Current Date

Search
Close this search box.
Search
Close this search box.

മനോഹരമായ പുസ്തകമാണ് നല്ലൊരു കുട്ടിയെ വാർത്തെടുക്കുന്നത്

ഒരു കുട്ടി സ്‌കൂളിൽ ചേരുകയോ കൃത്യമായി വായിക്കാൻ പഠിക്കുകയോ ചെയ്യാതെ അവന് പുസ്തകങ്ങളൊന്നും ആവശ്യമില്ല എന്നത് നമുക്കിടയിൽ വ്യാപകമായിട്ടുള്ളൊരു ചിന്താഗതിയാണ്. തീർത്തും തെറ്റായൊരു ധാരണയാണത്. കാരണം, പ്രൈമറി ക്ലാസ് വരെ പുസ്തകങ്ങളൊന്നും നൽകാതെ വളരുന്ന കുട്ടിക്ക് പുസ്തകങ്ങളുമായി കൂട്ട് തീരെയുണ്ടാവില്ല. പരസ്പരം പരിചയമോ സ്‌നഹമോ ഉണ്ടാവില്ല. പ്രത്യേകിച്ച് സ്‌കൂൾ പുസ്തകങ്ങൾ അത്രമാത്രം ആകർഷണീയമല്ലെങ്കിൽ. സ്വാഭാവികമായി കുട്ടിക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടുന്നതിൽ പ്രയാസം നേരിടുകയും തദ്ഫലം പഠനത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വായനക്ക് അത്രമാത്രം പ്രാധാന്യമൊക്കെ ഉണ്ടോയെന്ന് ചിലപ്പോൾ സംശയം തോന്നിയേക്കാം. ഉണ്ടെന്നു തന്നെയാണു മറുപടി. അല്ലെങ്കിൽ പടച്ചവൻ പേന കൊണ്ടും അക്ഷരങ്ങൾ കൊണ്ടും സത്യം ചെയ്യുമായിരുന്നില്ലല്ലോ.

വായന വളർച്ചയാണ്
ഈജിപ്ഷ്യൻ ബാലസാഹിത്യകാരനായ പ്രൊഫ. യഅ്ഖൂബ് ശാറൂനി പറയുന്നു:’സംസാരം, നടത്തം എന്നിവയുടെ തുല്യപരിഗണന വായനക്കും ലോകം കൊടുത്തു തുടങ്ങിയിരിക്കുന്നു. വായിക്കുകയും വായിച്ചകാര്യം പെട്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നവർക്ക് സാധാരണ വായനക്കാരെക്കാൾ പതിന്മടങ്ങായി പലകാര്യങ്ങളും ചെയ്യാൻ സാധിക്കും.’ വായന വിദ്യാഭ്യാസത്തിന്റെ ആദ്യ അടിസ്ഥാനവും മാധ്യമവുമാണ്. വായിക്കുന്ന ഒരു മനുഷ്യൻ വളർന്നുകൊണ്ടിരിക്കുകയും തുടർന്നും വളർന്നുപന്തലിക്കാൻ കഴിവുള്ളതുമായ മനുഷ്യനാവും. അച്ചടിച്ചുവന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ചോദ്യങ്ങൾ ബുദ്ധിയെക്കൊണ്ട് ചോദിപ്പിക്കാൻ കഴിവുള്ളതാണ് വായന. മറ്റുള്ളവരുടെ ലോകവുമായി ബന്ധംസ്ഥാപിക്കാനും അവരുടെ ചിന്തകളിലൂടെ പുതിയ ചിന്താലോകങ്ങൾ വികസിപ്പിച്ചെടുക്കാനുമുള്ള വഴിയാണത്. നമ്മുടെ കുട്ടികളിലും യുവാക്കളിലും സ്വന്തത്തെക്കുറിച്ച് ആവിഷ്‌കരിക്കാനുള്ള ശേഷി ഇന്ന് പാടെ കുറവാണെന്ന വസ്തുതയും ഇതോടു ചേർത്തുവായിക്കണം.
സത്യത്തിൽ, വായനയിലൂടെ ലക്ഷീകരിക്കുന്നത് വായനയല്ല. മറിച്ച്, പഠിക്കാനും അറിയാനും പോസിറ്റീവ് ചിന്തകൾക്കുമായുള്ള ഒരു പ്രഥമമാധ്യമം മാത്രമാണത്.

വായനയുടെ ആദ്യപടി
നടത്തം ഓട്ടത്തിന്റെ ആദ്യപടിയാണെന്ന പോലെ, അക്ഷരം വാക്കുകളുടെയും വാക്കുകൾ വാക്യങ്ങളുടെയും ആദ്യപടിയാണെന്നതു പോലെ, സ്വാഭാവികമായും കഥനമാണ് വായനയുടെ ആദ്യഘട്ടം. ചിന്തകളെ സ്വാധീനിക്കാനും സാഹിത്യത്തിന്റെയും ഗ്രന്ഥങ്ങളുടെയും മനോഹരമായ ലോകത്തേക്ക് നടത്താനും വായന വിദ്യാർഥികളെ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു.

ആറാം വയസ്സിനു മുമ്പുതന്നെ ഒരു കുട്ടിക്ക് വായനയിലൂടെയും ഗ്രന്ഥങ്ങളിലൂടെയും വ്യത്യസ്തമായ അനുഭവങ്ങൾ ലഭിക്കുന്നു. ഇത് കുട്ടി ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്ന, മുതിർന്നവർ പുസ്തകങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ചുറ്റുപാടിൽ വളരുന്ന ഒരു കുട്ടി തീർച്ചയായും വായനയെ ഇഷ്ടപ്പെടുകയും പഠനകാര്യങ്ങളിൽ മുന്നിട്ടു നിൽക്കുകയും ചെയ്യും. വളരെ ചെറുപ്പകാലത്ത് തന്നെ കുട്ടിയുടെ ചുറ്റും ഗ്രന്ഥങ്ങളുണ്ടാവുന്നത് പുസ്തകങ്ങൾക്കു നേരായ ഒരു പോസിറ്റീവ് മെന്റാലിറ്റി ഉണ്ടാക്കാൻ സഹായിക്കുകയും അതുവഴി ഭാവിയിൽ പഠനവിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വഴിയൊരുക്കുകയും ചെയ്യും.

ഒരുകുട്ടി വളരെ ചെറിയപ്രായത്തിൽ തന്നെ വായിക്കാൻ പഠിക്കുന്നു. പക്ഷെ, നാമറിയുന്ന രീതിയിലുള്ള വായനയല്ല അത്, മറിച്ച് വായനക്കുള്ള തയ്യാറെടുപ്പാണ്. ഒരുപക്ഷെ കുട്ടി നിരന്തരമായി പുസ്തകങ്ങൾ കാണുക മാത്രമേ ചെയ്യുന്നുണ്ടാവൂ. ചിലപ്പോൾ പുസ്തകത്തെ കളിക്കാനുള്ളൊരു ഉപകരണണമായേ കുട്ടി കാണൂ. പക്ഷെ, അവരുടെ വളർച്ചയുടെ ഘട്ടങ്ങളോരോന്നിലും പുസ്തകത്തിന്റെ ഈ സാന്നിധ്യം അത്ഭുതങ്ങളായ ഫലങ്ങളാണുണ്ടാക്കുക. സ്‌കൂൾ പ്രായമെത്തുന്നതോടെ പുസ്തകം അവരുടെ ഉറ്റതോഴരായി മാറുന്നു. സ്വാഭാവികമായും ഈ കുട്ടിയുടെ പക്കൽ വായനക്കു സഹായിക്കുന്ന യഥേഷ്ടം ചിന്തകളും പദങ്ങളും പ്രയോഗങ്ങളും വാക്യങ്ങളുമുണ്ടാവും. പാഠ്യവിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരായും ഗ്രാഹ്യശക്തിയുള്ളവരായും ഇത്തരം കുട്ടികൾ മാറുന്നു.

സ്‌കൂൾ പഠനമാരംഭിക്കുന്നതിനു മുമ്പുതന്നെ പുസ്തകങ്ങൾ വായിച്ചു പരിചയമുള്ള ഒരു കുട്ടിക്ക് അധ്യാപകന്റെ നിർദേശം കൂടാതെതന്നെ പുസ്തകങ്ങൾ വായിക്കാൻ സാധിക്കുന്നു. തന്റെ മുന്നിലുള്ളത് അറിയാനും പഠിക്കാനുമുള്ളൊരു മാധ്യമങ്ങളിലൊന്നാണെന്നും അറിവെന്നാൽ അതു മാത്രമല്ലെന്നും സ്‌കൂളിലെ പുസ്തകങ്ങൾ പഠിക്കലല്ല അടിസ്ഥാന ലക്ഷ്യമെന്നും ആ കുട്ടി മനസ്സിലാക്കുന്നു. അതോടെ കൂടുതൽ ഉത്സാഹിയായി ആ കുട്ടി പഠനവിഷയങ്ങളിൽ മുന്നോട്ടു വരും.

പുസ്തകങ്ങളിലെ ആകർഷണീയത
പുസ്തകങ്ങളുടെ രൂപഘടന ആകർഷണീയമായിരിക്കണമെന്ന് പുസ്തകങ്ങളുടെ പ്രാധാന്യം വിവരിക്കുന്നിടത്ത് യഅ്ഖൂബ് ശാറൂനി ഉറച്ചുപറയുന്നു. വലിയൊരളവ് രക്ഷിതാക്കളും മാതാപിതാക്കളും വിശ്വസിക്കുന്നത് പുസ്തകവായനയിലൂടെ ലഭിക്കുന്ന അറിവുകളും വിജ്ഞാനങ്ങളുമാണ് കുട്ടിയിൽ ജിജ്ഞാസ സൃഷ്ടിക്കുന്നതെന്നും അവനെ പുസ്തകങ്ങളോട് അടുപ്പിക്കുന്നതുമെന്നാണ്. പക്ഷെ, ഒരു കുട്ടി പുസ്തകം വായിക്കണമെങ്കിൽ അതിന്റെ പ്രഥമപടി പുസ്തകം കയ്യിലെടുക്കുകയെന്നതാണ്. കുട്ടിയുടെ മനസ്സിനെ സ്വാധീനിക്കും വിധമുള്ള പുറംചട്ടയും ആകർഷണീയതും മനോഹാരിതയുമൊക്കെയാണ് അതിനാവശ്യം. അപ്പോൾ മാത്രമേ കുട്ടി പുസ്തകം കയ്യിലെടുക്കുക പോലും ചെയ്യൂ. അപ്രകാരം പുസ്തകത്തിലെ ഉള്ളടക്കവും അതിമനോഹരമായ രീതിയിൽ ക്രോഡീകരിക്കപ്പെട്ടതാവണം. പടിപടിയായി കുട്ടി പുസ്തകങ്ങളോടും പതിയെ അതിലെ ഉള്ളടക്കത്തോടും ഇണങ്ങിത്തുടങ്ങും. അദ്ദേഹം പറയുന്നു.

കുട്ടിയുടെയും പുസ്തകത്തിനുമിടയിൽ സ്‌നേഹബന്ധം രൂപപ്പെടുന്നതിനായി അത്യധികം ആകർഷണീയവും കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കുന്നതുമായ ഘടകങ്ങൾ തീർച്ചയായും പുസ്തകത്തിൽ ഉണ്ടായിരിക്കണം. ഒരു വിനോദമെന്ന പോലെ പുസ്തകം വായിച്ചു തീർക്കാനുള്ള ഘടകങ്ങൾ അതിലുണ്ടാവണം. ചെറുപ്രായത്തിൽ ചെറുകഥകൾ ചിത്രസഹിതവും വലിയ അക്ഷരങ്ങളിലും ചെറിയ വാക്യങ്ങളിലുമായി കുട്ടികൾക്കു കൊടുക്കണം. കുട്ടിയുടെ ശ്രദ്ധയും മനസ്സും ആദ്യമായി ക്ഷണിക്കുന്നത് പുസ്തകത്തിന്റെ പുറംചട്ടയാണെന്നതു കൊണ്ടുതന്നെ അത് അത്യധികം മനോഹരമാവാൻ ശ്രദ്ധിക്കണം.

കുട്ടിയെ എങ്ങനെ നല്ല വായനക്കാരാക്കാം
നമ്മുടെ കുട്ടിയെ പതിയെപ്പതിയെ പുസ്തകങ്ങൾ ആസ്വദിച്ചു വായിക്കുന്നൊരു വായനക്കാരനാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
*കുട്ടിയുടെ പ്രായത്തിനനുസരിച്ച പുസ്തകങ്ങൾ ചെറുപ്രായത്തിൽ തന്നെ നൽകുക.
*പുസ്തകത്തിലെ കഥകൾ(ചിത്രമുള്ളതോ അല്ലാത്തതോ) കുട്ടിക്ക് വായിച്ചു പറഞ്ഞുകൊടുക്കുക.
*കുട്ടിക്ക് ഇഷ്ടമുള്ള സദസ്സുമായി വായനയെ ബന്ധിപ്പിക്കുക. ചിലപ്പോൾ സംഘടിത സദസ്സുമാവാം.
*പൊതുവായനശാലകളെ കുട്ടിയുടെ സുഹൃത്തുക്കളാക്കുക. വായനാശാലാ സന്ദർശനത്തിലൂടെ വായിക്കുന്ന ഒരുപാടു മനുഷ്യരെ കാണാനും വായനയോട് ഇഷ്ടം കൂടാനും കുട്ടിയെ സഹായിക്കും.
*പുസ്തകം വാങ്ങുമ്പോൾ കുട്ടിയെ കൂടെക്കൂട്ടുക. പുസ്തകം തെരഞ്ഞെടുക്കുന്നതും അവ സൂക്ഷിക്കുന്നതുമായ രീതി കുട്ടി പഠിക്കുകയും പതിയെ സ്വന്തം മുറിയിൽ അതു ഭദ്രമായി സൂക്ഷിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും.
*വലിയ മനുഷ്യർ പുസ്തകത്തോടു കാണിച്ച സ്‌നേഹം കുട്ടിക്ക് പറഞ്ഞുകൊടുക്കുക. സ്വാഭാവികമായും അവരെ മാതൃകയാക്കാൻ ആഗ്രഹിക്കുന്ന കുട്ടി പുസ്തകത്തെയും സ്‌നേഹിച്ചു തുടങ്ങും.
*വായിച്ച വിഷയങ്ങൾ സംബന്ധിച്ച് കുട്ടിയോട് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യാം. അവരുടെ സംശയങ്ങൾക്കുള്ള ഉത്തരം പുസ്തകങ്ങളോടു തന്നെ ചോദിക്കാനും സ്വന്തമായി അന്വേഷിക്കാനും നിർദേശിക്കുക.
*പുസ്തകം നന്നായി വായിക്കുന്നുവെന്നു കണ്ടാൽ പ്രോത്സാഹനാർഥം സമ്മാനങ്ങൾ നൽകുക. ഇത് ചെറിയ കാര്യമല്ലെന്നും ഇനിയും തുടരേണ്ട, സ്തുത്യർഹമായ കാര്യമാണെന്നുമുള്ള ചിന്ത അവരിൽ സൃഷ്ടിക്കാൻ ഇത് സഹായിക്കും.

മുതിർന്നവരും വായനയും
എന്റെ മകനോടൊപ്പം എന്റെ വായനയും എങ്ങനെ മെച്ചപ്പെടുത്താം? ചെറുപ്പത്തിൽതന്നെ വായനാ ശീലമില്ലാത്തവർക്ക് വലിയ പ്രായത്തിൽ ആ ശീലമുണ്ടാക്കുക സാധ്യമാണോ എന്ന് ചിലർ ചോദിക്കാറുണ്ട്. വായന ശീലിക്കാത്ത മുതിർന്ന ഒരാളെ സംബന്ധിച്ച് അയാൾ വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ടോയെന്ന് ആദ്യമായി നോക്കണം. അവനിഷ്ടപ്പെടുന്ന വിഷയത്തിലുള്ള പുസ്തകം ആദ്യം കൊടുക്കുക. ഉള്ളടക്കം ആദ്യഘട്ടത്തിൽ പരിഗണിക്കേണ്ടതില്ല. വായന ഇഷ്ടപ്പെട്ട് ശീലമാവുന്നതുവരെയുള്ള ഘട്ടത്തിൽ കാര്യമായ റിസൾട്ടുകളൊന്നും പ്രതീക്ഷിക്കരുത്. തുടർന്ന് അവർക്ക് മനസ്സിലാവുന്നതും ഇഷ്ടപ്പെടുന്നതുമായ വിഷയങ്ങൾ കൊടുക്കുക. അവരെക്കാൾ ചെറിയ പ്രായത്തിലുള്ള വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളാണെങ്കിലും വായനയോടുള്ള ഇഷ്ടം നിലനിറുത്താൻ സഹായിക്കുക അതാണ്. വായനയെ സ്‌നേഹിക്കുന്ന സംഘത്തോടൊപ്പം അവരെ ചേർക്കുകയും ചെയ്യുക. വായിച്ച വിഷയങ്ങളിൽ അവരോടു സംസാരിക്കുന്നതും വായനാശാലകളിൽ ചെല്ലുന്നതും ഈ ശീലം നിലനിറുത്താൻ സഹായിക്കും. ആദ്യ ഘട്ടത്തിൽ തന്നെ വായന മടുപ്പുള്ളതായി തോന്നാതിരിക്കാൻ വലിപ്പമുള്ള പുസ്തകങ്ങൾ കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം. ചുരുക്കത്തിൽ, മനോഹരമായ പുസ്തകമാണ് ഒരു വിദ്യാർഥിയുടെ ശ്രദ്ധ ക്ഷണിക്കുന്ന പരമപ്രധാനമായ ഘടകം.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles