Current Date

Search
Close this search box.
Search
Close this search box.

ദുഷിച്ച കൂട്ടുകെട്ടുകളിൽ അകപ്പെടുന്ന മക്കൾ

ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണ് കൗമാര കാലഘട്ടം. മാതാപിതാക്കളുടെ മാത്രം അഭിപ്രായങ്ങൾക്കും കൽപനകൾക്കും വിധേയപ്പെട്ട് ജീവിച്ചിരുന്ന ഒരു ഘട്ടത്തിൽ നിന്നും യുവത്വമെന്ന സർവ സ്വാതന്ത്രത്തിന്റെയും ഘട്ടത്തിലേക്കുള്ള പ്രവേശനമാണ് കൗമാരം. മറ്റാരെക്കാളും, പ്രത്യേകിച്ച് സ്വന്തം മാതാപിതാക്കളെക്കാളും മുമ്പ് സ്വന്തമായി ഒരു വ്യക്തിത്വവും അഭിപ്രായവുമെല്ലാം ഓരോരുത്തരും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന സമയമാണത്. ഈയൊരു ഘട്ടമെത്തുമ്പോൾ കൗമാര പ്രായക്കാർ സ്വാഭാവികമായും മാതാപിതാക്കളെ കേൾക്കാതെയും അവരുടെ കൽപനകൾക്ക് കീഴൊതുങ്ങാതെയും വരുമെന്നത് യാഥാർത്ഥ്യമാണ്. പലപ്പോഴുമത് തർക്കത്തിലേക്ക് വരെ ചെന്നെത്തിയേക്കാം.

പല ഗവേഷകരും കൗമാരത്തെ ആദ്യം, മധ്യം, ഒടുക്കമെന്ന് മൂന്ന് ഘട്ടമായി വേർതിരിക്കുന്നുണ്ട്. പന്ത്രണ്ടാം വയസ്സു മുതലാണ് ആദ്യ ഘട്ടത്തിന്റെ പ്രാരംഭം. ഇരുപത്തൊന്ന് വയസ്സുവരെ അത് നീണ്ടു നിൽക്കുകയും ചെയ്യും. ഈയൊരു ഘട്ടത്തിൽ പ്രായപൂർത്തിയാകുന്ന പ്രക്രിയ മൂലമുണ്ടാകുന്ന ജൈവപരമായ മാറ്റങ്ങളിലൂടെയും വ്യക്തിത്വ വികാസത്തിലൂടെയും താനൊരു യുവാവായിരിക്കുന്നുവെന്ന് അവന് സ്വയം തോന്നിത്തുടങ്ങും. താനൊരു പുരുഷനോ സ്ത്രീയോ ആയിത്തീർന്നുവെന്ന അവർ മനസ്സിലാക്കും. ഇതേസന്ദർഭത്തിൽ തന്നെ മുതിർന്നവരിൽ നിന്നും അവന് കിട്ടേണ്ട ബോധവൽകരണം പലപ്പോഴും ലഭിക്കാതെ പോകുന്നു. അത് അവരുടെയും മുതിർന്നവരുടെയും ഇടയിൽ അസ്വാരസ്യങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അത് സ്വന്തം കുടുംബത്തെക്കാളും തന്നെ മനസ്സിലാക്കുന്നതും തന്റെ സങ്കടങ്ങൾക്ക് കൂട്ടിരിക്കുന്നതും തന്റെ കൂട്ടുകരാണെന്ന ചിന്ത അവനിൽ രൂപപ്പെടുത്തിയെടുക്കുന്നു.(1)

മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തുന്നില്ലായെങ്കിൽ നിർഭാഗ്യകരമായ പ്രത്യാഘാതങ്ങളിലേക്കും പരിണിതഫലങ്ങളിലേക്കും എത്തിച്ചേർന്നേക്കാവുന്ന നിരവധി പ്രശ്‌നങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. മാതാപിതാക്കളുടെ വിളിക്കെല്ലാം ഉടനെത്തന്നെ മറുപടി നൽകുന്ന, മറ്റാരെക്കാളും മാതാപിതാക്കളെ മാത്രം വിശ്വസിക്കുന്ന കുട്ടികൾ പ്രായപൂർത്തിയാകുന്ന അവസരത്തിൽ ജീവിതത്തിന്റെ വളരെ പ്രധാനമായ ഒരു ഘട്ടത്തിലേക്കാണ് കടക്കുന്നത്. അവിടെയവർക്ക് സമൂഹത്തെ മുഴുവനും അഭിമുഖീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടി വരുന്നു. ശാന്ത സുന്ദരമായ ബാല്യകാല അന്തരീക്ഷത്തിൽ ജീവിച്ചിരുന്ന അവർക്ക് കലുഷിതമായേക്കാവുന്ന കൗമാര പ്രായവുമായി മാനസികമായും ശാരീരികവുമായും പൊരുത്തപ്പെടാൻ സാധ്യമാകേണ്ടതുണ്ട്. അവർ പുരുഷനോ സ്ത്രീയോ ആയിത്തീരുന്ന ഘട്ടമാണത്. ശാരീരികമായ വളർച്ചയുടെ സൂചനകൾ കണ്ടിട്ടും കൊച്ചുകുട്ടികളോട് പെരുമാറുന്നത് പോലെത്തന്നെ അവരോട് പെരുമാറുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

മുസ്ലിം ആൺകുട്ടിയായാലും പെൺകുട്ടിയായാലും വളരുന്നതോടെ ഓരേ പ്രായത്തിലൂടെ കടന്നുപോകുന്ന സുഹൃത്തുക്കളുമായു ചേരാനായിരിക്കും അവർ ശ്രമിക്കുക. അവരുടെ വളർച്ചയിൽ കൂട്ടുകാർക്ക് വലിയ പങ്കുണ്ടെന്നതിനാൽ തന്നെ ഓരോ കുട്ടിയുടെയും മാനസിക സാഹചര്യങ്ങളെക്കുറിച്ച് അവരെല്ലാം ബോധ്യവാന്മാരായിരിക്കും. അതിനാൽ തന്നെ യാതൊരു തടസ്സവുമില്ലാതെത്തന്നെ പരസ്പരം ഇടപഴകാൻ അതവരെ സഹായിക്കും.

ഉൾകൊള്ളലും തടയലും
ഓരോ കുട്ടിയെയും സംബന്ധിച്ചെടുത്തോളം, ഹോർമോണുകളുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവരുടെ ശരീരത്തിലും ചിന്തയിലുമെല്ലാം മാറ്റങ്ങൾ സംഭവിക്കും. അന്നേരം, ഭാവിയെക്കുറിച്ച ആശങ്കകളും ആകുലതകളും അവരെ അലട്ടും. അവരുടെ ചുറ്റുമുള്ള സാമൂഹിക ജീവിതവും കാഴ്ചപ്പാടുകളും അവരെ നന്നായി സ്വാധീനിക്കും. ഈ സന്ദർഭത്തിൽ അവരുടെ ജീവിത യാഥാർത്ഥ്യങ്ങളുമായി മാറുന്ന സാഹചര്യം പോരടിക്കുകയോ അതല്ലെങ്കിൽ അവർ കടന്നുപോകുന്ന പരിവർത്തന ഘട്ടത്തിന് അനുയോജ്യമായ അസന്തുലിതാവസ്ഥയിലും അരക്ഷിതാവസ്ഥയിലും പെട്ട് അവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടും. എന്നാൽ, ചിലപ്പോൾ അവർ അതിനെയെല്ലാം സമർത്ഥമായി മറികടക്കും.

സാങ്കേതികമായാലും ജീവിത ചുറ്റുപാടുകളുമായി ബന്ധപ്പെട്ടായാലും അവയിലൂടെയെല്ലാം കടന്നുപോകുന്ന കൗമാരക്കാരെ സംബന്ധിച്ചെടുത്തോളം അവനിൽ സ്വാഭാവികമായും ഉണ്ടായിത്തീരുന്ന ഒരു തോന്നലുണ്ട്. കൗമാര പ്രായത്തിലെത്തിയാൽ മാതപിതാക്കളിൽ നിന്നും അവർ വേർപ്പെടുത്തപ്പെടുന്ന പക്ഷം അവരുടെ ജീവിത സാഹചര്യങ്ങളോടും ആവശ്യങ്ങളോടും വികാരങ്ങളോടും ഒത്തിണങ്ങാൻ കഴിയുന്ന മറ്റു ചിലരെ അവർ അന്വേഷിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് അവർ കൂട്ടുകാരുടെ വലയത്തിൽ മാത്രമായിത്തീരുന്നത്. അവരോടൊത്തിരിക്കുമ്പോൾ തന്നെ മനസ്സിലാക്കുന്നവരോടൊപ്പമാണ് താനിരിക്കുന്നതെന്ന തോന്നൽ അവർക്കുണ്ടാകും. വൈയക്തികമായ രഹസ്യങ്ങൾ പരസ്പരം കൈമാറും. കുടുംബത്തെക്കുറിച്ച് പരസ്പരം സംസാരിക്കും. ചിലപ്പോൾ സ്വന്തം മാതാപിതാക്കളെ വരെ കൂട്ടുകാർക്ക് മുമ്പിൽ വെച്ച് വിമർശിക്കും.(2)

മാതാപിതാക്കൾ തങ്ങളുടെ മക്കളോട് ഇടപഴകുന്ന രീതിയിൽ വിവേകികളാകുന്നുവെങ്കിൽ ഒരുവിധ പ്രശ്‌നങ്ങളെയെല്ലാം അതിലൂടെ പരിഹരിക്കാനാകും. മക്കളെയും കൂടി ഉൾകൊള്ളുന്നൊരു ജീവിതാന്തരീക്ഷം വീട്ടിൽ ഉണ്ടാക്കിയെടുക്കുകയും അവരിൽ ഈമാനികമായ ആവേശം പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ കൈകൊള്ളുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെയും ബാധ്യതയാണ്. ഈയൊരു രീതിയിൽ മക്കളെ പോറ്റിവളർത്തുന്നുവെങ്കിൽ ആ മാതാപിതാക്കൾക്ക് വേണ്ടി അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കും. നമുക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ നമ്മുടെ വീട്ടുകാർ തന്നെയാണ്. ഇത്തരമൊരു പരിപാലന ശൈലിയിലേക്ക് കൂടി ദൈവികമായ ഈ സൂക്തം വിരൽചൂണ്ടുന്നു: ‘സയുക്തികമായും സദുപദേശപൂർവവും താങ്കൾ നാഥന്റെ വഴിയിലേക്ക് ക്ഷണം നിർവഹിക്കുകയും അത്യുദാത്ത ശൈലിയിൽ പ്രതിയോഗികളുമായി സംവാദം നടത്തുകയും ചെയ്യുക. തന്റെ പാന്ഥാവിൽ നിന്ന് മാർഗഭ്രംശം വന്നുപോയവരെക്കുറിച്ച് താങ്കളുടെ നാഥൻ നന്നായി അറിയുന്നവൻ തന്നെയത്രേ. സന്മാർഗപ്രാപ്തരെപ്പറ്റിയും അവൻ അതീവജ്ഞാനിയാണ്'(അന്നഹ്ൽ: 125).

മക്കളെ നേർവഴിയിൽ നടത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ തിരുനബി(സ്വ)യുടെ മാർഗനിർദ്ദേശം സ്വീകരിക്കുകയും അല്ലാഹുവിന്റെ കൽപനകളെ ശിരസ്സാവഹിക്കുകയും ചെയ്യേണ്ടതുണ്ട്. തന്റെ സ്വഫ്‌വത്തു തഫാസീർ എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് അലി അസ്സ്വാബൂനി ഈ ആയത്തിനെ വിശദീകരിക്കുന്നു: ഓ മുഹമ്മദ്, അല്ലാഹുവിന്റെ മതത്തിലേക്കും ശരീഅത്തിലേക്കും വിവേകപൂർവവും അവരിൽ സ്വാധീനമുണ്ടാക്കുന്ന തരത്തിൽ ദയയോടെയും സൗമ്യതയോടെയും ക്ഷണിക്കുക. ശാസനയോ ക്രൂരതയോ കഠിനതയോ അതിനായി നീ ഉപയോഗിക്കരുത്.(3)

എന്നിരുന്നാലും, ഈ രീതി ഉപയോഗിക്കുമ്പോൾ തന്നെ ചിലപ്പോൾ കണിഷ മനോഭാവം സ്വീകരിക്കേണ്ടി വരും. എന്നാലുമത് വാക്കാലുള്ള ശാസനക്കപ്പുറത്തേക്ക് പോകരുത്. അവരവരുടെ ജീവിതത്തിൽ അങ്ങേയറ്റം ഇഷ്ടപ്പെടുന്നവയല്ലാത്ത കാര്യങ്ങളിൽ നിന്നും അവരെ വിലക്കാം. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെ നഷ്ടപ്പെടുത്താത്ത രീതിയിൽ അവരെ തടയാം.

കൗമാരക്കാരുടെ സൂഹൃത്തുക്കളെ സംബന്ധിച്ചെടുത്തോളം, അവരിലുള്ള സുഹൃത്തുക്കളുടെ സ്വാധീനവും കണക്കിലെടുക്കുമ്പോൾ അത് ഒന്നുകൂടി ഭയാനാകമായ വിഷയമാണെന്ന് മനസ്സിലാക്കണം. മക്കൾ യുവത്വത്തിലേക്ക് കടക്കുന്ന സമയം സ്വന്തം കുടുംബങ്ങളിൽ നിന്നുതന്നെ അവന് അനുയോജ്യരായ സുഹൃത്തുക്കളെ മാതാപിതാക്കൾ അവന് തെരെഞ്ഞെടുത്ത് കൊടുക്കണം. ചില പ്രത്യേക സമയങ്ങളിൽ അവർക്ക് വേണ്ടി വീട്ടിൽ വിരുന്നൊരുക്കണം. അവരുടെ ദൈനംദിന ജീവിത സംഭവങ്ങൾക്ക് ചെവികൊടുക്കണം. മാതാപിതാക്കളെ വിമർശിച്ചാലും അതിന്റെ പേരിൽ ഉപേക്ഷിക്കാതിരിക്കണം. പകരം, അതിന്റെ പ്രശ്‌നത്തെക്കുറിച്ച അവരെ ബോധവനാന്മാരാക്കണം.

കൗമാരത്തിന്റെ ഘട്ടത്തിൽ, വിദ്യഭ്യാസ മാർഗങ്ങൾ അവർക്ക് വേണ്ട മാർഗനിർദേശവും ഉപദേശവും നൽകുന്നുണ്ടെങ്കിലും അതൊന്നും അതിന്റെ പരിപൂർണതയിലേക്ക് എത്തിച്ചേരില്ലെന്ന് നാം മറന്നുപോകരുത്. താർക്കികമായ വിഷയത്തിൽ അവരുമായി ചർച്ച ചെയ്യാൻ നാം തയ്യാറാകണം. അതിന്റെ ഫലമെന്താണെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ അവരുടെ കൂട്ടുകാരിലേക്കും അത് പകർന്നുകൊടുക്കാൻ നാം നിർദേശിക്കണം. അങ്ങനെ കൂട്ടുകാരെയും നന്മയുടെ പക്ഷത്ത് തന്നെ നിലയുറപ്പിച്ച് നിർത്താൻ ശ്രമിക്കണം.

കൗമാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കുട്ടികളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും വേഗത്തിൽ മനസ്സിലാക്കുന്നതിലൂടെ, അവരുടെ സ്വഭാവത്തെ മാറ്റിയെടുക്കാനും നന്മയിലേക്ക് വഴി തെളിച്ചുകൊടുക്കാനും നമുക്കാകും. അവരെയും അവരുടെ കൂട്ടുകാരെയും വീട്ടിലേക്ക് ക്ഷണിക്കുകയും നന്മകൊണ്ട് ഉപേദശിക്കുകയും ചെയ്യുക. അതിലൂടെ മാതൃകാ യോഗ്യരാക്കി അവരെ മാറ്റിയെടുക്കാനാകും. ഇതെല്ലാം മാതാപിതാക്കൾ അവരുടെ ഭാഗത്ത് നിന്ന് മക്കൾക്ക് ചെയ്തുകൊടുക്കേണ്ട കാര്യങ്ങളാണ്. മഹാനായ അംറ് ബ്‌നു ശുഐബ്(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: കുട്ടികളോട് കരുണ കാണിക്കാത്തവരും മുതിർന്നരുടെ മഹത്വം മനസ്സിലാക്കാത്തവരും നമ്മിൽ പെട്ടവരല്ല.(അബൂ ദാവൂദ്, തിർമുദി)(4)

അവലംബം:
1- ഡോ. ഉസാമ സഅദ് അബൂ സരീഅ്, സൗഹൃദത്തിന്റെ മനശ്ശാസ്ത്രം.
2- ഡോ. അബ്ദുൽ കരീം ബക്കാർ, കൗമാരക്കാരെ എങ്ങനെ മനസ്സിലാക്കാം, അവരെയെങ്ങനെ അഭിമുഖീകരിക്കാം, ദാറു വജൂഹ്, മൂന്നാം പതിപ്പ്, 2011.
3- മുഹമ്മദ് അലി അസ്സ്വാബൂനി, സ്വഫ്‌വത്തു തഫാസീർ, ദാറുൽ ഖുർആനിൽ കരീം, ബയ്‌റൂത്ത്. നാലാം പതിപ്പ്, 1981, 2/148.
4- അബൂ സക്കരിയ്യ യഹ്‌യ ബ്‌നു ശറഫ് അന്നവവി, രിയാളുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles