Current Date

Search
Close this search box.
Search
Close this search box.

തർക്കിച്ച് തർക്കിച്ച് എന്റെ മകൻ സമ്പന്നനായി!

ഞാൻ പറയുന്ന കഥ കേട്ട് ഒരുപക്ഷേ വായനക്കാർ ആശ്ചര്യപ്പെടുന്നതായിരിക്കും. ഒരു ഉമ്മ പറഞ്ഞ കഥയാണത്; ‘എന്നോട് ധാരാളം തർക്കിക്കുകയും, വാദിക്കുകയും, ചർച്ച നടത്തുകയും ചെയ്യുന്നതിലൂടെ എന്റെ മകൻ കുട്ടിക്കാലത്ത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നോട് ഒരുപാട് തർക്കിച്ചുകൊണ്ടല്ലാതെ അവൻ എന്റെ സംസാരത്തിൽ സംതൃപ്തിയടഞ്ഞിരുന്നില്ല. അവൻ എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ പെട്ടെന്നുള്ള ഉത്തരം അവന് മതിയാകുമായിരുന്നില്ല. വിശദീകരണങ്ങളും വിശദാംശങ്ങളും നൽകികൊണ്ടല്ലാതെ, എത്രത്തോളമെന്നാൽ ഞാൻ അവനോട് ദേഷ്യപ്പെടുന്നതുവരെ അവൻ തർക്കിക്കുകയും വാദിക്കുകയും ചെയ്യുമായിരുന്നു. അവൻ എന്തെങ്കിലും താൽപര്യപ്പെടുകയാണെങ്കിൽ അവന്റെ ആവശ്യം ബോധ്യപ്പെടുത്തുകയും, ചർച്ച ചെയ്ത് ചെയ്ത് ഏത് വിധേനയും അത് നേടിയെടുക്കുന്നതുമായിരിക്കും. ഈയൊരു സ്വഭാവം എന്നെ വല്ലാതെ തളർത്തി. എന്നാൽ, കുട്ടിക്കാലത്തെ അസ്വസ്ഥപ്പെടുത്തുന്ന ഈ സ്വഭാവം വലുതാകുമ്പോൾ ഏതെങ്കിലുമൊരു ദിവസം അവനെ സമ്പന്നനാക്കാൻ കാരണമായി തീരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ചർച്ചയിലെ മികവും, സംസാരത്തിൽ മറ്റുള്ളവരെ ആകർഷിക്കാനുള്ള ശേഷിയും കാരണമായി അവന്റെ പ്രതിമാസ വരുമാനം വലിയ അളവിൽ വർധിച്ചു. നിക്ഷേപ കമ്പനിയിലെ ജോലി മൂലം അവന്റെ ശമ്പളം അധികരിക്കുകയും ചെയ്തു. ഇടപാടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിലും, കമ്പനിയുടെ ലാഭം വർധിപ്പിക്കുന്നതിലും ഏറ്റവും നല്ല ഉദ്യോഗസ്ഥനാകാൻ അവന് കഴിഞ്ഞുവെന്നതായിരുന്നു ഫലം.’

മക്കളുടെ കുട്ടിക്കാലത്തെ ശീലങ്ങൾ കൊണ്ട് അധിക മാതാപിതാക്കളും അസ്വസ്ഥരാണ്. കുട്ടികളുടെ ഇത്തരം ശീലങ്ങൾ മാതാപിതാക്കൾ ഗുണാത്മകമായി നിക്ഷേപിക്കുകയാണെങ്കിൽ അത് അവർക്ക് ഗുണം ചെയ്യുന്നതാണ്. രണ്ടു വയസ്സ് മുതൽ ആറു വയസ്സുവരെ കുട്ടികൾ ആഗ്രഹിക്കുന്നത് പെട്ടെന്ന് നെടിയെടുക്കാൻ ആഗ്രഹിക്കുന്നു. ചർച്ചയുടെ മര്യാദയും, കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശേഷിയും പഠിപ്പിച്ചുകൊടുത്താലല്ലാതെ ചർച്ച ചെയ്യുന്നതിനും സംസാരിക്കുന്നതിനുമുള്ള ശേഷി അവർ നേടിയെടുക്കുകയില്ല. ഭക്ഷണം കഴിക്കാൻ കുട്ടികൾ വിസമ്മതിക്കുമ്പോൾ അവരോട് നിങ്ങൾ പറയും; അഞ്ച് ഉരുള കഴിച്ച് കളിക്കാൻ പോകാം എന്ന്. ഈയൊരു രീതിയിലൂടെ നിങ്ങൾ അവരെ നല്ല വഴക്കമുള്ളവരാക്കുന്നതിനും, നന്നായി സംസാരിക്കുന്നതിനും, ചർച്ച ചെയ്യുന്നതിനും പരിശീലിപ്പിക്കുകയാണ്.

ഏഴ് വയസ്സ് മുതുൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾ മറ്റുള്ളവരോട് ഇടപഴകുന്നതിന്റെ അർഥം മനസ്സിലാക്കുന്നു. ജീവതമെന്നത് കൊടുക്കൽ വാങ്ങലുകളാണ്. എന്തെങ്കിലും സ്വീകരിക്കുന്നതിന് പകരം എന്തെങ്കിലും നൽകണമെന്നതാണത്. എന്നാൽ, പതിനൊന്ന് വയസ്സ് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളിൽ അധികപേരോടും രക്ഷിതാക്കൾ തർക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നു. ഈയൊരു സമയത്ത് മാതാപിതാക്കൾ മക്കളോട് ചർച്ച ചെയ്യുകയെന്നത് ശീലമായി സ്വീകരിക്കുന്നില്ലെങ്കിൽ കുട്ടികൾ അവരുടെ മാതാപിതാക്കളോടുള്ള ബന്ധം വിച്ഛേദിക്കുകയും അവരിൽ നിന്ന് അകലുകയും ചെയ്യുന്നതാണ്. കാരണം, കുട്ടികൾക്ക് മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുകയും, അവരോട് സംസാരിക്കുകയും, ചർച്ച ചെയ്യുകയും, വാദിക്കുകയും ചെയ്തുള്ള യാതൊരു അനുഭവവുമില്ല. അതിനാൽ, മാതാപിതാക്കൾ ഈയൊരു ഘട്ടത്തിൽ മക്കളുമായി ചർച്ച ചെയ്യുന്നതിന് പ്രാധാന്യം നൽകുകയും, വീട്ടിലെ ശിക്ഷണ നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ മക്കളെ പങ്കാളികളാകാൻ അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്.

മക്കളുമായി ചർച്ച നടത്തുന്നതിന്റെ ഫലം ഇണക്കമുള്ള പ്രവർത്തനങ്ങൾ കൊണ്ടുവരുന്നുവെന്നതാണ്. ഈയൊരു ശൈലിക്ക് ശിക്ഷണപരമായി ഒരുപാട് ഗുണപാഠങ്ങളുണ്ട്. ഒന്ന്, മാതാപിതാക്കൾക്കും മക്കൾക്കുമിടയിലെ ഏറ്റുമുട്ടൽ കുറയ്ക്കുന്നു. കാരണം ചർച്ചകൾ ഇരുഭാഗത്തിനും തൃപ്തികരമായ പരിഹാരങ്ങൾ കൊണ്ടുവരുന്നു. രണ്ട്, മക്കളോട് ചർച്ച ചെയ്യുമ്പോൾ അവരുടെ ആവശ്യങ്ങളെന്താണെന്ന് മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ കഴിയുന്നു. ഉദാഹരണമായി, ദിസസങ്ങളോളമായി മകൻ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും, നിർണിത സമയത്ത് അക്കാര്യത്തെ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്യുകയാണെങ്കിൽ മകനെ സംബന്ധിച്ചിടത്തോളം മൊബൈൽ എത്രത്തോളം ആവശ്യമാമെന്ന് രക്ഷിതാക്കൾക്ക് അറിയാനാകും. മൂന്ന്, ചർച്ചയും വഴക്കവും മാതാപിതാക്കളെ മക്കൾക്കിടയിലെ യോജിപ്പിന്റെയും പരസ്പരം ചേർത്തുനിർത്തുന്നതിന്റെയും പരിസരത്തേക്ക് കൊണ്ടുപോകുന്നു. ഇത് ശിക്ഷണപരമായ ബന്ധത്തിന് ശക്തിപകരുന്നു. നാല്, ആത്മവിശ്വാസം വളർത്തുകയും, മറ്റുള്ളവരോട് അനുകമ്പയോടെ വർത്തിക്കുന്നതിന് പാകപ്പെടുത്തുകയും ചെയ്യുന്നു. പിതാവ് തന്നെ വെറുക്കുന്നുവെന്ന തോന്നലില്ലാതെ മക്കൾക്കും, മറിച്ച് തന്റെ വാക്കുകളും, നിർദേശങ്ങളും സദാ കേൾക്കുന്നില്ലെന്നും ലംഘിക്കുന്നില്ലെന്നുമുളള വിചാരമില്ലാതെ പിതാവിനും ജീവിക്കാൻ കഴിയുന്നു.

ചർച്ച ചെയ്യുന്നതും സംവദിക്കുന്നതും കുട്ടികളെ വളരെയധികം സന്തോഷിപ്പിക്കുയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ഒരുപക്ഷേ ഈ ലേഖനം വായിക്കുന്ന രക്ഷിതാക്കൾക്ക് ആശ്ചര്യമായിരിക്കും. ചർച്ചയെന്ന അനുഭവമാണ് അവരെ അതിന്റെ മൂല്യം ബോധ്യപ്പെടുത്തുന്നത്. കുട്ടികളുടെ അഭിപ്രായം കേൾക്കുകയും, ബഹുമാനിക്കുകയും, ചില ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നത് അവരെ സന്തോഷിപ്പിക്കുകയും രക്ഷിതാക്കളോട് ചേർന്നുനിൽക്കുന്നവരാക്കി തീർക്കുകയും ചെയ്യുന്നതായിരിക്കും. രക്ഷിതാക്കൾ ഇക്കാര്യത്തിൽ രണ്ട് വിഭാഗമാണ്. ഒന്ന്, അധികാരം പ്രയോഗിക്കുന്ന രക്ഷിതാക്കൾ. രണ്ട്, തങ്ങളുടെ മക്കൾക്ക് അവർ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകുന്നവർ. എന്നാൽ ആദ്യത്തെയും രണ്ടാമത്തെയും വിഭാഗമാകരുത്. ചർച്ച ചെയ്യുന്നതിനും, വഴക്കമുള്ളവരാക്കുന്നതിനും കുട്ടികളെ ശീലിപ്പിക്കുകയാണ് വേണ്ടത്. ഇതിന് വിപരീതമായി, അധികാരം പ്രയോഗിക്കുന്നതിലൂടെ കുട്ടികളിൽ ധിക്കാരം ശീലമാവുകയും, പൂർണ സ്വാതന്ത്ര്യം നൽകുന്നതിലൂടെ വഞ്ചനയും, അഹങ്കാരവും, ധാർഷ്ട്യവും ശീലമാവുകയുമാണ് ചെയ്യുന്നത്. അതിനാൽ, മക്കളോടുള്ള നിങ്ങളുടെ ചർച്ച വിജയകരമാക്കുന്നത് ദേഷ്യത്തോടെ ധൃതികാണിച്ച് അവരോട് ചർച്ച ചെയ്യുമ്പോഴല്ല, മറിച്ച് അനുയോജ്യമായ സമയവും സന്ദർഭവും തെരഞ്ഞെടുത്ത് ചർച്ച ചെയ്യുമ്പോഴാണ്.

വിവ: അർശദ് കാരക്കാട്

Related Articles