Current Date

Search
Close this search box.
Search
Close this search box.

‘നിങ്ങളുടെ കുട്ടി നിങ്ങളല്ല’

മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ കുറിച്ച് എത്രയെത്ര പരാതികളാണുള്ളത്! മക്കളോടുള്ള ഇടപഴകലില്‍ മറ്റു മാതാക്കള്‍ക്ക് സംഭവിച്ചത് പോലുള്ള ദൗര്‍ബല്യങ്ങളൊന്നും തന്നെ ബാധിക്കുകയില്ലെന്നാണ് വിവാഹത്തിന് മുമ്പ് ഒരു പെണ്‍കുട്ടി കരുതുന്നത്. ചിലരെല്ലാം അതില്‍ വലിയ തീവ്രത കാണിക്കുന്നത് കാണാം. അതേസമയം തന്നെ അത് വേണ്ടത്ര പരിഗണിക്കാതെ അവഗണിക്കുന്നവരുമുണ്ട്. രണ്ടായാലും ഫലം ഒന്ന് തന്നെ. കുട്ടികളെ കുറിച്ച പരാതികള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൈ പച്ച വെള്ളത്തിൽ വെച്ചവനെ പോലെയല്ലല്ലോ കൈ തീയില്‍ വെച്ചവന്‍!

മക്കളുടെ പ്രശ്‌നങ്ങളില്‍ വലിയ വൈവിധ്യങ്ങളാണുള്ളത്. ആക്രമണോത്സുകതയുള്ള കുട്ടി, ധിക്കാരി, അശ്രദ്ധന്‍, ആധിപത്യ സ്വഭാവം പുലര്‍ത്തുന്നവന്‍, കരയുകയും അലമുറയിടുകയും ചെയ്യുന്നവന്‍, ഒന്നിനെയും വിലവെക്കാത്തവന്‍, സ്വാര്‍ത്ഥന്‍ തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പുറമെ പരിഹരിക്കുന്നത് പോയിട്ട് നിര്‍ണയിക്കാന്‍ പോലും സാധിക്കാത്ത നിരവധി പ്രശ്‌നങ്ങളുമുണ്ട്.

നമ്മുടെ മക്കളുടെ പ്രശ്‌നങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും കാരണം നാം തന്നെയാണെന്ന്‌’നിങ്ങളുടെ കുട്ടി നിങ്ങളല്ല’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ പുസ്തകത്തില്‍ ചില പാശ്ചാത്യ എഴുത്തുകാര്‍ പരാമര്‍ശിക്കുന്നുണ്ട്. പലപ്പോഴും തന്റെ കുട്ടി തന്റെ തന്നെ ഒരു പതിപ്പായിരിക്കണെന്ന് മാതാവോ പിതാവോ കരുതുന്നു. താനിഷ്ടപ്പെടുന്ന ആഹാരം അവന്‍ ഇഷ്ടപ്പെടുകയും ഞാന്‍ വെറുക്കുന്നത് അവനും വെറുക്കുകയും വേണം. എന്തിനേറെ അവരുടെ വിനോദങ്ങള്‍ പോലും തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്ന് അത്തരംമാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. തന്റെ കാഴ്ച്ചപ്പാടില്‍ മണ്ടത്തരമായി കാണുന്ന കളികളും സിനിമകളും കാര്‍ട്ടൂണുകളും കുട്ടിയും ഇഷ്ടപ്പെടരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ആളുകളോട് ഇടപഴകുമ്പോള്‍ തന്നെ പോലെ ചെത്തിമിനുക്കിയ വാക്കുകള്‍ കുട്ടിയും ഉപയോഗിക്കണമെന്ന് കരുതുന്നവരാണവര്‍. കുട്ടിയും തന്നെ പോലെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തന്റെ കുട്ടിക്കാലത്തെ തന്റെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ഇതിലേറെ മോശമായിരുന്നു എന്നത് അവര്‍ ഓര്‍ക്കുകയേ ഇല്ല.

രക്ഷിതാക്കളിലെ ചിന്താപരമായ ഈ വീഴ്ച്ചയാണ് കുട്ടികളിലെ മിക്ക പ്രശ്‌നങ്ങളുടെയും പിന്നില്‍. പ്രശ്‌നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുന്നതാണെന്ന് ഞാന്‍ പറയുകയില്ല. ഈയര്‍ത്ഥത്തില്‍ രക്ഷിതാക്കളുടെ അക്രമത്തിനിരയാകുന്ന കുട്ടികളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തലും പരിഹരിക്കലും അത്ര എളുപ്പമുള്ള കാര്യമല്ല.

മിക്ക മാതാപിതാക്കളും ‘എന്റെ കുട്ടി ഞാന്‍ തന്നെ’ എന്ന അടിസ്ഥാനത്തില്‍ അവരെ സമീപിക്കുന്നു എന്നത് ദുഖകരമാണ്. സമ്മാനം നല്‍കുന്നതിന്റെയും ശിക്ഷിക്കുന്നതിന്റെയും വരെ അടിസ്ഥാനമായിട്ടത് സ്വീകരിക്കുന്നു. താനുദ്ദേശിക്കുന്ന രീതിയിലാണ് കുട്ടിയുടെ ഇടപെടലെങ്കില്‍ അതിലെ ശരി തെറ്റുകള്‍ പോലും നോക്കാതെ കുട്ടിയെ പ്രശംസിക്കുന്നു. കാര്‍ട്ടൂണ്‍ കാണാന്‍ സമയം ചെലവിടാത്ത കുട്ടിക്ക് സമ്മാനം നല്‍കുന്നു. നിരര്‍ത്ഥകമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന പ്രശംസയും കുട്ടിക്ക് നല്‍കുന്നു. പുഴുങ്ങിയ മുട്ട കഴിക്കുന്നതിന് മുമ്പ് അതുകൊണ്ട് കളിക്കുന്ന കുട്ടിയ പരിഹസിക്കുകയും മുതിര്‍ന്ന ഒരാളോടെന്ന പോലെ രൂക്ഷമായ രീതിയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നു.

ധിക്കാരിയായ ഒരു കുട്ടിയെ നമുക്ക് ഉദാഹരണമായിട്ടെടുക്കാം. കുട്ടിയെ ആ സ്വഭാവത്തിലേക്കെത്തിച്ചതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാവും. എന്നാല്‍ അടിസ്ഥാനപരമായ കാരണം രക്ഷിതാവിന്റെ ഭാഗത്തു നിന്നുള്ള ഈ സമീപനമായിരിക്കും. കുട്ടിയെ തന്റെ തന്നെ ഒരു പതിപ്പാക്കി മാറ്റാനായിരിക്കും എപ്പോഴും അയാളുടെ ശ്രമം. ഉമ്മ ശ്രമിക്കുന്നത് തന്റെ തന്നെ വ്യക്തിത്വം മകളിലും ഉണ്ടാക്കിയെടുക്കാനാണ്. അപ്പോള്‍ അവരുടെ വ്യക്തിത്വത്തിലെ എല്ലാ സവിശേഷതകളും തമസ്‌കരിക്കപ്പെടുന്നു.

ഒരു അനുഭവ വിവരണത്തിലൂടെ ഇക്കാര്യം ഒന്നുകൂടി വിശദമാക്കാം. ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയാണ് റഹഫ്. അവള്‍ അതിഥികള്‍ക്കൊപ്പം ഇരിക്കുകയും പെണ്‍കുട്ടികളോട് വര്‍ത്തമാനം പറയുകയും അവര്‍ക്കൊപ്പം കളിക്കുകയും ചെയ്യും. അപ്പോഴെല്ലാം ഉമ്മ അവളുടെ ഓരോ ചലനവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവളുച്ചരിക്കുന്ന ഓരോ വാക്കും അവര്‍ ശ്രദ്ധിച്ചു ശ്രവിക്കുന്നു. എത്രത്തോളമെന്നാല്‍ ഉടന്‍ ശിക്ഷ നടപ്പാക്കാനായി അവളുടെ ശ്വാസോച്ഛാസം പോലും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണവര്‍.

പെണ്‍കുട്ടികളിലൊരാള്‍ റഹഫിനോട് അവള്‍ക്കിഷ്ടമില്ലാത്ത ഒരു കളിയില്‍ പങ്കാളിയാവാന്‍ ആവശ്യപ്പെടുന്നു. അവള്‍ മാന്യമായി അത് നിരസ്സിക്കുന്നു. എന്നാല്‍ ആ പെണ്‍കുട്ടി അതിനായി അവളെ നിര്‍ബന്ധിക്കുകയും ഒച്ചവെക്കുകയും ചെയ്യുന്നു. എനിക്ക് ആ കളി ഇഷ്ടമില്ല, നീ മറ്റാരെയെങ്കിലും കൂട്ടി കളിക്കൂ എന്ന് പറഞ്ഞ് റഹഫും ഒച്ചയിടുന്നു. അപ്പോള്‍ ആ പെണ്‍കുട്ടി പറയുന്നു: നിനക്ക് കളിക്കാന്‍ അറിയാത്തതുകൊണ്ടാണ്, നീ എന്നെ പോലെ ബുദ്ധിമതിയല്ല. ‘നീ തന്നെയാണ് മണ്ടി’യെന്ന് റഹഫും ദേഷ്യത്തോടെ പ്രതികരിക്കുന്നു.

അവിടെയെത്തി അതില്‍ ഇടപെടുന്ന ഉമ്മ റഹഫിനെ അവര്‍ക്കിടയില്‍ വെച്ച് ശകാരിക്കുകയും ആ പെണ്‍കുട്ടി വിളിച്ചത് പോലെ ‘മണ്ടി’യെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. റഹഫ് കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോകുന്നു. ഇനിയും അത് ആവര്‍ത്തിക്കും എന്ന തീരുമാനാണ് അവള്‍ക്കുള്ളിലുണ്ടാവുക. എന്നാല്‍ ഉമ്മ കരുതുന്നത് താന്‍ ഏറ്റവും നന്നായി തന്നെയാണ് അത് കൈകാര്യം ചെയ്തതെന്നും മകള്‍ ഇനിയൊരിക്കലും അത് ആവര്‍ത്തിക്കില്ലെന്നുമായിരിക്കും. കാരണം ആളുകള്‍ക്കിടയില്‍ വെച്ച് അവളെ വേദനിപ്പിച്ചല്ലോ. എന്നാല്‍ വലിയ വിഡ്ഢിത്തവും അതിക്രമവുമാണത്. കുട്ടിയില്‍ ധിക്കാരം മാത്രമേ അത് വളര്‍ത്തുകയുള്ളൂ. എന്റെ കുട്ടി ധിക്കാരിയാണ് എന്ന പുതിയ ആവലാതിയുമായിട്ടായിരിക്കും ആ ഉമ്മ പിന്നീട് വരിക.

ഏഴ് വയസ്സുകാരനായ സാമിര്‍ സ്‌കൂളില്‍ പോകുന്നു. അവിടത്തെ പഠനത്തിനും കളിക്കും കൂട്ടുകാര്‍ക്കൊപ്പമുള്ള അടിപിടികള്‍ക്കും ശേഷം വീട്ടിലേക്ക് മടങ്ങുന്നു. എന്തെങ്കിലും കഴിക്കാനും അല്‍പം വിശ്രമിക്കാനുമുള്ള ആഗ്രഹത്തോടെയാണ് അവന്‍ വരുന്നത്. എന്നിട്ട് വേണം അവന് ഹോംവര്‍ക്കുകളെല്ലാം ചെയ്യാന്‍. വീട്ടിലെത്തുന്ന അവന്റെ മൂക്കില്‍ ആദ്യമെത്തുന്നത് അവിടെ തയ്യാറാക്കി കൊണ്ടിരിക്കുന്ന ആഹാരത്തിന്റെ മണമാണ്. അടുക്കളയിലെത്തിയ അവന്‍ തിന്നാനായി കുറച്ച് പൊട്ടാറ്റോ ചിപ്‌സ് എടുക്കുന്നു. അപ്പോഴാണ് ഉപ്പ അങ്ങോട്ട് വരുന്നത്.
ഉപ്പ: ‘സാമിര്‍, നീ കൈ കഴുകിയിട്ടുണ്ടോ?’
സാമിര്‍: !!!
ഉപ്പ: നീ ചിപ്‌സ് എടുക്കുന്നതിന് മുമ്പ് ഉമ്മയോട് ചോദിച്ചോ?
സാമിര്‍: സോറി, എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.
ഉപ്പ: (ദേഷ്യത്തോടെ) നീയിന്ന് ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കേണ്ട, ചോദിക്കാതെ, കൈ കഴുകാതെ, ഡ്രസ് പോലും മാറാതെ നീ കഴിച്ച ചിപ്‌സ് തന്നെ നിനക്ക് മതി. ന്നാലും ഞാന്‍ നിന്നെ അടിക്കുന്നില്ല, ഈ ശിക്ഷയില്‍ മതിയാക്കുകയാണ് ഞാന്‍.

കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോകുന്ന അവന്‍ ഇനിയൊരിക്കലും കൈ കഴുകില്ലെന്നും അത്തരം കല്‍പനകളൊന്നും പാലിക്കില്ലെന്നും ദൈവത്തെ പിടിച്ചാണയിട്ട് സത്യം ചെയ്യുന്നു. ഉപ്പ അവനെ അതിന് നിര്‍ബന്ധിച്ചാല്‍ ബാത്ത്‌റൂമില്‍ കയറി കൈ കഴുകിയെന്ന് വരുത്തി തിരിച്ചിറങ്ങുന്നു. അങ്ങനെ ഉപ്പയെ അതിജയിക്കുകയും പറ്റിക്കുകയും ചെയ്യുന്നു.

പ്രിയ രക്ഷിതാവേ, ‘നിങ്ങളുടെ കുട്ടി നിങ്ങളല്ല’. ഒന്നാമത്തെ സംഭവത്തില്‍ ഉമ്മയാണ് ആ പെണ്‍കുട്ടിയെ ധിക്കാരിയാക്കി മാറ്റിയത്. രണ്ടാമത്തെ സംഭവത്തില്‍ ഉപ്പയാണ് കുട്ടിയെ വ്യവസ്ഥയില്ലാത്തവനും വഞ്ചകനുമാക്കിയത്. അതുകൊണ്ട് കുട്ടികളെ ശിക്ഷിക്കുന്നത് വളരെ യുക്തിയോടെയായിരിക്കണം. കുട്ടിയുടെ അത്യാവശ്യങ്ങളായ ആഹാരം ഉറക്കം പോലുള്ളവയൊന്നും ശിക്ഷയുടെ ഭാഗമായി നിഷേധിക്കരുത്. വലിയവര്‍ക്കുള്ള ശിക്ഷ ഒരിക്കലും കുട്ടിക്ക് നല്‍കരുത്. കുട്ടിക്ക് ഉള്‍ക്കൊള്ളാവുന്നതും അംഗീകരിക്കാനാവുന്നതുമായ ശിക്ഷ മാത്രമേ നല്‍കാവൂ. നമ്മുടെ ഉള്ളിലെ വികാരത്തിന് ശമനം നല്‍കുന്നതിനായിരിക്കരുത് കുട്ടിയെ ശിക്ഷിക്കുന്നത് എന്നത് വളരെ പ്രധാനമാണ്.

ദേഷ്യപ്പെട്ട് മക്കളെ അടിക്കുന്ന ഉമ്മമാരെ നമുക്ക് കാണാം. യഥാര്‍ത്ഥത്തില്‍ കുട്ടിയെ ശിക്ഷിക്കുകയല്ല, മറിച്ച് തങ്ങളുടെ ദേഷ്യത്തിന് താല്‍ക്കാലിക ശമനം കണ്ടെത്തുകയാണ് അവര്‍ ചെയ്യുന്നത്. അത്തരം രക്ഷിതാക്കളോട് എനിക്ക് നല്‍കാനുള്ള ഉപദേശം ഇങ്ങനെ ദേഷ്യം കൊണ്ട് തിളച്ചു മറിയുമ്പോള്‍ രണ്ട് മിനിറ്റ് മുറിക്ക് പുറത്തിറങ്ങി നില്‍ക്കണമെന്നാണ്. ശേഷം ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടി കുട്ടിക്ക് അനുയോജ്യമായ ശിക്ഷ നല്‍കുകയാണെങ്കില്‍ അതിന്റെ മാറ്റം നിങ്ങള്‍ക്ക് കാണാം.

ചെയ്ത തെറ്റിനേക്കാള്‍ വലിയ ശിക്ഷ കുട്ടികള്‍ക്ക് നല്‍കുന്നതും ശരിയല്ല. സാമിറിന്റെ കാര്യത്തില്‍ സംഭവിച്ച പോലെ ആഹാരം നിഷേധിക്കുക, റഹഫിനോട് സ്വീകരിച്ച ആളുകള്‍ക്കിടയില്‍ വെച്ച് ശകാരിക്കുകക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നവര്‍ കരുതുന്നത് ഏറ്റവും നല്ല ശിക്ഷയാണതെന്നാണ്. അതില്‍ യാതൊരു അന്യായവും കാണാന്‍ അവര്‍ക്കാവില്ല. കുട്ടികള്‍ ഇഷ്ടപ്പെടുന്ന നിരവധി കളികളുണ്ട്. അതിലേതെങ്കിലും വിലക്കി കൊണ്ട് കുട്ടികള്‍ക്ക് ശിക്ഷ നല്‍കാം. അതിന്റെ കാരണം ശാന്തമായി അവന് വിശദീകരിച്ചു കൊടുക്കുകയും വേണം.

രുചികരമായ വിഭവങ്ങള്‍ എനിക്കിഷ്ടമാണ്, എന്നാല്‍ ഞാന്‍ പിടിക്കാനുദ്ദേശിക്കുന്ന മത്സ്യത്തിന് അതല്ല നല്‍കുന്നത്. അവ ഇഷ്ടപ്പെടുന്ന പുഴുക്കളെയാണ് ഞാനവക്ക് നല്‍കുകയെന്ന് ഡെയ്ല്‍ കാര്‍നിഗെ പറഞ്ഞത് വളരെ പ്രസക്തമാണ്.

വിവ: അബൂഅയാശ്‌

Related Articles