FamilyLife

മക്കളുടെ കൂടെ ജീവിക്കുന്നത് ഔദാര്യമാക്കരുത്,അഭിമാനമാക്കണം

ഷോപ്പിങ് മാളില്‍ മുമ്പിലുള്ള സ്ത്രീയുടെ കൂമ്പാരം കഴിഞ്ഞു വേണം എനിക്ക് പണം നല്‍കാന്‍. കുറച്ചു സാധനങ്ങള്‍ക്ക് മാളില്‍ വരിക എന്നത് സമയം കൊല്ലിയാണ്. വിലയിലെ കുറഞ്ഞ മാറ്റം സമയത്തിന്റെ കാര്യത്തില്‍ നോക്കിയാല്‍ നഷ്ടമാകും. ആ സമയത്ത് മറ്റൊന്നും ചെയ്യാനില്ല. ചുമലില്‍ ഒരു കൈ വന്നു നിന്നു. തിരിഞ്ഞു നോക്കി. മുഖം പെട്ടെന്ന് ഓര്‍മയില്‍ വന്നില്ല. എഴുപത് വയസ്സിന്റെ പ്രായം. അയാളുടെ പുഞ്ചിരി തുടരുന്നു. സലാം മടക്കി ഒരു പുഞ്ചിരി തിരിച്ചും സമ്മാനിച്ചു. അപ്പോഴും ഓര്‍മയില്‍ തിരഞ്ഞുനോക്കി. ഈ മുഖം അവിടെയൊന്നും കണ്ടില്ല. മുന്നിലുള്ള സ്ത്രീയുടെ കൂമ്പാരം ഇപ്പോഴും തീര്‍ന്നില്ല.

എന്റെ നിസ്സഹായാവസ്ഥ അയാള്‍ക്ക് മനസ്സിലായി. ‘ബിദാസായിദ്………….” എന്ന് പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് എനിക്ക് ആളെ പിടികിട്ടി. മൂസക്ക. 1996 ലാണ് ഗള്‍ഫിനോട് യാത്ര പറഞ്ഞത്. ഇപ്പോള്‍ മക്കളുടെ അടുത്തേക്ക് വന്നതാണ് എന്നും മനസ്സിലായി. വിരസമായ അന്നത്തെ ദിനങ്ങളില്‍ ഇടയ്ക്കു കണ്ടിരുന്ന അടുത്ത അറബി വീട്ടിലെ ഡ്രൈവര്‍. ഞാന്‍ അവിടെ ചെന്ന് ആറുമാസം കൊണ്ട് തന്നെ അദ്ദേഹം പ്രവാസം മതിയാക്കിയിരുന്നു. മക്കള്‍ നല്ല നിലയില്‍ ജോലി ചെയ്യുന്നു എന്നത് മാത്രമാണ് അപ്പോള്‍ പറഞ്ഞത്.

എന്റെ മുന്നിലെ കൂമ്പാരം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഒരു ചെറുപ്പക്കാരന്‍ വന്നു മൂസക്കയെയും വിളിച്ചു കൊണ്ട് പോയി. മരുമകന്‍ എന്നാണു പറഞ്ഞത്. പഴയ മൂസക്ക മാറിയിരിക്കുന്നു. പ്രായം ഒരു ഘടകമാണ് പക്ഷെ അതിലപ്പുറം മൂസക്കയുടെ മുഖത്തും ആ മാറ്റം കാണുന്നു. എവിടെയോ ഒരു നിരാശയുടെ നിഴല്‍. മാളില്‍ നിന്നും ഇറങ്ങിയ എന്റെ മനസ്സില്‍ നിന്നും മൂസക്ക അന്നേ യാത്ര പറഞ്ഞിരുന്നു.

അടുത്ത തവണ ഒരു കൂട്ടുകാരനെ കാത്തു നില്‍ക്കുമ്പോഴാണ് മൂസക്കയെ വീണ്ടും കണ്ടത്. പള്ളിയില്‍ പോയി വരികയാണ്. പുറത്തെ ചൂട് കാരണം കാറില്‍ കയറിയിരുന്നു. സംസാരത്തില്‍ ഒരിടത്ത് മൂസക്ക വൈകാരികമായി. പാടില്ലാത്ത എന്തോ ചെയ്തതു പോലെ. മൂന്ന് ആണ്‍ മക്കള്‍ രണ്ടു പെണ്‍ മക്കള്‍. തരക്കേടില്ലാത്ത ജീവിത സാഹചര്യം. ഭാര്യയുടെ മരണം വിഷയങ്ങള്‍ തകിടം മറിച്ചു. മറ്റൊരു വിവാഹത്തിനു മക്കള്‍ എതിരായിരുന്നു. മക്കളുടെ എതിര്‍പ്പിനു കുടുംബക്കാരും പിന്തുണ നല്‍കി. ആ എതിര്‍പ്പിനെ തടയാനുള്ള മനക്കരുത്ത് ഉണ്ടായില്ല. പെണ്‍കുട്ടികളുടെ വിവാഹം ആണ്‍ കുട്ടികളുടെ ജോലി കുറച്ചു നാള്‍ കൊണ്ട് അയാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. അതിനിടയില്‍ ഒരു വാഹന അപകടവും. പക്ഷെ അന്നൊക്കെ മനക്കരുത്തു തകര്‍ന്നില്ല. ആരില്ലെങ്കിലും എന്റെ കൂടെ എന്റെ സമ്പത്ത് ഉണ്ടാകും എന്നൊരു വിചാരം.

ഉപ്പയുടെ വിഷയം തീരുമാനിക്കണം എന്നതായി അടുത്ത വിഷയം. ഒറ്റക്ക് ഉപ്പയെ വീട്ടില്‍ നിര്‍ത്താന്‍ കഴിയില്ല എന്നത് നല്ല കാര്യമാണ്. അതിനും മക്കള്‍ തീരുമാനം പറഞ്ഞു. അങ്ങിനെയാണു ഉള്ള സ്വത്തുക്കള്‍ ജീവിത കാലത്ത് തന്നെ വീതം വെച്ചത്. ഉപ്പയുടെ പേരില്‍ എന്ന രീതിയില്‍ അവസാനം പത്തു സെന്റ് അവര്‍ വിട്ടു തന്നു. അന്ന് മുതല്‍ വീണ്ടും പ്രവാസമാണ്. ഒരിടത്തും ഉറക്കില്ല. യു എ ഇ,ഖത്തര്‍, കുവൈറ്റ് എന്ന നിലയില്‍ അത് മാറി കൊണ്ടിരുന്നു. മകളുടെ ഭര്‍ത്താവിനു മറ്റൊരു അത്യാവശ്യം എന്ന നിലയില്‍ ബാക്കിവന്ന പത്തു സെന്റും കൊടുത്തു.

ചുരുക്കത്തില്‍ ആ വിവരക്കേട് മൂസക്കയും ചെയ്തു. ജീവിച്ചിരിക്കുമ്പോള്‍ തന്റെ സമ്പത്ത് മറ്റുള്ളവര്‍ക്ക് പതിച്ചു നല്‍കുക എന്നത്. മനുഷ്യന്റെ നില നില്‍പ്പ് മാത്രമല്ല അഭിമാനം കൂടിയാണ് സമ്പത്ത് എന്നത് പലരും മറക്കുന്നു. സ്വന്തം കാര്യത്തിനു മറ്റാരെയും ഒരിക്കലും ആശ്രയിക്കാതിരിക്കുക എന്നതാണ് ശരിയായ ജീവിതം. താന്‍ സമ്പാദിച്ചത് മരണം വരെ തനിക്കു ഉപകാരപ്പെടണം എന്നതാണ് ശരിയായ രീതി. അവസാനം തന്റെ സമ്പത്ത് തനിക്കു ഉപകാരപ്പെടാതെ പോകുന്നു. കാരണം അപ്പോഴേക്കും അത് മറ്റു പലരുടെ സമ്പത്തുമായി മാറിക്കാനും.

മക്കളുടെ കൂടെ ജീവിക്കുക എന്നത് അഭിമാനമാണ്. പക്ഷെ അത് മക്കളുടെ ഔദാര്യമാണ് എന്ന് വരരുത്. പകരം അതൊരു പിതാവിന്റെ അവകാശമായി മാറണം. മൂസക്ക ഒരു ഔദാര്യത്തിന്റെ ഭാഗമായി ജീവിക്കുന്നു. ഔദാര്യത്തില്‍ ആദ്യം നഷ്ടമാകുക അഭിമാനമാണ്. അവകാശത്തില്‍ നിലനില്‍ക്കുന്നതും അത് തന്നെ.  നിങ്ങളുടെ നിലനില്‍പ്പിന്റെ ആധാരം എന്നാണു സമ്പത്തിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. നിലനില്‍പ്പിന്റെ ഒരാധാരം അഭിമാനമാണ്.

സമ്പത്ത് ഒരു ആയുധമാണ്. ആയുധം നഷ്ടമാക്കി ജീവിതമാകുന്ന യുദ്ധത്തില്‍ ജയിക്കാന്‍ കഴിയില്ല എന്ന അറിവ് പലരും മറക്കുന്നു. എന്റെ സമ്പത്ത് മരണം വരെ എന്റേത് എന്നതാണ് ശരി. ജീവിതത്തിന്റെ നല്ല കാലം പ്രവാസിയായി കഴിഞ്ഞ മൂസക്ക ജീവിതാവസാനത്തിലും പ്രവാസിയാണ്. ഒന്നാമത്തെ പ്രവാസത്തില്‍ മൂസക്ക കരുത്തനായിരുന്നു. ഇന്ന് മൂസക്ക നിസ്സഹായനാണ്. സ്വയം വരുത്തിയ നിസ്സഹായത. സാദിഖ് വരുന്നതിനു മുമ്പ് മൂസക്ക ഇറങ്ങി പോയി. പക്ഷെ ആ രൂപം എന്റെ മനസ്സില്‍ നിന്നും ഇപ്പോഴും ഇറങ്ങിയില്ല.

Facebook Comments
Related Articles
Show More
Close
Close