Current Date

Search
Close this search box.
Search
Close this search box.

സന്താനങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്

സന്താനങ്ങളുടെ കാര്യത്തില്‍ നാം പ്രവര്‍ത്തിക്കുന്ന വലിയ അബദ്ധങ്ങളില്‍ പെട്ടതാണ് നാമവരെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുകയെന്നത്. സന്താനങ്ങള്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ അവര്‍ക്ക് ആത്മസംതൃപ്തിയും, സ്വാഭാവികതയും അനുഭവപ്പെടേണ്ടതുണ്ട്. മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്ന ഗുണാത്മകമായ പല ഘടങ്ങളുമുണ്ടെന്ന് ബോധ്യപ്പെടുകയും, മറ്റുള്ളവരെപ്പോലെ ആവേണ്ടതില്ലെന്ന് വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് അവന്‍ ക്രിയാത്മകമായി വളരുകയുള്ളൂ. സന്താനങ്ങള്‍ക്കിടയിലെ പരസ്പര താരതമ്യം മിക്ക സന്ദര്‍ഭങ്ങളിലും അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനാണ് വഴിവെക്കുക.

സന്താനങ്ങളുടെ സ്വഭാവത്തെ പ്രശംസിക്കുകയെന്നത് അവരെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ്. പരസ്പര താരതമ്യം വലിയവരെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ ഇഷ്ടമുള്ള കാര്യമായിരിക്കാം. ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരെയും, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെയും മറ്റുള്ളവരോട് താരതമ്യം ചെയ്യുന്നത് പോലെ. പക്ഷെ തങ്ങളുടെ സംരക്ഷണത്തിന് മറ്റുള്ളവരെ ആശ്രയിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് പ്രയാസകരമാണ്. മാത്രമല്ല വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള കുട്ടികളെ മാതൃകയായി സമര്‍പ്പിക്കുമ്പോള്‍ പൊടുന്നനെ അവരെപ്പോലെ ആവുകയെന്നതും അസാധ്യമാണ്.

തെറ്റുകള്‍ പെരുപ്പിച്ച് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ മറ്റുള്ളവരാല്‍ വെറുക്കപ്പെട്ടവനാണെന്ന ധാരണയാണ് സന്താനങ്ങളിലുണ്ടാവുക. തന്റെ കര്‍മങ്ങള്‍ മോശമാണെന്നും, മറ്റുള്ളവര്‍ തന്നില്‍ അസംതൃപ്തരാണെന്നും അവര്‍ സ്വയം ധരിക്കുന്നു. മാത്രമല്ല മറ്റ് കുട്ടികള്‍ നല്ലവരാണെന്നും അവന്‍ കരുതുന്നു. സന്താനങ്ങളുടെ സ്വഭാവ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതിനാണ് ഇപ്രകാരം വഴിവെക്കുക. താന്‍ പരാജയപ്പെട്ടവനും മറ്റുള്ളവര്‍ വിജയികളുമാണെന്നും അവന്‍ കണക്ക് കൂട്ടുന്നു.

എന്നാല്‍ സന്താനങ്ങളില്‍ കാണുന്ന വീഴ്ചകള്‍ തിരുത്തുകയും, അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുകയുമാണെങ്കില്‍ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നതാണ്. കാരണം വീഴ്ചയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ സ്വന്തത്തെക്കാള്‍ കൂടുതലായി അതിനെയാണ് പരിഗണിക്കുക. തന്നില്‍ നിന്നും ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നതെന്ന് കൂടി അവന്‍ മനസ്സിലാക്കുന്നു. അത് മുഖേന സ്വന്തം നിലവാരം ഉയര്‍ത്താന്‍ അവന്‍ പരിശ്രമിക്കുകയും ചെയ്യും. ഇപ്രകാരം കുട്ടികളെ വളരെ ക്രിയാത്മകമായി വളര്‍ത്താനാണ് നാം പരിശ്രമിക്കേണ്ടത്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles