Current Date

Search
Close this search box.
Search
Close this search box.

പകൽക്കിനാവും ജീവിതസാഫല്യവും

മനുഷ്യരിൽ പലർക്കും പകൽക്കിനാവ് കാണുന്നത് ഒരു ശീലമാണ്. അതിൽ ചെറിയൊരു വിഭാഗം സ്വപനങ്ങളിൽ മാത്രം അഭിരമിച്ചു, സ്വയം മറന്ന് ജീവിക്കുന്ന വെറും സ്വപ്നജീവികളുമാവാം. പ്രത്യേകിച്ച് ചെലവോ, അദ്ധ്വാനമോ, ഊർജ്ജമോ ഒന്നും അതിന് ആവശ്യമായി വരുന്നില്ലല്ലോ. എന്നാൽ പകൽസ്വപ്നങ്ങൾക്ക് മനഃശാസ്ത്രപരമായ നിരീക്ഷണങ്ങൾ പ്രകാരം ഒരു വ്യക്തി ഉന്നതി പ്രാപിക്കുന്നതിലും ഉദ്ദിഷ്ട വിജയം കൈവരിക്കുന്നതിലും ജീവിതാഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിലുമെല്ലാം ഒരിക്കലും ഒഴിച്ചുകൂടാനോ മാറ്റിവെക്കാനോ സാധിക്കാത്ത വലിയൊരു റോൾ ഉണ്ട്. ഇന്നോളം ജീവിതവിജയം നേടിയവരെയൊക്കെ എടുത്തുവെച്ച് ചെറിയൊരു പഠനം നടത്തിയാൽ അവരെല്ലാം ഇപ്പറഞ്ഞതിന് ഏറ്റവും വലിയ മകുടോദാഹരണങ്ങളായി മുന്നിൽ നിൽക്കും. സ്വപ്നങ്ങളെ നിരന്തരം മനസ്സിലിട്ട് താലോലിച്ച്, പരിപോഷിപ്പിച്ച്, ഊതിമിനുക്കിയെടുത്ത് യാതൊരു മങ്ങലുമേൽക്കാതെ ഉദ്ദേശാനുസൃതം സാഫല്യത്തിന്റെ കൊടുമുടിയിലേക്ക് അതായത് ലക്ഷ്യപ്രാപ്തിയിലേക്ക് കൊണ്ടു ചെന്നെത്തിക്കാൻ കഴിവും പ്രാപ്തിയും നേടിയെടുത്ത പ്രതിഭാശാലികളായിരുന്നു അവർ.

വാസ്തവത്തിൽ ഇപ്പറഞ്ഞ വിഭാഗക്കാർക്ക് ദിവാസ്വപ്നങ്ങൾ അല്ലെങ്കിൽ പകൽക്കിനാവ് എന്നത് തനിയ്ക്ക് എത്തിപ്പിടിക്കേണ്ട ഇടങ്ങളിൽ,
ഉയർന്ന സ്ഥാനങ്ങളിൽ എത്തിപ്പെടുന്നതിന്റെയും ആ ആനന്ദമുഹൂർത്തങ്ങളുടെയും ഒരു മാനസികദൃശ്യാവിഷ്ക്കരം (visualisation) ആയി മാറുകയാണ്. ഒരു സിനിമയിൽ കാണുന്നതുപോലെ, അഭ്രപാളിയിൽ ദൃശ്യങ്ങൾ മിന്നിമറയുന്ന പോലെയൊക്കെ, ജീവിതത്തിൽ എന്ത് ആവാനാണോ ആഗ്രഹിക്കുന്നത്, അതിനെ തീവ്രമായി ആഗ്രഹിക്കുന്നതോടൊപ്പം തന്നെ ജീവിതത്തിൽ അത് ആയിത്തീരുന്ന നിമിഷങ്ങളെ ഭാവനയിൽ സങ്കൽപ്പിച്ചെടുത്ത്, അതിന് ജീവൻ നൽകും വിധം ഓരോ ദൃശ്യങ്ങളും മനക്കണ്ണിൽ കണ്ട് ആസ്വദിക്കുകയാണ്. തീക്ഷ്ണമായ ആഗ്രഹങ്ങളെ, അഭിലാഷങ്ങളെ, ഉള്ളിലെ വാഞ്ഛയെ പ്രായോഗിക തലത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കാനുള്ള എരിയുന്ന കനൽ, അഗ്നി അല്ലെങ്കിൽ ജ്വാലയായിത്തീരുകയാണ് ഇത്തരം സ്വപ്നങ്ങൾ. സ്വസ്ഥതയോടെ ഒരിടത്ത് ഇരിക്കാൻ അനുവദിക്കാത്ത, സദാസമയം
അന്തരാളത്തെ പ്രജ്‌ഞയോടെ ലൈവാക്കി നിർത്തുന്ന ജീവസ്സുറ്റ സ്വപ്നങ്ങൾ ലക്ഷ്യപ്രാപ്തിയ്ക്കായ് ആക്കം കൂട്ടിക്കൊണ്ടിരിക്കും. അല്ലെങ്കിലും ഉള്ളിൽ ഒരിക്കലും കെട്ടടങ്ങാത്ത ഒരു സ്പിരിറ്റോടെ ജീവിതത്തെയും ജീവിതാഭിലാഷങ്ങളെയും മനസ്സിൽ കൊണ്ടുനടക്കലാണല്ലോ പാഷൻ (passion). പാഷനുള്ള വ്യക്തികൾ അതീവം ഉത്സാഹികളായിരിക്കുമെന്നതിൽ തർക്കമില്ലല്ലോ.

ചിലരെ സംബന്ധിച്ചിടത്തോളം പകൾക്കിനാവുകൾ യാഥാർത്ഥ്യത്തെ നേരിടാനുള്ള സ്വന്തമായ ഒരു കൈവിരുതോ ടാക്റ്റിക്കോ ആവാം. ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത് ഒരുപക്ഷേ വർത്തമാനകാലത്തിൽ താൻ കടന്ന് പോകുന്ന കാഠിന്യമേറിയ പരീക്ഷണങ്ങളിൽ നിന്നോ അപ്പോഴത്തെ ദുരിതപൂർണ്ണമായ നിമിഷങ്ങളിൽ നിന്നോ, സാഹചര്യങ്ങളിൽ നിന്നോ രക്ഷപ്പെടാനുള്ള പോംവഴിയാവാം. അല്ലെങ്കിൽ കടുത്ത യാഥാർത്ഥ്യങ്ങളിൽ നിന്ന് കൗശലപൂർവ്വം മാറി നിൽക്കാനുള്ള ഒരു തന്ത്രവുമാവാം. അതിനാൽ നിഷ്ക്രിയമായ പകൽസ്വപ്നങ്ങൾക്ക് ഒരു നെഗറ്റീവ് പരിവേഷം കാണാൻ സാധിക്കും. അലസതയുടെ അടയാളം കൂടെയാണ് അത്. സ്വപ്നങ്ങൾകൊണ്ട് ഒരു മായലോകം സ്വയം ഭാവനയിൽ സൃഷ്ടിച്ചെടുക്കുകയും അതിൽ വിഹരിക്കുന്നതൊക്കെ കൊള്ളാം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ ശ്രമിക്കത്തവർക്ക് ജീവിതത്തെ ഒരു ഘട്ടത്തിൽ ഒട്ടും നേരിടാൻ കഴിയാതെ വരും.

വളരെയാധികം കളർഫുൾ ആയ, അതീവം നിറംപകരുന്ന പകൽക്കിനാവ് കാണാൻ ഇഷ്ടപ്പെടുന്ന ആളുകളിൽ ചില പ്രത്യേകതകൾ ഉണ്ട്. ഭാവനാത്മകമായ ചിന്തകളുടെ പണിപ്പുരയാവും അവരുടെ മനസ്സ്. അവർക്ക് അതിനെ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള പ്രാപ്തി കൂടെ കൂട്ടിനുണ്ടെങ്കിൽ വലിയൊരു ലോകം അവർക്കായി കാത്തിരിക്കുന്നു. അവരുടെ പൊട്ടൻഷ്യൽ നശിപ്പിച്ചുകളയരുത്. നമുക്കറിയാം ലോകത്ത് നാം കാണുന്ന മനുഷ്യന്റെതായ ഏതൊരു സൃഷ്ടിയും ആദ്യം അവരുടെ ഭാവനയിലാണ് രൂപംകൊണ്ടത്. ഭാവനയിൽ നിറഞ്ഞ് നിന്ന ആഗ്രഹങ്ങളുടെ, കാമനയുടെ, ഏറ്റവും മനോഹരമായ ദൃശ്യസാക്ഷാത്ക്കാരമാണ് ചുറ്റിലും കാണുന്ന മനുഷ്യനിർമ്മിതികളെല്ലാം. മനുഷ്യനിലെ ക്രിയാത്മകതയ്ക്കും ടാലന്റിനും പരിധിയില്ല. ഭാവനയുടെ ലോകത്തേയ്ക്ക് ചിറക് വിടർത്തി പറന്ന് നോക്കണം.

പലപ്പോഴും സ്വപ്നസാഫല്യത്തിനും ജീവിതവിജയത്തിനും ചിലപ്പോൾ പോസിറ്റിവോ നെഗേറ്റിവോ ആയ ഇമോഷൻസ് പലരുടെയും ജീവിതത്തിൽ വലിയൊരു ഉത്തേജകവും പ്രേരകവുമായി മാറുന്നത് കാണാറുണ്ട്. വൈകരികത ഒരു പ്രേരകമായി മാറുന്നുണ്ട്. കൂടാതെ Insult is an investment (അപമാനം ഒരു നിക്ഷേപമാണ്) അല്ലെങ്കിൽ സമ്പാദ്യമാണ് എന്ന ഒരു സിനിമ ഡയലോഗ് ഈയിടെ ആളുകളെ ആകർഷിക്കുകയുണ്ടായി. ഇൻസൾട്ട് എപ്പോഴാണ് ഇവെസ്റ്റ്മെന്റാകുന്നത് എന്നത് സൂക്ഷ്മതലത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഈഗോയെ വ്രണപ്പെടുത്തുന്ന ഒന്നാണല്ലോ ഇൻസൾട്ട്. അപമാനം ഒരു മനുഷ്യനിൽ പലവിധത്തിലുള്ള നെഗറ്റീവ് ഇമോഷൻസിനെയും ഹോർമോണിനെയും ഉത്തേജിപ്പിക്കുന്നുണ്ട്. അതിൽ നിന്ന് രക്ഷനേടാൻ ദുർബലമനസ്സിന് ഉടമകളായ മനുഷ്യരെ സംബന്ധിച്ചിടത്തോളം അതീവം ശ്രമകരമായ ഒരു ഉദ്യമമാവും അത് അറിയാതെ ചെന്ന് പതിച്ച ആഴകയത്തിൽ നിന്ന് കരകയറാൻ കഴിയാതെ ഒരു കീഴടങ്ങലായി, അവസാനം ജീവിതം അവിടെ തീരുമാനമാകും. ചിലർ കടുത്ത അപകർഷതാബോധത്തിന് ഇരകളായി മാറും. പക്ഷെ മേൽപ്പറഞ്ഞ പ്രകാരം എന്തിനോടെങ്കിലും ഒരു പാഷൻ അടങ്ങാത്ത ഒരു ത്വര ഉള്ളിൽ കൊണ്ടുനടക്കുന്ന ആളാണെങ്കിൽ ഇൻസൾട്ടിനെ നല്ലൊരു ഇവെസ്റ്റ്മെന്റാക്കാൻ സാധിക്കും.

നെയ്തുകൂട്ടിവെച്ച സ്വപ്നങ്ങളെ യാഥാർത്ഥ്യത്തിന്റെ ലോകത്തേയ്ക്ക് എത്തിക്കാൻ പ്രായോഗിക ചിന്തകളും ഇച്ഛാശക്തിയും ഇല്ലെങ്കിൽ സാധിക്കില്ല. മക്കൾ കാണുന്ന സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാൻ വേണ്ടി അച്ഛനമ്മമാർ ശക്തമായ പിന്തുണയോടെ കൂടെ നിൽക്കണം. സ്‌കൂൾ/കോളേജ് സർട്ടിഫിക്കറ്റും മാർക്ക്ലിസ്റ്റുംകൊണ്ട് മാത്രം ജീവിതത്തിന് മൂല്യമിടരുത്. സാങ്കൽപിക ലോകത്ത് ജീവിക്കുന്നവരല്ല ഉചിത വ്യക്തിത്വങ്ങൾ എന്ന കാര്യവും മറക്കരുത്. പച്ചയായ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വേണം എല്ലാം.

സ്വപ്നങ്ങൾ ഉള്ളിലെരിയുന്ന കനലും ഊർജ്ജവും, ഒരു വലിയ ഉത്തേജകവുമായതിനാൽ ലക്ഷ്യത്തിലേക്ക് എത്തുന്നതുവരെ ഉള്ളിൽ കിടന്ന് അസ്വസ്ഥമാക്കാൻ നല്ല സ്വപ്നങ്ങളെ ഒരു സന്തത സഹചാരിയായി കൂടെ നിർത്തണം. എന്നാൽ ജീവിതം അമൂല്യമാണെന്ന ബോധത്തിൽ നിഷേധാത്മക ചിന്തകൾക്ക് ഇന്ധനമേകുന്ന സ്വപ്നങ്ങളിൽ നിന്ന് മോചനം നേടേണ്ടതുണ്ട്. ഉദാ: താനുമായി ശത്രുത വെച്ചുപുലർത്തുന്ന ഒരാൾ, എങ്ങനെയും അയാൾ നശിച്ചുകാണണമെന്നതോ അയാളെ വധിക്കുന്നതയോ നിരന്തരം സ്വപ്നം കാണുന്നത് അബദ്ധങ്ങൾ വിളിച്ചുവരുത്തും, മനസ്സ് അങ്ങനെ പകയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പ്രതികാരദാഹിയായ മനുഷ്യനിൽ സെക്കളോജിക്കലി ഒരു ക്രിമിനൽ രൂപം കൊള്ളുന്നത് അയാൾ പോലും അറിയില്ലെന്ന് മാത്രം. വിനാശകാലെ വിപരീത ബുദ്ധി എന്നാണല്ലോ പഴമക്കാർ പറഞ്ഞുവെച്ചത്. അത്യാപത്തുകളെ വിളിച്ചു വരുത്തുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സ്വന്തം ജീവിതത്തിൽ ഒരു ബോംബ് കണക്കെ ചെന്ന് പതിക്കുകയും നാശം വിതയ്ക്കുകയും ചെയ്യും. ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടങ്ങളും സഹിക്കേണ്ടി വരും. ജീവിതം ഒരു അഭിനയമാണ് എന്നൊക്കെ എല്ലാവരും പറയുമെങ്കിലും സിനിമയിലെ പോലെ ഒരിക്കൽ അഭിനയിച്ചുകഴിഞ്ഞ രംഗങ്ങൾ വീണ്ടും അഭിനയിക്കാനുള്ള അവസരമില്ല, ജീവിതത്തിൽ റീടെയ്ക്ക് എന്നൊന്നില്ലല്ലോ.

പകൽക്കിനാവ് ഒരാളിലെ ക്രിയാത്മകതയ്ക്ക് പൊലിമയേകാനും ഭാവനയ്ക്ക് ഉണർവ്വേകാനും ചിന്തകളെ വർണ്ണാഭമാക്കാനും സഹായിക്കും. ചില പോസിറ്റീവ് വ്യക്തിത്വങ്ങൾ തന്ത്രപൂർവ്വവും വിദഗ്ധമായും പ്രശ്നങ്ങളെ അതിജീവിക്കാൻ, കൂടാതെ വിചാരിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ഒരു ടൂൾ പോലെയൊക്കെ പകൽക്കിനാവുകളെ ഉപയോഗിക്കുന്നുണ്ട്. മനസ്സ് അതിതീവ്രമായി ആഗ്രഹിക്കുന്ന ഒരു കാര്യത്തെ തന്നിലേക്ക് എത്തിക്കാനായ്, അതിലേയ്ക്ക് കൃത്യമായ ഒരു ചാനൽ നിർമ്മിക്കാനായ് പകൽക്കിനാവുകൾ കൂട്ടുനിൽക്കും അല്ലെങ്കിൽ സദാസമായവും തന്റെ ചിന്തകളിലും ഭാവനയിലും നിറഞ്ഞു നിൽക്കുന്ന ഒന്നിലേക്ക് താൻ അഗാധമായി തേടുന്ന ഒന്നിലേക്ക് വൈകാതെ തന്നെ കൊണ്ടുചെന്നെത്തിക്കും എന്ന ഏറ്റവും ആഴത്തിലുള്ളൊരു വിശ്വാസമാണ് അവരിൽ വർത്തിക്കുന്നത്.

അതിയായ ഇഷ്ടത്തോടെ ഏറ്റെടുത്ത ഏത് ടാസ്‌ക്കുകളിലും അതെപോലെ ഒരു പ്രത്യേക ജോലിയിലും പൂർണ്ണമായും ശ്രദ്ധയർപ്പിക്കാനും ഏകാഗ്രതയോടെ അവ ചെയ്തു തീർക്കാനും വ്യക്തികൾക്ക് സാധിക്കും. കാരണം ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുമ്പോൾ വിരസതയോ വിരക്തിയോ ഇല്ല. ഓരോ മേഖലകളിലൂടെ മനസ്സ് ഓരോന്ന് തേടി അലഞ്ഞുകൊണ്ടിരിക്കും. സാധ്യമായവയെ സ്വന്തമാക്കാൻ ഉള്ളിൽ അവയോടുള്ള വാഞ്ഛ അല്ലെങ്കിൽ അഭിനിവേശം ഉപകരിക്കും. അഭിലാഷങ്ങൾ പൂർത്തീകരിക്കാനുള്ള മാനസിക തയാറെടുപ്പുകൾ ഉണ്ടാവൽ നിർബ്ബന്ധമാണ്. മനോരാജ്യത്തിൽ മുഴുകി ഇരിക്കുന്നവർ ഇക്കാര്യം തീരയും വിസ്മരിക്കാൻ പാടില്ല. ഉത്തരവാദിത്വങ്ങൾ അറിഞ്ഞ് നിറവേറ്റാതെ പോകുമ്പോൾ ജീവിതം സങ്കീർണവും അലങ്കോലവുമാവാൻ അധികം സമയം എടുക്കില്ലല്ലോ

നമുക്ക് നാം മുഖ്യമാവുമ്പോൾ നമ്മുടെ സ്വപ്നങ്ങളും മുഖ്യമാവുന്നത് സ്വാഭാവികം. ആത്മബോധം മനുഷ്യൻ നേരിടുന്ന ഒട്ടുമിക്ക സമസ്യകൾക്കും ഒരു പ്രതിവിധിയായി മാറുന്നൊരു സവിശേഷമായൊരു സ്ഥിതിവിശേഷമാണ് ഇവയൊക്കെ അക്ഷരാർത്ഥത്തിൽ അനുഭവേദ്യമായി മാറുന്ന അസുലഭവും അനർഘവുമായ നിമിഷങ്ങൾ സ്വന്തമാക്കാൻ വ്യക്തിത്വബോധം തന്നെ വേണം. തീവ്രമായ സ്വപ്നങ്ങൾ ആന്തരീകമായ ഒരു ഉൾപ്രേരണയും ഉയർച്ചയെ എത്തിപ്പിടിക്കാനുള്ളതും, ഉന്നതി പ്രാപിക്കാനുമുള്ള ഉൽക്കർഷേച്ഛയായി മാറും. പകൽക്കിനാവിൽ മുഴുകി മോഹാലസ്യത്തിൽ ആണ്ട് ഇരിക്കുന്നവർക്ക് അതിന്റെ ഗൗരവം മനസ്സിലാവാതെ പോകും. ആത്മബോധത്തിൽ നിൽക്കുന്നവർക്ക് ഇത്തരം വെല്ലുവിളികൾ നേരിടേണ്ടിവരുന്നില്ല കാരണം അവരുടെ റൂട്ട് മാപ് ക്ലിയർ ആയിരിക്കും, അവരുടെ സഞ്ചാര വീഥി ഇതിനകം തന്നെ കൃത്യമായി പാകിക്കഴിഞ്ഞതാണ്.

Related Articles