Current Date

Search
Close this search box.
Search
Close this search box.

കൗമാരക്കാലം

ഒരാളുടെ ജീവിതകാലയളവിൽ അയാൾ കടന്ന് പോകുന്ന ഏറ്റവും മനോഹരവും മധുരിക്കുന്ന ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നതുമായ ഒരു കാലഘട്ടമാണ് കൗമാരം. ബാല്യം പകർന്ന വിസ്മയങ്ങളും കൗതുകങ്ങളും വിട്ട് കൗമാരത്തിന്റെ പടിവാതിലിലേയ്ക്ക് കാലെടുത്ത് വെക്കുന്ന കുട്ടികളെ കാത്തിരിക്കുന്ന ഒരു മാസ്മരികലോകം, യൗവനത്തിനും വാർദ്ധക്ക്യത്തിനും മുമ്പേ വന്ന് പോയ, വീണ്ടും തിരികെ വന്നിരുന്നെങ്കിൽ എന്ന് എന്നും കൊതിച്ചുപോകുന്ന ജീവിതത്തിന്റെ ഒരു വസന്തകാലമാണ് കൗമാരം. എല്ലാവരുടെയും അനുഭവത്തിൽ അങ്ങനെ തന്നെ ആയിക്കൊള്ളണം എന്നില്ല. ഓർക്കാൻ ഇഷ്ടപ്പെടാത്തതും കയ്പേറിയതുമായ അനുഭവങ്ങളിലൂടെ കടന്ന് പോയ ഒരു കൗമാരം ചിലർക്കെല്ലാം ഉണ്ടായേക്കാം. ഒരുപക്ഷേ അവരുടെ അനുഭവങ്ങൾ മറ്റൊന്നായിരുന്നെങ്കിൽ അതിവർണ്ണനീയവും അനിർവ്വചനീയവും അതിസുന്ദരവുമായ മാസ്മരിക സ്പര്ശനമേറ്റു നടന്ന ഒരു കാലഘട്ടത്തിന്റെ സ്മരണയായി മാറിയേനെ അവർക്കും ഈ കൗമാരം.

രക്ഷിതാക്കൾ ഓർക്കേണ്ട കാര്യമെന്തെന്നാൽ കൗമാരത്തെക്കുറിച്ച് മക്കൾക്ക് ഒന്നും അറിയില്ല, ഏതോ ഒരു അത്ഭുതലോകത്ത് അകപ്പെട്ടപോലെയാണ് അവർ. ഭാവനകൾ നിറഞ്ഞ ഒരു ഫാന്റസി വേൾഡ് ആണ് അത് മാത്രമല്ല കുട്ടിയെ സംബന്ധിച്ചിടത്തോളം ഈ സമയത്ത് അപ്രതീക്ഷിതമായി തന്നിലുണ്ടാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് താൻ വിധേയനാക്കപ്പെടുമ്പോൾ ഉണ്ടാവുന്ന ഹോർമോൺസിലെയും ഇമോഷൻസിലെയും വ്യതിയാനങ്ങളോ വൈവിധ്യങ്ങളൊന്നും മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. പല കുട്ടികളും താൻ എന്തേ ഇങ്ങനെ? തനിക്ക് സംഭവിക്കുന്നത് എന്തെന്നൊക്കെ അറിയാതെ വളരെ ആശങ്കാകുലരാവാറുണ്ട്. എത്രത്തോളം മനോഹരമാണോ അത്രത്തോളം തന്നെ ആശങ്കകൾ സൃഷ്ടിക്കുന്ന, ആശയക്കുഴപ്പങ്ങൾ ജനിപ്പിക്കുന്ന ഒരു കാലഘട്ടമാണെന്നതിനാൽ തന്നെ മക്കളുമായി ഒരു കൗണ്സിലറെ സമീപിക്കുന്ന മാതാപിതാക്കളിൽ ഭൂരിഭാഗവും കൗമാരപ്രായത്തിലെത്തിയ മക്കളുടെ രക്ഷിതാക്കൾ തന്നെയാവും. കാരണം കൗമാരക്കാരെ ഡീൽ ചെയ്യാനുള്ളത്ര ബുദ്ധിമുട്ട് മറ്റൊരു പ്രായക്കാരെയും ഡീൽ ചെയ്യാൻ പൊതുവെ ഉണ്ടാവാറില്ല. എങ്ങനെയാണ് ഇവരെ ഡീൽ ചെയ്യേണ്ടത് എന്നറിയാതെ നട്ടം തിരിയുന്ന, അതിനിസ്സഹായരായ മാതാപിതാക്കൾ ഉണ്ട്.

Also read: ആമിര്‍ഖാന്റെ തുര്‍ക്കി സന്ദര്‍ശനം ഒരു സംഘപരിവാര്‍ ഫ്ലാഷ്ബാക്ക്

കൗമാരക്കാരായ മക്കളെച്ചൊല്ലി വേണ്ടതിലധികം ആധിപ്പിടിക്കുന്ന അമ്മമാരെ കാണാറുണ്ട്. അത് വിപരീത ഗുണമേ ചെയ്യുള്ളൂ. അത്തരം ഒരു മാനസികാവസ്ഥയിൽ നിൽക്കുന്ന അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ പെരുമാറ്റവും പ്രതികരണവും കുട്ടികളെ നിരാശപ്പെടുത്തുന്നതോ പ്രകോപിതരാക്കുന്നതോ ആയിരിക്കും എന്നത് തന്നെയാണ് അതിന് കാരണം. ശാസനയെക്കാൾ അല്പം നയത്തിലും മയത്തിലും ഇവരോട് കാര്യങ്ങളെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും പറഞ്ഞു ബോദ്ധ്യപ്പെടുത്തികൊടുക്കുന്നതാണ് ബുദ്ധി. പെട്ടെന്ന് ഒരു ദിവസം പിടിച്ചിരുത്തി സംസാരിക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാൻ ഇടയുണ്ട്. ഏറ്റവും നല്ലത് സ്വന്തം മക്കളുടെ നല്ലൊരു സുഹൃത്ത് ആവാൻ മാതാപിതാക്കൾക്ക് ശ്രമിക്കാവുന്നതാണ്. കൊച്ചുകുട്ടികൾ ആയിരിക്കുമ്പോഴേ അവർക്കും അച്ഛനമ്മമാർക്കുമിടയിൽ എന്തും തുറന്ന് സംസാരിക്കാനുള്ള ഒരു ചാനൽ രൂപപ്പെടുത്തിയെടുക്കൽ ആവശ്യമാണ്. അതിനായി അൽപം സമയം പറ്റുമ്പോഴെല്ലാം അവരൊടൊത്ത് ചെലവഴിച്ചെ തീരൂ. പെട്ടെന്നുള്ള പൊട്ടിത്തെറിക്കുന്ന പോലെയുള്ള സംസാരം, ഗ്ലൂമിയായിട്ട് ആരോടും മിണ്ടാതെ ഒരിടത്ത് ചെന്ന് തനിച്ച് ഇരിക്കൽ, സൗഹൃദങ്ങളോടൊപ്പം കൂട്ടുകൂടുമ്പോൾ തമാശയും കളിയും ചിരിയും എന്നാൽ വീട്ടുകാരോട് കടിച്ചുകീറുന്ന പോലെ അല്ലെങ്കിൽ അന്യരെന്ന ഭാവത്തിൽ സംസാരിക്കൽ, അവരെ അവഗണിക്കൽ, അവർ പറയുന്ന ഒന്നിനും ചെവികൊടുക്കാതിരിക്കൽ, അവരുടെ വാക്കുകൾക്ക് വിലകല്പിക്കാതിരിക്കൽ ഇതൊക്കെ ഈ പ്രായക്കാരിൽ കണ്ടേക്കാവുന്ന പ്രശ്‌നങ്ങളിൽ ചിലതാണ്.

പ്രായപൂർത്തിയുടെ പ്രാരംഭഘട്ടത്തിൽ ബ്രെയിൻ ഗോനേഡോട്രോപിൻ (GnRH) എന്ന ഹോർമോൺ റിലീസ് ചെയ്തു തുടങ്ങുന്നു. ഈ ഹോർമോൺ പിറ്റ്യൂറ്ററി ഗ്രന്ഥിയെ ഉദ്ദീപിപ്പിക്കുകയും കുട്ടിയിൽ കൗമാരപ്രായത്തെ നിലനിർത്തുന്നതിന് ആധാരമായ മറ്റുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഫോളിക്കിൾ സ്റ്റിമുലെറ്റിംഗ് ഹോർമോൺ (FSH) ല്യൂട്ടിനൈസിംഗ് ഹോർമോൺ (LH) എന്നിവയാണ് അവയിൽ പ്രധാനമായവ. ആൺകുട്ടികളിലും പെൺകുട്ടികളിലും വ്യത്യസ്തമായ രീതിയിലാണ് ഇവയുടെ ധർമ്മങ്ങൾ നിറവേറ്റപ്പെടുന്നത്. പെൺകുട്ടികളിൽ ആണെങ്കിൽ ഈ പറയുന്ന FSHഉം LHഉം ഗർഭപാത്രത്തിന്റെ ഇരുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന അണ്ഡാശയത്തോട് സ്ത്രീ ഹോർമോൺ ആയ ഈസ്ട്രോജനും പ്രോജസ്ട്രോണും കൂടാതെ സ്ത്രീബീജവും അതേസമയം ആൺകുട്ടികളിൽ പുരുഷബീജങ്ങൾ നിർമ്മിക്കുന്ന വൃഷ്ണത്തോട് പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റെറോണും പുരുഷബീജവും ഉത്പാദിപ്പിക്കാനുള്ള ഉത്തരവ് നൽകുന്നു. ഇതേസമയം തന്നെ പെൺകുട്ടിയ്ക്കും ആൺകുട്ടിയ്ക്കും ശാരീരികമായ മാറ്റങ്ങൾ അതായത് പൊക്കം വെയ്ക്കുന്നുണ്ട്, വെയിറ്റ് കൂടുന്നു, മസിൽസെല്ലാം ഒന്നുകൂടെ ഡെവലപ്‌ ആയി പഴയതിനെക്കാൾ അധികം ബലമേറിയതാവുന്നുണ്ട്. രണ്ടുപേർക്കും കക്ഷത്തിലും മറ്റു സ്വകാര്യഭാഗങ്ങളിലും രോമവളർച്ചയും ആൺകുട്ടികൾക്ക് താടിയും മീശയും വളരാൻ തുടങ്ങുന്നു. പെൺകുട്ടികൾ ഋതുമതികളാവുകയും പിന്നീട് അങ്ങോട്ട് മേനോപ്പോസ്സിലേക്ക് എത്തുന്ന പ്രായം വരെ എല്ലാ 28 ദിവസങ്ങളിലും മാസമുറ അല്ലെങ്കിൽ മെൻസ്ട്രുവൽ സൈക്കിൾ നടന്നുകൊണ്ടിരിക്കും.

Also read: തസ്‌നീം നസീര്‍; സ്‌കോട്ട്‌ലാന്റിലെ ഹിജാബ് ധരിച്ച ആദ്യത്തെ ടി.വി അവതാരക!

ഇത്രയും നാൾ ഒന്നുമറിയാതെ ഓടിച്ചാടി നടന്ന കുഞ്ഞിന്റെ ശരീരത്തിലേയ്ക്കും മനസ്സിലേയ്ക്കും തീവ്രമായ മോഹങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും തൃഷ്ണകളും ജനിപ്പിച്ച് നിഷ്കളങ്കനായ ഒരു ബാലനെ അല്ലെങ്കിൽ ബാലികയെ പ്രകൃതി തന്നിൽ ആർപ്പിതമായ ധർമ്മം നിറവേറ്റാനായ് പാകപ്പെടുത്തുകയാണ്. ഒരേസമയം പ്രകൃതിയുടെ ഭാഗത്ത് നിന്നുള്ള അന്തരീകമായ പ്രചോദനങ്ങളും പ്രലോഭനങ്ങളും ശക്തമാവുകയും അതേപോലെ ഉള്ളിൽ വ്യക്തിത്വബോധം ഉണരുകയും ചെയ്യുന്നു. അതാണ് കൗമാരം. കാലങ്ങളായിട്ട് ജീവിതം നൽകിയ ദുരിതങ്ങൾ പേറി, പ്രത്യാശകളെല്ലാം കെട്ടടങ്ങിത്തീർന്ന് കടുത്ത നൈരാശ്യത്തിൽ ജീവിക്കുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു ദിവസം എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞ ഒരു ജീവിതം നൽകാം എന്ന് പറഞ്ഞ് ഒരു മാന്ത്രികവടി കയ്യിൽ കൊടുക്കുന്നു. എന്നിട്ട് നിനക്ക് ഇഷ്ടമുള്ളതൊക്കെ ഇത് നൽകും എന്ന് പറയുന്നു. അയാൾക്ക് ഒരുപക്ഷേ അറിയാം എന്തെല്ലാം ഈ ലോകത്ത് ആസ്വദിക്കാനായ് ഉണ്ടെന്ന്, പക്ഷെ എങ്ങനെ ആസ്വദിക്കണം? എവിടുന്ന് തുടങ്ങണം, എന്താണ്, ഏതാണ് വേണ്ടതെന്നൊന്നും മനസ്സിലാവാതെ അയാൾ നട്ടം തിരിയും. ഇതേ അവസ്ഥയാണ് കൗമാരക്കാരിലും കാണപ്പെടുന്നത്. അവരിൽ ആധിപത്യം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ചോദനകളെ, വികാരങ്ങളെ, വിചാരങ്ങളെ എന്തുവേണം എന്നറിയാതെ, എങ്ങനെ ഉപയോഗിക്കണം എന്നൊന്നും അറിയാതെ കൺഫ്യൂസ്‌ഡ് ആവുന്നു. പക്ഷെ വിവിധ ഹോർമോണുകളുടെ പങ്കാളിത്വംകൊണ്ട് നിർവഹിക്കപ്പെടുന്ന
ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്കും വികാസത്തിനും നിദാനമായി പ്രവൃത്തിക്കേണ്ട മേൽപ്പറഞ്ഞ ഹോർമോണുകളൊന്നും യഥാസമയം ഒരു കുട്ടിയിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല എങ്കിൽ കൗമാരമെന്ന കാലമേ അവനെ/അവളെ തേടി എത്തുകില്ല എന്നും ഓർക്കണം.

ഈ പ്രായത്തിൽ എതിർലിംഗത്തോട് ആകർഷണവും ഇഷ്ടവും തോന്നിത്തുടങ്ങുന്നത് തികച്ചും സ്വാഭാവികമാണ്. പ്രണയത്തിനും ലൈംഗീക ചിന്തകൾക്കും കാരണമാകുന്ന ഹോർമോൺ അവരിൽ അതിതീവ്രമായി പ്രവൃത്തിച്ചു തുടങ്ങുന്നതിനാൽ ഇപ്പറഞ്ഞതിനോടൊക്കെ സ്വല്പം ഭ്രമവും തോന്നിതുടങ്ങും. പ്രണയിക്കാൻ പാടില്ല ലൈംഗീകത എന്ന വാക്ക് തന്നെ അശ്ലീലമാണ്, അത് പറയാനും കേൾക്കാനും പാടില്ല എന്നൊക്കെ സ്വയം ചിന്തിക്കാതെ, കൗമാരത്തോട് അടുക്കുമ്പോൾ ഇത്തരം ചിന്തകളും താൽപര്യങ്ങളും കുട്ടികളുടെ ഉള്ളിൽ ജനിപ്പിക്കുന്നതിൽ കുറ്റബോധം ഉണ്ടാവാൻ അനുവദിക്കാതെ, ഇതിന്റെ അവശ്യകതയും ഒരു വൈവാഹിക ജീവിതവും ഇണയും ആവശ്യമായി വരുന്ന ഒരു കാലഘട്ടത്തിലേയ്ക്ക് മനസ്സിനെ ഒരുക്കുന്നതിൽ പ്രകൃതി നടത്തുന്ന ഇടപെടലുകളാണ് അല്ലെങ്കിൽ പ്രക്രിയയാണ് ഇതൊക്കെ എന്ന് പറഞ്ഞു അച്ഛനമ്മമാർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. ആൺകുട്ടികൾക്ക് പെൺസൗഹൃദം കാത്ത്സൂക്ഷിക്കാനും പെൺസുഹൃത്തുക്കളെ സുഹൃത്തുക്കളായി തന്നെ കാണാനും പഠിപ്പിക്കണം. രക്ഷിതാക്കൾ പൊതുവെ മക്കൾക്ക് ഒരു പ്രണയബന്ധം എന്നൊക്കെ കേൾക്കുമ്പോൾ ആകെ പ്രക്ഷുബ്ധരാവും സ്‌കൂളിൽ ചെന്ന് അദ്ധ്യാപകരെ വരെ ചീത്ത വിളിക്കുന്ന അച്ഛനമ്മമാരും ഉണ്ട് നമുക്കിടയിൽ. എന്നാൽ അദ്ധ്യാപകരോ മാതാപിതാക്കളിലേയ്ക്കും പഴിചാരും. ഇതൊന്നുമല്ല വേണ്ടത്, അവധാനതയോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇത്.

സത്യം പറഞ്ഞാൽ കൗമാരത്തോടടുത്ത് ഇത്തരം ചിന്തകളോ താത്പര്യങ്ങളോ കുഞ്ഞുങ്ങളിൽ കണ്ടില്ലെങ്കിൽ ആണ് പ്രശ്നം. ഇതിനെക്കുറിച്ച് ബോധമുള്ള പാരന്റ്സ് ആധിപ്പിടിച്ച് മകളെ/മകനെയും കൂട്ടി കൗണ്സിലറെ സമീപിക്കും. പാശ്ചാത്യർ അങ്ങനെയാണ്. അതിഗൗരവത്തോടെ കാണേണ്ട ഒരു കാര്യമാണ് അത്. കൗമാരത്തിൽ ഇത്തരം പ്രവണതകളോ താത്പര്യങ്ങളോ മക്കളിൽ കാണുന്നില്ലെങ്കിൽ ആ കുട്ടിയിൽ എന്തോ അസ്വാഭാവികത ഉണ്ടെന്ന് തന്നെയാണ് അർത്ഥം.

Also read: പൗരത്വ നിയമം – ഹിജറ കാലത്തെ ഒരന്വേഷണം

കൗമാരപ്രായത്തിൽ കുട്ടികൾക്ക് അവനവനിൽ ഗർവ്വും ആത്മാഭിമാനവുമൊക്കെ ഫീൽ ചെയ്ത് തുടങ്ങും. അത് ഉണ്ടാവണം. ഇനി അഥവാ കുട്ടിയ്ക്ക് തന്നിൽ അഭിമാനവും ആത്മാഭിമാനവും ഗർവ്വും തോന്നിപ്പിക്കുന്നില്ല എങ്കിൽ ജീവിതത്തിൽ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ഇൻഫീരിയോറിറ്റി കോംപ്ലക്സ് വലിയൊരു വില്ലനാണ് ഈ പ്രായക്കാരിൽ. അത് ഉണ്ടാവാതെ പരമാവധി സൂക്ഷിക്കണം. വ്യക്തിത്വബോധം, സ്വന്തമായ തീരുമാനത്തിലൂടെ അല്ലെങ്കിൽ കാഴ്ചപ്പാടിലൂടെ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ആവേശം, താനും വലിയൊരു വ്യക്തിയായി മാറിക്കഴിഞ്ഞു എന്ന ധാരണ ഇതൊക്കെ പ്രകടമാവും ഇവരിൽ. ഇത്തരം തോന്നലുകളെ പക്വതയോടെ മാനേജ് ചെയ്യാൻ സാധിക്കാതെ അവിവേകങ്ങൾ കാണിക്കാതിരിക്കാൻ അച്ഛനമ്മമാർ കൂടെ ഉണ്ടായേ തീരൂ, കുട്ടികൾക്ക് ലോകത്തെക്കുറിച്ചോ ആളുകളെക്കുറിച്ചോ യാതൊരു അറിവുമില്ല., അനുഭവങ്ങളുടെ അഭാവവുമുണ്ട് അവിവേകങ്ങൾ കാണിച്ചു എന്ന് വരാം. അവരുടെ വ്യക്തിത്വത്തിലോ സ്വാതന്ത്ര്യത്തിലോ അമിത കൈകടത്തലുകൾ നടത്താതെ തന്നെ മനോവികാരങ്ങളെയും വിചാരങ്ങളേയും ക്രിയാത്മകമായി മാനേജ് ചെയ്യുന്നതിന് വേണ്ടി പരിശീലിപ്പിക്കണം. അവിടെയാണ് ബോധം ആവശ്യമായി വരുന്നത്. കൊച്ചുകുട്ടികളെ സഹാനുഭൂതി, അനുകമ്പ, മാനുഷികമൂല്യങ്ങൾ ഇവയെല്ലാം നൽകി വളർത്തുന്നതോടൊപ്പം കൗമാരത്തിലേയ്ക്ക് എതിനിൽക്കുന്നവരിൽ വ്യക്തിത്വബോധം, സമൂഹികബോധം, പൗരബോധം, സഹാജവബോധമെല്ലാം സ്വാധീനിച്ചിരിക്കണം. എങ്കിലേ രക്ഷാകർതൃത്വം സഫലികൃതമാകുന്നുള്ളൂ.

ഭാസുരമായ ഒരു ഭാവി സ്വപ്നം കണ്ടുകൊണ്ട് ലക്ഷ്യബോധത്തോടെ മുന്നേറാനുള്ള ഒരു തീവ്രമോഹം കുഞ്ഞുമനസ്സിലേയ്ക്ക് വെറുതെയെന്നോണം ഇട്ടുകൊടുക്കുന്നത് പല അർത്ഥത്തിലും കുഞ്ഞിന് ഗുണം ചെയ്യും. മാതാപിതാക്കൾക്കും ഉപകാകാരപ്പെടും. അതോടൊപ്പം ചെറിയ തോതിൽ ഉൾബോധം അല്ലെങ്കിൽ ഉൾക്കാഴ്ച പകർന്ന് നൽകാൻ മാതാപിതാക്കൾ ശ്രമിക്കണം. അവന്റെ/അവളുടെ ഇഷ്ടങ്ങളെക്കുറിച്ചൊക്കെ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കണം സാധ്യമാവുന്നത് നിറവേറ്റിക്കൊടുക്കണം. സാധ്യമല്ലാത്തത് കഴിയില്ല, അത് എന്ത്കൊണ്ട് എന്നുവരെ മനസ്സിലാക്കിക്കൊടുക്കണം. “No” അക്സെപ്റ്റ് ചെയ്യാൻ ശീലിപ്പിക്കണം എല്ലാത്തിനും “Yes” പറഞ്ഞു ഒരിക്കലും അവരുടെ താളത്തിന് തുള്ളാൻ നിന്ന് കൊടുക്കരുത്. വലിയ തലവേദനയായി മാറും അത്. ധനികരായ മാതാപിതാക്കൾക്ക് സ്വന്തം മക്കളെ മാനേജ് ചെയ്യുന്നതിൽ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. അതിനാൽ മാതാപിതാക്കൾ വളരെ ശ്രദ്ധയോടെ വേണം അവരെ വളർത്തിയെടുക്കാൻ. സകല സുഖങ്ങളും അറിഞ്ഞു ജീവിതത്തിന്റെ എല്ലാ കംഫർട്ടും ആസ്വദിച്ചു വായിൽ വെള്ളിക്കരണ്ടിയും സ്വർണ്ണക്കരണ്ടിയും വെച്ച് പിറക്കുന്ന മക്കൾക്ക് മനുഷ്യരെയോ അവന്റെ വേദനകളെയോ തിരിച്ചറിയാനോ മനസ്സിലാക്കാനോ കഴിഞ്ഞോളണം എന്നില്ല, എന്നാൽ അത് അവരുടെ തെറ്റല്ല താനും.

ഒരിക്കൽ എന്നെ കൗൺസിലിംഗിനായ് സമീപിച്ച ഒരു സമ്പന്ന കുടുംബത്തിലെ മകളെ കൗണ്സിലിംഗ് ചെയ്ത് കഴിഞ്ഞപ്പോൾ അവസാനം കുട്ടീ “നിനക്ക് അറിയാമോ നിന്റെ പ്രശ്നം എന്താണെന്ന്? ലൈഫിൽ ഒരു പ്രശ്നവുമില്ല എന്നതാണ് നിന്റെ പ്രശ്നം” എന്ന് എനിയ്ക്ക് പറയേണ്ടി വന്നു അവളോട്. എന്നിട്ട് ചോദിച്ചു.. നിനക്ക് അറിയാമോ മനുഷ്യർ എങ്ങനെയാണ് ഈ ലോകത്ത് ജീവിക്കുന്നതെന്ന്? ഇല്ല അവൾക്ക് അറിയില്ല. രാജസ്ഥാനിലെ ഒരു ധനികനായ ബിസിനസ്സ്മാൻ തന്റെ മകനെ അദ്ധ്വാനിച്ച് ജീവിതത്തിന്റെയും പണത്തിന്റെയും വിയർപ്പിന്റെയും മൂല്യമറിയാൻ കേരളത്തിൽ അയച്ച കഥ നമ്മളൊക്കെ കേട്ടിട്ടുണ്ടാകും. സമ്പത്ത് ഒരുപാട് ഉണ്ടെങ്കിൽ മക്കളുടെ പേരിൽ എഴുതി വെക്കാം പക്ഷെ അവർ അദ്ധ്വാനിച്ച് ജീവിക്കുന്നതിന്റെയും ഉണ്ടാക്കുന്ന പണത്തിന്റെയും മൂല്യം അറിയണം. കുറച്ചുകാലമെങ്കിലും അതിന് അനുവദിക്കണം അതുമല്ലെങ്കിൽ ഇടയ്ക്ക് ദരിദ്രർ താമസിക്കുന്ന ഇടങ്ങളിൽ കൊണ്ടുപോയി അവർക്ക് സഹായം ചെയ്യാനും മനുഷ്യസ്നേഹി ആകാനും പഠിപ്പിക്കണം. മക്കളെ അനുകമ്പയും ആർദ്രത നിറഞ്ഞതുമായ ഹൃദയത്തിന് ഉടമകളാക്കിയെടുക്കാൻ അച്ഛനമ്മമാർ ശ്രമിച്ചെ തീരൂ. അതേപോലെ കടുത്ത ദരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തിൽ പിറക്കുന്ന മക്കൾക്കും വേണ്ടപോലെ വിദ്യാഭ്യാസവും ഗൈഡൻസും ശ്രദ്ധയും നൽകുന്ന കാര്യത്തിൽ അച്ഛനമ്മമാർ പരാജയപ്പെട്ടാൽ കുഞ്ഞുങ്ങൾ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണ്. ജീവിത സാഹചര്യങ്ങളാണ് മിക്കപ്പോഴും മനുഷ്യനെ തെറ്റുകളിലേയ്ക്ക് നയിക്കുന്നത്. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്നല്ലേ, ദാരിദ്ര്യത്തിൽ ആവശ്യങ്ങളെ ഉള്ളൂ, അതുകൊണ്ട് പ്രയത്നിച്ചു നേടാനുള്ള ശ്രമമാണ് വേണ്ടത്. ദാരിദ്ര്യം ഒരാൾക്ക് പ്രേരകമാവേണ്ടത് അങ്ങനെയാണ്.

Also read: ഹിജ്റകൾ അവസാനിക്കുന്നില്ല

മക്കളെ വിചാരിച്ചിടത്ത് കിട്ടാതാവുമ്പോൾ നല്ലൊരു കൗണ്സിലറെ തേടി അലയുന്ന രക്ഷിതാക്കൾ എത്രയോ ഉണ്ട്. എന്നാൽ കൗണ്സിലർക്കെല്ലാം ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കുക. കൗമാരത്തിൽ എത്തിയ ഒരു ആൺകുട്ടി അല്ലെങ്കിൽ പെൺകുട്ടിയെന്നാൽ അവരിലെ വ്യക്തിത്വത്തിന്റെ അടിത്തറ വളരെ മുമ്പേ പാകിക്കഴിഞ്ഞു, അന്ന് തിരുത്തലുകൾ എളുപ്പം സാധ്യമായിരുന്നു. ഇന്ന് അത് അവരും കൂടെ സഹകരിച്ചാലെ നടക്കുള്ളൂ. അവർ ഇന്ന് വളർന്നു വന്ന വ്യക്തികളാണ്. അതിനാൽ കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തിൽ ശക്തമായ ഒരു സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ വളരെ നേരത്തെ തന്നെ അവർക്ക് ശരിയായ ഗൈഡൻസ് കൊടുത്ത് തുടങ്ങണം വൈകിക്കാൻ പാടില്ല. കാരണം ഒരു വ്യക്തിത്വത്തിന്റെ അടിത്തറയെന്നാൽ നല്ലൊരു ക്യാരക്ടർ ആണ് അത് ശൈശവഘട്ടത്തിൽ തന്നെ രൂപപ്പെട്ട് തുടങ്ങുന്നുണ്ട്.

Related Articles