Current Date

Search
Close this search box.
Search
Close this search box.

നന്മ പൂക്കുന്ന വീടകങ്ങൾ

ദൈവം തമ്പുരാൻ നമുക്ക് നൽകിയ മഹത്തരമായ അനുഗ്രഹങ്ങളിൽ ഏറ്റവും മികച്ചതാണു വീട്. മനുഷ്യരുണ്ടായ കാലം തൊട്ടേ  സ്ഥിര താമസത്തിനായി ഉണ്ടാക്കിയെടുക്കുന്ന നിർമ്മിതിയാണു വീട് .  അത് പ്രകൃതിയുടെ പലതരം മാറ്റങ്ങളായ മഴയിൽനിന്നും വെയിലിൽ നിന്നും   മാത്രമല്ല ഉപദ്രവകാരികളായ വിവിധതരം ജീവികളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്നു . മെച്ചപ്പെട്ട ആരോഗ്യപരിപാലനത്തിലൂടെയും സംസ്ക്കാരത്തിലൂടെയും അവനവന്റെ വിശ്വാസ കാഴ്ചപ്പാടിലൂടേയും തന്റെ ഭാവി തലമുറകളെ ചിട്ടയിൽ വളർത്തിയെടുക്കാനുള്ള സൗകര്യവും കൂടിയുള്ള ഒരു കൂടാണു വീട്. അത് ഗുഹാവാസത്തിൽ നിന്ന് തുടങ്ങി ഇന്നത്തെ കോൺക്രീറ്റ് സൗധങ്ങളിൽ വരെ എത്തി നിൽക്കുന്നു.

ബഹളമില്ലാത്ത ഇടങ്ങളിലേക്ക് പോകാൻ ഇഷ്ടമില്ലാത്തവർ ആരാണ്. سكن എന്ന പദമാണിവിടെ ഖുർആൻ ഉപയോഗിച്ചിരിക്കുന്നത്. അത് പോലെ നമുക്ക് സൂറ അൻകബൂത്ത് സൂക്തം 41 ഇൽ കാണാം അല്ലാഹുവിനെ കൂടാതുള്ളവരെ രക്ഷകരായി വരിക്കുന്ന ജനമുണ്ടല്ലോ, അവർ ചിലന്തിയെപ്പോലെയാകുന്നു. അതൊരു വീടുണ്ടാക്കി. വീടുകളിലേറ്റം ദുർബലമായത് ചിലന്തിയുടെ വീടാണല്ലോ. കഷ്ടം! ഇവർ അറിഞ്ഞിരുന്നുവെങ്കിൽ. ഈ സൂക്തത്തെ നമ്മൾ മനസ്സിലാക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാം  ചിലന്തിയുടെ നിസ്സഹായാവസ്ഥയും പര്യവാസാനവും എങ്ങിനെയാണെന്ന് . ചിലന്തി വീടൊരുക്കി കുഞ്ഞുങ്ങൾ ഉണ്ടായി ക്കഴിഞ്ഞാൽ ആൺ ചിലന്തിയെ പെൺ ചിലന്തി കൊലപ്പെടുത്തുമെന്നും ചിലന്തിക്കുഞ്ഞുങ്ങൾ വളർന്ന് വലുതായാൽ അമ്മച്ചിലന്തിയെ മക്കൾ എല്ലാവരും ചേർന്ന് വധിക്കുമെന്നും പഠനങ്ങളിലൂടെ നാം മനസ്സിലാക്കുന്നു. വീടുകളിൽ വെച്ച് ഏറ്റവും ദുർബലമായ വീട് ചിലന്തിയുടേതാണെന്ന പ്രയോഗം ഇന്ന് എത്രയോ അർഥവ്യാപ്തി ഉള്ള സമകാലിക ലോകത്താണു നാമിന്നുള്ളത് . ഭാര്യ ഭർത്താവിനേയും മക്കൾ അമ്മമാരേയും പല പ്രശ്നങ്ങളുടെ പേരിൽ ഇല്ലായ്മ ചെയ്യുന്ന ഈ കാലത്ത് വീടകം എങ്ങിനെയുള്ളതാകണം എന്ന് നാം ചിന്തിക്കേണ്ടിയിരുക്കുന്നു.

ഭൂമിയിൽ നമുക്ക് അല്ലാഹു നൽകിയ സ്വർഗമാണു വീട്. ആ വീടിനെ സ്വർഗ്ഗവും നരകവും ആക്കി മാറ്റുന്നത് ആ വീട്ടിൽ വസിക്കുന്നവരാണ്. ആ വീട്ടിലെ ഓരോ അംഗങ്ങളും പറയുന്ന വാക്കുകൾ മറ്റ് അംഗങ്ങൾ കേൾക്കുമ്പോൾ അത് മാതൃകാപരമാണോ എന്ന് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീട്ടിനുള്ളിലെ ഓരോ ചലനങ്ങളും ഇസ്ലാം നിഷ്ക്കർഷിച്ചത് പോലെ ആകുമ്പോൾ അവിടം ഒരു ദീനീ പരമായ കുടുംബം രൂപപ്പെട്ട് വരുന്നു. അതിലെ പ്രധാനപ്പെട്ടവയാണു ആരാധനാ കാര്യങ്ങൾ . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമസ്ക്കാരവും ഏത് തരം പ്രശ്നങ്ങൾക്കും പരിഹാരമാകുന്ന ഒരു പ്രായോഗിക പരിപാടിയാണ് സംഘടിതമായ നമസ്‌കാരം.

പുരുഷന്മാർ പള്ളിയിൽ വെച്ച് നമസ്ക്കരിക്കുമെങ്കിലും വീട്ടിലുള്ളപ്പോൾ തന്റെ ഇണയോടും മക്കളുമൊത്ത് സംഘടിതമായി നമസ്‌കരിക്കുന്നത് ഏറെ ​ഗുണം ചെയ്യും. തോളോടു തോളും കാലോടു കാലും ചേർത്തുള്ള സ്വഫ്ഫ് ശരിയാക്കൽ പോലും ഒരു ആത്മബന്ധം നമുക്ക് പകരുന്നു. എല്ലാവരും ദൈവത്തിലേക്ക് ഉന്മുഖരായി. അവരുടെ നേതാവിനെ തുടർന്ന് നമസ്‌കാരം ആരംഭിക്കുന്നു. ‘നിങ്ങൾ മറ്റുള്ളവരോട് കരുണ കാണിക്കുക, നിങ്ങൾ കരുണ ചെയ്യപ്പെടും. മറ്റുള്ളവർക്ക് പൊറുത്തുകൊടുക്കുക, നിങ്ങൾ പൊറുക്കപ്പെട്ടവരായേക്കും’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. തഹജ്ജുദ് നമസ്ക്കാരത്തിനായ് തന്റെ ഇണയെ വിളിച്ചുണർത്താനും വിസമ്മതിക്കുന്നുവെങ്കിൽ അവളുടെ മുഖത്ത് വെള്ളം തെളിക്കാനും മറിച്ചും അങ്ങനെ ചെയ്യാനും തിരുനബി (സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത്തരം ചെയ്തികളിലൂടെ ഏത് പിണക്കവും ഇണക്കമായ് മാറി ദമ്പതികൾ ഒരുമിച്ച് നമസ്‌കരിച്ച് പ്രാർത്ഥനയിൽ മുഴുകുമ്പോൾ അവിടം സ്വഗ്ഗമായി മാറുന്നു . നന്മ പൂക്കുന്നിടമായ് മാറുന്നു.
മാസത്തിൽ ഒരു തവണയെങ്കിലും കൃത്യമായി കൂടുന്ന ഗൃഹയോഗങ്ങൾ പല തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായി മാറുന്നു. വീട്ടിലെഎല്ലാ അംഗങ്ങളും ഒരു മേശക്ക് ചുറ്റുമിരുന്ന് അവരുടെ ആരാധനകളെ പറ്റി , ഭാവി കാര്യങ്ങളെ പറ്റി കുടുംബ ബജറ്റിനെ പറ്റി വീട് നിർമ്മാണത്തെ പറ്റി തന്റെ കയ്യിലുള്ള വരവിനെയും ചെലവുകളെയും പറ്റിയെല്ലാം ചർച്ച ചെയ്ത് ഭാവികാര്യങ്ങൾ തീരുമാനിക്കുമ്പോൾ അവിടെ അറിഞ്ഞ് പെരുമാറുവാൻ ഓരോ വ്യക്തികൾക്കും കഴിയുന്നു .

കുടുംബം വലുതാകുന്നതനുസരിച്ച് ചെലവുകളിൽ വരുന്ന കൂടലുകളിൽ പരിഹാരം കാണാനും അവർക്ക് കഴിയുന്നു. ആരോടും കാര്യങ്ങൾ കൂടിയാലോചിക്കാതെ ഓരോ കാര്യങ്ങൾ ചെയ്ത് കൂട്ടി അവസാനം കടത്തിനു മേൽ കടമായി ജീവിതം ദുസ്സഹമാകുമ്പോൾ മറ്റുള്ളവരോട് പ്രശ്നങ്ങളെ പറ്റി വ്യാകുലപ്പെട്ട് സംസാരിച്ചിട്ട് കാര്യമില്ല.

കുടുംബ ബന്ധം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വിശിഷ്ടമായ അടയാളമായാണ്. ‘സത്യവിശ്വാസികൾ പറയും. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ഞങ്ങൾക്കു നീ പ്രദാനം ചെയ്യേണമേ, ഞങ്ങളെ നീ ഭക്തന്മാർക്ക് മാതൃകയാക്കുകയും ചെയ്യേണമേ’. (അൽ ഫുർഖാൻ 74). സ്വർഗത്തിന്റെ വിശേഷണങ്ങൾ അല്ലാഹു പറയുമ്പോഴും പരിചയപ്പെടുത്തിയത് കുടുംബവുമായിട്ടുള്ള സ്വർഗീയ ജീവിതത്തെയാണ്. അവിടെ ഇണകളും മക്കളും മാതാപിതാക്കളും ചേർന്ന ജീവിതമെന്നാണ് ഖുർആൻ പറയുന്നത്.

കുടുംബമില്ലാത്ത ജീവിതം സ്വർഗത്തിലില്ല എന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്വർഗീയജീവിതത്തിന്റെ ഒരു കൊച്ചുപതിപ്പാണ് ദുനിയാവിലെ കുടുംബജീവിതം. കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്നത് നാം പലയിടങ്ങളിൽ കേട്ടതും വായിച്ചതുമാണു. ആ ഇമ്പം നമ്മൾ ആസ്വദിക്കുന്നത് നമ്മുടെ വീടകങ്ങളിൽ നിന്നാകണം.

ഈ‌ഭൂവിൽ അല്ലാഹു മനുഷ്യനെ സൃഷ്ട്ടിച്ചു. ആണിനേയും പെണ്ണിനേയും. പുരുഷനും സ്ത്രീയും മക്കളും മാതാപിതാക്കളും പരസ്പരം കടമകൾ പങ്കിട്ട് ജീവിക്കുമ്പോൾ അവിടം മനോഹരമായി മാറുന്നു. വികാരങ്ങൾ പങ്കുവയ്ക്കുന്നു. വീടായിരിക്കണം പൊതുയിടങ്ങളെക്കാൾ എതൊരാൾക്കും സമാധാനവും സ്വസ്ത്ഥതയും നൽകുന്നത്. ഒരാൾക്ക് തന്റെ ജോലിത്തിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയാൽ അവനവിടെ സ്വസ്ത്ഥ ലഭിക്കണമെങ്കിൽ ആദ്യം വീടകം സ്വസ്ത്ഥതയുള്ളതാകണം. നമ്മുടെ ഏറ്റവും വലിയ പരീക്ഷണകേന്ദ്രവും വീടുകൾ തന്നെയാണ്. ഏതൊരു വ്യക്തിയുടെയും യഥാർഥരൂപം പ്രകടമാകുന്നത് അവിടെയാണല്ലോ . മുജാദല സൂറത്തിന്റെ തുടക്കമായ ‘ഖദ് സമിഅ’ യിലൂടെ വീടിന്റെയുള്ളിലെ രഹസ്യങ്ങൾ അല്ലാഹു ശ്രദ്ധിക്കുന്നു എന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും . വീടിന്റെയുള്ളിൽ സൂക്ഷ്മജീവിതം നയിക്കുന്നവൻ പുറംലോകത്തും പരിശുദ്ധനായിരിക്കും.

ചിലർ സമൂഹത്തിൽ മാന്യനാകും. മറ്റുള്ളവരെ സഹായിക്കുവാനും സേവനം ചെയ്യുവാനും അവൻ മുൻപന്തിയിലുണ്ടാകും. എന്നാൽ വീട്ടിനുള്ളിൽ തന്റെ ഇണയേയും മക്കളേയും അവൻ ശ്രദ്ധിക്കുന്നുണ്ടാവില്ല. അവിടം ഒരിക്കലും സ്വർഗ്ഗമായി മാറണമെന്നില്ല. കുടുംബത്തിൽ തഖ്‌വയുണ്ടാക്കാനുള്ള അല്ലാഹുവിന്റെ ആഹ്വാനം ശ്രദ്ധിച്ചാൽ നമുക്കറിയാം “നിങ്ങൾ നിങ്ങളുടെ ശരീരത്തെയും കുടുംബത്തെയും നരകത്തെ തൊട്ട് സൂക്ഷിക്കുക.” പൂർവീകരായ മഹാന്മാർ വീടുകൾക്കുള്ളിൽ സൂക്ഷ്മജീവിതം നയിച്ചവരായിരുന്നു. ഉള്ളത് കൊണ്ട് തൃപ്തിയോടെ ജീവിതം നയിച്ചവരായിരുന്നു. കുടുംബാംഗങ്ങൾക്കിടയിൽ അവർ തഖ്‌വയുടെ പാഠങ്ങൾ പകർന്നു നൽകിയിരുന്നു. നബി (സ)പറഞ്ഞു ‘മനുഷ്യന്റെ ഭൗതിക സൗഭാഗ്യങ്ങളാണ് മൂന്നു കാര്യങ്ങൾ. നല്ല വീട്, നല്ല ഇണ, നല്ല വാഹനം’. ഇതിൽ പറയുന്ന നല്ല വീട് എന്നാൽ കടത്തിനു മേൽ കടം വാങ്ങി ആളുകളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള വീടുണ്ടാക്കുക എന്നതല്ല. അത് പോലെ ലോൺ എടുത്ത് വാഹനം വാങ്ങി വീടിന്റെ മുന്നിൽ പ്രദർശിപ്പിക്കുക എന്നതുമല്ല . നല്ല ഇണയെന്നാൽ തന്റെ സ്റ്റാറ്റസ് കീപ്പ് ചെയ്ത് ജീവിക്കുന്ന ഒരു മോഡേൺ വനിതയുമല്ല . മറിച്ച് അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നവയായിരിക്കണം എന്ന് ചുരുക്കി മനസ്സിലാക്കാം.

വീടകം നന്മ നിറഞ്ഞതാകുമ്പോൾ അവിടം താമസിക്കുന്നവരുടെ മനസ്സകവും നന്മ നിറഞ്ഞതായി മാറുന്നു. വീട്ടിലെ അന്തരീക്ഷവും സ്വസ്ഥതയും മനുഷ്യന്റെ സംസ്ക്കാരം വിളിച്ചോതും. വീട്ടിലെ നല്ല പാതിക്കും മക്കൾക്കും സ്വസ്ത്ഥത നൽകാത്ത ഒരാളെ സമൂഹം അം​ഗീകരിക്കണമെന്നില്ല. പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ നമ്മുടെ ഇടയിലേക്ക് കടന്ന് വരാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. റമദാനിന്റെ ഉദ്ദേശ്യമായ തഖ് വയും അല്ലാഹു തന്റെ അടിമകൾക്ക് നൽകുന്ന പുണ്യങ്ങളും നേടിയെടുക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളത്രെ വീടുകൾ. നന്മ നിറഞ്ഞ വീടകം സ്വർഗ്ഗ തുല്യമാണ്. അവിടുത്തെ ആളുകളുടെ മനസ്സകം സ്വർഗ്ഗീയാരാമത്തിനു തുല്യവും.

Related Articles