Current Date

Search
Close this search box.
Search
Close this search box.

സ്വത്വചിന്തകളിൽ നിന്നും പ്രകടനാത്മകമായ വ്യക്തിത്വം

കാലത്തിനൊപ്പം സഞ്ചരിക്കുക എന്നത് അവബോധമുള്ള ഒരു വ്യക്തിയിൽ കാണുന്ന സവിശേഷതയാണ്. ഒരു വ്യക്തി വളരെ സത്യസന്ധമായും യുക്തിപരമായും തന്നെ നിലപാട് വ്യക്തമാക്കുമ്പോഴും അയാൾ നിലവിലുള്ള പൊതുബോധത്തിന് എതിരെ ചലിക്കുന്നതായൊക്കെ തോന്നും. സമൂഹത്തിൽ ഇന്നും പല വിധത്തിലും കണ്ടുവരുന്ന ഏറെ കാലഹരണപ്പെട്ടതായ അല്ലെങ്കിൽ അപചയം സംഭവിച്ചതും ജീർണ്ണച്ചതുമായ നയങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അലിഖിതനിയമങ്ങളും മനുഷ്യർ പിന്തുടർന്നെ തീരൂ എന്ന ശാഠ്യം ചിലർ വെച്ചുപുലർത്താറുണ്ട്. അവ മനുഷ്യത്വവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞാൽ തിരിച്ചറിവുള്ള വ്യക്തികൾ അതിനെ തള്ളിപ്പറയുകയോ പിന്തുടരാൻ വിസമ്മതിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. അത് അനിവാര്യവുമാണ്. വാസ്തവത്തിൽ മനുഷ്യർ എപ്പോഴും മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. കൈവന്ന മൂല്യങ്ങളും കാലങ്ങളായി നാം പിന്തുടർന്ന് പോരുന്ന നമ്മുടെ പിതാമഹാന്മാർ വരും തലമുറയ്ക്ക് കൈമാറ്റം ചെയ്തുപോയ സ്വന്തം ദേശത്തിന്റെ സംസ്ക്കാരവും പൈതൃകവും നഷ്ടപ്പെടമാവാതെ സംരക്ഷിക്കുന്ന കാര്യത്തിൽ സമൂഹത്തിലെ ഓരോ വ്യക്തികൾക്കും ആവരവരുടേതായ പങ്കുണ്ട്. മൂല്യാധിഷ്ഠിത മനോഭാവം ഉണ്ടെങ്കിൽ തീരാവുന്ന ഒരുപാട് പ്രശ്നങ്ങൾ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. അതിനാൽ സമൂഹത്തിൽ മൂല്യചൂതിയും ശോഷണവും സംഭവിക്കാതിരിക്കാൻ മനുഷ്യർ തങ്ങളുടെ കുട്ടികളെയും സ്വന്തം പരിവാരങ്ങളെയും വേണ്ടവിധം ഗൈഡൻസ് നൽകി സംരക്ഷിക്കാനുള്ള സന്നദ്ധത കാണിക്കണം. വ്യക്തികൾക്ക് ബോധം ആവശ്യമായി വരുന്നത് ഇതുകൊണ്ടൊക്കെയാണ്.

മനുഷ്യർക്ക് ഉപദ്രവമെന്ന് തോന്നുന്നതായ നയങ്ങളും പ്രവൃത്തികളും തിരുത്താൻ തയാറാവുന്നതല്ലേ നല്ലത്. അതേപോലെ ഒരു തരത്തിലും ആർക്കും ഉപയോഗപ്രദമല്ലാത്ത ഓരോരോ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, മാമൂലുകൾ ഒരു കാര്യവുമില്ലാതെ അതിന്റെ പിന്നാലെ ഊർജ്ജവും സമയവും പണവും പാഴാക്കികളയുന്നതൊക്കെ അർത്ഥശൂന്യമെന്ന് തിരിച്ചറിഞ്ഞ് വർജ്ജിക്കുന്നതല്ലേ ബുദ്ധി. ഉള്ളിൽ ഭീതിയും പരിഭ്രമവും വെച്ചുകൊണ്ട് ഒരാൾക്കും അതിന് എതിരെയൊന്നും നിവർന്ന് നിന്ന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ സാധ്യമല്ല. നിർഭയം സത്യങ്ങളെ ആർക്കും ഉപദ്രവമാകാത്ത വിധത്തിൽ തുറന്ന് പറയാൻ വ്യക്തികൾ പഠിച്ചുകഴിഞ്ഞാൽ, ഒരുപക്ഷേ ആരംഭത്തിൽ സമൂഹം നിഷേധി അല്ലെങ്കിൽ റെബൽ എന്നൊക്കെ വിളിച്ചേക്കാമെങ്കിലും നിലപാട് സത്യസന്ധമെങ്കിൽ വൈകാതെ അവർ അംഗീകരിക്കാൻ തയാറാവും. മാന്യതയും ആദരവും നിലനിർത്തിക്കൊണ്ട് തന്നെ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ ഒന്നും സംഭവിക്കുന്നില്ല. അസഹിഷ്ണുത മാറ്റിവെച്ച് ആരോഗ്യകരമായ രീതിയിൽ വിമർശനങ്ങളെ ഉൾകൊള്ളാൻ സമൂഹത്തിലെ ആളുകൾ പരുവപ്പെടേണ്ടതുണ്ട്.

അസഹിഷ്ണുത മൂലം ഉള്ളിൽ കുമിഞ്ഞു കൂടുന്ന രോഷം അടക്കാൻ വയ്യാതെ ഒരർത്ഥവുമില്ലാതെ പ്രകോപിതരായി കൈയ്യാങ്കളിക്ക് ഒരുങ്ങുന്നതും പോരും ഏറ്റുമുട്ടലുകളും വാക്ക് തർക്കവും തമ്മിൽ തല്ലുമൊന്നും ഒരു പക്വമായ സമൂഹത്തിനോ അതേപോലെ ഒരു വ്യക്തിയ്ക്കോ ചേർന്നതല്ല. അതെല്ലാം നിലവിൽ ഒരാൾക്കുള്ള വ്യക്തിബന്ധങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും സ്വന്തം പ്രതിച്ഛായയ്ക്കും ഏറെ കോട്ടം വരുത്തിവെയ്ക്കും. സ്വയം നേരും നെറിയും കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയായി തീരുന്നതിലൂടെ ആളുകളുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞേക്കും. തുറന്ന ഇടപഴകലുകൾ ഉണ്ടാവുമ്പോൾ ആളുകൾക്ക് നമ്മെ തിരിച്ചറിയാനും ഏത് തരത്തിലുള്ള വ്യക്തിയാണെന്ന് മനസ്സിലാക്കാനും എളുപ്പമാകും. അറിവും വിദ്യാഭ്യാവും ഉണ്ടായിട്ട് ഒരാൾക്ക് ലോകത്തുള്ള എല്ലാത്തിനെക്കുറിച്ചും അറിഞ്ഞോളണമെന്നില്ല. എങ്കിൽ അറിയാത്ത കാര്യങ്ങളെ അറിയില്ല എന്ന് ജാള്യത കൂടാതെ തുറന്ന് തന്നെ പറയാം, അതിൽ നാണിക്കേണ്ടതില്ല.

കൂടാതെ ആളുകൾക്ക് വേണ്ടി നന്മ കാംക്ഷികുന്നതും നല്ല കാര്യങ്ങൾ ചെയ്യുന്നതും ജീവിതചര്യകളിൽ ഒന്നാക്കി മാറ്റിയ ഒരാളുടെ വാക്കുകൾക്ക് ആരും ചെവി കൊടുക്കും. ഇത്തരത്തിൽ അംഗീകരിക്കപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങൾക്കാണ് ജനങ്ങൾക്കിടയിൽ സ്വീകാര്യതയും കൂടുതൽ. ഇതുപോലെയുള്ള ആളുകൾ ഒരവസരം വരുമ്പോൾ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലും നിലപാട് വ്യക്തമാക്കുന്നതിലും ആർക്കും പൊതുവെ പരിഭവമോ എതിർപ്പൊ കാണുകയുമില്ല. എന്നാൽ മേൽപറഞ്ഞ തരം ഇമേജ് ദുരുദ്ദേശപൂർവ്വം ഉണ്ടാക്കിയെടുത്ത് ആളുകളെ വെട്ടിലാക്കുകയും, ചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന മനുഷ്യർ നമുക്കിടയിലുണ്ട് എന്നതും വലിയൊരു സത്യമാണ്.

സ്വത്വബോധത്തിൽ ഉറച്ച് നിന്ന് തന്റേതായ ആശയങ്ങളെയും അഭിപ്രായങ്ങളെയും തുറന്ന് പറയാനും പ്രകടിപ്പിക്കാനും അല്ലെങ്കിൽ സ്വന്തമായ ആത്മാവിഷ്ക്കരണത്തിലൂടെ പരസ്യമായി ഇപ്പറഞ്ഞതെല്ലാം എക്സ്പ്രസ് ചെയ്യാനും വ്യക്തിപരമായ സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. തീർച്ചയായും അതിന് ആർക്കും രാജ്യത്തെ ഏതൊരു പൗരനും അവകാശവുമുണ്ടല്ലോ. ഇന്ത്യൻ ഭരണഘടനയും അത് അനുവദിച്ച് തന്നിട്ടുണ്ട്. ആരോഗ്യകരമാം വിധം ആന്തരീകമായ ഭാവങ്ങൾ (ഇമോഷൻസ്) പ്രകടിപ്പിക്കാനും മനുഷ്യന് സ്വാതന്ത്ര്യം ഉണ്ട്. ഓരോ വ്യക്തിയും ജീവിക്കേണ്ടത് അങ്ങനെ തന്നെയാണ്. മൂഢന്മാരെപ്പോലെ ജീവിച്ചിട്ട് എന്ത് കാര്യം? സ്വന്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും വൈകാരികമായ തോന്നലുകളും ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യക്തിത്വരൂപീകരണം ഒരിക്കലും കൃത്യമായി സാധ്യവുമല്ല. സ്വന്തം സന്താനങ്ങളിൽ ആത്മവിശ്വാസം ബൂസ്റ്റ് ചെയ്ത് എടുക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ എപ്പോഴും മക്കളിൽ വളരെ കുഞ്ഞിലെ തന്നെ ഇത്തരമൊരു ക്വാളിറ്റിയെ ഡെവലപ്‌ ചെയ്തെടുക്കേണ്ടിയിരിക്കുന്നു. എങ്കിൽ കുട്ടികളിൽ കാണപ്പെടുന്ന സഭാകമ്പം (stage fright) ആളുകളുമായി സോഷ്യലൈസിങ് ചെയ്യുന്നതിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ, മനസ്സിൽ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരാളുടെ മുന്നിൽ തുറന്ന് സംസാരിക്കാനുള്ള ഭീതി ഇവയൊന്നും അവരെ അലട്ടില്ല. തുറന്ന പ്രകൃതക്കാരായി മക്കൾ വളരും. അത് രക്ഷിതാക്കൾക്കും ഭാവിയിൽ മക്കളുമായുള്ള എല്ലാ കാര്യങ്ങളിലും ഗുണം ചെയ്യും.

കുട്ടികളുടെ ചിന്തകളിൽ വളരെ കുഞ്ഞിലെ തെളിച്ചവും വ്യക്തതയും സുതാര്യതയും കൈവരേണ്ടതിന്റെ അനിവാര്യത എപ്പോഴും എടുത്ത് പറയുന്നത് അത് ഇത്തരം ഒരു വ്യക്തിത്വം അവരിൽ വാർത്തെടുക്കാൻ വഴിയൊരുക്കുമെന്നതിനാലാണ്. സാഹചര്യവും സമയവും അറിഞ്ഞു പെരുമാറാനുള്ള സാമാന്യബുദ്ധി കുട്ടികളിൽ രൂപംകൊള്ളുന്നത് അപ്പോഴാണ്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും രക്ഷിതാക്കളുടെ സാന്നിധ്യവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അച്ഛനമ്മമാരുടെ ഭാഗത്ത് നിന്നുള്ള ഓരോ ചെറിയ വാക്കുകൾ പോലും കുട്ടികളുടെ മുമ്പോട്ടുള്ള ജീവിതത്തിൽ വലിയൊരു ഊർജ്ജമായി പരിണമിക്കുകയും ചെയ്യും. രക്ഷാകർതൃത്വത്തിൽ ഉണ്ടാകുന്ന അശ്രദ്ധയും ചില അച്ഛനമ്മമാർ കാണിക്കുന്ന അവഗണനയും കുട്ടിയുടെ വ്യക്തിത്വത്തിന് നല്ലൊരു ബെയ്‌സ് അല്ലെങ്കിൽ അടിത്തറ പാകുന്നതിൽ തോൽവി വരുത്തിവെയ്ക്കുന്നു. പല കുട്ടികളും കൗമാരത്തിൽ ഐഡന്റിറ്റി ക്രൈസിസ് അവനവന്റെ വ്യക്തിത്വത്തെ തിരിച്ചറിയാൻ കഴിയാത്ത പ്രതിസന്ധിഘട്ടം നേരിടുന്നതൊക്കെ രക്ഷാകർതൃത്വത്തിൽ ഉണ്ടാവുന്ന അനാസ്ഥയും നിഷ്‌ക്രിയത്വവും മൂലമാണ്. അറിഞ്ഞോ അല്ലാതെയോ മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കൃത്യവിലോപം മൂലം കുട്ടികൾ കടന്ന് പോകുന്ന മാനസികാവസ്ഥ അതീവം സംഘർഷഭരിതവും ദയനീയവുമായി തീരാറുണ്ട്.

അപകർഷതാബോധത്താൽ സ്വയം നെയ്തൊരുക്കിയ കൂടിനുള്ളിലേയ്ക്ക് ഉൾവലിഞ്ഞ് ജീവിക്കേണ്ട ദുർഗതിയിൽ തന്നെയും തന്നിലെ വ്യക്തിത്വത്തെയും എത്തിയ്ക്കാതെ ആളുകളുടെ മുന്നിൽ അവനവനെ പ്രെസെൻറ് ചെയ്യണമെങ്കിൽ അഥവ അവതരിപ്പിക്കണമെന്നുണ്ടെങ്കിൽ ആത്മവിശ്വാസം കൂടിയേ തീരൂ. കുഞ്ഞുങ്ങൾക്ക് ആശയസംവാദങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും മറ്റും തന്നിലെ തന്നെ അതായത് അവനവനെ വളരെ മനോഹരമായി തന്മയത്വത്തോടെയും ക്രിയാത്മകതയോടെയും ഉചിതമായ രീതിയിൽ പൊതുജന സമക്ഷമോ മറ്റൊരു വ്യക്തിയുടെ മുന്നിലോ അവതരിപ്പിക്കാനും വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാനും തുടക്കത്തിലേ തന്നെ ആത്മവിശ്വാസം പകർന്ന് കൊടുത്ത് വളർത്തിയെടുത്താൽ നല്ലത്. സംസാരം (communication) സ്വരഭേദം (tone) ശരീരഭാഷ (body language) ഇവയൊക്കെയാണ് മുഖ്യം. ശരീരഭാഷയിൽ നോട്ടം, ഇരുത്തം, നിൽപ്പ്, നടപ്പ്, മറ്റുവിധത്തിലുള്ള ആംഗ്യങ്ങളും ചേഷ്ടകളും അംഗചലനങ്ങളും എല്ലാം ഉൾപ്പെടുന്നു. മാത്രമല്ല ശരിയാണ് താൻ ചെയ്യുന്നതെന്ന ബോധം കൂട്ടിന് ഉണ്ടെങ്കിൽ, അതിൽ ഭയക്കാൻ എന്തിരിക്കുന്നു എന്നൊരു ചിന്തയും കൂടെ ഒരു വ്യക്തിയെ സ്വാധീനിച്ചാൽ “നിർഭയത്വം” ഏതൊരു വ്യക്തിത്വത്തിനോടൊപ്പവും അലിഞ്ഞു ചേരും. പ്രവൃത്തിയിലും സംസാരത്തിലും ആത്മവിശ്വാസം നിറഞ്ഞു നിൽക്കും.

ആത്മവിശ്വാസം ധൈര്യവുമായി ഇഴപിരിക്കാൻ പറ്റാത്ത പോലെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. സമൂഹവും ചുറ്റിലുമുള്ള ആളുകളും എന്ത് പറയും എന്ത് ചിന്തിക്കും എന്ന ഭാഷ്യം രക്ഷിതാക്കളുടെ സംസാരത്തിൽ തവണകളായി ആവർത്തിക്കപ്പെടുന്നത് കുഞ്ഞിന്റെ മനസ്സിൽ അബോധപൂർവ്വമെങ്കിലും അത് അള്ളിപ്പിടിച്ചേക്കും. ചെയ്യുന്ന കർമ്മങ്ങളൊക്കെ അവിടുന്ന് അങ്ങോട്ട് ആരെയൊക്കെയോ ബോദ്ധ്യപ്പെടുത്തിയും തൃപ്തിപ്പെടുത്തിയും ചെയ്യുന്നതിൽ ആയിപ്പോകും. അവനവന്റെ ബോധത്തിലും ബോദ്ധ്യത്തിലും നിന്നും പെരുമാറാൻ മക്കൾക്ക് ധൈര്യവും പരിശീലനവും നൽകുന്ന രക്ഷിതാക്കളാണ് ആവശ്യം. തെറ്റും ശരിയും എന്തെന്ന് സ്വന്തമായ ബോദ്ധ്യപ്പെടലിൽ നിന്ന് മാത്രമാണ് ചിന്തകൾക്ക് വ്യക്തത വരുന്നത്. അതിനാൽ മക്കളിൽ ഊഹിക്കാവുന്നതിനൊക്കെ അപ്പുറം അത് ഗുണം ചെയ്യും. കുട്ടികളെയും വ്യക്തിയായി അംഗീകരിക്കുക എന്നൊരു കാര്യം കൂടെയുണ്ട്. ആ പ്രോസസ്സ് നടക്കാത്തിടത്തോളം അവരിൽ സ്വാധീനം ചെലുത്താൻ അത്ര എളുപ്പമല്ല. വ്യക്തി എന്ന ബോധത്തിലേയ്ക്ക് കുട്ടിയും എത്തേണ്ടതുണ്ട്.

അംഗീകാരത്തിനായ് തുടിക്കുന്ന ഒരു ഹൃദയം എല്ലാ മനുഷ്യന്റെയുള്ളിലും കിടപ്പുണ്ട്. കൊച്ചു ബാലൻ അല്ലെങ്കിൽ ബാലിക തൊട്ട് മൃതപ്രായരായ മനുഷ്യർ വരെ അത് ആഗ്രഹിക്കുന്നു താനും. മനുഷ്യനായി, ഒരു വ്യക്തിയായി അർഹിക്കുന്ന സ്ഥാനമാനങ്ങൾ നൽകി പരിഗണിയ്ക്കപ്പെടാൻ ഉള്ളിൽ തീവ്രമായ വാഞ്ഛ എല്ലാവരിലും നിലനിൽപ്പുണ്ട്. തന്നിലെ തന്നെ, തന്റെ വ്യക്തിപ്രഭാവത്തെ പ്രതിഫലിപ്പിച്ച് സ്വന്തമായ ആറ്റിട്യൂഡോടെ ജീവിക്കാൻ ഭാഗ്യം ലഭിക്കുന്നവരൊക്കെ എണ്ണത്തിൽ കുറവായിരിക്കും. അതേസമയം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുക എന്നതുകൊണ്ട് ചിലരെല്ലാം വിശ്വസിക്കുന്നത് തനിയ്ക്ക് മനസ്സിൽ തോന്നുന്നത് സമയവും സാഹചര്യവും നോക്കാതെ പറയുന്നതും ചെയ്യുന്നതുമാണ് എന്ന അർത്ഥത്തിലാണ്. ഒരു വ്യക്തി അയാളിലെ സദ്ഗുണങ്ങളെ പരിപോഷിപ്പിച്ചെടുക്കുകയും അതിൽ നിർവൃതിയും ആത്മസംതൃപ്തിയും കണ്ടെത്തുകയും ആളുകൾക്ക് മുന്നിൽ അതിമനോഹരമായി ആത്മവിശ്വാസത്തിന്റെ നിറവോടെ തന്നെ അവതരിപ്പിക്കാൻ ശീലിക്കുകയും ചെയ്യുമ്പോൾ മാത്രമേ വ്യക്തിത്വത്തിന് ആഗ്രഹിക്കുന്ന ഓജസ്സും തേജസ്സും കൈവരുന്നുള്ളൂ.

മറ്റൊരു വ്യക്തിയുമായി സംവാദത്തിൽ ഏർപ്പെടുമ്പോഴും ഒരു വ്യക്തി കാണിക്കേണ്ട മര്യാദകൾ ഉണ്ട്. മനുഷ്യരെ കേൾക്കുക കൂടുതൽ അവർക്കും അവരെ എക്‌സ്പ്രസ്സ് ചെയ്യാൻ അവസരം നൽകുക, ശേഷം അവരുമായി സംഭാഷണങ്ങൾ തുടരാം. അവരുടെ ആഗ്രഹങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ച് സംസാരിക്കാം. ഏതൊരു മനുഷ്യനും സംസാരിക്കാൻ ഇഷ്ടപ്പെടുന്ന വിഷയം ആണത്. ശുഭാപ്തി വിശ്വാസിയായ ഒരാളുമായുള്ള സല്ലാപം ആളുകൾ എപ്പോഴും ഇഷ്ടപ്പെടുന്നു. എപ്പോഴും ഗൗരവം നടിച്ചിരിക്കാതെ അല്പം തമാശയും കുസൃതിത്തരങ്ങളും കൂടെ ആവുന്നതിലൊന്നും കുഴപ്പമില്ല. എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച് ജീവിക്കുന്നതിൽ നിന്ന് ഒരു ആശ്വാസം, മോചനം, പേശികൾക്ക് അയവ്, മാനസ്സിക സമ്മർദ്ദത്തിൽ നിന്ന് മുക്തിയൊക്കെ ആവും അത്. അപ്പോഴും ആളുകൾക്ക് മനസ്സിലാക്കാൻ പാകത്തിൽ ആയിരിക്കണം നമ്മുടെ വ്യക്തിത്വമെന്ന് മാത്രം. തന്റെ തൊട്ടരികിൽ നിൽക്കുന്ന വ്യക്തി ഏത് സാഹചര്യത്തിലും എങ്ങനെയാണ് പെരുമാറാനുള്ള സാധ്യത, എത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിക്കാം എന്നുള്ളത് കൂടെ നിൽക്കുന്ന ആളുകൾക്ക് ഊഹിക്കാൻ കഴിയുന്നതല്ലേ വ്യക്തിത്വം. ചുരുക്കത്തിൽ വിശ്വാസയോഗ്യത നിലനിർത്താൻ സാധിക്കണം എന്ന് സാരം.

പക്വത നിറഞ്ഞ പെരുമാറ്റം, ഏത് സാഹചര്യത്തിലും കഴിയുന്നത്ര മാന്യത വിടാതെയുള്ള സംസാരം ഇതൊക്കെ ഒരു വ്യക്തിത്വത്തെ ഔന്നിത്യത്തിലേയ്ക്ക് ഉയർത്തും. നിലനിൽക്കുന്ന പരിതസ്ഥിതിയും ആളുകളും ചുറ്റുപാടും ഒരുപക്ഷേ അവനവന്റെ നിലവാരത്തിന് ഒത്തതല്ല എന്ന തോന്നൽ ഉണ്ടായാൽ പോലും അവരുടെ നിലവാരത്തിലേയ്ക്ക് താഴുന്നതിനെക്കാൾ അവരെയും കൂടെ സ്വാധീനിക്കാനുള്ള ക്ഷമയും സഹിഷ്ണുതയും ഉള്ളിൽ കണ്ടെത്തലാണ് ഏറ്റവും അഭികാമ്യം. അതേപോലെ നമ്മുടെ മൂഡും ചിന്തകളും അപരന്റെ പെരുമാറ്റത്തെ ആശ്രയിച്ച് വ്യതിചലിക്കുന്നത് ആവരുത്. സ്ഥായിയായ ക്യാരക്ടർ, അചഞ്ചലമായ മനസ്സ് ഇതെല്ലാം വ്യക്തിതെ നിർവ്വചിക്കാവുന്ന ഘടകങ്ങളാണ്. നമ്മിലെ മാനസികാവസ്ഥ ഭാവിയിലും മറ്റൊരാളോടുള്ള സംസർഗ്ഗത്തെയും ബന്ധത്തെയും ബധിക്കാതെ നോക്കേണ്ടതിനാൽ അവനവന്റെ വികാരങ്ങളെ സ്വന്തം കഴിവിന് അനുസരിച്ച് ക്രമപ്പെടുത്തുന്നതും ഉചിതം. ആരുടെയും വ്യക്തിപരമായ വിഷയങ്ങളിലേയ്ക്ക് കഴിവതും കൈകടത്തൽ നടത്താതിരിക്കലാണ് ഒരാൾക്ക് എന്തുകൊണ്ടും നല്ലത്. പരസഹായ മനോഭാവമുള്ള ഒരു വ്യക്തിയാണെങ്കിൽ വല്ലവരും ഒരു കാര്യസാധ്യത്തിനായോ, സഹായത്തിനോ സമീപിക്കുമ്പോൾ നിറവേറ്റികൊടുക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ വളരെ മാന്യമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാം. ക്ഷമ വളരെയധികം ഗുണം ചെയ്യും, അതായത് ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യുമെന്നാണല്ലോ പൊതുവെ പറയാറുള്ളത്. മാത്രമല്ല സംഘം ചേർന്ന് വല്ല പദ്ധതിയും നടപ്പിലാക്കുമ്പോഴും ഒരു കൂട്ടായ്മ സംഘടിക്കുമ്പോഴും എല്ലാവരെയും ഉൾപ്പെടുത്തിയും അവരുടെ ഇൻവോൾവ്മെന്റും സാന്നിദ്ധ്യവും ഉറപ്പ് വരുത്തിയും തുല്യപരിഗണന നൽകിയും ചെയ്യന്നതാണ് ഉത്തമ വ്യക്തിത്വത്തിന്റെ മികവും മേന്മയും.

Related Articles