Current Date

Search
Close this search box.
Search
Close this search box.

ബോധ്യപ്പെടലും ബോധ്യപ്പെടുത്തലും

അപവാദം പറച്ചിൽ നല്ല ശീലമല്ല. മാത്രമല്ല ഒരിയ്ക്കലും ഒരു നല്ല മനുഷ്യന് പറഞ്ഞതുമല്ല. നല്ല നിലയ്ക്ക് ജീവിച്ചുപോകുന്ന ഒരു വ്യക്തിയെ നമ്മുടേത് പോലുള്ള ഒരു സമൂഹത്തിൽ അപകീർത്തിയ്ക്ക് ഇരയാക്കാനും അങ്ങേയറ്റം മാനസികമായും ശാരീരികമായും തളർത്തി, നല്ല ഗതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന അയാളുടെ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും തകർത്ത്, ഉള്ള ഉറക്കവും സമാധാനവും കെടുത്തി മനോനില തകരറിലാക്കാനും ഒരു നിമിഷം മതി. ആരെക്കുറിച്ചും വല്ല അഭ്യൂഹങ്ങളും അപവാദങ്ങളും കേട്ടു കഴിഞ്ഞാൽ അതിന്റെ പിന്നിലെ സത്യാവസ്ഥ അന്വേഷിക്കുകയോ, നിജസ്ഥിതി അറിയാനായ് ശ്രമം നടത്തുകയോ ചെയ്യാതെ കേട്ടവർ കേട്ടവർ ഒരു മനുഷ്യന്റെ പച്ച ഇറച്ചി തിന്നുന്നത് തുടരലാണ് പതിവ്. അതിലൊരു പ്രത്യേക മനസ്സുഖം കണ്ടെത്തുന്ന നമ്മുടെ സമൂഹം ഇക്കാര്യത്തിൽ ഒരൊറ്റ മനുഷ്യരോടും ഇന്നോളം ദയയോ, അലിവോ കാണിച്ചിട്ടും ഉണ്ടാവില്ല. ഇന്നും നിർദാക്ഷിണ്യം അത് തുടരുന്നുമുണ്ട്. പാവം മനുഷ്യർ തെറ്റുകളും പിഴവുകളും ആർക്കും എപ്പോഴും സംഭവിക്കാമല്ലോ. ഒട്ടും ദൗർബല്യങ്ങൾ ഇല്ലാത്ത മനുഷ്യരും അപൂർവ്വം. അതുവെച്ച് ഒരു മനുഷ്യനെ നിർദയം ക്രൂശിക്കാതെ അവരെ അവരുടെ വഴിക്ക് വിടാനുള്ള മഹാമനസ്ക്കതയൊന്നും നമുക്ക് ഇല്ലാതെയും പോയി.

എന്നാൽ ആരാണ് ഇതൊക്കെ ചെയ്യുന്നത് എന്നും നോക്കണം. എല്ലാ മനുഷ്യന്റെയുള്ളിലും ഉണ്ട് തിന്മകൾ ചെയ്യാനുള്ള പ്രവണതയും എതുവിധേനയും സ്വന്തം ആഗ്രഹങ്ങളും ഇച്ഛകളും പൂർത്തീകരിക്കാനുമുള്ള അടങ്ങാത്ത ത്വരയും അഭിനിവേശവുമൊക്കെ. തക്കം കിട്ടിയാൽ തനിയ്ക്ക് സാധിക്കുന്നതൊക്കെ ചെയ്യാനും മടിക്കില്ല. എന്നാലും മാനഹാനി ഭയന്ന് മനുഷ്യർ ജനങ്ങൾക്ക് മുന്നിൽ അഭിനയിച്ചും നല്ലവരാണെന്ന് നടിച്ചും ജീവിക്കാൻ മനപ്പൂർവ്വമെന്നോണം സദാ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷെ ഒളിച്ചും പാത്തും എല്ലാം ചെയ്യുന്നുമുണ്ടാകും. അന്യൻ ചെയ്യുന്ന ഒരു തിന്മയെ പൊറുത്ത് കൊടുക്കാൻ മനസ്സില്ലാത്ത നാം പലപ്പോഴും സ്വയം ചെയ്യുന്ന തെറ്റുകളെ സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്. താനൊരു തിന്മയിൽ ഏർപ്പെടുന്നത് അല്ലെങ്കിൽ സ്വന്തം സുഖങ്ങൾ മാത്രം നോക്കി, സ്വാർത്ഥ മനോഭാവത്തോടെ ചെയ്യുന്നതെന്തും മറ്റുള്ളവർക്ക് പലപ്പോഴും ഉപദ്രവമായി മാറിയേക്കാം എന്ന ചെറിയ ബോധം പോലും നമ്മെ ഏഴയലത്തൂടെ സ്വാധീനിക്കാറില്ല.

എന്നാൽ “വ്യക്തിത്വം” അന്യന്റെ പിഴവുകൾ കണ്ടെത്തലോ, അതിൽ അമിതോത്സാഹം കാണിക്കലോ അല്ല (അതാണല്ലോ എളുപ്പം). അതേപോലെ തന്റെ പിഴവുകളെ മറച്ചുവയ്ക്കാനും ലഘൂകരിച്ച് കാണിക്കാനും അന്യന്റെ കുറവുകളെയും അവർ ചെയ്യുന്ന അപരാധങ്ങളെയും എടുത്ത് പറഞ്ഞ് ബാലൻസ് ചെയ്യലുമല്ല. തന്നിലേയ്ക്കാണ് അയാൾ നോക്കുന്നത്. തന്നിൽ ഇതുവരെ ഉണ്ടായിരുന്ന കുറവുകൾ താൻ നികത്തികൊണ്ടിരിക്കുന്ന ന്യൂനതകൾ, തനിയ്ക്കുള്ള തോന്നലുകൾ, എല്ലാം അപരനും ഉണ്ട് എന്ന തിരിച്ചറിവിൽ ഏവരെയും ഉൾകൊള്ളാൻ വ്യക്തിത്വമുള്ള ഒരാൾ ശ്രമിക്കും. തെറ്റുകൾ മനുഷ്യർക്കെ പറ്റുള്ളൂ. അല്ലെങ്കിലും അപരന്റെ കാര്യത്തിൽ ഇത്രയധികം ശുഷ്‌കാന്തി കാണിയ്ക്കുന്നത് എന്തിനാണ്? വ്യക്തിപരമായ വളർച്ചയ്ക്കും ഉയർച്ചയ്ക്കും മറ്റുള്ള ആളുകളെ സ്വാധീനിക്കുന്നവരായി മാറലാണ് വ്യക്തിത്വബോധമുള്ളൊരാൾ ചെയ്യുന്നതെന്ന് ഓർക്കണം. അയാൾ ആപത്സന്ധിയിൽ മറ്റൊരാളോടൊപ്പം നിൽക്കും തൊട്ടടുത്തിരുന്ന് പിറകിൽ തട്ടി “സാരമില്ലെന്നെ, ആളുകൾ പറയുന്നത് നോക്കണ്ട നിനക്ക് ഒരു ജീവിതമുണ്ട്” എന്ന് പറഞ്ഞു ജീവിക്കാനുള്ള പ്രത്യാശ നൽകും. നഷ്ടമായി എന്ന് തോന്നിയതെല്ലാം വീണ്ടെടുക്കാൻ കൂടെ നിൽക്കും അതുമതി. തളർത്താൻ ആർക്കും കഴിയും വളർത്താൻ അപൂർവ്വം ചിലർക്കെ സാധിക്കൂ. തനിയ്ക്ക് ഇല്ലാത്ത അല്ലെങ്കിൽ നേടിയെടുത്ത
യശസ്സ് എന്നും ഉയർത്തിപ്പിടിക്കാനായ് ഇല്ലാത്ത മാന്യതയുടെ മുഖമൂടി എടുത്തണിയേണ്ട അവസ്‌ഥ വരുന്നതും ദയനീയമാണ്. മാന്യത കാപട്യത്തിന്റേത് ആവരുത് മൂല്യബദ്ധമാവണം. അതിലേയ്ക്ക് സമൂഹവും എത്തണം.

ഒരാൾ സ്വന്തം യുക്തിയ്ക്കും ബുദ്ധിയ്ക്കും ബോദ്ധ്യപ്പെട്ട നേരറിവിലും യാഥാർത്ഥ്യങ്ങളിലും സത്യങ്ങളിലും വിശ്വസിക്കുമ്പോൾ ഉരുത്തിരിഞ്ഞുണ്ടാകുന്നതാണ് തിരിച്ചറിവ്. വസ്തുനിഷ്ഠാപരമായി ചിന്തിച്ചാൽ സ്വയം ബോദ്ധ്യപ്പെടുക എന്നതിനേക്കാൾ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്ന സമ്പ്രദായമാണ് നമ്മുടെ സമൂഹത്തിൽ കാലങ്ങൾ മുമ്പേ വേരൂന്നപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാവും. തിരിച്ചറിവിനുള്ള സാദ്ധ്യത പരിമിതമാക്കപ്പെട്ടു പോയതിന് ഏറ്റവും വലിയൊരു കാരണം തന്നെ അതാവും. കാലങ്ങളായി മുൻതലമുറക്കാർ ശീലിച്ചതും പിൻതലമുറ വീണ്ടുവിചാരമില്ലാതെ പിൻപറ്റി പോരുന്നതും ഇപ്പോഴും മുകളിൽ പ്രതിപാദിച്ച ആശയത്തെ സാധൂകരിക്കുന്നതും ആരക്കിട്ടുറപ്പിക്കുന്നതുമായ മുറകളും രീതികളും തന്നെ പിന്തുർന്നുകൊണ്ടാണ്. പ്രബുദ്ധരെന്നു തങ്ങളെ വാഴ്ത്തുന്ന നാം സ്വമേധയാ, യാതോരു സങ്കോചവും കൂടാതെ ഇന്നും അത് തുടരുന്നത് വ്യക്തി, വ്യക്തിത്വം എന്ന തലത്തിലേക്ക് ചിന്തിച്ചു തുടങ്ങാത്തതുകൊണ്ടാണ്. ഓരോരുത്തർക്കും അവരവരുടെ വ്യക്തിത്വമെന്നാൽ അമൂല്യമായ ഒന്നാണെന്ന് മനസ്സിലാക്കി മാന്യതയോടും ആദരവോടെയും വേണം ആരോടും സംസാരിക്കാനും ഇടപഴകാനും. ഓരോ മനുഷ്യനും അർഹതപ്പെട്ട ഒന്നാണ് അത്. മുൻവിധിയോടെ ആരെയും കാണരുത്, ഒരാൾ ഏത്തരത്തിലുള്ള വ്യക്തിയാണെന്നത് നോക്കേണ്ടത് നമ്മുടെ ആരുടെയും ജോലിയല്ല, ഇന്നും ഈ സമൂഹത്തിൽ താൻ നല്ലവൻ/നല്ലവൾ എന്ന് ബോധിപ്പിക്കാനുള്ള പാടുപെടൽ ആയുസ്സുടെനീളം ഒരു മനുഷ്യന്റെ ജീവിത യജ്ഞത്തിന്റെ ഭാഗമാണ്. സമൂഹത്തിൽ വ്യക്തിത്വബോധമില്ലാത്ത മനുഷ്യർ ജനിക്കുന്നത് അങ്ങനെയാണ്. അപരനാണ് ഇവിടെ ജഡ്ജ്, അവനാണ് നമ്മെ ജഡ്ജ് ചെയ്ത് മാർക്കിടുന്നത്. മറ്റൊരാൾ നമ്മെ ജഡ്ജ് ചെയ്യുന്നതിനെ ഭയന്ന് ജീവിക്കുന്നതും ബദ്ധപ്പെട്ട് ഓരോ ന്യായീകരണങ്ങൾ നൽകി ബോദ്ധിപ്പിച്ച് ജീവിക്കുന്നതിനോളം ഗതികേട് മറ്റെന്താണ്.

നന്മകൾ, മൂല്യങ്ങൾ, എന്നതിനോടൊപ്പം. സച്ചരിതരായി ജീവിക്കാൻ, മനുഷ്യൻ നല്ലൊരു വ്യക്തിത്വത്തിലേയ്ക്ക് ഉയരുകയല്ലേ വേണ്ടത്. ജീവിതമെന്ന അതിദൂര പ്രയാണത്തിൽ, ജീവിതത്തെ ഒരു കുതിരവണ്ടിയുമായി സാമ്യപ്പെടുത്തിയാൽ അതിലിരുന്ന് അതിനെ നയിക്കുന്ന മനുഷ്യനാണ് മനസ്സെന്ന സങ്കൽപ്പത്തിൽ ഒന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ തന്റെയും ജീവിതത്തിന്റെയും നിയന്ത്രണം തന്റെ കൈകളിൽ തന്നെ സുഭദ്രവും സുരക്ഷിതവുമാവണമെന്ന ബോദ്ധ്യം വരും. ജീവിതത്തിൽ മറ്റൊരാളുടെ ഇടപെടലുകൾ ഇല്ലാത്തിടത്തോളം അനുയോജ്യമായ പാത തിരഞ്ഞെടുക്കാനും അതിന്റെ ഗതി നിശ്ചയിക്കാനും ഒരു വ്യക്തിയ്ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും അതിന് സാധിക്കാതെ പോകുന്നെങ്കിൽ അതീവം ഖേദകരവുമാണ്.

ഒരു കുഞ്ഞ് വളർന്നു വലുതായി പ്രായപൂർത്തിയെത്തുന്ന കാലഘട്ടത്തിനിടയിലും അനന്തരം ഒരു വലിയ മനുഷ്യനായി പാകപ്പെട്ടുവരുന്ന ഒരു കാലയളവിലും എന്തെല്ലാം നല്ല നല്ല അറിവുകളും അബദ്ധങ്ങളും അജ്ഞതകളും അന്ധവിശ്വാസങ്ങളും തലച്ചോറിലേക്ക് ബോധപൂർവ്വവും അല്ലെങ്കിൽ അബോധപൂർവ്വവും കടന്ന് ചെല്ലുന്നുണ്ടാകും. മനസ്സ് അവയെ ബോധപൂർവ്വം തരംതിരിച്ച്, വേർതിരിച്ചെടുത്ത് തനിയ്ക്കും താനുമായി ബന്ധപ്പെട്ടുകിടക്കുന്ന ഏവർക്കും കൂടാതെ സമൂഹത്തിനും സ്വന്തം നാടിനും ഉചിതവും ഉപയുക്തവുമായ ചിന്തകൾക്കും വിചാരങ്ങൾക്കും ഉയർന്ന പ്രാധാന്യം നൽകി എപ്പോഴും സ്വന്തം ജീവിതത്തെയും വ്യക്തിത്വത്തെയും മോൾഡ് ചെയ്തും മോഡിഫൈ ചെയ്തും എടുക്കാത്ത ഒരു സാഹചര്യമാണെങ്കിൽ ഒരു മനുഷ്യന്റെ വ്യക്തിത്വത്തെയും അയാളുടെ ജീവിതത്തെയും അത് ഏതെല്ലാം വിധത്തിൽ ആഴത്തിലും വ്യാപതിയിലും ബാധിച്ചിരിക്കും എന്നതൊക്കെ ഗൗരവത്തോടെ അപഗ്രഥനം നടത്തേണ്ട വിഷയങ്ങളാണ്. ഏതൊരു ആശയവും വിശ്വാസങ്ങളും ഇനി ഒട്ടും കഴമ്പില്ലാത്തവ ആയാൽ തന്നെയും വ്യക്തിത്വത്തെയും മനുഷ്യരുടെ ഭാവിജീവിതത്തെയും വരെ അത് നിർണ്ണയിക്കുകയും പല വിധത്തിൽ സ്വാധീനിക്കുകയും ചെയ്യൂന്നുണ്ട്.

മസ്തിഷ്കത്തിൽ നിന്നുള്ള ആജ്ഞകൾ ഏറ്റെടുത്ത് യഥാക്രമം നിറവേറ്റാനുള്ള ഒരു ഉപകരണമായിട്ടാണ് മനുഷ്യശരീരം
വർത്തിക്കുന്നത്. എന്നാൽ ശരീരതത്തെയും മസ്തിഷ്കത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായി ശരീരത്തിൽ ആകമാനം നാരുകൾ പോലെ പടർന്നുപിടിച്ചു കിടക്കുന്ന നാഡികൾ അല്ലെങ്കിൽ സിരകളിലൂടെയാണ് ഇവയെല്ലാം യാതൊരു കൃത്യവിലോപവും കൂടാതെ നിർവ്വഹിക്കപ്പെടുന്നത്. മനുഷ്യന് ഇന്ദ്രിയഗോചരമായതെല്ലാം അവയിലൂടെ സന്ദേശങ്ങളായി ബ്രെയിനിലേയ്ക്കും അയയ്ക്കപെടുന്നു അതേസമയം
കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതായ വിവരങ്ങൾ/ഇന്ഫോർമേഷൻസ് ബ്രെയിനിൽ സ്റ്റോർ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. കാലങ്ങൾക്കൊണ്ട് താൻ കേവലം കണ്ടറിഞ്ഞവയിലും കേട്ടറിഞ്ഞവയിലും എത്രത്തോളം യുക്തിയും ബുദ്ധിയും തേടാം എന്ന് ഒരുപക്ഷേ ഒരു കുഞ്ഞിൽ നിന്ന് വളർച്ച പ്രാപിച്ച അല്ലെങ്കിൽ യൗവ്വനം പ്രാപിച്ച ഒരാൾക്ക് ഈ ജന്മംകൊണ്ട് കഴിയണമെന്നില്ല. കുട്ടിക്കാലത്ത് മനസ്സിൽ തറച്ചുപോകുന്ന കാര്യങ്ങൾ പിഴുതെടുക്കുക എന്നത് അതീവം ശ്രമകരമായ കാര്യവുമാണ്. അല്ലെങ്കിൽ സത്യങ്ങൾ കണ്ടെത്താനായ് ഉള്ളിൽ അടങ്ങാതെ എപ്പോഴോ കുടിയേറിക്കഴിഞ്ഞ തീവ്രമായൊരു വാഞ്ഛ ഇപ്പോൾ നുരപൊന്തി തുടങ്ങണം.

സെയ്ഫ്റ്റിയ്ക്കും സെക്യൂരിറ്റിയ്ക്കും വേണ്ടി സ്ഥാപനങ്ങളിൽ ഗാർഡുകളെ അല്ലെങ്കിൽ പാറാവുകരെ നിയമിക്കുന്നത് പതിവാണ്. വിലപിടിച്ച വസ്തുക്കൾ, ഡോക്യുമെന്റ്‌സ്, പണം തുടങ്ങിയ അമൂല്യമായ വസ്തുക്കൾക്ക് സംരക്ഷണമേകാൻ നിയുക്തരാക്കപ്പെടുന്നവരാണ് അവർ. ബാങ്കുകൾ കൊള്ളയടിക്കപ്പെടാതിരിക്കാൻ തോക്ക് കയ്യിലേന്തി കാവൽ നിൽക്കുന്ന സെക്യൂരിറ്റി ഗാർഡിനെ കാണാം. സുരക്ഷാഭടന്മാർ രാജ്യത്തിന്റെ അതിർത്തിയെ സംരക്ഷിക്കുന്നു, ശത്രുക്കളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നു. ശത്രുവിനെ തുരത്താനുള്ള ഉദ്ദേശലക്ഷ്യങ്ങൾ വെച്ചുള്ളതാണ് ഇതൊക്കെ. എന്നാൽ അകത്തേയ്ക്ക് കടത്തിവിടും മുമ്പ് പരിശോധന നടത്തി അപകടകാരികളല്ല എന്ന് ബോദ്ധ്യപ്പെടാനുള്ള സംവിധാനങ്ങളും എയർപോർട്ട് പോലുള്ള ഇടങ്ങളിലുണ്ട്. വിനാശകാരികളായ ചിന്തകളെ അകറ്റി നിർത്താൻ മനസ്സിനും വേണ്ടേ അത്തരം ഒരു സംവിധാനം? അതാണ് ആത്മബോധത്തിലൂടെ നേടാൻ കഴിയുന്നത്.

മാനസിക ഭദ്രതയും സുരക്ഷിതത്വവും (mental security) ഓരോ മനുഷ്യരും സ്വയം ആർജ്ജിച്ചെടുക്കേണ്ടതാണ്. വളരെ ചെറുപ്പത്തിലെ അച്ഛനമ്മമാർ കുട്ടികൾക്ക് നൽകുന്ന അറിവുകൾ, പാഠങ്ങൾ, ശീലങ്ങൾ, കാഴ്ചപ്പാടുകൾ, വീക്ഷണങ്ങൾ, നിരീക്ഷണ പാടവം, ഉൾക്കാഴ്ച ഇവയ്ക്കൊക്കെ അതാത് വ്യക്തികളിൽ തനതായ രീതിയിൽ ഒരു പ്രതിരോധ സംവിധാനത്തെ രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. ഇത് അതിജീവനത്തിന് എപ്പോഴും മുഖ്യമാണ്. പ്രതിരോധത്തിന്റെ ശക്തി ഏത് കാരണവശാലും ശോഷിച്ചുപോകാൻ ഇടയാവാൻ പാടില്ല, അത് ആത്മസുരക്ഷയ്ക്കും നിലനിൽപ്പിനും വിലങ്ങ് തടിയാവും. പ്രതിഷേധത്തിൽ തന്നെ ശക്തമായ വ്യക്തിത്വത്തിന്റെ സാന്നിധ്യം ഒരാളിൽ ദർശിക്കാനിടയായാൽ ആരും രണ്ടുവട്ടം ചിന്തിച്ചിട്ട് മാത്രമേ ആ വ്യക്തിയുമായി അങ്കത്തിന് നിൽക്കുള്ളൂ. പ്രതിഷേധത്തിന് പ്രതിരോധത്തെ അപേക്ഷിച്ച് വേറെ ചില ഘടകങ്ങളുടെയും കൂടെ സാന്നിധ്യം ഉണ്ടാവണം. അത് ചിലപ്പോഴെങ്കിലും വെറും മൗനത്തിലൊതുങ്ങുന്നതും ആവാം. സാഹചര്യങ്ങളെയും ആളുകളെയും തിരിച്ചറിഞ്ഞു വേണം പ്രതികരിക്കാനും പ്രതിഷേധ ശബ്ദമുയർത്താനും. മറുപടി അർഹിക്കാത്തവർക്ക് ന്യായീകരണം നൽകി സമയവും ഊർജ്ജവും ചെലവാക്കുന്നത് മടയത്തരമാണ്.

ഭൗതിക സുഖങ്ങൾക്കപ്പുറം ആത്യന്തികമായി ഒരു വ്യക്തിയെ അഭിമാനിതനാക്കുന്നത് അയാൾ നേടിയെടുത്ത അഭിമാനം, ആദരവ്, സംതൃപ്തി, സമാധാനം, സന്തുഷ്ടി ഇവയെ ആധാരപ്പെടുത്തിയാണ്. അഭിമാനമാണ് സംതൃപ്തി. മൃത്യുവിലേയ്ക്ക് യാത്രയാകുന്ന മനുഷ്യന് സ്വന്തം ജീവിതംകൊണ്ട് “സംതൃപ്തിയടയാൻ” സാധിച്ചില്ലെങ്കിൽ മരണം അത്ര സുഖകരമാവാൻ ഇടയില്ല എന്നതിനാൽ സംതൃപ്ത ജീവിതമാവണം ഒരാളുടെ ആത്യന്തിക ലക്ഷ്യം. നിതാന്ത ജാഗ്രതകൊണ്ട് മനുഷ്യർ നേടിയെടുക്കുന്ന പലതും പിന്നീട് അനശ്വരമായ ഓർമ്മകളായി ഭൂമിയിൽ വിട്ടിട്ടാണ് വിട പറഞ്ഞുപോകുന്നത്. ഒരാൾ ബാഹ്യലോകത്തേയ്ക്ക് നൽകുന്നതും തന്റെ അന്തരീകലോകം സ്വീകരിക്കുന്നതും എന്താണ്? അതിനെക്കുറിച്ച് ആരൊക്കെ ബോധവാന്മാരാണ് എന്നതാണ് മുഖ്യവിഷയം. യോജിക്കാൻ സാധിക്കാത്തവയോട് മാനസിക അകലമിടാൻ പരിശീലിക്കുകയും ഉപയോഗശൂന്യമോ, മാനവിക വിരുദ്ധമോ ആയവയെ കൊള്ളാതെ തള്ളാനും കഴിയണം.

മനസ്സിനകത്ത് ഒരു കോടതിയുണ്ട് അതാണ് മനസ്സാക്ഷി. ബോധത്തെ നിയന്ത്രിക്കുന്നതിൽ മനസ്സാക്ഷിയ്ക്ക് വലിയ പങ്കുണ്ട്. എപ്പോഴും ബോദ്ധ്യപ്പെടുത്തേണ്ടത് സ്വന്തം മനസ്സാക്ഷിയെയാണ്. ബോദ്ധ്യപ്പെടലും ബോധ്യപ്പെടുത്തലും ഉണ്ടല്ലോ. സ്വയം ബോദ്ധ്യപ്പെടൽ അതീവം അനിവാര്യമായതും ബാക്കിയുള്ളവരെ ബോദ്ധ്യപ്പെടുത്തൽ രണ്ടാം സ്ഥാനവുമാണ് അർഹിക്കുന്നത്. എതെല്ലാം വിധത്തിലുള്ള ത്വരകൾ, ആഗ്രഹങ്ങൾ, ചിന്തകൾ, ഇഷ്ടങ്ങളാണ് ബ്രെയിനിലേയ്ക്ക് അധിനിവേശം നടത്തുന്നത്, ഏത് രീതിയിലാണ് ചിന്താപ്രക്രിയ thinking process അവിടെ നടക്കുന്നത്. താൻ ചിന്തിക്കുന്നതെല്ലാം ശരിയാണോ? പ്രവൃത്തിക്കുന്നത് ഉചിതമായ രീതിയിലാണോ? സ്വന്തം അയൽവാസിയോ, നാട്ടുകാരെയോ ബോധ്യപ്പെടുത്താൻ അല്ല. ബോദ്ധ്യപ്പെടലും ബോദ്ധ്യപ്പെടുത്തലും തന്റെ മനസ്സാക്ഷിയെ തന്നെയാവണം എന്നതാണ് ശരി.

തന്റെ കർമ്മപഥത്തിലൂടെ താൻ നായിക്കപ്പെടുന്നത് നേരായ മർഗ്ഗത്തിലാണോ, എന്ന ബോധം അവനവനാണ് ഉണ്ടാവേണ്ടത്. ഇത് തന്നെയാണ് ആത്മബോധം. അല്പമെങ്കിലും സ്വന്തമായ നിലപാടുകളിൽ ജീവിച്ചില്ലെങ്കിൽ സമൂഹം സ്വന്തം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും കയറി ഇടപെടും മറ്റുള്ളവരുടെ കൈകളിലെ കളിപ്പാവ പോലെയാവും. നിലപാട് ഉള്ളവരെ വെറുക്കാനൊരുങ്ങുന്നവർ സ്വന്തം കുടുംബങ്ങളിൽ തന്നെ കാണും എന്നത് മറ്റൊരു സത്യം. അത് അവർ ഇപ്പറഞ്ഞതിനെ കുറിച്ചെല്ലാം അജ്ഞരായതുകൊണ്ടാണ്. അവരെ തിരുത്താൻ ഉചിതമായ തീരുമാനങ്ങൾകൊണ്ട് സാധിക്കും. സ്വന്തം ഉറച്ച് നിൽക്കുക എന്നതാണ് മുഖ്യം.

ഒരു ചിന്ത ഉള്ളിൽ നാമ്പ് എടുക്കുമ്പോൾ തന്നെ തന്റെ വ്യക്തിത്വത്തോട് അതിന് എത്രമാത്രം കൂറ് പുലർത്താനും രമ്യതയോടെ മുന്നോട്ട് പോകാനും കഴിയും എന്നതുകൂടെ അറിയുന്നത് ഗുണം ചെയ്യും. എന്നാൽ ചിന്തിച്ച് തല പുണ്ണാക്കണ്ട അവശ്യമൊന്നും ഇല്ല. സ്വാഭാവികമായും വ്യക്തിത്വബോധവും ആത്മബോധവും അന്യമായവർക്കെ അതിന്റെ ആവശ്യം വരുള്ളൂ. സ്വത്വബോധത്തിൽ നിന്ന് ചിന്തിക്കുന്ന ഒരാൾക്ക് അവ്യക്തതകൾ കുറവായിരിക്കും. ഒരാൾ തന്റെ തന്നെ നന്മയ്ക്കും സ്വസ്ഥപൂർണ്ണ ജീവിതവും ലക്ഷ്യമിട്ട് ചെയ്യുന്ന കർമ്മങ്ങളും കൃത്യങ്ങളും ചിന്തകളും വിചാരങ്ങളും സമൂഹത്തോട് തന്റേതായ കടമകൾ അല്ലെങ്കിൽ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന പോലെയാണ്. ചിന്തകൊണ്ടും പെരുമാറ്റംകൊണ്ടും കർമ്മംകൊണ്ടും സ്വയം നല്ലൊരു മനുഷ്യനാവുക എന്നതാണ് പരാമപ്രധാനം, ഏറ്റവും വലിയ പുണ്യകമ്മവും.

ഒട്ടും തെറ്റുകൾ ചെയ്യാത്തവരോ തെല്ലും പിഴവുകൾ സംഭവിക്കാത്തവരോ ആയിട്ട് ഒരു മനുഷ്യനും ഈ ലോകത്തുണ്ടാവില്ല എന്ന യാഥാർത്ഥ്യത്തെ ഉൾകൊള്ളാതെ തനിയ്ക്ക് വന്നുപോയ ഏതെങ്കിലും തെറ്റുകൾ ഓർത്തോർത്തും എടുത്ത് പറഞ്ഞും പതിവിനപ്പുറം ഖേദിച്ചിരിക്കുന്നതും പരിതപിക്കുന്നതും അവനവനെ സ്വന്തം മനക്കണ്ണാലെ പാപിയായി ചിത്രീകരിച്ച് മനംനൊന്ത് കുറ്റബോധത്തിന്റെ പിടിയിലമർന്ന് ജീവിതം കൈവിട്ടു പോകുന്ന അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിക്കുന്നതിലൊന്നും അർത്ഥമില്ല. കഴിഞ്ഞത് കഴിഞ്ഞു. Past is past ഒന്നും ചെയ്യാൻ കഴിയില്ല. പിഴവുകളെ തിരിച്ചറിഞ്ഞു തിരുത്തലുകൾക്ക് സാദ്ധ്യതകൾ തുറക്കുന്ന, മാറ്റങ്ങളെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്ന വിധം മാനസാന്തരം വരണം. അതിനേക്കാൾ മഹത്തരമെന്ന് പറയാവുന്നത് എന്താണുള്ളത്. തെറ്റുകൾ സംഭവിക്കാനുള്ള സാധ്യതകൾക്ക് അനുമതി നിഷേധിക്കും വിധം മനസ്സിനെ പക്വവും ദൃഢവുമാക്കി പരുവപ്പെടുത്തലാണ് ബുദ്ധിമാന്മാരുടെയും ഒരു വിവേകിയുടെയും ശീലം. അതിനാൽ സവകാശമെടുത്ത് ചിന്തിച്ച്, സമചിത്തതയോടെ അവധാനതയോടെ പല പാഠങ്ങളും ഉൾകൊള്ളാൻ മനസ്സിനെ സജ്ജമാക്കുക. കൂട്ടത്തിൽ മനോഹരമായ ഒരു വ്യക്തിത്വം തന്നിൽ രൂപപ്പെടാൻ ശുഭകരമായ ചിന്തകൾക്ക് മനസ്സിൽ ഉന്നത സ്ഥാനം നൽകാം.

Related Articles