മാതാപിതാക്കൾ മുഖേന കുട്ടികൾ പ്രയാസപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഒരു പുതിയ പ്രവണതയായി വളർന്നിരിക്കുന്നു. ഈ പ്രയാസപ്പെടുത്തലുകൾ രക്ഷിതാക്കൾക്ക് കുട്ടികളുടെ മേലുള്ള ഉത്തരവാദിത്തങ്ങളെ തുടർന്ന് വരുന്നതാണ്. നബി[സ] പറയുന്നു: നിങ്ങളെല്ലാവരും ഇടയന്മാരാണ് തന്റെ ആട്ടിൻ പറ്റത്തെ പറ്റി ഓരോരുത്തരും വിചാരണ ചെയ്യപ്പെടും. ഒരാൾക്ക് അസുഖം ബാധിച്ചാൽ പേടിച്ചു കൊണ്ട് ആ അസുഖത്തെ മറച്ചുവെക്കുന്നത് ബുദ്ധിയല്ല. അത് അവന്റെ ശരീരത്തിൽ മൊത്തമായി രോഗത്തെ പടർത്തും. അവസാനം അവനെ മരണത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. സമൂഹത്തിന്റെ അസുഖത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയും ഇപ്രകാരം തന്നെയാണ്. അതിനെ പരിഗണിക്കാതിരുന്നാൽ സമൂഹത്തിന്റെ ഘടനയെയും ദൃഢതയെയും അത് ബാധിക്കും. സമൂഹത്തിൽ വല്ല ദുർവൃത്തികളും വ്യാപിച്ചതായി കണ്ടാൽ സ്വഹാബത്തിനെ വിളിച്ചുകൂട്ടി നബി(സ) ഇപ്രകാരം പറയുമായിരുന്നു, ഇതെല്ലാം ചെയ്തുകൂട്ടുന്ന ജനങ്ങളുടെ അവസ്ഥയെന്താണ്. ഇതു പറഞ്ഞ് കാര്യത്തിന്റെ ഗൗരവത്തിലേക്ക് ജനശ്രദ്ധ തിരിക്കുകയും പരിഹാരമാർഗ്ഗം നിർദ്ദേശിക്കുകയും ചെയ്യും. പെരുമാറ്റത്തിന്റെ തുറന്ന വശവുമായി നമ്മൾ വർത്തിക്കണം. ഇത് നിർബന്ധമാണ് അല്ലെങ്കിൽ നിഷിദ്ധമാണ് അനുവദനീയമാണ് തെറ്റാണ് ന്യൂനതയാണ് എന്നു പറഞ്ഞ് സന്ദർഭങ്ങളെ അഭിമുഖീകരിക്കരുത്. സമൂഹത്തിന്റെ അവസ്ഥയിലേക്ക് നാം ഒന്ന് ആഴ്ന്നിറങ്ങണം, അപ്പോഴാണ് അതിന്റെ യഥാർത്ഥ രൂപം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അവിടെയാണ് തുറന്ന സമീപനം നമുക്ക് സാധ്യമാകുന്നതും.
സന്താന പീഡനത്തിന്റെ മുഖങ്ങൾ
പെരുമാറ്റത്തിലുള്ള വിവേചനമാണ് സന്താനങ്ങളോട് കാണിക്കുന്ന ഒന്നാമത്തെ വിശ്വാസ വഞ്ചന. മാതാപിതാക്കൾ ചില സന്താനങ്ങളെ മാത്രം നന്നായി സ്നേഹിക്കുകയും അത് അവരുടെ പെരുമാറ്റത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു.ഇത് മറ്റു കുട്ടികളിൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള ഈർഷ്യതക്ക് കാരണമാകുന്നു. ചിലരോട് മാത്രമുള്ള പ്രത്യേക സ്നേഹത്തെ നമുക്ക് നിഷേധിക്കാനൊക്കില്ല. പ്രവാചകൻ യഅ്ഖൂബ് മകനായ യൂസുഫ് നബിയെ യൂസുഫിന്റെ മറ്റു സഹോദരന്മാരെക്കാളേറെ സ്നേഹിച്ചിരുന്നു. ഇതുതന്നെയാണ് യൂസഫിനെതിരെയുള്ള വധശ്രമത്തിലേക്കും അദ്ദേഹത്തെ കിണറ്റിലെറിയുന്നതിലേക്കും അവരെ നയിച്ച കാര്യവും . ബുദ്ധിമുട്ടുകൾ സംഭവിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് യഅ്ക്കൂബ് നബി ആ സ്നേഹത്തെ പ്രകടിപ്പിക്കുമായിരുന്നില്ല. യൂസഫ് നബി പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് മുന്നിൽ സാഷ്ടാംഗം നമിക്കുന്നത് സ്വപ്നം കണ്ട കാര്യം പിതാവിനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. കുഞ്ഞുമോനെ നിന്റെ സ്വപ്നം ഒരിക്കലും നീ നിന്റെ സഹോദരരോട് പറയരുത് .അവർ നിനക്കെതിരെ തന്ത്രം പ്രയോഗിചേക്കാം. നിശ്ചയം പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രു തന്നെയാണ്. ഉപദേശത്തിന് ശേഷം യഅ്ക്കൂബ് നബി സ്വപ്നത്തെ യൂസുഫ് നബിക്ക് വ്യാഖ്യാനിച്ചു കൊടുത്തു.സ്വപ്ന വ്യാഖ്യാനം സഹോദരരറിഞ്ഞാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് യഅ്ഖൂബ് നബി പൂർണ ധാരണയിലായിരുന്നു. അതുകൊണ്ട് തന്നെയാണ് പരമ പ്രധാനനമായതിനെ അദ്ദേഹം പ്രധാനമായതിനേക്കാൾ തന്റെ ഉപദേശത്തിൽ മുന്തിച്ചത്. അതായത് ആദ്യമായി സഹോദരങ്ങളെ സ്വപ്നവ്യാഖ്യാനം അറിയിക്കാതിരിക്കാൻ ഗുണദോഷിച്ചു. പിന്നീടാണ് യൂസുഫ് നബിക്ക് സ്വപ്നത്തെ വ്യാഖ്യാനിച്ചു കൊടുത്തത്
മനസ്സിനോട് പോരാടി ജയിക്കാൻ നമുക്ക് സാധിക്കണമെന്നില്ല. സ്നേഹത്തെ തുല്യമായി വിഹിതം വെക്കുന്നതിലും നാം വിജയിക്കണമെന്നില്ല. പക്ഷേ ലൗകികമായ കാര്യങ്ങളിൽ നാം മക്കൾക്കിടയിൽ കഴിവിന്നു പരമാവധി നീതി നടപ്പാക്കുക തന്നെ വേണം. ദാനധർമ്മങ്ങൾ, പുഞ്ചിരി,ചുംബനങ്ങൾ എന്നിവയെ ലൗകികമായ കാര്യങ്ങളിൽ ഉൾപ്പെടുത്താം. ഒരു പിതാവ് തന്റെ ഒരു മകനു മാത്രം നൽകിയ ഹദിയയുടെ മേൽ പ്രവാചകനോട് സാക്ഷി നിൽക്കാൻ അഭ്യർത്ഥിച്ചപ്പോൾ അവിടുന്ന് നിരസിച്ചുകൊണ്ട് പറഞ്ഞു: അനീതിക്കു മേൽ ഞാൻ സാക്ഷി നിൽക്കുകയില്ല. ഒരു കുട്ടിയോട് മറ്റേ കുട്ടിയേക്കാൾ സ്നേഹം തോന്നിയെന്ന് വരാം പക്ഷേ അവ ഹൃദയത്തിൽ ഒതുക്കണമെന്ന് മാത്രം. അല്ലാഹുവേ ഞാൻ ഉടമപ്പെടുത്തിയതിൽനിന്നുള്ള എന്റെ ഓഹരിയാണിത് ഞാൻ ഉടമപ്പെടുത്താത്ത നീ ഉടമപ്പെടുത്തിയ കാര്യങ്ങളിൽ നീ എന്നെ അധിക്ഷേപിക്കരുത് നാഥാ.
പെരുമാറ്റരീതി
മതപരമായ ചില കാര്യങ്ങളിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളോട് കാണിക്കുന്ന കാർക്കശ്യമാണ് ദീനിന്റെ പരമോന്നതതലമെന്നാണ് ചില രക്ഷിതാക്കൾ ധരിച്ചുവച്ചിരിക്കുന്നത്. പക്ഷേ തങ്ങളുടെ മക്കളുടെ അവകാശത്തിൽ അവർ വീഴ്ച വരുത്തിയിരിക്കുന്നു.ചില പ്രവർത്തനങ്ങൾ കാരണമായി തങ്ങളുടെ മക്കളെ തെമ്മാടികൾ എന്നും വഴി പിഴച്ചവർ എന്നും നിങ്ങൾ കളി തമാശക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നും പറഞ്ഞ് പലപ്പോഴും കുട്ടികളെ കുറ്റപ്പെടുത്തുന്നു. പലപ്പോഴും കുട്ടികൾ ഹറാമല്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കൂടി അവ ഹറാമാണെന്ന് വരുത്തിത്തീർക്കുന്നു. ഇത്തരത്തിലുള്ള പീഡനങ്ങൾ കുട്ടികളെ ദുർഘടാവസ്ഥയിലേക്ക് നയിച്ചേക്കാം.കാരണം മാതാപിതാക്കളുടെ കാർക്കശ്യം മക്കളിലും തുടർന്നു വന്നേക്കാം. തങ്ങളുടെ മക്കൾ ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ വേണം. വ്യത്യസ്ത തലമുറകളെ കുറിച്ചും അവരുടെ ജീവിത സ്വാധീനങ്ങളെ കുറിച്ചും അവയെ കൊണ്ടുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മാതാപിതാക്കൾ ഉദ്‌ഭുദ്ധരായിരിക്കണം. ഇതുകൊണ്ട് തന്നെയാണ് തെറ്റ് തിരുത്തുന്നതിൽ പ്രവാചകന്റെ ശൈലി ഉത്തമമായത്.
ഒരിക്കൽ ഒരാൾ വ്യഭിചാരത്തിന് അനുമതി തേടിക്കൊണ്ട് പ്രവാചക സന്നിധിയിൽ ഹാജറായി. ഇത് കേട്ട സ്വഹാബത്തിന്ന് ദേഷ്യം വന്നു. അവർക്ക് അദ്ദേഹത്തെ പിടിച്ച് ശിക്ഷിക്കാൻ തോന്നി. പക്ഷേ പ്രവാചകൻ അദ്ദേഹത്തെ ചേർത്തുനിർത്തി, ഹൃദയത്തിൽ തറക്കുന്ന ചില ചോദ്യങ്ങൾ ചോദിച്ചു : നിന്റെ ഉമ്മയെ ആരെങ്കിലും വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ അദ്ദേഹം പറഞ്ഞു: ഇല്ല നബിയേ.ജനങ്ങൾ അവരുടെ ഉമ്മമാർ വ്യഭിചരിക്കുന്നത് തൃപ്തികരമായി കാണുന്നില്ല എന്ന് പ്രവാചകൻ പ്രതിവചിച്ചു.
പിന്നെ ചോദിച്ചു, നിന്റെ പെങ്ങൾ വ്യഭിചരിക്കുന്നതോ ഇല്ല എന്ന് അയാൾ മറുപടി പറഞ്ഞു സഹോദരി വ്യഭിചരിക്കുന്നത് ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന് പ്രവാചകൻ പറഞ്ഞു . ഇങ്ങനെ അദ്ദേഹത്തിന്റെ കുടുംബത്തിലെ സ്ത്രീകളെ കുറിച്ചെല്ലാം പ്രവാചകൻ ചോദിച്ചു ശേഷം അദ്ദേഹത്തിന്റെ നെഞ്ചിൽ കൈവെച്ചു കൊണ്ട് സന്മാർഗ ലബ്ധിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇതിനുശേഷം ആ വ്യക്തി പ്രവാചക സന്നിധിയിൽ വിട്ടത് ഇപ്രകാരം പറഞ്ഞു കൊണ്ടാണ്. അല്ലാഹുവാണ് സത്യം പ്രവാചകരേ ഇതിനുമുമ്പ് വ്യഭിചാരത്തെക്കാൾ എനിക്ക് പ്രിയമുള്ളതായി മറ്റൊന്നുമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ വ്യഭിചാരത്തെക്കാൾ എനിക്ക് ദേഷ്യമുള്ളതായി വേറൊന്നും തന്നെയില്ല. മക്കളിലെ വെറുക്കപ്പെട്ട വല്ല പ്രവർത്തനങ്ങളും മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നു എങ്കിൽ അത് ഉപേക്ഷിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഏറ്റവും നല്ല മാർഗ്ഗം അവർ തമ്മിലുള്ള സംഭാഷണമാണ്. ഇനിയൊരു പ്രവർത്തനം ചെയ്യാനാണെങ്കിലും തഥൈവ.
ഏകാധിപത്യമല്ല വേണ്ടത് : തങ്ങൾക്ക് മാത്രമാണ് എല്ലാ അധികാരങ്ങളും, മക്കൾ എപ്പോഴും തെറ്റിലാണ് എന്നുള്ള ധാരണയുടെ മേലുള്ള മാതാപിതാക്കളുടെ പ്രവർത്തനങ്ങൾ കുട്ടികളെ പീഡിപ്പിക്കുന്നതിൽ പെട്ടതാണ്. ഇത്,തന്റെ മാതാപിതാക്കളോട് തനിക്ക് സംസാരിക്കാനൊക്കുകയില്ലെന്നും അവർ തങ്ങളോട് ദുഷിച്ച രീതിയിലേ പെരുമാറൂ എന്നുമുള്ള ചിന്തയും കുട്ടിയിൽ വരുത്തിത്തീർക്കുന്നു. ഇത് മാതാപിതാക്കൾക്കും മക്കൾക്കുമിടയിൽ വലിയ അകലങ്ങൾ സൃഷ്ടിക്കുന്നു.
മക്കളുടെ അഭിപ്രായങ്ങളെ മാനിക്കലും അവരെ കേൾക്കലും അവരുമായി സംസാരിക്കലും അവരെ തൃപ്തിപ്പെടുത്തലും നല്ല ശിക്ഷണത്തിന്റെ വഴികളാണ്. തെറ്റ് സംഭവിക്കാത്ത മാലാഖമാരൊന്നുമല്ല മാതാപിതാക്കൾ. ഇന്നാലിന്ന സന്ദർഭത്തിൽ ഞാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിക്കൽ കൊണ്ട് കുട്ടികൾക്കു മുന്നിൽ തങ്ങൾക്കുണ്ടായിരുന്ന വില നഷ്ടപ്പെടുമെന്നവർ ചിന്തിക്കേണ്ടതില്ല. ആദ്യമുണ്ടായത് തകർന്നാൽ തന്നെ ഉറച്ച പർവ്വതം കണക്കിന് പിന്നീടത് അവരുടെ മനസ്സിൽ ശക്തിപ്പെടും, തെറ്റുകൾ സമ്മതിക്കുന്ന ശീലം മക്കളിൽ വളർന്നു വരികയും ചെയ്യും. അതു മുഖേന ജീവിതത്തിൽ അവർക്ക് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുമാകും. അഭിപ്രായത്തിലുള്ള ഏകാധിപത്യം സന്താന പീഡനങ്ങളിൽ പെട്ടതുതന്നെ.പ്രത്യേകിച്ച്, അഭിപ്രായം കുട്ടികളുമായി ബന്ധപ്പെട്ടതാണെങ്കിൽ, പെൺകുട്ടിയുടെ ഇഷ്ടമില്ലാതെ അവളെ കല്യാണം കഴിപ്പിക്കുന്നത് അവയിൽ ഏറ്റവും അപകടം പിടിച്ചതാണ്. ഒരിക്കൽ ഒരു യുവതി പ്രവാചക സന്നിധിയിൽ വന്നു, തന്റെ ബന്ധുവിന്ന് തന്റെ പിതാവ് തന്നെ കല്യാണം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചതും അതുവഴി ഔന്നിത്യം നേടാൻ ഉദ്ദേശിച്ച കാര്യവും തിരു നബിയോട് പരാതിപ്പെട്ടു. നബി ആ വിവാഹം അനുവദിച്ചു നൽകിയില്ല. തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തനിക്കാണ് എന്നറിഞ്ഞപ്പോൾ ആ യുവതി പറഞ്ഞു : എന്റെ പിതാവ് കണ്ടെത്തിയ ആളെ കൊണ്ട് ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു ഈ കാര്യത്തിൽ അഭിപ്രായം എടുക്കാനുള്ള സ്വാതന്ത്ര്യം പിതാവിനല്ല എന്ന് എന്റെ ശേഷമുള്ള തലമുറയെ അറിയിക്കലായിരുന്നു എന്റെ ഉദ്ദേശം . പെൺകുട്ടികളുടെ തൃപ്തി വളരെ പ്രധാനമാണ് എന്നുള്ളതിന്ന് പിതാക്കൾക്കൊരു പാഠമാണീ ചരിത്രസംഭവം.
ബലപ്രയോഗമായവർക്ക് തോന്നുകയാണെങ്കിൽ അവർക്കത് നിരസിക്കാം. പിതാവിന്റെ യോജിപ്പിനെകാൾ പ്രസക്തി അവളുടെ യോജിപ്പിന്നാണ്,കാരണം അതവളുടെ ജീവിതമാണ് അയാളുടേതല്ല, അദ്ദേഹമാണ് അവളുടെ രക്ഷാധികാരി എന്നനിലയിൽ അയാളുടെ യോജിപ്പും അത്യാവശ്യം തന്നെ.
മക്കളുടെ സർവ്വ കാര്യങ്ങളിലും കയറി ഇടപെടുന്നതും പീഡനത്തിന്റെ മാനം തന്നെയാണ്.പിതാവ് ഇഷ്ടപ്പെടാത്ത കാര്യത്തെ വിലക്കലും ഈ ആധിപത്യത്തിൽ പെടുന്നത് തന്നെ.ഇതിനെല്ലാം എത്രയും പെട്ടെന്ന് അറുതി വരുത്തേണ്ടിയിരിക്കുന്നു.
പുറത്തെ പെരുമാറ്റം
അന്യരുമായുള്ള ബന്ധങ്ങളും ഈ പീഡനത്തിൽ പെട്ട പ്രധാന കാര്യമാണ്. വിവാഹിതരായ ഒരുപാടുപേർ മറ്റു സ്ത്രീകളുമായി അവിഹിത ബന്ധം പുലർത്തുന്നവരാണ്. അത് ഹറാമാണെന്ന് മാത്രമല്ല സന്താന ശിക്ഷണത്തിനേയും ഇത് മോശമായി ബാധിക്കുന്നു. ചില സമയങ്ങളിൽ ഈ ബന്ധങ്ങൾ കുട്ടികൾ കണ്ടുപിടിക്കുന്നു. അതോടെ പിതാവിനെക്കുറിച്ച് അവർക്കുണ്ടായിരുന്നു ഇമേജുകളും തകരുന്നു. അത് അവരെ വളരെ മോശമായി ബാധിക്കുകയും അവിഹിത ബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. കാരണം ശിക്ഷണത്തിന്റെ അഭാവം പിതാക്കളിലെ സ്വഭാവത്തിന്റെ അടയാളങ്ങൾ കുട്ടികളിലും പ്രകടമാക്കുന്നു. ഇത്തരം ബന്ധങ്ങൾ തീർച്ചയായും വെളിച്ചത്തു കൊണ്ടു വരണം. ഒന്നുകിൽ അവകൾ ഹലാലാക്കണം അല്ലെങ്കിൽ അവ പാടെ ഉപേക്ഷിക്കണം. നീ ഹറാമിനെ സൂക്ഷിക്കുക എങ്കിൽ നീ ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല ആബിദാകും എന്നുള്ള പ്രവാചകവചനം എത്ര സാര സമ്പൂർണ്ണമാണ്.
കാര്യങ്ങളുടെ ആന്തരിക വശങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ ബാഹ്യ വശങ്ങൾ മാത്രം പരിഗണിക്കുന്നതും ഈ പീഡനത്തിൽ പെട്ടതു തന്നെയാണ്. സന്താനങ്ങൾക്ക് ഭക്ഷണവും പാനീയവും എത്തിച്ചു കൊടുക്കലാണ് തങ്ങളുടെ കർത്തവ്യം എന്നാണ് ചില രക്ഷിതാക്കൾ കരുതിയിരിക്കുന്നത്. അവരുടെ മക്കൾ നല്ല നിലയിൽ ജീവിക്കാൻ വേണ്ടി അവർ യാത്രകൾ പോകുന്നു ഇത് വലിയ കുഴപ്പമുള്ള കാര്യമൊന്നുമല്ല പക്ഷേ കാര്യങ്ങളുടെ നാനാ വശങ്ങളെകുറിച്ചും ധാരണ വേണം
യാത്ര അവനു വേണ്ടത് തന്നെ.ഭാര്യയെയും മക്കളെയും വിട്ട് യാത്രക്കൊരുങ്ങുന്നതിന്ന് മുമ്പ് ദമ്പതികൾക്കിടയിൽ നല്ല ചർച്ചകൾ നടന്നിരിക്കണം. ഇത് എങ്ങനെ മക്കളെ സ്വാധീനിക്കും എന്ന് മനസ്സിലാക്കണം. സമ്പാദിക്കാൻ വേണ്ടി നാടുവിടുന്നവരുണ്ട്. അപ്പോൾ ഭാര്യ അവളുടെ ഭാഗം കൃത്യമായി നിർവഹിക്കുകയും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു.യാത്രയിലൂടെ സ്വന്തം കുട്ടികളെ നഷ്ടപ്പെടുന്നവരുണ്ട്. ചിലർക്ക് മക്കളുടെ കൂടെ ഭാര്യമാരെ പോലും നഷ്ടപ്പെടുന്നു. ആത്മാവിനെയും ശരീരത്തെയും കുടിയൊഴിപ്പിക്കുന്നത് യാത്രയുടെ വലിയ അപകടം തന്നെയാണ്. മക്കളെയും കൂട്ടി മറ്റൊരിടത്തു പോകുമ്പോൾ അവിടെ പലപ്പോഴും ഇഹത്തിനുവേണ്ടി പരം വിൽക്കപ്പെടുന്നുണ്ട്.
ഒരു യഥാർത്ഥ സംഭവം പറയട്ടെ ഒരു അറേബ്യൻ യുവാവ് വേനൽക്കാലം ചെലവഴിക്കാൻ തന്റെ കുടുംബത്തെയും കൂട്ടി യൂറോപ്പിലേക്ക് തിരിച്ചു. കളി വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടായിരുന്നു അവർ രാത്രികൾ ചെലവഴിച്ചിരുന്നത്. അവിടെ എല്ലാവർക്കും പൂർണസ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു.നമ്മുടെ ധാർമികതയോടും മത ബോധത്തോടും നിരക്കാത്ത സിനിമകളും കാണാം.ഒരിക്കൽ അവിടത്തെ മകൾ ഒരു അറബിക് ചാനൽ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുകാലമായി അവർ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം അവൾ കേൾക്കാനിടയായി. ഹറമിലെ ബാങ്കായിരുന്നു അത്. അവളുടെ സത്വമുണർന്നു അവൾ പിതാവിനോട് ദേഷ്യത്തോടെ പറഞ്ഞു: എന്തിനാണ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നത്. ഞങ്ങളുടെ ദീൻ നഷ്ടപ്പെടുത്താനാണോ താങ്കൾ ഉദ്ദേശിച്ചിരിക്കുന്നത്? ഈ സംഭവത്തിനുശേഷം ഉൽബുദ്ധനായ പിതാവ് അവരെയും കൊണ്ട് നാട്ടിലേക്ക് മടങ്ങുകയാണുണ്ടായത്
ചില ആളുകൾ സമ്പത്ത് പെരുപ്പിക്കുന്നു, പക്ഷേ ബുദ്ധിമാന്മാർ സന്താനങ്ങളെയാണ് പെരുപ്പിക്കുന്നത്. പാവങ്ങൾക്ക് എത്രയെത്ര മക്കളാണുള്ളത്. അവർ മക്കൾക്ക് നല്ല ശിക്ഷണം നൽകുകയും ചെയ്യുന്നു. പ്രതാപമോ ദാരിദ്ര്യമോ ഇതിന്ന് നിദാനങ്ങളല്ല. ഇതിന്റെ നിദാനങ്ങൾ ചെലവഴിക്കലും ശിക്ഷണവുമാണ്. അവസാനമായി പറയട്ടെ, വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒരു സാമൂഹിക രോഗം തന്നെയാണിത്.
അതിനെതിരെ എല്ലാ ശക്തികളും നമുക്ക് പ്രയോഗിക്കാം. പണ്ഡിതർക്ക് ഇതിനെപ്പറ്റി ജുമുഅയുടെ ഖുതുബകളിലും പഠന ക്ലാസുകളിലും സംസാരിക്കാം. അത് റേഡിയോ കളിലൂടെയും ടിവി ഷോകളിലൂടെയും സംപ്രേഷണം ചെയ്യാം. പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള രചനകളെക്കാളും ഒരുപക്ഷേ ഇവകൾ ഉപകാരപ്പെട്ടേക്കാം. ഈ വിഷയങ്ങളെ കുറിച്ചുള്ള നോവലുകളെ സിനിമയായും സീരീസുകളായും ചിത്രീകരിക്കാം. അങ്ങനെ നാം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കുന്നു . മീഡിയയുടെ സാനിധ്യം മുഖേന ജനങ്ങൾക്കിടയിലുണ്ടാകുന്ന സ്വാധീനത്തിന്റെ കാര്യത്തിൽ സംശയമില്ലല്ലോ. പ്രത്യേകിച്ച് നമ്മൾ ജീവിക്കുന്ന ഈ നവ കാലഘട്ടത്തിൽ വാർത്താവിനിമയങ്ങൾ മുഖേന സ്വാധീനങ്ങൾ നാഗരികതകൾ തോറും കൈമാറ്റം ചെയ്യപ്പെടുകയാണ്.
വിവ. മുഹ്സിന ഖദീജ