മനുഷ്യന്റെ ഭാവനകളിലും സ്വപ്നങ്ങളിലും ചിന്തകളിലും നിർഭരമായ് ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞും നിൽക്കുന്ന വിചാരങ്ങൾ, ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ, താൽപര്യങ്ങൾ, കാമനകൾ എന്നിവയെല്ലാം സഫലീകരിക്കപ്പെടാൻ ഓരോ വ്യക്തിയും തന്റെതായ സ്വന്തം കർമ്മപഥത്തിലേക്ക് ഇറങ്ങി സജീവതയോടെയും ഉത്സുകതയോടെയും കർമ്മനിരതയോടെയും പ്രവൃത്തിക്കേണ്ടതായി വരുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ കുടുംബ, സാമൂഹിക വ്യവസ്ഥിതിയുടെ പൊതുചട്ടകൂടിലേക്ക് മാത്രമായി ഒതുക്കപ്പെടുന്ന സിസ്റ്റത്തിൽ വ്യക്തികൾക്കോ വ്യക്ത്യാധിഷ്ഠിതമായ ചിന്തകൾക്കോ ഒന്നിനും വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ ലഭിക്കാതെ വരുമ്പോഴൊക്കെയാണ് മനുഷ്യർ മനഃസംതൃപ്തിയും സന്തോഷവും വെറും നൈമിഷിക സുഖങ്ങളിൽ തേടുന്ന സാഹചര്യങ്ങളും പ്രവണതയും വർദ്ധിച്ചു വരുന്നത്. അതാണെങ്കിലോ ശാശ്വതവുമല്ല. തന്നിൽ അഭിമാനിക്കാനുള്ള വക കണ്ടെത്താൻ മനുഷ്യന് സാധിക്കാത്ത സാഹചര്യത്തിൽ അസംതൃപ്തി അവരെ പിന്തുടർന്ന് കൊണ്ടിരിക്കും.
മരണം വരെ അവനവനെയോർത്ത് അഭിമാനത്തോടെ ജീവിക്കാൻ കഴിയുക എന്നാൽ സംതൃപ്തിയുടെ നിറവിൽ ജീവിച്ച് മരിക്കുക എന്നാണ്. അതിനാൽ സ്വപ്നങ്ങൾ സഫലീകരിക്കപ്പെടുന്നത് എപ്പോഴും ജീവിതസാഫല്യത്തിന്റെ ഭാഗമാണ്. മനസ്സിനെ അമിതമായ് നൈരാശ്യം ബാധിക്കാതെ ജീവിക്കാൻ സ്വയം ഉണരേണ്ടതുണ്ട്. രക്ഷിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം നിന്ന് സംതൃപ്തരായ മനുഷ്യനിലേക്ക് അവരെ കൈപിടിച്ച് ഉയർത്താൻ സാധിക്കും. അതേസമയം തൃപ്തികരമായ ഒരു ജീവിതത്തിന് ഉടമായവുന്നതിൽ അയാളിലെ മനോഭാവത്തിനും ഏറിയൊരു പങ്ക് ഉണ്ട്. ഒട്ടും പ്രയത്നങ്ങളില്ലാത്തതോ പ്രേരണ പകരാത്തതോ ആയ സ്വപനങ്ങളും ആഗ്രഹങ്ങളും വ്യർത്ഥമാണ്. വൃഥാ സ്വപ്നങ്ങളിൽ മുഴുകി സമയം പാഴാക്കുന്നത് യഥാർത്ഥത്തിൽ സമയത്തിന്റെ മൂല്യം തിരിച്ചറിയുന്നതിലുള്ള വീഴ്ചയും ലക്ഷ്യബോധത്തിന്റെ അഭാവവുമാണ് കാണിക്കുന്നത്.
വെറുതെയെന്നോണം സ്വപ്നങ്ങളിൽ വിഹരിക്കുന്ന അലസന്മാരെയല്ല സ്വന്തം കഴിവുകളെ പ്രായോഗിക തലത്തിലേക്ക് എത്തിക്കാൻ പ്രയത്നിക്കുന്ന കർമ്മോന്മുഖരായ വ്യക്തികളാണ് യഥാർത്ഥത്തിൽ കുടുംബത്തിനും ഈ സമൂഹത്തിനും ആവശ്യമെന്ന് അറിയാമല്ലോ. ഇന്ന് ചെയ്യാവുന്ന കാര്യങ്ങളെ കഴിയുന്നതും നാളെ എന്നൊരു ദിവസത്തേയ്ക്ക് നീട്ടിവെയ്ക്കാതിരിക്കലാണ് അഭികാമ്യം. എന്നുവെച്ച് ഇപ്പോൾ തന്നെ ധൃതിപിടിച്ച് ഓടിക്കിതച്ച് ചെന്ന് എന്തെങ്കിലും ചെയ്യാനുമല്ല. ഏതാണ്ട് ഒരു പ്ലാൻ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കുന്നതാണ് ഉചിതം.. അതിന്റെ അടിസ്ഥാനത്തിൽ വേണം ഒരു സ്കെഡ്യൂൾ തയാറാക്കാനും ആഗ്രഹിക്കുന്ന രീതിയിൽ എല്ലാം ആസൂത്രണം ചെയ്യാനും. അവനവന് സൗകര്യപ്രദമാം വിധം ഓരോരുത്തരും സ്വയം തന്നെ നിശ്ചിത പദ്ധതികൾ തയാറാക്കുന്നത് ഗുണം ചെയ്യും. പ്രസ്തുത പദ്ധതിയ്ക്ക് വേണ്ട കാലാവധി നിശ്ചയിക്കാൻ ആ വ്യക്തി തന്നെയാണ് ഏറ്റവും അനുയോജ്യൻ. കാരണം അവനവന്റെ കഴിവിലുള്ള വിശ്വാസം, സാഹചര്യങ്ങൾ, സൗകര്യങ്ങൾ ഇതെല്ലാം ഓരോ വ്യക്തികൾക്കുമനുസരിച്ച് ആപേക്ഷികമായിരിക്കും. സമയത്തിന്റെ മൂല്യം ഒട്ടും വിസ്മരിക്കാതെ ആവുന്നത്ര കൃത്യനിഷ്ഠത പാലിച്ച് ഉദ്ദിഷ്ടകാര്യങ്ങൾ നിറവേറ്റിക്കൊണ്ട് മുന്നേറാൻ ബോധപൂർവ്വം ശ്രമിച്ചെ തീരൂ.
തന്റെ സ്വപ്നങ്ങളെ എന്ത് വിലകൊടുത്തും താൻ നേടിയെടുത്തിരിക്കുമെന്ന് ശപഥം ചെയ്ത്, അതിനായ് കച്ചകെട്ടി ഇറങ്ങുന്നവർ ഏതുവിധേനയും അവ നേടിയെടുക്കാനുള്ള യോഗ്യത ആർജ്ജിച്ചെടുക്കുകയാണ് ചെയ്യുന്നത്. എല്ലാം അനുകൂലമായിട്ട് വരട്ടെ കാത്തിരിക്കാം എന്നോർത്ത് ഇരുന്നാൽ നിരാശയാകും ഫലം. എത്ര വലിയ കടമ്പകളും കടുത്ത തീരുമാനങ്ങളാലും നിശ്ചയദാർഢ്യവുംകൊണ്ട് മറികടന്ന് വിജയം കൈവരിക്കാൻ സ്വപ്നങ്ങളെ അഗ്നിയെന്നപോലെ ഉള്ളിൽ കത്തിജ്വലിപ്പിക്കണം, ഊർജ്ജമാക്കിയെടുക്കണം. ഒരിക്കലും അണയാൻ തയാറാവാത്ത, ഒന്നിനും കീഴടങ്ങാത്ത, വഴിപ്പെടാത്ത ഉജ്വലമായ ആന്തരീക ശക്തിയായി മാറും അത്.
എന്നാൽ എന്തിന് വേണ്ടി ഒരാൾ മുന്നിട്ട് ഇറങ്ങുമ്പോഴും സ്വാഭാവികമായും രണ്ട് വഴികൾ അയാളുടെ മുന്നിൽ പ്രത്യക്ഷമാകും. പലപ്പോഴും അസന്മാർഗ്ഗികമായ വഴികൾ അധികം അദ്ധ്വാനമില്ലാത്തതും പെട്ടെന്ന് കാര്യസാധ്യവും അത്യധികം സുഗമവുമായി തോന്നാം. അത്യാഗ്രഹികൾ അതിനാൽ എപ്പോഴും കുറുക്കുവഴികൾ തേടും. അലസന്മാരും ചിലപ്പോൾ ആ പാത പിന്തുടരും എന്നാൽ അവനവനിൽ വിശ്വാസമുള്ളവൻ സ്വന്തം വഴി വെട്ടിയെടുത്ത് അതിലൂടെ മുന്നേറുന്നത് കാണാം. നാശത്തിലേക്ക് വഴി തിരഞ്ഞെടുക്കാതിരിക്കലാണ് ബുദ്ധിയെന്ന് ആ വ്യക്തി തിരിച്ചറിയുന്നുണ്ട്. ഒരു തിരിച്ചറിവ് വന്ന വ്യക്തിത്വത്തിന് ആത്മബോധത്തിൽ നിന്ന് മാത്രമേ പ്രവൃത്തിക്കാൻ കഴിയുള്ളൂ. ഏറ്റവും അഭിലഷണീയവും ആശാസ്യമായതുമായ വഴിലൂടെ തന്നെ നയിക്കാൻ പിന്തുണയാവുന്നവരെ ചേർത്ത് തന്നെ നിർത്തുകയും വേണം.
സമയം ആരെയും കാത്ത് നിൽക്കാറില്ല. അതിനാൽ ഇന്ന് ചെയ്യേണ്ട ഒരു കാര്യത്തെ നാളെയ്ക്ക് മാറ്റി വെയ്ക്കാതെ ഇന്ന് തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കുന്നത് വിജയത്തിലേക്കുള്ള സാധ്യതയെ ത്വരിതപ്പെടുത്തുമെന്ന് അനുഭവജ്ഞാനികളായ വ്യക്തികൾ പറയുന്നു. നാളെ നാളെ നീളെ നീളെ എന്ന ചൊല്ല് നമുക്ക് ഏവർക്കും പരിചിതവും അതേസമയം അനുഭവങ്ങളിൽ പലരുടെയും ജീവിതത്തിൽ പ്രതിഫലിച്ച് കാണാവുന്നതുമാണ്.
ഇംഗ്ളീഷിൽ കാലതാമസം വരുത്തൽ നീട്ടിവെയ്ക്കൽ എന്നർത്ഥം വരുന്ന “Procrastination” എന്നൊരു വാക്കുണ്ട്. ലാറ്റിൻ ഭാഷയിലെ procrastinatus എന്ന പദത്തിൽ നിന്നും ഉണ്ടായ വാക്കാണ്. Pro എന്നാൽ മുന്നോട്ട് എന്നർത്ഥം വരുന്ന forward എന്നും crastinatus എന്നാൽ നാളെ എന്നുമാണ് അർത്ഥം. മനുഷ്യർക്ക് പറ്റുന്ന വീഴ്ചയുടെയും പരാജയങ്ങളുടെയും മുഖ്യ കാരണങ്ങളിൽ ഒന്നാണ് ഈ Procrastination. മടിയന്മാരുടെയും അലസന്മാരുടെയു. കൂടെപ്പിറപ്പ് എന്നും കൂടെ പറയാം. നാളെയാവാം, പിന്നെ നോക്കാം എന്ന ചിന്തയിൽ ഓരോ കാര്യവും പിന്നത്തേയ്ക്ക് നീട്ടിവെച്ചുകൊണ്ടേ ഇരിയ്ക്കും അവർ. അതിന്റെ മറ്റൊരു വകഭേദം കൂടെയുണ്ട്, അതാണ് ഒഴിഞ്ഞുമാറൽ. തന്നിൽ നിക്ഷിപ്തമാക്കപ്പെട്ട ഉത്തരവാദിത്വങ്ങളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നുമുള്ള ഒഴിഞ്ഞുമാറ്റം ഒരിക്കലും നല്ലൊരു വ്യക്തിത്വത്തിന് ഭൂഷണമേ അല്ല. അതിനാൽ ഉത്തരവാദിത്വബോധത്തെ വേണമെങ്കിൽ വ്യക്തിത്വത്തിന്റെ ആണിക്കല്ല് എന്ന് വിളിക്കാം. കൊച്ചുകുട്ടികൾക്ക് പോലും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല, അതാണ് സത്യം.
കൃത്യനിർവ്വഹണത്തിൽ താല്പര്യമില്ലാത്തവർ അവരോടൊപ്പം ജീവിതം പങ്കിടുന്നവർക്ക് പോലും അസഹ്യമാവുന്ന ലെവലിലേക്ക് അതിനെ എത്തിച്ചാൽ, എന്തിനോടും നിസ്സംഗഭാവം പുലർത്തുന്നൊരു ഘട്ടം സ്വയം സൃഷ്ടിച്ചെടുത്താൽ ജീവിതത്തിന്റെ ഗതി മൊത്തമായി മാറും, ജീവിതം നരകതുല്യമാവുന്ന അവസ്ഥയിലെത്തും. ദീർഘകാലം ഇത് തുടർന്നാൽ അയാളുടെ തന്നെ മാനസികാരോഗ്യം ക്ഷയിച്ചുപോവുന്നൊരു ഗതിയിലെയ്ക്ക് എത്താൻ സാധ്യതയുണ്ട്. വൈകാതെ തന്നെ വിഷാദരോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.
പഠനകാര്യങ്ങളിൽ കുട്ടികളും ചിലപ്പോൾ ഈ രീതി അവലംബിക്കുന്നുണ്ട്. സമയം യഥേഷ്ടം ഉണ്ടല്ലോ എക്സാം അടുക്കുമ്പോൾ നോക്കാം എന്ന ഉദ്ദേശത്തിൽ എല്ലാം പിന്നത്തേയ്ക്ക് കൂട്ടി വെയ്ക്കുന്ന വിദ്യാർത്ഥികൾ പിന്നീട് ഉഴലുകയും ഉഴപ്പുകയും ചെയ്യുന്നത് നിത്യകാഴ്ചയാണ്. അല്ലെങ്കിൽ മാതാപിതാക്കളുടെ സഹകരണവും മനസ്സിലാക്കി കൂടെ നിൽക്കാനുള്ള മനസ്സും പിന്തുണയും ശ്രദ്ധയും ഉണ്ടാവണം. അതല്ലെങ്കിൽ കുട്ടികളിലെ ഈ പ്രവണത പിന്നീട് കുറ്റബോധത്തിന് വഴിയൊരുക്കും. അമിതമായ ഉത്കണ്ഠ കാരണം മാനസ്സിക സമ്മർദ്ദം ഏറിവന്ന് ഡിപ്രഷന്റെ വക്കിലേയ്ക്ക് അവരെ കൊണ്ടുചെന്നെത്തിക്കുന്നതും സ്വാഭാവികം. ആത്മബോധവും ഉത്തരവാദിത്വത്തെ കുറിച്ചും മറ്റും ഉത്തമബോദ്ധ്യവും കുട്ടികളിൽ വളരെ ചെറുപ്പത്തിലെ തന്നെ ഉണ്ടാക്കിയെടുക്കുന്നത് ഗുണപ്രദമാവും.
ഒന്നും നീട്ടിവെയ്ക്കുന്നവരല്ല കൃത്യസമയത്ത് ദൗത്യനിർവ്വഹണം നടത്തുന്നവരാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത്. അവരാണ് ഹീറോസ്. മനോവീര്യം കെടാതെ അമൂർത്തമായ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പ്രായോഗിക ചിന്തയിലൂടെ മൂർത്തമാക്കിയെടുക്കാൻ അവർക്ക് സാധിച്ചതാണ് ലോകത്ത് ഇന്ന് ഈ കാണും മനുഷ്യനിർമ്മിതമായ അത്ഭുതങ്ങളെല്ലാം. എന്നാൽ വിചാരിച്ച കാര്യങ്ങൾ കാലതമാസമില്ലാതെ നടപ്പിലാക്കാൻ കഴിവും പര്യാപ്തതയും ഇച്ഛാശക്തിയും കൂടിയെ തീരൂ.
അതേസമയം പ്രോക്രാസ്റ്റിനേഷൻ അഥവ നീട്ടിവെയ്ക്കലിന് ചില പോസിറ്റീവ് സൈഡ് കൂടെയുണ്ട്. എടുപിടിയിൽ ഒരു കാര്യം ചെയ്യുമ്പോൾ അതിലേക്ക് മനസ്സിനെ പൂർണ്ണമായും കേന്ദ്രീകരിക്കാനോ, മനസ്സ് ഇരുത്തി ചെയ്യാനോ, പൂർണ്ണതയോ, സംതൃപ്തിയോ ലഭിക്കുന്നില്ല എന്ന പോരായ്മയെ അതിജയിക്കാൻ ചിലർക്ക് അതുകൊണ്ട് സാധിയ്ക്കും. വേണ്ടത്ര സമയമെടുത്ത് ചെയ്യുമ്പോഴാവും എല്ലാം വൃത്തിയായി ചെയ്യാനും ദൗത്യം ഉദ്ദേശിച്ച പ്രകാരം പൂർണ്ണത്തീകരിക്കാനും സാധിക്കുന്നത്. എന്നാൽ ജീവിതം പാതിയും കടന്ന് നിൽക്കുമ്പോൾ ഒരു മനുഷ്യൻ ഓരോ സന്ദർഭങ്ങളിലും തന്റെ കൃത്യനിർവ്വഹണത്തിൽ താൻ വരുത്തിയ അശ്രദ്ധയും അനാസ്ഥയും ഓർത്ത് ഖേദിച്ചും ദുഃഖിച്ചുമിരിക്കുന്ന അവസ്ഥ ഒന്ന് ഓർത്ത് നോക്കിയാൽ മതി. ഏത് മനുഷ്യനും ഫസ്റ്റ് ഹാഫ് കഴിഞ്ഞ് അതായത് മധ്യവയസ്സോടെടുത്ത് ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്താറുണ്ടെന്നാണ് ഹ്യൂമൻ സൈക്കോളജി.
Punctuality അഥവാ കൃത്യനിഷ്ഠ അല്ലെങ്കിൽ സമയനിഷ്ഠ എന്നതൊക്കെ നല്ലൊരു വ്യക്തിത്വത്തിന്റെ അടയാള സൂചകങ്ങളാണ്. സ്വയം സമയത്തിന് മൂല്യം കൽപ്പിക്കുന്നവരാവുകയും മാത്രമല്ല അന്യന്റെ സമയത്തെ വിലയില്ലാത്ത ഒരു പാഴ്‌വസ്തു പോലെ കാണാതിരിക്കാനുമുള്ള സാമാന്യബോധം നമ്മിൽ ഉണ്ടാവുകയും വേണം. അവനവന്റെ ആവശ്യങ്ങൾക്കും സ്വാർത്ഥനേട്ടങ്ങൾക്കും ആരെയും വെറുതെ മെനക്കെടുത്തി നിർത്തരുത്. അവനവന്റെ സമയത്തിന് മൂല്യം കൽപ്പിക്കുന്നതിന് അതിന്റെതായ മറ്റൊരു ഗുണം കൂടെയുണ്ട്. ഇത്തരം തിരിച്ചറിവ് കൂട്ടിന് ഉള്ളപ്പോൾ ഏതൊരാളും തനിയ്ക്കായ് മാറ്റിവെക്കുന്ന സമയത്തിന് കൂറും നന്ദിയും നസമ്മുടെയൊക്കെ ഉള്ളിൽ നിലനിൽക്കും അത് പ്രകടിപ്പിക്കാനും തയാറാവും. പണത്തിനും സമ്പത്തിനും അധികാരത്തിനും മാത്രം പ്രാധാന്യം നൽകുന്ന സമൂഹത്തിൽ വ്യക്തിയ്ക്കും അവന്റെ ചിന്തകൾക്കും ഇമോഷൻസിനും കാഴ്ചപ്പാടുകൾക്കും നിലപാടുകൾക്കും സമയത്തിനും കൂടെ സ്ഥാനവും മൂല്യവും കാണാൻ സാധിച്ചാൽ എത്ര മനോഹരമായിരിക്കും ഈ ലോകം. ലോകം മാറേണ്ടത് ഓരോ വ്യക്തികളിലൂടെയുമാണ്. അപ്പോൾ മറ്റാരെയും കാത്ത് നിൽക്കേണ്ട ആവശ്യമില്ല, നമ്മിൽ നിന്ന് തന്നെ ആവട്ടെ …