Current Date

Search
Close this search box.
Search
Close this search box.

കുട്ടികളെ മാറോട് ചേര്‍ക്കാം

‘എന്റെ മക്കള്‍ മാത്രമെന്താ ഇങ്ങനെ’ എന്ന് എപ്പോഴെങ്കിലുമായി പരിഭവം പറയാത്ത മാതാപിതാക്കള്‍ കുറവായിരിക്കും, ചിലര്‍ എപ്പോഴും ഇതേ പരാതി ഉന്നയിക്കുന്നവരാകും. മക്കളുടെ വഴികേടിനും അപഥസഞ്ചാരത്തിനും കാരണം മക്കളല്ല എന്നും മൂലകാരണം നമ്മള്‍ തന്നെയാണെന്നു തിരിച്ചറഞ്ഞ് അത് തിരുത്താന്‍ തയ്യാറായാല്‍ തീരുന്നതേയുള്ളൂ ഈ  പരാതികള്‍. മക്കളില്ലാത്തതിന്റെ പേരില്‍ മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ഒരു കൂട്ടര്‍ക്കിടയില്‍ അല്ലാഹു നമുക്ക് മക്കളെ തന്ന് അനുഗ്രഹിച്ചത് ഒരു അമാനത്ത് (സൂക്ഷിപ്പു സ്വത്ത്) ആയിട്ടാണ് എന്ന് നാം ആദ്യം തിരിച്ചറിയണം. ആ അമാനത്തിനെ നല്ലവണ്ണം സൂക്ഷിച്ച് അവന്‍ നിര്‍ദേശിച്ച പ്രകാരം വഴിനടത്തി നാഥന്റെ സവിദത്തിലേക്കു തന്നെ തിരിച്ചു നല്‍കലാണ് നമ്മുടെ ബാധ്യത. എങ്കില്‍ മാത്രമേ നമ്മുടെ പരലോക ജീവിതവും സുഖകരമാകൂ. ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങള്‍ മാത്രമാണ് അവന്ന് പരലോക ജീവിതത്തില്‍ ഉപകാരപ്പെടുക എന്നു പറഞ്ഞ നബി അതില്‍ മൂന്നാമതായി എണ്ണിയത് മരിച്ച മാതാപിതാക്കള്‍ക്ക് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ സന്താനം എന്നാണ്. അപ്പോള്‍ മക്കളെ വഴി നടത്തേണ്ട രീതിയില്‍ വഴി നടത്തിയാല്‍ പരലോകത്ത് രക്ഷപ്പെടാം എന്ന് സാരം.

മക്കളെപ്പറ്റി നബി (സ) പറഞ്ഞത്: എല്ലാ മക്കളും ശുദ്ധ പ്രകൃതിയിലാണ് പിറന്നു വീഴുന്നത്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും നസ്‌റാനിയും മജൂസിയുമാക്കുന്നത് (അഥവാ വഴി പിഴച്ചവന്‍ ആക്കുന്നത്) എന്നാണ്. അപ്പോള്‍ പ്രശ്‌നം കിടക്കുന്നത് കുട്ടികളിലല്ല, നമ്മില്‍ തന്നെയാണെന്ന് വ്യക്തമായല്ലോ… ഇനി ആ പ്രശ്‌നം എന്തെന്ന് സ്വയം കണ്ടെത്തി തിരുത്തലാവണം നമ്മുടെ ജോലി.ശുദ്ധ പ്രകൃതിയില്‍ പിറന്ന വീണ ഒരു കുഞ്ഞ് വഴികേടിലാവാന്‍ ഉളള പ്രധാന കാരണം കുഞ്ഞ് വളരുന്ന വീട്ടിലെ സാഹചര്യങ്ങളും ചുറ്റുപാടുകളുമാണ്. അപ്പോള്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അവയിലൊന്നും നമ്മുടെ മക്കള്‍ പെട്ടുപോവാതെ അവരെ സംരക്ഷിച്ചു നിര്‍ത്താന്‍ നമുക്ക് സാധിക്കണം.

Also read: കൊറോണയും ചില യുക്തിവാദി വൈറസുകളും

ഒരു കുട്ടി പിറന്നു വീണതു മുതല്‍ രക്ഷിതാക്കള്‍ കുട്ടിക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് ഇസ്‌ലാമിനുണ്ട്. അല്ലാഹുവും അവന്റെ റസൂലും മറ്റു സച്ചരിതരായ മുന്‍ഗാമികളും കാണിച്ചു തന്ന ആ പാത വിട്ട് സഞ്ചരിക്കാന്‍ നാം തുടങ്ങിയപ്പോഴാണ് നമ്മുടെ മക്കളും പിഴച്ചു തുടങ്ങിയത്. ഇസ്‌ലാമിലെ സന്താനപരിപാലനത്തിന്റെ അധ്യാപനങ്ങള്‍ കുട്ടി ഗര്‍ഭപാത്രത്തിലായിരിക്കുന്നതു മുതല്‍ തുടങ്ങുന്നുണ്ട്. ഗര്‍ഭിണിയുടെ ഓരോ പ്രവര്‍ത്തനങ്ങളും സംസാരങ്ങളും ചുറ്റുപാടു നിന്നുളള ശബ്ദങ്ങളും ഗര്‍ഭസ്ഥ ശിശുവിനെ വ്യക്തമായി സ്വാധീനിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.  കുഞ്ഞ് കൈകുഞ്ഞായി വളരുന്ന കാലത്തും ഇസ്‌ലാം നിര്‍ദേശിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. രണ്ടു വര്‍ഷം പൂര്‍ണമായി മുലപ്പാല്‍ കൊടുക്കണമെന്നതാണ് അതില്‍ സുപ്രധാനം. മുലകുടിപ്പിക്കുന്ന സമയത്ത് കുട്ടിയുടെ കണ്ണിലേക്ക് നോക്കുന്നത് കുട്ടിയില്‍ സുരക്ഷിതത്വബോധം നല്‍കുമെന്നും മാതൃത്വത്തിന്റെ ചൂടറിഞ്ഞ് ശരീരത്തോട് ചേര്‍ന്നു കിടക്കുന്നത് കുട്ടിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുമ്പോഴും അതിനോട് പുറം തിരിഞ്ഞു നിന്ന്, മുലയൂട്ടുന്ന സമയത്ത് ഫോണിലും  ടിവിയുടെ മുന്നിലും മറ്റും മുലയൂട്ടിയും കുട്ടിയെ തളര്‍ത്തുന്ന പ്രവണതയെ എങ്ങിനെ കാണണം.

കുട്ടി മൂന്നാം വയസ്സിലേക്ക് പ്രവേശിക്കുന്നതോടെ മാതാപിതാക്കളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും കാണുന്ന സ്വഭാവങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിത്തുടങ്ങും എന്നതു കൊണ്ടു തന്നെ കുട്ടിയോടുളള പെരുമാറ്റ രീതികളും ചുറ്റുപാടും ഈ പ്രായത്തില്‍ പ്രത്യേകിച്ച് കൂടുതല്‍ സുരക്ഷിതമാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലത്ത് തന്നെ ബാത്ത് റൂമില്‍ പോകുമ്പോഴുളള മര്യാദകളും വൃത്തിയും കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ ശ്രമിക്കേണ്ടതുണ്ട്. പ്രവാചക കഥകളും മറ്റു സാരോപദേശ കഥകളും പറഞ്ഞുകൊടുത്തും  ഉചിതമായ  മതവിദ്യാഭ്യാസം കൊടുത്തും കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരാന്‍ ഈ പ്രായത്തില്‍ തന്നെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ബുദ്ധിവികാസം കാര്യമായി സംഭവിക്കുന്നതും ഈ കാലയളവിലാണ്. കുട്ടിയോട് ഒരു കുട്ടിയായിത്തന്നെ പെരുമാറാനും  സംസാരങ്ങള്‍ മനസ്സറിഞ്ഞ് കേള്‍ക്കാനും ഈ പ്രായത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പ്രായത്തില്‍  നല്‍കുന്ന കളിപ്പാട്ടങ്ങള്‍ പോലും  വളര്‍ച്ചയെ സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  കുട്ടികളെ മാറോട് ചേര്‍ത്ത് ആശ്ലേഷിക്കുന്നതും ലാളിക്കുന്നതും സ്‌നേഹ ചുംബനങ്ങള്‍ നല്‍കുന്നതും കൃത്യമായി ഭക്ഷണം നല്‍കുന്നതുമൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
കുട്ടികളുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന  പ്രധാന കാലമാണ് സ്‌കൂള്‍ കാലം. ഈ കാലം ഓരോ കുട്ടിക്കും ജിജ്ഞാസയുടെയും എല്ലാം അറിയാനുള്ള താത്പര്യത്തിന്റെയും കാലമാവും. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ജിജ്ഞാന പൂര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലും ഇക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധാലുക്ക
ളാവേണ്ടതുണ്ട്. പഠനത്തില്‍ പിറകോട്ടുള്ള കുട്ടിയാണെങ്കില്‍ ഒരിക്കലും അവരെ മറ്റുള്ളവരുടെ മുന്നിലിട്ട് അടിച്ചാക്ഷേപിക്കാനോ അവരുടെ ന്യൂനതകള്‍ മാത്രം തിരഞ്ഞ് കുറ്റപ്പെടുത്താനോ തയ്യാറാവരുത്.

Also read: ‘ആര്‍.എസ്.എസ് ഒരൊറ്റ കല്ല് കൊണ്ട് കൂടുതല്‍ പക്ഷികളെ കൊല്ലുകയാണ്’

മറ്റു സഹപാഠികളോട് താരതമ്യപ്പെടുത്തി ‘നീ മാത്രമെന്താ ഇങ്ങനെ’ എന്നും പറഞ്ഞുള്ള ശകാര വാക്കുകളും ദൂഷ്യഫലമേ വരുത്തി വെക്കൂ. മറിച്ച് ഇത്തരം വിദ്യാര്‍ഥികളുടെ നല്ല വശങ്ങള്‍ കണ്ടെത്തി മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കുട്ടിയെ പുകഴ്ത്തുന്നതും അഭിനന്ദിക്കുന്നതും കുട്ടിയുടെ മറ്റു കഴിവുകള്‍ കൂടി വികസിപ്പിക്കാന്‍ ഇടയാവുന്നതാണ്.

ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും ഓരോ രക്ഷിതാക്കളും ഏറെ പാടുപെടുന്നതും പല പരാതികളും ഉയര്‍ന്നു വരുന്നതുമായ കാലമാണ് കൗമാരകാലം. കൗമാര കാലത്ത് മക്കളോട് സൗഹൃദപരമായി പെരുമാറാനാണ് മുന്‍ഗാമികളും ആധുനിക ശാസ്ത്രവും പഠിപ്പിക്കുന്നത്. സച്ചരിതരായ മുന്‍ഗാമികളില്‍ അദ്വിതീയനായ ഒരു പണ്ഡിതന്റെ വാക്ക് ഇവിടെ ഏറെ പ്രസക്തമാണ്. ‘നിന്റെ മക്കളെ ആദ്യ ഏഴു വര്‍ഷം താലോലിക്കുക, അടുത്ത ഏഴു വര്‍ഷം മര്യാദ പഠിപ്പിക്കുക, ആടുത്ത ഏഴു വര്‍ഷം അവരുടെ സുഹൃത്തുക്കളാവുക’. ഇന്റര്‍നെറ്റിനും ഫോണിനും അടിമകളായി കുട്ടികള്‍ മാറുന്നത് പ്രത്യേകിച്ച് ഈ പ്രായത്തിലാണെന്നതിനാല്‍ തന്നെ അത്തരം അവസരങ്ങള്‍ പരമാവധി മക്കള്‍ക്ക് ഇല്ലാതിരിക്കാനും നാം ശ്രദ്ധിക്കണം.  അവസരങ്ങളാണ് മനുഷ്യനെ എത്ര നീചനും എത്ര ഉന്നതനും ആക്കിത്തീര്‍ക്കുന്നത്. നന്മക്കുള്ള അവസരങ്ങള്‍
സൃഷ്ടിക്കാനും തെറ്റിനുള്ള അവസരങ്ങള്‍ പരമാവധി മാറ്റി നിര്‍ത്താനും ശ്രമിക്കണം. നബി (സ) തന്റെ അനുയായികളില്‍ പലരിലും പലപ്പോഴുമായി പ്രയോഗിക്കാറുള്ള ‘യെസ് ബട്ട്’ സിദ്ധാന്തമാണ് ഇക്കാലത്ത് കുട്ടികളില്‍ നാം പ്രയോഗിക്കേണ്ടത്. അവരിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഉദ്ദേശിക്കുമ്പോള്‍ നേരിട്ട് തുറന്നടിക്കാതെ ആദ്യം അവരുടെ നല്ല പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രശംസിച്ച് പിന്നീട് പതിയെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുക എന്ന രീതിയാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

നബിയുടെ ജീവിതത്തില്‍ തന്നെ ഇതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ഖുറൈമുല്‍ അസദി എന്ന ഒരു മനുഷ്യനെ പറ്റി നബിയുടെ അടുക്കല്‍ ഒരു പരാതി ഉയര്‍ന്നു വരികയുണ്ടായി. മുടി നീട്ടി വളര്‍ത്തി വസ്ത്രം വലിച്ചിഴച്ച് നടന്ന് സ്ത്രീകളെയൊക്കെ പ്രലോഭിപ്പിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തെ പറ്റിയുള്ള പരാതി. തുടര്‍ന്നുള്ള നബിയുടെ ഇടപെടലുകള്‍ തന്ത്രപൂര്‍ണമായിരുന്നു. ‘ആ നീട്ടി വളര്‍ത്തിയ മുടിയും വലിച്ചിഴക്കുന്ന വസ്ത്രമൊന്നുമില്ലെങ്കില്‍ എത്ര നല്ല മനുഷ്യനാണ് ഖുറൈമുന്‍ അസദി’ എന്നായിരുന്നു നബി പറഞ്ഞത്. ഇതു കേട്ട ഉടനെ ആ മനുഷ്യന്‍ വീട്ടില്‍ പോയി നീണ്ടു കിടക്കുന്ന മുടി വെട്ടി പാകത്തിനാക്കിയെന്നും വസ്ത്രം തണ്ടങ്കാല്‍ വരെ ഉയര്‍ത്തി ധരിച്ചു എന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ നബി അയാളെ അടിച്ചാക്ഷേപിക്കുകയാണ് ചെയ്തതെങ്കില്‍ അയാളില്‍ പിടിവാശി വര്‍ധിക്കുകയും കൂടുതല്‍ തെമ്മാടിയാവാന്‍ കാരണമാവുകയുമല്ലേ ചെയ്യുകയുള്ളൂ… ഇതു പോലോത്ത രീതികൾ നിങ്ങളുടെ കൗമാരക്കാരായ മക്കളില്‍ നിങ്ങള്‍ പരീക്ഷിച്ചു നോക്കൂ… തീര്‍ച്ചയായും നല്ല മാറ്റങ്ങള്‍ കാണാം. ക്കാലത്ത് മക്കളെ അന്യരായി കണ്ട് എപ്പോഴും സംശയ ദൃഷ്ടിയോടെ നോക്കിക്കാണുന്നതിന് പകരം അവരോട് ഉള്ള് തുറന്ന് സംസാരിക്കാനും അവരുടെ വ്യക്തിപരമായ വിഷങ്ങള്‍ ചോദിച്ചറിയാനും രക്ഷിതാക്കള്‍ മനസ്സു കാണിക്കണം. പ്രത്യേകിച്ച് ഈ പ്രായക്കാര്‍ ചതിക്കുഴികളിലകപ്പെടുക സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടുള്ള ചങ്ങാത്തങ്ങളിലൂടെയും ഇടപഴകലുകളിലൂടെയുമാണെന്നതിനാല്‍ മക്കളുടെ സ്‌കൂളിലെ കൂട്ടുകാരുമായി ബന്ധം സ്ഥാപിക്കാനും വിവരങ്ങള്‍ അറിയാനും രക്ഷിതാക്കള്‍ ശദ്ധിക്കണം. പല രക്ഷിതാക്കളുടെയും പരാതി മക്കളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നുണ്ടെങ്കിലും ആ സ്‌നേഹം മക്കള്‍ അറിയുന്നില്ല എന്നതാണ്. അവരുമായി പോസിറ്റീവ് കാര്യങ്ങള്‍ പങ്കുവെച്ച് അവര്‍ ആഗ്രഹിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ഥ സ്‌നേഹ പ്രകടനം നടക്കുന്നുള്ളൂ.

Related Articles