കാഴ്ചയോളം തന്നെ വലുതാണ് കാഴ്ചപ്പാടും ഉൾക്കാഴ്ചയും. യുക്തിസഹവും ഒപ്പം അതിസൂക്ഷ്മവും ആത്മബോധത്തിലൂന്നിയതുമായ ചിന്തകളോട് നിരന്തരമായ ആത്മഭാഷണത്തിലൂടെ, കഴമ്പുള്ള ചിന്തകളിലൂടെ, മൂല്യസഹജമായ മനോവ്യാപാരത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന അതിവിസ്മയകരമായ ഒന്നാണ് അന്തർദൃഷ്ടി. അന്തർദൃഷ്ടിയിൽ തെളിയുന്ന ദൃശ്യങ്ങൾ പലതും നേർക്കുനേർ സത്യങ്ങളെ വെളിപ്പെടുത്തുന്നതാവും. ശ്രമിച്ചാൽ ഏത് മനുഷ്യനും ഒരുപക്ഷെ സാധിക്കുമെങ്കിലും അനായാസം നേടിയെടുക്കാവുന്ന ഒന്നല്ലെന്നതിനാൽ അപൂർവ്വം ചില മനുഷ്യർ മാത്രം അതിൽ വിജയം കണ്ടെത്തുന്നു. ഇതുവരെ അറിഞ്ഞതിന്റെയും അറിയാൻ പോകുന്നതിന്റെയും അകംപൊരുൾ തേടി ജീവിക്കുമ്പോൾ മാത്രമേ അത്തരമൊരു സിദ്ധി കൈവരുന്നുള്ളൂ.
സാധാരണയായി ഒരു മനുഷ്യന്റെ അകക്കണ്ണിൽ പതിയാത്ത നേരുകൾ, യാഥാർത്ഥ്യങ്ങൾ, വിഹ്വലതകൾ, നന്ദേഹങ്ങൾ, മനസ്സിന്റെ ഉലച്ചിലുകളും അലച്ചിലുകളും അവരിൽ നാമ്പെടുക്കുന്നത് അങ്ങനെയാണ്. മനുഷ്യത്വത്തെ മുൻനിർത്തി സ്വന്തമായതും വ്യത്യസ്തമായതുമായ ദർശനമാവും അവരുടേത്. കവികളുടെയും ദാർശനികരുടെയും തത്വജ്ഞാനികരുടെയും വരികൾ പലപ്പോഴും ഒരു ഉണർത്തുപാട്ട് പോലെ മനസ്സിൽ പതിഞ്ഞുപോവുന്നത് അങ്ങനെയാണ്. നമുക്കറിയാം ഒരു വിത്ത് മുളയ്ക്കുന്നത് ആന്തരീക ശക്തിയാലാണ്, അകത്ത് നിന്നും പുറത്തേയ്ക്കാണ് ഫോഴ്സ്. എന്നാൽ ബാഹ്യമായ സപ്പോർട്ട് അപ്പോഴും ആവശ്യമാണ്. പക്ഷെ ഒരു കോഴിക്കുഞ്ഞ് മുട്ടയ്ക്കകത്ത് നിന്ന് പുറത്ത് വരുന്നത് ബാഹ്യശക്തിയുടെ പ്രേരണയാലാവണമെന്ന് ശഠിച്ചാൽ അതിന് മൃത്യു വരിക്കേണ്ടിവരും. മറ്റൊരു ഉദാഹരണം കൂടി നോക്കാം. ഒരു ഫലം, ഏവർക്കും സുപരിചിതമായ മാമ്പഴം സ്വമേധയാ പാകപ്പെടുമ്പോഴാണ് അത് ഏറ്റവും പോഷകസമൃദ്ധമാവുന്നത്, സ്വാഭാവിക രുചിയോടെ കഴിക്കാൻ പറ്റുന്നതും.
വ്യക്തിത്വത്തെ വേണമെങ്കിൽ മുകളിൽ പറഞ്ഞ രണ്ട് ഉദാഹരണത്തോടും ഉപമിക്കാം. പ്രകൃതി നൽകുന്ന സ്രോതസ്സുകൾ തരം പോലെ വിനിയോഗിച്ച്, അന്തരീക്ഷത്തിൽ നിന്ന് വായുവും സൗരോർജ്ജവും ഭൂമിയിൽ നിന്ന് ജലവും ധാതുലവണങ്ങളും ആഗിരണം ചെയ്തെടുത്ത് ഘട്ടം ഘട്ടമായി നടക്കുന്ന വലിയൊരു പ്രക്രിയയിലൂടെ പരുവപ്പെടുന്നതാണ് ഇവയൊക്കെ. മനുഷ്യരും ബാഹ്യലോകത്ത് സുലഭമായ, പരിസ്ഥിതി പ്രദാനം ചെയ്യുന്ന സ്രോതസ്സുകളെ വിനിയോഗിച്ച് വ്യക്തിപരമായി വികാസം പ്രാപിക്കണം. കാലക്രമത്തിൽ ആന്തരീക ശക്തിയാൽ പാകപ്പെടണം അവരും. ചുരുങ്ങിയ കാലപരിധിക്കുള്ളിൽ ക്രമാതീതമായ വളർച്ചയ്ക്ക് പ്രേരിപ്പിക്കുന്നതോ അല്ലെങ്കിൽ വളർച്ചയെ മുരടിപ്പിക്കും വിധമുള്ള ഇടപെടലുകളോ വിപരീത ഫലമെ ചെയ്യൂ.
മനുഷ്യൻ എത്രതന്നെ വളർച്ച പ്രാപിച്ചാലും ഇനി പ്രത്യക്ഷത്തിൽ എത്ര തന്നെ ആരോഗ്യവാനായി കാണപ്പെട്ടാലും ആന്തരീക പരിവർത്തനത്തിന് സാദ്ധ്യത കണ്ടില്ലെങ്കിൽ ജന്മംകൊണ്ട് മാത്രമേ ഒരാൾ മനുഷ്യനാവൂ. ചിലപ്പോൾ ഒരു വകയ്ക്കും കൊള്ളാത്ത ഒരാളെന്ന രീതിയിൽ വിലയിരുത്തപ്പെടാനും ഇടയുണ്ട്. സാമാന്യബോധവും സാമാന്യബുദ്ധിയും നല്ലൊരു വ്യക്തിത്വത്തിന് ഉണ്ടാവേണ്ട അവിഭാജ്യഘടകങ്ങളിൽ ചിലതാണ്.
മൂർത്തമായ വസ്തുക്കളെ ദർശിക്കാനാണ് കണ്ണുകൾ ആവശ്യം. എന്നാൽ അമൂർത്തമായതിനെ ആന്തരീക ദൃഷ്ടിയ്ക്ക് മാത്രമെ ദൃശ്യയോഗ്യമാവൂ, അതിന് അകക്കണ്ണ് തുറക്കപ്പെടണം. പതിയെ പതിയെ അതിന്റെ ആഴവും വ്യാസവും വിപുലീകരിച്ചെടുത്തെങ്കിലെ ഈ പ്രപഞ്ചത്തെ, സഹജീവികളെ, സ്വന്തം ജീവിതത്തെ കൂടുതൽ കൂടുതൽ അടുത്തറിയാനും അനുഭവിച്ചറിയാനും സാധിക്കൂ. കുഞ്ഞുങ്ങൾക്ക് വളരുന്നതിനൊപ്പം തന്നെ അവരിൽ ഉള്ളറിവും ഉൾക്കാഴ്ചയും വികസിപ്പിച്ചെടുത്താൽ കഴിവും സാമർത്ഥ്യവുമുള്ള പ്രതിഭാശാലികളായി മാറും അവർ.
കാഴ്ചയിലെ അഭംഗി അല്ലെങ്കിൽ വൈരൂപ്യം അതേപോലെ മനോഹാരിത, വശ്യത രണ്ടിനെയും ഒരേപോലെ സ്വീകരിക്കാൻ മനസ്സ് ഒരുങ്ങുമ്പോൾ ഉൾക്കാഴ്‌ച്ചയും അതീവം മനോഹരമായി മാറുന്നു. പടിപടിയായി മാനസിക തലം ഉന്നതിപ്രാപിക്കുകയും അത് മനുഷ്യരിൽ ജ്ഞാനോദയത്തിനും കാരണമാകുന്നു. പ്രപഞ്ചത്തിന്റെ ദ്വൈതഭാവത്തെ ഉൾകൊള്ളുമ്പോഴാണ് മനുഷ്യർ ഉൾക്കാമ്പുള്ളവരും ഏത് മനുഷ്യനെയും എന്തിനെയും അതിന്റെ സ്വാഭാവികതയോടെ, തനിമയോടെ ഉൾക്കൊള്ളാൻ ശേഷിയും കഴിവുമുള്ളവരാകുന്നത്. മനുഷ്യരിൽ നന്മയോളം തന്നെ തിന്മയും കാണും. ഒരാൾ അയാളിലെ പോസിറ്റീവ് ഗുണത്തിന്റെ അടിസ്ഥാനത്തിൽ എവിടെയും സ്വീകാര്യനാവുമ്പോൾ സ്വാഭാവികമായും നെഗറ്റീവ് ഗുണങ്ങളെ വെടിയാൻ അയാൾ സ്വമനസ്സാൽ തയാറാവുന്ന ഘട്ടം വരും.
അംഗീകാരമെന്നാൽ മനസ്സിന് സംതൃപ്തിയും സുഖവും പകരുന്ന ഒന്നായതിനാൽ അത് ലഭ്യമാവുന്നൊരു സാഹചര്യത്തിൽ സന്തോഷം പകരുന്ന ഡൊപ്പമിൻ എന്ന ഹോർമോൺ മനസ്സിനെ സദാ ഒരു പ്രത്യേക ആത്മനിർവൃതിയിൽ നിലനിർത്തും. എങ്കിൽ മറ്റൊരു ആനന്ദം തേടിക്കൊണ്ട് അലച്ചിലിനുള്ള സാദ്ധ്യത മങ്ങുകയാണ്. അച്ഛനമ്മമാർ മക്കളെ അംഗീകരിക്കാതെയാവുമ്പോൾ വഴി തെറ്റുന്നത് എന്തുകൊണ്ടാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇത്തരം വളർച്ചയ്ക്ക് ഒട്ടും അനുകൂലമല്ലാത്തതോ അപര്യാപ്തമായതോ ആയൊരു സാഹചര്യത്തിൽ ഒരു മനുഷ്യന്റെ
മാനസിക വളർച്ചയെ അത് നിർണ്ണായകമായ ഘട്ടത്തിലേക്ക് എത്തിച്ചേക്കാം.
അവനനോടും സ്വന്തം ജീവിതത്തോടും താദാത്മ്യം പ്രാപിക്കുന്നതിൽ ഉൾബോധത്തിനും ഉൾക്കാഴ്ചയ്ക്കും വലിയ പങ്കുണ്ട്.
സമൂഹത്തിനൊപ്പം നിന്ന് മാത്രം ചിന്തയ്ക്കുന്ന ഒരാളാണെങ്കിൽ ഖേദകരമെന്ന് പറയേണ്ടി വരും അയാളിൽ ഒരു തരത്തിലും വ്യക്തിപരമായ വളർച്ച നടക്കില്ല. കാരണം അവനവനിലേയ്ക്ക് ഇറങ്ങിച്ചിന്തിക്കുന്നവരാണ് എപ്പോഴും വസ്തുനിഷ്ഠമായ നിരീക്ഷണത്താൽ കാര്യങ്ങളെ സമീപിക്കുന്നതും യുക്തിഭദ്രമായി ചിന്തിച്ചു ശീലിക്കുന്നതും ജീവിതത്തോട് അനായാസം സമരസപ്പെടാൻ തയാറാവുന്നതും. മനുഷ്യന് സംഭവിക്കുന്ന ഏതൊരു ചെറിയ പിഴവും അല്ലെങ്കിൽ ഓരോ ദുരനുഭവങ്ങളും വലിയ സാധ്യതകളെ മുന്നിൽ കൊണ്ടുവരികയാണ്. ഇവയ്ക്കൊക്കെ പരിഹാരം തേടലിന്റെ ഭാഗമായി തന്നിലേയ്ക്ക് ആഴത്തിലിറങ്ങി ഖനനം ചെയ്ത് യാഥാർത്ഥ്യങ്ങളെ മനാസ്സിലാക്കാൻ വലിയൊരു ഉൾപ്രേരണയായി തീരുന്നു.
അനുദിനം അപകട വാർത്തകൾ, ദുരന്തങ്ങൾ, ഓരോരോ അത്യാഹിതങ്ങളിലൂടെ മനുഷ്യൻ കടന്ന് പോകുന്നു. ഇന്നത്തെ ഘട്ടത്തിൽ ജീവനോടെ നിലനിൽക്കുന്നത് പോലും വലിയൊരു കഴിവാണ് അല്ലെങ്കിൽ സാഹസമാണ്. ഓരോ നിമിഷത്തെയും അതിജീവിക്കാൻ മനുഷ്യന്റെ അന്തരാളത്തിൽ ആത്മവീര്യം പൊലിയാതെ, കെടാതെ ജ്വലിച്ചുകൊണ്ടിരിക്കണം. പലപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്ന ഈ ജീവിതത്തിന്റെ നിഗൂഢത മനുഷ്യരിൽ ഭീതിപടർത്തുന്നതും പ്രവചനാതീതമായ നിത്യസംഭവങ്ങളും മറികടക്കാൻ ഭീമമായ വില നൽകേണ്ടി വരുന്നതും ദയനീയതയാണ്.
മനസ്സിന്റെ ഓരോ കോണിലേയ്ക്കും ചിന്തകളെ നിർബാധം സഞ്ചാരയോഗ്യമക്കണം. മനസ്സ് തുറന്ന് അനായാസേന ചിന്തിക്കുകയും സ്ഫുടതയോടെ ആശയവിനിമയം കൈകാര്യം ചെയ്യാൻ സാധിക്കുകയും വേണം. ഓരോ മനുഷ്യനും തന്റെയുള്ളിൽ നടത്തുന്ന ആത്മസംവാദത്തിൽ ജാഗ്രതയും ബോധവും നിലനിർത്താൻ ശീലിക്കണം. ആത്മഭാഷണം കഴിയുന്നത്ര നിർമ്മണാത്മകവും പോസിറ്റിവിറ്റി നിലനിർത്തുന്ന ചിന്തകളാൽ സമഗ്രമാക്കിയെടുക്കണം.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU