Current Date

Search
Close this search box.
Search
Close this search box.

നമ്മുടെയും മറ്റുള്ളവരുടെയും സന്താനപരിപാലന രീതി

‘ഞങ്ങളുടെ മകന് പതിനഞ്ച് വയസ്സായതോടെ അവനിൽ പലമാറ്റങ്ങളും കണ്ടുതുടങ്ങി. അവൻ ഞങ്ങളോട് വിചിത്രമായി പെരുമാറുന്നത് പോലെ, വിചിത്രമായ പലതും അവൻ ചെയ്യുന്നു. ഇതുകണ്ട് ഞങ്ങൾ ആകെ ആശ്ചര്യത്തിലാണ് ‘, രണ്ട് രക്ഷിതാക്കൾ എന്റെയടുക്കൽ വന്ന് ഏറെ ദുഃഖത്തോടെ പറഞ്ഞ വാക്കുകളാണിത്. മാതാവ് അതിനോട് ചേർത്ത് പറഞ്ഞു :അവനെ പരിപാലിച്ച് ഞങ്ങളാകെ തളർന്നിരിക്കുന്നു. ഏറ്റവും മികച്ചതും മുന്തിയതുമായ വിദ്യാലയങ്ങളിലാണ് ഞങ്ങളവനെ പഠിപ്പിച്ചത്. തുടർന്ന് പിതാവ് പറഞ്ഞു :ഞങ്ങളവനെ നമ്മുടെ ശീലങ്ങളും ചിട്ടകളും പഠിപ്പിച്ചു. പക്ഷെ, അവൻ ഞങ്ങളുടെ മകനല്ലാതായ പോലെ തോന്നുന്നു. അവൻ ഞങ്ങൾക്ക് അന്യനായി മാറിയിരിക്കുന്നു.

ഞാൻ പറഞ്ഞു : നമ്മുടെ സന്താനപരിപാലനവും വിദേശനാടുകളിലെ സന്താന പരിപാലനവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു : ഇല്ല. ഞാൻ പറഞ്ഞു: നമ്മൾ മുസ്‌ലിംകൾ ഭൂമിയിലെ അല്ലാഹുവിൻ്റെ പ്രതിനിധികളായാണ് മനുഷ്യരെ നോക്കിക്കാണുന്നത്. മനുഷ്യനെ അല്ലാഹു ഒരു സൂക്ഷിപ്പുമുതൽ ഏൽപ്പിച്ചിരിക്കുന്നു. അതിനെ കുറിച്ച് ചോദിക്കപ്പെടുകയും ചെയ്യും. എന്നാൽ, അവരുടെ കാഴ്ചപ്പാടിലാകട്ടെ, മനുഷ്യനാണ് ജീവന്റെ അടിസ്ഥാനം. അവന് ഇച്ഛിക്കുന്നത് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവസ്തുക്കളുടെയും അവലംബമാണവൻ.

രണ്ടാമത്തെ വ്യത്യാസമെന്നത്, നമ്മുടെ അടുക്കൽ മനുഷ്യാസ്തിത്വത്തിന്റെ ലക്ഷ്യം ആരാധനാ പൂർണമായ ജീവിതമാണ്. അല്ലാഹു പറഞ്ഞത് പോലെ, (എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ജിന്നിനെയും മനുഷ്യനെയും നാം സൃഷ്ടിച്ചിട്ടില്ല). അവരെ സംബന്ധിച്ചാകട്ടെ മനുഷ്യാസ്തിത്വത്തിന്റെ ലക്ഷ്യംതന്നെ ജീവിതം ആസ്വദിക്കലും അതിലെ കളിവിനോദങ്ങളുമാണ്.

മൂന്നാമത്തെ വ്യത്യാസം, മനുഷ്യൻ അല്ലാഹുവിന്റെ അടിമയാണെന്നും തൻ്റെ പ്രവൃത്തികളിലൊന്നിലും അവൻ സ്വതന്ത്രനല്ലെന്നും നാം വിശ്വസിക്കുമ്പോൾ, മനുഷ്യൻ പൂർണ സ്വാതന്ത്രനാണെന്നും ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും അവനുണ്ട് എന്നുമാണ് അവരുടെ വീക്ഷണം.

നാലാമത്തെ വ്യത്യാസം ദീനും ഈമാനും തമ്മിലുള്ള ബന്ധം, വിശുദ്ധ ഖുർആനുമായുള്ള നമ്മുടെ ബന്ധം, ദീനും ദുനിയാവും തമ്മിലുള്ള ബന്ധം എന്നിവയുടെ പ്രാധാന്യം നാം മനസ്സിലാക്കുന്നു. രണ്ടിനെയും വേർതിരിച്ചു നാം കാണുന്നില്ല. അതേസമയം അവരാകട്ടെ ദീനിനെ പഴഞ്ചൻ ഒന്നായി കാണുകയും ചരിത്രമെന്ന നിലക്ക് മാത്രം അതിനെ പഠിപ്പിക്കുകയും ചെയ്യുന്നു. അതിന്ന് ദുനിയാവുമായോ അല്ലെങ്കിൽ ജീവിതവുമായോ ഒരു ബന്ധവുമില്ല. അപ്പോൾ ദീനെന്നത് അവർക്ക് വ്യക്തിപരമായ കാര്യം മാത്രമാണ്.

അഞ്ചാമത്തെ വ്യത്യാസം ഖുർആനിന്റെ ഭാഷയായത് കൊണ്ട് അറബി ഭാഷാപഠനം പ്രാധാന്യമുള്ളതായി നാം കാണുന്നു. അറബി പഠിക്കാത്തവന്ന് ഖുർആനിന്റെ പാരായണം നന്നാക്കാൻ കഴിയുകയില്ല. എന്നാൽ അവരുടെ പക്കൽ ഏത് ഭാഷ പഠിക്കുന്നതും സ്വാതന്ത്ര്യമാണ്. കാരണം, ഭാഷാപഠനമെന്നത് സാംസ്കാരികതയുടെയും അറിവിന്റെയും ഭാഗമാണ്.

ആറാമത്തെ വ്യത്യാസം, നമ്മൾ പെരുമാറ്റങ്ങളെയും പ്രവർത്തനങ്ങളെയും അവരെക്കാൾ വ്യത്യസ്തമായ വീക്ഷണകോണിലൂടെയാണ് കാണുന്നത്. ദുനിയാവിലെയും ആഖിറത്തിലെയും പ്രതിഫലമോ ശിക്ഷയോ ആകട്ടെ, നമ്മുടെ വീക്ഷണത്തിൽ അത്‌ നല്ലതോ ചീത്തയോ ആയ പ്രവർത്തനങ്ങൾക്കുള്ളതാണ്. എന്നാൽ അവരെ സംബന്ധിച്ച് പരലോകമെന്നത് പ്രധാനമല്ല. മറിച്ച് ദുനിയാവാണ് പ്രധാനം. അതാണ് ജീവിതത്തിന്റെ അടിത്തറ.

ഏഴാമത്തെ വ്യത്യാസം, മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ, കുടുംബ ബന്ധം ചേർക്കൽ, അയൽവാസികളോട് നന്മയിൽ വർത്തിക്കൽ പോലെയുള്ള സാമൂഹികപരമായ പെരുമാറ്റങ്ങൾ നമുക്ക് പ്രധാനപ്പെട്ടവയും ഉപേക്ഷിക്കാൻ കഴിയാത്ത വിധം അടിസ്ഥാനപരവുമാണ്. എന്നാൽ അവരതിന്ന് രണ്ടാം സ്ഥാനം നൽകുകയും മനുഷ്യൻ അതിൽ ബന്ധിതനല്ലെന്ന നിലയിൽ കാണുകയും ചെയ്യുന്നു.

എട്ടാമത്തെ വ്യത്യാസം, ആത്മീയതയ്ക്ക് നാം കൂടുതൽ പ്രാധാന്യം നൽകുന്നു. ഇബാദത്തിലൂടെയും ഇടപഴകലുകളിലൂടെയും ഈമാനിന്റെ ശാഖകൾ നാം വളർത്തുന്നു. അവരുടെ ഇടയിൽ ഇതൊരു പ്രധാന വിഷയമേ ആയി കാണാൻ കഴിയില്ല. അവർ കായിക പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ആത്മീയത അവരെ സംബന്ധിച്ച് ഐച്ഛികമാണ്.

ഒൻപതാമത്തെ വ്യത്യാസം, നമ്മുടെ അടുക്കൽ സ്വവർഗരതി നിരോധിക്കപ്പെട്ടതും കുറ്റകരവുമാണ്. കുടുംബം എന്നത് നമ്മുടെ അടുക്കൽ സ്ത്രീയും പുരുഷനും ചേർന്ന് ഉണ്ടാക്കുന്നതാണ്. അവർക്കാകട്ടെ ഈ വിഷയം വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വിധേയമാണ്. അപ്പോൾ അവർ രണ്ട് പുരുഷന്മാർ ചേർന്നോ അല്ലെങ്കിൽ രണ്ടു സ്ത്രീകൾ ചേർന്നോ ഒരു കുടുംബമുണ്ടാക്കിയേക്കാം.

പത്താമത്തെ വ്യത്യാസം,നല്ല മനുഷ്യരെ സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ നല്ല പൗരൻമാരെ സൃഷ്ടിക്കലാണ് അവരുടെ ലക്ഷ്യം എന്നതാണ്.

പതിനൊന്നാമത്തെ വ്യത്യാസം,സ്ത്രീ -പുരുഷ ബന്ധങ്ങൾക്ക് നമുക്ക് നിയന്ത്രണങ്ങൾ ഉണ്ട്. അവരുടെ അടുക്കലാകട്ടെ, ഇത് നിയന്ത്രണങ്ങൾ ഏതുമില്ലാത്ത വിധം തുറന്ന വിഷയമാണ്, അത്‌ വ്യക്തിതാല്പര്യമാണ്.

പന്ത്രണ്ടാമത്തെ വ്യത്യാസം,ദീൻ എന്നത് നമ്മുടെ അടുക്കൽ യുക്തി പ്രധാന്യമുള്ളതാണ്. എല്ലാ അറിവുടയവരുടെ മുകളിലും അതിനേക്കാൾ അറിയുന്ന ഒരുവനുണ്ടെന്ന് നാം വിശ്വസിക്കുന്നു. അതേ സമയം,വ്യക്തമായ പരിധികൾക്കുള്ളിൽ നിന്ന് സ്വതന്ത്രചിന്തക്കുള്ള അവസരം നാം നൽകുന്നു. അവരുടെ അടുക്കൽ ദീനിനെക്കാൾ പ്രാധാന്യം യുക്തിക്കാണ്. അവരുടെ ശാസ്ത്രധാർഷ്ട്യം മനുഷ്യൻ സ്വതന്ത്രശക്തിയുള്ളവനായ നിലയിലാണെന്ന് നോക്കിക്കാണുന്ന വിധത്തിലേക്ക് അവരെ ആക്കിത്തീർത്തു.

പതിമൂന്നാമത്തെ വ്യത്യാസം, നമ്മുടെ അടുക്കൽ മാതാപിതാക്കൾക്ക് കുട്ടിയുടെ മേൽ സംരക്ഷണബാധ്യത ഉണ്ട്. അവരുടെ അടുക്കലാകട്ടെ സന്താന പരിപാലന-സംരക്ഷണം അവർ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല, തനിക്കിഷ്ടമല്ലാത്ത രീതിയിൽ വളർത്തപ്പെട്ടാൽ മാതാപിതാക്കളെ പഴിക്കാനുള്ള പരിശീലനവും അവന് ലഭിക്കുന്നു. എൻറെ വിശദീകരണം കഴിഞ്ഞതോടെ രണ്ട് രക്ഷിതാക്കളും പറഞ്ഞു : ഞങ്ങളുടെ മകൻ്റെ പരിപാലന വിഷയത്തിൽ മറ്റുള്ളവരെ ആശ്രയിച്ചത് തന്നെ ഞങ്ങൾക്ക് പറ്റിയ പിഴവാണ്. അതോടെ ആ കൂടിക്കാഴ്ച ഭംഗിയായി അവിടെ അവസാനിക്കുകയും ചെയ്തു.

വിവ- ഫാത്വിമ വി.യു

Related Articles