Current Date

Search
Close this search box.
Search
Close this search box.

സ്നേഹപൂർവ്വം ഉമ്മമാർക്ക്

കുട്ടികളുടെ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും സുരക്ഷിതത്വത്തിന്റെയും വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നതിന്, പ്രിയപ്പെട്ട ഉമ്മമാർ ഇനിപ്പറയുന്ന കാര്യങ്ങൾ കൈക്കൊള്ളുന്നത് നന്നായിരിക്കും :

1- ചുംബനം: ഒരു ചുംബനം കുട്ടികളോടുള്ള ഹൃദയ കാരുണ്യത്തിന്റെ അടയാളമാണ്. പ്രായമായവരും ചെറുപ്പക്കാരും തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്ന്കൂടിയാണത്. ഇത് പ്രവാചകന്റെ സുന്നത്ത് കൂടിയാണല്ലോ.

ആഇശ (റ) യിൽ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം: ” അറേബ്യന്‍ മരുഭൂമിയിലെ ഒരു നാടോടി ഗോത്രം നബിയുടെ സദസ്സിൽ വന്ന് പറഞ്ഞു: “നിങ്ങൾ? നിങ്ങളുടെ മക്കളെ ചുംബിക്കാറുണ്ടോ?” സഹാബികൾ പറഞ്ഞു: “അതെ.” ആ നാടോടികളായ ആ​ഗതർ പറഞ്ഞു, “എന്നാൽ ഞങ്ങൾ, മക്കളെ ഒരിക്കലും ചുംബിക്കാറില്ല.” അപ്പോൾ പ്രവാചകൻ അവരോടായി പറഞ്ഞു: “അങ്ങനയെങ്കിൽ ഞാൻ എന്തുചെയ്യും. അല്ലാഹു നിങ്ങളുടെ കാരുണ്യഭാവം നഷ്‌ടപ്പെടുത്തിയോ?” [അൽ-അൽബാനി: സഹീഹ് സുനൻ ഇബ്നു മാജ]

അബു ഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ, അഖ്‌റഅ് ഇബ്‌നു ഹാബിസ് പ്രവാചകൻ തന്റെ പേരക്കുട്ടി ഹുസൈൻ (റ) വിനെ ചുംബിക്കുന്നത് കണ്ടു എന്ന് പറയുന്ന ഒരു ഹദീസിൽ അദ്ദേഹം പറയുന്നത് കാണുക: “എനിക്ക് പത്തു കുട്ടികളുണ്ട്, അവരെ ആരെയും ഞാൻ ഇതുവരെ ചുംബിച്ചിട്ടില്ല. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ അയാളോട് പറഞ്ഞു: “കരുണ കാണിക്കാത്തവന് കരുണ ലഭിക്കുകയുമില്ല.” [അൽ-അൽബാനി: സഹീഹ് സുനൻ അബി ദാവൂദ്]

2- കളിയും തമാശയും: പ്രവാചകന്റെ കുട്ടികളോടൊപ്പമുള്ള രീതി അങ്ങനെയാണ്. അവരോടൊപ്പം കളിക്കുകയും ചിരിക്കുകയും തമാശ പങ്ക് വെക്കുകയും ചെയ്യാറുണ്ടായിരുന്നു.

അനസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകൻ ഞങ്ങളുമായി വളരെയധികം ഇടകലർന്നിരുന്നു. അദ്ദേഹം എന്റെ ഇളയ സഹോദരനോട് പറയുമായിരുന്നു: “ഓ അബു ഉമൈർ! നമ്മുടെ രാക്കിളിക്ക് എന്ത് സംഭവിച്ചു?” എന്റെ സഹോദരന് ഒരു ചെറിയ പക്ഷി കുഞ്ഞ് ഉണ്ടായിരുന്നു, അതുമായി അവൻ കളിക്കാറുമുണ്ടായിരുന്നു. പിന്നീട് ആ പക്ഷി കുഞ്ഞ് ചത്തു. [ബുഖാരിയും മുസ്ലിമും]

കളികൾ കുട്ടിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ലല്ലോ.

3- സമ്മാനങ്ങൾ നൽകുക: തീർച്ചയായും, സമ്മാനങ്ങൾ മനസ്സിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുക. പ്രവാചകൻ പഠിപ്പിച്ചു: “നിങ്ങൾ സമ്മാനങ്ങൾ കൈമാറുക, അത് നിങ്ങളിൽ പരസ്പര സ്നേഹം വലിയ തോതിൽ വർധിപ്പിക്കും.” [അൽ-അൽബാനി: സഹീഹ് അൽ-ജാമിഅ്’]

ആരാധനകളിലും നോമ്പ് പോലത്ത ഉപവാസ കർമങ്ങൾ ശ്രദ്ധയോടെ നിലനിർത്തുന്നതിനും പഠനത്തിൽ മികവ് പുലർത്തുന്നതിനും കുട്ടികളുടെ റൂം വൃത്തിയോടെ ക്രമപ്പെടുത്താനും ഇത്തരം സമ്മാനങ്ങൾ ഏറെ ഉപകാരപ്പെടും. അങ്ങനെ , വേഗത്തിലും പൂർണ്ണഹൃദയത്തോടെയും തന്റെ ചുമതലകൾ നിറവേറ്റാൻ ഇത്തരം സമ്മാനങ്ങൾ കുട്ടിയെ സജ്ജമാക്കും.

4- തലയ്ക്ക് മുകളിലൂടെ കൈ തടവൽ: അതാണ് പ്രവാചകന്റെ അധ്യാപനം. കുട്ടികളോട് സംസാരിക്കുമ്പോൾ അവരുടെ തലയിലും കവിളിലും കൈ സ്പർശം നടത്തുന്നത് അവരെ കൂടുതൽ അടുപ്പിക്കും. ഇത് ദയ, അനുകമ്പ, സ്നേഹം, അടുപ്പം എന്നിവയുടെ ഒരു പ്രകട രൂപമാണ്.

5- സന്തോഷത്തോടെ സ്വീകരിക്കുക, അവരുടെ കാര്യങ്ങൾ ചോദിച്ചറിയുക. പ്രവാചകൻ തന്റെ മകൾ ഫാത്തിമയോട് കാണിച്ച സ്നേഹം ഉദാഹരണം. ഫാത്തിമ നബിയുടെ അടുത്തേക്ക് വരുബോൾ പ്രവാചകൻ അവളെ ഹൃദ്യമായി സ്വീകരിക്കുകയും അവളെ ആലിം​ഗനം ചെയ്ത് ചുംബിച്ച് തന്റെ സ്ഥാനത്ത് ഇരുത്തുകയും ചെയ്യാറുണ്ടായിരുന്നു എന്നത് ചരിത്രമാണ്. പ്രവാചകന മരണക്കിടക്കയിലായിരിക്കെ മാത്രമാണ് ഇതിന്ന് ഭം​ഗമുണ്ടായതെന്നും ചരിത്രം പറയുന്നു. മക്കളുടെ കാര്യങ്ങൾ ഉമ്മമാർ നന്നായി അന്വേഷിക്കണം. സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അവർ ചെയ്‌ത കാര്യങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ചറിയുക. ഇതെല്ലാം അവരെ ഏറെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്ന തോന്നൽ മക്കളിലുണ്ടാക്കാൻ രക്ഷിതാക്കളെ സഹായിക്കും.

6- ആണ് – പെണ്ണ് എന്ന വ്യത്യാസമില്ലാതെ കുട്ടികൾക്കിടയിൽ തുല്യ പരിഗണനയാണ് നൽകേണ്ടത്.

ആഇശ(റ) യിൽ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം: “ഒരു സ്ത്രീ രണ്ട് പെൺമക്കളോടൊപ്പം സഹായം ആവശ്യപ്പെട്ട് എന്റെ അടുക്കൽ വന്നു, എന്നാൽ എന്റെ പക്കൽ അവൾക്ക് കൊടുക്കാനായി ഒരു കാരക്കയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഞാൻ അവൾക്ക് അത് കൊടുത്തു, ആ ഉമ്മ അത് തന്റെ രണ്ട് പെൺമക്കൾക്ക് പകുത്തുകൊടുത്തു, ഉമ്മ ഒന്നും കഴിച്ചതുമില്ല. അങ്ങനെ അവർ മൂവരും പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് പ്രവാചകൻ വന്നു, ഞാൻ ഈ കഥ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: “ഈ പെൺമക്കളാൽ വിചാരണയ്ക്ക് വിധേയമാകുകയും അല്ലാഹു അവരോട് ഉദാരമായി (ദയയോടെ) പെരുമാറുകയും ചെയ്താൽ, ഈ പെൺമക്കൾ നരകാഗ്നിയിൽ നിന്ന് ആ മാതാവിന് ഒരു കവചമായി പ്രവർത്തിക്കും.” [ബുഖാരിയും മുസ്ലിമും]

ഉമ്മമാർ തന്റെ മക്കൾക്കിടയിൽ നീതിയോടെയാണ് വർത്തിക്കേണ്ടത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ പോലെ കരുണയുടെയും നീതിയുടെയും കരുതലിന്റെയും അനുകമ്പയുടെയും പരി​ഗണന കൊണ്ടാവണം ഓമനിക്കുകയും ലാളിക്കുകയും ചെയ്യേണ്ടത്. പ്രവാചകൻ പഠിപ്പിച്ചതുപോലെ: “അല്ലാഹുവിനെ ഭയപ്പെടുക, നിങ്ങളുടെ മക്കൾക്കിടയിൽ നീതി പാലിക്കുക.” [ബുഖാരിയും മുസ്ലിമും]

7- നന്മ മാത്രം ചെയ്യുക: ഒരു ഉമ്മയും തന്റെ മക്കളോട് തിന്മ ചെയ്യാൻ പാടില്ല എന്നത് പ്രവാചകന്റെ കൽപനയാണല്ലോ.

ജാബിർ (റ) വിൽ ഉദ്ധരിക്കപ്പെട്ട ഒരു നീണ്ട ഹദീസിൽ ഇങ്ങനെ കാണാം: “സ്വന്തത്തോടും മക്കളോടും സ്വത്തിനോടും നിങ്ങൾ തിന്മ ചെയ്യരുത്. നിങ്ങളുടെ തിന്മക്കായുള്ള തേട്ടം അല്ലാഹു നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന സമയവുമായി ഒത്ത് വരാതിരിക്കാൻ നിങ്ങൾ ജാ​ഗ്രത കാണിക്കണം.” [സഹീഹ് മുസ്ലിം]

ഇക്കാര്യങ്ങൾ പ്രയോഗിക ജീവിതത്തിലേക്ക് കൊണ്ട് വരുന്നതോടെ, കുട്ടികളുമായി നിങ്ങൾക്ക് മികച്ച ഒരു ബന്ധവും അതുവഴി മെച്ചമായ ഫലങ്ങളും ലഭിക്കും. സ്‌നേഹവും കാരുണ്യവും ആത്മബോധവും വിശ്വാസവും നിറഞ്ഞ അത്തരം വീടുകൾ സമതുലിതമായ ആത്മവിശ്വാസമുള്ള വ്യക്തികൾക്ക് രൂപം നൽകുമെന്നതിൽ സംശയമില്ല.

Related Articles