Current Date

Search
Close this search box.
Search
Close this search box.

മാതൃകകള്‍ കാണിച്ചു പഠിപ്പിക്കാം

ഏതൊരു വിദ്യാഭ്യാസപ്രക്രിയയിലും മാതൃകകള്‍(റോള്‍ മോഡല്‍) പ്രധാനമാണ്. അതില്ലാതെയുള്ള വിദ്യാഭ്യാസ പ്രക്രിയ അപൂര്‍ണമായിരിക്കും. കാരണം, വാക്കുകളും ഉപദേശങ്ങളും മാത്രം മനുഷ്യന്‍ ഉത്തമനാവാന്‍ പര്യാപ്തമല്ല, മറിച്ച്, ഒരു വ്യക്തിയുടെ ജീവിതത്തില്‍ ആ വാക്കുകള്‍ പ്രായോഗികമായി കാണണം. അപ്പോള്‍ മാത്രമേ അവ ഫലപ്രദമാവൂ. അതുകൊണ്ടാണ് ബീവി ആഇശാ(റ), നബി തങ്ങളുടെ സ്വഭാവം തന്നെ വിശുദ്ധ ഖുര്‍ആനായിരുന്നു എന്നു പറഞ്ഞത്. ഖുര്‍ആന്റെ അധ്യാപനങ്ങള്‍ മനുഷ്യരൂപം പ്രാപിച്ചതാണ് നബിതങ്ങളെന്ന് സാരം.

പ്രവാചകന്മാരായി മനുഷ്യവര്‍ഗത്തെ തന്നെ തെരഞ്ഞെടുത്തതില്‍ അല്ലാഹുവിന്റെ ഉന്നതമായ യുക്തി(ഹിക്മത്ത്) കിടക്കുന്നുണ്ട്. കാരണം, പ്രവാചകനും മനുഷ്യനാണെന്ന ഘടകമാണ് ജനങ്ങളെ അദ്ദേഹത്തെ പിന്തുടരാനും മാതൃകയാക്കാനും അനുസരിക്കാനും പ്രേരിപ്പിക്കുന്നത്. മറ്റൊരു വര്‍ഗത്തില്‍ നിന്നാണ് പ്രവാചകര്‍ നിയുക്തരായതെങ്കില്‍ അനുസരണയുടെ വലയത്തില്‍ നിന്ന് മനുഷ്യന്‍ എന്നോ പുറത്തുകടന്നേനെ. അല്ലാഹു പറയുന്നു: ‘നാം നിയോഗകിക്കുന്ന റസൂലിനെ മലക്കാക്കുകയാണെങ്കില്‍ തന്നെ, രൂപത്തില്‍ അതൊരു പുരുഷനായിരിക്കും. അപ്പോഴും അതവര്‍ക്ക് ആശയക്കുഴപ്പമായിരിക്കും'(സൂറത്തുല്‍ അന്‍ആം-9). ഇമാം ഖുര്‍തുബി ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ പറയുന്നു: ‘ഓരോ വംശവും സ്വന്തം വംശവുമായി ഇണങ്ങുകയും മറ്റുള്ളവയോട് പിണങ്ങുകയും ചെയ്യുന്നതാണ് പ്രകൃതിനിയമം. മനുഷ്യകുലത്തിലേക്കുള്ള പ്രവാചകനായി ഒരു മാലാഖയെയാണ് അല്ലാഹു അയച്ചതെങ്കില്‍ അവരൊരിക്കലും പ്രവാചകനുമായി ഇണങ്ങുമായിരുന്നില്ല. അദ്ദേഹത്തോട് സംസാരിക്കാന്‍ അവര്‍ ഭയപ്പെടും. മനുഷ്യനും പ്രവാചകനും തമ്മില്‍ സംസാരിക്കുക പോലും ചെയ്യാത്തത് സ്വാഭാവികമായും ദുഷ്ഫലങ്ങളാണുണ്ടാക്കുക. ‘നല്ല മാതൃക'(ഉസ്‌വത്തുന്‍ ഹസന) എന്ന ഖുര്‍ആന്റെ ചിന്ത ഇവിടെയാണ് പ്രസക്തമാവുന്നത്. രണ്ടിടങ്ങളിലാണ് വിശുദ്ധ ഖുര്‍ആന്‍ ഉസ്‌വത്തുന്‍ ഹസന എന്ന് പ്രയോഗിച്ചത്. ഒന്ന്, ‘നിങ്ങള്‍ക്ക് അല്ലാഹുവിന്റെ പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട്'(സൂറത്തുല്‍ അഹ്‌സാബ്-21). ന്ന് നബി തങ്ങളെ അഭിസംബോധന ചെയ്യുന്നിടത്ത്. മറ്റൊന്ന് ‘നിങ്ങള്‍ ഇബ്‌റാഹിം നബിയിലും സഹചാരികളിലും ഉത്തമമാതൃകയുണ്ട്'(സൂറത്തുല്‍ മുംതഹിന- 4) എന്ന് ഇബ്‌റാഹിം നബിയെക്കുറിച്ച് പറയുന്നിടത്ത്.

മാനുഷിക ആവശ്യം
മാതൃകകള്‍ ഉണ്ടാവുകയെന്നത് മനുഷ്യന്റെ ആവശ്യവും വിദ്യാഭ്യാസത്തിന്റെ അഭിവാജ്യഘടകവുമാണ്. വിദ്യാഭ്യാസപ്രക്രിയയില്‍ അതിന്റെ അഭാവം വലിയൊരു പ്രതിസന്ധിയായി നിലനില്‍ക്കും. വാക്ക് ഒന്നും പ്രവൃത്തി മറ്റൊന്നുമായിട്ടുള്ള മാതൃകയും വിദ്യാഭ്യാസത്തില്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പ്രമുഖ അമേരിക്കന്‍ വിദ്യാഭ്യാസവിദഗ്ധന്‍ ജോണ്‍ ഹോള്‍ട്ട് തന്റെ ‘കുട്ടികള്‍ എങ്ങനെയാണ് പരാജയപ്പെടുന്നത്'(How Children Fail) എന്ന പുസ്തകത്തില്‍ പറയുന്നു:’ജനങ്ങളെ ബുദ്ധിശാലികളാക്കേണ്ട ബാധ്യത നമുക്കില്ല. അവരൊക്കെയും പിറന്നിട്ടുള്ളത് ബുദ്ധിശാലികളായിത്തന്നെയാണ്. മറിച്ച്, അവരെ വിഡ്ഢികളാവുന്നതില്‍ നിന്ന് തടയുക മാത്രം ചെയ്താല്‍ മതി’. മാതൃകകളാണ് നമ്മുടെ വാക്കുകളിലും ഉപദേശങ്ങളിലും ആത്മാവിന്റെ സാന്നിധ്യം പകര്‍ന്നുതരുന്നതും അതിനെ ജീവസ്സുറ്റതാക്കുന്നതും.

സൂഫി അനുഭവങ്ങള്‍ക്ക് മനുഷ്യന്റെ അവബോധവും പെരുമാറ്റവും രൂപപ്പെടുത്തുന്നതില്‍ അഗാധമായ സ്വാധീനമുണ്ട്. ഉപദേശങ്ങള്‍ ഇവിടെ പെരുമാറ്റത്തിന്റെ മാര്‍ഗമായി മാറുന്നു. ശൈഖ്- മുരീദ് ബന്ധത്തിന്റെ അടിസ്ഥാനവും ഇതാണ്. കാരണം, തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുന്ന ഓരോരുത്തര്‍ക്കും പിന്തുടരാന്‍ യോഗ്യനായ ഒരു ശൈഖ് ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. അതുകൊണ്ടാണ് പ്രമുഖ സൂഫിവര്യനായ അബൂ അലിയ്യുദ്ദഖാഖ് പറഞ്ഞത്: ‘ഒരുമരം സ്വയം വളര്‍ന്നതാണെങ്കില്‍ അതില്‍ ഫലങ്ങളുണ്ടാവില്ല, ഇലകളുണ്ടാവാമെങ്കിലും’. പ്രമുഖ സ്വൂഫിയും കര്‍മശാസ്ത്രപണ്ഡിതനുമായ അഹ് മദ് സറൂഖ് പറയുന്നു: ‘ഇല്‍മും അമലും ശൈഖുമാരില്‍ നിന്ന് സ്വീകരിക്കലാണ് അവരില്ലാതെ അവ സ്വായത്തമാക്കുന്നതിലും അത്യുത്തമം’. ഉദാഹരണങ്ങളില്ലാത്ത വാക്കുകള്‍ വെറും പൊള്ളയാണ്. ഉദാഹരണങ്ങളാണ് വാക്കുകളെ പ്രതിഫലനാത്മകമാക്കുന്നതും നിലനിറുത്തുന്നതും. അതുകൊണ്ടുതന്നെ അധ്യാപന പരിശീലനമെന്നത് അത്യധികം പ്രധാനമാണ്. അധ്യാപനവും അനുകരണവും അവിടെ ഒത്തുകൂടുന്നു. വിദ്യാര്‍ഥി തന്റെ അധ്യാപകനില്‍ നിന്ന് വിജ്ഞാനത്തോടൊപ്പം സ്വഭാവവും ജീവിത രീതിയുമെല്ലാം സ്വായത്തമാക്കുന്നു. അധ്യാപകന്റെ സ്വാധീനത്തെ ബുദ്ധിയുടെ നിര്‍മിതിയില്‍ മാത്രം പരിമിതിപ്പെടുത്താതെ സ്വാഭാവ രൂപീകരണത്തില്‍ കൂടി എത്തിക്കാന്‍ ഇതു സഹായിക്കുന്നു.

മാതൃകകളും ഉദാഹരണത്തോടും കൂടെയുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ ഇമാം അബൂ ഹാമിദുല്‍ ഗസ്സാലി(റ), പണ്ഡിതന്റെ തെറ്റുകള്‍ക്ക് അറിവില്ലാത്തവന്റെ തെറ്റുകളെക്കാള്‍ ശിക്ഷയുണ്ടാവുമെന്ന് പറയുന്നുണ്ട്. കാരണം പണ്ഡിതന്റെ തെറ്റുകളുടെ അനന്തരഫലങ്ങള്‍ ദീര്‍ഘമായിരിക്കും. അവരുടെ തെറ്റുകള്‍ ദീനിനെ തന്നെ പൊളിച്ചുകളയുന്നതാണ്. സകല മനുഷ്യര്‍ക്കും മാതൃകയാവേണ്ടവര്‍ അവരാണല്ലോ. അതുതന്നെയാണ് ‘രണ്ടു മനുഷ്യരുടെ നട്ടെല്ലു തകര്‍ന്നു. ധിക്കാരിയായ പണ്ഡിതനും അജ്ഞാനിയായ ഭക്തനും. അജ്ഞാനി തന്റെ ഭക്തികൊണ്ട് ജനങ്ങളെ വഞ്ചിക്കുന്നു, ജ്ഞാനി തന്റെ ധിക്കാരം കൊണ്ടും’. എന്ന അലി(റ) യുടെ വാക്കിന്റെ സാംഗത്യവും.
ശൈഖിന് അനുകരണാവകാശം നഷ്ടമായാല്‍ അത് വലിയൊരു അപകടമാണെന്ന് സ്വൂഫി പണ്ഡിതന്മാര്‍ പറയുന്നുണ്ട്. ഇബ്‌നു അത്വാഇല്ലാഹി സിക്കന്ദരി പറയുന്നു: ‘അല്ലാഹുവിനെ ഓര്‍മിപ്പിക്കുകയോ നിങ്ങളെ ഉണര്‍ത്തുകയോ ചെയ്യാത്ത ആളുകളമായി സഹവാസമരുത്.’ സ്വൂഫീ ആത്മീയ പരിശീലനം ആയതിനാല്‍ അവസ്ഥയുടെയും വാക്കുകളുടെയും ഇടയിലുള്ള ബന്ധം അടിസ്ഥാനമാക്കിയാണ്, അഥവാ ഇല്‍മും അമലും തമ്മിലുള്ള ബന്ധം.

ഉയര്‍ന്ന മാതൃകകള്‍
‘സുല്‍ത്താന്‍മാരുടെ പ്രഭാഷകര്‍’ എന്ന തന്റെ പുസ്തകത്തില്‍, ഡോ. അലി അലിയ്യുല്‍ വര്‍ദി, ഉന്നതമായ മാതൃകകള്‍ ഉണ്ടാവുന്നത് ചിലപ്പോള്‍ അനുകരണത്തില്‍ പ്രതികൂലമായി പ്രതിഫലിച്ചേക്കാം എന്ന് പറയുന്നുണ്ട്. കാരണം, അത് അനുകരണത്തെ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാക്കുകയും തദ്ഫലമായി പലരും അനുകരിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്‌തേക്കാം. അതേസമയം, മറ്റുചിലര്‍ മോശം മോഡലുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. പ്രൊഫസര്‍ നാസിം നിക്കോളാസ് ത്വാലിബ് പറയുന്നു: ”ആളുകള്‍ റോള്‍ മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷെ, എതിര്‍ മോഡലുകളെ കണ്ടെത്തുന്നതാണ് ചിലപ്പോള്‍ അത്യുത്തമം. നിങ്ങള്‍ വലുതാകുമ്പോള്‍ നിങ്ങള്‍ ആവാനാഗ്രഹിക്കാത്തവയ്ക്കുള്ള എതിര്‍ മോഡലുകള്‍. കാരണം, നിങ്ങള്‍ മാതൃകയായിക്കാണുന്ന ആളുകളില്‍ നിന്ന് നിരാശകള്‍ ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നു. ഒരര്‍ഥത്തില്‍ തത്വോപദേശങ്ങളുടെ കൂട്ടത്തില്‍ പറയപ്പെട്ട ‘നിങ്ങള്‍ക്ക് നല്ലൊരു മാതൃകയാവാന്‍ കഴിയുന്നില്ലെങ്കില്‍ ഭയാനകമായ ഒരു മുന്നറിയിപ്പാവുക’ എന്ന വാക്യം ഇതില്‍ പ്രായോഗികമാണ്.

പക്ഷെ, ഭാഗിക മതേതരത്വവും സമഗ്ര മതേതരത്വവും എന്ന പുസ്തകത്തില്‍ ഡോ. അബ്ദുല്‍ വഹാബുല്‍ മസീരി നല്‍കുന്ന മുന്നറിയിപ്പ് ഏറെ പ്രസക്തമാണ്. ആധുനിക സമൂഹങ്ങളില്‍ മോശം മാതൃകകളെന്ന ആശയം കൂടുതല്‍ ആഴത്തില്‍ സ്വാധീനിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. അദ്ദേഹം പറയുന്നു: ആധുനിക മതേതര സമൂഹങ്ങളിലെ വ്യത്യസ്ത മനുഷ്യമാതൃകകളുടെ ഉന്നമനം അവയുടെ പ്രവര്‍ത്തനസ്വാധീനത്തെ സൂചിപ്പിക്കുന്നതാണ്. ഏകമാനതത്വം അടിസ്ഥാനമാക്കി ഈ മാതൃകയെ നിര്‍വചിക്കുകയും ചെയ്യാം. അത്തരത്തില്‍ ഒരു മനുഷ്യന്‍ തന്റെ ജോലിയുമായി പൂര്‍ണമായി ഐക്യപ്പെടുകയും അവന്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെ അളവില്‍ നിന്ന് തന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥം നേടിയെടുക്കുകയും ചെയ്യുന്നു.

മുതലാളിത്ത സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം, മൂലധനത്തില്‍ നിന്ന് മുതലാളിത്തസമ്പത്തിലേക്ക് ഉയരുന്ന സ്വയംനിര്‍മിത മനുഷ്യന്റെ വളര്‍ച്ച വളരെ പ്രധാനമാണ്. ഈ സ്വയംനിര്‍മിതവ്യക്തി സാമ്പത്തികലാഭത്തിന്റെയും മൂലധനശേഖരണത്തിന്റെയും ചട്ടക്കൂടിനുള്ളില്‍ തന്റെ ജീവിതത്തെ പൂര്‍ണമായും വഴിനടത്തുന്നതില്‍ വിജയിച്ച വ്യക്തിയാണ്. വമ്പിച്ച സമ്പത്ത് സമ്പാദിക്കുകയും അതേസമയം സ്വയം അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഈ മാതൃക മാനുഷികവീക്ഷണത്തില്‍ അസാധ്യമാണെന്ന് അല്‍ മസീരി വിശ്വസിക്കുന്നു. കാരണം, ഇത് മനുഷ്യനെ മനുഷ്യനെ ഇല്ലാതാക്കുകയും അവന്‍ കുടുംബമോ അയല്‍ക്കാരോ വികാരങ്ങളോ ഇല്ലാത്ത വ്യക്തിയാണെന്ന് അനുമാനിക്കപ്പെടുകയും ചെയ്യുന്നു.

കുടുംബജീവിതത്തിലും മാതൃകാ വ്യക്തിത്വത്തിന് വലിയ സ്വാധീനമുണ്ട്. മഹാന്മാരുടെ ജീവചരിത്രം വായിക്കുമ്പോള്‍, അവരില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള സ്വഭാവവൈശിഷ്ടങ്ങളും മാതൃകകളും ധാര്‍മികതയും അവര്‍ക്ക് ലഭിച്ചിരിക്കുന്നത് കുടുംബപരമായും മാതാപിതാക്കളുടെ മാതൃക പിന്തുടരുന്നതിലൂടെയുമാണെന്ന് കണ്ടെത്താനാകും. ‘പശിയടക്കാനുള്ള അന്നത്തെക്കുറിച്ച് വ്യാകുലപ്പെട്ട് ജീവിതംതന്നെ മറന്നുപോവരുതെ’ന്ന് പിതാവിനെ ഉപദേശിച്ചവരുണ്ട്. പിതാവ് വീട്ടില്‍ നിന്ന് കൂടുതലായി വിട്ടുനില്‍ക്കുന്നത് വീട്ടിലുള്ളവര്‍ക്ക് മാതൃകയുടെ വിഷയത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുക. വര്‍ത്തമാനകാലത്ത് കുടുംബം വല്ല പ്രതിസന്ധിയില്‍ പെടാനും ഇതുമതി. എല്ലാവരും തിരക്കിലാണ്.

നല്ലതോ ചീത്തയോ ആയ റോള്‍മോഡലുകള്‍ക്കുള്ള മാനദണ്ഡം മനസ്സിലാകാതെ കുട്ടികള്‍ സ്വന്തമായി മാതൃകകള്‍ തേടിയിറങ്ങുന്നു. ഇതുകൊണ്ടാണ് ജോണ്‍ വുഡന്‍ അമേരിക്കന്‍ സമൂഹത്തെ സ്വാധീനിച്ച വ്യക്തികളുടെ കൂട്ടത്തില്‍ പെട്ടത്. പിന്തുടരാന്‍ യോഗ്യമായ മാതൃകകളായി നിങ്ങള്‍ മാറുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ഏറ്റവും ശക്തമായ രൂപമെന്ന് അദ്ദേഹം പറയുന്നു. വെസ്റ്റേണ്‍ ചിന്തകളില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയ ഫ്രാന്‍സിസ് ബെക്കണ്‍ പറയുന്നു:’ഉപദേശം നല്‍കുന്ന ഒരാള്‍ തന്റെ ഒരുകൈ കൊണ്ട് പണിയുന്നു. നിര്‍ദേശവും നല്ല ഉദാഹരണവും നല്‍കുന്നവര്‍ രണ്ടുകൈകൊണ്ടും പണിയുന്നു. പക്ഷെ, ആക്ഷേപിക്കുകയും മോശം ഉദാഹരണം പറയുകയും ചെയ്യുന്നവര്‍ ഒരുകൈകൊണ്ട് നിര്‍മിക്കുകയും മറ്റൊന്ന് കൊണ്ട് തകര്‍ക്കുകയും ചെയ്യുന്നു’.

ഒരു അറബിജ്ഞാനത്തില്‍ കാണാം; ആയിരം വാക്കുകളെക്കാള്‍ ഒരാളുടെ അവസ്ഥ(പ്രവൃത്തി)യാണ് അത്യുത്തമം. വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമുണ്ടാവണമെന്നതാണ് മാതൃകയുടെ താത്പര്യം. നസീം നിക്കോളാസ് താലിബ് ഒരു ഗ്രന്ഥത്തില്‍ സ്വിറ്റസര്‍ലന്റിലെ വിദ്യാഭ്യാസ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. മറ്റു സമ്പന്ന രാഷ്ട്രങ്ങളെയപേക്ഷിച്ച് അവിടത്തെ മൊത്തം വിദ്യാഭ്യാസ നിലവാരം താഴ്ന്നുകിടക്കുകയാണെന്നും ഇതിനുകാരണം മാതൃകകള്‍ക്കു പകരം തൊഴില്‍പരിശീലനമെന്ന രീതിയാണ് അവിടെ അനുവര്‍ത്തിച്ചു പോരുന്നതെന്നുമാണ് അദ്ദേഹം അതിനു കാരണമായി വിശദീകരിക്കുന്നത്. തിയറികള്‍ വായിച്ച് കാര്യങ്ങള്‍ എന്താണെന്നുമാത്രം പഠിക്കുകയല്ല, മാതൃകകളിലൂടെ എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുകകൂടിയാണ് വേണ്ടത്.

രസകരമായ ഒരു ലേഖനത്തില്‍, കണ്ടുപിടുത്തങ്ങളിലെ മാതൃകകളെയും പോസിറ്റീവ് ചിന്തയുടെ മൂല്യങ്ങളെയും കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ചെറിയ കുട്ടികളോട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളെക്കുറിച്ചും പരാജയങ്ങളെ അവര്‍ നേരിട്ട രീതിയെക്കുറിച്ചും വ്യത്യസ്തമായ അവരുടെ ചിന്തകളെക്കുറിച്ചും പറയുമ്പോള്‍ അവരില്‍ ആത്മവിശ്വാസം നിറയുകയും പ്രചോദനമാവുകയും ചെയ്യും. 1800 മുതല്‍ 1950 വരെയുള്ള വര്‍ഷങ്ങളിലെ അമേരിക്കന്‍ വിദ്യാര്‍ഥികളില്‍ കഥകള്‍ നിര്‍വഹിച്ച ശക്തമായ സ്വാധീനത്തെക്കുറിച്ച് പഠിച്ച മനഃശാസ്ത്രവിദഗ്ധരുടെ കണ്ടെത്തല്‍ പ്രകാരം പില്‍ക്കാലത്ത് ശാസ്ത്രകണ്ടുപിടിത്തങ്ങള്‍ ഏഴിരട്ടിയോളം വര്‍ധിക്കാാന്‍ കാരണമായെന്നു പറയുന്നുണ്ട്. അഥവാ, മാതൃകകള്‍ വാക്കുകളെക്കാള്‍ ശക്തമാണെന്നര്‍ഥം.

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles