Current Date

Search
Close this search box.
Search
Close this search box.

സന്താനപരിപാലനത്തിലൂടെ സ്വര്‍ഗ്ഗം ഉറപ്പാക്കാം

മക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ഒന്ന് നിരീക്ഷിച്ചു നോക്കൂ. നിങ്ങള്‍ മൗനിയായി ഇരിക്കുകയാണോ? അവരെ നിരീക്ഷിക്കുകയാണോ? അല്ലെങ്കില്‍ നിങ്ങളുടെ ഫോണില്‍ സമയം ചെലവിടുകയാണോ? അതുമല്ലെങ്കില്‍ അവരുടെ സംസാരത്തിലും കളികളിലും പങ്കാളിയാവുകയാണോ? അവരുമായി സംവദിക്കുകയും സല്‍ഗുണ സമ്പന്നരായി അവരെ വളര്‍ത്തുന്നതിനുള്ള മുദ്രകള്‍ പതിപ്പിക്കുകയുമാണോ ചെയ്യുന്നത്? ഗുണപാഠങ്ങളുള്‍ക്കൊള്ളുന്ന ഒരു കഥയോ പ്രയോജനപ്രദമായ നിര്‍ദേശമോ ആകര്‍ഷണീയമായ ഒരു വിവരമോ പകര്‍ന്നു നല്‍കിക്കൊണ്ടായിരിക്കാം അത്. അതേ ചോദ്യം തന്നെ ഞാനൊരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. മക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തത്തെ നിരീക്ഷിക്കുക. കാരണം മക്കള്‍ നിങ്ങള്‍ക്കൊപ്പം വീട്ടിലുണ്ടാവുന്ന സമയം വളരെ പരിമിതമാണ്. അവര്‍ വലുതായാല്‍ നിങ്ങള്‍ കുടുംബത്തില്‍ നിന്നും പുറത്തുകടന്ന് പുതിയൊരു കുടുംബത്തിന് രൂപം നല്‍കിയത് പോലെ അവരും നിങ്ങളുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങും. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറ്റവും ഉത്തമമായ നിക്ഷേപം മക്കളില്‍ നിക്ഷേപിക്കുന്നതാണ്. നിങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുന്ന നന്മ ഒരിക്കലും പാഴാവുകയില്ല. ഇഹത്തിലും പരത്തിലും നിങ്ങള്‍ക്കത് ഉപകാരപ്പെടും. മക്കളെ സദ്‌വൃത്തരായി വളര്‍ത്തുന്നതിന്റെയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് പ്രവാചകന്‍(സ) ഉണര്‍ത്തിയിട്ടുണ്ട്. നബി(സ) പറയുന്നു: ‘ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന്‍ അത് ചെയ്യുന്നവനെ പോലെയാണ്.’

Also read: ദൈവ കാരുണ്യം ലഭിക്കാന്‍ പത്ത് കാര്യങ്ങള്‍ പതിവാക്കാം

മക്കള്‍ക്കൊപ്പമായിരിക്കുമ്പോള്‍ നിങ്ങള്‍ ആത്മനിരീക്ഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ സംസാരം സദാ നന്മയിലേക്കുള്ള നിര്‍ദേശങ്ങളായിരിക്കും. അവര്‍ ദേഷ്യപ്പെടുകയാണെങ്കില്‍ എങ്ങനെയാണ് ആത്മനിയന്ത്രണം പാലിക്കേണ്ടെന്ന് അവരെ പഠിപ്പിക്കാം. അവര്‍ ആരെയെങ്കിലും ചീത്തവിളിക്കുകയോ അടിക്കുകയോ ചെയ്യുന്നുവെങ്കില്‍ അത് ചീത്ത സ്വഭാവമാണെന്ന് അവരെ പഠിപ്പിക്കണം. അവര്‍ പഠനത്തില്‍ അശ്രദ്ധ കാണിക്കുകയാണെങ്കില്‍ പഠനത്തിന് അവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക. അവരുമായി ബന്ധുമിത്രാധികളെ സന്ദര്‍ശിക്കുമ്പോള്‍ അവരെ ആദരിക്കാനും അവരുടെ വാക്കുകള്‍ക്ക് ശ്രദ്ധയോടെ ചെവികൊടുക്കുന്നതിനും പഠിപ്പിക്കാം. ബാങ്ക് വിളിക്കപ്പെട്ടാല്‍ നമസ്‌കരിക്കാന്‍ അവരെ പ്രേരിപ്പിക്കാം. ഇത്തരത്തില്‍ നന്മകള്‍ അവര്‍ക്ക് കാണിച്ചു കൊടുത്ത് ഇഹത്തിലും പരത്തിലും അതിന്റെ ഫലം നേടാം. പരലോകത്ത് നിലക്കാത്ത പ്രതിഫലത്തിന് അര്‍ഹനാക്കുന്ന കാര്യമാണത്. പ്രവാചകന്‍(സ) പറയുന്നു: ‘ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിലക്കുന്നു, മൂന്ന് കാര്യങ്ങളൊഴികെ’. പ്രസ്തുത മൂന്ന് കാര്യങ്ങളിലൊന്നാണ് അവന്ന് വേണ്ടി പ്രാര്‍ഥിക്കുന്ന സദ്‌വൃത്തരായ മക്കള്‍. മക്കള്‍ സദ്‌വൃത്തരാവണമെങ്കില്‍ അവരെ നന്നായി വളര്‍ത്തണം. പിതാവ് മരണപ്പെട്ടാലും അദ്ദേഹം മക്കള്‍ക്ക് പകര്‍ന്നു നല്‍കിയ സല്‍പ്രവര്‍ത്തനങ്ങളിലൂടെ നന്മകള്‍ തുടരുന്നു. ഇങ്ങനെ സ്വര്‍ഗത്തില്‍ ഉയര്‍ന്ന പദവിക്ക് അര്‍ഹനാകുമ്പോള്‍ അതില്‍ ആശ്ചര്യപ്പെട്ടു കൊണ്ട് എവിടെ നിന്നാണ് ഈ കര്‍മങ്ങളെല്ലാം എനിക്ക് വന്നുചേര്‍ന്നതെന്ന് ചോദിക്കും. അപ്പോള്‍ അദ്ദേഹത്തോട് പറയപ്പെടും: ‘താങ്കളുടെ മകന്‍ താങ്കള്‍ക്ക് വേണ്ടി നടത്തുന്ന പാപമോചനത്തിന്റെ ഫലമാണിത്.’ മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാനും അവരോട് ക്രിയാത്മകമായി ഇടപെടാനും നമ്മെ പ്രോത്സാഹിപ്പിക്കുന്ന നബി തിരുമേനി(സ)യുടെ സന്തോഷവാര്‍ത്തയാണിത്.

Also read: തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില പൊടിക്കൈകള്‍

മക്കള്‍ക്കൊപ്പം സമയം ചെലവിടുകയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും നല്ല രീതിയില്‍ വളര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ നബി തിരുമേനി(സ)യുടെ സാമീപ്യം പ്രതീക്ഷിക്കാമോ എന്നതാണ് പ്രധാനമായ ചോദ്യം. സൃഷ്ടികളില്‍ അത്യുത്തമനായ പ്രവാചകന്‍(സ)യുടെ സാമീപ്യം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സന്താനപരിപാലനത്തിനായി സമയം മാറ്റി വെക്കൂ. നബി(സ) പറയുന്നു: ”ഒരാള്‍ രണ്ട് പെണ്‍മക്കളെ അല്ലെങ്കില്‍ മൂന്ന് പെണ്‍മക്കളെ, രണ്ട് സഹോദരിമാരെ അല്ലെങ്കില്‍ മൂന്ന് സഹോദരിമാരെ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ അല്ലെങ്കില്‍ അയാള്‍ അവരില്‍നിന്ന് മരിച്ചു പോകുന്നതുവരെ ചെലവുനല്‍കി പോറ്റിവളര്‍ത്തിയാല്‍ അയാളും ഞാനും സ്വര്‍ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും.” എന്നിട്ട് നബി(സ) തന്റെ നടുവിരലും ചൂണ്ടുവിരലും ഉയര്‍ത്തിക്കാണിച്ചു. സന്താനപരിപാലനത്തിന് ഇതിലും വലിയ എന്ത് സ്ഥാനമാണിനി നല്‍കാനുള്ളത്! മക്കള്‍ക്കൊപ്പം സമയം ചെലവിടുന്നതിന് എത്ര വലിയ പ്രതിഫലമാണ് മാതാപിതാക്കളെ കാത്തിരിക്കുന്നത്. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)ന് മുമ്പിള്‍ നടന്ന മനോഹരമായ ഒരു സംഭവമുണ്ട്. രണ്ട് പെണ്‍കുട്ടികളെയും എടുത്തുകൊണ്ട് ഒരു പാവപ്പെട്ട സ്ത്രീ അവരുടെ അടുക്കലെത്തി. ആഇശ(റ) അവര്‍ക്ക് മൂന്ന് കാരക്കകള്‍ നല്‍കി. രണ്ട് കുട്ടികള്‍ക്കും ഓരോ കാരക്ക നല്‍കി ആ ഉമ്മ മൂന്നാമത്തേത് തിന്നാനായി ഒരുങ്ങി. അപ്പോഴാണ് തന്റെ മക്കള്‍ ആ കാരക്കക്ക് വേണ്ടി കൊതിക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നിയത്. ഉടന്‍ ആ കാരക്കെ നെടുകെ ചീന്തി രണ്ട് മക്കള്‍ക്കുമായി നല്‍കി. അവരുടെ ആ സമീപനം ആഇശ(റ)നെ വളരെയേറെ ആകര്‍ഷിക്കുകുയം പ്രവാചകന്(സ) അത് വിവരിച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ഇക്കാരണത്താല്‍ അല്ലാഹു അവര്‍ക്ക് സ്വര്‍ഗം ഉറപ്പു നല്‍കിയിരിക്കുന്നു അല്ലെങ്കില്‍ നരകത്തില്‍ നിന്നവരെ മോചിപ്പിച്ചിരിക്കുന്നു.”

തന്റെ പെണ്‍മക്കള്‍ക്ക് ഒന്നര കാരക്ക നല്‍കിയതിന് പ്രതിഫലമായി സ്വര്‍ഗ്ഗം ഉറപ്പാക്കപ്പെട്ടുവെങ്കില്‍ അല്ലെങ്കില്‍ നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടുവെങ്കില്‍ സന്താനപരിപാലനത്തിനായി മാതാപിതാക്കള്‍ നീക്കിവെക്കുന്ന സമയത്തിന് എത്ര വലിയ പ്രതിഫലമാണുണ്ടായിരിക്കുകയെന്ന് ആലോചിച്ചു നോക്കൂ. അവരുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുകയും അവരുടെ ഭാവി ജീവിത്തില്‍ മൂല്യങ്ങളും സല്‍സ്വഭാവവും വളര്‍ത്തുന്നതിനും സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ഇടപെടലുകള്‍ മെച്ചപ്പെടുത്തുന്നതിനും പ്രാധാന്യം നല്‍കിയവരാണവര്‍. അവര്‍ക്ക് മഹത്തായ പ്രതിഫലവമാണെന്നതില്‍ സംശയമില്ല. റമദാനില്‍ നമസ്‌കരിക്കാനും ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനും ആളുകള്‍ മത്സരിക്കാറുണ്ട്. നരകത്തില്‍ നിന്ന് മോചനം ലഭിക്കാനും സ്വര്‍ഗത്തില്‍ ഇടം ലഭിക്കാനും നന്മകളില്‍ അവര്‍ മത്സരിക്കുന്നു. സന്താനപരിപാലനം ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കോ ജോലിക്കാര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഏല്‍പിച്ചു കൊടുക്കുന്നതിന് പകരം വീട്ടിലിരുന്ന് സന്താനപരിപാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നിങ്ങളെയര്‍ഹനാക്കുന്ന കാര്യമാണത്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles