Current Date

Search
Close this search box.
Search
Close this search box.

ലുക്ക്മാന്‍ അരുളുന്ന സാരോപദേശങ്ങള്‍

മഹത്തായ സാരോപദേശങ്ങളാണ് ലുക്ക്മാന്‍(അ) തന്റെ കുഞ്ഞിന് നല്‍കുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള ഉന്നത മൂല്യബോധമാണ് ലുക്ക്മാനി(അ)ലൂടെ പ്രസരിക്കുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോഴും സംസ്‌ക്കരിക്കുമ്പോഴും അനുപേക്ഷണീയമായി സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളാണവ. ജ്ഞാനിയായ അദ്ദേഹത്തിന്റെ പേര് പരിശുദ്ധ ഖുര്‍ആന്‍ ശാശ്വതമാക്കുന്നതിലൂടെ ഉന്നതമായ സ്ഥാനമാണ് കല്‍പിക്കപ്പെടുന്നത്. ജ്ഞാനം സമ്മാനിക്കുകയും പേര് പരിശുദ്ധ ഖുര്‍ആനിലെ ഒരു അധ്യായത്തിന് നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ ശ്രേഷ്ട പദവി നല്‍കി അദ്ദേഹത്തെ ആദരിക്കുകയാണ്.

ദൃഢമായ വിശ്വാസവും ശരിയായ ആരാധനയും സംശുദ്ധമായ സ്വഭാവവുമാണ് ലുക്കമാന്‍(അ) തന്റെ കുഞ്ഞിന് ആദ്യമായി പകരുന്നത്. ഈ മൂന്ന് സവിശേഷമായ വിശേഷണങ്ങളിലൂടെയാണ് നിര്‍ബന്ധമായും കുഞ്ഞുങ്ങള്‍ വളരേണ്ടത്. ലുക്കമാന്‍(അ) തന്റെ കുഞ്ഞിനോട് പറയുന്നു: നീ അല്ലാഹുവുമായി ആരെയും പങ്ക് ചേര്‍ക്കരുത്, ഫര്‍ദുകളില്‍(നിര്‍ബന്ധമായ) പ്രധാന്യമുള്ള നമസ്‌ക്കാരം ഉപേക്ഷിക്കരുത്, മോശപ്പെട്ട സ്വാഭാവങ്ങള്‍ വെടിയുക.
അല്ലാഹുവുമായി പങ്ക് ചേര്‍ക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് ലുക്ക്മാന്‍(അ) ഉപദേശങ്ങള്‍ തുടങ്ങുന്നത്. നീ അല്ലാഹുവുമായി ആരെയും പങ്ക് ചേര്‍ക്കരുത്(ലുക്ക്മാന്‍:13). ഏറ്റവും അപകടം നിറഞ്ഞതും കൊടിയ ശിക്ഷക്ക് കാരണമാകുന്നതുമാണ് ശിര്‍ക്ക്. തീര്‍ച്ചയായും ശിര്‍ക്ക് വലിയ അക്രമം തന്നെയാകുന്നു(ലുക്ക്മാന്‍:13). അല്ലാഹുവിന് വകവെച്ച് നല്‍കേണ്ടത് അവന് മാത്രം വകവെച്ച് നല്‍കുക. മുശ്‌രിക്കുകളായ ആളുകള്‍ നരകത്തിലെറിയപ്പെടുമ്പോള്‍ അവരുടെ ഖിന്നത ബോധിപ്പിക്കുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവാണ് സത്യം! നിങ്ങള്‍ക്ക് ലോക രക്ഷിതാവിനോട് തുല്യത കല്‍പിക്കുന്ന സമയത്ത് ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരിന്നു(ശുഅറാഅ്:9798).

അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ബോധ്യത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നതില്‍ അധികമാളുകളും അശ്രദ്ധരാണ്. എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു (ലുക്ക്മാന്‍:16). അധിക രക്ഷിതാക്കളും കുഞ്ഞുങ്ങളെ പേടിപ്പിക്കാറുളളത് ‘ഞാന്‍ നിനക്ക് കാണിച്ച് തരാം’ എന്ന് പറഞ്ഞുകൊണ്ടാണ്. ‘നിന്നെ നിരീക്ഷിച്ച് കൊണ്ട് നിന്റെ പിറകിലുണ്ട് ഞാന്‍’ എന്ന് പറഞ്ഞും രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ഭയപ്പെടുത്താറുണ്ട്. ഇത് തെറ്റായ രീതിയിലുള്ള ശിക്ഷണമാണ്. അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ് ഓരോ അടിയും ചവിട്ടുന്നതെന്ന ധാരണ പകര്‍ന്ന് കൊണ്ടാണ് കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്. അല്ലാഹു കാണുമെന്ന വിചാരമാണ് തെറ്റില്‍ നിന്ന് പിന്തിരിയാനുള്ള ഏക ഏകമെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?(അല്‍ അലക്ക്:14). കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ അറിയുന്നു(ഗാഫിര്‍:19). ആധുനിക കാലത്തെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കുഞ്ഞുങ്ങളെ ഓര്‍മപ്പെടുത്തേണ്ടത് ഇപ്രകാരത്തിലായിരിക്കണം. മോശപ്പെട്ടത് കാണുന്നതില്‍ നിന്നും കേള്‍ക്കുന്നതില്‍ നിന്നും അതാണവരെ കൂടുതല്‍ തടഞ്ഞ് നിര്‍ത്തുക.

ഉയര്‍ന്ന ധാര്‍മിക മൂല്യങ്ങള്‍ പഠിപ്പിച്ചു കൊണ്ടാണ് കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ വളര്‍ത്തേണ്ടത്. എന്‍ന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത് (ലുക്ക്മാന്‍:17). ഒരു പഴഞ്ചൊല്ലുണ്ട്, ‘നീ അവനെ വിളിച്ചില്ലങ്കില്‍ അവന്‍ വിളിക്കപ്പെടും’. അഥവാ, സത്യത്തിലേക്ക് വിളിച്ചില്ലെങ്കില്‍ തെറ്റിലേക്ക് വിളിക്കപ്പെടും എന്നതാണത്. ഉന്നതമായ മൂല്യങ്ങളില്‍ വളരുന്ന ഒരുവന്‍ ആ സമയം തന്നെ നന്മയിലേക്കുള്ള വിഴിയിലായിരിക്കും ഉണ്ടാവുക എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

വിവ.അര്‍ശദ് കാരക്കാട്‌

Related Articles