്തിയും നേടിയെടുക്കാനാണ്, സ്വന്തം കാലിൽ എഴുന്നേറ്റ് നിവർന്ന് നിൽക്കാനാണ് പഠിക്കേണ്ടത്.

രക്ഷാകർതൃത്വത്തിന്റെ ഏറ്റവും ഉയർന്ന ലക്ഷ്യം (main motive) തന്നെ അതാവണം. തെളിച്ചവും വെളിച്ചവും വന്നൊരു വ്യക്തിത്വം മക്കളിൽ രൂപപ്പെട്ടുവരാൻ അവർക്ക് ഉൾക്കാഴ്ചയേകണം അറിവിനാൽ ഉൾബോധമേകുന്ന ഒരു ലോകത്തേയ്ക്ക് അവരെ സ്വാഗതം ചെയ്യണം, സ്വന്തം അനുഭവജ്ഞാനം പകർന്ന് നൽകി അവരിൽ തിരിച്ചറിവിന്റെ നാമ്പുകൾ മുളപ്പിക്കണം. അവനവനെ അറിയുകയെന്ന മുഖ്യദൗത്യത്തിന് ഇന്ധന ക്ഷമത പോരെങ്കിൽ അവർക്ക് വലിയൊരു പ്രചോദമായി സ്വയം മാറണം അവരെ മോടിവേറ്റ് ചെയ്യാൻ അച്ഛനമ്മമാർ കൂടെ ഉണ്ടാവണം. സ്വന്തം അസ്തിത്വം തിരിച്ചറിയാനും സ്വത്വബോധത്തോടെ നിലകൊള്ളാനും സ്വന്തമായ കാഴ്ചപ്പാടും ആദർശങ്ങളുമൊത്ത് ജീവിക്കാനും മക്കൾക്ക് ധൈര്യം പകർന്ന് നൽകണം. എങ്കിൽ അതിമനോഹരമായ വ്യക്തിത്വത്തിന് തറപാകിക്കൊടുത്ത കൃതജ്ഞതയോടെ ശിഷ്ടജീവിതം ജീവിക്കാൻ മാതാപിതാക്കൾ അർഹത നേടും. അഭിമാനപൂർവ്വം ഇതാ ഇത് എന്റെ സന്താനങ്ങളാണ് എന്ന് ചൂണ്ടി കാണിക്കുമ്പോൾ ആത്മസംതൃപ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുന്നുണ്ടാവും ആ മനം അപ്പോൾ. മക്കൾക്ക് മരണം വരെ അച്ഛനമ്മമാർ ഒരു കെടാവിളക്കായ് മാർഗ്ഗദർശനം നൽകി കൂട്ടിനുണ്ടാവുകയും ചെയ്യും.

Related Articles