Current Date

Search
Close this search box.
Search
Close this search box.

സ്വയം വിലയിരുത്താന്‍ ഒരു മാര്‍ഗ്ഗരേഖ

മനുഷ്യരായ നമുക്ക് പുരോഗതി കൈവരിക്കാനുള്ള അനേകം മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വയം വിലയിരുത്തല്‍. നാം അപരരെ കുറിച്ചും അപരര്‍ നമ്മെ കുറിച്ചും വിലയിരുത്താറുണ്ട്.   എന്നാല്‍ അവനവനിലേക്ക് നോക്കി സ്വയം വിലയിരുത്തുന്നവര്‍ വളരെ വിരളം. മറ്റുള്ളവരുടെ വിലയിരുത്തല്‍ എന്തായാലും ഇടക്കിടെ, അല്ല ഓരോ ദിവസം കൊഴിഞ്ഞ് വീഴുമ്പോഴും നാം ആ ദിവസത്തെ അവലോകനം ചെയ്ത് സമയം ഫലപ്രദമായി ചിലവഴിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തലാണ് സ്വയം വിലയിരുത്തല്‍.

ഓരോ ദിവസവും എന്ത് ചെയ്തു?  ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം? എത്ര സമയം പാഴാക്കി? പെരുമാറ്റത്തില്‍ പാളിച്ചകള്‍ സംഭവിച്ചുവൊ?ആരെ എല്ലാം സന്തോഷിപ്പിച്ചു തുടങ്ങിയ അനേകം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തുടര്‍ന്നുള്ള ദിവസങ്ങളിലെ ജീവിതം സുന്ദരമാക്കാന്‍ സഹായകമാവും.  എന്നാല്‍ ഇത്തരമൊരു വിലയിരുത്തല്‍ നമ്മുടെ അജണ്ടയില്‍ പൊതുവെ കാണാറില്ല. കൈവശമുള്ള പണം ചിലവഴിക്കുന്നത് കൃത്യമായി മനസ്സിലാക്കുന്ന നാം എന്ത്കൊണ്ട് അതിനെക്കാള്‍ അമൂല്യമായ സമയത്തിൻെറ  കാര്യത്തില്‍ നാമത് പുലര്‍ത്തുന്നില്ല.

Also read: ഖുര്‍ആന്‍, ഹദീസ് പഠനത്തിന്‍റെ ശാസ്ത്രീയ രീതികള്‍

ജീവിതത്തിൻെറ ഈ പ്രയാണത്തില്‍ നാം എവിടെ എത്തിനില്‍ക്കുന്നു? ഇനിയുള്ള സഞ്ചാരത്തിൻെറ ദിശ എങ്ങോട്ടാണ്? കൃത്യമായ ലക്ഷ്യസ്ഥാനമുണ്ടൊ? ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച കൃത്യമായ അറിവുണ്ടൊ? എന്തെല്ലാം ചെയ്തു തീര്‍ത്തു? അവശേഷിക്കുന്നത് എന്താണ്? ഈ ചോദ്യാവലിയില്‍ അനിവാര്യമായും ഉള്‍പ്പെടുത്തേണ്ട മറ്റു ചില ഉപ ചോദ്യങ്ങള്‍ കൂടി ഇവിടെ ഓര്‍മ്മപ്പെടുത്താം.  ജീവിതത്തിലുടനീളം ദൈവ സ്മരണയുണ്ടായൊ? അവനെ വിസ്മരിച്ച് ജീവിച്ച്പോയൊ? കുടുംബം,സമ്പത്ത്,തൊഴില്‍ തുടങ്ങി താനുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സൂക്ഷ്മത എത്രത്തോളം പുലര്‍ത്താന്‍ സാധിച്ചു?

കുടുംബ ബന്ധം പുലര്‍ത്തുന്നതില്‍ വീഴ്ച വന്നുവൊ? രക്ഷിതാക്കളോടുള്ള ബാധ്യത നിര്‍വ്വഹിച്ചുവൊ? ഭാര്യയോടുള്ള പെരുമാറ്റം? കുട്ടികളോടുള്ള ഇടപെടല്‍? വല്ലവരുടേയും വികാരത്തെവൃണപ്പെടുത്തിയൊ? അപവാദം പറഞ്ഞുവൊ? പാവപ്പെട്ടവരുടെ രോദനങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞൊ? വീണ്ടും നമ്മിലേക്ക് തന്നെ വരാം. നമ്മില്‍ അന്തര്‍ലീനമായ കഴിവുകള്‍ എന്താണ്? മനസ്സിൻെറ ആ ഉള്‍വിളിക്കുത്തരം നല്‍കാന്‍ സാധിച്ചുവൊ? മനസ്സിനെ അശ്വസ്ഥപ്പെടുത്തുന്ന ഘടകം എന്താണ്? അതിനെ ചിന്തയില്‍ നിന്ന് പിഴുതെറിയാന്‍ സാധിച്ചൊ?

SWOT Analysis ഇന്ന് വ്യക്തിത്വ വികസന ക്ളസുകളിലെ ഒരു പ്രധാന വിഷയമാണ്.  Strength, Weakness, Opportunity, Threat എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് SWOT എന്ന സംജ്ഞ. ചതുരത്തിലുള്ള നാല് കോളങ്ങള്‍ വരച്ച് അതില്‍ നമ്മുടെ കഴിവ്, ദൗര്‍ബല്യം, അവസരം, ഭീഷണി എന്ന് കൃത്യമായി എഴുതുകയും കഴിവുകളെ പരമാവധ ഉപയോഗപ്പെടുത്തി ഭീഷണിയെ അതിജീവിച്ച്കൊണ്ട് മുന്നോട്ട് കുതിക്കലാണ് വിജയത്തിനുള്ള മാര്‍ഗ്ഗമെന്നതാണ് SWOT Analysis ലക്ഷ്യംവെക്കുന്നത്.

എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട വിലയിരുത്തല്‍ മറ്റൊന്നാണ്. നശ്വരമായ ഈ ജീവിതത്തിന് ശേഷം ശാശ്വതമായ ജീവിതം വരാനിരിക്കുന്നുവെന്നും അവിടേക്കുള്ള തൻെറ സമ്പാദ്യം എന്താണെന്നും വിലയിരുത്തലാണ് ഏറെ പ്രധാനപ്പെട്ടത്. പാരത്രിക ജീവിതത്തെ കുറിച്ച ഇത്തരമൊരു ആത്മപരിശോധന മനസ്സിനെ തൊട്ടുണര്‍ത്തുമ്പോള്‍, മുകളില്‍ പറഞ്ഞ മറ്റുവിലയിരുത്തലുകള്‍ സ്വയം തന്നെ ചോദിക്കാന്‍ നിര്‍ബന്ധിതമായിത്തീരും. കാരണം അതാണല്ലോ പരലോക വിജയത്തിൻെറ നിദാനം. വിശുദ്ധ ഖുര്‍ആന്‍ അതിന് നമ്മെ പ്രേരിപ്പിക്കുന്നത് ഇങ്ങനെ:  സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവഭക്തരാവുക. നാളേക്കുവേണ്ടി താന്‍ തയ്യറാക്കിയത് എന്തന്നെ് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. 59:18

മനുഷ്യൻെറ അഭിവൃദ്ധിക്കുള്ള ശക്തമായ ഉപകരണമാണ് ഈ ചോദ്യാവലികള്‍. ഇത് നടപ്പിലാക്കാന്‍ നാം മറ്റാരേയും ആശ്രയിക്കേണ്ടതില്ല. നമ്മില്‍ തന്നെ അത് കുടികൊള്ളുന്ന ഒരു മന:സ്സന്നദ്ധത. അത് ഉപയോഗിക്കുകയെ വേണ്ടു. അങ്ങനെ ഈ ചോദ്യങ്ങള്‍ നമ്മുടെ ജീവിതത്തിൻെറ അനേകം തലങ്ങളെ സ്പര്‍ഷിക്കുന്നു. നശ്വരമായ ഈ ജീവിതത്തെ, സമ്പത്തിനെ, ബന്ധങ്ങളെ, പാരത്രിക ജീവിതത്തെ, എല്ലാം തൊട്ടുണര്‍ത്തുന്നതാണ് ഈ ചോദ്യാവലികള്‍.  ഇത്തരം ചോദ്യങ്ങളിലൂടെ സ്വയം വിലയിരുത്താനുള്ള ഒരു മാര്‍ഗ്ഗരേഖ നമുക്ക് തയ്യാറാക്കാവുന്നതാണ്.

Related Articles