Current Date

Search
Close this search box.
Search
Close this search box.

മോനേ/ മോളേ നീ നല്ല കുട്ടിയാണ്

എപ്പോഴും ആക്ടീവായിരിക്കുന്ന കുട്ടികളെ മുതിര്‍ന്നവര്‍ അടക്കിയിരുത്താന്‍ മുതിരാറുണ്ട്. എന്ത് വികൃതിയാണ് നീ, ഒന്ന് അടങ്ങിയിരുന്നാലെന്താ, ഇങ്ങനെത്തെ വികൃതിയെ ഞാന്‍ കണ്ടിട്ടില്ല, എന്തു പറഞ്ഞാലും മനസ്സിലാവില്ല, എത്ര തവണയായി നിന്നോട് അടങ്ങിയിരിക്കാന്‍ പറയുന്നത്… തുടങ്ങി പല പല വാചകങ്ങളിലൂടെ അവരോട് കയര്‍ക്കാറും ഉണ്ട്.

അത് കുട്ടികളില്‍ നിറക്കുന്നത് ഞാനത്ര നല്ല കുട്ടിയല്ല, എന്നെ ആര്‍ക്കും ഇഷ്ടമല്ല എന്ന ബോധമാണ്.
ടോട്ടോചാന്‍ എന്ന പുസ്തകത്തില്‍ കോബായാഷി മാസ്റ്റര്‍ ടോട്ടോചാനോട് എപ്പോഴും പറയും, നീയൊരു നല്ല കുട്ടിയാണെന്ന്. അതുവരെ പെരും വികൃതിയെന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. താനൊരു നല്ല കുട്ടിയാണെന്ന് മാഷ് പറയുന്നത് കേട്ട് പിന്നീടവള്‍ തന്റെ ക്യാരക്റ്റര്‍ തന്നെ മാറ്റുകയാണ്.

എല്ലാവര്‍ക്കും എന്ന പറ്റി നല്ല അഭിപ്രായമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരു കുട്ടി മോശത്തരം ചെയ്യുക. നല്ലത് ചെയ്യുമ്പോള്‍ അപ്രീഷിയേറ്റ് ചെയ്യുക എന്നത് പരമപ്രധാനമാണ്. എത്ര ചെറിയ കാര്യം ചെയ്യുമ്പോഴും അവരെ അഭിനന്ദിക്കാന്‍ മറക്കരുത്. എന്റെ മോന്‍/ മോള്‍ എന്ത് നല്ല കുട്ടിയാണെന്ന് കൂടെക്കൂടെ പറയാന്‍ മടിക്കേണ്ടതില്ല. ചെറിയ കുട്ടിയല്ലേ, നീയിത് ചെയ്യാനായില്ല എന്ന് നിരന്തരം പറഞ്ഞ് നീ തീരെ ചെറുതാണെന്നും ഒന്നിനും കൊള്ളാത്തവനാണെന്നുമുള്ള ഒരു തോന്നല്‍ കുട്ടിയുടെ ഉള്ളില്‍ ഉണ്ടാക്കരുത്.

ചില കാര്യങ്ങളെല്ലാം ചെയ്യാന്‍ കുട്ടികളെ ഏല്‍പിക്കാം. താന്‍ വലുതായിക്കൊണ്ടിരിക്കുന്നു എന്നൊരു ബോധം അങ്ങനെ അവരില്‍ നിറയുകയും സ്വന്തത്തെ കുറിച്ച് ഒരു മതിപ്പ് അവരില്‍ നിറയുകയും ചെയ്യും. എന്ത് വിഡ്ഢിത്വമാണ് നീ ചെയ്യുന്നത്, നിന്റെ അനിയന്റെയത്ര ബോധം പോലും നിനക്കില്ലല്ലോ എന്നു തുടങ്ങിയുള്ള നെഗറ്റീവ് സംസാരങ്ങള്‍ ഒരിക്കലും വന്നുപോകരുത്. എന്തെങ്കിലുമൊക്കെ തെറ്റുകള്‍ ചെയ്യുമ്പോള്‍ അവനെയല്ല, അവന്റെ ആ ചെയ്തിയെയാണ് തിരുത്തുന്നത് എന്ന് അവനെ ബോധ്യപ്പെടുത്തണം. അവന്റെ നന്‍മകളെ നിരന്തരം അഭിനന്ദിച്ചു കൊണ്ടേയിരിക്കണം. നീയൊരു നല്ല കുട്ടിയാണെന്ന് നിരന്തരം കൊബായഷി മാഷ് പറഞ്ഞതുകൊണ്ടാണ് ടോട്ടോചാന്‍ ഒരു മിടുക്കി കുട്ടിയായി മാറിയത്.

Related Articles