Current Date

Search
Close this search box.
Search
Close this search box.

ക്യാമ്പുകൾ വേണ്ടത് കുട്ടികൾക്ക് മാത്രമല്ല!

വേനലവധിക്കാലം വന്നതോടെ കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പുകളാണ് നാട്ടിലെങ്ങും. ഇത്തവണ സ്കൂൾ അടച്ചപ്പോൾ റമദാൻ വ്രതം ആയിരുന്നതുകൊണ്ട്, അത് അവസാനിക്കുമ്പോഴാണ് മിക്ക ക്യാമ്പുകളും ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരം പല അവധിക്കാല ക്യാമ്പുകളിലും കുട്ടികളോട് സംവദിക്കാൻ അവസരമുണ്ടായിരുന്നു. ഈ വർഷവും പല ക്യാമ്പുകളിലേക്കും ക്ഷണിക്കപ്പെടുന്നുമുണ്ട്.

പക്ഷേ, ഏറെ നാളായി ആലോചിച്ചു കൊണ്ടിരുന്ന ഒരു കാര്യം ഇപ്പോൾ പങ്കുവെക്കേണ്ടതാണെന്ന് തോന്നുന്നു. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ഇടപെടേണ്ടി വന്ന ചില കുടുംബ പ്രശ്നങ്ങൾ നൽകുന്ന പാഠം, കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും നല്ല രക്ഷാകർതൃത്വത്തെക്കുറിച്ച് പഠന ക്യാമ്പുകൾ അനിവാര്യമാണ് എന്നതാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കുട്ടിയുടെ ഉമ്മയും വല്യുമ്മയും ഒരു പ്രശ്നവുമായി വന്നു. മകനെ കുറിച്ച് പരാതികളാണ് അവർ കെട്ടഴിച്ചത്. ഏറെ സമയം അവരെ കേട്ടു. വിഷയം പഠിച്ചു. മകൻ്റെ ഭാഗത്ത് ചില്ലറ പ്രശ്നങ്ങൾ സ്വാഭാവികമാണ്.
പക്ഷേ, അവർക്കിടയിലെ പ്രശ്നങ്ങളുടെ മർമ്മം ആ ഉമ്മയുടെ നിലപാടുകളും സമീപനങ്ങളും ആയിരുന്നു. അതവരെ ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെടേണ്ടി വന്നു.

കുട്ടികളുടെ പഠനം, സ്വഭാവ രീതികൾ, ആരാധനാ കർമ്മങ്ങൾ, വിവാഹം തുടങ്ങിയവയിലൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതിൽ രക്ഷിതാക്കളുടെ സമീപന രീതികൾക്ക് വലിയ പങ്കുണ്ട്. അപവാദങ്ങളെ സാമാന്യവൽക്കരിക്കുന്നില്ലെങ്കിൽ, നമ്മുടെ കുട്ടികളിൽ ഭൂരിപക്ഷവും കഴിവുറ്റവരാണ്, പലതരം ശേഷികളാൽ സമ്പന്നരും. അറിവും നിലപാടുകളും ചിന്താശേഷിയുമൊക്കെ ഉള്ളവരാണ് പുതിയകാലത്തെ കുട്ടികളിൽ വലിയ ശതമാനവും. ശരാശരി നിലവാരം പുലർത്തുന്നവരാണ് മറ്റു ചിലർ. പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കുന്നവർ താരതമ്യേന കുറവായിരിക്കും. മില്ലേനിയം ജനറേഷൻ, ആൽഫ ജനറേഷൻ എന്നൊക്കെ വിളിക്കപ്പെടുന്ന പുതിയ കാലത്തെ കുട്ടികൾ തികച്ചും വ്യത്യസ്തരായ ഒരു തലമുറയാണ്. രക്ഷിതാക്കൾ തങ്ങളുടെ ലോകത്തിരുന്ന് അവരെ നയിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതാണ് പലപ്പോഴും അപകടം ചെയ്യുന്നത്.

പുതിയ കാലത്തെ കുട്ടികളെ മനസ്സിലാക്കുന്നതിലും അതിനനുസരിച്ച് പെരുമാറുന്നതിലും അംഗീകരിക്കുന്നതിലും രക്ഷിതാക്കൾ വലിയ തോതിൽ പരാജയപ്പെടുന്നു എന്നത് വസ്തുത തന്നെയാണ്. തങ്ങളെക്കാൾ ഉയർന്നു ചിന്തിക്കുന്നവരാണ്, കഴിവുകൾ ഉള്ളവരാണ് തങ്ങളുടെ മക്കൾ എന്ന് മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കേണ്ടതുണ്ട്. അതിനു കഴിയണമെങ്കിൽ പുതിയ തലമുറയെ പഠിക്കുക തന്നെ വേണം. കുട്ടികളുടെ മനശാസ്ത്രം, സമീപന രീതികൾ, കഴിവുകൾ തുടങ്ങിയവയൊക്കെ രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. പുതിയ കാലത്തെ ശാസ്ത്രത്തിന്റെയും ടെക്നോളജിയുടെയും വളർച്ച, അതിലേക്ക് ജനിച്ചുവീഴുന്ന കുട്ടികളുടെ കഴിവുകളും കാഴ്ചപ്പാടുകളും അതിൽ അവർ വികസിപ്പിച്ചെടുത്തിട്ടുള്ള സ്വപ്നങ്ങളും സാധാരണ രക്ഷിതാക്കൾ ആലോചിക്കുന്നതിനും അപ്പുറത്താണ്! ഇതേക്കുറിച്ചൊക്കെ രക്ഷിതാക്കൾ ആഴത്തിൽ അറിവും ബോധവും ഉള്ളവരായിരിക്കണം. ഐ.ടിയിൽ വലിയ സ്വപ്നം കാണുന്ന മകനെ, തൻ്റെ വലിയ ഷോപ്പ് നോക്കി നടത്താൻ നിർബന്ധിക്കുന്ന രക്ഷിതാവ്, തൻ്റെ സ്വപ്നങ്ങൾക്കനുസരിച്ചല്ല മകൻ്റെ പോക്കെന്ന് വേവലാതിപ്പെടുന്നതിൽ എന്തർത്ഥം? ചരിത്ര ഗവേഷകനായി
അക്കാദമിക് ജീവിതം തെരഞ്ഞെടുക്കാനാഗ്രഹിക്കുന്ന മകനോട്, തൻ്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെ മേൽനോട്ടക്കാരനാകാൻ ആവശ്യപ്പെടുന്നതിലും കാര്യമില്ലല്ലോ!.

മക്കൾക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു കൊണ്ടുതന്നെ, പല രക്ഷിതാക്കളും അവർക്കായി ഇണകളെ കണ്ടെത്തി വിവാഹം നടത്തുമ്പോൾ, ജീവിതപ്പൊരുത്തരും കാഴ്ച്ചപ്പാടുകളുടെ ചേർച്ചയും പരിഗണിക്കപ്പെടുന്നില്ല എന്നതും വലിയ പ്രശ്നമാണ്. മക്കളെ മനസിലാക്കി നിലപാടുകൾ കൈക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്ന കാരണമാകുന്നത്.

പാരമ്പര്യ രക്ഷാകർതൃത്വത്തിന്റെ ശാസനാ രീതികൾക്കും അധികാരപ്രയോഗങ്ങൾക്കും അപ്പുറത്താണ് പുതിയ തലമുറയുടെ ജീവിതം എന്നുകൂടി നാം മനസിലാക്കണം. ഇന്ന് വീടകങ്ങൾ സംഘർഷഭരിതമാകുന്നതിന്റെ കാരണങ്ങളിലൊന്ന്, കുട്ടികളെ മനസ്സിലാക്കുന്നതിലും അതിനനുസരിച്ച് അവരോട് പെരുമാറുന്നതിലും രക്ഷിതാക്കൾക്ക് സംഭവിക്കുന്ന പിഴവുകളാണ്. കുട്ടികളുടെ പിന്നാലെ കൽപ്പനകളും ഉപദേശങ്ങളും മാത്രമായി മുഴു സമയം പിന്നാലെ നടക്കുന്ന രക്ഷിതാക്കളെ സ്വൈരക്കേടുകളായാണ് മക്കൾ കാണുന്നത്. ഇത് രക്ഷാകർതൃത്വത്തിൻ്റെ പരാജയമാണ്. പാരമ്പര്യത്തിൻ്റെ തുടർച്ചയായാണ് പലരും രക്ഷാകർതൃത്വത്തെ പ്രയോഗത്തിൽ വരുത്തുന്നത്. തങ്ങൾക്ക് രക്ഷിതാക്കളിൽ നിന്ന് കിട്ടിയത്, തങ്ങളുടെ മക്കളിൽ പ്രയോഗിക്കുകയാണ് പലരും. കാലത്തെയും തലമുറകളെയും പഠിച്ച് വികസിപ്പിക്കേണ്ടതാണ് പുതിയ രക്ഷാകർതൃ സമീപനങ്ങൾ. ക്രിയാത്മകതകർക്കാണ് അതിൽ ഊന്നൽ നൽകേണ്ടത്.

കുട്ടികൾക്ക് പ്രശ്നമില്ല എന്നല്ല പറഞ്ഞു വരുന്നത്. തീർച്ചയായും പുതിയ തലമുറക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. ഏതു കാലത്താണ് കുട്ടികളിൽ പ്രശ്നങ്ങൾ ഇല്ലാതിരുന്നത്!? പുതിയ തലമുറയുടെ പ്രശ്നങ്ങളെ കുറിച്ച് ആധികൊള്ളുന്ന രക്ഷിതാക്കൾ തങ്ങളുടെ തന്നെ സ്വന്തം കുട്ടിക്കാലത്തെ കുറിച്ചും കൗമാര ജീവിതത്തെക്കുറിച്ചും ആലോചിച്ചാൽ ഇതിനു മറുപടി ലഭിക്കും. സ്ക്രീൻ ടൈം കൂടിയത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒരു ഭാഗത്തുണ്ട് എന്നത് ശരിയാണ്.

പക്ഷേ, ആ പ്രശ്നങ്ങളെക്കാൾ എത്രയോ അപ്പുറത്താണ് പുതിയ തലമുറയുടെ കഴിവുകളും കാഴ്ചപ്പാടുകളും. അവ തിരിച്ചറിയണം, അംഗീകരിക്കണം, വളർത്താൻ കൂടെ നിൽക്കണം. കുട്ടികളെ അവരുടെ തന്നെ നല്ല സ്വപ്നങ്ങളിലേക്ക് വളർത്തണം, രക്ഷിതാക്കളുടെ സ്വപ്നങ്ങളിലേക്കല്ല!

അധികാരിയായ രക്ഷിതാക്കളുടെ കണ്ണിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾ മാത്രം കാണുകയും നിഷേധാത്മക രീതിയിൽ അവയെ സമീപിക്കുകയും ചെയ്യുന്നത് ഏറെ അപകടകരമാണ്. അതിനപ്പുറമുള്ള ഒട്ടേറെ വഴികളുണ്ട് പുതിയ തലമുറയോട് ഇടപെടാനും സംവദിക്കാനും. അത് രക്ഷിതാക്കൾ പഠിച്ചെടുക്കുക തന്നെ വേണം. അതിന് നല്ല പരിശീലനം നേടണം. ആയതിനാൽ രക്ഷിതാക്കൾക്കും അവധിക്കാലപഠന ക്യാമ്പുകൾ അനിവാര്യമാണ്.

കുട്ടികളുടെ ക്യാമ്പിൻ്റെ തുടക്കത്തിലും ഒടുക്കത്തിലും, പേരിന് ഒന്നോ, രണ്ടോ സെഷനുകളിൽ നടത്തിയെന്നു വരുത്തേണ്ട ചടങ്ങ് പരിപാടിയെക്കുറിച്ചല്ല പറയുന്നത്. രണ്ട് മുഴു ദിവസത്തിൽ കുറയാത്ത, ആറോ, എഴോ സെഷനുകളെങ്കിലുമുള്ള, നല്ലൊരു പഠന – പരിശീലന ക്യാമ്പിനെ കുറിച്ചാണ്. ആസ്വാദനങ്ങളോടെയുളള അനുഭവമായിരിക്കണം അത്. 10 ദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് നടത്തുന്നുണ്ടെങ്കിൽ അതിൽ മൂന്ന് ദിവസമെങ്കിലും രക്ഷിതാക്കൾക്ക് വേണ്ടി മാറ്റിവെക്കാൻ സാമൂഹിക സംഘടനകൾക്ക് സാധ്യമാകേണ്ടതുണ്ട്. ഇല്ലെങ്കിൽ നവതലമുറയും രക്ഷിതാക്കളും തമ്മിലുള്ള അകലം വർധിക്കുകയും തലമുറകളുടെ വിജയത്തിൽ നാം തോറ്റ് പോവുകയും ചെയ്യും.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles