ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാപഞ്ചിക വ്യവസ്ഥയും ശാസ്ത്രീയ കണ്ട്പിടുത്തങ്ങളും നമ്മുടെ സാമൂഹ്യ സംവിധാനവും നിലകൊള്ളുന്നതെന്ന് നമുക്കറിയാം. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന സൃഷ്ടാവിനും അത്തരം സ്വയം കൽപിത തത്വങ്ങളുണ്ട്. കാരുണ്യം അല്ലാഹു അവനിൽ തന്നെ നിർബന്ധമാക്കിയ ഒരു തത്വമാണെന്ന് ഖുർആൻ വ്യക്തമാക്കീട്ടുണ്ടല്ലോ? നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാൻ, എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ഗ്രഹിക്കാൻ, എന്ത്കൊണ്ട് അങ്ങനെ സംഭവിക്കുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ ബന്ധപ്പെട്ട തത്വങ്ങൾ അറിഞ്ഞിരിക്കുക അനിവാര്യമാണ്.
അത്തരം തത്വങ്ങളുടെ അഭാവത്തിൽ ശരിയായ ദിശയിലേക്ക് സഞ്ചരിക്കുക അസാധ്യമാണ്. ഒരാൾ നമ്മെ വഴിതെറ്റിക്കുമ്പോൾ, തത്വങ്ങളെ കുറിച്ച് ബോധമുണ്ടെങ്കിൽ, നാം അതിൽ ഉറച്ച്നിൽക്കുകയും അതിനോട് പ്രതിബദ്ധതയുള്ളവരായിത്തീരുകയും ചെയ്യും. സന്താന പരിപാലനത്തെ കുറിച്ച ചില തത്വങ്ങൾ പരാമർശിക്കാനും അത് മുറുകെ പിടിച്ച്കൊണ്ടായിരിക്കണം കുട്ടികളെ വളർത്തേണ്ടത് എന്ന് ഓർമ്മപ്പെടുത്താനുമാണ് ഇത്രയും ആമുഖമായി സൂചിപ്പിച്ചത്. അത്തരത്തിൽപ്പെട്ട പത്ത് കാര്യങ്ങൾ ചുവടെ:
1. സൗമ്യനാവുക; പതറാത്ത നിലപാട് സ്വീകരിക്കുക
സന്താന പരിപാലനത്തിൽ സ്വീകരിക്കേണ്ട ഒരു പ്രധാന തത്വമാണ് സന്താനങ്ങളോട് സൗമ്യനാവുകയും പതറാത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുക എന്നത്. പ്രവാചകൻറെ അനുചരൻ അനസ് പറയുന്നു: ഞാൻ പ്രവാചകന് പത്ത് വർഷത്തോളം സേവനം ചെയ്തു. ഒരിക്കലും അദ്ദേഹം എന്നോട് ‘ഛെ’ എന്ന വാക്ക് പറഞ്ഞിട്ടില്ല. എന്ത്കൊണ്ട് അത് ചെയ്തു എന്നൊ എന്ത്കൊണ്ട് അങ്ങനെ ചെയ്തില്ല എന്നെല്ലാം ചോദിച്ച് അവിടുന്ന് എന്നെ ഒരിക്കലും ആക്ഷേപിച്ചിട്ടില്ല. ഉദ്ധരണം ബുഖാരി 6038
സന്താന പരിപാലനവുമായി ബന്ധപ്പെട്ട്, ഈ വചനത്തിൽ നിന്നും ഗ്രഹിക്കാവുന്ന തത്വങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
1.1 വ്യക്തിപരമായ കാര്യങ്ങളിൽ സൗമ്യമായ നിലപാട് സ്വീകരിക്കുക
1.2 മതപരമായ വിധിവിലക്കുകളിൽ കൃത്യമായ നിലപാട് കൈകൊള്ളുക
1.3 കുട്ടികൾ എപ്പോഴും കാര്യങ്ങൾ ശരിയായി ചെയ്ത്കൊള്ളണമെന്നില്ല
1.4 കുട്ടികളെ എപ്പോഴും വിമർശിക്കുകയും അവരോട് പരുഷ നിലപാട് സ്വീകരിക്കുകയും ചെയ്യരുത്.
2. ഉപചാരവും വിദ്യാഭ്യാസം നൽകലും
2.1 കുട്ടികളെ വളർത്തുന്നതിലെ സുപ്രധാനമായ മറ്റൊരു തത്വമാണ് ഉപചാരങ്ങൾ പരിശീലിപ്പിക്കലും വിദ്യാഭ്യാസം നൽകലും. പ്രവാചകൻ ബാലനായ തന്നോട് എങ്ങനെയായിരുന്നു പെരുരമാറിയതെന്ന് അനസ് ഓർത്തെടുക്കുന്നത് നാം കണ്ടു. അത്തരം മധുരോദരമായ ഓർമ്മകൾ നമ്മെ കുറിച്ചും നമ്മുടെ കുട്ടികൾക്ക് പറയാനുണ്ടാവണം.
2.2 പറയാൻ പാടുള്ളത് മാത്രമല്ല, പാടില്ലാത്തതുമായ വാക്കുകൾ അവരെ പഠിപ്പിക്കുക. സഭ്യേതരമായ വാക്കുകൾ അവരോട് ഒരിക്കലും പറയരുത്.
3. ഇസ്ലാമിനെ സ്നേഹിക്കുന്ന സന്താനങ്ങളാക്കുക
പ്രവാചകൻ അരുളി: “കാര്യങ്ങൾ എളുപ്പമാക്കുക. അവർക്ക് പ്രയാസം സൃഷ്ടിക്കരുത്. നല്ല കാര്യങ്ങൾ അറിയിച്ച് ജനങ്ങളെ സന്തോഷിപ്പിക്കുക. അവരെ ആട്ടി അകറ്റരുത്.” ഈ നിലപാടിൽ ഉറച്ച്നിന്ന്കൊണ്ടായിരിക്കണം എല്ലാ കാര്യങ്ങളിലും നമ്മുടെ സമീപന രീതി. ഇതിലൂടെ കുട്ടികൾക്ക് ഇസ്ലാമിനോട് സ്നേഹമുണ്ടാവുകയും അവർ ജീവിതാന്ത്യം വരെ അത് മുറുകെ പിടിച്ച് ജീവിക്കുന്നവരാവുകയും ചെയ്യും. പ്രസ്തുത നബി വചനത്തിൽ നിന്ന് ലഭിക്കുന്ന പ്രധാന തത്വങ്ങൾ:
3.1 അല്ലാഹു തൻറെ അടിമകളെ അതിയായി സ്നേഹിക്കുന്നു
3.2 മതം ഒരിക്കലും ഒരു ഭാരമാവാൻ ഇടവരരുത്
3.3 കുട്ടികൾ ഖുർആൻ പഠിക്കുന്നതിനും മന:പ്പാഠമാക്കുന്നതിനും പ്രതിഫലം നൽകുക
3.4 ഈദ് സുദിനങ്ങൾ അവരോടൊപ്പം ആഘോഷിക്കുക
4. മാതൃക സൃഷ്ടിക്കുക
രക്ഷിതാക്കൾ കുട്ടികൾക്ക് ജീവിക്കുന്ന മാതൃകകളായിത്തീരേണ്ടതുണ്ട്. സന്താനവുമായി ബന്ധപ്പെട്ട് ഖുർആനിലെ ഒരു പ്രാർത്ഥന ഇങ്ങനെ: അവർ പ്രാർഥിച്ചുകൊണ്ടിരിക്കും: ‘ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും നീ ഞങ്ങളുടെ കണ്ണ് കുളിർപ്പിക്കേണമേ!ഞങ്ങളെ നീ ഭക്തന്മാരുടെ നേതാവാക്കേണമേ!’ 25:74 ഈ സൂക്തത്തിൽ നിന്നും ഗ്രഹിക്കേണ്ട സുപ്രധാന തത്വങ്ങൾ:
4.1 നാം കുട്ടികൾക്ക് സ്വയം മാതൃകയാവുക
4.2 നാം അറിവ് കുറഞ്ഞവരാണെങ്കിൽ, അവരോടൊപ്പം പഠിക്കാൻ ഉൽസാഹിക്കുക
4.3 കുട്ടികളിൽ നിന്നും നമുക്ക് പഠിക്കാം. അത് അവർക്ക് ആവേശം സൃഷ്ടിക്കും.
5. കുട്ടികളെ പ്രായത്തിനനുസരിച്ച് വളർത്തുക
നബി (സ) പറഞ്ഞു: നിങ്ങളുടെ കുട്ടിൾ ഏഴ് വയസ്സായാൽ അവരോട് നമസ്കരിക്കാൻ കൽപിക്കുക. പത്ത് വയസ്സായാൽ, അവർ വീഴ്ച വരുത്തുകയാണെങ്കിൽ, അവരെ അതിന് വേണ്ടി അടിക്കാം. അവർക്ക് ഉറങ്ങാൻ പ്രത്യേകം സ്ഥലം ഒരുക്കുക.
6. ആവശ്യമായ കാര്യങ്ങൾ മുൻകൂട്ടി പഠിപ്പിക്കുക
6.1 മുകളിലെ നബി വചനത്തിൽ നിന്ന് മനസ്സിലാക്കിയത് പോലെ പ്രായപൂർത്തിയാവുന്നതിന് മുമ്പായി അവർ നമസ്കരിക്കാതിരിക്കുന്നത് കുറ്റകരമല്ല.
6.2 എങ്കിലും രക്ഷിതാക്കൾ അവരെ ചെറുപ്പത്തിലെ പരിശീലിപ്പിക്കാൻ തയ്യാറാവേണ്ടതുണ്ട്; അവർക്ക് അത് നിർബന്ധ ബാധ്യതയാവുന്നതിന് മുമ്പായി.
6.3 ഹിജാബ് ധരിക്കൽ ഉൾപ്പടെയുള്ള മറ്റ് ഇസ്ലാമിക നിയമങ്ങൾക്കും ഈ നിയമം ബാധകമാണ്.
7. ശിക്ഷണത്തിൻറെ അടിസ്ഥാനം ഹൃദയ നൈർമ്മല്യം
ഒരു പ്രവാചക വചനത്തിൻറെ സാരം ഇങ്ങനെ: ഏതെങ്കിലും കാര്യത്തിനോട് നൈർമ്മല്യത ചാർത്തപ്പെടുമ്പോൾ, അത് അതിനെ അലംങ്കരിക്കുന്നു. ആ നൈമ്മല്യത പിൻവലിക്കുമ്പോൾ, അതിന് തകരാറുകൾ സംഭവിക്കുന്നു.
7.1 കാര്യങ്ങൾ എളുപ്പമാക്കികൊടുക്കുകയും നൈർമ്മല്യ സമീപനം സ്വീകരിക്കുക
7.2 അതേസമയം തീർച്ചയായും അച്ചടക്കത്തിൻ്റെ കാര്യം വിസ്മരിക്കുകയും ചെയ്യരുത്.
8. ഉപചാരങ്ങൾ പഠിപ്പിക്കാൻ ഖുർആൻറെ ആഹ്വാനം
“വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂർത്തിയത്തൊത്തവരും മൂന്നു പ്രത്യകേ സമയങ്ങളിൽ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാൻ പാടുള്ളൂ. പ്രഭാത നമസ്കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങൾ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളിൽ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതിൽ നിങ്ങൾക്കൊ അവർക്കൊ കുറ്റമില്ല. അവർ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ളോ. നിങ്ങൾ അന്യോന്യം ഇടകലർന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങൾക്ക് അവൻറെ നിയമങ്ങൾ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.” 24:58
8:1 അനുവാദം കൂടാതെ പ്രവേശിക്കാൻ പാടില്ലന്ന് ഈ സൂക്തം കുട്ടികളെ പഠിപ്പിക്കുന്നു
8:2 ആളുകളുമായി ബന്ധപ്പെടുമ്പോൾ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണിത്
8:3 ഉപചാരങ്ങൾ നടപ്പിലാക്കാൻ ആരംഭിക്കേണ്ടത് സ്വന്തം വീടുകളിൽ നിന്നായിരിക്കണം
8:4 ലജ്ജയുളളവരായിരിക്കുക എന്നതാണ് മറ്റൊരു പ്രധാന ഗുണം
9. കുട്ടികളെ പഠിപ്പിക്കുന്നതിൽ അമാന്തം കാണിക്കരുത്
ഉമർ ഇബ്ന് അബൂ സലാമയിൽ നിന്ന് ഉദ്ധരിക്കുന്നു: ഞാൻ പ്രവാചകൻറെ സംരക്ഷണത്തിലായിരുന്നു. ഭക്ഷണത്തളികയുടെ ചുറ്റും എൻറെ കൈ നീളുമ്പോൾ അവിടുന്ന് പറഞ്ഞു: കുട്ടീ. അല്ലാഹുവിൻറെ നാമം പറഞ്ഞ് ഭക്ഷണം കഴിക്കുക. വലം കൈകൊണ്ട് ഭക്ഷിക്കുക. നിൻറെ അടുത്തുള്ള ഭാഗത്ത് നിന്ന് തിന്നുക.
9.1 കുട്ടികൾ ചെയ്യുന്ന കാര്യത്തിൽ ഇടപെടേണ്ടതുണ്ടെങ്കിൽ, അതിൽ നാം താമസം വരുത്തരുത്.
9.2 അവിടെ നാം അവരെ ശരിയായത് പഠിപ്പിച്ചിരിക്കണം
10. സന്ദർഭത്തിനനുസരിച്ച് ആവശ്യമായതെല്ലാം അവരെ പഠിപ്പിക്കുക
10.1 ഉമർ ഇബ്ന് അബൂ സലാമ ഭക്ഷണത്തളികയുടെ ചുറ്റ് നിന്നും തെറ്റായ രൂപത്തിൽ തിന്നാൻ ആരംഭിച്ചപ്പോൾ, പ്രവാചകൻ അത് യഥാസമയം തിരുത്തികൊടുത്തു.
10.2 മാത്രമല്ല, പ്രവാചകൻ അവസരം ഉപയോഗപ്പെടുത്തി ഭക്ഷിക്കുന്നതിലെ മറ്റ് ഉപചാരങ്ങൾ കൂടി ബാലനായി ഉമർ ഇബ്ന് അബൂ സലാമയെ പഠിപ്പിച്ചതായി നാം കണ്ടു.
ഖുർആനും പ്രവാചകനും പഠിപ്പിച്ച, സന്താനപരിപാലനത്തിൽ പാലിക്കേണ്ട, ഈ പത്ത് സുപ്രധാന തത്വങ്ങൾ പാലിച്ച് മുറുകെ പിടിച്ചാൽ നമ്മുടെ സന്താനങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആധുനിക സാങ്കേതിക വിദ്യയുടെ അനുസ്യൂതമായ കുതിച്ചുചാട്ടത്തിൽ, കുട്ടികൾ നമ്മുടെ കരവലയത്തിൽ നിന്നും അകന്ന് പോവാതിരിക്കാൻ മുകളിൽ പറഞ്ഞ മാർഗ്ഗ നിർദ്ദേശങ്ങൾ സഹായകരമാത്തീരുന്നതാണ്.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU