Personality

വ്യക്തിത്വ രൂപീകരണ പ്രതിസന്ധികള്‍

വ്യക്തിത്വ രൂപീകരണമെന്നത് ജീവതത്തില്‍ പ്രധാനപ്പെട്ടതാണ്. സാമൂഹികമായ നിര്‍മാണത്തിന് അടിത്തറ പാകുന്നത് വ്യക്തിത്വ രൂപീകരണമാണ്. വ്യക്തി നന്നായായാല്‍ സമൂഹം നന്നായി എന്നാണല്ലോ! വ്യക്തിത്വ രൂപീകരണം എങ്ങനെയാണെന്നും, സ്വന്തത്തെ എങ്ങനെ ശരിയായ വിധത്തില്‍ മനസ്സിലാക്കണമെന്നും വ്യക്തമായാല്‍ സമൂഹത്തിന്റെ ഗതി നാം വിചാരിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ്. വ്യക്തിത്വ രൂപീകരണമെന്നത് ചില അടിസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. അത് ശരിയായ വിധത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രശ്‌നങ്ങല്‍ പരിഹരിക്കുകയെന്നത് വ്യക്തിയില്‍ നിന്ന് തുടങ്ങേണ്ടതാണ്. അതാണല്ലോ സമൂഹത്തിന്റെ അടിസ്ഥാനം.

വ്യക്തിത്വ രൂപീകരണ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍:

ഒന്ന്: നല്ല ചിന്ത രൂപപ്പെടുത്തുക

പൂര്‍ണാര്‍ഥത്തിലുള്ള മാറ്റത്തിനായി വ്യക്തിയുടെ ചിന്തയും കാഴ്ചപ്പാടും മാറ്റിപണിയേണ്ടതുണ്ട്. ചിന്തയും കാഴ്ചപ്പാടും മാറ്റുകയും, ശരിയായ രീതിയില്‍ ചിന്ത രൂപപ്പെടുത്തുകുയും ചെയ്യുന്നതിന്റെ ഫലം മാറ്റം തന്നെയാണ്. ആ മാറ്റത്തിന്റെ അനന്തര ഫലം അവരില്‍ പ്രകടമായിരിക്കും. ചിന്ത രൂപപ്പെടുത്തുന്ന സമയത്ത് വലിയ പ്രാധാന്യം നല്‍കേണ്ടത് മൂല്യങ്ങള്‍ക്കാണ്. അതുകൊണ്ട് നമ്മുടെ ചിന്തകള്‍ രൂപപ്പെടുത്തുന്ന അടിസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് നിര്‍ബന്ധമാകുന്നു. എവിടെ നിന്നാണ് നമുക്ക് മൂല്യങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയുന്നത്? നമ്മുടെ കൈയില്‍ ബൃഹത്തായ പാരമ്പര്യമുണ്ട്. അതിനെ ഉയര്‍ത്തിപിടിച്ചുകൊണ്ട് മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് വേണ്ടത്. ഈ ഉന്നതമായ പാരമ്പര്യത്തിന്റെ പ്രാധാന്യവും മഹത്വവും നമുക്ക് പുതിയ തലമുറയെ ബോധപ്പെടുത്താന്‍ കഴിയണം. എങ്ങനെയാണ് ഈ ചിരത്രത്തെയും, വിശ്വാസത്തെയും നാം പരിപൂര്‍ണമായ സ്വഭാവത്തില്‍ പുതിയ തലമുറക്ക് സമര്‍പ്പിക്കുന്നത് എന്നതാണ് ഇവിടെ ഏറ്റവും സുപ്രധാനമാകുന്നത്. ജ്ഞാനം, സത്യസന്ധത, നീതി, കരാര്‍ പൂര്‍ത്തീകരണം, വിശ്വസ്തത കാണിക്കല്‍, സമയം നഷ്ടപ്പെടുത്താതിരിക്കല്‍, മറ്റുള്ളവരെ ആദരിക്കല്‍, പ്രവര്‍ത്തനങ്ങള്‍ മികവ് പുലര്‍ത്തുക, വാഗ്ദത്തം പാലിക്കുക തുടങ്ങിയവ നമ്മുടെ മനസ്സില്‍ ദൃഢമാകേണ്ടതുണ്ട്. ഇവയെല്ലാം നമ്മുടെ ജീവിതത്തെ നയിക്കുന്ന അടിസ്ഥാനങ്ങളായിട്ടാണ് നാം പരിഗണക്കേണ്ടത്.

രണ്ട്: സുപ്രധാനമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക

നിശ്ചലമായ അവസ്ഥയില്‍ നിന്ന് വിപ്ലവകരമായ മുന്നേറ്റത്തിന് മുസ്‌ലിം സമുദായം ആഗ്രഹിക്കുന്നുണ്ട്. ശക്തമായ ദൃഢമായ തീരുമാനങ്ങള്‍ കൊണ്ട് ആ വിപ്ലവം സാധ്യമാക്കേണ്ടതുണ്ട്. ചെറിയ ചെറിയ കാര്യങ്ങളില്‍ തൂങ്ങി കളയാനുള്ള സമയം മുസ്‌ലിം സമുദായത്തിനില്ല. കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശീലിപ്പിക്കേണ്ടതുണ്ട്. അവരെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുകയും, വലിയ ആളുകള്‍ക്കിടയില്‍ അവര്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ കുട്ടികള്‍ ഗുണമില്ലാത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണമായി, ലോക കായിക മത്സരങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുക. മണിക്കൂറകളോളം ടി.വിക്കുമുന്നില്‍ കായിക താരങ്ങളെ നോക്കിയിരിക്കുവാനും, മൂല്യങ്ങളും ധാര്‍മികതയും പരിഗണക്കാത്ത അത്തരം കായിക താരങ്ങളെ നിരന്തരം പിന്തുടരുവാനും, അവരുടെ സ്വഭാവങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുവാനും ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയെല്ലാം ഏത് രീതിയിലാണ് നമ്മെ വ്യക്തിത്വ രൂപീകരണത്തിന് സഹായിക്കുന്നത്?

അറിവ് സമ്പാദിച്ചും, സംസ്‌കാരം മുറുകെപിടിച്ചും മുന്നേട്ടുപോകേണ്ടതിന് നമ്മുടെ പെണ്‍മക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അങ്ങനെ അവര്‍ നാളെയുടെ മഹത്തായ ഇണകളായി മാറട്ടെ! അവര്‍ വരും തലമുറയുടെ ഉമ്മമാരാണ്. അപ്രകാരം, അവര്‍ കഴിഞ്ഞുപോയ ചിരത്രത്തിലെ മഹതികളുടെ ചരിത്രം അനുസ്മരിപ്പിക്കും വിധം നാഗരികതയുടെ നിര്‍മാണത്തില്‍ പങ്കുകൊള്ളുകയും ചെയ്യേണ്ടതുണ്ട്. നാം നമ്മെ മാറ്റിപണിയാന്‍ തുടങ്ങുകയാണെങ്കില്‍ നമ്മുടെ കുട്ടികളെ താല്‍പര്യങ്ങളെ മാറ്റിയെടുക്കാനുള്ള മരുന്ന് നമ്മുടെ കൈയികളില്‍ തന്നെയാണുള്ളത്. കുട്ടിയെ സംബന്ധിച്ചിടത്തോളം തന്റെ ഉപ്പ സംസ്‌കാരം സമ്പനാവുകയും, വിജ്ഞാന വഴിയില്‍ കുതിക്കുകയും, സെമിനാറുകളില്‍ പങ്കെടുക്കുകയും, സാംസ്‌കാരികവും ശാസ്ത്രീയവുമായ വിഷയങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ഒരു ഉപ്പയായി കാണാന്‍ സാധിക്കേണ്ടതുണ്ട്. ഒരു രീതിയിലല്ലെങ്കില്‍ മറ്റു രീതിയിലൂടെ ഇത് നമ്മുടെ കുട്ടികളിലേക്ക് കൈമാറാന്‍ കഴിയേണ്ടതുണ്ട്. ഉമ്മയുടെ സ്‌നേഹവും, ഉപദേശവും, ധാര്‍മിക ഇടപെടലും കുട്ടികള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമായി മാറേണ്ടതുണ്ട്. അങ്ങനെ അവര്‍ തങ്ങളുടെ ഉമ്മമാരെ പോലെയാകേണ്ടതുണ്ട്.

മൂന്ന്: ഉത്തമ മാതൃക തെരഞ്ഞെടുക്കുക

ചുറ്റുമുള്ളതിനെ പിന്തുടരുകയെന്നത് മനുഷ്യ മനസ്സിന്റെ സ്വഭാവമാണ്. ജീവിത ശീലങ്ങളില്‍ മറ്റുള്ളവരെ അനുകരിക്കാന്‍ മനസ്സ് വെമ്പല്‍കൊള്ളുന്നതും മനുഷ്യ മനസ്സിന്റെ പ്രകൃതമാണ്. എന്നാല്‍, നല്ല മാതൃകകള്‍ അനുകരിക്കുന്നവന്‍ നല്ലവനാവുകയും, ചീത്ത മാതൃകകള്‍ അനുകരിക്കുന്നവന്‍ ചീത്തവനാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ നാം സ്വയം നമ്മുടെ മാതൃക ആരാണെന്ന് കണ്ടെത്തുകയും, നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല മാതൃക തെരഞ്ഞെടുക്കുകയും ചെയ്യേണ്ടതുണ്ട്. മാതൃകകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം ആദ്യമായി അതിനെ സ്‌നേഹിക്കുകയാണ് വേണ്ടത്. പിന്നീട് നാം അതിന്റെ മഹത്വവും, വ്യതിരിക്തതയും, വിജയ രഹസ്യങ്ങളുമെല്ലാം മനസ്സിലാക്കുന്നതാണ്. നമ്മുടെ കുട്ടികള്‍ക്ക് സച്ചരിതരായ മഹാന്മാരുടെ കഥകള്‍ പറഞ്ഞുകൊടുത്ത് അവരിലെ മാതൃകകള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നിരന്തരം കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അവവരുടെ മനസ്സില്‍ അവരോട് സ്‌നേഹവും, അവരെപോലെയാകുവാനുള്ള ശ്രമവും, അവര്‍ ജിവിച്ച വഴിയിലൂടെ ജിവിക്കാനുള്ള ആഗ്രഹവും ജനിക്കുന്നു. നാം നമ്മുടെ കുട്ടികള്‍ക്ക് നേടികൊടുക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്! അതുപോലെ, നമുക്ക് എല്ലാ മേഖലകയിലും പ്രത്യേകമായ മാതൃക അനിവാര്യമാണ്. വിജ്ഞാനത്തില്‍ മാതൃക കാണിക്കുന്നവര്‍ ധീരതയില്‍ നമുക്ക് മാതൃക കാണിച്ചുതരണമെന്നില്ല. ഉത്തരവാദിത്തത്തില്‍ മാതൃക കാണിക്കുന്നവര്‍ വിശ്വാസകാര്യങ്ങളില്‍ നമുക്ക് മാതൃക കാണിക്കണമെന്നില്ല. അതിനാല്‍ നമുക്ക് മുന്നില്‍ ഒറ്റ കാര്യം മാത്രമാണുള്ളത്. അത് നമുക്ക് എല്ലാ മേഖലയിലും മാതൃക കാണിച്ചുതരുന്ന നമ്മിലേക്ക് നിയോഗിക്കപ്പെട്ട നമ്മുടെ മുഹമ്മദ് നബി(സ)യാണ്. പ്രവാചകന്‍ നമുക്ക എല്ലാ കാര്യത്തിലും മാതൃകയാണ്.

നാല്: കഴിവുകള്‍ പരിപോഷിപ്പിക്കുക

സമൂഹത്തിലെ ഓരോ വ്യക്തിയും വ്യത്യസ്തമായ കഴിവുകള്‍ പഠിക്കുകയും പരിശീലിക്കുകയും അങ്ങനെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാകേണ്ടതുമുണ്ട്. അതിനാല്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഭാഷാ പഠനം, പ്രസംഗ ശേഷി, പ്രപഞ്ച-സാമൂഹിക ശാസ്ത്ര ബോധം തുടങ്ങിയ പ്രധാന കഴിവുകള്‍ നമ്മുടെ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയേണ്ടതുണ്ട്. ഇത് അവരെ സ്വയം നയിക്കുന്നതിനും, മറ്റുള്ളവരെ സ്വാധീനിക്കുന്നതിനും സഹായിക്കുന്നതായിരിക്കും. ഉപകാരമില്ലത്തതും, വ്യക്തിപരമായതും, സമൂഹത്തിന് ഗുണപരമായതുമായ കഴിവുകളുണ്ട്. എന്നാല്‍ വ്യക്തിപരമായ കഴിവുകളാണ് പ്രധാനം. കാരണം അതാണ് സമൂഹത്തിന് കൂടുതല്‍ ഉപകാരപ്രദമാകുന്നത്.

അഞ്ച്: നല്ല ബന്ധങ്ങള്‍ തെരഞ്ഞെടുക്കുക

കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, കുട്ടികളെ പരിപാലിക്കുന്നവര്‍ക്കും അവരുടെ ചെറിയ പ്രായത്തിലാണ് കുട്ടികളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴുയന്നതെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്ന സമയത്ത് രക്ഷിതാക്കളുടെ സ്വാധീനം അവരില്‍ കുറഞ്ഞുപോവുകയും, കൂട്ടുകാര്‍ അവരില്‍ കൂടുതല്‍ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ അനിവാര്യമായി ചെയ്യേണ്ടത് ഏറ്റവും നല്ല കൂട്ടുകാരനെ അവര്‍ക്ക് വേണ്ടി കണ്ടെത്തുക എന്നതാണ്. കൗമാര കാലത്ത് യുവാക്കള്‍ അവരുടെ കൂട്ടുകാരോട് കൂടുതല്‍ താല്‍പര്യം കാണിക്കുകയും, അവരെ അനുകരിക്കുകയും ചെയ്യുന്നതാണെന്ന് അനുഭവങ്ങള്‍ സത്യപ്പെടുത്തുന്നു. ഇവിടെ ബന്ധങ്ങള്‍ മാതൃകപരമാകുന്നതിനായി അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി, അവരിലെ തെറ്റുകള്‍ അകറ്റി പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുന്ന കാര്യത്തിലാണ് നാം ശ്രദ്ധ ചെലുത്തേണ്ടത്.

അവലംബം: suwaidan.com
വിവ: അര്‍ശദ് കാരക്കാട്‌

Facebook Comments
Related Articles

ഡോ. താരിഖ് സുവൈദാന്‍

1953-ല്‍ കുവൈത്തില്‍ ജനിച്ചു. അമേരിക്കയിലെ പെല്‍സില്‍വാനിയ സര്‍വകലാശാലയില്‍നിന്ന് പെട്രോളിയം എഞ്ചിനീയറിങ്ങില്‍ ബിരുദവും ഓക്‌ലഹോമയിലെ തെല്‍സാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. കുവൈത്തിലെ എണ്ണ മന്ത്രാലയത്തിന് കീഴില്‍ ഇന്‍സ്‌പെക്ടറായും, ടെക്‌നിക്കല്‍ എജൂക്കേഷന്‍ കോളേജില്‍ അസി. പ്രൊഫസറായും അമേരിക്കയിലെയും മലേഷ്യയിലെയും ചില കമ്പനികളില്‍ ഡയറക്ടര്‍ ബോര്‍ഡംഗമായും സേവനമനുഷ്ഠിച്ചു. 1992 മുതല്‍ കുവൈത്തിലെ അല്‍ ഇബ്ദാഅ് ഗ്രൂപ്പിന്റെ തലവനാണ്. മാനേജ്‌മെന്റ് വിദഗ്ധന്‍ കൂടിയായ ഡോക്ടര്‍ സുവൈദാന്‍ തത്സംബന്ധമായ ധാരാളം പുസ്തകങ്ങളും ഓഡിയോ വീഡിയോ പ്രോഗ്രാമുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട 20-ല്‍ പരം ദൃശ്യ-ശ്രാവ്യ പരിപാടികള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് അനേകം ദൃശ്യ ശ്രാവ്യ പരിപാടികളുടെ നിര്‍മ്മാതാവാണ്. കുവൈത്തിലെ അറബ് സാറ്റ് ടിവി ചാനലായ അല്‍ ഇസ്‌ലാഹിന്റെ ഡയറക്ടറാണ്. കൂടാതെ മിഡില്‍ ഈസ്റ്റിലെ ശ്രദ്ധേയമായ ചാനലുകളിലെല്ലാം അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യകയാണ്. ഫലസ്തീന്‍ ജനതക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ധൈഷണികമായി സംഭാവനകളര്‍പ്പിക്കുന്ന ഇസ്‌ലാമിക പണ്ഡിതന്‍ കൂടിയാണിദ്ദേഹം.
Close
Close