Personality

ആത്മബോധത്തിൽ നിന്നുണരുന്ന വ്യക്തിത്വബോധം

ആത്മവിശ്വാസവും ആത്മാഭിമാന ബോധവും കൂടാതെ സഹാനുഭൂതി, എളിമ, വിനയം, കരുണ, ദയ, അനുകമ്പ, ഇവയൊക്കെ ഉത്തമ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങളാണ്. കുട്ടികൾക്ക് ജീവിതത്തിൽ നല്ല നിലയിൽ മുന്നേറാൻ അത്യന്താപേക്ഷിതമായ രണ്ട് സംഗതികളാണ് ആത്മവിശ്വാസവും ആത്മബോധവും. അവനവനെ ശരിയാം വിധം മുമ്പോട്ട് നയിക്കുന്നതിന് ഇവ രണ്ടും കൂടിയേ തീരൂ. അതിനോടൊപ്പം നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൂടെ ചേർന്നാൽ ഒരു വ്യക്തിയ്ക്ക് അയാളിലെ ടാലന്റും പൊട്ടൻഷ്യലും മാക്സിമം ഉപയോഗപ്പെടുത്താൻ കഴിഞ്ഞേക്കും. താൻ എന്താണ്? തന്റെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം? തനിയ്ക്ക് എന്തിനെല്ലാം കഴിയും? തന്റെ പരിമിതികൾ എന്തെല്ലാം? ഇവയെക്കുറിച്ചെല്ലാം വ്യക്തമായ അറിവ് ഉണ്ടാവുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തന്നെക്കുറിച്ച് കൃത്യമായ ഒരു ധാരണ, ബോധം അല്ലെങ്കിൽ ഒരു ചിത്രം അവനവന്റെയുള്ളിൽ ഉണ്ടാക്കിയെടുക്കാനും അതിനനുസരിച്ചു പ്രവൃത്തിക്കാനും അവനവനെ വേണ്ടിടത്തെല്ലാം ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനും സഹായിക്കും. തന്നിലെ ദൗർബല്യങ്ങളെയും ശക്തിയെയും തിരിച്ചറിയാനും ആത്മബോധം കൂടിയേ തീരൂ. ആ തിരിച്ചറിവാണ് മനുഷ്യന് ഓരോ അവസ്ഥകളെയും അറിഞ്ഞു പെരുമാറാനും അവനവനെ തന്റെ നിയന്ത്രണ പരിധിക്കുള്ളിൽ തന്നെ നിലനിർത്താനും സഹായിക്കുന്നത്. മക്കളിൽ ഇപ്പറയുന്ന ആത്മബോധം ഉണ്ടാവാൻ മാതാപിതാക്കളുടെ ഉചിതമായ ഇടപെടലുകൾകൊണ്ട് കഴിയണം.

തങ്ങളുടെ മക്കൾ അന്നന്ന് ചെയ്യുന്ന ഓരോരോ കാര്യങ്ങൾ, സംസാരിക്കുന്ന കാര്യങ്ങൾ, സംഭാഷണശൈലി, ടോൺ, അവരുടെ ശരീര ഭാഗങ്ങൾ, വസ്ത്രധാരണ രീതികൾ, സൗന്ദര്യബോധം, ആരോഗ്യസംരക്ഷണം ഇവയെക്കുറിച്ചെല്ലാം വീട്ടിനുള്ളിൽ ക്രിയാത്മകമായ രീതിയിൽ ചർച്ച ചെയ്യണം, അതിനിടയ്ക്ക് അവർ ചെയ്യുന്ന നല്ലതിനെയെല്ലം എടുത്ത് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും തെറ്റിനെ തിരുത്താൻ ഹെല്പ് ചെയ്യുകയും വേണം. ഇത്തരത്തിൽ അവനവനെക്കുറിച്ചുള്ള ബോധം അവരിൽ ഉണർത്തുമ്പോൾ തൊട്ട് അവർ അവനവനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുകയാണ്, ഓരോ ഘട്ടത്തിലും കെയർ ചെയ്യാൻ പഠിക്കുകയാണ്. ഒരു മനുഷ്യൻറെ പ്രാഥമിക ഉത്തരവാദിത്വമെന്നാൽ അവന്/അവൾക്ക് അവരവരോട് തന്നെയുള്ള കടമകൾ നിറവേറ്റലാണ് ആദ്യം ചെയ്യേണ്ടത് അവനവനോടുള്ള പ്രതിബദ്ധത പാലിക്കപ്പെടനം. ധാർമ്മികപരമായ ചിന്തകൾ, ധർമ്മികബോധം കുട്ടികളിൽ ഡെവലപ്‌ ആയി വരേണ്ടത് ഇങ്ങനെയാണ്.

Also read: ഉപഭോഗ സംസ്കാരവും സംസ്കാര ഉപഭോഗവും

ലോകം തുടങ്ങുന്നത് അവനവനിൽ നിന്ന് തന്നെയാണ്, അവനവന് വേണ്ടത് എന്താണ്? അവ നിറവേറ്റപ്പെടണം. എന്നാൽ പിടിവാശി പാടില്ല സഹചര്യത്തിനനുസരിച്ചു അല്പം വിട്ടുവീഴ്ചയ്ക്കൊക്കെ തയാറാവണം അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും എന്നെല്ലാം മനസ്സിലാക്കികൊടുക്കണം. “Self help is the best help” എന്നാണ്. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ തന്നെ തന്റെ കാര്യങ്ങൾ സ്വയം നോക്കി നടത്താൻ പരിശീലിക്കുന്നതും പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതുമെല്ലാം കുട്ടികളിൽ സ്വയം പര്യാപ്‌തത നേടുന്നതിന് ആക്കം കൂട്ടും. പ്രായപൂർത്തിയെത്തുന്നത് വരെ എല്ലാ കാര്യങ്ങളിലും മാതാപിതാക്കളോട് അഭിപ്രായം ആരായുന്നത് നന്നായിരിക്കും. ഇങ്ങനെ അവനവന്റെ കാര്യങ്ങൾ സ്വയം നോക്കി നടത്തുക, അതിൽ കെയർഫുൾ ആവുക ഇവയെല്ലാം സ്വയം പര്യാപ്തത നേടാനുള്ള വഴികളായതിനാൽ, മാതാപിതാക്കൾ പരമാവധി അവരോടൊപ്പം നിൽക്കുക, സ്വന്തം കാര്യങ്ങളിൽ ആരെയും ആശ്രയിക്കാതെ (independent) ജീവിച്ച്‌ ശീലിക്കുന്ന മക്കൾക്ക് ജീവിതം ഒരിക്കലും ഒരു ഭാരമായി തോന്നില്ല എന്നുള്ളത് മനസ്സിലാക്കുക.

ആത്മാഭിമാന ബോധമുള്ള കുട്ടികൾ ഒരിക്കലും അവനവൻ മറ്റുള്ളവർക്ക് മുന്നിൽ തരം താഴ്ത്തപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല, അത് അവർക്ക് സഹിക്കില്ല. ആത്മനിന്ദയെ വെറുക്കുന്നവരാണ് അവർ. ആയതിനാൽ അവർ അവനവനെ മറ്റുള്ളവരുടെ മുന്നിൽ എപ്പോഴും ഏറ്റവും നല്ല രീരിയിൽ അവതരിപ്പിക്കാൻ (present ചെയ്യാൻ) ആവും ഇഷ്ടപ്പെടുക. തത്ഫലമായി അവർ സദാസമയവും സ്വയം മെച്ചപ്പെടാനുള്ള വഴികളെ തേടുന്നവരാവും. ആളുകൾക്ക് മുന്നിൽ സ്വയം ഇകഴ്ത്തപ്പെടാനോ, പരിഹാസ്യരാവാനോ ഇടകൊടുക്കാതെ അതിന് ഹേതുവായേക്കാവുന്ന പ്രവൃത്തികളിൽ ഏർപ്പെടാതെ, അതേപോലെ സ്വയം നശിക്കാനോ, അവനവനെ തെറ്റായ പാതയിലേക്ക് നയിക്കാനോ അനുവദിക്കാതെ അത്തരം ആളുകളിൽ നിന്നെല്ലാം അല്പം അകലമിട്ട് നിൽക്കുന്ന ഒരു മനസ്സ് ക്രമേണ അവർ പോലും അറിയാതെ അവരുടെയുള്ളിൽ സ്വയമേവ രൂപപ്പെട്ടുവരുന്നു. യഥാർത്ഥത്തിൽ ഇതാണ് വ്യക്തിത്വം.

ഒരു സത്യം നാം അറിഞ്ഞിരിക്കേണ്ടത് എന്താണെന്ന് വെച്ചാൽ സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്തവരാണ് അപരന്റെ കഴിവുകേടുകൾ തിരയാറുള്ളത്. കാരണം തനിയ്ക്ക് അവരെപ്പോലെ ആവാൻ ഏതായാലും കഴിയില്ല, അവരെപ്പോലെ സാമർത്ഥ്യമില്ല, കഴിവുകളില്ല, ഉയർന്ന കാഴ്ചപ്പാടില്ല, വ്യക്തിത്വം ഇല്ല അതിനാൽ അവർക്ക് ഇല്ലാത്ത കുറവുകളും കഴിവ്കേടുകളും വരെ എടുത്ത് പറഞ്ഞ് അവരെ ആളുകൾക്ക് മുന്നിൽ വിലകുറച്ച്‌ കാണിയ്ക്കാം. ഇതാണ് അതിന് പിന്നിലെ സൈക്കോളജി. മറ്റുള്ളവരെ പുച്ഛിക്കുന്നതും തരം താഴ്ത്തി കാണുന്നതും അവർക്ക് ഒരു ഹോബിയായിരിക്കും. സ്വന്തം കഴിവിനെക്കുറിച്ച് ബോധവും ബോധ്യവുമുള്ള ഒരാൾ അതിന് നിൽക്കില്ല. അനുദിനം തന്റെ കഴിവുകളെ മെച്ചപ്പെടുത്തിയെടുക്കുന്നതിൽ വ്യാപൃതരായിരിയ്ക്കും അവർ. സ്വന്തം വളർച്ചയ്ക്കും ഉയർച്ചയ്ക്കും പുരോഗതിയ്ക്കുമായി അതിനെയെല്ലം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലായിരിക്കും ഏത് നിമിഷവും.

മകനോടൊ മകളോടൊ നീ ഒന്നിനും കൊള്ളില്ല നിനക്ക് ഒരു കഴിവും ഇല്ല, നിനക്ക് ജന്മം നൽകിയത് എന്തിനാവോ, നീ ആ വീട്ടിലെ അവളെ നോക്ക് അവനെ നോക്ക് എത്ര നല്ല മക്കളാണ്. നിനക്കൊന്നും അങ്ങനെ ആവാൻ കഴിയുന്നില്ലല്ലോ എന്നൊക്കെ പറയുമ്പോൾ സൂക്ഷിക്കണം എന്ന് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. നമ്മൾക്ക് അറിയില്ല അത്കൊണ്ട് ഉണ്ടാവുന്ന ഇമ്പാക്ട് അല്ലെങ്കിൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്താണെന്ന്. നമ്മുടെ കുട്ടികളിൽ നമ്മിലെ തന്നെ ജനിതക ഗുണങ്ങളാണ് കാണപ്പെടുക, നമ്മുടെ വീട്ടിലെ സാഹചര്യത്തിനും നമ്മൾ പകർന്ന് നൽകിയ പാഠങ്ങൾക്കൊത്തും പരിശീലനത്തിന്റെയും ശിക്ഷണത്തിന്റെയും കീഴിൽ പരുവപ്പെട്ടു വളർന്നു വലുതായവരാണ് മക്കൾ എന്ന് മനസ്സിലാക്കാനുള്ള മാനസിക വിശാലത കാണിക്കാൻ മാതാപിതാക്കൾ തയാറാവണം.

അച്ഛനമ്മമാർ സൂക്ഷിക്കുക, അവരുടെ കുട്ടി അവനവനെ നിർവ്വചിക്കുന്നത് അതായത് self-defining ചെയ്യുന്നത് എപ്പോഴും പൊസിറ്റീവ് ആയിട്ടായിരിക്കണം ഇക്കാര്യത്തിൽ അച്ഛനമ്മമാർ ജാഗ്രത പുലർത്തണം. അവനവനെക്കുറിച്ച് പറയുമ്പോൾ അവരുടെ സംസാരത്തിൽ അവർക്ക് തന്നെ ഒരു മതിപ്പ് ഉണ്ടെന്ന് വെളിവാവണം. അതാണ് കുട്ടികൾക്ക് തന്റെ മനസ്സിൽ അവനവനെക്കുറിച്ച് തന്നെ നല്ല മതിപ്പും സ്നേഹവും (self-esteem) ആദരവും ഉണ്ടെന്നുള്ളതിന് തെളിവ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ കേൾക്കുമ്പോൾ കേൾക്കുന്നവർക്കും അവരിൽ മതിപ്പ് ഉളവാക്കും. അപ്പോഴാണ് ഒരു ഉയർന്ന വ്യക്തിത്വമായി വളരാൻ കുട്ടികൾക്ക് കഴിയുന്നത്. നിരന്തരം കുഞ്ഞുങ്ങൾ കേൾക്കുന്നത് നേരത്തെ പറഞ്ഞ പോലെ പോലെയുള്ള വിവേചനത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തള്ളിപ്പറയലിന്റെയും സ്വരം കലർന്ന വാക്കുകൾ ആണെങ്കിൽ ആ കുട്ടികൾക്ക് അവനവനെക്കുറിച്ചോർക്കുമ്പോൾ ഉള്ളിൽ അവജ്ഞയാണ് അനുഭവപ്പെടുക. ആത്മവിശ്വാസത്തിന്റെ ലെവലും പതിവിലും വളരെ താഴ്ന്ന നിലയിലായിരിക്കും. അത് കുട്ടിയുടെ അതിജീവനത്തെയും നിലനിൽപ്പിനെയും കാര്യമായ തോതിൽ ബാധിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ആർക്കാണ് എതിർക്കാൻ കഴിയുക. അവനവനെക്കുറിച്ച് ഒട്ടും മതിപ്പ് ഇല്ലാതാവുകയും താൻ ഒന്നിനും കൊള്ളില്ല എന്ന വിശ്വാസവും തന്റെ കഴിവുകേടുകളെക്കുറിച്ചോർത്ത് അവരിൽ അപകർഷതാബോധം നിറയ്ക്കും ജീവിതത്തിൽ മുന്നേറാൻ സാധിക്കാതെ നല്ലൊരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയാതെ ശുഷ്‌ക്കിച്ച, നിരർത്ഥകമായ ജീവിതം നയിക്കേണ്ടി വരികയും ചെയ്യും.

Also read: ഈ നിഴൽ യുദ്ധം എന്തിനു വേണ്ടിയാണ്?

അപകർഷതാബോധം പേറുന്ന ഒരു മനുഷ്യന്റെയുള്ളിൽ ചിലപ്പോഴെല്ലാം കടുത്ത പകയും വൈരാഗ്യവും വാശിയും ജനിക്കുന്നത് നമ്മൾ അറിയുന്നില്ല. അത് പൊസിറ്റിവ് ആയിട്ടാണ് ഉടലെടുക്കുന്നതെങ്കിൽ കുഴപ്പമില്ല നെഗേറ്റിവ് ആയി പ്രവര്ത്തിച്ചു തുടങ്ങിയാൽ അതിന്റെ അനന്തരഫലം ആർക്കും പ്രവചിക്കാൻ കഴിയാതെ വരും. വീട്ടിൽ രണ്ട് മക്കൾ ഉണ്ടെങ്കിൽ ഒരു കുട്ടി എല്ലാത്തിലും മികവ് പുലർത്താൻ കഴിയുന്നവനാണെന്ന് വിചാരിക്കൂ. ആ കുട്ടി സകലരിൽ നിന്നും വേണ്ടത്ര പരിഗണനയും അഭിനന്ദനവും നേടിയെടുക്കുമ്പോൾ, ചിലപ്പോൾ മാതാപിതാക്കളും അവനെ ചേർത്ത് പിടിച്ചു പ്രശംസിക്കുമ്പോഴാവും ഉള്ളിൽ അപകർഷതാബോധവുമായി നടക്കുന്ന അടുത്ത കുട്ടി ഇത് കേൾക്കുന്നതും ആ കുട്ടിയുടെ ഉള്ളിൽ ഉറഞ്ഞു കൂടുന്ന വിദ്വേഷം കാലക്രമേണ പകയായി മാറുന്നതും ചിലപ്പോഴെല്ലാം അത് വാഗ്വാദങ്ങളിലേയ്ക്കും തമ്മിൽ തല്ലും ഭീഷണിയിലും വെല്ലുവിളിയിലേക്കൊക്കെ എത്തിക്കുകയും ചെയ്യുന്നത് കാണാം. ചിലർ അതിൽ കുരുങ്ങി ജീവിതത്തിന്റെ എല്ലാ സുഖങ്ങളും കളഞ്ഞു കുളിക്കുന്നു. അവനവന്റെ മാത്രമല്ല മൊത്തം കുടുംബത്തിന്റെ വരെ സമാധാനം ഇല്ലാതെ ആവും. വ്യക്തിബന്ധങ്ങളെയും കുടുംബബന്ധങ്ങളെയുമെല്ലാം അത് കാര്യമായി ബാധിച്ചേക്കും. ദാമ്പത്യജീവിതം തകരാൻ ഇടയാക്കും. അതുകൊണ്ട് മക്കൾ എല്ലാവരും ഒരെപോലെ പരിഗണിക്കപ്പെടണം അവർക്കിടയിൽ നീതിയും തുല്യതയും നിലനിർത്തണം എന്ന കാര്യത്തിൽ മാതാപിതാക്കൾ ശപഥം എടുത്തെ തീരൂ.

സത്യങ്ങളെ ഉൾകൊണ്ടുകൊണ്ടും വസ്തുതകളെ തിരസ്ക്കരിക്കാതെയും പരീക്ഷണങ്ങളെ ഭയന്ന് ഓടാതെയും അനുഭവങ്ങളെ പാഠമാക്കിയും പരിഹാസങ്ങളെയും വിമർശനങ്ങളെയും സമചിത്തതയോടെ നേരിട്ടുകൊണ്ടും ജീവിതത്തെ അഭിമുഖീകരിക്കാൻ തക്ക ഒരു മനസ്സ് അതാണ് വ്യക്തിത്വംകൊണ്ട് ഒരാൾക്ക് നേടിയെടുക്കാൻ സാധിക്കുന്നത്. അത്തരം ഒരു വ്യക്തിത്വം നമ്മുടെ മുന്നിൽ ഉണ്ടെങ്കിൽ ഒരു കാര്യം കൂടെ നമ്മൾ തിരിച്ചറിയും അവർക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് അമിതമായ ഉത്കണ്ഠയോ ആധിയോ കാണില്ലെന്ന് മാത്രമല്ല അപരന്റെ പ്രശ്നങ്ങൾ തരണം ചെയ്യാനും അവയ്ക്ക് പ്രതിവിധി കണ്ടെത്താനും ധൈര്യം പകർന്ന് കൂടെ നിൽക്കാനും അവർ എപ്പോഴും ഉണ്ടാവും.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close