Current Date

Search
Close this search box.
Search
Close this search box.

പാരന്‍റിംഗ് അഥവാ കുട്ടികളെ വളര്‍ത്തേണ്ട വിധം

നമ്മുടെ കുഞ്ഞുങ്ങളെ ശരിയായ വിധം വളര്‍ത്തി കൊണ്ട് വരുന്നതിന് ഇംഗ്ളീഷില്‍ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് പാരന്‍റിംഗ് അഥവാ കുട്ടികളെ വളര്‍ത്തേണ്ട വിധം. ഗര്‍ഭധാരണം മുതല്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ രക്ഷിതാക്കളുടെ സംരക്ഷണത്തിലും ശിക്ഷണത്തിലുമായിരിക്കണം കുട്ടികള്‍ വളരേണ്ടത്. അവരെ വളര്‍ത്തേണ്ട വിധം വളര്‍ത്തിയില്ലങ്കില്‍ കുട്ടികള്‍ വഴിപിഴക്കും. താളം തെറ്റും. വിദ്യഭ്യാസത്തെപ്പോലത്തെന്നെ കുട്ടികളുടെ ഭാവി കരുപിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് പാരന്‍റിംഗിനും നിര്‍വ്വഹിക്കാനുള്ളത്. ഉമ്മയെന്ന മടിത്തൊട്ടിലാണ് കുട്ടിയുടെ പ്രഥമ പാഠശാല.

അജഗണങ്ങളെ പരിപാലിക്കുന്ന ആട്ടിടയനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ? സമര്‍ത്ഥനായ ഒരു ആട്ടിടയന്‍ അജഗണങ്ങളുടെ എല്ലാവിധ ആവിശ്യങ്ങളും മനസ്സിലാക്കുകയും അത് അപ്പപ്പോള്‍ നിവര്‍ത്തിച്ച് കൊടുക്കുകയും ചെയ്യുന്നു. ആവശ്യമുണ്ടാകുമ്പോള്‍ അയാള്‍ മുന്നില്‍ നടന്ന് മാതൃക കാണിക്കും. അപകടങ്ങള്‍ ഉണ്ടായാല്‍ അതില്‍ നിന്ന് ആടുകളെ രക്ഷപ്പെടുത്തുന്നു. ആടിന്‍റെ വിഷമങ്ങളും ദുരിതങ്ങളുമെല്ലാം അയാള്‍ അതീവ ജാഗ്രതയോടെ തിരിച്ചറിയുന്നു. അജഗണങ്ങളെ പരിപാലിക്കുന്ന ഈ ആട്ടിടയനെ പോലെ, സമര്‍ത്ഥരായ രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളെ കൃത്യമായി വളര്‍ത്തുകയും ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു.

Also read: പ്രകൃതി, ശുചിത്വം, കുട്ടിക്കാലം

ഏത് ജോലിയില്‍ പ്രവേശിക്കുവാനും പരിശീലനം ആവിശ്യമാണ്. പ്രായോഗികമായും പുസ്തക പാരായണത്തിലൂടെയും കുട്ടികളെ വളര്‍ത്തുന്നതിനെ കുറിച്ച് പരിശീലനം നേടാവുന്നതാണ്. മുതിര്‍ന്നവരില്‍ നിന്ന് പുതുതായി കുഞ്ഞുങ്ങള്‍ ജനിക്കുന്ന ഉമ്മമാര്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നത് നമ്മുടെ അനുഭവമാണ്. ഗര്‍ഭസ്ഥ സ്ത്രീകള്‍ അത്തരം പുസ്തകങ്ങള്‍ വായിക്കുന്നു. പ്രസവാനന്തരം വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോവുന്ന കുട്ടികളെ വളര്‍ത്താന്‍ മികച്ച പരിശീലനങ്ങള്‍ ആവശ്യമാണ്.

മുളംന്തണ്ട് പോലെ
നീണ്ട വലിപ്പമുള്ള മുളംന്തണ്ട് പോലെയാണ് നമ്മുടെ പിഞ്ചുമക്കള്‍ എന്ന് പറയാം. ഒരു വിദഗ്ധന്‍റെ നൈപുണ്യം ഉപയോഗപ്പെടുത്തി ഈ മുളംന്തണ്ടിനെ ചെത്തിമിനുക്കിയാല്‍ ആഘര്‍ഷകമായ രാഗസ്വാരങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു വീണയായി അതിനെ കടഞ്ഞെടുക്കാം. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ മുളംന്തണ്ടില്‍ സംഗീത സ്വരങ്ങള്‍ ഉള്‍ചേര്‍ന്നിരിക്കുന്നു എന്ന് ആരും വിചാരിക്കുകയില്ല. അത് പോലെയാണ് നമ്മുടെ പിഞ്ചുമക്കള്‍. അവരുടെ മനസ്സിലും കൈവിരലുകളിലും മഷ്തിഷ്ക്കത്തിലും കുടികൊള്ളുന്ന വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ശരിയായ പാരന്‍റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്നേഹമാണഖിലസാരം എന്ന് കവി പാടിയത് പോലെ, നിര്‍ലോഭമായ സ്നേഹം സന്താനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയുന്നവരാകണം രക്ഷിതാക്കള്‍. മഹാനായ അലിയ്യ്ബ്നു അബീ താലിബ് പറഞ്ഞു: “അല്ലാഹു നമ്മുടെ ഹൃദയത്തില്‍ സ്നേഹം നിക്ഷേപിച്ചിരിക്കുന്നു. അതിനാല്‍ സ്നേഹിക്കുന്നവരോട് താങ്ങള്‍ എന്തിന് സ്നേഹിക്കുന്നു എന്ന് ചോദിക്കേണ്ടതില്ല.” മനുഷ്യ പ്രകൃതിയില്‍ സ്നേഹം അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ മഹദ് വചനം.

കുട്ടികളെ വളര്‍ത്തല്‍ ഒരു കലയും ശാസ്ത്രവുമാണ്. കുട്ടികളെ വളര്‍ത്തുന്നത് രക്ഷിതാക്കള്‍ക്ക് അവാച്യമായ ഒരു അനുഭൂതി നല്‍കുന്നതിനാല്‍ അത് കലയാണ്. കുട്ടികളെ വളര്‍ത്തുന്നതിന് യുക്തിബന്ധുരമായ രീതികളുണ്ടെന്നതിനാല്‍ അത് ശാസ്ത്രവുമാണ്. കലയും ശാസ്ത്രവും സമജഞസമായി സംയോജിപ്പിക്കേണ്ട മേഖലയാണ് പാരന്‍റിംഗ്. പ്രപഞ്ചത്തില്‍ കുട്ടികള്‍ക്ക് ജീവിക്കാനുള്ള പരിശീലനം നല്‍കലാണ് വിദ്യാഭ്യാസം. അവരില്‍ ശരിയായ വിശ്വാസം രൂഡമൂലമാക്കണം. നാളെ സമൂഹത്തോടൊപ്പം ജീവിക്കേണ്ടവരെന്ന നിലയില്‍ അവരില്‍ സാമൂഹ്യബാധം രൂപപ്പെടുത്തണം. തെറ്റ് ശരികളെ കുറിച്ച് അവരെ ബോധവല്‍കരിക്കണം.

Also read: നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

കുട്ടികളുടെ ഭൗതികമായ ആവശ്യങ്ങള്‍ നാം തന്നെയാണ് നിറവേറ്റികൊടുക്കേണ്ടത്. അതിന് അവര്‍ മറ്റുള്ളവരെ സമീപിക്കാന്‍ ഇടവരുന്നത് കൂടുതല്‍ അനര്‍ത്ഥങ്ങള്‍ സൃഷ്ടിക്കും. അനുസരണത്തിന്‍റെ മാഹാത്മ്യം അവരെ ബോധ്യപ്പെടുത്തണം. പ്രായത്തിനനുസരിച്ച് കുടുംബ കാര്യങ്ങളില്‍ അവരേയും പങ്കാളകളാക്കുകയും ചുമതലകള്‍ ഏല്‍പിക്കുകയും ചെയ്യണം. വീട്ടില്‍ വളര്‍ത്തി എടുക്കേണ്ട മഹത്തായ മൂല്യമാണ് കൂടിയാലോചന സംസ്കാരം. അത് ഐക്യത്തിന് കാരണവും നിരവധി വിളക്ക് കത്തിച്ചത് പോലുള്ള പ്രകാശപൊലിമ ലഭിക്കുകയും ചെയ്യും. അതിലൂടെ മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കുമിടയില്‍ സംവാദത്തിന്‍റെ ശൈലി രൂപപ്പെട്ട് വരുന്നതാണ്. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വിജയിക്കുന്ന കാലമല്ല ഇതെന്ന് മനസ്സിലാക്കിയായിരിക്കണം കുട്ടികളെ വളര്‍ത്തേണ്ടതെന്ന കാര്യം വിസ്മരിക്കരുത്.

Related Articles