Current Date

Search
Close this search box.
Search
Close this search box.

വിദ്യഭ്യാസ വൈകല്യങ്ങള്‍

വിദ്യഭ്യാസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ നാം നമ്മുടെ സമൂഹത്തിന്റെയും വരും തലമുറയുടെയും ഭാവിയെക്കുറിച്ചാണ് സംസാരിക്കുന്നത്. നല്ല വിദ്യഭ്യാസം നേടുന്ന തലമുറ സുശക്തവും ധാര്‍മ്മികവും സംസ്‌കാര സമ്പന്നവുമായ ഒരു സമൂഹം ആയിത്തീരും. എന്നാല്‍, വിദ്യഭ്യാസ വൈകല്യങ്ങള്‍ അടിവേരറുത്ത ഭദ്രതയില്ലാത്ത സമൂഹമായിരിക്കും അക്ഷര വിദ്യഭ്യാസമില്ലാത്തവരോ ദുഷിച്ച വിദ്യഭ്യാസം നേടിയവരോ ആയ ഒരു തലമുറയുടെ നേട്ടം.
‘പിതാവ് ശീലമാക്കും വഴിയെ
വളരും മകനും യുവാവായ്’
പ്രവാചകന്‍ മുഹമ്മദ് (സ്വ) പറഞ്ഞു: ‘ഉത്തമമായ മര്യാദയെക്കാള്‍ സ്രേഷ്ഠമായതൊന്നും ഒരു പിതാവും മകന് നുകര്‍ന്ന് കൊടുക്കുന്നില്ല’. ‘ഒരു പിതാവ് തന്റെ മകനെ മര്യാദ പഠിപ്പിക്കുന്നതാണ് മറ്റുള്ളവര്‍ക്ക് ഒരു സ്വാഅ്(അറേബ്യന്‍ അളവ്) സ്വദഖ കൊടുക്കുന്നതിനേക്കാള്‍ സ്രേഷ്ഠം’.

വിദ്യഭ്യാസവും പരിപാലനവും തമ്മിലുള്ള വ്യത്യാസം

സമകാലിക അറബ് കുടുംബങ്ങളെല്ലാം മക്കള്‍ക്ക് വിദ്യഭ്യാസം നല്‍കുന്നതിന് പകരം പരിപാലിക്കുകയാണ് ചെയ്യുന്നത്. രണ്ടിനിടയിലും വലിയ അന്തരമുണ്ട്. തത്വങ്ങള്‍, മൂല്യങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവ ആര്‍ജ്ജിച്ചെടുക്കുന്നതിലും പെരുമാറ്റച്ചട്ടങ്ങള്‍ നന്നാക്കിയെടുക്കുന്നതിലും വിദ്യഭ്യാസത്തിനുള്ള പങ്ക് വലുതാണ്. പരിപാലനത്തെ സംബന്ധിച്ചെടുത്തോളം, വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം, ഗൃഹപാഠങ്ങള്‍, നൈപുണ്യം, താല്‍പര്യങ്ങള്‍ തുടങ്ങിയവയാണ് അതിന് കീഴില്‍ വരുന്നവ. ശാരീരിക വളര്‍ച്ച പ്രധാനം തന്നെയാണ്. എന്നാല്‍ മാനസികവും ബൗദ്ധികവും ആത്മീയവുമായ വളര്‍ച്ചയോട് ചേര്‍ത്ത് നോക്കുമ്പോള്‍ ശാരീരിക വളര്‍ച്ച ഒന്നുമല്ല. അങ്ങനെയെങ്കില്‍, നല്ലൊരു പൗരനെ വളര്‍ത്തിയെടുക്കുന്നതിലും അവരില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിലും നമ്മുടെ കുടുംബങ്ങളുടെ സ്ഥാനമെന്താണ്? ആത്മാവിലേക്ക് നോക്കുകയും അതിനെ സല്‍ഗുണ സമ്പന്നമാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. കാരണം, ആത്മാവിനാലാണ് നാം മനുഷ്യരാകുന്നത്, ശരീരത്താലല്ല.

Also read: ദാരിദ്ര്യനിർമാർജനത്തിന്റെ ബദൽ മാർഗങ്ങൾ

വിദ്യഭ്യാസത്തിന്റെ പ്രാധാന്യം

ചിലര്‍ തങ്ങളുടെ മക്കളിലേക്ക് നോക്കി, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം അവന്റെ ബുദ്ധി വളര്‍ന്നിട്ടില്ലെന്ന് പറഞ്ഞ് അവരെ തഴയുന്നത് അവരുടെ ബൗദ്ധികവും ആത്മീയവുമായ വളര്‍ച്ചയെ അവഗണിക്കലാണ്. വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിന്റെയും മൂല്യവത്താക്കുന്നതിന്റെയും സുപ്രധാന ഘട്ടം കുട്ടിക്കാലമാണ്. കുട്ടികള്‍ക്ക് നിരന്തരവും ഗൗരവതരവും ചിന്തനീയവുമായ വിദ്യഭ്യാസം ലഭിക്കേണ്ട കാലമാണത്. കാരണം, ആ ഘട്ടങ്ങളില്‍ കുട്ടി തനിക്ക് കരസ്ഥമാകുന്ന കാര്യങ്ങളൊക്കെയും മനസ്സില്‍ സൂക്ഷിച്ച് വെക്കാന്‍ ശ്രമിക്കും. ആറു വയസ്സുള്ള ഒരു കുട്ടിക്ക് 5000 പദാവലികള്‍ പഠിക്കാന്‍ സാധിക്കുന്നിടത്ത് മുതിര്‍ന്ന ഒരു വിദ്യാര്‍ത്ഥിക്ക് വെറും 150 പദങ്ങള്‍ മാത്രമേ പഠിക്കാനാകുന്നൊള്ളൂ എന്ന കേവല ജ്ഞാനം മതി അതിനെക്കുറിച്ച് നാം ബോധവാന്മാരാകാന്‍.

വിദ്യഭ്യാസ വൈകല്യത്തിന്റെ രീതികള്‍

1- കുട്ടികളിലും കൗമാരക്കാരിലുമുള്ള മര്യാദക്കുറവ്: മാതാപിതാക്കളോട് അനുസരണക്കേട് കാണിച്ചായിരിക്കും അതിന്റെ തുടക്കം. പിന്നീട് അനുജന്‍ ജ്യേഷ്ഠനെ ബഹുമാനിക്കാതിരിക്കുകയും അവിടെ നിന്ന് മുതിര്‍ന്ന് തനിക്ക് ചുറ്റുമുള്ളവരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുകയും നിര്‍ദേശങ്ങള്‍ക്ക് എതിര് നില്‍ക്കുകയും ചെയ്യും. ചിലര്‍ അതെല്ലാം കടന്ന് മുതിര്‍ന്ന വ്യക്തികളെ തീരെത്തന്നെ ബഹുമാനിക്കാതിരിക്കാനും അവരെ അവമതിച്ച് ആക്ഷേപിക്കാനും അടിക്കാനും ശ്രമിക്കും.
ഇബ്‌നു ഉമര്‍(റ) കുട്ടിയായിരുന്ന സമയത്ത് അദ്ദേഹം കാണിച്ച മര്യാദ പറയുന്ന ഒരു ഹദീസ് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്; ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘പ്രവാചകന്‍(സ്വ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു: മരങ്ങളുടെ കൂട്ടത്തില്‍ സ്വയം ഇല പൊഴിക്കാത്ത ഒരു മരമുണ്ട്, സത്യവിശ്വാസിയുടെ ഉദാഹരണമാണത്. ഏതാണതെന്ന് പറയാമോ? അന്നേരം അവരെല്ലാം മരുഭൂമിയിലുള്ള മരങ്ങളുടെ പേര് പറയാന്‍ തുടങ്ങി. അബ്ദുല്ലാഹി ബ്‌നു ഉമര്‍ പറയുന്നു: ഈന്തപ്പനയാണ് നബി ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. പക്ഷെ, ഞാന്‍ നോക്കുമ്പോള്‍ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ മൂകരായി ഇരിക്കുന്നതാണ് ഞാന്‍ കണ്ടത്. അന്നേരം സംസാരിക്കാന്‍ എനിക്ക് മടിതോന്നി. തന്റെ മകന് പ്രവാചകന്‍ പറഞ്ഞ മരത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും മര്യാദ കാണിച്ച് മൗനം ദീക്ഷിച്ചതാണെന്ന് പിന്നീട് പിതാവ് ഉമര്‍(റ) അറിഞ്ഞപ്പോള്‍ മഹാന്‍ തന്റെ മകനോട് പറഞ്ഞു: ഉത്തരം പറയുന്നതായിരുന്നു നീ മിണ്ടാതിരുന്നതിനേക്കാള്‍ എന്നെ ഏറ്റവും സന്തോഷിപ്പിക്കുക’. തന്റെ ഉപ്പയും മറ്റു മുതിര്‍ന്നവരും ഇരിക്കുന്നിടത്ത് ഇബ്‌നു ഉമര്‍(റ) കാണിച്ച മര്യാദയാണ് നാം കാണേണ്ടത്.

Also read: ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പ്രാവര്‍ത്തികമായില്ല; ഇനി എന്ത് ചെയ്യനാകും ?

2- സദാ കളിതമാശകളില്‍ മുഴുകിയിരിക്കുക: കുട്ടികളെയും കൗമാരക്കാരെയും സംബന്ധിച്ചെടുത്തോളം കളി ഒരു ന്യൂനതയൊന്നുമല്ല. അതെല്ലാം നമ്മുടെ പ്രകൃതമാണ്. എന്നാല്‍, സദാ അവരുടെ ചിന്തകളിയില്‍ മാത്രമായി ചുരുങ്ങുകയും ഉപകാരപ്രദമായ ജോലികളിലും പ്രവര്‍ത്തികളിലും മാതാപിതാക്കള്‍ അവരെ വ്യാപൃതരാക്കാതിരിക്കുകയും ചെയ്യുന്നത് വലിയ അപകടമാണ്. ചില മാതാപിതാക്കള്‍ മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ ഇത്തരം കളിതമാശകളില്‍ മാത്രമായി വ്യാപൃതരാക്കുന്നു. കുട്ടികളുടെ ശ്രദ്ധ തങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും ചില മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യാറുണ്ട്. ജീവിതത്തില്‍ അവരുടെ ഏറ്റവും വലിയ കടമയും ഉത്തരവാദിത്വവുമാണ് ഇതെല്ലാം എന്ന് മാതാപിതാക്കള്‍ മറന്നുപോകരുത്.

3- കുട്ടികളിലും കൗമാരക്കാരിലുമുള്ള ധാര്‍മ്മിക മൂല്യങ്ങളുടെ അഭാവം: അങ്ങനെയൊന്ന് പരിചയപ്പെടുകയോ അഭ്യസിച്ചെടുക്കുകയോ ചെയ്യാത്തതാണ് കാരണം. കുട്ടികള്‍ കളവ് പറയുന്നത് കാണുമ്പോള്‍ മാതാപിതാക്കള്‍ അവരെ ശാസിക്കുന്നില്ല. വാഗ്ദാനങ്ങള്‍ നല്‍കി ലംഘിക്കുന്നത് കാണുമ്പോള്‍ ഗുണദോശിക്കുന്നില്ല. പകരം, ഉമ്മയും ഉപ്പയും കളവ് പറയുന്നു. മക്കള്‍ക്ക് മുമ്പില്‍ വെച്ച് പിതാവ് പുകവലിക്കുന്നു. പിന്നെ എന്ത് തരം നന്മയും മുന്നേറ്റവുമാണ് ആ കുട്ടികളില്‍ തളിരിടുക?

4- അഭിമാനബോധത്തെക്കുറിച്ച് ധാരണയില്ലാത്ത കൗമാരക്കാര്‍: കുട്ടികളുടെ മനസ്സില്‍ അഭിമാനബോധം വളര്‍ത്തലും ആ രീതിയില്‍ അവരുടെ വിദ്യഭ്യാസ മാര്‍ഗങ്ങളെ ചിട്ടപ്പെടുത്തലും ഉമ്മമാരുടെയും ഉപ്പമാരുടെയും കടമയാണ്. അതുപോലെത്തന്നെ നന്മതിന്മകളെ വേര്‍തിരിച്ചറിയാനും ദുഷ്പ്രവര്‍ത്തികളുടെ വലയത്തില്‍ പെട്ടുപോകാതിരിക്കാനും പ്രാപ്തിയും തന്റേടവുമുള്ള വ്യക്തിത്വങ്ങളായി മാറ്റിയെടുക്കലും അവരുടെ ബാധ്യതയാണ്. തെറ്റിനോടും ഭയത്തോടുമുള്ള ആഭിമുഖ്യവും ധൈര്യവും തന്റേടവും കാണിക്കേണ്ടിടത്ത് ഭീരുക്കളാകുന്നതുമാണ് ഇന്ന് പല കൗമാരക്കാരിലും യുവാക്കളിലും കണ്ടുവരുന്ന അവസ്ഥ. എതിര്‍ലിംഗത്തെ അനുകരിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷരായിട്ടില്ലെന്ന് തോന്നുന്നു. ‘അവിടെയേതോ ആണോ പെണ്ണോ വന്നിട്ടുണ്ട്. ആരാണെന്ന് വ്യക്തമല്ല. ആണാണോ പെണ്ണാണോ എന്ന് ഞാനൊന്ന് പോയി ചോദിച്ചു നോക്കട്ടെ’ എന്ന് അവസ്ഥയാണ്. അല്ലാഹു കാക്കട്ടെ.

വിദ്യാഭ്യാസ വൈകല്യത്തിന്റെ കാരണങ്ങള്‍

ശാസ്ത്രവും സംസ്‌കാരവുമെല്ലാം ഇത്രമേല്‍ സാര്‍വ്വലൗകികമായ ആഗോളീകരണ കാലത്ത് വിദ്യാഭ്യാസം വളരെ സങ്കീര്‍ണമായ പ്രക്രിയയാണെന്നതില്‍ സംശയമില്ല. നമ്മുടെ സമൂഹത്തിലെ വിദ്യഭ്യാസ വൈകല്യങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അതിന് പ്രധാന കാരണമായി കാണാനാകുന്നത് ഇവയൊക്കെയാണ്:

Also read: ഒരു നാടിനെ ചേർത്ത് പിടിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ

1- രക്ഷിതാക്കള്‍ അവരുടെ ജോലിത്തിരക്ക് കാരണം കുട്ടികളുടെ വിദ്യഭ്യാസത്തെക്കുറിച്ച് അബോധവാന്മാരാകുന്നു: വളരെ ഖേദകരമായ ഒരു സത്യമാണിത്. പല രക്ഷിതാക്കളും വളരെ ചുരുങ്ങിയ സമയങ്ങള്‍ മാത്രമാണ് മക്കള്‍ക്കൊപ്പം ചിലവഴിക്കുന്നത്. അന്നേരം പോലും അവരില്‍ പലരും കുട്ടികള്‍ക്ക് നൈതികതയെക്കുറിച്ചും ധാര്‍മ്മികയെക്കുറിച്ചുള്ള ബോധം നല്‍കാന്‍ ശ്രമിക്കുന്നില്ല. ഒരുപക്ഷെ, ജീവിതത്തിലെ തിരക്കും ജീവിത സങ്കീര്‍ണതകളും ഒക്കെയായിരിക്കും പലര്‍ക്കും തടസ്സമാകുന്നത്. എന്നാല്‍ അതൊന്നും അവരുടെ നിര്‍ബന്ധിത ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴികഴിവാവുകയില്ല. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരല്ല യഥാര്‍ത്ഥ അനാഥര്‍. മറിച്ച്, തന്റെ വിദ്യഭ്യാസ കാര്യങ്ങളെത്തൊട്ട് രക്ഷിതാക്കള്‍ ഒഴിഞ്ഞ് മാറുകയും മറ്റു ജോലികളുമായി വ്യാപൃതരാകുകയും ചെയ്യുന്നത് കാണുന്ന കുട്ടികളാണ് യഥാര്‍ത്ഥ അനാഥര്‍.

2- വീട്ടിലെ മാതൃകാപുരുഷന്റെ അഭാവം: പുകവലിക്കുന്ന മാതാപിതാക്കളുടെ കീശയില്‍ സിഗരറ്റിന്റെ പായ്ക്കുകള്‍ കാണുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് പുകവലി  ഉപേക്ഷിക്കാനാകുക? മാതാപിതാക്കള്‍ കളവ് പറയുന്നത് കേള്‍ക്കുകയും മറ്റുള്ളവരെ ആക്ഷേപിക്കുന്നത് കാണുകയും ചെയ്യുന്ന മക്കള്‍ എങ്ങനെ സത്യസന്ധരും സംസാരത്തില്‍ മര്യാദയുള്ളവരുമായിത്തീരും? മക്കളെ മര്യാദ പഠിപ്പിക്കുന്നവരോട് ഉമറാക്കള്‍ പറയുന്ന ഒരു വാചകമുണ്ട്: ‘നിങ്ങളുടെ മക്കളെ നിങ്ങള്‍ നന്നാക്കാന്‍ ആരംഭിക്കേണ്ടത് നിങ്ങളില്‍ നിന്ന് തന്നെയാണ്. കാരണം, അവരുടെ കണ്ണുകള്‍ സദാ നിന്റെ കണ്ണുമായി ബന്ധിക്കപ്പെട്ടിരിക്കുകയാണ്. നിന്റെ കണ്ണില്‍ നന്മയെന്താണോ അത് തന്നെയായിരിക്കും അവരുടെ കണ്ണിലേയും നന്മ. നിന്റെ കണ്ണില്‍ തിന്മയെന്താണോ അത് തന്നെയായിരിക്കും അവര്‍ കാണുന്ന തിന്മയും’.

Also read: കുട്ടികൾക്ക് ലൈംഗീകവിദ്യാഭ്യാസം ആവശ്യമോ?

3- മാധ്യമങ്ങള്‍: അത് അക്രമങ്ങളെയും അനാവശ്യ ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സാറ്റ്‌ലൈറ്റ് ചാനലുകള്‍, ഇന്റര്‍നെറ്റ്, വീഡിയോ ഗെയ്ം എന്നിവയായാലും ധാര്‍മ്മിക അപഗ്രഥനം സംഭവിക്കുന്ന അക്രമ സിനിമകളും ഹാസ്യ സിനിമകളായാലും സമം തന്നെയാണ്. പ്രതിവര്‍ഷം 1023 മണിക്കൂര്‍ ഒരു കുട്ടി ടി.വിക്ക് മുമ്പില്‍ സമയം ചിലവിടുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കുട്ടികള്‍ കാണുകയും പഠിക്കുകയും ചെയ്യുന്ന കാര്യങ്ങളെ കൃത്യമായി നിരീക്ഷിക്കണം. കാരണം, അവരുടെ ധാര്‍മ്മികബോധത്തെ അനായാസം നശിപ്പിച്ചു കളയാന്‍ സാധിക്കുന്ന സമയമാണിത്.

4- വിവാഹമോചനങ്ങള്‍: വര്‍ഷംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ചല്ല നാം സംസാരിക്കുന്നത്. നിസ്സംശയം, നാം നേരിടുന്ന വിദ്യഭ്യാസ പിന്നാക്കാവസ്ഥയുമായി പ്രധാനപ്പെട്ടൊരു കാരണം തന്നെയാണിത്. മാതാപിതാക്കളില്‍ ഒരാള്‍ വേര്‍പിരിഞ്ഞ് പോയാല്‍ എല്ലാ നിലക്കും അത് കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കും. 2005ലെ കണക്ക് പ്രകാരം യു.എ.ഇയെപ്പോലെത്തന്നെ സഊദി അറേബ്യയിലെ വിവാഹമോചനം 46 ശതമാനവും ഖത്തറില്‍ 38 ശതമാനവുമാണ്. 2007ലെ കണക്കില്‍ കുവൈത്തില്‍ 50 ശതമാനമായതാണ് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടിയ കണക്ക്.

5- ഉത്തരവാദിത്വങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന പണ്ഡിതന്മാര്‍: വിദ്യഭ്യാസ വൈകല്യങ്ങളുടെ ആക്ഷേപങ്ങളില്‍ ഭൂരിഭാഗവും നേരിടുന്നത് പണ്ഡിതന്മാരാണ്. പണ്ഡിതന്മാരെല്ലാം ഇന്ന് സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കാനും അദ്ധ്വാനിക്കാനും തുടങ്ങിയിട്ടുണ്ട്. സമൂഹത്തിന്റെ അടിസ്ഥാനവും അടിത്തറയുമായ പൊതുജനങ്ങളില്‍ നിന്ന് അവര്‍ ഒരുപാട് അകന്ന് പോവുകയും ചെയ്തിരിക്കുന്നു. നിത്യം പള്ളിയില്‍ വരികയും നിസ്‌കരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ചെറു വിഭാഗത്തിലേക്ക് മാത്രമായി എന്തുകൊണ്ടാണ് പണ്ഡിതന്മാര്‍ പരിമിതപ്പെട്ടുപോകുന്നത്? എന്തുകൊണ്ട് അവര്‍ സമൂഹത്തിലെ സാധാരണ യുവാക്കളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് ഉപദേശ, നിര്‍ദേശങ്ങള്‍ നല്‍കുകയും ദിക്കുകള്‍ സഞ്ചരിച്ച് മതപ്രഭാഷണങ്ങള്‍ നടത്തുകയും സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കുകയും വിമര്‍ശനം രേഖപ്പെടുത്തുകയും ചെയ്യുന്നില്ല?
പഴയ പാരമ്പര്യ മതഗ്രന്ഥങ്ങളില്‍ മാത്രം മുഴുകി അതിലെ അറിവുകള്‍ ചില പ്രത്യേക ആളുകള്‍ക്ക് മാത്രം വിവരച്ചു കൊടുക്കുന്നതിന് പകരം എന്തുകൊണ്ടത് ലളിതമായി എല്ലാവരിലേക്കും എത്തിക്കുന്നില്ല? എന്തുകൊണ്ട് സമൂഹം പണ്ഡിതന്മാരുടെ അറിവില്‍ നിന്നും ജീവിതനാനുഭവങ്ങളില്‍ നിന്നും യാതൊന്നും പഠിക്കാന്‍ തയ്യാറാകുന്നില്ല? ഈ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി യുവാക്കളിലേക്കും പൊതുജനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് പ്രബോധനം നടത്തുന്ന പ്രബോധകരെ ഞാന്‍ ഇഷ്ടപ്പെടുകയും പ്രശംസിക്കുകയും ചെയ്യുന്നു. അത്തരം ആളുകളാണ് നമുക്ക് വേണ്ടത്.

6- വേലക്കാരുടെ ആധിക്യം: പല രക്ഷിതാക്കളും മക്കളുടെ പരിപാലനവും വിദ്യഭ്യാസവും ഇത്തരത്തില്‍ വേലക്കാരെയാണ് ഏല്‍പ്പിക്കാറുള്ളത്. എന്നാല്‍, അവരില്‍ ഏറിയപങ്കും അതിന് അര്‍ഹതയുള്ളവരായിരിക്കില്ല എന്നതാണ് സത്യം. വീട്ടില്‍ വേലക്കാരുടെ ആവശ്യമുണ്ടെങ്കില്‍ വീട്ടുകാര്യങ്ങള്‍ മാത്രം അവരെ ഏല്‍പ്പിക്കുക. മക്കളുടെ വിദ്യഭ്യാസ ജോലികളില്‍ നിന്നും അവരെ അകറ്റിനിര്‍ത്തുക. അത് മാതാപിതാക്കളുടെ കടമയാണ്.

7- വിദ്യഭ്യാസത്തില്‍ അധ്യാപകരുടെ പങ്കില്‍ വന്ന കുറവ്: പ്രതിവര്‍ഷം 900 മണിക്കൂര്‍ ഒരു വിദ്യാര്‍ത്ഥി സ്‌കൂളില്‍ ചെലവഴിക്കണമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അത് വളരെ സുദീര്‍ഘമായൊരു സമയമാണ്. അധ്യാപകരോടൊത്തുള്ള വിദ്യഭ്യാസത്തിന്റെ പ്രാധാന്യമാണത് ബോ്ധ്യപ്പെടുത്തുന്നത്. പക്ഷെ, അധ്യാപകരിന്ന് കേവലം തുടക്കക്കാര്‍ മാത്രമായി മാറുന്ന അവസ്ഥയാണ് സംഭവിക്കുന്നത്.

Also read: ആധുനിക കാലത്ത് ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ പഠന രീതി എങ്ങനെയാവണം

8- ശിക്ഷയുടെ അഭാവം: പല രക്ഷിതാക്കളും മക്കളെ സ്വതന്ത്രരായി വിട്ടയക്കുകയും അങ്ങനെയവര്‍ അനാവശ്യമായ കാര്യങ്ങളിലേക്ക് നോക്കുകയും മോശത്തരത്തില്‍ മുഴുകുകയും ചെയ്ത് ധാര്‍മ്മിക മൂല്യങ്ങളെയും നൈതികതയെയും തകര്‍ത്ത് കളയുന്നു. ‘ശിക്ഷ ലഭിക്കാത്തവന്‍, മര്യാദയില്ലാത്തവനായിരിക്കും’ എന്ന് വാമൊഴിയുണ്ട്. ചിലരതിന് കാരണം പറയാറുള്ളത് കുട്ടിയല്ലെ എന്നാണ്. കുട്ടിയാണ് വലുതായി ബുദ്ധിയും തന്റേടവും ഉള്ളവനായി മാറുന്നത്. ധാര്‍മ്മികബോധവും വിദ്യഭ്യാസവും നല്‍കേണ്ടത് ചെറുപ്പത്തിലാണ്, അല്ലാതെ മുതിര്‍ന്നവനായിട്ടല്ല.

9- അറബി ഭാഷയുടെ ബലഹീനത: നമ്മുടെ വര്‍ത്തമാനത്തെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ചരടാണത്. പ്രവാചകാധ്യാപനങ്ങള്‍ വായിക്കുന്നതിലൂടെയും കേള്‍ക്കുന്നതിലൂടെയും ചരിത്രഗ്രന്ഥങ്ങളും സാഹിത്യങ്ങളും തത്വങ്ങളും പഠിച്ചെടുക്കുന്നതിലൂടെയും ആധികാരിക ഇസ്‌ലാമിക, അറബ് മൂല്യങ്ങളുമായി നമ്മെയ അത് ബന്ധിപ്പിക്കുന്നു. അറബ് ഭാഷ ആഴത്തില്‍ പഠിക്കുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് പൗരുഷവും ശക്തിയുമെല്ലാം വന്ന് ചേരുന്നതും സ്വത്വം സ്ഥാപിക്കാനാകുന്നതും. കാരണം, ഭാഷ സ്വത്വത്തിന്റെ കവചമാണ്.

10- അധികാര ഭാവത്തില്‍ നിന്ന് ആധിപത്യ സ്വഭാവത്തിലേക്കുള്ള മാറ്റം: തങ്ങളുടെ ഉത്തരവാദിത്വമെന്ന നിലക്കുള്ള അധികാരം ഉപയോഗിക്കുന്നതിന് പകരം ഭയപ്പെടുത്തുകയും തടങ്കലിലാക്കുകയും ചെയ്യുന്ന ആധിപത്യ മനോഭാവമാണ് പല രക്ഷതാക്കളും കുട്ടികളോട് കാണിക്കുന്നത്. സ്വന്തം മക്കളെ കേള്‍ക്കാനോ അവരോട് ഒന്നിച്ചിരുന്ന് മര്യാദ, ധാര്‍മ്മികത എന്നിവയെക്കുറിച്ചും സ്വയം തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനെക്കുറിച്ചും പറഞ്ഞ് കൊടിക്കാനോ അവര്‍ തയ്യാറാകുന്നില്ല.
വ്രണമാകുന്നത് വരെ കാത്തിരുന്ന് വ്രണമായതിന് ശേഷം  മരുന്ന് പുരട്ടുന്നത് പോലെയുള്ള,  നമ്മുടെ വിദ്യഭ്യാസ വൈകല്യങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലത് മാത്രമാണിത്. അല്ലാഹു അനുഗ്രഹിക്കട്ടെ.

 

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles