Current Date

Search
Close this search box.
Search
Close this search box.

തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും

ഒരാൾ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലും എടുക്കുന്ന തന്റേതായ
തിരഞ്ഞെടുപ്പുകൾക്കും (selection) തീരുമാനങ്ങൾക്കും (decision) വ്യക്തിത്വത്തിൽ അതീവം നിർണ്ണായകമായ സ്ഥാനവും പങ്കുമുണ്ട്. ആ വ്യക്തി എങ്ങനെയുള്ള ആളാവണം എന്ന് നിർണ്ണയിക്കുന്നതിൽ ഇവ രണ്ടും സജീവ പങ്ക് വഹിക്കുന്നുണ്ട് എന്നതാണ് അതിന്റെ കാരണം. ഓരോ മനുഷ്യനും ജീവിതത്തിലുടെ നീളം അതായത് ജനനം മുതൽ മൃത്യുവരെ ലഭ്യമായ അവസരങ്ങൾക്കൊത്തും സാഹചര്യങ്ങൾക്കൊത്തും സന്ദർഭാനുസൃതമായും ഗൗരവപൂർവ്വവും വിവേകത്തോടെയും ഒട്ടനവധി തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും നടത്തെണ്ടതായി വരുന്നുണ്ടെന്നത് ഒരു വാസ്തവമാണല്ലോ. ഈ വിധം. അതാത് വ്യക്തികൾ സ്വന്തമായി എടുക്കുന്ന തന്റേതായ തിരഞ്ഞെടുപ്പുകളുടെയും തീരുമാനങ്ങളുടെയും ആകെത്തുകയാണ് ജീവിതമായി മാറുന്നത്. അനിവാര്യമായ കൂട്ടിക്കിഴിച്ചിലുകളും ഹരണവും ഗുണനവും നടത്തിക്കഴിയുമ്പോൾ അവശേഷിക്കുന്നത് അല്ലെങ്കിൽ ശിഷ്ടമായി വരുന്നത് കൃത്യമായ ഒരു അവലോകനത്തോടെ ആ വ്യക്തിയ്ക്കും അയാളുടെ മനോഭാവത്തിനും മാത്രമേ തിട്ടപ്പെടുത്തിയെടുക്കാൻ പറ്റുള്ളൂ. കാരണം ഇതിനൊന്നും തക്കതായ വ്യക്തമായ മാനദണ്ഡങ്ങൾ ഒന്നുമില്ല എന്നത് തന്നെ. പിഴവുകൾ അനേകം സംഭവിച്ചു കാണും, ആഗ്രഹിക്കാത്ത പലതും സംഭവിച്ചുപോയിക്കാണും എന്നാൽ നേട്ടങ്ങളും സൗഭാഗ്യങ്ങളും മറുഭാഗത്ത് ഉണ്ടാവും. ഇനിയൊരു ജീവിതം കിട്ടിയാൽ എന്തിൽ തുടങ്ങി എങ്ങനെ പര്യവസാനിപ്പിക്കണമെന്ന് പോലും ആരും പറഞ്ഞുകൊടുക്കേണ്ടി വരില്ല. പക്ഷെ അത് ഇനി സാധ്യമല്ലല്ലോ അതുകൊണ്ടാണ് അനുഭവങ്ങൾ ഉള്ളവരെ കേൾക്കാനും പാഠങ്ങൾ ഉൾക്കൊള്ളാനും പലരും പറയുന്നത്.

ആറ്റികുറുക്കിയും തൂറ്റിയെടുത്തും അളവും തൂക്കവും നോക്കാൻ അത്ര എളുപ്പമല്ല ആരുടെയും ജീവിതം. കൂട്ടികിഴിച്ചിലുകൾക്ക് ശേഷം ബാക്കി വരുന്നത് എന്താവും എന്താവണം എന്നതിനെക്കുറിച്ചൊക്കെ ഒരു ബോധമോ അല്ലെങ്കിൽ ചെറിയ ഊഹമെങ്കിലും ഉണ്ടെങ്കിൽ വലിയ തെറ്റില്ലാതെ ആ വ്യക്തിയ്ക്ക് സ്വന്തം ജീവിതത്തെ മുന്നോട്ട് നയിക്കാൻ ഒരുപക്ഷേ സാധിച്ചേക്കാം. അതിനിടയിലൂടെയാവും ഓരോരോ പരീക്ഷണങ്ങൾ, അവയെ സധൈര്യം നേരിടാനും മറികടക്കാനും അചഞ്ചലമായ ഒരു മനസ്സും പരുവപ്പെടുത്തിയെടുക്കണം. പോസിറ്റീവ് ആയ രീതിയിൽ ബന്ധങ്ങളെയെല്ലാം തന്റെ ശക്തിയും ഊർജ്ജവുമാക്കി നിർത്തുന്നത് അത്തരം ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായകമാകും. പലപ്പോഴും വിദ്യാഭ്യാസം, സുഹൃത്തുക്കൾ, ജോലി, ജീവിതപങ്കാളി, അനുഭവങ്ങൾ, അതിൽ നിന്നുള്ള പാഠങ്ങൾ എന്നീ തിരഞ്ഞെടുപ്പുകളെ ആസ്പദമാക്കിയാണ് ജീവിതം ഏത് വിധമെന്ന് തീരുമാനിക്കപ്പെടുന്നതും അതേസമയം വ്യക്തിത്വം രൂപപ്പെടുന്നതിൽ രക്ഷാകർതൃത്വം കഴിഞ്ഞാൽ പിന്നെ മുൻതൂക്കം നിൽക്കുന്ന ബാഹ്യഘടകങ്ങളിൽ മുഖ്യമായ് വരുന്നതും. കുട്ടികളുടെ തീരുമാനങ്ങളിലും തെരഞ്ഞെടുപ്പുകളിലും അവർക്ക് ഏറ്റവും ഉത്തമവും മികച്ചതും ഏതെന്ന് കണ്ടെത്തികൊടുക്കാൻ കൂടെത്തന്നെ വേണം രക്ഷിതാക്കൾ. യൗവനത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്ന ഒരാൾ മനസ്സിലാക്കേണ്ടത് സ്വന്തം വ്യക്തിത്വത്തിന് ഇപ്പറയുന്ന ഇരുവിഷയങ്ങളിലും തന്റേതായ റോൾ നിർവ്വഹിക്കാനുണ്ട്. യുക്തിസഹവും ബുദ്ധിസഹവുമായ ചിന്തകളും അതേപോലെ സുബോധത്തിൽ നിലയുറപ്പിച്ചുകൊണ്ട് ഏത് നിർണ്ണായക ഘട്ടങ്ങളിലും ചിന്തിച്ചെടുക്കുന്ന തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എല്ലാം തന്നെ സന്ദർഭോചിതവും ജീവിതലക്ഷ്യത്തിലേക്ക് നയിക്കുന്നതും ആവാനെ സാധ്യതയുള്ളൂ.

ബുദ്ധികൂർമ്മതയും സാമർത്ഥ്യവുമുള്ളൊരാൾക്ക് അതിജീവനം സുഗമമാക്കാം, എന്നാൽ അതിര് കടന്ന കൗശലബുദ്ധിയോ അല്ലെങ്കിൽ കുടിലബുദ്ധിയോ ഒരു മനുഷ്യനെ ഇത്രയും നാൾ തന്നെ നയിച്ച നേർപാതയിൽ നിന്ന് വ്യതിചലിപ്പിച്ച് അസന്മാർഗ്ഗികതയിലേക്ക് നയിച്ചേക്കാം. ആത്മവിശ്വസിയായ ഒരു മനുഷ്യന് അഥവ നല്ലൊരു വ്യക്തിത്വത്തിന് ഉടമായ ഒരാൾക്കും അതിന്റെ ആവശ്യം വരുന്നില്ല എന്നത് മറ്റൊരു വശം. ക്രിയാത്മകമായ രീതിയിൽ, നിർമ്മണാത്മമായ ചിന്തകളുടെ സഹായത്താൽ എടുക്കുന്ന തിരഞ്ഞെടുപ്പുകൾ അല്ലെങ്കിൽ തീരുമാനങ്ങൾ ഏതൊരു വ്യക്തിയുടെ ജീവിതത്തിലും അത്ഭുതകരവും അത്യുജ്വലവുമായ മാറ്റങ്ങൾക്കും വിജയങ്ങൾക്കും വഴി തെളിയിക്കും. അവ രണ്ടും ഓരോ മനുഷ്യന്റെ ജീവിതത്തിലും അതീവം പ്രാധാന്യം അർഹിക്കുന്നവയായതിനാൽ ആരും അല്പം ജാഗ്രത പാലിക്കുന്നത് നന്നാവും. തന്റെ ചോയ്സുകളും സെലക്ഷൻസും ഡിസിഷൻസും വ്യക്തമായ ധാരണയോടെയും ഉത്തരവാദിത്വബോധത്തോടെയും കണ്ടെത്തിയതാണെങ്കിൽ അയാൾക്ക് പിഴക്കില്ല. വ്യക്തിത്വബോധത്തോടെ വളർന്ന് വരുന്ന മനുഷ്യൻ അനായാസം ഇതെല്ലാം നിർവ്വഹിക്കാൻ പ്രാപ്തനായിരിക്കും.

വ്യക്തിയും വ്യക്തിത്വവും അപ്രധാനമാകുമ്പോൾ ഉണ്ടാവുന്ന ജീവിതവും സുപ്രധാനമാകുമ്പോൾ ലഭിക്കുന്ന ജീവിതവും തമ്മിൽ അന്തരങ്ങൾ ഏറെയാണ്. എപ്പോഴും എവിടെയും കേന്ദ്രബിന്ദു വ്യക്തി തന്നെയാവണം. അല്ലാത്ത പക്ഷം വ്യക്തിയ്ക്ക് അർഹമായ പ്രാധാന്യം ലഭിക്കാതെ പോകും. വേണ്ടത്ര പരിഗണന ലഭിക്കാതെയും വരും. കൂടാതെ നാം ഓരോരുത്തരും നിത്യജീവിതത്തിൽ നേരിടുന്ന സങ്കീർണ്ണതകളിലും സമസ്യകളിലും അയവ് വരുത്താൻ അവനവന് മാത്രമേ സാധിക്കുള്ളൂ എന്നൊരു സത്യവുമുണ്ട്. സ്വത്വബോധത്തിൽ നിന്ന് ചിന്തിക്കുന്നവർക്ക് ആത്മവിശ്വാസം കൂടും. അവർക്ക് ഏത് ദുരന്ത സാഹചര്യങ്ങളിലും മറ്റുള്ളവരെ അപേക്ഷിച്ച് നിർഭയം, നിരാശങ്കരായി എല്ലാത്തിനേയും ഡീൽ ചെയ്യാൻ സാധിക്കുന്നെങ്കിൽ ആത്മബോധത്തിന്റെ സാന്നിദ്ധ്യം അയാളെ അതിന് യോഗ്യനാക്കി എന്ന് വേണം കരുതാൻ. ഓരോ മനുഷ്യനും സമാനമായ സാഹചര്യങ്ങളിൽ എടുക്കുന്ന വ്യത്യസ്തമായ തീരുമാനങ്ങളും നടപടികളും കൂടാതെ അയാളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇതര വ്യക്തികൾ അവയോട് പ്രകടിപ്പിക്കുന്ന ഏതൊരു പ്രതികരണവും സഹകരണവുമെല്ലാം തന്നെ പ്രസ്തുത വ്യക്തിയുടെ ജീവിതത്തിൽ വലിയ തരംഗങ്ങൾ സൃഷ്ടിയ്ക്കും. അവരുടെ ചോയ്സുകളും തീരുമാനങ്ങളും വരുത്തി വെയ്ക്കുന്ന പ്രത്യാഘാതങ്ങൾ നല്ലതായാലും ചീത്തയായാലും ഇപ്പറയുന്ന വ്യക്തിയുടെ ജീവിതത്തിൽ പരിണിതഫലമായി വന്ന് പതിക്കാനും ഇടയുണ്ട്. ഒന്നും ചെയ്യാത്ത നിരപരാധിയായ ഒരു മനുഷ്യനും മറ്റൊരാൾ ചെയ്യുന്നതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് ഇങ്ങനെയാണ്.

തിരഞ്ഞെടുപ്പ് എന്നാൽ കേവലം ഭൗതികലോകത്ത് നമ്മെ ആകർഷിക്കുന്ന വസ്തുക്കളിൽ നിന്നോ മനുഷ്യരിൽ നിന്നോ മാത്രമായുള്ള തിരഞ്ഞെടുപ്പല്ല. അത് ഒരുപക്ഷേ മാനവിക ചിന്തകളോ, ആശയങ്ങളോ, ധാർമ്മികമൂല്യങ്ങളോ, തത്വങ്ങളോ, അറിവോ, അപരനിൽ ദർശിച്ച ചില പ്രത്യേക സ്വഭാവസവിശേഷതകളോ അല്ലെങ്കിൽ ജീവിതചര്യകൾ, ഗുണങ്ങൾ, നന്മകൾ ഇവയൊക്കെ ആവാം. സ്വന്തം വ്യക്തിത്വത്തെ അഭിവൃദ്ധിപ്പെടുത്താനുള്ളതോ അതല്ലെങ്കിൽ നാശത്തിലേക്ക് നയിക്കാനുള്ളതോ, സദ്ഗുണങ്ങളോ ദുശ്ശീലങ്ങളൊക്കെ ആവാം. ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും അവ. ഉദാഹരണത്തിന് ഒരു സുഹൃത്തിലെ പെരുമാറ്റം അല്ലെങ്കിൽ ആളുകളോടുള്ള സമീപനം തന്നെ അകർഷണീയനാക്കുകയും തന്നിൽ മതിപ്പുതിർത്ത ആ വ്യക്തിയിലെ ചില ഗുണങ്ങളെ അല്ലെങ്കിൽ ക്വാളിറ്റിയെ തിരഞ്ഞെടുക്കാനായ്, സ്വന്തമാക്കാനായ് അയാളോട് മറ്റുള്ളവർക്കുള്ള ആദരവും കൂടെ കാണുമ്പോൾ തന്നിൽ അഭിനിവേശം ഉണരുകയും സ്വയം അദ്ദേഹത്തെപ്പോലെ ആവാനുള്ള തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുന്നു. അതേസമയം മറ്റൊരു സുഹൃത്ത് കൂട്ടുകാരോടൊപ്പം മദ്യവും മയക്കുമരുന്നുമായി ജീവിതം എൻജോയ് ചെയ്യുന്നു അത് നാശത്തിലേക്കുള്ള വഴിയാണെന്ന തിരിച്ചറിവിൽ അതിൽ നിന്നും താൻ വിട്ട് നിൽക്കാൻ സ്വയം തീരുമാനം എടുക്കുന്നു. ഇതുപോലെ തിരഞ്ഞെടുപ്പും തീരുമാനവും വളരെ ബോധപൂർവ്വം ചെയ്യേണ്ട ഒന്നാണ്. നേരെ തിരിച്ചായിരുന്നെങ്കിലോ കഥ മറ്റൊന്നാവും. ഇത്തരം കാര്യങ്ങളിൽ ആത്മബോധമാണ് സ്വയരക്ഷയ്ക്കായി വർത്തിക്കുന്നത്. സമയാസമയം ബോധം നൽകേണ്ടത് രക്ഷിതാക്കളാണ്. ഒരിക്കലും മക്കളിൽ അരോചകമുണർത്തും വിധം ആവരുത്, അവരിൽ വിശ്വാസമർപ്പിച്ചു കൊണ്ടു തന്നെ വേണം അത്.

മുകളിൽ പ്രതിപാദിച്ച പ്രകാരം തന്നിലെ ആന്തരീകലോകത്തെ സമഗ്രമാക്കി സദ്ഗുണ സമ്പന്നതയോടെ നിലനിർത്താൻ ഏതൊരു വ്യക്തിത്വത്തിനും അതാത് സമയത്തുള്ള ഉചിതമായ തിരഞ്ഞെടുപ്പുകൾ അത്യന്താപേക്ഷിതമാണ്. അതിന് അനുയോജ്യമായ മനോഭാവത്തിന്റെ സാന്നിദ്ധ്യം എപ്പോഴും കൂടെ വേണം. ജീവിതത്തെയും വ്യക്തിത്വത്തെയും മഹനീയവും സംതൃപ്തവും ശാന്തവും സുന്ദരവുമാക്കുന്ന പോസിറ്റീവായ ഗുണഗങ്ങളാൽ സമൃദ്ധമായ ഉന്നതമായ മാനവിക മൂല്യങ്ങളടങ്ങിയ ചിന്താഗതി കൂട്ടിന് വേണം. ബാഹ്യലോകത്ത് നിന്നുള്ള ഓരോ തിരഞ്ഞെടുപ്പുകൾക്കും അനുസൃതമായി മനസ്സിന്റെ അകത്തളത്തിൽ അത് ചലനങ്ങൾ സൃഷ്ടിക്കുകയും അതുണ്ടാക്കുന്ന പ്രതിഫലനങ്ങൾ പ്രവൃത്തികളിലൂടെ പ്രകടമക്കപ്പെടുകയും ചെയ്യും.

സാഹചര്യം, സന്ദർഭം, കഴിവ്, സാമാർത്ഥ്യം അതിന്റെയെല്ലാം അടിസ്ഥാനത്തിൽ സ്വന്തമായതും യോജിച്ചതുമായ തീരുമാനങ്ങൾ ആശങ്കയ്ക്ക് ഇടനൽകാതെ സൃഷ്ടിച്ചെടുക്കാൻ മനസ്സിൽ മെനഞ്ഞുണ്ടാക്കാൻ ആദ്യം കഴിയണം അതിനെയാണ് decision making എന്ന് പറയുന്നത്. ആ തീരുമാനം പ്രായോഗികമാക്കപ്പെടണമെങ്കിൽ യഥാസമയം സ്പോട്ടിൽ തീരുമാനം എടുക്കാനും സാധിക്കണം. എന്നുവെച്ചാൽ decision taking എന്ന പ്രക്രിയ കൂടെ അപ്പപ്പോൾ നടന്നിരിക്കണം. ഇപ്പറയുന്ന രണ്ടിലും ഒരാൾ പരാജയമായാൽ ആ വ്യക്തി കടുത്ത മാനസിക പ്രതിസന്ധികൾ നേരിടും. ഇതിന്റെയൊക്കെ അഭാവം ജീവിതത്തെ നേരിടുന്ന കാര്യത്തിൽ കടുത്ത ആശങ്കയ്ക്ക് ഇടവരുത്തും. അച്ഛനമ്മമാരുടെ അസാന്നിദ്ധ്യത്തിലും മക്കൾ അതിന് പ്രാപ്തമായിരിക്കണം. അതോന്നും മക്കളെ അലട്ടാൻ പാടില്ല. അങ്ങനെ വേണം അവർ വളരാൻ. എന്നാൽ അച്ഛനമ്മമാരെ ചൊല്ലി മക്കൾക്കും അതേപോലെ തിരിച്ചും അല്പം ഉത്കണ്ഠയും ആകുലതയും ഉണ്ടാവേണ്ടത് ആവശ്യമാണ്. എതവസ്ഥകളിലും സ്വയം ഉണർന്ന് പ്രവർത്തിക്കാൻ ശേഷിയും സാമർത്ഥ്യവുമുള്ള മക്കൾ അനുഗ്രഹമാണ്.

മക്കൾക്കും കൂടെ പ്രാധാന്യം കല്പിച്ചുകൊണ്ട് വീട് സംബന്ധമായ കൊച്ചു കൊച്ചു കാര്യങ്ങളൊക്കെ ബാല്യം മുതൽക്കേ അവരുടെ മുന്നിൽ വെച്ച്, അവരും കൂടെ അറിഞ്ഞിരിക്കട്ടെ എന്ന രീതിയിൽ ചർച്ച ചെയ്യുന്നത് വലിയ തോതിൽ ഗുണം ചെയ്യും. അച്ഛനും അമ്മയും പല ദുർഘടഘട്ടങ്ങളിലും ഓരോ കാര്യങ്ങളും ഇരുന്ന് സംസാരിച്ച് പരിഹാരം കാണുന്നത് അവരിൽ കാര്യഗൗരവവും ബോധവും രൂപംകൊള്ളുന്നതിന് സഹായിക്കും കൂടാതെ ഭാവിജീവിതത്തിൽ കണ്ടും അറിഞ്ഞും മനസ്സിലാക്കിയ എന്നാൽ ആരും പഠിപ്പിക്കാതെ സ്വയം ആർജ്ജിച്ചെടുക്കുന്ന ഇത്തരം പാഠങ്ങൾ വലിയ ഊർജ്ജവും ഉത്തേജകവുമായി മാറും. ചിട്ടകളില്ലാതെ ക്രമരഹിതമായ ജീവിതവും താന്തോന്നികൾ എന്ന വിളിപ്പേരും മാത്രമല്ല ആളുകളുടെ വെറുപ്പ് സമ്പാദിക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ അച്ഛനമ്മമാർ തന്നെയാണ് മക്കളിലേയ്ക്ക് അറിവിന്റെയും ബോധത്തിന്റെയും നിലാവെളിച്ചം പകരേണ്ടത്. മാതാപിതാക്കളിൽ നിന്നുണ്ടാവുന്ന മാതൃകാപരമായ ഏത് നീക്കവും കുട്ടികൾക്ക് എന്നും നല്ല പാഠങ്ങളും പ്രചോദനവുമാവും.

സമ്പത്ത്, ആരോഗ്യം, സൗന്ദര്യം, അഭിമാനം ഇവയൊക്കെ ആരോഹണ ക്രമത്തിൽ ആവുമ്പോഴാണ്, സ്‌കെയിലിൽ സൂചിക മുകളിലേയ്ക്ക് ഉയരുമ്പോഴാണ് ജീവിതം അനായാസേന നയിക്കാമെന്ന തോന്നൽ ഒരാൾക്ക് ഉണ്ടാവുന്നത്. അവരോഹണത്തിൽ ആണെങ്കിൽ മൂക്ക് കുത്തി വീഴുന്ന ഗതിയിയും വരും. സ്വന്തം കാലിൽ നിൽക്കാൻ കഴിയാതെ അടിപതറി വീഴുന്ന വീഴ്ചയിൽ താങ്ങാൻ ആരുമില്ലെങ്കിൽ പിന്നെ പറയണ്ടല്ലോ പ്രത്യാശകൾ ഒന്നടങ്കം കെട്ടടങ്ങിപ്പോകും. അതേസമയം കഷ്ടപ്പാട്, ദുരിതങ്ങൾ, മനപ്രയാസങ്ങൾ, അവരോഹണ ഗതിയിൽ സഞ്ചരിക്കുമ്പോഴാണ് ജീവിതം ആർക്കും എളുപ്പമാകുന്നത്. അഹോരാത്രം മനുഷ്യർ കിടന്ന് കഷ്ടപ്പെടുന്നത് ഓരോ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും നിറവേറ്റാൻ വേണ്ടിയും. അതിനിടയിൽ എവിടെയൊക്കെയോ ജീവിതമെന്ന വടം വലിയിൽ മറുഭാഗത്ത് പ്രതിയോഗിയായി വരുന്നതും നാം തന്നെയാണ്. നമ്മുടെ മറ്റൊരു വേർഷനോടാണ് മനസ്സിനകത്ത് സദാസമയവും നമ്മുടെ യുദ്ധം മുഴുവനും നടക്കുന്നത്.

ഒരാൾക്ക് അപ്രിയം തോന്നുന്ന എന്തിനോടും ഇഷ്ടമല്ലാത്തതിനോടും യോജിക്കാൻ കഴിയാത്തിനോടും തത്സമയം തന്നെ ഇല്ല, ആവില്ല, എനിയ്ക്ക് സാധിക്കില്ല എന്ന് തുറന്ന് പറയാനും മാന്യതയോടെ പ്രതിരോധിക്കുന്ന രീതിയും പ്രതിഷേധിക്കുന്നതുമായ ഒരു സംവിധാനം ഉള്ളിൽ എപ്പോഴും സന്നിഹിതമാക്കിയെടുക്കണം. തന്റെ വാക്കുകൾ ഒരുപക്ഷേ ആളുകളെ മുറിപ്പെടുത്തിയേക്കാം എന്ന് തോന്നലിലോ, അല്ലെങ്കിൽ അവരുടെയൊക്കെ സന്തോഷത്തിന് വേണ്ടിയോ ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും അനിവാര്യമെങ്കിൽ ചെയ്യുന്നതൊക്കെ സർവ്വസാധാരണമാണ്. എല്ലാ കച്ചവടവും സ്വന്തം ലാഭം മാത്രം ലക്ഷ്യമിട്ട് ആവരുതല്ലോ. അപരനെയോർത്ത് അവന്റെ നന്മയ്ക്കായി ചെയ്യുന്ന സദ്കർമ്മങ്ങളിൽ നിന്നും ആത്മനിർവൃതി നുകരാൻ സാധിക്കണം. കാലക്രമേണ ഇത്തരം പ്രവണതകളാൽ രൂപപ്പെട്ട ആ സംവിധാനം തന്നെ “നാമായി” രൂപാന്തരം പ്രാപിക്കുന്ന നമ്മുടെ പ്രതിച്ഛായയുടെ സവിശേഷതയായി മാറുന്ന ഒരു പ്രതിഭാസം അവിടെ സംഭവിക്കുന്നതാണ് വ്യക്തിത്വം. തന്നിലെ ചിന്തകളോട് അഥവ തന്നോട് തന്നെ സത്യസന്ധതയും നീതിയും കൂറും പുലർത്തുന്നതിലാണ് വ്യക്തിത്വം. മനസ്സ് ചിന്തിക്കുന്നത് തന്നെ വാക്കുകളും പ്രവൃത്തികളുമായി മാറുമ്പോഴാണ് അത് പ്രാക്ടിക്കൽ ആവുന്നത്.

ആരിൽ നിന്നും കഴിയുന്നിടത്തോളം ഉപദേശങ്ങളും നിർദ്ദേശങ്ങളും തേടാം അന്തിമതീരുമാനം എപ്പോഴും അവനവന്റെത് തന്നെയാവണം. അവനവനിൽ വിശ്വസിക്കലാണ് പ്രധാനം. എല്ലാത്തിനെക്കുറിച്ചും സാർവ്വജനീനമായ അറിവുകളും സ്വന്തവും വ്യക്തവുമായ ധാരണയും ബോധവും കാഴ്ചപ്പാടുകളും തീരുമാനങ്ങളുമുള്ള വ്യക്തികളുടെ ജീവിതത്തിൽ പൊതുവെ ആരും കൈകടത്തില്ല എന്നൊരു വസ്തുതയുടെയും അറിവിന്റെയും അടിസ്‌ഥാനത്തിൽ അത്തരമൊരു നിലവാരത്തിലേയ്ക്ക് ഉയരാനുള്ളൊരു പ്രയത്നം ആർക്കും എപ്പോഴുമാവാം. അവൻ സ്വയം പര്യാപ്തത നേടിയവനാണ് എന്ന തിരിച്ചറിവോ അല്ലെങ്കിൽ ഉപദേശിക്കാൻ ചെന്നിട്ട് കാര്യമില്ല എന്ന തോന്നാലോ അവരെ അതിൽ നിന്നും സദാ പിന്തിരിപ്പിക്കും.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് ഏറ്റവും ഉചിതവും പ്രായോഗികവും അനുയോജ്യവുമായ ഫലം തരുന്ന തീരുമാനങ്ങളും അവരുടേതായ ചോയ്‌സും അവരുടെ പ്രായത്തിനൊത്ത ഗൗരവത്തിൽ കുട്ടികളിൽ വളർന്നു വരുന്നതോടൊപ്പം തന്നെ ഉണ്ടായാൽ ഭാവിയിൽ ഏത് അസന്നിഗ്ദ ഘട്ടത്തിലും പകച്ചു നിൽക്കാതെ പ്രതിസന്ധികളെ തരണം ചെയ്യാൻ മക്കൾക്ക് കഴിയും. ഒരു പ്രായം വരെ കൊച്ചുകുഞ്ഞല്ലേ എന്ന് പറഞ്ഞ് നിർത്തുന്ന സമ്പ്രദായമാണ് ബഹുഭൂരിപക്ഷം രക്ഷിതാക്കളും പിന്തുടരുന്നത്. നമുക്ക് നമ്മുടേതെന്ന പോലെ ഒരു കുഞ്ഞിന് അവന്റെ പ്രശ്നം വലുതാണ്. കുഞ്ഞിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന അവരുടെ ചിന്തകളെ, കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളെ, ആധികളെ കേൾക്കുക, അതോടൊപ്പം പരിഹാരം കണ്ടെത്താൻ സഹായിക്കുക. അതിന്റെ സർവ്വ വശങ്ങളും കുഞ്ഞിന്റെ ഉൾക്കണ്ണിൽ തെളിയും വിധവും ചിന്തകളെ ഉണർത്തും വിധവും വേണം ചർച്ചകൾ. കുഞ്ഞുമനസ്സുകളുമായുള്ള കൊച്ചു സംവാദങ്ങൾ. ഉദാഹരണത്തിന് മറ്റൊരു കുട്ടിയുമായി ഉണ്ടാവുന്ന കലഹമാണ് കുട്ടിയുടെ ഇഷ്യൂവെങ്കിൽ മറുഭാഗത്തെ കുട്ടിയുടെ മാനസിക അവസ്‌ഥയും തന്റെ കുഞ്ഞിനെക്കൊണ്ട് ചിന്തിപ്പിക്കുന്ന വിധമാവണം ഇടപെടൽ. അത് അവരെ ആഴത്തിൽ സ്വാധീനിക്കും. അവരുടെ വ്യക്തിത്വത്തെയും ജീവിതത്തെയും അർത്ഥവും മൂല്യമുറ്റതുമാക്കി തീർക്കും. ഇത്തരത്തിൽ രക്ഷിതാക്കൾ എന്നും സ്വന്തം സന്താനങ്ങൾക്ക് ഉദാത്ത മാതൃകയായി മാറേണ്ടതുണ്ട്. ആത്മബോധം കുഞ്ഞിന്റെയുള്ളിൽ തന്നെയുണ്ട്, അതിനെ ഫലപ്രദമായി വിനിയോഗിക്കാൻ ബോധവും മസ്‌നാവിക മൂല്യങ്ങളും രക്ഷിതാക്കൾ കൂടെ ഉണ്ടാവണം.

മുതിർന്നവർ പറയുന്നത് കേൾക്കുക, അനുസരിക്കുക, മറുചോദ്യം പാടില്ല എന്നത് ഒരു സംസ്ക്കാരത്തിന്റെ ഭാഗമായി പകർത്തുക എന്നതിലുപരി ഗുരുക്കൻമാരിലൂടെയും മതങ്ങൾ മുന്നോട്ട് വെച്ച അവരവരുടേതായ പ്രത്യയശാസ്ത്രങ്ങളിലൂടെയും പഠിപ്പിക്കുക മാത്രമല്ല ഒരു പരമ്പരാഗത സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായിട്ടാണ് തുടർന്ന് പോന്നത്. മുതിർന്നവർ പറയുന്ന ഏത് ആജ്ഞകളും സ്വീകരിക്കുവാൻ ഇളയവർ ബാധ്യസ്ഥരാണ് എന്ന ധ്വനി സംസാരത്തിൽ സദാസമയവും കാണാം. എന്നാൽ ഇന്ന് ചൈൽഡ് സൈക്കോളജിയുമായി ബന്ധപ്പെട്ട പലവിധ സെമിനാറുകളും മനശാസ്ത്രപരമായ ചർച്ചകളും കേട്ടുകഴിഞ്ഞാൽ സൈക്കോളജിസ്റ്റുകൾ രക്ഷിതാക്കളോട് നിഷ്ക്കർഷിക്കുന്നത് കാണാം, നിങ്ങളുടെ കുട്ടികൾക്കും പറയാനുണ്ട്, നിങ്ങൾ അവരെ കേൾക്കണമെന്ന്. അവരിലെ വൈകാരികതയെ നിരാകരിക്കുന്നതും അവഗണിയ്ക്കുന്നതും കുട്ടികളുടെ വ്യക്തിത്വത്തെയും മാനസിക വളർച്ചയെയും ബാധിയ്ക്കും. മൂന്നും നാലും വയസ്സുള്ള അനുസരണയില്ലാത്ത കുട്ടികളെ കണക്കില്ലാതെ പഴിക്കുന്ന അച്ഛനമ്മമാരാണ് മിക്കതും. കുഞ്ഞിന്റെയുള്ളിൽ ഈഗോ അല്ലെങ്കിൽ അഹം രൂപപ്പെടുന്നതിന്റെ സൂചകമായിട്ടാണ് അതിനെ കാണേണ്ടത്. വ്യക്തിത്വത്തിന്റെ ഏറ്റവും കാതലായ ഘടകമാണ് അഹം. കൗമാരത്തോട് അടുക്കുമ്പോഴാണ് സ്വത്വബോധം അല്ലെങ്കിൽ വ്യക്തിത്വബോധം ശക്തമായി വേരുന്നി തുടങ്ങുന്നത്, സ്വയം വ്യക്തി എന്ന ബോധത്തിലേയ്ക്ക് ഉയർന്നു നിന്ന് അവരുടെ മനോഗതങ്ങളെ കേൾക്കാൻ മനസ്സുണ്ടെങ്കിൽ പറയാൻ അവർക്കും ഒരു കൂട്ടം ഉണ്ടാകും.

ഈ ലോകത്ത് ഒരാൾക്കും മറ്റൊരാൾ പറയുന്നത് കേട്ടുകൊണ്ട് അതേപടി ജീവിക്കാൻ ആഗ്രഹമില്ല, സാധിക്കുകയുമില്ല. ഉണ്ടെങ്കിൽ തന്നെ അത് അടിമത്തമായി പോയില്ലേ. ചിലതൊക്കെ ലംഘിക്കാനും ചിലതിനെയൊക്കെ ഖണ്ഡിക്കാനും എതിർശബ്ദമുയർത്താനുമുള്ള അവകാശം മനുഷ്യനായി പിറന്ന ഓരോ വ്യക്തികൾക്കുമുണ്ട്, മനുഷ്യനിൽ സഹജവും തീവ്രവുമായ ത്വരകളിൽ ഒന്നാണ് നിഷേധവും. അതുകൊണ്ടാണ് മക്കൾ പലപ്പോഴും രക്ഷിതാക്കളുടെ ആജ്ഞകൾ ലംഘിക്കുന്നത്. അവരെ ഒരിക്കലും പൂർണ്ണമായും കുറ്റപ്പെടുത്താൻ പറ്റില്ല. മനുഷ്യനായാൽ തെറ്റുകൾ പറ്റും തെറ്റെന്നാൽ ചെറുത് മാത്രമല്ല വലുതും സംഭവിക്കാം. അത് ഇല്ലാതിരിക്കാനാണ് ആത്മാവബോധം നൽകി വളർത്തണമെന്ന നിർദ്ദേശം മുന്നോട്ട് വെയ്ക്കുന്നത്. യാഥാർത്ഥ്യത്തിന്റെ ലോകത്തേയ്ക്ക് അവരുടെ മനസ്സിനെ തുറന്ന് വിടണം. ഏത് കാര്യങ്ങളിലും തീരുമാനമെടുക്കാൻ കൂടെ നിൽക്കണം, അവരെ കേൾക്കണം, അറിയണം. എന്നാൽ പക്വത കൈവരുന്നതിനനുസരിച്ച് പരാശ്രയവലയത്തിൽ നിന്നും അല്പാല്പമായി സ്വാതന്ത്രമാക്കേണ്ടതുണ്ട്. ഞാനുണ്ട് കൂടെ എന്നൊരു മെസേജ് മാത്രമേ പിന്നെ ആവശ്യം വരാവൂ. അവനവനെ നയിക്കാനുള്ള ആത്മവിശ്വാസം അവരിൽ അപ്പോഴത്തേയ്ക്കും ഏതാണ്ട് ഉണ്ടായിക്കഴിഞ്ഞിരിക്കണം. തീരുമാനങ്ങൾ എടുക്കാൻ അവൻ/അവൾ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞുവെങ്കിൽ എന്തിന് ഭയക്കണം. അപ്പോഴും എല്ലാം അച്ഛനമ്മമാരുമായി സംസാരിക്കുന്ന ശീലവും അഭിപ്രായങ്ങൾ ആരായുന്ന പതിവും നല്ലതാണ്. പക്വതയ്ക്കൊപ്പം നിൽക്കുന്ന തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും അവരിൽ നിന്ന് തന്നെ ഉണ്ടാവട്ടെ, നല്ലതെങ്കിൽ ചേർത്ത് പിടിച്ച് പ്രശംസിക്കാൻ മറക്കരുത് നല്ലതല്ലെന്ന് തോന്നിയാൽ സ്നേഹപൂർവ്വം തിരുത്തിക്കൊടുക്കാനും.

Related Articles